കവിത:
എം.ടി. അക്ബർ:
അന്തരീക്ഷം എങ്ങനെയാണോ
അതിനനുസരിച്ച് അനുനിമിഷം ഭാവം മാറുന്ന,
അപാരതയുടെ മുമ്പിൽ
ഓരോ ജീവനും അവയുടെ നിഗൂഢത ആഘോഷിച്ചു.
തീക്ഷ്ണ വെയിലിൽ
പ്രകമ്പനം കൊള്ളുന്ന നരകത്തിന്റെ പ്രതീതി ഉളവാക്കി,
പുലർകാലത്ത് നീലയും കറുപ്പും ചേർന്ന
മഷിപാത്രമാവുകയാണ്.
ഇടക്ക് കടൽകാക്കകളെ,
വിസ്മയം ജീവൻ പ്രാപിച്ചതുപോലെ പ്രത്യക്ഷപ്പെടുത്തി
ഗർഭത്തിൽ ദുരൂഹമായ അനേകം
ജീവപ്രതിഭാസങ്ങൾ ഉണ്ടെന്ന്
സാക്ഷ്യപ്പെടുത്തുകയാണ്.
അസ്തമനോന്മുഖ സൂര്യൻ
അരുണിമ അണിഞ്ഞ വൃക്ഷമായി,
ഓളങ്ങളിൽ നിഴലുകൾ കലർത്തുകയാണ്.
കടലിന്റെ അതിർത്തി കണ്ണിന്റെ പരിമിതിയാവുന്നതുപോലെ,
വാഴ് വിന്റെ അർത്ഥം,
ചിന്തയുടെ പരിധിയില്ലാത്ത അഗാധതയാവുകയാണ്.
കടലിലേക്ക് താഴ്ന്നു പോവുന്ന സൂര്യൻ,
മരണാസന്ന വ്യക്തിയെ പോലെ,
കാപട്യം തിരസ്കരിച്ച്
യാഥാർത്ഥ്യം വെളിപ്പെടുത്തുന്നു.
ചായം കൊടുത്ത മേഘങ്ങളുടെ ശകലങ്ങൾ വിധാനിച്ച്,
സൃഷ്ടി ബീജമെന്നോണം ബിന്ദുവായി പരിണമിക്കുകയും,
അനാഥയാക്കി കടലിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു.
ജീവന്റെ ഗർഭപാത്രമായ നീ
ഞാൻ ഉണ്ടാകുന്നതിനുമുമ്പ് ഉണ്ടായിരുന്നതും,
ഞാൻ ഇല്ലായ്മയായാലും അനന്തമായി നിലകൊള്ളുന്നതുമാണ്.