എൻ.കെ.ശെമീർ കരിപ്പൂർ
മാപ്പിള സംസ്കാരത്തിന്റെ തനത് മുദ്രകളാണ് മാപ്പിളപ്പാട്ടു കാവ്യങ്ങൾ. മാപ്പിള സമൂഹത്തിന്റെ വിശ്വാസവും രാഷ്ട്രീയവും സന്തോഷവും സന്താപങ്ങളും ചരിത്രവും മാന്ത്രിക ഭാവനകളും അങ്ങനെ ഒട്ടെല്ലാ മേഖലകളും മാപ്പിള കാവ്യങ്ങൾക്ക് വിഷയീഭവിച്ചു. മാപ്പിള കവികളിൽ വിഖ്യാതനായ കടായിക്കൽ മൊയ്തീൻ കുട്ടി ഹാജിയുടെ കാവ്യജീവിതത്തിന്റെ ഒരു ശ്ലഥ ചിത്രം വരക്കുന്ന ഈ ലേഖനം ആനുകാലികങ്ങളിൽ
മാപ്പിള പാരമ്പര്യങ്ങളെ സംബന്ധിച്ച് നിരന്തരം എഴുതുന്ന യുവ ഗവേഷകന്റേതാണ്.
കേരളത്തിലെ സൂഫി ചിന്താധാരകളാണ് മാപ്പിളപ്പാട്ടു വഴികൾക്ക് ഊർജ്ജം പകർന്നത്. കൃത്യമായ കാലഘണന പ്രകാരം ആദ്യമായി കണ്ടെടുക്കപ്പെട്ട മുഹിയദ്ദീൻ മാല മുതൽ കപ്പപ്പാട്ട്, നൂൽമദ്ഹ്, സഫലമാല, നഫീസത്ത് മാല, രിഫാഈ മാല, തുടങ്ങിയ പ്രാചീനങ്ങളായ കാവ്യരചനകൾക്കെല്ലാം നിമിത്തമായത് കേരളത്തിൽ നിലനിന്നിരുന്ന വ്യത്യസ്ഥങ്ങളായ സൂഫീ ചിന്താസരണികളാണ്. എന്നാൽ ഖാളി മുഹമ്മദ് (AD.1573-1617), കുഞ്ഞായിൻ മുസ്ലിയാർ (AD -1700 ), ശുജായി മൊയ്തു മുസ്ലിയാർ (1862-1920)
നാലകത്ത് കുഞ്ഞിമൊയ്തീൻ പൊന്നാനി (മ: AD – 1919) തുടങ്ങിയ മാപ്പിള കവികളിൽ നിന്നും രചനാശൈലി കൊണ്ടും, പാട്ടിന്റെ താളക്രമങ്ങളാലും വ്യതിരിക്തമാർന്ന ശൈലി സ്വീകരിച്ച മാപ്പിള കവിയാണ് കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിയായിരുന്ന കടായിക്കൽ (പുലവർ എന്നും അറിയപ്പെടാറുണ്ട് ) മൊയ്തീൻ കുട്ടി ഹാജി. ഒരുപാട് പാട്ടുകൾ മൊയ്തീൻ കുട്ടി ഹാജിയുടേതായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവയിൽ സിംഹഭാഗവും ഏകകാവ്യങ്ങളാണ്. അവതന്നെ പലതും ചെറുകാവ്യങ്ങളാണ്. എന്നാൽ സ്വൽപം സുദീർഘമായി അദ്ദേഹം രചിച്ച ഏക കാവ്യമാണ് “മലപ്പുറം ചിന്ത് ” എന്ന രചന. മാപ്പിള കവി സാമ്രാട്ട് മോയിൻകുട്ടി വൈദ്യരുടെ മലപ്പറം ഖിസ്സപ്പാട്ടാണ് ഇവ്വിഷയകമായ പ്രഥമരചന. 53 അടി (മൊഴി) കളിലായി രചിക്കപ്പെട്ട കടായിക്കലിന്റെ “മലപ്പുറം ചിന്ത് ” ഇശലിന്റെ താളാത്മകമായ സൗന്ദര്യം കൊണ്ട് കേൾവിക്കാരനെ ആസ്വാദനത്തിന്റെ അനുഭൂതിദായകമായ ലോകത്തേക്ക് കവി കൂട്ടിക്കൊണ്ട് പോവുന്നു. മലപ്പുറം ചിന്ത് തുടങ്ങുന്നത് ഇങ്ങനെ:
“മലപ്പുറം പതിതന്നിൽ മസ്ജിദ് എതിർപ്പതുക്ക് നാശം
കുഫിർ കൊടുകുര മൊട് വരും മേശം
ചൊടിലെരും ഇറൈപാറനമ്പിഖോശം
പട ജഢുതിയിൽ അമർന്തെ വിഷേശം ചൊൽവാൻ
ശുഹദോർകൾ എല്ലാം പരപരൻ അല്ലാ-
ജഗമിത് കുല്ലാ – സമൈ അരുൾ ഖല്ലാ..
മലപ്പുറത്തെ നാടുവാഴിയും സാമൂതിരി രാജാവിന്റെ മാടമ്പിയുമായിരുന്ന പാറനമ്പിയും മാപ്പിളമാരും തമ്മിലുള്ള സൗഹൃദം സുവിദിതമാണ്. സാമൂതിരിക്ക് വേണ്ടി യുദ്ധരംഗത്തും നാടിന്റെ നന്മയിലും ഒന്നിച്ചുനിന്ന മാപ്പിളമാരോട് സാമൂതിരിക്കും വലിയ അനുകമ്പയായിരുന്നു. എന്തിനേറെ പറങ്കികളുമായുള്ള സാമൂതിരിയുടെ യുദ്ധങ്ങളിൽ അന്നത്തെ ഇസ്ലാമിക സാമ്രാജ്യമായിരുന്ന തുർക്കിയുടെ സഹായമഭ്യർത്ഥിച്ചു കൊണ്ട് പൊന്നാനിയിലെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) കത്തുകൾ പോലും എഴുതി കൊടുത്തയച്ചിരുന്നതായി ചരിത്രത്തിൽ വായിക്കാം. മലബാറിലെ ഈ സാഹോദര്യ അന്തരീക്ഷത്തിന് സ്വൽപം ക്ഷതം സംഭവിച്ചത് പാറനമ്പിയുടെ കാലത്താണ്. അദ്ദേഹത്തിന്റെ വിശ്വസ്ത സേവകനായിരുന്ന അലിമരക്കാരെ ചില സാമന്തന്മാരുടെ ഉപജാപങ്ങളിൽ പെട്ട് പാറനമ്പി തെറ്റിദ്ധരിക്കുന്നു. തന്നിമിത്തം അദ്ദേഹത്തെ വധിക്കാൻ ഗൂഢാലോചന നടക്കുന്നു. ഇതെല്ലാം മറ്റു പലരിൽനിന്നും ബുദ്ധിപൂർവ്വം മനസ്സിലാക്കിയ അലിമരക്കാരുമായി നമ്പിയുടെ കൊട്ടാരത്തിൽ വച്ച് യുദ്ധംനടക്കുന്നു. ആ യുദ്ധത്തിൽ അവസാനം ഒരുപാടു ശത്രുക്കളെ വധിച്ച് അലിമരക്കാർ വീരമൃത്യുവരിച്ചെങ്കിലും നാടുവാഴിയുടെ മനസ്സിലെ കോപാഗ്നി അടങ്ങുന്നില്ല.
അദ്ധേഹം മലപ്പുറത്തെ മുസ്ലിം പള്ളി അഗ്നിക്കിരയാക്കാൻ സൈന്യത്തെ സജ്ജമാക്കുന്നു. ആ സൈന്യവും പള്ളിക്ക് കാവൽ നിന്ന മുസ്ലിംകളും തമ്മിൽ നടന്ന യുദ്ധമാണ് ഈ പാട്ടിന്റെ മുഖ്യ ചരിത്രപരിസരം. യുദ്ധരംഗത്തെ പരാക്രമ ദൃശ്യങ്ങളെ പാട്ടിന്റെ താളക്രമത്തിൽ കോർത്തെടുക്കാൻ കടായിക്കൽ മൊയ്തീൻ കുട്ടി ഹാജി ശ്രമിക്കുന്ന രംഗം ചുവടെ:
“പാരിൽ അരശൻ കയ്യ്മുറിച്ചവൻ ആരെടാ
എന്ന് എണ്ട് പറഞ്ഞു,
ചിലെമുറിമൊഞ്ചര് വന്ന് പടക്കളം ചത്തമലർന്ന്
കിടപ്പിലെ നിണ്ടവർ നിന്ന് പെരിപ്പമിൽ ഇപ്പടി
ചെപ്പിനിലപ്പട തായങ്ങൾ ഭാശാ-
ചിന്നും പ്രകാശാ-ചിങ്കത്താൻ പുലിനേശാ.. “
1921-ൽ ബ്രിട്ടീഷുകാർക്കെതിരിൽ നടന്ന പ്രഖ്യാതമായ മലബാർ കലാപം അതിക്രൂരമായാണ് അടിച്ചമർത്തപ്പെട്ടത്. കലാപത്തിന് നേതൃത്വപരമായ പങ്കുവഹിച്ചവരെയെല്ലാം ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റുകയോ നാടുകടത്തുകയോ ഏറ്റുമുട്ടലുകളിൽ വെടിവെച്ച് കൊല്ലുകയോ ചെയ്തു. അന്യ ദേശക്കാരായ വെള്ളപ്പട്ടാളത്തിനു മുന്നിൽ പിടികൊടുക്കാൻ തയ്യാറല്ലാത്ത ചിലർ പല ദിക്കുകളിലും ഒളിവിൽ താമസിച്ചിരുന്നു. അത്തരത്തിലുള്ള ലഹളക്കാരുടെ ഒരൊളി സങ്കേതമായിരുന്നു വേങ്ങരക്കടുത്തുള്ള ഊരകമല. അവിടെ ബ്രിട്ടീഷുകാർക്കെതിരിൽ സമരത്തിൽ പങ്കെടുത്ത ചിലർ താവളമടിച്ചിട്ടുണ്ടെന്ന് അധികാരികൾക്ക് വിവരം കിട്ടി. താമസിയാതെ പട്ടാളം ഊരക മലയിലും ലഹളക്കാരെ തിരഞ്ഞെത്തി. അപ്പൊഴാണ് പൊടുന്നനെ അതു സംഭവിച്ചത്!
ഠേ..!!’
പട്ടാളനിരയേ ലക്ഷ്യമാക്കി മലയിലെ പൊന്തക്കാടിനുള്ളിൽ നിന്നു ആരോവെടിവെച്ചു. ആളപായമൊന്നും സംഭവിച്ചില്ല. എത്ര തിരഞ്ഞിട്ടും വെടിവെച്ചവനെ കിട്ടിയില്ല. ബ്രിട്ടീഷ് പട്ടാളം ഊർജ്ജിതമായന്വേഷണമാരംഭിച്ചു. ഒടുക്കം മൊയ്തീൻ കുട്ടി എന്ന പേരുള്ളൊരുത്തനാണ് വെടിവെച്ചതെന്ന് പട്ടാളത്തിന് അറിവ് കിട്ടി. മൊയ്തീൻ കുട്ടി ഏതെന്നോ ആരെന്നോ വ്യക്തമായറിയാൻ പട്ടാളത്തിന് കഴിഞ്ഞില്ല. ഏതോ ഒരു മൊയ്തീൻ കുട്ടി!’.. ബ്രിട്ടീഷധികാരികൾ മൊയ്തീൻ കുട്ടി എന്ന് പേരുള്ള സകലരെയും സംശയകരമായി അറസ്റ്റ് ചെയ്യാൻ തുടങ്ങി. ഈ സംഭവത്തോടെയാണ് കടായിക്കൽ മൊയ്തീൻ കുട്ടി ഹാജി 1922 ൽ ബ്രിട്ടീഷുകാരാൽ അറസ്റ്റു ചെയ്യപ്പെടുന്നത്. അദ്ദേഹം അക്കാലത്ത് ഊരകമലയിൽ ഒരു ആത്മ പരിത്യാഗിയായി സഞ്ചരിക്കാറുണ്ടായിരുന്നു. നിരപരാധിയായ അദ്ദേഹം അങ്ങനെ കണ്ണൂര് സെൻട്രൽ ജയിലിലടക്കപ്പെട്ടു. ജയിലിൽ വച്ച് അദ്ദേഹം തന്റെ നിരപരാധിത്വം ഏതാനും മാപ്പിളപ്പാട്ടുകളിലൂടെ തുറന്നു കാട്ടി. അവിടെ വെച്ച് രചിച്ച പാട്ടുകളിൽ പ്രശസ്തമായ ഒരു പാട്ട് തുടങ്ങുന്നതിങ്ങനെ:
ഇശൽ: പദം
ഖുതുബു ശുഹദാക്കളിലും ബന്താർ
ബദറിൽ പടവെട്ടി ജയിച്ചവർ പോരിശ
………….
ദുനിയാവിലുള്ളൊരബ്സേ
നരകം ജയിലാണ് നഫ്സേ
കാണും ഖിലാഫത്തോരെ
കണ്ണൂര്ക്കാമം വെത്തും
കണ്ണൂരിലെ ജയിലുകളൊക്കെ
തെളിച്ച് കെണിച്ച് വളച്ച് നിറച്ചും
കോയമ്പത്തൂർക്കന മാറ്റം
വാർഡർമാരെ നിരത്തും
കുറ്റം ഇല്ലാതെ ചുമത്തും
അന്തമാൻ ജില്ല കടത്തും
ഒന്നുമുതൽ ഇരുപത്തൊന്ന്
കൊല്ലം വിധി കൊടുക്കും
വേറെയുമുണ്ട് സമസ്ഥാൻ
മദ്രാസ്ക്കന്നവർ മാറ്റും
വെടികഠിനക്കൊടു കടുകടുപ്പത്താൽ
ഉഷ്ണം ബല്ലാരിക്കെന്നെ
മാറ്റിത്തരാതെ റബ്ബേ
കാത്ത് രക്ഷിക്ക് കോവേ…”
ഖിലാഫത്തുകാരെയെല്ലാം കണ്ണൂര് ജെയിലിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ടുവരുന്നു. ഒന്നു മുതൽ ഇരുപത്തൊന്നു വർഷം വരെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടവർ അക്കൂട്ടത്തിലുണ്ട്. ചിലരെ അന്തമാനിലേക്ക് നാടുകടത്തുന്നു. അത്യുഷ്ണം നിറഞ്ഞ ബെല്ലാരിക്കെന്നെ മാറ്റുമെന്ന് കേൾക്കുന്നു. അങ്ങനെ സംഭവിക്കല്ലേ രക്ഷിതാവേ.. എന്ന് കവി ഉടയതമ്പുരാനോടഭ്യർത്ഥിക്കുന്ന രംഗമാണ് മുകളിൽ ചേർത്തത്. ജയിൽ ജീവിതകാലത്ത് വേറെയും ചില ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. “ശിക്ഷ വിലങ്ങിച്ചെന്നെ വിടുത്തിത്തരാൻ…” “ജന്നാത്തുൽ ഫിർദൗസിലിരിക്കും ക്ഷേമക്കിരികിടരാകിയ “… തുടങ്ങിയ ഗാനങ്ങളെല്ലാം അവയിൽപ്പെടുന്നു.
പ്രശസ്ത നാടക രചയിതാവായിരുന്ന കെ.ടി മുഹമ്മദ് (മഞ്ചേരി) രചിച്ച “ഇത് ഭൂമിയാണ് ” എന്ന നാടകം 1953 ൽ പുറത്ത് വന്നു. നാടകത്തിൽ അദ്ദേഹം തന്നെ എഴുതിയ ഗാനത്തിൽ മുസ്ലിംകളുടെ പരലോക വിശ്വാസം, നരക ശിക്ഷകൾ, മുസ്ലിം സ്ത്രീ തലമറയ്ക്കൽ തുടങ്ങിയ വിശ്വാസങ്ങളെ വ്യംഗ്യമായിപരിഹസിക്കുന്നുണ്ട്. ആ ഗാനം തുടങ്ങുന്നതിങ്ങനെയാണ്:
“മുടിനാരേഴായ് കീറിയിട്ട്
നേരിയ പാലം കെട്ടിയിട്ട്
അതിലെ നടക്കണമെന്നല്ലെ
പറയുന്നത് മരിച്ച് ചെന്നിട്ട് “….
“ഇത് ഭൂമിയാണ് ” എന്ന ഈ നാടകം മലബാറിൽ പലയിടങ്ങളിലും പ്രദർശിപ്പിക്കപ്പെട്ടു. മുസ്ലിംകളുടെ ഇടയിൽ നിന്ന് അക്കാലത്ത് രൂക്ഷമായ എതിർപ്പിനെ നേരിടേണ്ടിവന്നു; നാടകത്തിനും നാടകകൃത്തിനും. മാപ്പിള കവി കടായിക്കൽ മൊയ്തീൻ കുട്ടി ഹാജിയാവട്ടേ ഇതേ ഈണത്തിൽ കെ.ടി മുഹമ്മദിന്റെ ഗാനത്തെയും രചയിതാവിനെയും തുറന്നെതിർത്ത് ഒരു മറു ഗാനവും എഴുതി. അതിങ്ങനെ തുടങ്ങുന്നു:
“മലികുൽ മുലൂക്കിനെ കാണാനെ
മഹ്ശറവിട്ടു കടക്കേണെ
വലിയൊരു പാലം കടക്കെണമെന്നതു
മരിച്ചോർക്കെല്ലെടാ ശൈത്താനെ?..
അലകലക്കാക ശംസുരുട്ടി
അടിതല ഭൂമിയിൽ വെച്ചുകെട്ടീ
അതുപോലെ മറുതല ഖുറ്ശിലും വെച്ചിട്ട്
അതാണാപാലം ശൈത്താനെ
മനസ്സിനുവേണ്ട ഹയാത്തിന്ന്
മരുന്നുണ്ട് മക്കത്ത് വിൽക്കുന്ന്
മണത്തറിഞ്ഞീ മലബാറിലും വന്നത്
വാങ്ങിക്കൊ മെല്ലെനെ ശൈത്താനെ
പൊളുതെവിടന്നു പോവാനെ
പുരിവിട്ട് അറ്ശിലും മേവാനെ
മുടി ഏഴ് ചീന്തെന്നുറ്റത് വാദമാം
മുറാദ് ദജ്ജാല് ശൈത്താനെ
കുടുംബപശ്ചാത്തലം
മൊയ്തീൻ കുട്ടി ഹാജിയുടെ പൂർവ്വികർ തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ പുലവന്മാരുടെ പിൻഗാമികളാണെന്നു പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത കന്മനം ദേശത്ത് നെല്ലാപറമ്പൻ പുലവർ കോയക്കുട്ടി മൊല്ലയുടെയും ചാലിലകത്ത് താച്ചുട്ടിയുടെയും മകനായി AD.1888 ലാണ് കടായിക്കൽ മൊയ്തീൻക്കുട്ടി ഹാജിയുടെ ജനനം. പുലവർ മൊയ്തീൻ കുട്ടി ഹാജിയെന്നും അറിയപ്പെടാറുണ്ട്.
കോയക്കുട്ടി മൊല്ലയുടെ പെങ്ങൾ പാത്തുമ്മ എന്ന സ്ത്രീ പാരമ്പര്യമുറപ്രകാരം ഒറ്റമൂലിചികിത്സ നടത്തിയിരുന്നു. അവരുടെ പേരമക്കൾ പോത്തന്നൂരിൽ ഇന്നും ജീവിച്ചിരിപ്പുണ്ട്. കോയക്കുട്ടി മൊല്ല താച്ചുട്ടി ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. ഇസ്മായിൽ, കുഞ്ഞഹമ്മദ്, മാപ്പിളകവി മൊയ്തീൻ കുട്ടി ഹാജി എന്നിവർ. ഇതിൽ മൊയ്തീൻ കുട്ടി ഹാജിയുടെ ജേഷ്ഠൻ ഇസ്മായിലിന്റെ 4 മക്കളിൽ ഒരാളാണ് പ്രശസ്തമാപ്പിള കവിയായിരുന്ന മർഹും കെ.കെ.കോയക്കുട്ടി (കോട്ടക്കൽ) എന്നവർ. മൊയ്തീൻ കുട്ടി ഹാജി കല്യാണം കഴിച്ചത് കൊണ്ടോട്ടി മുസ്ലിയാരങ്ങാടി
കരന്തക്കാട് നെച്ചിത്തടത്തിടൽ ആയിശ എന്ന സ്ത്രീയെയാണ്. ആ ദാമ്പത്യത്തിൽ രണ്ടു മക്കളാണുണ്ടായിരുന്നത്. അലവിക്കുട്ടി മാസ്റ്റർ, ഹവ്വ എന്ന താച്ചുട്ടി, പുല്ലൂരിൽ നിന്നും വിവാഹം ചെയ്ത ഇയ്യാത്തുട്ടി എന്ന സ്ത്രീയിൽ രണ്ടാൺ മക്കളുണ്ട്. മൂത്തയാൾ അബൂബക്കർ എന്ന കുഞ്ഞിമോൻ, രണ്ടാമത്തെയാൾ ഉമ്മർ എന്ന ബാവ. ഇവരിൽ ഉമ്മർ എന്ന ബാവ ഇന്നും ജീവിച്ചിരിപ്പുണ്ട്. മൊയ്തീൻ കുട്ടി ഹാജിയുടെ പിതാവായ കോയക്കുട്ടി മൊല്ല കന്മനം ഒടുവത്ത് നായർ തറവാട്ടിൽ നിന്നും ഒരു സ്ത്രീയെ (അവർ സ്വമനസ്സാലെ മുസ്ലിമായതിനു ശേഷം) കല്യാണം കഴിച്ചു. അവർക്ക് മക്കളില്ല. ഖാദിരിയ്യാ സൂഫീ സരണിയുടെ വക്താവായിരുന്ന മൊയ്തീൻ കുട്ടി ഹാജിയുടെ ആത്മീയ ഗുരുവാണ് കണ്ണൂർ സ്വദേശിയും മിസ്റ്റിക് കവിയുമായിരുന്ന ഇച്ച എന്ന പേരിലറിയപ്പെട്ട അബ്ദുൽ ഖാദർ മസ്താൻ എന്ന് പറയപ്പെടുന്നു. അവരിരുവരും സമകാലിക രായിരുന്നു. മാപ്പിള ഗാനശാഖയിൽ വ്യതിരിക്തമാർന്ന ഈണങ്ങളിലൂടെ രചനാ കൗതുകം ചാർത്തിയ ഈണങ്ങളുടെ സുൽത്താൻ മൊയ്തീൻ കുട്ടി ഹാജി 1962 ജനുവരി 1 ന് അർദ്ധരാത്രി അന്തരിച്ചു.