ഫത്ഹുർറബ്ബാനി: സദസ്സ്: 2: തുടർച്ച:
ഗൗസുൽ അഅ്ളം മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ):
ഫഖീറുകൾക്ക് നിങ്ങളുടെ ധനത്തിൽ നിന്ന് വല്ലതും നൽകി അവരെ നിങ്ങൾ സാന്ത്വനപ്പെടുത്തുക. അധികമായാലും കുറഞ്ഞതായാലും നിങ്ങൾക്കുള്ള ധനപ്രാപ്തി അനുസരിച്ച് വല്ലതും നൽകിയല്ലാതെ യാചകനെ നിങ്ങൾ വെറുതെ മടക്കരുത്. അല്ലാഹുവിനോടും ദാനധർമ്മങ്ങളിലുള്ള അവന്റെ താത്പര്യത്തോടും നിങ്ങൾ യോജിക്കുക. നിങ്ങളിൽ നിന്ന് എന്തെങ്കിലും ലഭിച്ചേക്കുമെന്ന പ്രതീക്ഷ യാചകനു വന്നതിലും വല്ലതും നൽകാനുള്ള ശേഷിയും ധനപ്രാപ്തിയും നിങ്ങൾക്ക് ലഭിച്ചതിലും നിങ്ങൾ രക്ഷിതാവിന് നന്ദി പ്രകടിപ്പിക്കുക.
നിനക്കു നാശം…യാചകൻ അല്ലാഹുവിന്റെ ഹദ്യ്യ: (ഇഷ്ടദാനം) ആയിരിക്കെ അവന് വല്ലതും നൽകുവാൻ നിനക്ക് കഴിവുള്ളപ്പോൾ നീ എങ്ങനെയാണ് ആ ഇഷ്ടദാനം നിന്നിലേക്ക് അയച്ചവന്റെ മുഖത്തേക്ക് മടക്കുക. എന്റെടുക്കൽ നിന്ന് നീ ശ്രവിക്കുന്നു, നീ കരയുന്നു, നിന്റെടുക്കൽ ഫഖീറു വരുമ്പോൾ നിന്റെ ഹൃദയത്തിന് കാഠിന്യം കൂടുന്നു. എന്നാൽ നിന്റെ ഈ കേൾവിയും കരച്ചിലും അല്ലാഹുവിന് വേണ്ടിയുള്ള മന:ശ്ശുദ്ധിയോടെ അല്ലെന്ന് തെളിയുന്നു.
എന്റെയടുക്കൽ നിന്നുള്ള ഈ ശ്രവണവും സംവേദനവും ആദ്യം സിർറുകൊണ്ടും പിന്നെ ഹൃദയം കൊണ്ടും പിന്നെ നന്മയിൽ വർത്തിക്കുന്ന അവയവങ്ങൾകൊണ്ടുമായിരിക്കേണ്ടതാണ്. എന്റെ അടുക്കൽ നീ വരുന്നതായാൽ തീർച്ചയായും നീ നിന്റെ അറിവ്, കർമ്മം, നാവ്, കുടുംബ മഹിമ എന്നിവ ഒഴിവാക്കണം. എന്നുമാത്രമല്ല നിന്റെ സർവ്വതും, നീയുമായി ബന്ധപ്പെട്ട സർവ്വവും വിസ്മരിക്കണം. നിന്റെ ഹൃദയത്തിന് ഹഖ് തആലയുടെ അനുഗ്രഹം, ശ്രേയസ്സ്, സാമീപ്യം എന്നീ വസ്ത്രങ്ങളണിയിപ്പിക്കാൻ വേണ്ടി ഹഖ് തആല അല്ലാത്ത സർവ്വതിനെ തൊട്ടും നഗ്നഹൃദയത്തോടുകൂടി നീ എന്റടുക്കൽ നിൽക്കുക. നീ എന്റടുക്കൽ പ്രവേശിക്കുമ്പോൾ അപ്രകാരം ചെയ്യുന്നതായാൽ അതിയായ വിശപ്പോടു കൂടി കാലത്ത് പറന്നുവന്ന് മതിയാവുന്നത്ര തിന്ന് വയറു നിറഞ്ഞ് മടങ്ങുന്ന പക്ഷികളെപ്പോലെയാണ് നീ ആവുക.
