പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും:
അദ്ധ്യായം: 7: ആദ്യഭാഗം:
റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്:
നമ്മൾ, നമ്മുടെ ഈ ലോകമാകുന്ന ആവിർഭാവത്തിന്റെ മണ്ഡലത്തെ മൊത്തത്തിൽ പരിഗണിക്കുകയാണെങ്കിൽ, അതിലുള്ള അസ്തിത്വങ്ങൾ മൗലികമായ ഏകത്വത്തിൽ നിന്ന് നീങ്ങിപ്പോകുംതോറും അവയുടെ ഗുണാത്മകത കുറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നും അവ കൂടുതൽ കൂടുതൽ പരിമാണപരമായി തീരുന്നു എന്നും നമുക്ക് പറയാനാവും. തീർച്ചയായും, ഈ മണ്ഡലത്തിലെ മുഴുസാധ്യതകളുടെയും ഗുണാത്മക നിർണയങ്ങളെ സംശ്ലേഷിതമായി (synthetically) ഉൾക്കൊള്ളുന്ന ഈ ഏകത്വം അതിന്റെ സത്താപരമായ ധ്രുവം (essential pole) തന്നെയാണ്. എന്നാൽ, ഇതിൽ നിന്ന് ഒരാൾ അകലേക്ക് നീങ്ങിപ്പോകും തോറും അതേ അളവിൽ തന്നെ അയാൾ സമീപിച്ചു കൊണ്ടേയിരിക്കുന്ന പാദാർത്ഥിക ധ്രുവത്തെ (substantial pole) പ്രതിനിധാനം ചെയ്യുന്നത് ശുദ്ധപരിമാണമാണ്. അത് കുറിക്കുന്നത് അപരിമിതമായ “കണികാത്മക” ബഹുത്വത്തെയാണ് (“atomic” multiplicity). അതിലെ ഘടകങ്ങൾക്കിടയിൽ, സംഖ്യാപരമല്ലാത്ത മറ്റെല്ലാ വ്യതിരിക്തതകളെയും ഇത് പുറംതള്ളുന്നു. അതോടൊപ്പം, സത്താപരമായ ധ്രുവത്തിൽ നിന്നുള്ള ക്രമപ്രവൃദ്ധമായ ഈ അകലലിനെ ഏകകാലീനതയുടെയും (simultaneity) തുടർച്ചയുടെയും (succession) ഇരട്ട വീക്ഷണ കോണിലൂടെ വിഭാവന ചെയ്യാനുമാവും. ഇത് കൊണ്ട് നാം അർത്ഥമാക്കുന്നതെന്തെന്നാൽ, ഒരു വശത്ത് നമുക്ക് ഇതിനെ ആവിർഭവിതമായ ഉൺമകളുടെ ഘടനയിൽ തന്നെ ഏകകാലീനമായി വിഭാവന ചെയ്യാനാവും. അവിടെ, ആ ഘടനയുടെ വിവിധ തലങ്ങൾ അതിലേക്ക് കടന്നു വരുന്ന ഘടകങ്ങൾക്കും അതല്ലെങ്കിൽ അവ പ്രതിനിധാനം ചെയ്യുന്ന നിലനിൽപ്പിന്റെ അവസ്ഥകൾക്കും ഒരു തരത്തിലുള്ള ശ്രേണീവിന്യാസത്തെ(hierarchy) നിർണയിക്കുന്നു. മറുവശത്ത്, ഈ അകലലിനെ ഒരു ചക്രത്തിന്റെ തുടക്കം തൊട്ട് ഒടുക്കം വരെ നീളുന്ന മുഴു ആവിർഭാവത്തിന്റെ പ്രയാണത്തിലെ തുടർച്ചയായും വിഭാവന ചെയ്യാനാവും. ഇവിടെ നാം സവിശേഷമായി പരിഗണിക്കുന്നത് രണ്ടാമത് പറഞ്ഞ കാഴ്ചപ്പാടിനെയാണ്. ഈ മണ്ഡലത്തെ ഏതായാലും നമുക്ക് ജ്യാമിതീയമായി ഒരു ത്രികോണമായി വിഭാവന ചെയ്യാം. അതിന്റെ ശീർഷം (Vertex)) എന്നത് സത്താപരമായ ധ്രുവവും വാരം (Base) പാദാർത്ഥിക ധ്രുവവുമാണ്. എന്നു വെച്ചാൽ, ശീർഷം ശുദ്ധമായ ഗുണവും, നമ്മുടെ ലോകവുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ വാരത്തിലെ ബിന്ദുക്കളുടെ ബഹുത്വം ശീർഷത്തിലെ ഏക ബിന്ദുവിന് വിരുദ്ധമായ ശുദ്ധപരിമാണവുമാണ്. ശീർഷത്തിൽ നിന്നുള്ള ദൂരത്തെ കുറിക്കാൻ വേണ്ടി നാം ഈ വാരത്തിന് സമാന്തരമായ രേഖകൾ വരക്കുകയാണെങ്കിൽ, പരിമാണപരതയെ കുറിക്കുന്ന ബഹുത്വം ശീർഷത്തിൽ നിന്ന് നാം കൂടുതൽ കൂടുതൽ അകന്ന് വാരത്തോട് അടുക്കും തോറും കൂടുതൽ വർധിതമായിക്കൊണ്ടേയിരിക്കുന്നു. ഈയൊരു പ്രതീകത്തെ കൂടുതൽ കൃത്യതയുള്ളതാക്കാൻ വേണ്ടി നാം വാരത്തെ ശീർഷത്തിൽ നിന്ന് അപരിമിതമാം വണ്ണം വിദൂരസ്ഥമായി കണക്കാക്കേണ്ടിയിരിക്കുന്നു. ഇതെന്തു കൊണ്ടെന്നാൽ, ഒന്നാമതായി, ആവിർഭാവത്തിന്റെ മണ്ഡലം തന്നെ അപരിമേയമാണ്. രണ്ടാമതായി, വാരത്തിലെ ബിന്ദുക്കളുടെ ബഹുത്വത്തെ പരമാവധിയാക്കുകയും വേണം. അതിനും പുറമെ, ആവിർഭാവ പ്രക്രിയയുടെ ഗതിയിൽ ഒരിക്കലും തന്നെ ശുദ്ധപരിമാണത്തെ കുറിക്കുന്ന ഈ വാരത്തിലേക്ക് എത്തിച്ചേരാനാവുകയില്ല എന്നതിനെയും ഇത് സൂചിപ്പിക്കുന്നു. ആവിർഭാവം (manifestation) അതിലേക്ക് തന്നെയാണ് നിരന്തരം കൂടുതൽ കൂടുതലായി ചരിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഒരു പ്രത്യേക തലത്തിൽ നിന്ന് നോക്കുകയാണെങ്കിൽ ശീർഷം അഥവാ സത്താപരമായ ഏകത്വവും ശുദ്ധ ഗുണവും കാഴ്ചയിൽ നിന്ന് ഏതാണ്ട് നഷ്ടപ്പെട്ട് പോവുകയും ചെയ്തിരിക്കുന്നു. ഇതാണ് കൃത്യമായി പറഞ്ഞാൽ നമ്മുടെ ഇന്നത്തെ ലോകത്തിന്റെ അവസ്ഥ.
ശുദ്ധമായ പരിമാണത്തിൽ, ഏകകങ്ങൾ (units) പരസ്പരം വേർതിരിക്കപ്പെട്ടിട്ടുള്ളത് സംഖ്യാപരമായിട്ട് മാത്രമാണ് എന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്. ഇതല്ലാത്ത മറ്റൊരടിസ്ഥാനത്തിലും അവയെ വേർതിരിക്കാനാവില്ല. ഇത് തന്നെയാണ്, ഈ ശുദ്ധമായ പരിമാണം യഥാർത്ഥമായും അനിവാര്യമായും സകല ആവിർഭവിത അസ്തിത്വങ്ങൾക്കും കീഴെയാണെന്ന് വ്യക്തമാക്കുന്നതും. ഇവിടെ, ലൈബ്നിറ്റ്സിന്റെ (Leibnitz) ‘അവ്യവച്ഛേദിതങ്ങളെ കുറിച്ച തത്വത്തെ ‘ (Principle of Indiscernables) പരാമർശിക്കുക എന്നത് ആവശ്യമായി വന്നിരിക്കുന്നു. അത് പ്രകാരം, സകല വിധത്തിലും സമാനമായിട്ടുള്ള രണ്ട് അഭിന്നമായ (identical) ഉൺമകൾ നിലനിൽക്കുക എന്നത് സാധ്യമല്ല. ഇത്, നാം മുമ്പ് വ്യക്തമാക്കിയത് പോലെ തന്നെ, സാർവലൗകിക സാധ്യതയുടെ (Universal Possibility) സീമാതീതത്വത്തിന്റെ (limitlessness) നേർക്കുനേരെയുള്ള പരിണതഫലമാണ്. അത് നിമിത്തം, പ്രത്യേകമായ സാധ്യതകളിൽ ആവർത്തനം ഉണ്ടാവുകയില്ല തന്നെ. സാങ്കൽപ്പികമായി അഭിന്നമായിട്ടുള്ള രണ്ട് ഉൺമകൾ യഥാർത്ഥത്തിൽ രണ്ടെണ്ണമല്ല; എല്ലാ കാര്യങ്ങളിലും ഒന്നിച്ചു വരികയാണെങ്കിൽ അവ ഒരേയൊരുൺമ മാത്രമാണ്. ഉൺമകൾ അഭിന്നമോ അവ്യതിരിക്തമോ അല്ലെങ്കിൽ പിന്നെ അവയ്ക്കിടയിൽ ഗുണപരമായ വ്യത്യാസം ഉണ്ടായിരിക്കണം. അതിനാൽ അവയുടെ നിർണയങ്ങൾ ഒരിക്കലും തികച്ചും പരിമാണപരമായിരിക്കുകയില്ല. ഇത് കൊണ്ടാണ്, രണ്ട് ഉൺമകൾ സംഖ്യാപരം മാത്രമായി വ്യതിരിക്തമായിരിക്കുക എന്നത് സാധ്യമേയല്ല എന്ന ലൈബ്നിറ്റ്സ് പറയുന്നത്. പിണ്ഡങ്ങളുടെ കാര്യത്തിൽ ഈ തത്വം പ്രയോഗിച്ചാൽ പിന്നെ അത് ഡെക്കാർട്ടിന്റേത് (Descartes) പോലെയുള്ള “യാന്ത്രികവാദ” (mechanistic) സങ്കൽപ്പങ്ങൾക്ക് എതിരാണെന്ന് വരുന്നു. അവ രണ്ടും തമ്മിൽ ഗുണപരമായി വ്യത്യാസപ്പെട്ടില്ലെങ്കിൽ പിന്നെ “അവ ഉൺമകൾ പോലുമായിരിക്കുകയില്ല” എന്നും അദ്ദേഹം പറയുന്നു. പിന്നെ അവയെ താരതമ്യം ചെയ്യാനാവുക സകലരീതിയിലും പരസ്പരം സമാനമായിരിക്കുന്നതും എന്നാൽ യഥാർത്ഥ അസ്തിത്വമില്ലാത്തതുമായ ഏകജാതീയമായ സ്ഥലത്തിന്റെയും കാലത്തിന്റെയും കഷണങ്ങളോടാണ്. ഇവ, മതതത്വചിന്തകർ ((Scholastics) വിളിക്കുന്ന “എൻഷ്യ റാറ്റിയോണിസ്” (entia rationis) അഥവാ ചിന്താമണ്ഡലത്തിൽ മാത്രം നിലനിൽപ്പുള്ള അസ്തിത്വങ്ങൾ മാത്രമാണ്. ലൈബ്നിറ്റ്സിന് തന്നെയും സ്ഥലത്തിന്റെയും കാലത്തിന്റെയും യഥാർത്ഥ സ്വഭാവത്തെ കുറിച്ച് പര്യാപ്തമായ ഒരു ധാരണ ഉണ്ടായിരുന്നില്ല എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. സ്ഥലത്തെ “സഹസ്ഥിതിത്വത്തിന്റെ ഒരു ക്രമം” (order of coexistence) ആയും, കാലത്തെ “തുടർച്ചയുടെ ക്രമം” (order of succession) ആയും നിർവചിക്കുമ്പോൾ അവയെ അദ്ദേഹം തികച്ചും യുക്തിപരമായ (logical) ആയ ഒരു വീക്ഷണകോണിലൂടെയാണ് നോക്കിക്കാണുന്നത്. ഇതാകട്ടെ, അവയെ കൃത്യമായും ഗുണമേതുമില്ലാത്ത ഏകജാതീയമായ ((homogenous) വാഹിനികളായി (container) ന്യൂനീകരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ അവയ്ക്ക് യഥാർത്ഥത്തിലുള്ള അസ്തിത്വവും ഇല്ല തന്നെ. അദ്ദേഹം ഒരർത്ഥത്തിലും അവയുടെ ഉൺമാപരമായ (ontological) സ്വഭാവത്തെ, അതായത് ദൈഹികമായ അസ്തിത്വം (corporeal existence) എന്ന അസ്തിത്വത്തിന്റെ സവിശേഷമായ വിധത്തെ നിർണയിക്കുന്ന മാനദണ്ഡങ്ങളെന്ന നിലയിലുള്ള സ്ഥലത്തിന്റെയും കാലത്തിന്റെയും ശരിയായ പ്രകൃതത്തെ കണക്കിലെടുക്കുന്നില്ല.
ഇതിൽ നിന്നും വ്യക്തമായും ഉരുത്തിരിഞ്ഞു വരുന്നതെന്തെന്നാൽ, ഏകരൂപത (uniformity) സാധ്യമാവണമെങ്കിൽ ഉൺമകൾ ഗുണങ്ങളേതുമില്ലാത്ത കേവലം സംഖ്യാപരമായ “ഏകകങ്ങളായി” (numerical units) മാറണം എന്നതാണ്. എന്നാൽ അത്തരത്തിലുള്ള ഏകരൂപത സാക്ഷാൽക്കരിക്കുക എന്നത് സാധ്യമല്ല. വിശേഷിച്ചും, മാനുഷികമായ മണ്ഡലത്തിൽ അതിനെ സാക്ഷാൽകരിക്കാനുള്ള ശ്രമങ്ങൾ ഉൺമകളുടെ തനതായ ഗുണങ്ങൾ ഇല്ലാതാക്കുന്നതിൽ മാത്രമാണ് കലാശിക്കുക. അങ്ങിനെ അവ കേവലം യന്ത്രങ്ങൾക്ക് സമാനമായി തീരുന്നു. കാരണം, ആധുനിക ലോകത്തിന്റെ സവിശേഷ ഉൽപന്നമായ യന്ത്രമാണ് പരിമാണത്തിന് ഗുണത്തിന് മേലെയുള്ള മേധാവിത്വത്തെ നമ്മൾ ഇന്ന് എത്തിച്ചേർന്നിടത്തോളം ഏറ്റവും നന്നായി പ്രതിനിധാനം ചെയ്യുന്നത്. സാമൂഹികമായ കാഴ്ചപ്പാടിൽ നിന്ന് നോക്കുകയാണെങ്കിൽ, “ജനാധിപത്യവാദപരവും (democratic)), “സമത്വവാദപരവും” (egalitarian) ആയ സങ്കൽപ്പങ്ങൾ ഇതേ പരിണതിയിലേക്ക് തന്നെയാണ് കലാശിക്കുന്നത്. അത് പ്രകാരം എല്ലാ വ്യക്തികളും പരസ്പരം സമാനമാണ്. ഇത്, എല്ലാവരും എല്ലാറ്റിനും ഒരു പോലെ പറ്റിയവരാണ് എന്ന അബദ്ധ ധാരണയിലേക്ക് നയിക്കുന്നു. നാം ഇപ്പോൾ സൂചിപ്പിച്ച കാരണങ്ങൾ നിമിത്തം, പ്രകൃതി ഇത്തരത്തിലുള്ള “തുല്യതയുടെ” ഒരു ഉദാഹരണവും നൽകുന്നില്ല. കാരണം, അത് വ്യക്തികൾക്കിടയിലെ സമ്പൂർണമായ സമാനതയല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. പക്ഷെ, ആധുനിക ലോകം ഏറ്റവുമധികം വിലമതിക്കുന്ന തലതിരിഞ്ഞ “മൂല്യങ്ങളിൽ” ഒന്നായ “തുല്യത” (equality) എന്ന ഈ സങ്കൽപ്പത്തിന്റെ പേരിൽ, മനുഷ്യരെയെല്ലാവരെയും പ്രകൃതി അനുവദിക്കുന്നത്ര ഒരു പോലെയാക്കാനാണ് ശ്രമിക്കുന്നത്. അതിനു വേണ്ടി എല്ലാവരുടെ മേലും ഏകരൂപമായ (uniform) വിദ്യാഭ്യാസത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. എന്തൊക്കെയായാലും, അഭിരുചികളിലുള്ള വ്യത്യാസങ്ങളെ പരിപൂർണമായും ഇല്ലായ്മ ചെയ്യാനാവില്ല എന്നത് എടുത്തു പറയേണ്ടതില്ല. അതിനാൽ തന്നെ ഈ വിദ്യാഭ്യാസം എല്ലാവർക്കും ഒരേ ഫലങ്ങൾ തന്നെ നൽകുകയുമില്ല. വ്യക്തികൾക്ക്, അവർക്കില്ലാത്ത ഗുണങ്ങൾ നൽകാൻ അതിന് സാധിക്കുകയില്ല എന്നതോടൊപ്പം തന്നെ ഒരു സാധാരണ നിലവാരത്തിനപ്പുറമുള്ള സാധ്യതകളെ എല്ലാവരിലും അമർച്ച ചെയ്ത് ഇല്ലാതാക്കുന്നതിനും പോന്നതാണത്. കീഴെ നിന്നുള്ള “നിരപ്പാക്കൽ” (levelling) പ്രവർത്തിക്കുന്നത് ഇപ്രകാരമാണ്. ഇങ്ങനെയല്ലാതെ അതിന് പ്രവർത്തിക്കാനാവില്ല. കാരണം, അത് കീഴോട്ടേക്കുള്ള പ്രവണതയുടെ ആവിഷ്കരണമാണ്. ദൈഹികമായ ആവിർഭാവത്തിനും കീഴിലുള്ള ശുദ്ധ പരിമാണത്തിലേക്കാണത്. ഏറ്റവും അവികസിതമായ ജീവിവർഗങ്ങൾക്കും കീഴെ എന്നു മാത്രമല്ല, അതിനുമപ്പുറം നമ്മുടെ സമകാലികർ “അസംസ്കൃത അജൈവ പദാർത്ഥം” (raw material) എന്ന് വിളിക്കുന്നതിൽ ഏകോപിച്ചിട്ടുള്ളതിനും കീഴിലേക്കാണത്. എന്നാൽ, അതോടൊപ്പം അത് ഇന്ദ്രിയങ്ങൾക്ക് അനുഭവഭേദ്യമാണെന്നതിനാൽ തന്നെ തീർത്തും ഗുണരഹിതവുമല്ല തന്നെ.
തുടരും: