ഹസ്രത്ത് മഖ്ദൂം ശറഫുദ്ദീൻ യഹ് യാ മുൻയരി(റ):
മൊഴിമാറ്റം: അബ്ദുറശീദ് നദ് വി:
ഹസ്രത്ത് മഖ്ദൂം ശറഫുദ്ദീൻ യഹ് യാ മുൻയരി(ഖ.സി)(ജനനം ഹി.661-വഫാത്ത് ഹി.782). ബീഹാറിൽ ജീവിച്ച സുഹ്റവർദ്ധി ശൃംഖലയിലെ വിഖ്യാതരായ സൂഫി ശൈഖാണ്. ദീനിന്റെ ബാഹ്യവും ആന്തരികവുമായ തലങ്ങൾ ഉദ്ബോധനം ചെയ്ത് ബഹുമാനപ്പെട്ടവർ സ്വന്തം ശിഷ്യന്മാർക്കെഴുതിയ കത്തുകൾ “മക്തൂബാതെ സദി'(നൂറു കത്തുകൾ), മക്തൂബാതെ ദോസദി എന്നി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മക്തൂബാതെ സദിയിൽ നിന്നെടുത്തതാണ് ഈ ഭാഗം. മഹാനവർകളുടെ മസാർ ഇന്നും സന്ദർശനബാഹുല്യം നിമിത്തം വിശ്രുതമാണ്.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ എന്റെ സഹോദരൻ ശംസുദ്ദീന്.(അല്ലാഹു അദ്ദേഹത്തെ ഏറ്റെടുക്കട്ടെ) സത്യവും ആത്മാർത്ഥതയും തങ്ങളുടെ വാക്കിലും പ്രവൃത്തിയിലും സൂക്ഷിച്ച മഹാന്മാർ പറഞ്ഞത് നീ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശാരീരികമായ ശക്തി ഭക്ഷണ പാനീയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ആത്മീയ ശക്തി ഉത്ഭവിക്കുന്നത് വിശപ്പിൽ നിന്നും ദാഹത്തിൽ നിന്നുമാണ്. അല്ലാഹുവിന്റെ ഭൂമിയിൽ അല്ലാഹുവിന്റെ തന്നെ ഭക്ഷണമാണ് വിശപ്പ്. തുടർന്നവർ പറയുന്നു: “നോമ്പുകാരനിൽ ആരാധ്യനായ അല്ലാഹു(അവന്റെ സ്മരണ സർവ്വത്തെയും അതിജയിക്കട്ടെ)വിന്റെ ഒരു വിശേഷണമാണ് ദൃശ്യമാവുന്നത്. അവൻ ഭക്ഷിപ്പിക്കുന്നു. അവൻ സ്വയം ഭക്ഷിക്കുന്നില്ല.” (അൽ അൻആം.14) നോമ്പുകാരന്റെ ഈ ഗുണം അല്ലാഹുവിന്റെ ഗുണ വിശേഷണവുമായി ഒത്തൊരുമിക്കുന്നു എന്നത് സാധാരണ കാര്യമാണോ?
ബുദ്ധിമാന്മാരും ജ്ഞാനികളും ഏകോപിച്ച് പറഞ്ഞിട്ടുള്ളത് സത്യസന്ധനായ നോമ്പുകാരന് യഖീനിന്റെ മഖാം സമീപസ്ഥമായി അനുഭവപ്പെടുന്നുവെന്നതിനാൽ മാനുഷികമായ പരിമിതികളിൽ നിന്ന് അവൻ പുറത്തുവരുന്നു എന്നാണ്. ഒരു വേള “അല്ലാഹുവിന്റെ സ്വഭാവ സവിശേഷതകൾ(അഖ്ലാഖ്)നിങ്ങൾ സ്വീകരിക്കുക” എന്ന കൽപനയുടെ അതായത് സ്വയം ഭക്ഷിക്കാതിരിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുക എന്നതിന്റെ ഉത്തരമായി തീരുന്നു നോമ്പുകാരൻ. ഈ കർമ്മം കൊണ്ട് തനിക്കെന്നും പ്രിയപ്പെട്ടവന്റെ ഗുണങ്ങൾ ആർജ്ജിക്കാൻ കഴിയും. അങ്ങനെ മാനുഷികമായ ഗുണങ്ങളിൽ നിന്ന് സ്വയം വേർപ്പെടാൻ അവന് സാധിക്കുന്നു. ഒന്നും ചോദിക്കാതെ തന്നെ രണ്ടിനത്തിലുള്ള സമ്പത്തും രണ്ടു തരത്തിലുള്ള അനുഗ്രഹവും അവന് ലഭിക്കുന്നു. അഥവാ നോമ്പുകാരന് രണ്ട് ആനന്ദാനുഭൂതികളാണുള്ളത്. ഒന്ന് നോമ്പ് മുറിക്കുന്ന സമയത്തും മറ്റൊന്ന് അല്ലാഹുവിന്റെ ലിഖാഅ്(ദർശനം) ലഭിക്കുന്ന സമയത്തും. ഈ ലോകത്ത് ഹൃദയത്തിലെ കണ്ണു കൊണ്ടാണ് ലിഖാഅ് സാധ്യമാകുന്നതെങ്കിൽ ആഖിറത്തിൽ നഗ്ന നേത്രം കൊണ്ട് തന്നെ നോമ്പുകാരൻ അല്ലാഹുവിനെ ദർശിക്കും. അവനതിന് അർഹതയുണ്ടല്ലോ? നോമ്പുതുറക്കുന്ന സമയത്ത് സത്യവാനായ നോമ്പുകാരൻ എന്തിനാണ് സന്തോഷിക്കുന്നത്? അതിനുള്ള കാരണം മനുഷ്യ ശരീരത്തിന്റെ ചേരുവ പല ഘടകങ്ങളിൽ നിന്നായതു കൊണ്ടാണ്. അനുരാഗത്തിന്റെ ലഹരിയിൽ അന്വേഷകൻ നഫ്സ് മുത്മഇന്നയുടെ കുതിരപ്പുറത്തേറി അന്ന പാനീയങ്ങളില്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. അവൻ ഭക്ഷിക്കുന്നില്ലെന്ന് മാത്രമല്ല തന്റെ വാഹനത്തിന് അവൻ ഭക്ഷണം നൽകുന്നുമില്ല. പ്രേയസിയെ കാണാനുള്ള കൊതിയാണ് അവനെ നയിക്കുന്നത്. അവനെ തേടാനുള്ള നിബന്ധന വിശപ്പാണ്. “അവന്റെ ദർശനത്തിന്നായി നോമ്പു നോൽക്കുക”(ഹദീസ്).
എത്താനുള്ള ലക്ഷ്യസ്ഥാനം വളരെ വിദൂരമാണ്. ലക്ഷ്യസ്ഥാനത്തിന്റെ അറ്റം നിന്റെ റബ്ബിങ്കലാണ്.(സൂറ:നജ്മ്: 42) വാഹനം ഒരു ലക്ഷ്യസ്ഥാനം പിന്നിട്ടപ്പോൾ തന്നെ ദിവസം ഒന്നായി. സായാഹ്ന നിസ്കാരത്തിന്റെ സമയമടുത്തു. വിശപ്പാലും ദാഹത്താലും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കുതിര ക്ഷീണിച്ച് പരവശനായിട്ടുണ്ട്. നോമ്പുകാരൻ നോമ്പുതുറക്കുന്നതോടെ അതിന്നും ഭക്ഷണവും വെള്ളവും ലഭിക്കുന്നു. വാഹനമോടിക്കുന്നവന്റെയും വാഹനത്തിന്റെയും ഉള്ളിൽ വീണ്ടും ജീവൻ നാമ്പെടുക്കുന്നു. ഭക്ഷണവും വെള്ളവും ലഭിക്കുന്നതോടെ സന്തോഷവും ആനന്ദവും യാത്രക്കാരന്റെ ഉള്ളിൽ നിറയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ അവൻ വേവലാതിയിലായിരുന്നുവല്ലോ? കാരണം അവന്റെ ഭക്ഷണവും ഊർജ്ജവും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി അവൻ ത്യജിച്ചതാണല്ലോ?
അടുത്തതായി പറയുന്ന സന്തോഷം ഒരു പക്ഷെ നമ്മുടെ വിവരണങ്ങൾക്കതീതമാണ്. ഈ സന്തോഷം ആസ്വാദനപരമാണ്. ആസ്വദിക്കാത്തവൻ തിരിച്ചറിയാത്തവനാണ്. നോക്കുക അവന്റെയൊരു ഗാംഭീര്യം.
എഴുപതിനായിരം മറകൾക്കപ്പുറവും പ്രശോഭയാർന്ന ദർശനാനുഭവം ഉണ്ടല്ലോ?
അവന് രണ്ട് മറകളാണുള്ളത്. പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും മറ. അവയിൽ നിന്ന് ഒരു മറ ഉയർത്തപ്പെട്ടാൽ സൗന്ദര്യത്തിന്റെ ജ്വാലാമുഖത്താൽ ദർശകന്റെ കാഴ്ച കരിഞ്ഞു പോകും. അല്ലാഹുവിന് എഴുപതിനായിരം മറകളുണ്ട് അവയിലൊന്ന് അനാവരണം ചെയ്യപ്പെട്ടാൽ അവന്റെ മുഖകാന്തി കരിഞ്ഞു പോകും. “ഒരു ദൃഷ്ടിയും അവനെ പ്രാപിക്കുകയില്ല.” അനേകായിരം മറകളിൽ നിന്ന് ഒരു മറ മാത്രം ഉയർത്തപ്പെട്ടപ്പോഴുള്ള സ്ഥിതി ഇതാണ്. ഒരു ത്വരീഖത്തിന്റെ ശൈഖ് അവരുടെ ഗ്രന്ഥത്തിൽ കുറിച്ചത് ഇവിടെ സാന്ദർഭികമായി പറയട്ടെ. “ഖ്വാജാ മഅ്റൂഫ് കർഖി(ഖ.സി)അല്ലാഹുവിന്റെ അർശിന്റെ കീഴെ പരമാനന്ദ ലഹരിയിൽ ഒച്ച ഉയർത്തുന്നവരായി കാണപ്പെട്ടപ്പോൾ അല്ലാഹു അറിഞ്ഞു കൊണ്ടു തന്നെ മലക്കുകളോട് ചോദിച്ചു. “ആരാണത്?” മലക്കുകൾ പറഞ്ഞു: “ഞങ്ങളുടെ ഇലാഹേ…അത് നിന്റെ അടിമയായ മഅ്റൂഫാണ്.” അപ്പോൾ അല്ലാഹു പറഞ്ഞു: “എന്റെ ദാസനായ മഅ്റൂഫ് കർഖി എന്നോടുള്ള പ്രണയമാകുന്ന വീഞ്ഞിനാൽ ഉന്മത്തനായിരിക്കുന്നു. എന്റെ ദർശനം കിട്ടുവോളം അവന് അതിൽ നിന്ന് വിമുക്തനാകാൻ കഴിയില്ല.”
അപ്പോൾ അവന്റെ ദർശനം ലഭിക്കുക എന്നത് എത്ര പ്രയാസങ്ങൾ നിറഞ്ഞതാണ്. അതിലുപരി എത്ര വലിയ മഹാഭാഗ്യമാണ്. എത്രമേൽ നഫ്സിനെ മെരുക്കിയെടുക്കേണ്ട ആവശ്യകതയുള്ളതാണത്. തിരുറസൂൽ(സ) ആ അർത്ഥത്തിലേക്ക് സൂചിപ്പിച്ചു കൊണ്ട് പറഞ്ഞല്ലോ? “നിങ്ങളുടെ ഉദരങ്ങളെ വിശപ്പുള്ളതാക്കുക. നിങ്ങളുടെ കരളുകളെ ദാഹമുള്ളതാക്കുക. നിങ്ങൾ ശരീരങ്ങളെ ഉരിയുക. എന്നാൽ നിങ്ങൾ ഈ ലോകത്ത് ഹൃദയത്തിലെ കണ്ണു കൊണ്ട് കണ്ടതു പോലെ അവിടെ നിങ്ങളുടെ റബ്ബിനെ നഗ്ന നേത്രം കൊണ്ട് തന്നെ കാണും.” ഒരുപമയുണ്ട്. ആർ ഈ ലോകത്ത് വെച്ച് തന്നെ കണ്ടുവോ അവൻ എത്തിച്ചേർന്നു. ആർ എത്തിച്ചേർന്നോ അവൻ സ്വയത്തെ തിരിച്ചറിയുകയും ഫനാഇന്റെ മഖാമിലൂടെ കടന്ന് ബഖാഇന്റെ മഖാമിലൂടെ മുന്നോട്ടു ഗമിച്ചു. “സത്യം വന്നു ചേർന്നു. അസത്യം ഇല്ലാതായി തീർന്നു.”(അൽ ഇസ്രാഅ്: 81) എന്ന അവസ്ഥാവിശേഷം പ്രാപിക്കുന്നു. ആരിഫായ സാലിക് ഈ മഖാമിലെത്തുന്നതോടെ ഏത് തരത്തിലുള്ള ഇബാദത്തും അവനിലേക്ക് ചേർക്കുന്നത് മാർഗഭ്രംശത്തിന്റെ പരിധിയിലാണ് വരിക. ഒരു വ്യക്തി ഈയവസ്ഥയിൽ സൽക്കർമ്മങ്ങളെ തന്നിലേക്ക് ചേർത്തുള്ള സൂചനകൾ പോലും അന്ധതയായേ ഗണിക്കപ്പെടുകയുള്ളൂ. സ്നേഹിതൻ പറഞ്ഞത് എത്ര ശരിയാണ്. പ്രണയി കേവലമായ രഹസ്യത്തെ വെളിപ്പെടുത്തി. “ഞാൻ സത്യം(അനൽ ഹഖ്)” എന്ന് പറഞ്ഞതെത്ര സത്യം. ബഹുമാന്യ സഹോദരാ നോമ്പിനെക്കുറിച്ച് എന്തു പറയാനാണ്. കശ്ഫുൽ മഹ്ജൂബിൽ ദാതാ ഗഞ്ച് ബക്ശ് അലി ഹുജ്വീരി(റ) എഴുതിയിട്ടുണ്ട്. “നോമ്പ് ശരീരത്തിന് പരീക്ഷണമാണെങ്കിൽ ഹൃദയത്തെ സ്ഫുടം ചെയ്തെടുക്കാനുള്ളതാണ്. ആത്മാവിലെ പ്രണയത്തെ അത് ജ്വലിപ്പിക്കുകയും സിർറിന്നത് ബഖാഅ് നൽകുകയും ചെയ്യുന്നു.” എത്ര ഉന്നതമായ ഔദാര്യമാണ് ഒരുക്കപ്പെട്ടിരിക്കുന്നത്. ഹൃദയത്തിന് വിശുദ്ധി, ആത്മാവിൽ പ്രണയം, സിർറിന്ന് അനശ്വരത, ഈ അവസ്ഥ ലഭിക്കാൻ ശരീരം പരീക്ഷിക്കപ്പെട്ടാലും ആ പരീക്ഷണത്തിന് എന്തു പ്രയാസവും നഷ്ടവുമാണുണ്ടാകുക.? ഈ അർത്ഥത്തിലേക്ക് സൂചന നൽകി തിരുറസൂൽ(സ) ഖുദ്സിയായ ഹദീസിൽ അല്ലാഹുവിൽ നിന്നായി പറയുന്നു: “ആദം സന്തതികളെ ഓരോ പ്രവർത്തനത്തിനും അല്ലാഹു പ്രതിഫലം ഇരട്ടിക്കിരട്ടിയായി എഴുപത് ഇരട്ടിയോളം നൽകും. നോമ്പിന്നൊഴികെ. അത് എനിക്കു വേണ്ടിയാണ്. ഞാനതിന് പ്രതിഫലം നൽകും.”
ഒരു ഗുണത്തെക്കുറിച്ച്(സ്വിഫത്ത്) സംസാരിക്കുമ്പോൾ ആ ഗുണമുള്ളവനെ(മൗസൂഫ്) തന്നെ ഉദ്ദേശിക്കുക എന്നതാണ് അറബികളുടെ സ്വഭാവം. ഇവിടെ രണ്ട് കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഒരു വേള പ്രൗഢമായ ആ മഹാ സന്നിധാനത്തിലേക്ക് നോക്കിയാലും. ഒരു അണുവോളം വിലയില്ലാത്ത മനുഷ്യനിലേക്കും നോക്കൂ. നിന്റെ യാഥാർത്ഥ്യം എന്താണെന്ന് ചോദിച്ചാൽ നീ ഭൂമിയിൽ ഒരു മൃഗം മാത്രമാണ്. നീ ഉറച്ചു വിശ്വാസിച്ചാലും. ഇത് നിനക്കുള്ള ഔദാര്യം മാത്രമാണ്. ഇവിടെ സമ്പത്ത് കൂട്ടി വെക്കാനുള്ള സ്ഥലമില്ല. സർവ്വാധിരാജനായ അല്ലാഹു നോമ്പുകാരനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “നീ എനിക്കു വേണ്ടിയുള്ളതാണ്.” എന്റെ ലിഖാഉം ദർശനവുമാണ് നിനക്കുള്ള പ്രതിഫലം. “ആരെ എന്നോടുള്ള പ്രണയം കൊല്ലുന്നുവോ അവനുള്ള ദണ്ഡം എന്റെ ദർശനമാണ്.” സുബ്ഹാനല്ലാഹ്….
സഹോദരാ നോമ്പിലൂടെ പക്ഷി മൃഗാദികളുടെ സ്വഭാവ സവിശേഷതകളും മാലിന്യങ്ങളും മനുഷ്യനിൽ നിന്ന് ഇല്ലാതാകുന്ന വിശുദ്ധിയാണ് സിദ്ധിക്കുന്നത്. സിർറിന്റെ നിഗൂഢതകളിൽ നിന്നുള്ള എല്ലാ തരം അന്ധകാരങ്ങളിൽ നിന്നും അവൻ പുറത്തു വരുന്നു. അതിനാൽ ഈയവസ്ഥയിൽ നോമ്പിനെ കേവലം ഒരു അനുഷ്ഠാനം മാത്രമായി മനസ്സിലാക്കിപ്പോകരുത്. നോമ്പിലും വിശപ്പിലും നിരവധി അത്ഭുതകരമായ പൂർണതകളുണ്ട്. സൂഫിയാക്കളിൽ ഇതുമായി ബന്ധപ്പെട്ടുള്ള പ്രത്യേകമായ അവസ്ഥകൾ ഉള്ളത് വിശ്രുതമാണ്. അവരുടെ ഹൃദയാന്തരങ്ങളിൽ അല്ലാഹുവിന്റെ കലാമിനെ കേൾക്കാൻ അവരാഗ്രഹിച്ചാൽ നാൽപത് ദിവസം അവർ വിശപ്പിലായി കഴിയും. മുപ്പതു ദിവസങ്ങൾക്കു ശേഷം അവരുടെ ഇഫ്താറ് അവർ മിസ്വാക്ക് ചെയ്യലാണ്. അതിന് ശേഷം അന്ന പാനിയങ്ങളില്ലാതെ പത്തു ദിവസങ്ങൾ അവർ കഴിച്ചു കൂട്ടും. അങ്ങനെ നിസ്സംശയം അവരുടെ ഹൃദയത്തിന്റെ ഏകാന്തതയിൽ അല്ലാഹു അവരോട് സംസാരിക്കും. ഇതിന്ന് ഉദാത്തമായൊരു അടിസ്ഥാനമുണ്ട്. എന്തെന്നാൽ അമ്പിയാക്കൾക്ക് പരസ്യമായ വെളിപാടായി നൽകപ്പെടുന്നതു ഔലിയാക്കൾക്ക് രഹസ്യ സൂചനകളായി നൽകപ്പെടുന്നു. ഒരു മഹാന്റെ വാക്കുകളിൽ വിശപ്പിന്റെ ശ്രേഷ്ഠത ഇപ്രകാരം വിവരിക്കപ്പെട്ടിട്ടുണ്ട്: “മുരീദിന് മൂന്നു ഗുണങ്ങൾ അനിവാര്യമാണ്. വളരെ നിർബന്ധിതമായ അവസ്ഥയിലുള്ള ഉറക്കം, അനിവാര്യമായ സംസാരം, വിശന്നാൽ മാത്രമുള്ള ഭക്ഷണം.” ഇവിടെ പറയപ്പെട്ട വിശപ്പ് എന്നത് ചിലരുടെ അടുക്കൽ രണ്ട് ദിനരാത്രങ്ങളുള്ളതാണ്. മറ്റ് ചിലർക്കത് മൂന്ന് ദിനരാത്രങ്ങളാണ്. വേറെ ചിലർക്ക് അതൊരു ആഴ്ചയും. കൂടിയവർക്ക് നാൽപതു ദിവസമാണ്. പ്രിയ സഹോദരാ.. അനേക കോടി മനുഷ്യർ നോമ്പെടുക്കുമ്പോൾ അല്ലാഹുവിന്റെ നിഅ്മത്ത് അവർക്കെല്ലാം ഓഹരി വെച്ച് തീർന്നു പോകുമെന്ന് നീ വിചാരിക്കേണ്ടതില്ല. അതിൽ ഒരു കുറവും വരില്ല. നീ നോമ്പെടുത്താലും ഇല്ലെങ്കിലും ഔദാര്യത്തിന്റെ വിരിപ്പ് എല്ലായ്പ്പോഴും വിരിച്ചു വെക്കപ്പെട്ടതായിരിക്കും. നിഅ്മത്തിന്റെ ഭക്ഷണ വിരി എല്ലായ്പ്പോഴും നിലനിർത്തപ്പെടും. നിനക്ക് തിന്നുകയോ തിന്നാതിരിക്കുകയോ ചെയ്യാം. എന്നാൽ ഒരു കാര്യം ഉറപ്പുള്ളതാണ്. നീ ഭക്ഷണം കഴിക്കുന്ന സന്ദർഭത്തിൽ നിന്റെ സ്വന്തത്തെക്കുറിച്ച ബോധത്തിന് മേൽകൈ ഉണ്ടാവുകയും അത് നിമിത്തം യഥാർത്ഥ മെഹ്ബൂബിലേക്ക് ഒരു മറയുണ്ടായിത്തീരുകയും ചെയ്യും. അവന്റെ ഹള്റത്ത് നഷ്ടപ്പെടുകയും ചെയ്യും. ഇനി നീ പറയുക അല്ലാഹുവിന്റെ ഹള്റത്ത് ലഭിക്കലാണോ ശ്രേഷ്ഠം അതല്ല, ഭക്ഷണം കഴിച്ച് അശ്രദ്ധയിലും മറയിലും പെടുക എന്നുള്ളതാണോ? ദുന്നൂൻ മിസ്രി(റ) പറയുന്നു: “ഈ ദുനിയാവ് എന്നത് ഒരു ദിനമാണ്. നമുക്ക് അതിലുള്ളത് നോമ്പാണ്.” മറ്റൊരു മഹാൻ പറഞ്ഞിട്ടുണ്ട്: “ദുനിയാവിനെ തൊട്ട് നോമ്പെടുക്കുക. മരണത്തെ നിന്റെ നോമ്പുതുറ ആക്കുക.” സഹോദരാ… ഈ വിധികളെല്ലാം മനുഷ്യർക്ക് മാത്രം ബാധകമായത് എന്തു കൊണ്ടാണെന്ന് ചിന്തിച്ചു നോക്കുക. ഇതിന്റെ കാരണം നമ്മിൽ നിന്ന് കേട്ടാലും. സകല സൃഷ്ടികളുടെയും ആകെത്തുകയാണ് മനുഷ്യൻ. സകല രഹസ്യങ്ങളുടെയും സ്രോതസ്സും അവൻ തന്നെ. അവന്റെ ക്രയ വിക്രയങ്ങൾ സാധാരണ കാര്യങ്ങളല്ല. ആകാശ ഭൂമികൾ, അർശ്, കുർസിയ്യ്, സ്വർഗം, നരകം, തുടങ്ങിയവ മനുഷ്യന്റെ ഔദാര്യത്തിലാണ് നിലവിൽ വന്നത്. ഇവയുടെ പിന്നിലുള്ള ലക്ഷ്യം തന്നെ അവന്റെ(മനുഷ്യന്റെ) സൃഷ്ടിപ്പാണ്. അതല്ലെങ്കിൽ അവ ഉണ്ടാകുമായിരുന്നില്ല. എങ്കിൽ കാര്യങ്ങളെല്ലാം ഈ രീതിയിൽ എന്തു കൊണ്ടാണ് ആയിത്തീർന്നത്. കേൾക്കുക. ജ്ഞാനിയുടെ(അൽ ഹകീം) പ്രവർത്തനം ഹിക്മത്തിനെ ഒരിക്കൽ പോലും വിട്ടൊഴിഞ്ഞ രീതിയിലായിരിക്കുകയില്ല. അനാദി കാലം തൊട്ട് തന്നെ ഈ ഹിക്മത്ത് പ്രവർത്തന നിരതമാണ്. ഏത് സ്ഥലങ്ങളിലൂടെ നീ കടന്നു പോയാലും ആ സ്ഥലങ്ങളിലെല്ലാം നീ നിരീക്ഷിച്ചാൽ അവിടെയെല്ലാം ആതിഥ്യത്തിന്റേതായ തയ്യാറെടുപ്പുകൾ കാണാൻ സാധിക്കും. എന്തിനെന്നാൽ അവന്റെ സുഹൃത്തുക്കൾ അവിടെയെല്ലാം എത്തുമ്പോൾ അവർക്ക് അവരുടെ ഓഹരികൾ ലഭിക്കണം. ഒരു പക്ഷെ ഈ ലോകത്ത് വെച്ച് തന്നെ നിന്നോട് പറയപ്പെട്ടേക്കാം. “എന്റെ കാരുണ്യവും അനുഗ്രഹവും അനാദിയിൽ തന്നെ സർവ്വ വസ്തുക്കളുടെയും സൃഷ്ടിപ്പിന് മുമ്പ് തന്നെ നിന്റെ കൂടെ ഉണ്ടായിരുന്നു. നീ മൊത്തത്തിൽ വെറും മണ്ണും ജലവും ചേർന്നത് മാത്രമാണ്. എന്നാൽ വിശദമായി പറഞ്ഞാൽ മഹാരഹസ്യങ്ങളുടെ ഖനിയാണ് നീ. പ്രത്യക്ഷത്തിൽ നീ ഒന്നിനും കൊള്ളാത്ത മണ്ണാണെങ്കിലും സൂക്ഷ്മമായി നോക്കിയാൽ നീ അടിമയും സ്നേഹിതനുമാണ്.. നീ കരുതേണ്ട ഈ ചോദ്യവും ഉത്തരവും കൽപനാ വിരോധങ്ങളുടെ ഇടപാടുകളും ഒരു പുതിയ കാര്യമാണെന്ന്. അല്ലാ.. അത് അനാദിയിൽ തന്നെയുള്ളതാണ്. തുടക്കത്തിൽ ആദമുമില്ല. ആലമുമില്ല. എന്നാൽ എന്റെ സംഭാഷണം വുജൂദില്ലാതിരുന്ന നിന്റെ കൂടെ ഉണ്ടായിരുന്നു. എന്റെ നിന്നോടുള്ള ഇഹ്സാൻ വളരെ പഴക്കമേറിയതാണ്.” ഒരു വ്യക്തി ഒരു ഖലീഫയുടെ അടുക്കൽ വന്നപ്പോൾ ഖലീഫ അയാളെ തിരിച്ചറിഞ്ഞില്ല. അദ്ദേഹം ചോദിച്ചു. “നിങ്ങൾ ആരാണ്.?” അയാൾ മറുപടി പറഞ്ഞു: “ഇന്ന വർഷം അവിടുന്ന് വളരെയധികം ഔദാര്യം ചെയ്ത ഒരു വ്യക്തിയാണ് ഞാൻ.” ഖലീഫക്ക് സന്തോഷമായി. അദ്ദേഹം പറഞ്ഞു: “നമ്മുടെ ഔദാര്യം കൊണ്ട് നമ്മിലേക്ക് അടുപ്പം തോന്നിയ വ്യക്തിക്ക് മംഗളം.” തുടർന്ന് അദ്ദേഹം കൽപിച്ചു. “ഈ രാജകീയ ദർബാറിലേക്ക് അയാളെ പ്രവേശിപ്പിച്ചാലും. അവന് വിലപിടിച്ച വസ്ത്രവും പാരിതോഷികങ്ങളും നൽകി അനുഗ്രഹിച്ചാലും.”
നീ വെള്ളം നനച്ചാൽ നീ നിന്റെ തന്നെ ഇലകൾക്കാണ് പോഷണം നൽകുന്നത്. ഇനി അവയെ നീ ചതച്ചു കളഞ്ഞാൽ നീ നട്ടതിനെ തന്നെയാണ് നീ നശിപ്പിക്കുന്നത്. ഞാൻ എങ്ങനെയുള്ള അടിമയാണെന്ന് നിനക്ക് നല്ലപോലെ അറിയാം. തമ്പുരാനെ നീ എന്നെ നിന്ദ്യനാക്കാതെ എനിക്ക് അന്തസ്സ് നൽകിയാലും.
കടപ്പാട്: അൽ അൻവാർ മാസിക: 2011 ആഗസ്റ്റ്: