സൂഫി കഥ
വിവിധ വിജ്ഞാനങ്ങളിൽ വ്യൂൽപത്തി ഉണ്ടായിരുന്ന ഒരു പണ്ഡിതൻ ഒരു സൂഫി ഗുരുവിന് കത്തെഴുതി താനുമായി സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചോദിച്ചു.
ഗുരുവാകട്ടെ തന്റെ ഒരു സേവകനെ വിളിച്ച് ഒരു കുപ്പിയും ഒരു തിരിയും അൽപം വെള്ളവും കുറച്ചു എണ്ണയും നൽകി. ശേഷം പറഞ്ഞു.
“ഇതും ഞാനെഴുതി നൽകുന്ന ഒരു കത്തും നീ ആ പണ്ഡിതന് കൊടുക്കുക”
കത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി:
“പ്രിയ സുഹൃത്തെ….
നിങ്ങൾ ഈ തിരി എണ്ണയിൽ മുക്കുക. ശേഷം തീ കൊടുക്കുക. എങ്കിൽ നല്ല പ്രകാശം ലഭിക്കും. എന്നാൽ വെള്ളത്തിൽ മുക്കി തീ കൊടുത്താൽ പ്രകാശിക്കില്ല. എന്നാൽ എണ്ണയും വെള്ളവും മിശ്രിതമാക്കി കുലുക്കി ചേർത്ത് അതിൽ തിരിമുക്കിയാൽ കെട്ടുകൊണ്ടിരിക്കുകയും അതോടൊപ്പം നേർത്തവെളിച്ചം മിന്നിക്കൊണ്ടിരിക്കുകയും ചെയ്യും. അതിനാൽ എണ്ണയിൽ തിരിമുക്കി അഗ്നി പകരുക. എങ്കിൽ യഥാർത്ഥ വെളിച്ചം ലഭിക്കും.”