ഡോ: അബ്ദുല്ലാ മണിമ:
ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ വിമോചന മുന്നേറ്റങ്ങളിൽ രക്തവും ജീവനും ആളും അർത്ഥവും നൽകി വിമോചന പ്രതിനിധാനം നിർവ്വഹിക്കുകയും ആധുനിക ഇന്ത്യൻ ദേശരാഷട്ര രൂപീകരണത്തിൽ സ്തുത്യർഹമായ പങ്ക് വഹിക്കുകയും ചെയ്തവരാണ്
ഇന്ത്യയിലെ മുസ്ലിം സമുദായം. ഇന്ത്യയുടെ ചരിത്രത്തോടും സംസ്കാരത്തോടും അഭേദ്യമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യയിലെ മുസ് ലിം സമുദായത്തെ അസന്നിഹിതമാക്കുവാനും അപരവത്കരിക്കാനും ലക്ഷ്യം വെച്ചുള്ള വിവിധ പ്രവർത്തന പദ്ധതികളുടെ തുടർച്ചയായി ആവിഷ്കരിക്കപ്പെട്ട പൗരത്വഭേദഗതി നിയമം എപ്രകാരമാണ് വിവേചനപൂർണ്ണവും മനുഷ്യത്വ വിരുദ്ധവുമാവുന്നതെന്ന് ലളിതമായ ഉദാഹരണങ്ങളിലൂടെ വിശലനം ചെയ്യുന്ന ലേഖനം.
വളരെ തന്ത്രപരമായി ആവിഷ്കരിച്ച ഒരു നിയമമാണ് സി.എ.എയും എൻ. ആർ.സിയും. സത്യത്തിൽ ആർട്ടിക്കിൾ 14 വെച്ചാണ് ആളുകൾ പറയുക അതിന്റെ സ്ക്രൂട്ടനി ഈ നിയമം കടന്നുപോവില്ല, അതുകൊണ്ട് തന്നെ കോടതിയിൽ ഈ നിയമം ദുർബലപ്പെടുത്തപ്പെടും എന്ന്. ഹരീഷ് സാൽവെ പോലുള്ള ആളുകൾ തുടക്കത്തിൽ തന്നെ പറഞ്ഞുവെച്ചിരുന്നു ഇക്കാര്യത്തിൽ സാങ്കേതികത്വം മാത്രമേ കോടതികൾ നോക്കേണ്ട കാര്യമുള്ളു, ധാർമ്മികത കോടതിയുടെ പരിഗണനയിൽ വരില്ലെന്ന്. അതിലെ സാങ്കേതികത്വം നോക്കുകയാണെങ്കിൽ കോടതി അതിൽ കുഴപ്പം കാണാൻ സാദ്ധ്യതയില്ല എന്ന നിലയിലുള്ള നിരീക്ഷണങ്ങളുണ്ട്. നമുക്ക് മനസ്സിലാകുന്ന ഒരു ഭാഷയിൽ പറഞ്ഞാൽ അയൽപക്കത്ത് നാല് വീടുകളോ അഞ്ചുവീടുകളോ പ്രയാസങ്ങളുള്ളത് ഉണ്ട്, എന്റെ കൈയ്യിൽ കൊടുക്കാനുള്ളത് മൂന്നോ നാലോ വീടുകൾക്കുള്ളതേയുള്ളൂ. രണ്ട് വീടുകൾക്ക് കൊടുക്കാൻ എന്റെ പക്കലില്ല. ആ രണ്ട് വീടുകൾക്ക് കൊടുക്കില്ല എന്ന് ഞാൻ പറയുന്നില്ല. കൊടുക്കും എന്നും പറയുന്നില്ല. ഇതിനോട് സമാനമായ ഒരു പ്രയോഗമാണ് ബില്ലിലേത്. മുസ്ലിംകൾക്കു കൊടുക്കുന്നില്ല എന്ന് പറയുന്നില്ല. കൊടുക്കുന്ന കൂട്ടത്തിൽ മുസ്ലിംകളെ പെടുത്തിയിട്ടില്ല എന്ന് മാത്രം. അത്ര തന്ത്രപരമായാണ് നിയമം ആവിഷ്കരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ കോടതിയുടെ കുറെ കാലത്തെ നിലപാടുകൾ വെച്ച് മാത്രമല്ല സാങ്കേതികമായും തന്നെ കോടതി ഇത് ദുർബലപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല എന്ന് പറയുന്നത്.
അടിസ്ഥാനപരമായി ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ വ്യക്തമാണ്. ഈ നിയമം വന്ന ഉടനെ തന്നെ പലരും പല ആശങ്കകളും പ്രകടിപ്പിക്കുന്ന കൂട്ടത്തിൽ ചേതൻ ഭഗത് വളരെ സിമ്പിളായി പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു: ഒരു ഘട്ടത്തിൽ കുറെ ആളുകൾ വിമാനത്തിൽ കയറി. അതിൽ ഒരാളൊഴികെ ബാക്കി ആളുകൾക്കെല്ലാം ലൈഫ് ജാക്കറ്റും കൊടുത്തു, പിന്നീട് ഒരു ഘട്ടത്തിൽ പറയുകയാണ്; നിങ്ങളെല്ലാവരും വിമാനത്തിൽ നിന്ന് ചാടണം. സ്വാഭാവികമായും ലൈഫ് ജാക്കറ്റുള്ള ആളുകൾ വിമാനത്തിൽ നിന്ന് ചാടിയാലും അവർക്ക് അപകടങ്ങളൊന്നും വരാൻ പോകുന്നില്ല. എന്നാൽ ലൈഫ് ജാക്കറ്റില്ലാത്ത ആള് അപകടത്തിൽ പെടും. ആള് ബാക്കിയുണ്ടാവില്ല. അത്ര സിമ്പളാണിത്. പൗരത്വവുമായി ബന്ധപ്പെടുത്തി പറഞ്ഞാൽ സി.എ.എ ഒരു ലൈഫ് ജാക്കറ്റാണ്. എൻ.ആർ.സി. തയ്യാറാക്കുമ്പോൾ സി.എ.എ. ആനുകൂല്യമുള്ള എല്ലാവരും(മുസ്ലിംകൾ ഒഴികെ) പൗരത്വത്തിന് അർഹരാവും. ആസ്സാമിൽ ഇപ്പോൾ അതാണ് നടന്നത്. ഡിറ്റൻഷൻ സെന്ററിൽ എത്തിയ മുസ്ലിംകളല്ലാത്ത എല്ലാവരെയും സി.എ.എ.യുടെ ആനുകൂല്യത്തിൽ പുറത്തുവിട്ടു. ഡിറ്റൻഷൻ സെന്ററുകൾ മുസ്ലിംകൾക്ക് മാത്രം ഉള്ളതായി. അവർക്ക് മുന്നിൽ ഇനി ഒരു വഴിയെ ഉള്ളൂ. ലേബർ പാസിൽ ജീവിക്കുക. കാരണം രാജ്യമില്ലാതായ അവരെ ഒരാളും സ്വീകരിക്കാൻ പോകുന്നില്ല. പുരുഷന്മാരെയും സ്ത്രീകളെയും വെവ്വേറെ ക്യാമ്പിൽ താമസിപ്പിക്കുന്നു. ഭാര്യഭർത്താക്കന്മാർക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കുകയില്ല. എന്നത്തേക്കുമായി ഒരു തലമുറ അവസാനിക്കുകയാണ്. അധിക പേർക്കും പക്ഷെ ഇതൊന്നും അറിഞ്ഞുകൂടാ.
വളരെയേറെ ആസൂത്രണം ചെയ്തെടുത്ത് രൂപപ്പെടുത്തിയ ഒരു നിയമമാണിത്. ഇത് പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ല. കുറച്ചു മുമ്പെ തന്നെ 2015 ൽ പാസ്പോർട്ട് നിയമത്തിൽ ഭേദഗതി ഇവർ ചെയ്തപ്പോൾ ഇതേ ക്ലോസുകളാണ് അതിൽ ഇവർ ഉപയോഗിച്ചിരുന്നത്. മുസ് ലിംകൾ ഒഴികെയുള്ള ആളുകൾക്കൊക്കെ ഇന്ത്യയിൽ ഓവർസ്റ്റേ ചെയ്താൽ പോലും അത് കുറ്റകരമാവില്ല എന്നൊരു സംഗതി നേരത്തെ തന്നെ വന്നിട്ടുണ്ട്. അതിന് മുമ്പ് 2003 ൽ വാജ്പേയ് ഗവൺമെന്റ് പൗരത്വനിയമത്തിൽ കൊണ്ടുവന്ന ഭേദഗതികളിലും ഒരു അപരനെ കണ്ടെത്താനുള്ള ശ്രമം അതിനകത്ത് നിന്ന് തുടങ്ങിയിരുന്നു. കാരണം അച്ഛനമ്മമാരിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനും മറ്റയാൾ അനധികൃത മിഗ്രന്റും ആവാൻ പാടില്ല എന്ന് അന്ന് പറഞ്ഞിരുന്നു. മുസ്ലിംകളല്ലാത്ത ഒരാളും തന്നെ അനധികൃത ഇമിഗ്രന്റ് ആവുകയില്ലെന്ന് ഇപ്പോൾ സി.എ.എ. കൊണ്ടും തൊട്ട് മുമ്പ് പാസ്പോർട്ട് നിയമത്തിലുള്ള ഭേദഗതിയിലൂടെയും കേന്ദ്രഗവൺമെന്റ് സ്ഥാപിച്ചുകഴിഞ്ഞു. നാമതൊന്നും അറിഞ്ഞില്ല എന്നോ അറിഞ്ഞ ആളുകൾ അത് ശ്രദ്ധിച്ചില്ല എന്നു മാത്രമേയുള്ളൂ. ശ്രദ്ധിച്ച ആളുകൾ പറഞ്ഞപ്പോൾ പൊതു സമൂഹം അത് ഗൗനിച്ചതുമില്ല. അന്യവത്കരിക്കാനുള്ള ഒരു തത്രപ്പാട് വളരെ മുമ്പ് തന്നെ തുടങ്ങിയതാണ്. ആസാമിന്റെ പശ്ചാത്തലത്തിലാണല്ലോ ഇതെല്ലാം വരുന്നത്. 1939 ൽ ആസാമിലേക്ക് ആർ. എസ്. എസ് നോട്ടമിട്ടിരിക്കുന്നു എന്ന് പറയുന്നു. ആദ്യമായി ഗോൾവാൾക്കർ മൂന്ന് പ്രചാരകന്മാരെ ആസാമിലേക്ക് അയച്ചിരുന്നു. ആസാം അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഭാവിയിലേക്കുള്ള ഒരു വലിയ വിളഭൂമിയായിരിക്കുമെന്ന് മനസ്സിലാക്കി കൊണ്ടു തന്നെയാവണം ഇത്. പിന്നീട് ഒരു പത്ത് നാൽപത് കൊല്ലം കൊണ്ട് ആസാമിലെ എല്ലാ ജില്ലകളിലും ആർ.എസ്.എസിന് ശക്തമായ വേരോട്ടമുണ്ടാക്കാൻ സാധിച്ചു. വളരെ ആസൂത്രിതമായി തന്നെയാണ് ഘട്ടം ഘട്ടമായി ഈയൊരു സംഗതിയിലേക്ക് ഈ നിയമ നിർമ്മാണത്തിലേക്ക് അവരെത്തിപ്പെട്ടത്. ആസാമിൽ ഈ നിയമമില്ലാതെ ഒരു പരീക്ഷണം നടത്താൻ കഴിയുമെന്ന് കേന്ദ്രഗവൺമെന്റിന് തോന്നി. പക്ഷെ ആ പരീക്ഷണത്തിന്റെ അവസാനം ഇന്ത്യയിലെ പ്രത്യേകമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾകൊണ്ട് (അനേകം ആളുകളുടെ നിരക്ഷത, ദാരിദ്ര്യം, ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്ന് പലപ്പോഴും റിക്കോർഡ്കൾ പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾ, സൂക്ഷ്മതക്കുറവുകൾ, പിന്നെ ഒരാൾക്ക് തന്നെ വിളിപ്പേരും രേഖയിലെ പേരുമായി പല പേരുകൾ) ഒരുപാട് ആളുകൾ സാങ്കേതികമായ അർത്ഥത്തിൽ പൗരത്വപട്ടികയിൽ നിന്ന് പുറത്തുപോയി. അങ്ങനെ പോയവരിൽ ബഹുഭൂരിപക്ഷം ഹിന്ദുക്കളായിരുന്നു. ഹിന്ദുഭൂരിപക്ഷ പ്രദേശത്ത് അത് ഹിന്ദുക്കളാവുക എന്നത് സ്വാഭാവികമാണ്. അവരെ മുഴുവൻ പേരെയും ഇന്ത്യൻ പൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടെയാണ് പിന്നീടുള്ള ശ്രമങ്ങളെല്ലാം നടക്കുന്നത്.
1983 ലാണ് ഇന്ദിരാഗാന്ധി ആസാമിന്റെ ഒരു പശ്ചാത്തലത്തിൽ തന്നെ പൗരത്വം ഒരാൾക്കുണ്ടോ ഇല്ലേ എന്ന് തീരുമാനിക്കാനുള്ള ബാദ്ധ്യത സ്റ്റേറ്റിനാണെന്ന് തീരുമാനിച്ച് നിയമമുണ്ടാക്കിയത്. ആ നിയമത്തിനെതിരെ ഇന്നത്തെ ആസാം മുഖ്യമന്ത്രിയായ ബി.ജെ.പി. നേതാവും മറ്റൊരാളും കൂടിയാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തത്. ബാബരി മസ്ജിദിന്റെ കാര്യത്തിലെല്ലാം സംഭവിച്ചത് പോലെ അതി വിചിത്രമായ മറ്റൊരു ഇടപെടലിലൂടെ സുപ്രീം കോടതി പൗരത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം പൗരന്റെ തലയിൽ വെച്ച് കെട്ടി. 1983 ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമത്തെ 2005 ൽ റദ്ദാക്കപ്പെടുകയാണുണ്ടായത്. സിറ്റിസൺ ഷിപ്പുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ഒരു നിയമമായിരുന്നു ഇന്ദിരാഗാന്ധി കൊണ്ടുവന്നത്. അതാണ് യാഥാർത്ഥ്യം. കാരണം ഒരു സ്റ്റേറ്റിൽ ഒരു പൗരൻ ജീവിച്ചുവരുന്നത് സ്റ്റേറ്റുണ്ടാക്കുന്ന എല്ലാ നിയമങ്ങളും അറിഞ്ഞുകൊണ്ടാവണമെന്നില്ല, ഒരു പ്രത്യേക ധാർമ്മിക വ്യവസ്ഥയിലും മൂല്യവ്യവസ്ഥയിലും നിന്നുകൊണ്ട് അങ്ങനെ ജീവിച്ചുവരികയാണ്. അയാൾക്ക് എല്ലാ ദിവസവും പത്രം നോക്കിയോ ഗസറ്റ് നോക്കിയിട്ടോ പാർലിമെന്റ് നടപടികളറിഞ്ഞിട്ടോ ജീവിക്കാൻ കഴിയില്ല. അങ്ങനെ ചില നിയമങ്ങൾ വന്നുപോവുന്നത് അവർ അറിയണമെന്നില്ല. അങ്ങനെയാണല്ലോ ആദിവാസിക്ക് പട്ടയമില്ലാതായി തീർന്നത്. കാലാ കാലങ്ങളായി ജീവിച്ചുവരുന്ന ഭൂമിക്ക് പട്ടയം വേണ്ടിവരുന്നുവെന്നും നികുതി വേണ്ടി വരുന്നുവെന്നും അവൻ ഒരു ഘട്ടത്തിൽ മനസ്സിലാക്കിയിരുന്നില്ല. അതാണ് അവനെ ഭൂമിയില്ലാത്തവനാക്കി മാറ്റിയത്. അതുപോലെയാണ് സിറ്റിസൺ ഷിപ്പ് ആക്റ്റിൽ വരുന്ന മാറ്റങ്ങളെന്തെന്ന് ശ്രദ്ധിച്ച് അതാത് കാലങ്ങളിൽ പോയി കടലാസുകളും ഡോക്യുമെന്റുകളുമെല്ലാം ഉണ്ടാക്കി വരിക എന്നതും. ഈ പറഞ്ഞ നിയമങ്ങളുടെയൊക്കെ ഒരു പ്രശ്നം നിങ്ങളെവിടെ ജനിച്ചുവെന്നുള്ളതാണ് അതിലെ പ്രധാനപ്പെട്ട ഒരു കാര്യം. അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ എവിടെ ജനിച്ചുവെന്ന്. വ്യവസ്ഥാപിതമായി ഒരു ജനന റജിസ്ട്രേഷൻ നിയമങ്ങൾ 1969 ലാണ് വന്നത്. കേരളത്തെ പോലുള്ള ഒരു സാക്ഷര സംസ്ഥാനത്ത് പോലും കാര്യക്ഷമമായി നടപ്പിലാക്കി തുടങ്ങിയത് 1980 കളിലാണ് എന്ന് പറയുമ്പോൾ കഴിഞ്ഞ മുപ്പതുകൊല്ലത്തെ സ്റ്റേറ്റിന്റെ ഒരുവീഴ്ചയാണ് ശരിക്കും പറഞ്ഞാൽ ഒരു പൗരന്റെ തലയിൽ വെക്കുന്നത്. ഇതുമൂലം പൗരത്വം നഷ്ടപ്പെടുന്ന പൗരന്മാരുടെ കൂട്ടത്തിൽ ഒരുപൗരന് അഥവാ ഒരു മുസ്ലിമിന് മാത്രം ജാമ്യം നൽകാതെ ബാക്കി എല്ലാവർക്കും ഈ നിയമത്തിലൂടെ സർക്കാർ ജാമ്യം നൽകി. ഈ നിയമത്തിലൂടെ മാത്രമല്ല പാസ്പോർട്ട് നിയമത്തിലെ ഭേദഗതികളിലൂടെയും. ഇതും പോരാഞ്ഞിട്ടാണ് പൗരത്വ നിയമത്തിൽ തന്നെ ചില ഉപ വിഭാഗങ്ങൾ യാതൊരു വിധ മാർഗ നിർദ്ദേശങ്ങളും സമർപ്പിക്കാതെ തന്നെ കേന്ദ്ര ഗവൺമെന്റിന് വിവേചനാധികാരം നൽകുന്നു. അത്തരം വിവേചനാധികാരം ഉപയോഗിച്ചാണല്ലോ സോണിയാഗാന്ധിയെ പോലുള്ള ആളുകൾക്ക് പൗരത്വം ലഭിച്ചത്. അത് അന്ന് അങ്ങനെ ഉപയോഗിച്ചുവെങ്കിൽ ഇന്ന് ഇത് പ്രത്യേക വിഭാഗത്തിന് എതിരായി കൂടി ഉപയോഗിക്കാം. എല്ലാവരും സംശയത്തിന്റെ നിഴലിലാവുക, അതിൽ നിന്നും ഒറ്റ മതവിഭാഗം ഒഴികെ ബാക്കി എല്ലാവർക്കും സംശയത്തിന്റെ നിഴലിൽ നിന്ന് സർക്കാർ മുൻകൈയ്യെടുത്തും നിയമം നിർമ്മിച്ചും ജാമ്യം നൽകുക, ഒരാളെ മാത്രം അങ്ങനെ അല്ലാതെയാക്കുക. ഇതാണ് ഈ നിയമം ചെയ്യുന്നത്. ആസൂത്രിതവും കുത്സിതവും കഠിന വിവേചന പരവും അങ്ങേയറ്റം മനുഷ്യത്വരഹിതവും ആയിട്ടുള്ള ഒരു നിയമം. ഈ കാര്യം തിരിച്ചറിയാൻ വൈകുകയും അതിനായി ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ഭരണഘടനാ സംരക്ഷണം ലക്ഷ്യം വെക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരുമിച്ചു പണിയെടുക്കുകയും ചെയ്യുന്നില്ലെന്നുള്ളതാണ് ഇന്നത്തെ ദുര്യോഗം.