അബൂ ഹഫ്സ:
ഇന്ത്യയും അറേബ്യയും തമ്മിലുള്ള പുരാതന വാണിജ്യ സാംസ്കാരിക ബന്ധങ്ങൾ നിർദ്ധാരണം ചെയ്യുന്ന വളരെ വിലപ്പെട്ട ഒരു ഗവേഷണ ഗ്രന്ഥമാണ് സയ്യിദ് സുലൈമാൻ നദ് വി ഉർദുഭാഷയിൽ രചിച്ച അറബ് വ ഹിന്ദ്കെ തഅല്ലുകാത്ത്. ഇസ്ലാമിന്റെ ആവിർഭാവത്തിന് മുമ്പും ശേഷവും അറേബ്യൻ സമൂഹവുമായി ഇന്ത്യക്കുണ്ടായിരുന്ന സാംസ്കാരികവും സാമൂഹികവും വാണിജ്യപരവുമായ ആദാനപ്രദാനങ്ങളെ വളരെ പഴക്കമുള്ള ഒട്ടേറെ ചരിത്ര രേഖകൾ അവലംബിച്ച് വിശകലനം ചെയ്യുന്ന മഹത്തായ ഈ ചരിത്ര ഗ്രന്ഥം വിചാരം ബുക്സ് ഇൻഡോ അറബ് ബന്ധങ്ങൾ എന്ന പേരിൽ 2015 ലാണ് പുറത്തിറക്കിയത്. പ്രമുഖ പണ്ഡിതനും അറബി ഉർദുഭാഷകളിൽ നല്ല പരിജ്ഞാനിയുമായ സിദ്ധീഖ് നദ് വി ചേരൂർ ആണ് ഈ ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുള്ളത്.
ഇസ്ലാമിന്റെ ഇന്ത്യയിലേക്കുള്ള ആഗമനത്തെ സംബന്ധിച്ച് വളരെ വിലപ്പെട്ട ഒട്ടേറെ വിവരങ്ങൾ നൽകുന്ന ഈ ഗ്രന്ഥം ഗവേഷകർക്കും സാധാരണക്കാർക്കും വളരെയേറെ പ്രയോജനപ്രദമാണ്. 1929 ൽ സയ്യിദ് സുലൈമാൻ നദ് വി അലഹാബാദിലെ ഹിന്ദുസ്ഥാനി അക്കാദമിയിൽ ചെയ്ത പ്രഭാഷണങ്ങളാണ് പിന്നീട് ഗ്രന്ഥരൂപത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ളത്.
അഞ്ച് അദ്ധ്യായങ്ങളായാണ് ഈ ഗ്രന്ഥം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ആദ്യ അദ്ധ്യായത്തിൽ ഇന്ത്യയും അറബികളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവും പിൽക്കാല പരിണതികളും വിശകലനം ചെയ്യുന്നു. ഇസ്ലാമിന്റെ ആവിർഭാവത്തിന് ശേഷം വിവിധ കാലങ്ങളിൽ ഇന്ത്യയിലെത്തിയ അറബി സഞ്ചാരികളെയും അവരുടെ ഗ്രന്ഥങ്ങളെയും സംബന്ധിച്ച് സാമാന്യ വിവരങ്ങൾ നൽകുന്നതാണ് ഈ ഭാഗം. ഇബ്നു ഖുർദാദ്ബെ, സുലൈമാൻ താജിർ(ഹിജ്റ: 237), അബൂ സൈദ് ഹസൻ സൈറാഫി(ഹിജ്റ: 264), അബൂദർഫ് മിസ്അർ ബിൻ മുഹൽഹൽ യൻബുഈ(ഹിജ്റ: 331-377), ബുസ്റ്ഗ് ബിൻ ശഹരിയാർ(ഹിജ്റ: 300), മസ്ഉൗദി (ഹിജ്റ: 303), ഇസ്ഥഖ്രി(ഹിജ്റ: 340), ഇബ്നു ഹൗഖൽ(ഹിജ്റ: 331-358), ബശ്ശാർ മഖ്ദീസി(ഹിജ്റ: 375), അൽ ബിറൂനി(ഹിജ്റ: 400) ഇബ്നു ബത്തൂത്ത തുടങ്ങിയ നിരവധി അറബി സഞ്ചാരികളെയും ചരിത്രകാരന്മാരെയും അവരുടെ ഗ്രന്ഥങ്ങളെയും സംബന്ധിച്ച് സാമാന്യ വിവരങ്ങൾ പങ്ക് വെക്കുന്നുണ്ട്. ഈ സഞ്ചാരികളിൽ പലരും ഇന്ത്യയിൽ നേരിൽ വന്ന് തങ്ങൾ ദൃക്സാക്ഷികളായതും അറിഞ്ഞതുമായ കാര്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ മറ്റ് ചിലർ ഇന്ത്യയിൽ വന്നില്ലെങ്കിലും വ്യാപാര ലക്ഷ്യങ്ങളോടെ ഇന്ത്യയിലെത്തിയ സഞ്ചാരികളായവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യാ അറബ് വാണിജ്യവിനിമയ ബന്ധങ്ങളുടെ ആധികാരിക വിവരങ്ങൾ നൽകുന്ന ഈ സ്രോതസ്സുകൾ കൂടുതൽ സൂക്ഷ്മമായ പഠനങ്ങൾ ആഗ്രഹിക്കുന്ന ഗവേഷകരെ സംബന്ധിച്ച് ഏറെ പ്രയോജനപ്രദമാണ്.
ഈ ഗ്രന്ഥത്തിന്റെ രണ്ടാം അദ്ധ്യായത്തിലാണ് അറബികളുമായുള്ള വാണിജ്യബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളുള്ളത്. ഭൂമി ശാസ്ത്ര പരമായ സവിശേഷതകൾ കൊണ്ടുതന്നെ അറബികളുടെ പ്രധാന ഉപജീവനോപാധി എക്കാലത്തും കച്ചവടമായിരുന്നെന്ന കാര്യം ഗ്രന്ഥകാരൻ
ഉൗന്നിപ്പറയുന്നു. പുരാതന രേഖയായ തൗറാത്തിലും പിന്നീട് പരിശുദ്ധ ഖുർആനിലും ആഖ്യാനം ചെയ്യപ്പെട്ട യൂസുഫ് നബി(അ) മിനെ ഒരു വ്യാപാരി സംഘം ഈജിപ്തിലെത്തിച്ച സംഭവം ഇതിന് തെളിവായി ഉദ്ധരിക്കുന്നു. സുലൈമാൻ നദ് വി എഴുതുന്നത് നോക്കുക:
“ഇപ്പോൾ നമ്മുടെ മുമ്പിലുള്ള അന്തർദേശീയ ചരിത്രത്തിൽ അവലംബിക്കാവുന്ന ഏറ്റവും പുരാതനമായ രേഖ തൗറ തന്നെയാണ്. ഇതിൽ ഇബ്റാഹിം നബി(അ) യുടെ രണ്ട് തലമുറകൾക്ക് മാത്രം ശേഷം യൂസുഫ് നബി(അ)യുടെ കാലത്ത് ഈ വാണിജ്യസംഘങ്ങൾ ഇതേ വഴിയിലൂടെ കടന്നുപോകുന്നതായി കാണാം. ഇത്തരമൊരു സംഘമാണ് യൂസുഫിനെ ഈജിപ്തിലെത്തിച്ചത്.”(പേജ്: 58-59)
എൻസൈക്ലോ പീഡിയ ബ്രിട്ടാനിക്ക അവലംബിച്ച് യമൻ തീരങ്ങൾ വഴി പുരാതന കാലത്ത് നടന്ന അറബ് ഇന്ത്യാ വ്യാപാര വിനിമയങ്ങളെ കുറിച്ച് ഗ്രന്ഥം വിശദീകരിക്കുന്നുണ്ട്. ബ്രിട്ടാണിക്കയിൽ നിന്നുള്ള ഉദ്ധരണി ഇപ്രകാരം കാണാം:
“തെക്ക് പടിഞ്ഞാറൻ അറബ് പ്രദേശത്ത്(യമനിലെ ഹള്റ മൗത്ത്) ദൃശ്യമായ സമ്പൽ സമൃദ്ധിയുടെ പ്രധാന കാരണം ഇന്ത്യാ ഈജിപ്ത് വ്യാപാര ഇടപാടുകളായിരുന്നു. ഇന്ത്യയിൽ നിന്ന് കടൽ മാർഗം സാധനങ്ങൾ ആദ്യം ഇവിടെയാണ് എത്തിയിരുന്നത്. തുടർന്ന് കരമാർഗം പശ്ചിമ തീരത്തെത്തും.”
പിന്നീട് ഈ വ്യാപാരം നിലച്ചുപോയത് ബത്ലൈമൂസ് രാജാക്കന്മാരുടെ കാലത്ത് സമുദ്രം നേരെ മുറിച്ചുകടന്ന് ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്തപ്പെട്ടതു കൊണ്ടായിരുന്നുവെന്നും അങ്ങനെ അലക്സാണ്ട്രിയ വഴി ഈജിപ്ത് നേരിട്ടുള്ള ഈ വാണിജ്യബന്ധങ്ങൾ ഇന്ത്യയുമായി തുടർന്നുവെന്നും ബ്രിട്ടാനിക്ക ഉദ്ധരിച്ച് അദ്ദേഹം സ്ഥാപിക്കുന്നു. സമുദ്ര വ്യാപാരത്തിൽ ആധിപത്യം ചെലുത്തിയ വിവിധ സാമ്രാജ്യങ്ങൾക്കുശേഷം ഇസ്ലാമിന്റെ ആവിർഭാവത്തിന് മുമ്പ് തന്നെ വീണ്ടും അറബികളുടെ നിയന്ത്രണത്തിൽ സമുദ്രവ്യാപാരത്തിന്റെ മേധാവിത്തം വന്നുചേർന്നതിന്റെ ചരിത്രം ഈ ഭാഗങ്ങളിൽ നിന്ന് നിർദ്ധാരണം ചെയ്യാനാവും. ശേഷം ആദ്യകാലത്ത് പേർഷ്യൻ ഉൾക്കടലിലെ ഉബ്ല തുറമുഖവുമായുണ്ടായിരുന്ന ഇന്ത്യയുടെ വാണിജ്യ വിനിമയങ്ങളെ കുറിച്ചും പേർഷ്യൻ ഉൾക്കടലിലെ മറ്റൊരു തുറമുഖമായിരുന്ന സീറാഫിലെ ആദ്യകാല വാണിജ്യ വിനിമയങ്ങളെ കുറിച്ചും വളരെ വിലപ്പെട്ട വിവരങ്ങൾ ഈ ഭാഗങ്ങളിൽ പങ്ക് വെക്കുന്നുണ്ട്. ഒമാനിനടുത്തുള്ള കിഷ് ദ്വീപിനെ കുറിച്ചും അവിടെ ആദ്യകാലങ്ങളിൽ നടന്നിരുന്ന വാണിജ്യ വിനിമയങ്ങളെ കുറിച്ചും തുടർന്നു വിവരിക്കുന്നു. ശേഷം ഇന്ത്യയിലെ തുറമുഖങ്ങളെ സംബന്ധിച്ചാണ് വിവരിക്കുന്നത്. തുടർന്നുള്ള ഭാഗത്ത് യൂറോപ്യന്മാരുമായി അറബി മുസ്ലിംകൾ ഇടനിലക്കാരായ യഹൂദികൾ വഴി നിലനിർത്തിയിരുന്ന വാണിജ്യ വിനിമയങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. തുടർന്നുള്ള ഭാഗങ്ങളിൽ ഇന്ത്യയിലേക്കുള്ള സമുദ്രയാത്രയുടെ കാലയളവും അക്കാലത്തെ ഇന്ത്യൻ ഉത്പന്നങ്ങളെയും സംബന്ധിച്ചും വിവരങ്ങൾ നൽകുന്നു. ശേഷം അറബി ഭാഷക്ക് ഇന്ത്യൻ ഭാഷകളുമായുള്ള ആദാന പ്രദാനങ്ങളെ സംബന്ധിച്ചും അറബി ഭാഷയിലെ ഇന്ത്യൻ പ്രയോഗങ്ങളെ സംബന്ധിച്ചും വിശദീകരിക്കുന്നു. സൂക്ഷ്മമായ ഗവേഷണങ്ങൾക്ക് വിഷയീഭവിക്കേണ്ട ഒട്ടേറെ വസ്തുതകൾ ഈ ഭാഗങ്ങളിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്ത് ചർച്ച ചെയ്യുന്നത് വൈജ്ഞാനിക ബന്ധങ്ങളാണ്. ഈ ഭാഗത്ത് അവലംബനീയമായ ഗ്രന്ഥങ്ങളെ കുറിച്ചാണ് ആദ്യം പ്രതിപാദിക്കുന്നത്. ശേഷം അബ്ബാസി ഭരണകാലത്ത് നിർണ്ണായകമായ ഭാഗദേയം നിർവ്വഹിച്ച ബാറാമിക(ബർമകികൾ) എന്ന വിഭാഗത്തിന്റെ ഇന്ത്യൻ വേരുകൾ തേടുന്നു. ഈ വിഭാഗത്തിന്റെ പൂർവ്വികർ മജൂസികളായിരുന്നെന്ന വാദത്തെ പ്രമാണങ്ങളുദ്ധരിച്ച് ഖണ്ഡിക്കുകയും അവരുടെ ബുദ്ധ മത പാരമ്പര്യത്തെയും ഇന്ത്യൻ വേരുകളെയും സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ് ഈ ഭാഗത്തെ വിവരണങ്ങൾ.
തുടർന്ന് ഹിജ്റ ഏഴാം നൂറ്റാണ്ട് മധ്യത്തോടെ വിവിധ സംസ്കാരങ്ങളുമായുള്ള മുസ്ലിംകളുടെ സാംസ്കാരിക സാമൂഹ്യ വാണിജ്യ വിനിമയങ്ങൾ വഴി സംഭവിച്ച ആദാന പ്രദാനങ്ങളെയും വൈജ്ഞാനിക സ്വാംശീകരണങ്ങളെയും വിശദമാക്കുന്നു. അബ്ബാസി ഭരണത്തിന്റെ ആസ്ഥാനം പിൽക്കാലത്ത് ബാഗ്ദാദിലേക്ക് മാറ്റപ്പെട്ടതുമുതൽ പേർഷ്യൻ ഭാഷയിലും സംസ്കൃതത്തി ലുമെല്ലാമുള്ള വിലപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങൾ അറബിയിലേക്ക് പരിഭാഷപ്പെടുത്താൻ വ്യവസ്ഥാപിതമായ സംവിധാനങ്ങൾ സജ്ജീകരിച്ചതിന്റെ ചരിത്രവും പശ്ചാത്തലവും ഈ ഭാഗങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
തുടർന്ന് നാലാം അദ്ധ്യായത്തിൽ മതകീയ ബന്ധങ്ങളാണ് ചർച്ച ചെയ്യുന്നത്. വിവിധ കാലത്ത് ഇന്ത്യയിൽ തങ്ങളുടെ സാമ്രാജ്യവികസനത്തിന്റെ ഭാഗമായി എത്തിയ ചില രാജാക്കന്മാരുടെ ചെയ്തികൾ മുൻനിറുത്തി അവയെല്ലാം ഇസ് ലാമിലേക്ക് ചേർത്ത് പറയപ്പെടുന്ന സാമ്പ്രദായിക വിശകലനങ്ങളുടെ അപാകതകൾ വ്യക്തമാക്കുകയാണിവിടെ മുഖ്യമായും ചെയ്യുന്നത്. ആക്രമണകാരികളായ ഇത്തരം ചില രാജാക്കന്മാരിൽ ചിലർ ഇസ്ലാമിക വിശ്വാസമോ പ്രായോഗിക ജീവിതമോ സ്വീകരിച്ചവരായിരുന്നില്ല എന്നതും ഇസ്ലാമിന്റെ സാമ്രാജ്യവ്യാപനത്തോടൊപ്പം കേവലം രാഷ്ട്രീയമായി ചേർന്നു നിന്നവരും വിശ്വാസപരമായി ചേർന്നു നിൽക്കാത്തവരുമായ ഇവർ പിൽക്കാലത്ത് സൈന്യാധിപന്മാരും നാടുകൾ വെട്ടിപ്പിടിച്ച സാമ്രാജ്യാധിപതികളുമെല്ലാമായി മാറി എന്നതും അവരുടെ ചെയ്തികൾ വിലയിരുത്തുമ്പോൾ നാം പരിഗണിക്കേണ്ടതുണ്ട് എന്ന കാര്യം ഈ ഭാഗങ്ങളിൽ ഉൗന്നിപ്പറയുന്നു. സയ്യിദ് സുലൈമാൻ നദ് വി എഴുതുന്നത് നോക്കുക:
“ഗസ്നവി ഭരണം നിലവിൽ വന്ന സ്ഥലം ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭൂപരിധിയുടെ അവസാന കോണായിരുന്നു. അവിടെ ഇസ്ലാം കടന്നുവന്ന് ശരിക്ക് കാലുറപ്പിക്കുക പോലും ചെയ്തിരുന്നില്ല. സുൽത്വാൻ മഹ്മൂദിന്റെ പട്ടാളത്തിൽ ചേർക്കപ്പെട്ടവർ ഗസ്നി, അഫ്ഗാനി, ഗൾഫ്, തുർക്കി വംശജരായ വിവിധ ഗോത്രക്കാരായിരുന്നു. കൂട്ടത്തിൽ ഹിന്ദുക്കളുമുണ്ടായിരുന്നു. അടിമകളെന്ന നിലയിൽ ആയിരക്കണക്കിൽ വിൽക്കപ്പെടുന്നവരെ രാജാക്കന്മാരും സുൽത്വാന്മാരും വിലക്കുവാങ്ങി മുസ്ലിംകളാക്കി പട്ടാളത്തിൽ ചേർത്തിരുന്നു. അതുപോലെ സ്വന്തം നിലക്ക് കൊള്ളയടിക്കാനുള്ള അഭിവാഞ്ചയിൽ മധ്യേഷ്യയിൽ നിന്ന് പുറപ്പെട്ടു ഇസ് ലാമിക സാമ്രാജ്യത്തിൽ കടന്നുകൂടിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവിടെ വെച്ച് അവർ മുസ്ലിംകളായി. വിവിധ രാജാക്കന്മാരുടെ സൈന്യത്തിൽ ഇടം പിടിച്ചു. ക്രമേണ അവർ വലിയ സൈനിക പദവികളിൽ എത്തിച്ചേർന്നു. ചിലപ്പോൾ അവർ തന്നെ രാജാക്കന്മാരായി മാറുന്ന അത്ഭുതവും സംഭവിച്ചു.”(പേജ്: 145)
ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മാതൃകകളിൽ നിന്ന് വ്യത്യസ്ഥമായി പിൽക്കാലത്ത് പ്രകടമായ ചില നിർഭാഗ്യകരമായ പ്രവണതകൾക്ക് ഇസ്ലാമോ യഥാർത്ഥ ഇസ്ലാമിക പാരമ്പര്യമുള്ള മുസ്ലിംകളോ ഉത്തരവാദികളല്ലെന്ന കാര്യം പ്രമാണ പിൻബലത്തോടെ ഈ ഭാഗങ്ങളിൽ സമർത്ഥിക്കുന്നുണ്ട്. മറ്റ് മതങ്ങളുമായി വിശ്വാസപരമായ വിയോജിപ്പുകൾ നിലനിർത്തികൊണ്ട് തന്നെ സഹിഷ്ണുതയോടെ വർത്തിക്കാനാണ് ഇസ്ലാം മുസ്ലിംകളെ എക്കാലവും പരിശീലിപ്പിച്ചത് എന്ന കാര്യം ഈ ഭാഗങ്ങളുടെ പാരായണത്തിലൂടെ കൂടുതൽ വ്യക്തമാകുന്നുണ്ട്. തുടർന്ന് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന വിവിധ വിശ്വാസ ധാരകളോടും ആചാരരൂപങ്ങളോടും മുസ്ലിംകൾ സഹിഷ്ണുതയോടെ വർത്തിച്ചതും ഹിന്ദുരാജാക്കന്മാർ മുസ്ലിംകളുടെ വിശ്വാസപരവും സാംസ്കാരികവുമായ അനന്യത നിലനിർത്തികൊണ്ട് തന്നെ തങ്ങളുടെ രാജ്യങ്ങളിൽ എല്ലാ പ്രജാക്ഷേമ തത്പരതയോടെയും അവരെ പരിഗണിച്ചതും വിശകലനം ചെയ്യുന്നു.
കൊളോണിയൽ ആധുനികതയുടെയും അതിന്റെ സ്വാധീനത്താൽ രൂപപ്പെട്ട ദേശീയാധുനികതയുടെയും വീക്ഷണകോണിൽ നിന്നുകൊണ്ട് രചിക്കപ്പെട്ട ചരിത്ര രചനകളിൽ ആക്രമണകാരിയായി പ്രത്യക്ഷപ്പെടുന്ന മുഹമ്മദ് ബിൻ ഖാസിമിന്റെ സിന്ധ് ആക്രമണ സന്ദർഭത്തിലെ നീതിനിഷ്ഠമായ, മൂല്യവത്തായ ചില സന്ദർഭങ്ങൾ ഈ ഭാഗങ്ങളിൽ വിവരിക്കുന്നുണ്ട്. മുഹമ്മദ്ബ്നു ഖാസിം സിന്ധ് മേഖലയിലെ പ്രസിദ്ധമായ അല്ലൂർ നഗരത്തിലെത്തിയപ്പോൾ അവിടത്തുകാർ മാസങ്ങളോളം നഗരം പ്രതിരോധിച്ചുകൊണ്ട് ശക്തമായി നേരിടുകയുണ്ടായി. എന്നാൽ ഒടുവിൽ അവർ സന്ധിക്ക് തയ്യാറായി. ആ സന്ധിയിൽ രണ്ട് നിബന്ധനകൾ ഉണ്ടായിരുന്നു. ഒന്ന് നഗരത്തിലെ ഒരാളും കൊല്ലപ്പെടരുത്. രണ്ട് അവിടുത്തെ ആരാധനാലയങ്ങൾക്ക് ഒരു കോട്ടവും വരുത്തരുത്. മുഹമ്മദ് ഇബ്നു ഖാസിം ഈ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
“”ഇന്ത്യയിലെ ആരാധനാ കേന്ദ്രങ്ങൾ ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും ആരാധന കേന്ദ്രങ്ങൾ പോലെയും മജൂസികളുടെ അഗ്നിപൂജാ കേന്ദ്രങ്ങൾ പോലെയുമാണ്.”
തീർച്ചയായും ഈ കരാർ പാലിക്കപ്പെടുകയും സിന്ധിന്റെ പുരാതന ചരിത്രം രേഖപ്പെടുത്തപ്പെട്ട ചച്ച് നാമയിൽ അതിപ്രകാരം രേഖപ്പെടുത്തപ്പെടുകയും ചെയ്തു:
“മുഹമ്മദ് ഇബ്നു ഖാസിം ബ്രാഹ്മണാബാദിലെ(സിന്ധ്) ജനങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും തുടർന്ന് ഇസ്ലാമിക ഭരണത്തിൻ കീഴിൽ അവിടുത്തെ ജനങ്ങൾക്ക് ഇറാഖിലെയും സിറിയയിലെയും ജൂത ക്രിസ്തീയ വിഭാഗങ്ങളും ഫാർസികളും അനുഭവിക്കുന്ന അതേ പദവിയോടെ ജീവിക്കാൻ അനുമതി നൽകുകയും ചെയ്തു.”(പേജ്: 149)
മുസ്ലിംകൾക്ക് ആധിപത്യമുള്ള രാജ്യങ്ങളിലും ആധിപത്യമില്ലാത്ത പ്രദേശങ്ങളിലും ഒരു ബഹുമത സമൂഹത്തിൽ സഹിഷ്ണുതയോടെ പരസ്പര വിശ്വാസത്തോടെ വിവിധ മതജാതി സമൂഹങ്ങൾക്ക് എങ്ങനെ സഹവർത്തിക്കാം എന്നതിന്റെ ഉത്തമ നിദർശനങ്ങളായ നിരവധി ചരിത്ര സംഭവങ്ങൾ ഈ ഭാഗങ്ങളിൽ അവലോകനം ചെയ്യുണ്ട്.
ഗ്രന്ഥത്തിന്റെ അഞ്ചാം ഭാഗത്ത് ചർച്ച ചെയ്യുന്നത് ഇന്ത്യയിൽ മുസ്ലിംകൾ വിജയങ്ങൾക്കു മുമ്പ് എന്ന വിഷയമാണ്. ഇന്ത്യയിൽ വാണിജ്യവ്യാപാരങ്ങൾ കൂടി ലക്ഷ്യം വെച്ച് എത്തിയ അറബി വ്യാപാരികൾ വഴി ആദ്യകാലത്ത് ഇസ്ലാമെത്തിയ മലബാർ മുതൽ ഒട്ടേറെ പ്രദേശങ്ങളിലെ ഇസ്ലാമിക സാന്നിദ്ധ്യം ഈ ഭാഗത്ത് അവലോകനം ചെയ്യുന്നു. ഇതിൽ പ്രഥമ സ്ഥാനം സരൻ ദ്വീപിനാണ്. രണ്ടാം സ്ഥാനം മാലിദ്വീപിനും. മൂന്നാം കേന്ദ്രമായാണ് മലബാർ വരുന്നത്. ഗ്രന്ഥത്തിന്റെ ഈ ഭാഗങ്ങളിൽ ഈ പ്രദേശങ്ങളിൽ ഇസ്ലാം എത്തിയതിന്റെ ചരിത്രം സംഗ്രഹിച്ച് അവലോകനം ചെയ്യുന്നുണ്ട്. മഅ്ബർ, ഗുജറാത്ത് പോലുള്ള സ്ഥലങ്ങളിലും പുരാതന ഇന്ത്യയിലെ മറ്റ് നിരവധി പ്രദേശങ്ങളിലും ഇസ്ലാം എത്തിയതിന്റെ ചരിത്രവും തുടർന്ന് അവലോകനം ചെയ്യുന്നുണ്ട്.
ഈ ഗ്രന്ഥത്തിന്റെ സവിശേഷതയായി പറയാവുന്നത് ഇന്ത്യയിലെ ഇസ്ലാമിക ചരിത്രവും അറബ് ഇന്ത്യാബന്ധങ്ങളും പുരാതന ഇസ്ലാമിക സ്രോതസ്സുകളിൽ നിന്ന് തന്നെ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ചിരിക്കുന്നുവെന്നതാണ്.
വളരെ പഴക്കമുള്ള പ്രമാണങ്ങളുദ്ധരിച്ച് ഇന്ത്യയിലേക്കുള്ള ഇസ്ലാമികാ ഗമനത്തിന്റെ ചരിത്രം അവലോകനം ചെയ്യുന്ന ഈ ഗ്രന്ഥം പ്രൗഢവും ആധികാരികവുമാണെന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമില്ല. മലയാളത്തിലേക്ക് മൊഴിമാറ്റാൻ വളരെ വൈകിയെന്ന കാര്യം പരിഗണിക്കുമ്പോൾ തന്നെ ഇപ്പോഴെങ്കിലും മഹത്തായ ഈ ഗ്രന്ഥം ഇപ്രകാരം മൊഴിമാറ്റപ്പെട്ടത് വളരെയേറെ ശ്ലാഖനീയമായ ഒരുദ്യമം തന്നെയാണ്. വിചാരം ബുക്സിന്റെ പ്രൗഢമായ ഗ്രന്ഥപരമ്പരയിൽ ഒന്നായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം മലയാള ഭാഷക്ക് വലിയ മുതൽകൂട്ട് തന്നെയാണ്. മാത്രമല്ല ഇന്തോ അറബ് ബന്ധങ്ങളെ സംബന്ധിച്ച വിജ്ഞാന ശാഖയിൽ വളരെ കനപ്പെട്ട ഒരുപഹാരം കൂടിയാണ് ഈ ഗ്രന്ഥം. മനോഹരമായ രൂപകൽപനയിൽ 272 പേജുകളോടെ 260 രൂപ വിലയിൽ ഈ ഗ്രന്ഥം ഇപ്പോൾ ലഭ്യമാണ്. പുതിയ എഡിഷനിൽ ശ്രദ്ധിക്കേണ്ട ആകെയുള്ളൊരു കാര്യം പുറം ചട്ടയിൽ ഗ്രന്ഥത്തെ കുറിച്ചെഴുതിയ കുറിപ്പ് മാറ്റി ഗ്രന്ഥത്തിന്റെ ആധികാരികതക്ക് ചേരുന്ന വിധം പുതിയ കുറിപ്പ് ചേർക്കുക എന്നതാണ്.