ഹൃദയത്തിന്റെ പ്രഭ അല്ലാഹിന്റെ പ്രകാശത്തിൽ നിന്നുള്ളതാകുന്നു. അതാണ് തിരുനബി(സ്വ)തങ്ങൾ ഇപ്രകാരം പറഞ്ഞത്:
”മുഅ്മിനിന്റെ അഭിപ്രായം നിങ്ങൾ ശരിക്ക് സൂക്ഷിച്ചുകൊള്ളുക. തീർച്ചയായും അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണ് അവൻ നോക്കിക്കാണുന്നത്.”
ഹേ പാപി മുഅ്മിനിനെ നീ സൂക്കിക്കുക. നീ നിന്റെ പാപങ്ങളാകുന്ന അശുദ്ധിയിൽ നിന്നെ പൊതിയപ്പെട്ടുകൊണ്ട് അവരുടെ അടുക്കൽ പ്രവേശിക്കരുത്. തീർച്ചയായും അവർ അല്ലാഹുവിന്റെ പ്രകാശം കൊണ്ട് നിന്റെ നിലപാട് നോക്കിക്കാണും. നിന്റെ ശിർക്കും നിഫാഖും കാണും, നീ പ്രവർത്തിച്ച് നിന്റെ വസ്ത്രത്തിന് ചുവടെ ഒളിപ്പിച്ച പ്രവർത്തനങ്ങളവർ കാണും. നിന്റെ അപമാനങ്ങളും നികൃഷ്ടതകളും കാണും. വിജയിച്ചവരെ കാണാത്തവരാരും വിജയിക്കുകയില്ല. നീ അന്ധാളിപ്പിലാണ്. നിന്റെ കൂട്ടുകാർ അന്ധന്മാരാണ്. ചോദ്യകർത്താവ് ചോദിക്കുന്നു:”ഈ അന്ധത എത്രത്തോളം…?”
പ്രത്യുത്തരം: ”നീ വൈദ്യന്റെ അടുക്കൽ എത്തുവോളം…നീ ചെന്ന് വൈദ്യന്റെ വാതിൽ പടിയിന്മേൽ തലവെച്ച് കിടക്കണം. അദ്ദേഹത്തെ പറ്റിയുള്ള നിന്റെ ധാരണ നീ നന്നാക്കണം. അദ്ദേഹത്തെ സംബന്ധിച്ച് നിന്റെ സന്ദേഹങ്ങൾ നീ ഒഴിവാക്കണം. നിന്റെ സന്താനങ്ങളെയും കൂട്ടിച്ചെന്ന് അയാളുടെ വാതിൽക്കൽ നീ ഇരുത്തണം. അയാൾ കൽപിക്കുന്ന മരുന്ന് സേവിച്ച് അതിന്റെ കൈപ്പ് നീ ക്ഷമിക്കണം. എന്നാൽ നിന്റെ ഇരുനേത്രങ്ങളുടെയും അന്ധത നീങ്ങും.”
അല്ലാഹു തആലാക്ക് നീ അടിമവേല ചെയ്യുക. നിന്റെ ആഗ്രഹങ്ങൾ അവന്റെ സന്നിധിയിൽ സമർപ്പിക്കുക. നിന്റെ നഫ്സിനായി നീ യാതൊരു കർമ്മവും ചെയ്യരുത്. അതിനെ നീ നിശ്ശേഷം ഗതികേടിലാക്കുക. സൃഷ്ടികളുടെ വാതിലുകളെല്ലാം അതിനു മുന്നിൽ കൊട്ടിയടക്കുക. നിന്റെയും അവന്റെയും ഇടയിലുള്ള വാതിൽ നീ തുറന്നു വെക്കുക. നിന്റെ പാപങ്ങളിൽ നിന്നും നീ ഖേദിച്ചു മടങ്ങുക. നിന്റെ കുറവു നികത്തുവാൻ നീ അവന്റെ അടുക്കൽ അപേക്ഷ സമർപ്പിക്കുക. അവനല്ലാതെ സഹായിക്കുന്നവനും പ്രയാസപ്പെടുത്തുന്നവനുമില്ല, കൊടുക്കുന്നവനും തടയുന്നവനുമില്ല എന്നതിൽ നീ ദൃഢബോദ്ധ്യമുള്ളവനായിരിക്കുക. അപ്പോൾ നിന്റെ ഹൃദയനേത്രത്തിന്റെ അന്ധത നീങ്ങും. കാഴ്ചയും അകക്കാഴ്ചയും നൽകി നിന്നെ അവൻ സ്വതന്ത്രനാക്കും.
യാ ഗുലാം…
കാര്യം നിന്റെ ഭക്ഷ്യശേഖരങ്ങളിലും ആഢംബര വസ്ത്രങ്ങളിലുമല്ല. നിന്റെ ഹൃദയം ഐഹികാഢംബരങ്ങൾ വെടിഞ്ഞിരിക്കുന്നതിലാണ് കാര്യമുള്ളത്. സത്യവാൻ ആദ്യമേ ധരിക്കുന്ന വസ്ത്രം അവന്റെ ആന്തരികത്തിന് കമ്പിളിയാണ്. അത് ക്രമേണ അവന്റെ ബാഹ്യത്തിലേക്കും വ്യാപിക്കുന്നതാണ്. അവന്റെ സംശോധ യാഥാർത്ഥ്യം കരിമ്പടം ധരിക്കണം. പിന്നെ അവന്റെ ഹൃദയം ധരിക്കണം. പിന്നെ അവന്റെ നഫ്സ് ധരിക്കണം. പിന്നെ അവന്റെ അവയവങ്ങൾ ധരിക്കണം. അത് അവനിൽ പൂർണ്ണമാകുമ്പോൾ ശാന്തതയുടെയും അനുഗ്രഹത്തിന്റെയും ദാക്ഷിണ്യത്തിന്റെയും ഹസ്തം വന്നു ചേർന്ന് അവന്റെ ആ സാഹചര്യങ്ങൾ പാടെ അട്ടിമറിക്കുന്നു. അവന്റെ സന്താപ വസ്ത്രം ഊരിക്കളഞ്ഞ് സന്തോഷ വസ്ത്രം ധരിപ്പിക്കുന്നു. ദുരിതങ്ങൾ സൗകര്യങ്ങളായി മാറ്റുന്നു. ക്രോധം സംതൃപ്തിയായി മാറ്റുന്നു. ഭയാനകം വിശ്വസ്ഥതയായി മാറ്റുന്നു. അവന്റെ വിദൂര നില സാമീപ്യമായി മാറ്റുന്നു. ദാരിദ്ര്യം ധനാഢ്യതയായി മാറ്റുന്നു.
യാ ഗുലാം.. നീ ഓഹരികൾ അനുഭവിക്കുന്നത് ഭൗതിക താത്പര്യങ്ങൾ വെടിഞ്ഞു നിൽക്കലെന്ന കരം കൊണ്ടായിരിക്കണം. അവയോടുള്ള അത്യാഗ്രഹം എന്ന കരം കൊണ്ടാവരുത്. കരഞ്ഞുകൊണ്ട് ഭക്ഷിക്കുന്നവനും ചിരിച്ചുകൊണ്ട് ഭക്ഷിക്കുന്നവനും ഒരു പോലെയാവുകയില്ല. ഓഹരികളത്രയും സ്വീകരിക്കുമ്പോൾ നിന്റെ ഹൃദയം അല്ലാഹുവിനോട് കൂടെയായിരിക്കണം. എന്നാൽ എല്ലാ അനർത്ഥങ്ങളിൽ നിന്നും നീ രക്ഷപ്പെടും. നിനക്ക് മാംസങ്ങളുടെയും ഫലമൂലങ്ങളുടെയും വിധികൾ അറിഞ്ഞുകൂടാത്ത സ്ഥിതിക്ക് നീ സ്വന്താഭിപ്രായത്തിൽ ഭക്ഷിക്കുന്നതിനേക്കാൾ വൈദ്യ നിർദ്ദേശമനുസരിച്ച് ഭക്ഷിക്കുന്നതായിരിക്കും അധികം നല്ലത്.
തുടരും: