മുഹമ്മദ് സിറാജ് റഹ്മാൻ ശ്രീകണ്ഠപുരം
കേരള മുസ്ലിം ചരിത്ര ഗവേഷണ രംഗത്ത് നിർണ്ണായകമായ വഴിത്തിരിവുകൾക്ക് കാരണമാകേണ്ട ശ്രീകണ്ഠാപുരത്തെ മഖാം മസ്ജിദിലെ ഖബ്റുകളിലൊന്നിൽ രേഖപ്പെടുത്തപ്പെട്ട ശിലാലിഖിതത്തെ മുൻനിറുത്തി പ്രദേശത്തെ മുസ്ലിം അധിവാസത്തിന്റെ കാലപഴക്കം നിർദ്ധാരണം ചെയ്യുന്ന പഠന ലേഖനത്തിന്റെ ആദ്യഭാഗം. ഇതിനകം പുറത്തുവന്ന ഈ മേഖലയിലെ ചില പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ ഇസ്ലാമികാഗമനത്തിന്റെ പഴക്കത്തെ കുറിച്ച സാമ്പ്രദായികമായ ഔദ്യോഗിക ചരിത്ര വീക്ഷണങ്ങളെ പൊളിച്ചെഴുതുന്ന പ്രമാണ പ്രാബല്യമുള്ള നിരീക്ഷണങ്ങൾ.
ചരിത്രരചനാശാസ്ത്രത്തിലെ അദ്വീതിയ(Primary )മായ ഉപദാനമാണ് വിവിധ ഭാഷകളിലും അല്ലാതെയും രേഖപ്പെടുത്തി വെച്ച ലിഖിതങ്ങൾ (Inscription’s). എന്നാൽ കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലിം സമൂഹത്തിന്റെ ആദ്യകാലത്തിലെയും മധ്യഘട്ടത്തിലെയും ചരിത്രത്തിന്റെ തിരച്ചിലുകളിൽ സഞ്ചാരസാഹിത്യ (Travelogue)ങ്ങളിലെ ചില പ്രയോഗങ്ങൾ മൂലം വന്നുഭവിച്ച ചില വ്യക്തതയില്ലായ്മയും ആശയക്കുഴപ്പവും ഇന്നും നിലനിൽക്കുന്നുണ്ട്. ഇവിടെയാണ് കേരളത്തിലെ ആദ്യകാല വാണിജ്യകേന്ദ്രങ്ങളായിരുന്ന ചില പ്രദേശങ്ങളിലെ
അറബ് ലിഖിതങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പ്രസക്തമാവുന്നത്.
കേരളത്തിലെ ഇസ്ലാമിന്റെയും മുസ്ലിം പൈതൃകത്തിന്റെയും ആദ്യകാലത്തെയും മധ്യകാലത്തെയും സംബന്ധിച്ചുള്ള എപ്പിഗ്രഫി ( Eppigraphy) ക്കൽ വായനകൾക്കും അതിനെ ബന്ധപ്പെടുത്തിയുള്ള എഥ്നോഗ്രഫിക് (ethnography) ഗവേഷണങ്ങൾക്കും വലിയ സംഭാവനകൾ നൽകാനാവും എന്ന കാര്യം തീർച്ചയാണ് താനും. വ്യവസ്ഥാപിതമാണെന്ന് കണക്കുകൂട്ടുന്ന കേരളചരിത്രത്തിലെ ചില മിഥ്യാധാരണകളെ തിരുത്തിയെഴുതാൻ കൂടി കെൽപ്പുള്ള ഇത്തരം സാധ്യതകളുടെ ചരിത്ര( history of Posibilities) ങ്ങൾക്കുള്ള ഇടങ്ങളാണ് ഈ പ്രബന്ധം അന്വേഷിക്കുന്നത്. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്ത് അവശേഷിക്കുന്ന ലിഖിതങ്ങളെക്കുറിച്ചുള്ള വായനകൾ അതിന് മികച്ച സംഭാവനകൾ നൽകാൻ പോന്നവയാണ്.
ശ്രീകണ്ഠപുരത്തിന്റെ വിദേശസമ്പർക്കങ്ങൾ;ഒരു മുഖവുര
മാലിക് ബ്നു ദീനാറിന്റെ നേതൃത്യത്തിൽ കേരളത്തിൽ സ്ഥാപിക്കപ്പെട്ട പള്ളികളിലൊന്ന് സ്ഥിതി ചെയ്യുന്നയിടമാണ് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം എന്നാണ് പാരമ്പര്യമായി വിശ്വസിച്ചു പോരുന്നത്. പ്രസ്തുത പ്രദേശത്തിനടുത്തുള്ള നടുവിൽ എന്നയിടത്ത് നിന്ന് കണ്ടെടുക്കപ്പെട്ട മുനിയറ(Rock Cut Caves) യും റോമൻ നാണയങ്ങളും ഭൂഭാഗത്തിലെ മനുഷ്യവാസത്തിന്റെ പഴക്കത്തെയും വിദേശികളുമായുള്ള സമ്പർക്കത്തെയും കുറിക്കുന്നുണ്ട്. എ.ഡി മൂന്നാം നൂറ്റാണ്ടോടെ റോമൻ സാമ്രാജ്യം തകർന്നതോടെ അറബിക്കടലിലെ വാണിജ്യമധ്യവർത്തികളുടെ സ്ഥാനത്തുണ്ടായിരുന്ന യവനന്മാർക്ക് പകരം ആ പദവി അറബികളിലെത്തിച്ചേർന്നതിനാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു അറബ് വാണിജ്യബന്ധം പ്രദേശത്തിനുണ്ടെന്ന് അവകാശപ്പെട്ടാൽ നിഷേധിക്കാനാവില്ല.
ക്രിസ്താബ്ദത്തിന്റെ തുടക്കക്കാലത്ത് തന്നെ ശ്രീകണ്ഠാപുരം ഒരു വാണിജ്യകേന്ദ്രമായി വളർന്നു വന്നതിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. കണ്ണൂരിലെ പ്രധാനപ്പെട്ട പുഴയായ വളപട്ടണം പുഴയുടെ കൈവഴിയാണ് ശ്രീകണ്ഠാപുരം പുഴ. ബ്രഹ്മഗിരി ( 1350 മീറ്റർ ഉയരം) മലനിരകളുടെ വടക്കെ ചെരിവിൽ നിന്ന് ഉത്ഭവിച്ച് അഴിമുഖത്തേക്ക് 110 കിലോമീറ്റർ ഒഴുകുന്ന വളപട്ടണംപുഴ നീളം കൊണ്ട് കേരളത്തിൽ ഒമ്പതാം സ്ഥാനത്തും ജലപ്രവാഹത്തിൽ നാലാം സ്ഥാനത്തുമാണ്. പുഴ തുറന്നുതരുന്ന ജലപാതയിലൂടെ ഇരിട്ടി, ഇരിക്കൂർ, പയ്യാവൂർ, ചെമ്പേരി, ഉളിക്കൽ മേഖലകളിൽ നിന്നുള്ള തദ്ദേശിയരായ കച്ചവടക്കാർ ശ്രീകണ്ഠാപുരത്ത് എത്തിച്ചേർന്നിരുന്നു. കൂടാതെ ഇന്നത്തെ കർണാടകയിലെ കുടകിൽ നിന്നുള്ള വിഭവങ്ങളും മൈസൂരിലെ ചന്ദനത്തടികളും അഴിമുഖങ്ങളിലേക്ക് എത്തിച്ചിരുന്നത് പുഴയുടെ കൈവഴികളിലൂടെയാണ്. കുരുമുളക് പോലുള്ള സുഗന്ധവ്യജ്ഞനങ്ങൾക്ക് കരമാർഗം ഒരു വാണിജ്യപാത ഉണ്ടായിരുന്നുവെന്നും ഇത്തരത്തിലുള്ള ഒന്നിലധികം പാതകൾ സംഗമിക്കുന്നയിടമാണ് ശ്രീകണ്ഠാപുരത്തിനടുത്തുള്ള ‘കൂട്ടുമുഖം’ എന്ന് അനുമാനിക്കപ്പെടുന്നു. ‘കൂട്ടുമുഖം’ എന്ന സ്ഥലനാമത്തിന്റെ പിറകിൽ ഇത്തരം സാധ്യതകളുണ്ട് താനും. എന്നിരുന്നാലും ചെലവു കുറഞ്ഞതും ലഭ്യമായതുമായ ഗതാഗതമാർഗം എന്ന നിലയിൽ ജലഗതാഗതം വാണിജ്യപരമായി തന്ത്രപ്രധാനമായിത്തീർന്ന ശ്രീകണ്ഠാപുരത്തെ വികസിപ്പിച്ചു എന്ന് പറയാം .
പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട അതുലന്റെ മൂഷകരാജവംശ സംബന്ധിയായ മൂഷകകാവ്യം, സമകാലീനനായിരുന്ന ഭരണകർത്താവ് ശ്രീകണ്ഠൻ രാജാവിന്റെ തന്ത്രപ്രധാനമായ ഇടമായിരുന്നു അന്നത്തെ ചെറുപട്ടണം എന്ന് വ്യക്തമാക്കുന്നുണ്ട്. ശ്രീകണ്ഠൻ മുൻഗാമികളെക്കാൾ ചെറുപട്ടണത്തിന് നൽകിയ പ്രാധാന്യത്താലാവും ശ്രീകണ്ഠന്റെ സ്ഥലം എന്ന അർഥത്തിലുള്ള “ശ്രീകണ്ഠാപുരം ” എന്ന പ്രാദേശികനാമം രൂപപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.
ചെറു( ജുർ), പട്ടണം(ഫത്തൻ ) എന്നിവ ലോപിച്ചാണ് അറബ്ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന ജുർഫത്തൻ എന്ന നാമമുണ്ടയതെന്ന് ജെ.പി.ബി മോർ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ കോലോത്തിരിയുടെ വംശശാഖയായ കരിപ്പത്ത് എന്ന കുടുംബമാണ് ശ്രീകണ്ഠപുരം ഭരിച്ചിരുന്നതെന്നും അവരിലേക്ക് ബന്ധപ്പെടുത്തിയാണ് അത് രൂപം പ്രാപിച്ചതെന്നാണ് വേലായുധൻ പണിക്കശ്ശേരി അഭിപ്രായപ്പെടുന്നത്. ആത്യന്തികമായി ശ്രീകണ്ഠാപുരം എന്ന പ്രദേശം എത്തരുണത്തിലായിരുന്നു ഒരു വാണിജ്യകേന്ദ്രമായി തീർന്നത് എന്നതിലേക്കാണ് ഇത്തരം സ്ഥലനാമ പഠനങ്ങൾ (Toponomy) വെളിച്ചം വീശുന്നത്.
സഞ്ചാരികളുടെ വിവരണങ്ങളും ശ്രീകണ്ഠാപുരത്തിന്റെ മുൻ കാലത്തെ പ്രാധാന്യം വെളിപ്പെടുത്തുന്നു. കേരളത്തിൽ സന്ദർശനം നടത്തിയതിന് തക്കതായ തെളിവുകൾ ലഭ്യമല്ലെങ്കിലും കൂറെകൂടി സത്യസന്ധമാണെന്ന് വിലയിരുത്തപ്പെടുന്ന അൽ ഇദ്രീസിയുടെ ഗ്രന്ഥ (കിത്താബുന്നുസ്വഹത്തുൽ മുശ്താഖ് ഫീ ഇഖ്ത്താഖിൽ ആഫാഖ്) ത്തിൽ കുരുമുളക് ധാരാളമായി ഉൽപാദിപ്പിക്കുന്ന പ്രദേശമായിട്ടാണ് ശ്രീകണ്ഠാപുരത്തെ എണ്ണുന്നത്.
1342 ൽ പ്രദേശം സന്ദർശിച്ച മൊറൊക്കൻ സഞ്ചാരി ഇബ്നു ബത്തൂത്ത താൻ കണ്ട തീരങ്ങളിലെ ഏറ്റവും വലിയ രാജാക്കന്മാരിലൊരാളായാണ് ശ്രീകണ്ഠാപുരത്തെ ഭരണാധികാരിയെ തന്റെ ഗ്രന്ഥ ( റിഹ് ല) ത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബാഗ്ദാദിനടുത്തുള്ള സർസര സ്വദേശിയായ മുസ്ലിം മതപണ്ഡിതനെ കണ്ടതും അദ്ദേഹത്തിന്റെ സഹോദരൻ കുടുംബ സമേതം അവിടെയാണ് താമസമെന്ന വിവരം പറഞ്ഞതായും ഇബ്നു ബത്തുത്ത ഓർക്കുന്നുണ്ട്. ഇത് പ്രദേശത്ത അറബ് കുടിയേറ്റങ്ങളെക്കുറിച്ചുള്ള സാധ്യതകൾ ആരായുന്നു. ഇരിക്കൂർ നിലാമുറ്റം മഖാമിലെ മധ്യകാലത്തേത് എന്നനുമാനിക്കപ്പെടുന്ന ഖബ്റുകൾ ഈ സാധ്യതകളെ ബലപ്പെടുത്തുന്നുമുണ്ട്. ശ്രീകണ്ഠപുരം മാലിക് ദിനാർ മഖാം മസ്ജിദിന് സമീപമുള്ള “ജൂതർമന്ന” എന്ന നിശ്ചിതമേഖല കേരളത്തിൽ ആറാം നൂറ്റാണ്ട് മുമ്പ് മുതലേയുള്ള ജൂത കുടിയേറ്റത്തിന്റെ ഭാഗമായുണ്ടായ സമ്പർക്കങ്ങൾ ശ്രീകണ്ഠാപുരത്തും എത്തിച്ചേർന്നിരുന്നു എന്ന സാധ്യതയെയും വ്യക്തമാക്കുന്നുണ്ട്.
ചുരുക്കത്തിൽ ക്രിസ്താബ്ദത്തിന്റെ ആരംഭം മുതൽ തന്നെ മലബാറിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളിലൊന്നായി ഇന്നത്തെ ശ്രീകണ്ഠാപുരം വർത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലെത്തിച്ചേരാൻ സാധിക്കുന്നുണ്ട്.
ശ്രീകണ്ഠാപുരം ലിഖിതങ്ങൾ
ജർഫത്തൻ/ചെറുപട്ടണം എന്നറിയപ്പെട്ടിരുന്ന ശ്രീകണ്ഠാപുരത്തെ മാലിക് ഇബ്നു ദീനാർ ജുമാമസ്ജിദിൽ നിന്ന് അൽപം ദൂരെയായി സ്ഥിതി ചെയ്യുന്ന മഖാം മസ്ജിദിൽ മൂന്ന് ഖബറുകൾ കാണാൻ സാധിക്കുന്നുണ്ട്. ഈ മൂന്ന് ഖബ്റുകളിലും ശിലാലിഖിതങ്ങൾ കാണാൻ സാധിക്കുമെങ്കിലും രണ്ട് ലിഖിതങ്ങൾ തേഞ്ഞുമാഞ്ഞു പോയ സ്ഥിതിയിലാണുളളത്. ശ്രീകണ്ഠാപുരത്തെ ആദ്യ ഖാസിയായിരുന്ന സൈനുദ്ദീൻ ഉമർ ഇബ്നുൽ മുഹമ്മദുൽ മാലിക്ക്, അദിയു ബ്നു ഹാതിം(റ), ഉമർ മുഹ്ളാർ എന്നിവരുടേതാണ് ഈ ഖബ്റുകൾ എന്നാണ് പാരമ്പര്യമായി വിശ്വസിച്ചുപോരുന്നത്. കൂടാതെ പഴയങ്ങാടി മാലിക്ദീനാർ മസ്ജിദിലുള്ള ഒരു ഖബ്ർ/മഖാം ഹബീബ് ബ്നു മാലിക്ക്(റ)വിന്റെതാണെന്നും വിശ്വസിക്കപ്പെടുന്നു. അദിയ്യു ബ്നു ഹാതിം(റ) പ്രവാചകർ മുഹമ്മദ് (സ്വ) തങ്ങളോടൊപ്പം സഹവസിച്ച വ്യക്തി (സ്വഹാബി ) യാണെന്നും 200 അനുയായികളുമായിട്ടായിരുന്നു മതപ്രബോധനത്തിലേർപ്പെട്ടതെന്നുമാണ് പാരമ്പര്യവിശ്വാസം.
ഡോ:സി.കെ കരീമിൻ്റെ 1997 ൽ പ്രസിദ്ധീകരിച്ച “കേരള മുസ്ലിം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി ” എന്ന ഗവേഷണ ഗ്രന്ഥത്തിൽ ഈ
ലിഖിതത്തെ കുറിച്ച് പരാമർശിക്കപ്പെടുന്നുണ്ട്. അദ്ദേഹം ലിഖിതത്തിൻ്റെ രേഖാചിത്രവും അതിലുൾപ്പെടുത്തിയിരുന്നു . വി.എ അഹ്മദ് കബീർ “മാലിക് ബിൻ ദിനാർ (റ) – കേരളത്തിലെത്തിയ സ്വഹാബാക്കൾ ” , “കേരളത്തിലെത്തിയ സ്വഹാബാക്കൾ” (ക്രസന്റ് അക്കാദമി. തിരുവനന്തപുരം. 1994) എന്നീ രണ്ടുഗ്രന്ഥങ്ങളിലും പ്രസ്തുത ലിഖിതത്തെക്കുറിച്ചുള്ള ചർച്ചകൾ രേഖാചിത്രങ്ങളടക്കം രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് കാണാം .
എന്നാൽ ഇവർ രണ്ടുപേരും അവരെ അടിസ്ഥാനമാക്കിയവരും ശിലാലിഖിതം വായിച്ചത് ഇപ്രകാരമായിരുന്നു :
“പരമകാരുണികനും കരുണാവാരിധിയായ അള്ളാഹുവിന്റെ മാർഗത്തിൽ, ഈ ഖബർ അദിയ്യ് ബ്നു ഹാതിം(റ)ന്റേതാണ്. പ്രവാചകന്റെ കാലത്ത് ഇവിടെ വരികയും ഹിജ്റ:74 ൽ വഫാത്താവുകയും ചെയ്തു. കരുണാമയനായ നാഥാ, നിന്റെ അനുഗ്രഹങ്ങൾ ഇദ്ദേഹത്തിൽ ചെരിയേണമേ. ആമീൻ”.
എന്നാൽ ഇത് അദിയ്യ് ബ്നു ഹാതിം അല്ല അലിയ്യ് ബ്നു ഹാനിം ആണെന്നാണ് അടുത്ത കാലത്ത് ചരിത്രഗവേഷകനായ അബ്ദുല്ല അഞ്ചിലത്ത് കണ്ടെത്തിയിരിക്കുന്നത്. അബൂ ത്വരീഫ്, അബൂവഗ്ബ് എന്നീ വിളിപ്പേരുള്ള സ്വഹാബിവര്യനായ അദിയ്യ് ബ്നു ഹാതിം ത്വയ്യിഅ് ഗോത്രനേതാക്കളിൽ നിന്ന് ചിലർ ഇസ്ലാമിശ്ശേഷത്തിന് പ്രവാചകനെ സമീപിച്ചപ്പോഴും ആ സംഘത്തിലുണ്ടായിരുന്നില്ല. ഇസ്ലാമികവിശ്വാസം സ്വീകരിക്കുന്നതിന് മുമ്പ് അദ്ദേഹം ക്രിസ്തുമതവിശ്വാസിയായിരുന്നു. പിൽക്കാലത്ത് പ്രവാചകൻ മുഹമ്മദ്(സ്വ), ഇസ്ലാമികഖിലാഫത്തിലെ രണ്ടാം ഖലീഫയായിരുന്ന ഉമർ(റ) എന്നിവരിൽ നിന്ന് ഹദീസുകൾ ഉദ്ധരിച്ചതായി കാണാൻ സാധിക്കുന്നുണ്ട്. പ്രവാചകന്റെ വിയോഗാനന്തരം ചില അറബ് ഗോത്രങ്ങൾ മതപരിത്യാഗത്തിലേർപ്പെട്ടപ്പോഴും അദ്ദേഹവും ഗോത്രവും ഉറച്ചു നിന്നിരുന്നുവെന്നും ഇസ്ലാമികചരിത്രഗ്രന്ഥ(സീറകൾ)ങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മദയ്ൻ വിമോചനം, ഖാദിസിയ്യ, നഹ്റവാൻ യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഖാലിദ് ബ്നു വലീദി(റ)ന്റെ നേതൃത്വത്തിൽ നടത്തിയ സൈനികനീക്കങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജമൽയുദ്ധത്തിൽ അദ്ദേഹം അലിയ്യ് ബ്നു അബീത്വാലിബ്(റ)വിന്റെ പക്ഷത്തായിരുന്നുവെന്നും പ്രസ്തുതയുദ്ധത്തിൽ അദിയ്യിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നുവെന്നും രേഖപ്പെടുത്തികാണുന്നു. സ്ഥിരതാമസം കൂഫയിലുണ്ടായിരുന്ന അദിയ്യ് ബ്നു ഹാതിം(റ) തന്റെ 120 വയസ്സായപ്പോഴാണ് ഹി: 68/എ.ഡി:687) ൽ മരണപ്പെടുകയും അവിടെ തന്നെ സംസ്കരിക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഒരു വ്യക്തി എങ്ങനെ മലബാറിലെ പ്രബോധന സംഘത്തിലുണ്ടായിരുന്നുവെന്നും ശ്രീകണ്ഠാപുരത്ത് അന്ത്യവിശ്രമം കൊള്ളുന്നുവെന്നുമുള്ള ചരിത്രപരമായ പൊരുത്തക്കേട് അഞ്ചില്ലത്ത് ഉയർത്തിപ്പിടിക്കുന്നുണ്ട്. അദ്ദേഹം ലിഖിതം തിരുത്തി വായിക്കുന്നത് ഇങ്ങനെയാണ്:
“പരമദയാലുവും കരുണാവാരിധിയുമായ അള്ളാഹുവിന്റെ നാമത്തിൽ ഇവിടെ ഖബറടക്കം ചെയ്യപ്പെട്ടത് അലിയ്യു ബ്നു ഹാനിം. അദ്ദേഹത്തിന്റെ മേൽ ദുആയും കരുണയും ഉണ്ടാകുമാറാവട്ടെ. റബീഉൽ ആഖിർ മാസം ഹിജ്റ – 74” ( എ.ഡി: 693 ആഗസ്റ്റ് ).
ശ്രീകണ്ഠാപുരം ലിഖിതത്തിന്റെ എപ്പിഗ്രഫിക് പഠനങ്ങൾ എത്തിച്ചേരുന്ന നിഗമനങ്ങൾ വളരെ ശക്തമായ അടിത്തായുള്ളതാണ്. ശിലാലിഖിതത്തിൽ കാലപ്പഴക്കത്തെ നിർണയിക്കുന്നതിൽ ഏറ്റവും പ്രാധാന്യമുള്ളതും പ്രാമാണികവുമായ തെളിവാണ് ഹിജ്റ 74 റബീഉൽ ആഖിർ മാസം എന്ന പരാമർശം. ഹിജ്റ ഒന്നാം നൂറ്റാണ്ടിലേതെന്ന് പരിഗണിക്കപ്പെടുന്ന അഖബാ, കെയ്റോ, ഈജിപ്തിലെ തന്നെ അശ്വൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ നിന്നും അൽഹാജ്റിനു സമീപസ്ഥമായ Al Mu’tadilp Wadi -I – Shamiya എന്നിവിടത്തുനിന്നും കണ്ടെടുക്കപ്പെട്ട ലിഖിതങ്ങളോട് ഭാഷാപരമായും ഘടനാപരമായും വ്യക്തമായ സാമ്യത വെച്ചുപുലർത്തുന്നുണ്ട് ശ്രീകണ്ഠാപുരം ലിഖിതം.
ശ്രീകണ്ഠാപുരം ലിഖിതം, ഹിജ്റ ഒന്നാം നൂറ്റാണ്ടിലേത്!
ഇസ്ലാമിന്റെ സ്വാധീനം അറബികളിൽ നിന്നും അനറബികളിലേക്ക് വിശാലപ്പെടുത്താനും നവ മുസ്ലിം വിശ്വാസികൾക്ക് ഖുർആനും മറ്റും വായിച്ചെടുക്കാനുള്ള വൈഷമ്യങ്ങൾ പരിഹരിക്കാനും അബ്ദുൾമലിക് ഇബ്നു മാർവാന്റെ നിർദ്ദേശപ്രകാരം ഹജ്ജാജ് ബ്നു യൂസുഫിൻ്റെ നേതൃത്യത്തിലായിരുന്നു അറബി അക്ഷരങ്ങൾ വേർതിരിച്ചറിയാനുള്ള പുള്ളികൾ നൽകിതുടങ്ങുന്നത്. ഈ പരിഷ്കാരങ്ങൾ ഹിജ്റ 80 കളിലാണ് നിലവിൽ വരുന്നത്. അറബി ലിപിയുടെ രൂപീകരണത്തിൽ നിർണായകമായ സ്വാധീന്യം ചെലുത്തിയ അരമായിക് ലിപിയിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞ നബ്ത്വിയൻ ലിപിയിൽ നിന്നാണ് നസ്ഖി ലിപിയും കൂഫിക്ക് ലിപിയും രൂപപ്പെടുന്നത്. ആദ്യകാലങ്ങളിൽ അറബിയെഴുത്തുകളെ “റസ്മ് ” എന്നും വിളിക്കാറുണ്ടായിരുന്നു. ഇത് നബ്ത്വിയൻ ലിപിയിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന വികസിത രൂപമാണ്. പ്രസ്തുത റസ്മ് ലിപിയുടെ വളയാത്തതും കോണാകൃതിയിലുള്ള പ്രകൃതവും അക്ഷരങ്ങളുടെ വലുപ്പത്തിലെ സമമായ അനുപാതവും കൂഫിലിപിയിൽ അനുരണനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ ഉദാഹരണം കൂടിയാണ് ശ്രീകണ്ഠാപുരം ലിഖിതം. ഇത്തരം അറബി ലിപിയുടെ ചരിത്രപരമായ വികാസങ്ങളുടെ മാനദണ്ഡത്തിൽ ശ്രീകണ്ഠാപുരം ലിഖിതം ഹിജ്റ 80കളിലെ പരിഷ്കരണത്തിന് മുമ്പുള്ള വാചകഘടനയിലും ലിപിയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അറബിഭാഷാ പണ്ഡിതന്മാർക്കും ഗവേഷകർക്കും തിരിച്ചറിയാൻ സാധിക്കും. എന്നാൽ ലിഖിതത്തിന് ഹിജ്റ 80 കളിലെ പരിഷ്കരണത്തിന് മുമ്പുള്ള കൂഫിലിപിയുമായുള്ള സാമ്യതകൾ “സ്വഹാബ കേരളത്തിലേക്ക് ” എന്ന 2008 ൽ പുറത്തിറങ്ങിയ ഡൊക്യുമെൻ്ററിയിലൂടെ സൈനുദ്ദീൻ മന്ദലാംകുന്നായിരുന്നു ആദ്യമായി നിരീക്ഷിക്കുന്നത് എന്ന് കാണാം .
വട്ടെഴുത്തിന്റെ കാലപ്പഴക്കം
ശ്രീകണ്ഠാപുരം മാലിക് ബ്നു ദീനാർ മസ്ജിദിൽ വെള്ളിയാഴ്ചദിവസം ഖുതുബവേളയിൽ ഉപയോഗിച്ചിരുന്ന വാളിൽ രേഖപ്പെടുത്തിയ വട്ടെഴുത്തിന് എ.ഡി 643 ജൂലൈ 4 / ഹിജ്റ 22 ശഅ്ബാൻ 12 മുതൽക്കെ, അഥവാ ആദ്യ ഖാളിയായിരുന്ന ശിഹാബുദ്ദീൻ ഉമർ മുഹമ്മദ് ബ്നു മാലിക്കിൻ്റെ കാലം മുതൽക്കെയുള്ള പഴക്കമുണ്ടെന്നും അദ്ദേഹമാണ് ആദ്യമായി ഈ വാൾ ഉപയോഗിച്ചത് എന്നും വിശ്വസിച്ചുപോരുന്നുണ്ട്. എന്നാൽ ഒദ്യോഗികമായി കാലപ്പഴക്കം നിർണയിച്ച ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്:
- ഡോ: എം.ആർ രാഘവ വാര്യർ – എ.ഡി 1789 ജൂലൈ 4
- ഡോ: ടി.പവിത്രൻ – എ.ഡി 1615
ചുരുക്കത്തിൽ നിലവിലെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 400ൽ ചില്ലാനം വർഷങ്ങളുടെ കാലപ്പഴക്കം മാത്രമെ ഈ വാളിന് അവകാശപ്പെടുവാൻ സാധിക്കൂ എന്നതാണ് വസ്തുത.
പള്ളിക്കുള്ളിലെ മാർബിൾ ഫലകം
വില്യം ലോഗന്റെ മലബാർ മാന്വലിൽ മാലിക് ബ്നു ദീനാറും സംഘവും മലബാറിലെ മസ്ജിദ് നിർമാണത്തിന്റെ ശിലാസ്ഥാപനത്തിനായി അറേബ്യയിൽ നിന്ന് മൂന്ന് വെണ്ണക്കല്ലുകൾ കൊണ്ടുവന്നിരുന്നു എന്ന് പരാമർശിക്കുന്നുണ്ട്. ഇവ മാടായി, കൊല്ലം, കൊടുങ്ങല്ലൂർ പള്ളികളിൽ സ്ഥാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ ശ്രീകണ്ഠാപുരം മാലിക് ദീനാർ മസ്ജിദിലും ഇങ്ങനെയൊരു മാർബിൾ ഫലകം കാണാൻ സാധിക്കുന്നു. അത് 1974 ൽ മസ്ജിദ് പുനർനിർമാണവേളയിൽ ഇപ്പോഴത്തെ പള്ളിയുടെ നടുത്തളത്തിൽ സ്ഥാപിക്കുകയായിരുന്നു. ഇതിന് രണ്ടര ഇഞ്ച് കനവും ഒരടി വീതിയുമുണ്ട്. മലബാർ മാന്വലിൽ ഒരുപക്ഷേ വന്നു ഭവിച്ച പിഴവുകളിൽ ഒന്നായിരിക്കുമിത്.
ഈ മാർബിൾ ഫലകത്തെക്കുറിച്ച് ഡോ: സി.കെ കരീം തൻ്റെ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട് .
ഇതിന് പുറമെ മഖാംമസ്ജിദിന്റെ പരിസരത്ത് ചെങ്കല്ലുകളാൽ കെട്ടി പൊക്കിയ ഒരു ഖബ്റും കാണാൻ കഴിയും. ഇത് സൂഫിവര്യനായ പണ്ഡിതൻ ഈസ എന്നവരുടേതാണെന്ന് അനുമാനിക്കപ്പടുന്നു. കൂടാതെ മഖാം മസ്ജിദിന്റെ പിറകുവശത്തെ പുഴയിലൊരു പാറക്കല്ലിൽ കാണപ്പെടുന്ന പ്രത്യേക രീതിയിലുള്ള ഗർത്തം ഖബറുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന വ്യക്തികളുടെ വാളുകൾ അവർ കുളിക്കുന്ന സമയത്ത് സ്ഥിരമായി വെച്ചതിന്റെ ഫലമായുണ്ടായതാണെന്നും പറയപ്പെടുന്നു.
ഉപസംഹാരം
മാടായി ലിഖിതമടക്കമുള്ള വിവരങ്ങൾക്ക് വില്യം ലോഗൻ, രംഗാചാര്യ, ചാൾസ് അലക്സാണ്ടർ ഇന്നസ് തുടങ്ങിയവർ ആധാരമാക്കിയിരിക്കുന്നത് 1882-ൽ പ്രസിദ്ധീകരിച്ച റോബേർട്ട് സ്വീവെല്ലിൻ്റെ ഗ്രന്ഥത്തിൽ നിന്നായിരുന്നുവെന്ന് കാണാം. തന്റെ ഗ്രന്ഥത്തില് പ്രതിപാദിക്കുന്ന ലിഖിതങ്ങള് നേരിട്ട് പരിശോധിക്കുകയോ പഠനവിധേയമാക്കുകയോ ചെയ്തിരുന്നില്ലെന്നും അതതു പ്രദേശത്തുള്ളവര് തന്ന വിവരണത്തെ ആശ്രയിച്ചു പറയുന്നതാണെന്നും അതുകൊണ്ട് തെറ്റുകള് കടന്നുവരാന് ഇടയുണ്ടെന്നും ഗ്രന്ഥത്തിന്റെ ആമുഖത്തില് സ്വീവെല് പറയുന്നുമുണ്ടത്രെ. ഇതിനെ ആശ്രയിച്ചാണ് പിൽക്കാല ചരിത്രവായനകളും തുടർന്നിരുന്നത് എന്ന് കാണാം. ഇത് ശ്രീകണ്ഠപുരം ലിഖിതത്തിന്റെയും മാർബിൾഫലകത്തിന്റെയും അവഗണനകൾക്ക് വലിയൊരളവുവരെ കാരണമായിട്ടുണ്ടാവണം .
പ്രവാചകൻ മുഹമ്മദ് (സ്വ) തങ്ങളുടെ എ.ഡി:632 ലെ വിയോഗം സംഭവിക്കുമ്പോഴേക്കും അറേബ്യ മുഴുവൻ ഇസ്ലാം വ്യാപിക്കുകയും സിറിയ, പലസ്തീൻ, ഈജിപ്ത്, ഉത്തരാഫ്രിക്ക തുടങ്ങിയ ദേശങ്ങളിൽ ഇസ്ലാം ശക്തമായ സാന്നിധ്യമായിത്തീരുകയും ചെയ്തു. ഉമവീ ഖലീഫമാരുടെ ഭരണകൂട (എ.ഡി: 660-എ .ഡി :749) ത്തിന് കീഴിൽ പ്രബോധനത്തിലൂടെയും രാഷ്ട്രീയമായ സാമ്രാജ്യ വ്യാപന മുറന്നറ്റങ്ങൾ മുഖേനെയും സ്പെയിൻ, പോർച്ചുഗൽ, സിസിലി മുതൽ വടക്കൻ ഫ്രാൻസ് വരെ ഇസ്ലാമിക സാമ്രാജ്യം വ്യാപിപിച്ചിരുന്നു എന്നു കാണാം. എട്ടാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയോടെ ചൈനയും സിന്ധുമടങ്ങുന്ന മേഖല ഇസ്ലാമിന്റെ അനുരണനങ്ങൾക്കും ബഹുമുഖങ്ങളായ സ്വാധിനങ്ങൾക്കും
വിധേയമായിട്ടുണ്ട് എന്നത് തർക്കമറ്റ വസ്തുതയുമാണ്. ഈ സ്ഥിതിയിൽ ക്രിസ്താബ്ദത്തിന്റെ ആരംഭം മുതൽക്കെ കേരളവുമായി ബന്ധപ്പെട്ടിരുന്ന അറബികളിലൂടെ പ്രവാചകന്റെ കാലഘട്ടത്തിൽ തന്നെ ഇവിടെ ഇസ്ലാം എത്തിച്ചേർന്നിരിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിൽ പിഴവുണ്ടെന്ന വാദം ബാലിശമാണെന്ന് പറയാതെ വയ്യ. പെരുമാൾ രാജവാഴ്ചയെയും മാടായി ലിഖിതത്തിലെ ഹി. 516/എ.ഡി:1124 എന്ന തെറ്റായ വായനയെയും മുൻനിർത്തി കേരളത്തിലെ ഇസ്ലാമിന്റെ കടന്നുവരവിനെ നാലു നൂറ്റാണ്ടുകൾ കൂടി നീട്ടാനുള്ള ചരിത്ര ശ്രമങ്ങളെ അംഗീകരിക്കാനാവില്ല.
