കാലത്തിന്റെ ഗുണപരമായ നിർണയങ്ങൾ

പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും:
അദ്ധ്യായം: 5:
റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്
:

കാലം സ്ഥലത്തേക്കാൾ ശുദ്ധമായ പരിമാണത്തിൽ നിന്ന് കൂടുതൽ വിദൂരസ്ഥമായതായിട്ടാണ് കാണപ്പെടുന്നത് : നമുക്ക് സ്ഥലപരമായ അളവുകളെ കുറിച്ച് സംസാരിക്കാൻ കഴിയുന്നത് പോലെ തന്നെ കാലപരമായ അളവുകളെ കുറിച്ചും സംസാരിക്കാൻ സാധിക്കും. രണ്ടും അവിച്ഛിന്ന പരിമാണത്തിൽ (continuous quantity) പെട്ടതുമാണ് (ഡെക്കാർട്ടിന്റെ ഇതുമായി ബന്ധപ്പെട്ട വിചിത്ര ആശയം പരിഗണനീയമല്ല. അത് പ്രകാരം, കാലം വിച്ഛിന്നമായ നിമിഷങ്ങളുടെ (discontinous instants) ഒരു ശ്രേണിയാണ്. നിരന്തരം പുതുക്കപ്പെടുന്ന “സൃഷ്ടിപ്പിനെ” കുറിച്ച അനുമാനത്തെ ഇത് താൽപര്യപ്പെടുന്നു. അതില്ലെങ്കിൽ ഈ വിച്ഛിന്നതകൾക്കിടയിലെ ഇടവേളയിൽ ലോകം തിരോധാനം ചെയ്യും). പക്ഷെ ഇവ രണ്ടിനുമിടയിൽ വലിയ ഒരന്തരമുണ്ട്. അതെന്തെന്നാൽ, നാം നേരത്തെ സൂചിപ്പിച്ചത് പോലെ, സ്ഥലത്തെ നമുക്ക് നേരിട്ട് അളക്കാൻ കഴിയും. എന്നാൽ ഇതിൽ നിന്നും വിരുദ്ധമായി, കാലത്തെ സ്ഥലത്തിലേക്ക് കൊണ്ടു വന്നു മാത്രമേ നമുക്ക് അളക്കാനാവുകയുള്ളൂ. നിങ്ങൾ യഥാർത്ഥത്തിൽ അളക്കുന്നത് ഒരു കാലദൈർഘ്യത്തെയല്ല, മറിച്ച് ആ കാലദൈർഘ്യത്തിൽ ഉണ്ടാവുന്ന ഒരു ചലനത്തിൽ തരണം ചെയ്യുന്ന ദൂരത്തെയാണ്. ആ ചലനത്തിന്റെ നിയമത്തെ നമുക്ക് അറിയാനും കഴിയണം. ഈ നിയമം കാലത്തിനും സ്ഥലത്തിനുമിടയിലുള്ള ഒരു ബന്ധമായാണ് അവതരിപ്പിക്കപ്പെടുന്നത്. അതിനാൽ, താണ്ടിയ സ്ഥല ദൂരത്തിന്റെ അളവ് നമുക്കറിയാമെങ്കിൽ അതിന് വേണ്ടി വന്ന സമയത്തെ നിർധാരണം ചെയ്യാൻ കഴിയും. എന്തൊക്കെ കൃത്രിമോപാധികൾ ഉപയോഗിച്ചാലും ശരി, കാലത്തിന്റെ അളവുകളെ നിർണയിക്കാൻ മറ്റൊരു വഴിയുമില്ല തന്നെ.
ഇതേ തീർപ്പിലെത്തിക്കുന്ന മറ്റൊരു നിരീക്ഷണം ഇപ്രകാരമാണ് : കണിശമായും ദൈഹികമായ പ്രതിഭാസങ്ങൾ (corporeal phenomena) മാത്രമാണ് സ്ഥലത്തിലും കാലത്തിലുമായി നിലകൊള്ളുന്നവയായിട്ടുള്ളത്. “മനശ്ശാസ്ത്രം” (Psychology) എന്ന പേരിൽ സാധാരണ വിളിക്കപ്പെടുന്ന ശാഖ പ്രകാരം പഠിക്കപ്പെടുന്ന മാനസിക പ്രതിഭാസങ്ങൾക്ക് സ്ഥലപരമായ സ്വഭാവമില്ല. എന്നാൽ അവയും കാലത്തിൽ സംഭവിക്കുന്നവയാണ്്. മാനസികമായത് (mental), സൂക്ഷ്മമായ ആവിർഭാവത്തിൽ (subtle manifestation) പെട്ടതായത് കൊണ്ട് തന്നെ വൈയക്തിക മണ്ഡലത്തിൽ (individual domain) ദൈഹികമായതിനേക്കാൾ ((corporeal) അത് അനിവാര്യമായും സത്തയോട് (essence) കൂടുതൽ ചേർന്നു നിൽക്കുന്നു. കാലത്തിന്റെ സ്വഭാവം ഇപ്രകാരം സൂക്ഷ്മ മണ്ഡലത്തിലേക്ക് കടന്ന് ചെന്ന് കൊണ്ട് മാനസിക പ്രതിഭാസങ്ങളെ തന്നെ പരുവപ്പെടുത്താൻ അതിനെ അനുവദിക്കുന്ന തരത്തിലുള്ളതാണ് എന്നതിനാൽ ഈ സ്വഭാവം സ്ഥലത്തിന്റേതിനേക്കാൾ കൂടുതൽ ഗുണപരമായത് തന്നെയാണ്. മാനസിക പ്രതിഭാസങ്ങളെ കുറിച്ചുള്ള ഈ സംസാരത്തിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കുകയാണ് – ഇവ വ്യക്തിയുടെ സത്തയുടെ ഭാഗത്തുള്ളവയാണ് എന്നതിനാൽ അവയിൽ പരിമാണപരമായ ഘടകങ്ങളെ അന്വേഷിക്കുന്നത് തീർത്തും വ്യർത്ഥമാണ്. ചിലർ അവയെ പരിമാണത്തിലേക്ക് ന്യൂനീകരിക്കാൻ ശ്രമിക്കുന്നതാകട്ടെ അതിലുമപ്പുറമാണ്. “മനഃ-ശരീരശാസ്ത്രജ്ഞൻമാർ” (psycho-physiologists) പാരിമാണികമായി നിർണയിച്ചെടുക്കുന്നത് യഥാർത്ഥത്തിൽ അവർ സങ്കൽപ്പിക്കുന്നത് പോലെ മാനസികപ്രതിഭാസങ്ങളല്ല, മറിച്ച് അവയുടെ ചില ശരീരപരമായ അനുബന്ധങ്ങൾ മാത്രമാണ്. മനസ്സിന്റെ യഥാർത്ഥ സ്വഭാവത്തെ ഏതെങ്കിലും രീതിയിൽ സ്പർശിക്കുന്നതോ അതിനെ ചെറിയ രീതിയിലെങ്കിലും വിശദീകരിക്കാൻ തക്കതായതോ ആയ ഒന്നും തന്നെ അതിലില്ല. പാരിമാണിക മനശ്ശാസ്ത്രം (quantitative psychology) എന്ന അസംബന്ധ ആശയം ആധുനിക “ശാസ്ത്രവാദ” അപഭ്രംശത്തിന്റെ ഏറ്റവും അതിരു കവിഞ്ഞ അവസ്ഥയെയാണ് യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നത്.
കാര്യം ഇങ്ങനെയാണെന്നിരിക്കെ, നമുക്ക് “സഗുണ” സ്ഥലത്തെ കുറിച്ച് ചർച്ച ചെയ്യാമെങ്കിൽ അതിനേക്കാളേറെ “സഗുണ” കാലത്തെ കുറിച്ചും ചർച്ച ചെയ്യാൻ സാധിക്കും. ഇതിലൂടെ നാം അർത്ഥമാക്കുന്നത്, കാലത്തിൽ സ്ഥലത്തിലുള്ളതിനേക്കാൾ പരിമാണപരമായ നിർണയങ്ങൾ കുറവും ഗുണപരമായ നിർണയങ്ങൾ കൂടുതലുമാണ് എന്ന കാര്യമാണ്. “ശൂന്യ കാലത്തിന്” , “ശൂന്യ സ്ഥലത്തെ” പോലെ തന്നെ യഥാർത്ഥ അസ്തിത്വം ഇല്ല. സ്ഥലത്തെ കുറിച്ച് നാം മുമ്പ് പറഞ്ഞതെല്ലാം കാലത്തെ കുറിച്ചും പറയാവുന്നതാണ്. നമ്മുടെ ലോകത്തിനപ്പുറം സ്ഥലം ഇല്ലാത്തത് പോലെ തന്നെ കാലവും ഇല്ല. ഇതിനുള്ളിൽ യഥാർത്ഥവൽകരിക്കപ്പെട്ട സ്ഥലത്തിൽ തന്നെയാണ് എല്ലാ പിണ്ഡങ്ങളും (bodies) ഉള്ളത് എന്നത് പോലെ തന്നെ യഥാർത്ഥവൽകരിക്കപ്പെട്ട കാലത്തിൽ തന്നെ എല്ലാ സംഭവങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. ഏതാണ്ട് സമാന്തരമായ രീതിയിൽ നമുക്ക് പരാമർശിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു തരം സമരൂപത (symmetry) സ്ഥലത്തിനും കാലത്തിനും ഇടയിലുണ്ട്. എന്നാൽ, ദൈഹികാസ്തിത്വത്തിന്റെ ഇതര മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് കാണാൻ കഴിയാത്ത ഈ സമരൂപത വലിയൊരളവോളം ഇവ രണ്ടിന്റെയും ഗുണപരമായ വശം നിമിത്തമായുള്ളതാണ്; അല്ലാതെ പാരിമാണികമായ വശം നിമിത്തമല്ല. സ്ഥലപരമായ സംഗതികളെയും (spatial quantities) കാലപരമായ സംഗതികളെയും (temporal quantities) നിർണയിക്കുന്നതിലുള്ള വ്യത്യാസത്തെ കുറിച്ചും, സ്ഥലത്തിന് ജ്യാമിതി എന്നത് പോലെയുള്ള ഒരു പാരിമാണിക ശാസ്ത്രം കാലത്തിനില്ല എന്നതിനെ കുറിച്ചും നാം മുമ്പ് സൂചിപ്പിച്ചത് ഇത് വ്യക്തമാക്കുന്നു. ഗുണാത്മകമായ തലത്തിൽ സമരൂപത സവിശേഷമായും ശ്രദ്ധേയമായ രീതിയിൽ പ്രകടമായിട്ടുള്ളത് സ്ഥലപരമായ പ്രതീകാത്മകതകൾക്കിടയിലും (spatial symbolism) കാലപരമായ പ്രതീകാത്മകതകൾക്കിടയിലും (temporal symbolism) ഇടയിലുള്ള പാരസ്പര്യത്തിലൂടെയാണ്. ഇതിന്റെ ഉദാഹരണങ്ങൾ ആവശ്യമായ സന്ദർഭങ്ങളിൽ നാം മുമ്പ് നൽകിയിട്ടുണ്ട്. ഇത് പ്രതീകാത്മകതയുടെ വിഷയമായതിനാൽ തന്നെ, ഇതിൽ മൗലികമായി ഇടപെടുന്നത് ഗുണത്തെ കുറിച്ച പരിഗണനയാണെന്നതും പരിമാണത്തെ കുറിച്ച പരിഗണന അല്ല എന്നതും പ്രത്യേകം എടുത്തു പറയേണ്ടതില്ല.
കാലത്തിന്റെ വിവിധ ഘട്ടങ്ങൾ അവയിൽ ഉണ്ടായിത്തീരുന്ന സംഭവഗതികൾ നിമിത്തമായി ഗുണപരമായി തന്നെ വ്യതിരിക്തമാക്കപ്പെട്ടിരിക്കുന്നു. ഇത് സ്ഥലത്തിന്റെ വിവിധ ഭാഗങ്ങൾ അവയിൽ ഉൾക്കൊണ്ടിട്ടുള്ള പിണ്ഡങ്ങൾ നിമിത്തമായി ഗുണപരമായി വേർതിരിക്കപ്പെട്ടത് പോലെ തന്നെയാണ്. പാരിമാണികമായി തുല്യമായതും എന്നാൽ വ്യത്യസ്ത സംഭവ പരമ്പരകളാൽ നിറക്കപ്പെട്ടതുമായ വ്യത്യസ്ത കാലദൈർഘ്യങ്ങളെ ശരിക്കും സമാനമാണെന്ന് ഒരാൾക്ക് ഒരിക്കലും പരിഗണിക്കാനാവില്ല. കാലദൈർഘ്യത്തെ കുറിച്ചുള്ള മാനസികമായ സംവേദനത്തിൽ (mental appreciation), ഗുണപരമായ വ്യത്യാസത്തിന്റെ സാന്നിധ്യത്തിൽ പാരിമാണികമായ തുല്യത തീർത്തും ഇല്ലാതായി അപ്രത്യക്ഷമാവുന്നു എന്നത് ഒരു സാധാരണ അനുഭവമാണ്. ഈയൊരു വൈജാത്യം കാല ദൈർഘ്യത്തിൽ തന്നെ അന്തർലീനമായിട്ടുള്ളതല്ല; മറിച്ച് എന്താണ് സംഭവിക്കുന്നത് എന്നതിലാണ് എന്ന് പറയാൻ സാധിച്ചേക്കാം. അതിനാൽ സംഭവങ്ങളുടെ ഗുണപരമായ നിർണയത്തിൽ കാലത്തിൽ നിന്ന് തന്നെ ഉളവായി വരുന്ന എന്തോ ഒന്ന് ഇല്ലേ എന്ന് നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. സത്യം പറഞ്ഞാൽ, ഉദാഹരണത്തിന്, ഈയൊരു കാലഘട്ടത്തിന്റെ അല്ലെങ്കിൽ ആയൊരു കാലഘട്ടത്തിന്റെ പ്രത്യേകമായ അവസ്ഥകളെ കുറിച്ച് നമ്മൾ സാധാരണ ഭാഷയിൽ സംസാരിക്കുമ്പോൾ ഇത് വ്യംഗ്യമായെങ്കിലും സമ്മതിക്കുന്നില്ലേ? ചുരുക്കിപ്പറഞ്ഞാൽ, നാം മുമ്പ് വിശദീകരിച്ചത് പോലെ പിണ്ഡങ്ങളുടെ അവസ്ഥയുമായി ബന്ധപ്പെട്ടും ഗുണപരമായ ഘടകങ്ങൾ അവഗണിക്കാവുന്നതിലുമേറെയാണെങ്കിൽ കൂടിയും, കാലത്തിന്റെ വിഷയത്തിൽ ഇത് സ്ഥലത്തിന്റേതിനേക്കാൾ പ്രകടമായിട്ടാണ് കാണപ്പെടുന്നത്. ഇനി വിഷയത്തിന്റെ അടിത്തട്ടിലേക്ക് തന്നെ ഇറങ്ങിച്ചെന്ന് പറയുകയാണെങ്കിൽ, ഏതൊരു സംഭവവും ഏത് കാലത്തും അഭേദമാം വണ്ണം ((indifferently) ഉണ്ടാവുകയില്ല എന്നത് പോലെ തന്നെ ഏതൊരു വസ്തുവും ഏതൊരു സ്ഥലത്തും അഭേദമാം വണ്ണം നിലകൊള്ളാനും തരമില്ല. പക്ഷെ, ഇവ തമ്മിലുള്ള സമരൂപത ഇവിടെ പരിപൂർണമല്ല. കാരണം, സ്ഥലത്തിലുള്ള ഒരു പിണ്ഡത്തിന്റെ സ്ഥാനം ചലനം കൊണ്ട് മാറാൻ സാധ്യതയുള്ളതാണ്. എന്നാൽ കാലത്തിലുള്ള ഒരു സംഭവത്തിന്റെ സ്ഥാനം കണിശമായും നിർണിതവും ശരിക്കും “അനന്യവുമാണ്”. അതിനാൽ, സംഭവങ്ങളുടെ മൗലിക പ്രകൃതി കാലത്തോട്, പിണ്ഡങ്ങൾ സ്ഥലത്തോടെന്നതിനേക്കാൾ കൂടുതൽ കണിശമായി ബന്ധിതമായിട്ടുള്ളതാണ്് കാണപ്പെടുന്നത്. ഇത്, കാലത്തിന് സ്വയം തന്നെ കൂടുതൽ വിശാലമായ ഗുണപരമായ സ്വഭാവം ഉണ്ടായിരിക്കണം എന്നതിനെ ഒന്ന് കൂടി സ്ഥിരീകരിക്കുന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy