പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും: അദ്ധ്യായം ആറ്
റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്:
നമ്മുടെ വിഷയത്തിൽ, സ്ഥലത്തിന്റെയും കാലത്തിന്റെയും സ്വഭാവത്തെ കുറിച്ച് ആവശ്യമായത് നാം പറഞ്ഞു കഴിഞ്ഞു എന്ന് കരുതുന്നു. എന്നാൽ, ഇത് വരെ നാം ഒന്നും തന്നെ മിണ്ടാതിരുന്ന മറ്റൊരു പ്രശ്നത്തെ പരിശോധിക്കാൻ വേണ്ടി “ദ്രവ്യത്തിലേക്ക്” (matter) വീണ്ടും മടങ്ങേണ്ടിയിരിക്കുന്നു. ഇത് ആധുനിക ലോകത്തിന്റെ ചില വശങ്ങളെ കുറിച്ച് അൽപം കൂടി പുതിയ വെളിച്ചം പകർന്നു നൽകാൻ സാധ്യതയുള്ളതാണ്. വ്യക്തിവൽകരണത്തിന്റെ തത്വം’ (principium individuationis) ഉള്ളടങ്ങുന്നതായിട്ടാണ് മതതത്വചിന്തകർ (scholastics) ദ്രവ്യത്തെ (materia) പരിഗണിക്കുന്നത്. കാര്യങ്ങളെ ഇങ്ങനെ നോക്കിക്കാണുന്നതിന്റെ പിന്നിലുള്ള കാരണമെന്താണ്? ഇതെത്രത്തോളം നീതീകരിക്കാനാവും? ഇതൊക്കെ എന്തിനെ കുറിച്ചാണെന്ന് പൂർണമായും മനസ്സിലാക്കാൻ, നമ്മുടെ ലോകത്തിന്റെ അതിരുകൾക്കപ്പുറത്തേക്കൊന്നും പോകാതെ തന്നെ (കാരണം, ഇവിടെ ഈ ലോകത്തിന് അതീതമായ തലത്തിലുള്ള ഒരു തത്വത്തെയും പരിഗണിക്കേണ്ടതില്ല.), വ്യക്തികളുടെ (individuals) ഒരു വർഗത്തോടുള്ള (species) ബന്ധത്തെ പരിശോധിച്ചാൽ മാത്രം മതിയാകും. ഈ ബന്ധത്തിൽ, വർഗം “ആകൃതി” (form) അഥവാ സത്തയുടെ (essence) പക്ഷത്താണുള്ളത്. വ്യക്തികൾ അഥവാ കൂടുതൽ കൃത്യമായി പറയുകയാണെങ്കിൽ ഒരു വർഗത്തിനുള്ളിൽ അവയെ പരസ്പരം വേർതിരിക്കുന്നതെന്തോ അത് “ദ്രവ്യം” (matter) അഥവാ പദാർത്ഥത്തിന്റെ (substance) പക്ഷത്താണുള്ളത് (1). ഐഡോസ് എന്ന വാക്കിന്റെ ആകൃതി, വർഗം എന്നീ രണ്ട് അർത്ഥങ്ങളെ കുറിച്ചും ഇതിൽ രണ്ടാമത്തേതിന്റെ ശുദ്ധ ഗുണപരമായ സ്വഭാവത്തെ കുറിച്ചും നാം മുമ്പ് പറഞ്ഞു വെച്ചത് നോക്കുകയാണെങ്കിൽ ഇതിൽ അൽഭുതപ്പെടാനൊന്നുമില്ല. എന്നാൽ, കൂടുതൽ ക്ലിപ്തപ്പെടുത്തുകയും എല്ലാറ്റിനുമുപരി സങ്കേതപദങ്ങൾ ഉളവാക്കുന്ന ചില അവ്യക്തതകൾ ദുരീകരിക്കുകയും ചെയ്യുക എന്നത് അത്യാവശ്യമാണ്.
“ദ്രവ്യം” (matter) എന്ന വാക്ക് എന്ത് കൊണ്ടാണ് തെറ്റിദ്ധാരണ ഉളവാക്കാൻ സാധ്യതയുള്ളത് എന്നതിനെ കുറിച്ച് നാം മുമ്പ് പറഞ്ഞിട്ടുണ്ട്. “ആകൃതി” (form) എന്ന വാക്ക് അതിലുമേറെ ഇതിന് സാധ്യതയുള്ളതാണ്. കാരണം, അതിന്റെ സാധാരണ അർത്ഥം മതതത്വചിന്തയുടെ ഭാഷയിലുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ്. ഉദാഹരണത്തിന്, ജ്യാമിതിയിലെ ആകൃതിയെ കുറിച്ച് നാം മുമ്പ് സംസാരിച്ചപ്പോൾ, ഈ സാധാരണ വിവക്ഷയാണ് ഉപയോഗിച്ചത്. എന്നാൽ, മതതത്വചിന്തകരുടെ സങ്കേതമാണ് ഉപയോഗിക്കുന്നതെങ്കിൽ “ആകൃതി” (form) എന്നതിന് പകരം “ആകാരം” (figure) എന്നത് ഉപയോഗിക്കൽ ആവശ്യമാകും. പക്ഷെ, ഇത് നടപ്പ് പ്രയോഗത്തിന് തികച്ചും വിരുദ്ധമാകുമായിരുന്നു. നമ്മൾ പറയുന്നത് മനസ്സിലാക്കപ്പെടണമെങ്കിൽ, ഇത് നമ്മൾ കണക്കിലെടുക്കണം. അത് കൊണ്ട്, മതതത്വചിന്തയെ (scholasticism) പ്രത്യേകം പരിഗണിക്കാതെ “ആകൃതി” (form) എന്ന വാക്ക് ഉപയോഗിക്കുന്ന സന്ദർഭങ്ങളിലെല്ലാം നാം അതിനെ സാധാരണ അർത്ഥത്തിൽ തന്നെയാണ് മനസ്സിലാക്കുന്നത്. പ്രത്യേകിച്ചും, ഒരു അസ്തിത്വാവസ്ഥയുടെ (state of existence) വിവിധ ഉപാധികളിൽ നിന്ന് അതിനെ വ്യക്തി (individual) എന്ന രീതിയിൽ സവിശേഷപ്പെടുത്തുന്നത് ആകൃതിയാണെന്ന് നാം പറയുമ്പോൾ അത് ഈ സാധാരണ അർത്ഥത്തിലാണ്. ഈയൊരു ആകൃതിയെ, സാമാന്യമായി പറഞ്ഞാൽ ഒരു സ്ഥലപരമായ സ്വഭാവമുള്ളതായി വിഭാവന ചെയ്യരുത് എന്നത് പ്രത്യേകം പറയേണ്ടതില്ല. അത് അപ്രകാരം ഉള്ളത് നമ്മുടെ ലോകത്ത് മാത്രമാണ്. കാരണം ദൈഹികമായ ആവിർഭാവത്തിന്റെ മണ്ഡലത്തിൽ മാത്രം ഉള്ള മറ്റൊരു ഉപാധിയായ സ്ഥലം എന്നതിനോട് ചേരുമ്പോൾ മാത്രമേ അത് അങ്ങിനെയാവുകയുള്ളൂ. അപ്പോൾ ഇങ്ങനെ ഒരു ചോദ്യം ഉയരുന്നു : ഈ ലോകത്തിന്റെ ഉപാധികളിൽ വെച്ച്, ഇങ്ങനെ മനസ്സിലാക്കപ്പെടുന്ന ആകൃതി തന്നെയല്ലേ അതല്ലാതെ ദ്രവ്യമോ അല്ലെങ്കിൽ പരിമാണമോ അല്ലല്ലോ യഥാർത്ഥത്തിലുള്ള “വ്യക്തിവത്കരണത്തിന്റെ തത്വത്തെ” (principle of individuation) പ്രതിനിധാനം ചെയ്യുന്നത്? കാരണം, വ്യക്തികൾ എന്താണോ ആയിട്ടുള്ളത് അത് ആകൃതിയാൽ പരുവപ്പെടുത്തപ്പെട്ടത് കൊണ്ടല്ലേ? ഈ ചോദ്യം, മതതത്വചിന്തകന്മാർ “വ്യക്തിവത്കരണത്തിന്റെ തത്വത്തെ” കുറിച്ച് പറയുമ്പോൾ അവർ യഥാർത്ഥത്തിൽ എന്താണോ അർത്ഥമാക്കുന്നത്, അതിനെ കുറിച്ചുള്ള തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടാവുന്നതാണ്. അതിലൂടെ അവർ അർത്ഥമാക്കുന്നത്, വ്യക്തി എന്ന അസ്തിത്വാവസ്ഥയെ നിർവചിക്കുന്ന ഒരു കാര്യത്തെയല്ല. ഇത് അവർ ഒരിക്കലും അഭിസംബോധന ചെയ്തതായി കണ്ടിട്ടില്ലാത്ത കാര്യങ്ങളുടെ തലവുമായി ബന്ധപ്പെട്ട ഒന്നാണ്. എന്ന് മാത്രമല്ല, ഈയൊരു വീക്ഷണ കോണിലൂടെ നോക്കുമ്പോൾ വർഗം പോലും വ്യക്തിയുടെ ക്രമത്തിൽ (individual order) പെട്ടതാണെന്ന് കണക്കാക്കേണ്ടി വരും. കാരണം അപ്രകാരം നിർവചിക്കപ്പെടുന്ന അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ അത് അതീതത്വമുള്ള ഒന്നേയല്ല. നാം മറ്റൊരിടത്ത് വിശദീകരിച്ചിട്ടുള്ള അസ്തിത്വാവസ്ഥകളുടെ ജ്യാമിതീയ പ്രതിനിധാന പ്രകാരം, വർഗങ്ങളുടെ മുഴുശ്രേണിയെ കാണേണ്ടത് തിരശ്ചീനമായി വ്യാപിച്ചതായിട്ടാണ്, അല്ലാതെ ലംബമായി വ്യാപിച്ചതായിട്ടല്ല എന്നും നമുക്ക് ഇതിനോട് കൂട്ടിച്ചേർക്കാനാവും.
“വ്യക്തിവത്കരണത്തിന്റെ തത്വം” എന്ന പ്രശ്നത്തിന്റെ വ്യാപ്തി ഇതിനേക്കാൾ പരിമിതമായതാണ്. അടിസ്ഥാനപരമായി, അത് ഇത്ര മാത്രമാണ് : ഒരേ വർഗത്തിൽ പെട്ട വ്യക്തികളെല്ലാം ഒരൊറ്റ പ്രകൃതത്തെ പങ്ക് വെക്കുന്നു. ശരിക്കും പറഞ്ഞാൽ അത് ആ വർഗം തന്നെയാണ്. അത് ആ വർഗത്തിൽ പെട്ട വ്യക്തികളിൽ ഓരോന്നിലും ഉണ്ട്. അപ്പോൾ, ഈ പ്രകൃതത്തിന്റെ പൊതുമ ഉള്ളതോടൊപ്പം തന്നെ ഈ വ്യക്തികളെ വ്യതിരിക്ത ഉൺമകളാക്കുന്നതും പരസ്പരം വേർതിരിക്കുന്നതും എന്താണ്? മറ്റുതരത്തിലുള്ള എന്തൊക്കെ ഈ വ്യക്തികളിൽ ഉണ്ടെങ്കിൽ കൂടിയും അതിനെല്ലാമുപരി ഇവയെ വ്യക്തികളായി മനസ്സിലാക്കപ്പെടുന്നത് അവ ഒരൊറ്റ വർഗത്തിൽ പെടുന്നു എന്നത് കൊണ്ടാണ്. അതിനാൽ ഈ ചോദ്യം ഇപ്രകാരം രൂപപ്പെടുത്താവുന്നതാണ്: ഒരു വർഗത്തിലെ വ്യക്തികളെ വേറിട്ട ഉൺമകളാക്കുന്ന തരത്തിൽ അവയുടെ സവിശേഷമായ പ്രകൃതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്ന നിർണയം ഏത് തലത്തിൽ പെട്ടതാണ്? ഈയൊരു നിർണയത്തെയാണ് മതതത്വചിന്തകർ “ദ്രവ്യവുമായി” അതായത് അടിസ്ഥാനപരമായി പരിമാണവുമായി ബന്ധിപ്പിക്കുന്നത്. ഇത് അവരുടെ നമ്മുടെ ലോകത്തിലുള്ള ദ്വിതീയ ദ്രവ്യത്തെ(materia secunda) കുറിച്ച നിർവചന പ്രകാരമാണ്. അങ്ങിനെ “ദ്രവ്യം” അഥവാ പരിമാണമെന്നത് ശരിക്കും ഒരു “വിശ്ലേഷാത്മകതയുടെ” (separativity) തത്വമായി പ്രത്യക്ഷപ്പെടുന്നു. തികച്ചും ഗുണാത്മകവും അതിനാൽ തന്നെ പരിമാണത്തെ തൊട്ട് സ്വതന്ത്രവും ആയ വർഗത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട ഒരു നിർണയമാണ് പരിമാണം എന്ന് നമുക്ക് തീർച്ചയായും പറയാൻ സാധിക്കും. എന്നാൽ വ്യക്തികളുടെ കാര്യം ഇങ്ങനെയല്ല. കാരണം അവ “സംയോജിതമാണ്” (incorporated). ഇവിടെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അതെന്തെന്നാൽ, ആധുനികർക്കിടയിൽ വളരെയധികം വ്യാപകമായിട്ടുള്ള ഒരു തെറ്റായ അഭിപ്രായത്തിൽ നിന്നും വിരുദ്ധമായി, വർഗത്തെ ഒരു രീതിയിലും ഒരു “സമൂഹമായി” (community) കാണാനേ പാടില്ല. കാരണം സമൂഹം എന്നത് വ്യക്തികളുടെ ഒരു ഗണിതപരമായ സങ്കലനം (arithmetic sum) മാത്രമാണ്. വർഗത്തിൽ നിന്നും വിഭിന്നമായി ഇത് തികച്ചും പരിമാണപരമാണ്. സർവതിലും പരിമാണത്തെ മാത്രം കാണുന്നതിലേക്ക് ആധുനികരെ നയിക്കുന്ന പ്രവണതയുടെ തന്നെ മറ്റൊരു അനന്തരഫലമാണ് സാമാന്യമായതിനെയും (general) സമഷ്ടിയായതിനെയും (collective) കൂട്ടിക്കലർത്തുക എന്നതും. അവരുടെ പ്രത്യേകമായ മനസ്ഥിതിയുടെ ഭാഗമായിട്ടുള്ള എല്ലാ ആശയങ്ങളുടെയും അടിത്തട്ടിൽ ഈ പ്രവണതയെ നമുക്ക് എപ്പോഴും കാണാൻ കഴിയും.
അങ്ങനെ നമ്മളിപ്പോൾ ഈയൊരു തീർപ്പിലേക്ക് എത്തിച്ചേർന്നിരിക്കുന്നു: വ്യക്തികളിൽ പരിമാണം ഗുണത്തിന്റെ മേൽ വളരെയധികം അതിജയിക്കുമ്പോൾ, അവർ വെറും വ്യക്തികൾ മാത്രമായി ചുരുക്കപ്പെടുന്നതിനോട് വളരെ അടുക്കുകയും, അതിലൂടെ പരസ്പരം കൂടുതൽ വേർപിരിക്കപ്പെടുകയും ചെയ്യും. ഇതിനർത്ഥം അവർ കൂടുതൽ വ്യതിരിക്തരായി തീരും എന്നല്ല. കാരണം ഗുണപരമായ വ്യതിരിക്തം (qualitative differentitation) എന്ന ഒന്നുമുണ്ട്. അത് ശരിക്കും പാരിമാണികമായ വ്യതിരിക്തതയുടെ അഥവാ മേൽ പറയപ്പെട്ട വേർപിരിവിന്റെ വിരുദ്ധമാണ്. ഈ വേർപിരിവ് വ്യക്തികളെ വെറും “ഏകകങ്ങളാക്കി”, (units) ആ വാക്കിന്റെ അധമമായ അർത്ഥത്തിൽ, തീർക്കുകയും മൊത്തത്തിൽ ഒരു ശുദ്ധ പാരിമാണിക പെരുക്കം (multiplicity) മാത്രമാക്കുകയുമാണ് ചെയ്യുന്നത്. ഒടുവിൽ, ഈ വ്യക്തികൾ ഗുണപരമായ നിർണയങ്ങളിൽ നിന്നെല്ലാം മുക്തമായ രീതിയിൽ, ഭൗതികശാസ്ത്രജ്ഞൻമാരുടെ “കണികകൾ” (atoms) എന്ന് വിളിക്കപ്പെടുന്നവയോട് തുലനം ചെയ്യാവുന്ന എന്തോ ഒന്നല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. ഈയൊരു പര്യന്തത്തിലേക്ക് പൂർണമായും ഒരിക്കലും എത്തിച്ചേരാനാവില്ലെങ്കിലും ആയൊരു ദിശയിൽ തന്നെയാണ് സമകാലിക ലോകം ചരിച്ചു കൊണ്ടിരിക്കുന്നത്. ചുറ്റും കണ്ണോടിക്കുകയാണെങ്കിൽ, എല്ലാറ്റിനെയും ഏകരൂപതയിലേക്ക് (uniformity) മടക്കാനുള്ള വർധിതമായ ശ്രമം നടക്കുന്നതായി നിങ്ങൾക്ക് കാണാൻ സാധിക്കും. മനുഷ്യരെയും അവർ എതേത് വസ്തുക്കളുടെ ഇടയിലാണോ ജീവിക്കുന്നത് അവയെയും ഇങ്ങനെ ആക്കാനാണ് ശ്രമിക്കുന്നത്. ഇത് ഫലത്തിൽ കൊണ്ടു വരണമെങ്കിൽ, ഗുണപരമായ വ്യതിരിക്തതകളെ കഴിയുന്നത്ര ഇല്ലാതാക്കണം എന്നുള്ളതും വ്യക്തമാണ്. പക്ഷെ, ശ്രദ്ധേയമായ കാര്യമെന്തെന്നാൽ, വിചിത്രമായ ഒരു മിഥ്യാഭ്രമം കാരണമായി, ചില ആളുകൾ ഈ “ഏകരൂപവൽകരണത്തെ” (uniformisation)) ഏകീകരണമായി (unification) കണക്കാക്കുന്നു. എന്നാൽ അത് യഥാർത്ഥത്തിൽ നേരെ തിരിച്ചാണ്. അതിലുള്ള വിശ്ലേഷാത്മകതയുടെ തീവ്രതയുടെ നിരന്തര വർധന കാരണം ഇത് വ്യക്തവുമാണ്. പരിമാണത്തിന് വേർപിരിക്കാനേ ആവുകയുള്ളൂ, ഒന്നിപ്പിക്കാനാവില്ല എന്ന് നമുക്ക് ഒന്നു കൂടി ഊന്നിപ്പറയാം. “ദ്രവ്യത്തിൽ” (matter) നിന്ന് ഉളവാകുന്നതെല്ലാം, യഥാർത്ഥ ഏകത്വത്തിന്റെ (unity) തികച്ചും വിരുദ്ധമായ സ്ഥാനത്ത് നിലകൊള്ളുന്നവയായ ശൈഥില്യമാർന്ന “ഏകകങ്ങൾക്കിടയിൽ”(units) വിവിധ രൂപങ്ങളിലുള്ള വിരോധത്തെ സൃഷ്ടിക്കുന്നു. അതല്ലെങ്കിൽ അതിലേക്ക് നയിക്കുന്ന തരത്തിൽ, ഗുണം കൊണ്ട് സന്തുലിതമല്ലാത്ത വെറും പരിമാണത്തിന്റെ മാത്രം സമ്മർദ്ധമുള്ള അവസ്ഥയെ ഉണ്ടാക്കുന്നു. പക്ഷെ, ഈ ഏകരൂപവൽകരണം ആധുനിക ലോകത്തിന്റെ സുപ്രധാന ഘടകം തന്നെയാണ്. അതോടൊപ്പം, അതിനെ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ വളരെ സാധ്യതുള്ളതുമാണ്. ഈ വിഷയത്തെ ഒന്നു കൂടി വികസിപ്പിക്കാൻ വേണ്ടി മറ്റൊരു അധ്യായം കൂടി നാം വിനിയോഗിക്കുകയാണ്.
(1) ഇതുമായി ബന്ധപ്പെട്ട്, പ്രകടമായിട്ടെങ്കിലും ഒരു പ്രയാസമുണ്ട് എന്നത് ശ്രദ്ധിക്കുക: ജനുസ്സുകളടക്കമുള്ള (genus) ശ്രേണിയിൽ (hierarchy) നമ്മൾ ഒരു ജനുസ്സിന്റെ അതിനേക്കാൾ സാമാന്യത കുറഞ്ഞ ഒരു വർഗവുമായുള്ള (species) ബന്ധത്തെ പരിഗണിക്കുകയാണെങ്കിൽ, ആദ്യത്തേത് ദ്രവ്യത്തിന്റെയും രണ്ടാമത്തേത് ആകൃതിയുടെയും ധർമ്മം നിർവഹിക്കുന്നു. ഇവിടെ, ഒറ്റനോട്ടത്തിൽ ഈ ബന്ധം വിപരീത ദിശയിലാണോ പ്രയോഗിച്ചിട്ടുള്ളത് എന്ന് തോന്നിയേക്കാം. എന്നാൽ, യഥാർത്ഥത്തിൽ ഇത് ഒരു വർഗത്തിന്റെയും അതിലെ വ്യക്തികളുടെയും ബന്ധത്തോട് താരതമ്യം ചെയ്യാവുന്ന തരത്തിലുള്ളതല്ല. എന്ന് മാത്രമല്ല, ഈ ബന്ധത്തെ പരിഗണിച്ചിട്ടുള്ളത്, ഒരു നാമപദവും (subject) അതിന്റെ വിശേഷണവും (attribute) എന്നത് പോലെ, തികച്ചും യുക്തിപരമായ കാഴ്ചപ്പാടിൽ നിന്ന് കൊണ്ടാണ്. ജനുസ്സ് നാമപദത്തിന്റെ പദവിയിലും “സവിശേഷമായ വ്യത്യാസം” വിശേഷണത്തിന്റെ സ്ഥാനത്തുമാണ്.