ശ്രീകണ്ഠാപുരം ലിഖിതം തീർച്ചയായും സ്ഥാപിതമായ വാദങ്ങൾക്കുള്ള തിരുത്താണ്. അടുത്ത കാലത്ത് മാടായി ലിഖിതത്തെ വായിച്ച് കാലപ്പഴക്കം നിർണയിക്കുകയും എം.ജി.എസ് നാരായണന്റെ നിഗമനങ്ങളെ തിരുത്തുകയും ചെയ്ത അബ്ദുള്ള അഞ്ചിേല്ലത്തിന്റെ കണ്ടെത്തലുകളെ ഇതൊടൊപ്പം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്. മാടായി ലിഖിതത്തോടൊപ്പം ശ്രീകണ്ഠാപുരം, വളപട്ടണം ,കാസറഗോഡ് ലിഖിതങ്ങളെയും കൂട്ടി വായിക്കേണ്ടതും അനിവാര്യമാണ് . കൂടാതെ പ്രാചീന കേരള തുറമുഖങ്ങളിലെങ്ങനെയാണ് അറബികുടിയേറ്റങ്ങൾ രൂപപ്പെട്ടത് എന്നതിനെക്കുറിച്ചും അതെങ്ങനെയാണ് ഇസ്ലാമിക് ഡയസ് പോറകളുടെ രൂപീകരണത്തെ സഹായിച്ചത് എന്നുമുള്ള എഥ്നോഗ്രഫിക് പഠനങ്ങളും ഊർജസ്വലമാവുമ്പോൾ കേരള ചരിത്രത്തിലെ അടഞ്ഞുപോയെന്ന് കരുതുന്ന അധ്യായങ്ങളെയാണ് നമുക്ക് തിരിച്ചുപിടിക്കാനാവുക.ആന്ദ്രവിങ്കിന്റെ “AI-hind: The making of an Indo – lslamic world ” (1990), ഡയോണിഷ്യസ് എജിയസ്സിന്റെ “Classic Ships of lslam :From Mesopotamia to the Indian Ocean”(2008) എന്നീ ഗ്രന്ഥങ്ങൾ അതിന് സഹായകമാണ്. ആന്ദ്രെ വിങ്ക് ഇസ്ലാമിന്റെ സ്ഥാപനം അറബികളുടെ നാവികവാണിജ്യങ്ങളെ എപ്രകാരമാണ് വളർത്തിയതെന്ന് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
ചുരുക്കത്തിൽ ഔദ്യോഗികചരിത്രനിരീക്ഷണ പ്രകാരം എ.ഡി: 1124ലാണ് മാലിക് ബ്നു ദിനാറും സംഘവും മതപ്രബോധനാർത്ഥം കേരളത്തിൽ എത്തിച്ചേർന്നത് എന്ന വാദം യാതൊരത്ഥത്തിലും പ്രമാണബദ്ധമല്ല എന്നതാണ് വസ്തുത. അതിനു മുമ്പ് തന്നെ ഇവിടെ അറബി- തദ്ദേശീയ സങ്കലനവും കുടിയേറ്റവും സംഭവിച്ചിട്ടുണ്ടെന്നും അറബി കോളനികളുടെ സംസ്ഥാപനം നടന്നിട്ടുണ്ടെന്നും ഇസ്ലാമിക പ്രചരണം വ്യവസ്ഥാപിതമായി തന്നെ ആരംഭിച്ചിട്ടുണ്ടെന്നും സ്ഥിരപ്പെടുത്താവുന്ന തെളിവുകളാണ് ഇത്തരം എപ്പിഗ്രഫിക് പഠനങ്ങൾ പകർന്നു തരുക. സഞ്ചാരികളുടെ യാത്രാക്കുറിപ്പുകളും അടുത്തിടെ കണ്ടെടുക്കപ്പെട്ട പൗരാണിക അറബ് ഗ്രന്ഥങ്ങളും മൂഷിക കാവ്യം പോലുള്ള സാഹിത്യ കൃതികളും ഖനനങ്ങളിലൂടെ കണ്ടെടുക്കപ്പെട്ട വസ്തുവകകളും താരതമ്യ ചരിത്രപഠനങ്ങളും വഴി ഇത്തരം പoനങ്ങൾക്ക് സാധ്യതയേറെയാണ്. മേൽ സൂചിപ്പിച്ച അറബ് വാണിജ്യ സംഘങ്ങൾ സ്ഥാപിച്ച ചെറുകിട സ്രാമ്പി പളളികളാവും പിൽക്കാലത്ത് മസ്ജിദുകളായി പുന:സ്ഥാപിച്ചത്. അപ്പോഴേക്കും ആദ്യകാല വിശ്വാസികളുടെ പരമ്പരകൾ ഇവിടെ അവശേഷിക്കുന്നുമുണ്ടാവണം.