ലോക് ഡൗൺ കാലത്തെ ഖുർആൻ വായന

മുഖ്താർ റാസി

ലോക് ഡൗൺ അനുഭവത്തെ ഒരു സത്യവിശ്വാസി എങ്ങനെ പരിഗണിക്കണം എന്നതിനെ സംബന്ധിച്ച ഖുർആനിക മാർഗദർശനം നിർദ്ധാരണം ചെയ്യുന്ന ലേഖനം. തിരുനബി(സ്വ) തങ്ങളുടെയും യൂസുഫ് നബി(അ) മിന്റെയും യൂനുസ് നബി(അ) മിന്റെയും ജീവിതത്തിലെ സവിശേഷമായ ചില സന്ദർഭങ്ങളെ മുൻനിറുത്തി പരീക്ഷണത്തിന്റെ ഈ തീക്ഷ്ണ കാലത്തെ അതിജയിക്കാൻ സത്യവിശ്വാസികളോട് പശ്ചാത്തപവും അല്ലാഹുവിനോടുള്ള അതിരറ്റ കൃതജ്ഞതയും അവന്റെ സ്മരണയും അധികരിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഉൾവെളിച്ചമേകുന്ന നിരീക്ഷണങ്ങൾ.

കോവിഡ് ഭീതിയിൽ രാജ്യം ലോക്ഡൗണിലാണ്. നിശ്ചലതയിലും നിശബ്ദതയിലുമായി മാസങ്ങൾ പിന്നിടുന്നു. ഇപ്പോൾ ചില ഇളവുകൾ അനുവദിക്കപ്പെടുകയും ജനജീവിതം സാധാരണ അവസ്ഥ വീണ്ടെടുക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഭീതിയും ആശങ്കയും വിട്ടുമാറാത്ത ഒരു മരവിപ്പ് ഒട്ടെല്ലാ മുഖങ്ങളിലും പ്രകടമാണിന്ന്. ചിലരെല്ലാം അത്യാവശ്യങ്ങൾക്കുവേണ്ടിയും തൊഴിലിടങ്ങളിലേക്കും പോകേണ്ടത് അനിവാര്യമാണെന്നതിനാൽ പുറത്തുപോകുന്നവരാണെങ്കിലും എല്ലാവർക്കും അവരവരുടെ വീടുകളിൽ അഭയം പ്രാപിക്കാൻ തന്നെയാണ് താത്പര്യം. വീടുകളിലൊതുങ്ങിക്കഴിയുന്ന ഈ സാഹചര്യത്തോടുള്ളവിശ്വാസിയുടെ വിനിമയം എവ്വിധമാകണം?വിശുദ്ധ ഖുർആനിൻ്റെ വെളിച്ചത്തിൽ അത്തരമൊരു വായനക്ക് ഇന്ന് പ്രസക്തിയേറെയാണ്.
നമ്മുടെ ഇന്നത്തെ ലോക് ഡൗൺജീവിതത്തിനു സമാനമായ ചില സന്ദർഭങ്ങൾ ഖുർആൻ്റെ പ്രാഥമിക വായനയിൽ തന്നെ നമുക്കു കണ്ടെടുക്കാനാവും. ശത്രുക്കളിൽ നിന്നും ഗുഹയിലഭയം തേടിയ തിരുനബി(സ)യും അബൂബക്ർ സിദ്ധീഖു (റ)വുo, ജയിലിലകപ്പെട്ട പ്രവാചകൻ യൂസുഫ്(അ), മത്സ്യവയറ്റിലകപ്പെട്ട യൂനുസ് (അ) എന്നിവരുടെ ചരിത്ര സംഭവങ്ങൾ അതിൽ ചിലതാണ്. ഈ ചരിത്ര കഥനങ്ങളത്രയും ലോക് ഡൗൺ കാല ജീവിതത്തെ സർഗാത്മകമായും ക്രിയാത്മകമായും ക്രമപ്പെടുത്തുന്നതിനു എന്തുകൊണ്ടും പ്രചോദനദായകമാണ്.
“നിങ്ങൾ പ്രവാചകനെ സഹായിക്കുന്നില്ലെങ്കിൽ സാരമില്ല, സത്യനിഷേധികൾ അദ്ദേഹത്തെ പുറത്താക്കിയ സന്ദർഭത്തിൽ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടിലൊരാൾ മാത്രമായിരുന്നപ്പോൾ, അവർ ഇരുവരും ആ ഗുഹയിലായിരുന്നപ്പോൾ, അദ്ദേഹം തന്റെ സഖാവിനോടു പറഞ്ഞു:’വ്യസനിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്”.(വിശുദ്ധഖുർആൻ9:40) ശത്രുക്കളിൽ നിന്നും ഗുഹയിലഭയം പ്രാപിച്ച പ്രവാചകർ (സ്വ)യുടെയും അബൂബക്കർ സിദ്ധീഖ് (റ)വിൻ്റെയും കഥയാണിവിടെ ഖുർആൻ ആവിഷ്കരിക്കുന്നത്. സമൂഹത്തിൽ നിന്നെല്ലാം അകന്ന് നാല് ചുവരുകൾക്കുള്ളിൽ കഴിയുമ്പോഴും വിശ്വാസി ഒറ്റപ്പെടുന്നില്ല. അവന് കൂട്ടിനായി അല്ലാഹു ഉണ്ട്. ഒറ്റപ്പെടലിൽ / മാറി നിൽക്കലിൽ / പ്രയാസഘട്ടങ്ങളിൽ വിശ്വാസി ദു:ഖിതനോ വിഷണ്ണനോ ആകേണ്ടതില്ല, അല്ലാഹു ഒപ്പമുണ്ടല്ലോ തുടങ്ങി ധൈര്യം പകരുന്ന വാക്കുകൾ അനുചരന് പറഞ്ഞു കൊടുക്കുകയായാണ് പ്രവാചകർ(സ). ഇതിൽ നമ്മുടെ ലോക് ഡൗൺ ജീവിതത്തിനും പ്രതീക്ഷകൾ നൽകുന്ന ചിലതുണ്ട്. നമുക്ക് ദു:ഖമൊട്ടുമേ വേണ്ട. നാം തനിച്ചല്ല അല്ലാഹു നമ്മോടൊപ്പമുണ്ട്. അവനിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം. തുടങ്ങിയ ആശ്വാസ വചസുകൾ നമ്മുടെ ആശ്രിതർക്ക് പകർന്ന് സാന്ത്വനമേകാൻ കഴിയണമെന്നു സാരം. അല്ലാഹു കൂടെയുണ്ട് എന്ന ബോധത്തോടെ എല്ലാം അവനിൽ ഭരമേൽപിക്കുന്ന സത്യവിശ്വാസികൾക്ക് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവനിൽ നിന്നുള്ള സഹായവും സംരക്ഷണവും തീർച്ചയായും വന്നെത്തുക തന്നെ ചെയ്യും. ഈ ബോദ്ധ്യമാണ് നാം നമ്മുടെ ആശ്രിതർക്കും സംബോധിതർക്കും പകർന്നു നൽകേണ്ടത്.
തടവിലായ പ്രവാചകൻ യൂസുഫ്(അ) ജയിലിൽ നടത്തിയ ക്രിയാത്മകവും ചിന്തോദ്ദീപകവുമായ ചുവടുവെപ്പുകൾ സൂറ: യൂസുഫിൽ വശ്യമായി ആവിഷ്കരിക്കുന്നുണ്ട്. ആ സൂക്തങ്ങൾ ഇപ്രകാരമാണ്: “അനന്തരം, അദ്ദേഹത്തെ ഒരവധിവരെ ജയിലിൽ പാർപ്പിക്കുകതന്നെ വേണമെന്ന് ആ ജനത്തിനു തോന്നി. തടവറയിൽ അദ്ദേഹത്തോടൊപ്പം വേറെ രണ്ടു യുവാക്കൾ കൂടി പ്രവേശിച്ചു. ഒരുനാൾ അവരിലൊരുവൻ പറഞ്ഞു: ‘ഞാൻ മദ്യം പിഴിഞ്ഞുകൊണ്ടിരിക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു.’ അപരൻ പറഞ്ഞു: ‘എന്റെ തലയിൽ റൊട്ടി ചുമന്നതായും പക്ഷികൾ അതു തിന്നുകൊണ്ടിരിക്കുന്നതായുമാകുന്നു ഞാൻ സ്വപ്നം കണ്ടത്.’ ഇരുവരും പറഞ്ഞു: ‘ഞങ്ങൾക്ക് ഇതിന്റെ വ്യാഖ്യാനം പറഞ്ഞുതരുക. താങ്കൾ ഒരു നല്ല മനുഷ്യനെന്നു ഞങ്ങൾ കാണുന്നുവല്ലോ ‘.യൂസുഫ് പറഞ്ഞു: ‘നിങ്ങൾക്ക് ഭക്ഷണം എത്തുന്നതിനു മുമ്പായി ഞാൻ ഈ സ്വപ്നങ്ങൾ വ്യാഖ്യാനിച്ചുതരാം. അത് എന്റെ നാഥൻ എനിക്ക് പ്രദാനംചെയ്ത ജ്ഞാനങ്ങളിൽ പെട്ടതാകുന്നു. വാസ്തവം പറഞ്ഞാൽ അല്ലാഹുവിൽ വിശ്വസിക്കാതെയും പരലോകത്തെ നിഷേധിച്ചുമിരിക്കുന്ന ഈ ജനത്തിന്റെ മാർഗത്തെ ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. എന്റെ പുണ്യപിതാക്കളായ ഇബ്റാഹീമിന്റെയും ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാർഗമാകുന്നു ഞാൻ സ്വീകരിച്ചിട്ടുളളത്. അല്ലാഹുവിനോടൊപ്പം പങ്കാളികളെ സ്വീകരിക്കാൻ ഞങ്ങൾക്ക് അവകാശമില്ല.(നമ്മെ അവൻ്റെ മാത്രം അടിമയാക്കിയത് ) യഥാർത്ഥത്തിൽ അല്ലാഹു നമ്മോടും സകലമാന മനുഷ്യരോടും ചെയ്ത അനുഗ്രഹമാകുന്നു. പക്ഷേ, അധികജനവും നന്ദി കാണിക്കുന്നില്ല. അല്ലയോ ജയിൽസഖാക്കളേ, സ്വയം ചിന്തിച്ചുനോക്കുക, വിഭിന്നരായ പല ദൈവങ്ങളാണോ, അതല്ല സര്വത്തെയും അടക്കിവാഴുന്ന ഏകനായ അല്ലാഹുവാണോ ഉത്തമം? അവനെക്കൂടാതെ നിങ്ങള് ആരാധിച്ചുകൊണ്ടിരിക്കുന്നതെല്ലാം തന്നെ നിങ്ങളും നിങ്ങളുടെ പൂർവപിതാക്കളും വിളിച്ച ചില പേരുകളല്ലാതെ ഒന്നുമല്ല. അല്ലാഹു, അതിന് ഒരു പ്രമാണവുമവതരിപ്പിച്ചുതന്നിട്ടില്ല. ശാസനാധികാരമാകട്ടെ, അല്ലാഹുവിനല്ലാതെ മറ്റാർക്കുമില്ല. അവനെക്കൂടാതെ മറ്റാർക്കും നിങ്ങൾ അടിമപ്പെടരുതെന്ന് അവൻ കല്പിച്ചിരിക്കുന്നു. അതത്രെ തികച്ചും ചൊവ്വായ ജീവിതമാർഗം. പക്ഷേ, അധിക ജനവും അറിയുന്നില്ല. അല്ലയോ ജയിൽ സഖാക്കളേ, നിങ്ങളുടെ സ്വപ്നത്തിന്റെ അർത്ഥം ഇതാ: നിങ്ങളിലൊരുവൻ തന്റെ യജമാനന്ന് (മിസ്റിലെ രാജാവിന്) മദ്യം വിളമ്പും. എന്നാൽ മറ്റവനോ, അവൻ ക്രൂശിക്കപ്പെടുന്നതും അവന്റെ ശിരസ്സ് പക്ഷികൾ കൊത്തിത്തിന്നുന്നതുമാകുന്നു. നിങ്ങള് അന്വേഷിച്ച കാര്യം തീരുമാനിക്കപ്പെട്ടിരിക്കുന്നു. (വിശുദ്ധ ഖുർആൻ 12:(35-41) )
യൂസുഫ്(അ) എങ്ങനെയാണ് ജയിൽ ജീവിതം ക്രിയാത്മകമാക്കിയതെന്ന് മേൽ സൂക്തങ്ങളിൽ നിന്ന് വായിച്ചെടുക്കാം. ജയിലിൻ്റെ ഇരുട്ടറയിലദ്ദേഹം സഹാനുഭൂതിയുടെയും ചിന്തയുടെയും സത്യാന്വേഷണങ്ങളുടെയും തിരികൾ കൊളുത്തി വെക്കുന്നുണ്ട്. ജയിൽ സഖാക്കൾക്ക് യൂസുഫ് (അ) നെ കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. ഒരു നല്ല മനുഷ്യനായി നിങ്ങളെ കാണുന്നുവെന്നവർ യൂസുഫ്(അ)നോട് തുറന്നു പറയുന്നു. അവർക്കിടയിൽ അദ്ദേഹം നല്ല രൂപത്തിൽ വർത്തിച്ചിരുന്നുവെന്ന് ചുരുക്കം. ഇതിൽ നമുക്കുള്ള പാഠം വീട്ടുകാരോട്, നാട്ടുകാരോട് നല്ല നിലയിൽ ഈ കാലത്തും മറ്റെല്ലാ കാലത്തും നാം വർത്തിക്കണം എന്നാണ്. സഹതടവുകാർക്കു മുന്നിൽ സ്വാത്മ സ്വത്വത്തെ കുറിച്ചു വിചിന്തനം നടത്താനുള്ള വിശാല വാതായനങ്ങൾ മലർക്കെ തുറക്കുകയും അവരെ കൈ പിടിച്ച് നടത്തുകയും ചെയ്ത യൂസുഫ് (അ)ൻ്റെ പ്രബോധന പരതയും ഈ സൂക്താംശത്തിൽ തിളങ്ങിക്കാണുന്നുണ്ട്. ഏകാന്തതയുടെ ദിനരാത്രങ്ങളെ നിർമ്മാണത്മകവും ക്രിയാത്മകവുമായാണ് യൂസുഫ്(അ) ഉം ഉപയോഗിച്ചത്. ലോക് ഡൗൺ കാലത്തെ വിശ്വാസി യൂസുഫിനെപ്പോലെയാവേണ്ടതുണ്ട്. യൂസുഫ് (അ) മിൽ സുന്ദരമായ മാതൃകയുണ്ട്. ഇനി, മറ്റൊരു ഖുർആൻ വാചകത്തിലേക്ക് നോക്കൂ:
“മത്സ്യക്കാരനെയും നാം അനുഗ്രഹിച്ചിട്ടുണ്ട്; അദ്ദേഹം പിണങ്ങിപ്പോയപ്പോൾ. നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. ഒടുവിൽ അന്ധകാരങ്ങളിൽവെച്ച് യൂനുസ് കേണു: ‘നീയല്ലാതെ ദൈവമില്ല. നീ അത്യന്തം പരിശുദ്ധനല്ലോ. ഞാനോ, നിസ്സംശയം തെറ്റു ചെയ്തുപോയി.’ അങ്ങനെ, നാം അദ്ദേഹത്തിന്റെ പ്രാർത്ഥന സ്വീകരിച്ചു. അദ്ദേഹത്തെ ആധിയില്നിന്നു മുക്തനാക്കുകയും ചെയ്തു. വിശ്വാസികളെ നാം ഇങ്ങനെ രക്ഷപ്പെടുത്തുന്നു.”(വിശുദ്ധ ഖുർആൻ (21:87,88) ).
മൽസ്യവയറ്റിലകപ്പെട്ട യൂനുസ് നബി (അ) ആ ഇരുട്ടിൽ പശ്ചാത്തപത്താലും ഇലാഹി സ്മരണയാലും സക്രിയമാക്കുകയായിരുന്നു. ഈ മാതൃക പിൻപറ്റി സ്വന്തം പാപങ്ങളെ കുറിച്ചുള്ള പശ്ചാത്തപത്താലും അല്ലാഹു തആല നമ്മിൽ ചൊരിയുന്ന അളവറ്റ അനുഗ്രഹങ്ങളോടുള്ള കൃതജ്ഞത കൊണ്ടും അവനോടുള്ള കലർപ്പറ്റ പ്രണയത്താലും നമ്മുടെ ആന്തരികാവസ്ഥകൾ സജീവമാകണം. ഈയവസ്ഥ നമ്മിൽ സംജാതമായാൽ പിന്നെ പ്രണയഭാജനമായ ആ ഇലാഹിന്റെ സ്മരണയല്ലാതെ നമുക്ക് ആനന്ദവും അഭയവും പകരുന്ന മറ്റെന്തുണ്ട് ഈ ജീവിതത്തിൽ!
അതിനാൽ അല്ലാഹു കൂടെയുണ്ട് എന്ന ബോധത്തോടെ അവൻ മാത്രമാണ് എനിക്ക് അഭയവും ആനന്ദവുമായുള്ളവൻ എന്ന ബോദ്ധ്യത്തോടെ സദാ അവനെ സംബന്ധിച്ചുള്ള ദിക്റുകളിലായി നമ്മളും ഈ ലോക് ഡൗൺ കാലം സുന്ദരമാക്കണം. മേൽ പറഞ്ഞ സൂക്തങ്ങളിൽ നിന്നത്രയും നമുക്ക് ഗ്രഹിക്കാനാവുന്നത് വിശുദ്ധ ഖുർആൻ നമ്മുടെ ഇന്നത്തെ സ്ഥിതി വിശേഷങ്ങളോട് ക്രിയാത്മകമായി സംവദിക്കുന്നുണ്ട് എന്നും നമുക്ക് കൃത്യമായും മാർഗദർശനം നൽകുന്നുണ്ട് എന്നുമാണ്. പ്രാഥമിക വായനയിൽ നമുക്കു മുന്നിൽ തെളിയുന്ന മാതൃകകളാണ് തിരുനബി(സ)യും യൂസുഫ്, യൂനുസ് (അ) പ്രവാചകന്മാരും. ലോക്ഡൗൺ എന്നാൽ ഒരു ബന്ധനമായി അനുഭവിക്കാതെ, വിനോദങ്ങളിലും അല്ലാഹുവിനെ സംബന്ധിച്ച വിസ്മൃതിയിലുമായി നാളുകൾ നഷ്ടമാക്കാതെ ഈ പ്രത്യേക കാലം ക്രിയാത്മകമാക്കാൻ പ്രേരിപ്പിക്കുന്ന ഖുർആനികമായ മാർഗദർശനങ്ങൾ തീർച്ചയായും നമ്മുടെ ജീവിതത്തെ പ്രകാശപൂരിതമാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ പരീക്ഷണ കാലത്തെ യഥോചിതം തിരിച്ചറിഞ്ഞവരും അതിന്റെ ശരിയായ ഫലം സിദ്ധിച്ചവരുമായി മാറാൻ നമുക്ക് സാധിക്കുകയുള്ളൂ. ലോക്ഡൗൺ കാലത്തെ സർഗ്ഗാത്മകമാക്കുക എന്നതിന്റെ പ്രഥമമായ അർത്ഥം ഇതും കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy