അറിവും അനുഭവവും പുതുക്കിയ ഇന്ത്യയിലെ സൂഫി ഹൃദയ ഭൂമികളിലൂടെ ഒരു യാത്ര: അവസാന ഭാഗം:
നബീൽ മുഹമ്മദലി
അടുത്ത സന്ദർശന കേന്ദ്രം ഖുതുബ് മിനാറിന്റെ പരിസരത്തുള്ള ഖാജ ഖുതുബുദ്ദീൻ ബഖ്തിയാർ കാക്കി (റ) യുടെ മഖ്ബറയാണ്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളെ ഈ ദർഗയിലിരുന്നാൽ വ്യക്തമായും കാണാം. റഷ്യയിലെ ഔശ് പട്ടണത്തിൽ ജനിച്ച് നിരന്തരമായ ആത്മീയാന്വേഷങ്ങൾക്കൊടുവിൽ ഖാജ മുഈനുദ്ദീന് ചിശ്ത്തി(റ) യുടെ ശിഷ്യത്വം സ്വീകരിച്ച് ബഹുമാനപ്പെട്ടവരുടെ ഖലീഫയും പിൻഗാമിയുമായി മാറിയവരാണ് ഖാജ ഖുതുബുദ്ധീൻ ബക്തിയാർ കാക്കി(റ). ജ്ഞാനാന്വേഷണത്തിന്റെ ഭാഗമായി ഇറാഖിലെ ബഗ്ദാദില്‍ എത്തിപ്പെടുകയും അവിടെ വെച്ച് ഖാജ മുഈനുദ്ദീന് ചിശ്ത്തി(റ) യുടെ അനുയായി ആയി മാറുകയും ചെയ്തു. പിന്നീട് ഖാജ തങ്ങൾക്കൊപ്പം ഇന്ത്യയിലക്ക് എത്തിച്ചേർന്നതാണ്. ഹിജ്റ 623 ലാണ് ബഖ്തിയാർ കാക്കി (റ) ഇഹലോകവാസം വെടിഞ്ഞത്. ഇമാം സുഹ്റവർദി(റ) യുടെ ശിഷ്യരിൽ പെട്ട ഖ്വാജ ഹമീദുദ്ദീൻ നാഗോരി(റ) യുടെ ഖബറും ബക്തിയാർ കാക്കി(റ) യുടെ ഖബറിന് സമീപമാണ്.
അടുത്ത സിയാറത്ത് കേന്ദ്രം മെഹ്റോളിക്ക് പരിസരത്ത് തന്നെയാണെങ്കിലും സാധാരണ സിയാറത്ത് സംഘങ്ങൾ എത്തിച്ചേരാത്ത മഖ്ബറയായതിനാൽ അത് കണ്ടെത്താൻ അൽപം ബുദ്ധിമുട്ടി. അങ്ങിനെ അന്വേഷിച്ച് അന്വേഷിച്ച് ആ കേന്ദ്രത്തിലേക്ക് എത്തിച്ചേർന്നു. ഇന്ത്യയിലെ മുഹദ്ദിസുകളുടെ തലപ്പത്തിരിക്കുന്ന അബ്ദുൽ ഹഖ് ദഹ്ലവി(റ) യുടെ അന്ത്യവിശ്രമ കേന്ദ്രമാണത്. ഹദീസ് പണ്ഡിതനും സാഹിത്യകാരനുമായ സൈഫുദ്ദീന് ഇബ്നു അസ്സെഫി അദ്ദഹ്ലവി (റ)യുടെ മകനായി ഹിജ്റ 958(എ.ഡി 1551) മുഹറം മാസത്തിലാണ് അബ്ദുൽ ഹഖ് മുഹദ്ദിസ് ദഹ് ലവി(റ) ജനിക്കുന്നത്. ഇന്ത്യയിൽ വിശുദ്ധ ഹദീസിന്റെ പുനരുജ്ജീവനത്തിന് കാർമ്മികത്വം വഹിച്ച മഹാനായ അദ്ദേഹം തഫ്സീർ, ഫിഖ്ഹ്, അഖീദ, ഭാഷാ ശാസ്ത്രം, തത്വ ശാസ്ത്രം തുടങ്ങിയ വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ സ്തുത്യർഹമായ സേവനങ്ങൾ സമർപ്പിച്ച മൗലിക പ്രതിഭയുള്ള സൂഫി പണ്ഡിതനായിരുന്നു. കൂടാതെ അറബിയിലും പേർഷ്യനിലുമായി അനവധി മൂല്യവത്തായ ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് ഇമാം അബ്ദുല്‍ഹഖ് ദഹ്ലവി (റ). മക്കയിലെത്തിയ ദഹ്ലവി(റ) അനവധി ഹദീസ് പണ്ഡിതന്മാരിൽ നിന്നും വിദ്യനുകരുകയും അവരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളായ മഹാനായ ഇമാം ബുഖാരി(റ) വിന്റെ സ്വഹീഹുല്‍ ബുഖാരിയും മുസ്ലിം(റ)ന്റെ സ്വഹീഹ് മുസ്ലിമും ഇമാം ഖത്തീബു ത്വിബ്രീസി (റ) യുടെ മിശ്കാത്തുല്‍ മസാബീഹും അവിടെ വെച്ച് ഗഹനമായി പഠിക്കുകയും അവയിൽ കൂടുതൽ അവഗാഹം നേടുകയും ചെയ്തു. അക്കാലത്ത് മക്കയിലെ പ്രശസ്തരായ ഹദീസ് പണ്ഡിതന്മാരായിരുന്ന വലിയ്യുളളാഹില് മുത്തഖി(റ), അലി ജാറുല്ലാഹില് ളഹീറ(റ) എന്നിവരായിരുന്നു ഇമാം അവർകളുടെ മക്കയിലെ പ്രധാന ഗുരുവര്യർ. പിന്നീട് മദീനയിലേക്ക് പോവുകയും അഹ്മദ് ബ്നു മുഹമ്മദ് ബ്നു മുഹമ്മദ് അബുൽ ഹസ്മിൽ മദനി (റ), ശൈഖ് ഹമീദുദ്ദീന് ബിന്‍ അബ്ദുല്ലാഹിസ്സിന്ദി(റ) തുടങ്ങിയ ഹദീസ് വിശാരദന്മാരിൽ നിന്ന് ശിഷ്യത്വം സ്വീകരിക്കുകയും ഇജാസത്ത് നേടുകയും ചെയ്തു. നാൽ വർഷം(ഹി.996-1000) നീണ്ടു നിന്ന ഹദീസ് മേഖലയിലെ ഉപരിപഠനത്തിനു ശേഷം എ.ഡി: 1593 ൽ മഹാനായ ദഹ്ലവി(റ) ഇന്ത്യയിൽ തിരിച്ചെത്തി. ഹദീസ് മേഖലയിലെ മഹാന്റെ പ്രധാന ഗ്രന്ഥങ്ങൾ ഇവയാണ്.
ലമആത്തു തൻഖീഹ്:
മഹാനായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്ലാഹില്‍ ഖത്തീബുത്തിബ്രീസി(റ) വിന്റെ പ്രസിദ്ധ ഹദീസ് ക്രോഡീകരണ ഗ്രന്ഥമായ മിശ്കാത്തുൽ മസാബീഹിന്റെ വ്യാഖ്യാന ഗ്രന്ഥമാണ് ലമആത്തു തൻഖീഹ് ഫീ ശര്‍ഹി മിശ്കാത്തില്‍ മസാബീഹ്.
അശിഅത്തുല്ലമആത്ത്:
അബ്ദുല്‍ ഹഖ് (റ) ന്റെ പേർഷ്യൻ ഭാഷയിലുളള ഹദീസ് വ്യാഖ്യാന കൃതിയാണിത്.
ജാമിഉൽ ബറക്കാത്ത്:
മിശ്കാത്തുല്‍ മസാബീഹിന്റെ പേർഷ്യനിലെയും അറബിയിലെയും വ്യാഖ്യാനങ്ങളുടെ സംഗ്രഹ കൃതിയാണിത്.
അസ്മാഉരിജാൽ വര്റുവാത്ത്:
മിശ്കാത്തില്‍ പരാമർശിക്കപ്പെട്ട നിവേദക പരമ്പരയിലെ ഹദീസ് നിവേദകരെ കുറിച്ചാണ് ഈ ഗ്രന്ഥം. പ്രവാചകർ (സ്വ) തങ്ങളുടെയും കുടുംബത്തിന്റെയും ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ചതുർ ഖലീഫമാരുടെയും ജീവിതവും ചരിത്രവും ഇതില്‍ ഉൾച്ചേർത്തിട്ടുണ്ട്.
ത്വരീഖുല്‍ ഇഫാദ:
നബി കരീം(സ്വ) യുടെ വിശേഷണങ്ങളും സവിശേഷതകളും സ്വഭാവ ശ്രേഷ്ടതകളും ഹദീസുകളുടെ വെളിച്ചത്തില്‍ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥമായ മജ്ദുദ്ദീൻ ഫിറോസാബാദി(റ) യുടെ സിഫ്റുസ്സആദയുടെ വ്യാഖ്യാനമാണ് ത്വരീഖുല്‍ ഇഫാദ ഫീ ശർഹി സിഫ്റുസ്സആദ.
ഈ ഗ്രന്ഥങ്ങൾക്ക് പുറമെ ഹദീസ് നിദാന ശാസ്ത്രത്തെ വിശദമായി സ്പർശിക്കുന്ന മുഖദ്ദിമ ഫീ ഉസൂലുൽ ഹദീസ് എന്ന ഗ്രന്ഥവും വിരചിതമായിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം മിശ്കാത്തുൽ മസാബീഹിന്റെ തുടക്കത്തില്‍ മുഖദ്ദിമത്തു മിശ്കാത്ത് എന്ന നാമത്തിൽ ചേർത്തിട്ടുള്ളതാണ്. ഇമാം അവർകളുടെ മറ്റു ഗ്രന്ഥങ്ങളാണ് തഹ്ഖീഖുൽ ഇശാറ ഇലാ തഅ്ലീമിൽ ബിശാറയും രിസാലത്തുൻ ഫീ ലൈലത്തിൽ ബറാഅയും. ഇവ കൂടാതെ പുണ്യ ദിവസങ്ങളെ കുറിച്ചെഴുതിയ മാസബത ബിസ്സുന്ന ഫീ അയ്യാമിസ്സുന്ന, നബി(സ്വ)യുടെ കത്തുകൾ പരാമർശിക്കുന്ന മക്തൂബിന്നബി(സ്വ), ആദ്ധ്യാത്മിക രംഗത്തെ ജ്വലിച്ചു നിന്ന താരകം അബ്ദുൽ ഖാദിർ ജീലാനി(റ)ന്റെ ഫുത്തൂഹുല്‍ ഗൈബിന്റെ വ്യാഖ്യാനമായ മിഫ്താഹുല്‍ ഫുതൂഹ് ലി ഫത്ഹി അബ്വാബുന്നൂസ് എന്ന ഗ്രന്ഥവും ഇമാമിന്റെ തൂലികയില്‍ നിന്ന് വിരചിതമായിട്ടുള്ളതാണ്.
ഹി.1052(എ.ഡി:1625) ൽ 94-ാം വയസ്സിലായിരുന്നു വിയോഗം.
ഡൽഹി സിയാറത്തിന്റെ പരിസമാപ്തി ചിറാഗ് ദില്ലിയിലായിരുന്നു. അവിടെ നസീറുദ്ദീൻ ചിറാഗ് ദഹ്ലവി (റ) അന്ത്യവിശ്രമം കൊള്ളുന്നു. മുസ്ലിംകൾ അത്ര തിങ്ങി താമസിക്കുന്ന പ്രദേശമല്ല ചിറാഗ് ദില്ലി. ഒരു ഗല്ലി പ്രദേശത്ത് കൂടെ കുറെ ഉള്ളിലേക്ക് നടന്നിട്ടാണ് ദർഗയിലേക്ക് എത്തുന്നത്. കൂടുതലും അമുസ്ലിംകളെയാണ് ആ ഗല്ലികളിൽ കണ്ടത്. ദർഗയെ ചുറ്റിപറ്റി മാത്രമാണ് മുസ്ലിംകളെ കണ്ടത്. നിസാമുദ്ദീൻ ഔലിയ(റ) യുടെ ശിഷ്യനും പിൻഗാമിയുമാണ് നസീറുദ്ദീൻ ചിറാഗ് ദഹ് ലവി(റ).
ഏകദേശം പത്ത് ദിവസം നീണ്ടു നിന്ന യാത്രക്കൊടുവിൽ ഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് വിമാനം കയറുമ്പോൾ ഒരുപാട് അനുഭവങ്ങളും വൈകാരിതഗതയാർന്ന ഗതകാല ചരിത്ര സ്മൃതികളും നെഞ്ചിലേറ്റിയിരുന്നു. എട്ട് നൂറ്റാണ്ടുകൾ മുസ്ലിം ഭരണാധികാരികൾ ഭരണ ചക്രം തിരിച്ചതിന്റെ അഭിമാനമല്ല, അന്നാളുകൾ തൊട്ട് ഇന്നും ദീനി വിജ്ഞാന രംഗത്തും ആധ്യാത്മിക രംഗത്തും പ്രശോഭിച്ചു നിന്ന ഇന്ത്യൻ സൂഫി പണ്ഡിതമഹത്തുക്കളുടെ മാതൃകായോഗ്യമായ സാത്വിക ജീവചരിത്രങ്ങളാണ് ആവേശമായി മനസ്സ് നിറച്ചത്. അറബ് രാജ്യങ്ങളേക്കാൾ വൈജ്ഞാനിക മുന്നേറ്റം സാധിച്ച ഒരു നാട്ടിൽ ജനിക്കാൻ സാധിച്ചത് ഒരനുഗ്രഹമായി കാണാതിരിക്കാൻ സാധിക്കില്ല. ഈയുള്ളവന്റെ സഊദിയിൽ പ്രവാസിയായ ഒരു സുഹൃത്ത് സഊദിയയിൽ നിന്നുള്ള അനുഭവം പറഞ്ഞിരുന്നതാണ് ഇത്തരുണത്തിൽ ഓർക്കുന്നത്. ഇന്ത്യയിൽ നിന്ന് അച്ചടിച്ചു വന്ന ഹദീസിന്റെ ചില കിതാബുകളെ ആധികാരികമായി എടുത്തു പറയാറുണ്ടത്രെ സഊദിയയിലെ ഹദീസ് പണ്ഡിതർ. ഹദീസിലുള്ള സനദിൽ കണ്ണിചേരാനും ഇജാസത്ത് കരസ്ഥമാക്കാനും വിസിറ്റിംഗ് വിസ എടുത്ത് ഇന്ത്യയിലേക്ക് വരുന്ന അറബി പണ്ഡിതരുമുണ്ടെന്ന് പറയുമ്പോൾ മുഹദ്ദിസുൽ ഹിന്ദ് അബ്ദുൽ ഹഖ് ദഹ്ലവി (റ) യും മുസ്നദുല്‍ ഹിന്ദ് ശാഹ് വലിയുല്ലാഹി(റ) യും അടക്കമുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങൾ ഇന്നും ചലനമറ്റിട്ടില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്. മറ്റു ദീനി വൈജ്ഞാനിക മേഖലയിലും ഇന്ത്യക്ക് സ്വയം പര്യപ്തമായ അസ്തിത്വവും നീണ്ട പാരമ്പര്യവുമുണ്ട്. അതിനെ തിരിച്ചറിയാനും പഠിക്കാനും അതിന്റെ കണ്ണിയായി മാറാനുമാണ് ഇന്ന് നാം ഒരുങ്ങേണ്ടത്.
അവസാനിച്ചു: