ഏകരൂപമാവും തോറും ഏകീകൃതമല്ലാതാവുന്ന ലോകം

പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും: 7: അവസാന ഭാഗം:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്:

ഇത്തരത്തിലുള്ള വിദ്യാഭ്യാസം തങ്ങളുടെ മേൽ മാത്രമായി അടിച്ചേൽപ്പിക്കുന്നതിൽ ആധുനിക പാശ്ചാത്യൻ തൃപ്തനല്ല. തന്റേതായ മാനസികവും ശാരീരികവുമായ ശീലങ്ങളെയെല്ലാം ഉൾപ്പെടുത്തി അതിനെ മറ്റുള്ളവരുടെ മേലും അടിച്ചേൽപ്പിക്കാനും അതിലൂടെ മുഴുലോകത്തെയും ഏകരൂപത്തിലാക്കാനും (uniform) അവൻ ഉദ്യമിക്കുന്നു. അതേ സമയം, തന്റെ വ്യവസായത്തിന്റെ ((industry) ഉൽപന്നങ്ങളുടെ വ്യാപക പ്രചരണത്തിലൂടെ ലോകത്തിന്റെ ബാഹ്യരൂപത്തെ അവൻ ഏകതാനമാക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ തന്നെ വിരോധാഭാസം എന്നു പറയട്ടെ, ഇതിന്റെ പരിണതി എന്തെന്നാൽ, ലോകം കൂടുതൽ കൂടുതൽ ഏകരൂപമാവും തോറും, കൂടുതൽ കൂടുതൽ ശരിയായ അർത്ഥത്തിൽ “ഏകീകൃതമല്ലാതായി” (unified) ) തീരുകയും ചെയ്യുന്നു. ഇത് സ്വാഭാവികമാണ്. കാരണം, ഇത് വലിച്ചിഴക്കപ്പെടുന്ന ദിശ, നാം മുമ്പ് പറഞ്ഞത് പോലെ “ഭിന്നാത്മകത” (separativity) കൂടുതൽ കൂടുതൽ രൂക്ഷമാവുന്ന തരത്തിലാണ്. സവിശേഷമായും ആധുനികമായ എല്ലാറ്റിലും പലപ്പോഴും കണ്ടെത്താനാവുന്ന “അപഹാസ്യമായ അനുകരണത്തിന്റെ” (parodic) സ്വഭാവം ഇവിടെയും പ്രത്യക്ഷപ്പെടുന്നതായി നാം കാണുന്നു. ശരിയായ ഏകത്വത്തിന് (unity) തികച്ചും വിരുദ്ധമായ ദിശയിലാണ് ഇത് സഞ്ചരിക്കുന്നത്. കാരണം ഈ ഏകത്വത്തിൽ നിന്ന് അങ്ങേയറ്റം വിദൂരസ്ഥമായതിനെ സാക്ഷാൽകരിക്കാനാണ് ഈ ഏകരൂപവൽകരണം മുതിരുന്നത്. എന്നാൽ, അതിലൂടെ ഇത് ഏകത്വത്തിന്റെ ഒരു ഹാസ്യാനുകരണമായി (parody) അവതരിക്കുകയും ചെയ്യുന്നു. ഇത് എന്ത് കൊണ്ടെന്നാൽ, നാം ഈ ഗ്രന്ഥത്തിന്റെ ആദ്യത്തിൽ സൂചിപ്പിച്ചത് പോലെ തന്നെ, ഏകത്വം (unity) ശുദ്ധ പരിമാണത്തിന്റെ ഘടകങ്ങളായ “ഏകകങ്ങളായി” (units) കീഴ്മേലായി പ്രതിബിംബിക്കപ്പെടുന്നതിന് കാരണമായിട്ടുള്ള സമാന്തരസാദൃശ്യ ബന്ധം (analogical relationship) നിമിത്തമായിട്ടാണ്. ഈയൊരു തലകീഴാക്കലാണ് നമുക്ക് കുറച്ച് മുൻപ് കിഴുക്കാംതൂക്കായ ഒരു “ആദർശരൂപത്തെ” (idea) കുറിച്ച് സംസാരിക്കാൻ ഇടം നൽകിയത്. ഈ വാക്കുകളെ അവയുടെ കൃത്യമായ വിവക്ഷയിൽ തന്നെ മനസ്സിലാക്കണം എന്നതും ഇവിടെ വ്യക്തമാണ്. ഇവിടെ ആദർശരൂപം എന്ന വാക്കിനെ പുനരധിവസിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് അത് ആധുനികരാൽ ഏതാണ്ട് എല്ലാറ്റിനെ കുറിക്കാനും വേണ്ടി നിസ്സംഗമായി ഉപയോഗിക്കപ്പെടുന്നു. അതിനുമുപരി, യഥാർത്ഥത്തിലുള്ള ഏതൊരു തത്വത്തിന്റെയും അഭാവത്തെ മറച്ചുവെക്കാൻ വേണ്ടിയും അത് ഉപയോഗിക്കപ്പെടുന്നു. ദുരുപയോഗം നിമിത്തം അത് പൂർണമായും അർത്ഥശൂന്യമായി കലാശിച്ചിരിക്കുന്നു. എന്നാലും അതിന്റെ ശരിയായ വ്യുൽപത്തി പ്രകാരം, ഏറെക്കുറെ പ്ലറ്റോണിക് (Platonic) വിവക്ഷയിൽ മനസ്സിലാക്കപ്പെടുന്ന ആശയം (idea) എന്നതിലേക്കുള്ള അതിന്റെ ചായ്വിനെ നമുക്ക് കണ്ടില്ലെന്ന് നടിക്കാനുമാവില്ല. അത് സത്തയുടെയും ഗുണത്തിന്റെയും ദിശയിലേക്കാണ്, ഇവയെ എത്ര അവ്യക്തമായാണ് ഒരാൾ വിഭാവന ചെയ്യുന്നതെങ്കിലും ശരി. എന്നാൽ, പലപ്പോഴും, ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയത്തിലെന്നത് പോലെ തന്നെ, അതിനെ ഉപയോഗിക്കാറുള്ളത് ഇതിന് തികച്ചും വിരുദ്ധമായതിനെ കുറിക്കാനാണ്.
മനുഷ്യരായ വ്യക്തികളെ മാത്രമല്ല, വസ്തുക്കളെയും ഏകരൂപവൽകരിക്കാനുള്ള പ്രവണതയുണ്ടെന്ന് നാം പറയുകയുണ്ടായി. ഇക്കാലത്തെ മനുഷ്യർ വലിയ തോതിലായി ലോകത്തെ മാറ്റിമറിക്കുന്നതിനെ കുറിച്ച് വീരവാദം മുഴക്കുകയും, അങ്ങിനെ അതിലുള്ളതെല്ലാം കൂടുതൽ കൂടുതൽ “കൃത്രിമമായി” തീരുകയും ചെയ്യുന്നുണ്ടെങ്കിൽ, അത് പ്രത്യേകിച്ചും ഈയൊരർത്ഥത്തിൽ തന്നെ അവർ അതിനെ പരിവർത്തിക്കാൻ ഉദ്ദേശിക്കുന്നത് കൊണ്ട് തന്നെയാണ്. അവരുടെ പ്രവർത്തനങ്ങളെല്ലാം കേന്ദ്രീകരിച്ചിട്ടുള്ളത് ഏതാണ്ട് കണിശമായും പാരിമാണികമായ ഒരു മണ്ഡലത്തിൽ തന്നെയാണ്. അതിനും പുറമെ, തികച്ചും പാരിമാണികമായ ഒരു ശാസ്ത്രത്തെ രൂപപ്പെടുത്താൻ നാം തുനിഞ്ഞപ്പോൾ ഈയൊരു ശാസ്ത്രത്തിൽ നിന്ന് നാം നിർധാരണം ചെയ്തെടുക്കുന്ന പ്രായോഗിക രൂപങ്ങൾക്കും അതേ സ്വഭാവം തന്നെയുണ്ടായിരിക്കുക എന്നത് അനിവാര്യമായി തീർന്നു. ഈ പ്രയോഗങ്ങളെയാണ് മൊത്തത്തിൽ സാമാന്യമായി “വ്യവസായം” (industry) എന്ന നാമത്തിൽ വിളിക്കപ്പെടുന്നത്. ആധുനിക വ്യവസായം എന്നത് എല്ലാ അർത്ഥത്തിലും പരിമാണത്തിന്റെ വിജയമാണെന്ന് പറയാൻ കഴിയും. ഇത് കേവലം അതിലെ പ്രക്രിയകൾ പാരിമാണികമായ വിജ്ഞാനത്തിൽ അധിഷ്ഠിതമായത് കൊണ്ട് മാത്രമല്ല. അതോടൊപ്പം, അത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അതായത് യന്ത്രങ്ങൾ വികസിപ്പിക്കപ്പെടുന്നത് ഗുണപരമായ പരിഗണനകളെ നന്നെ കുറച്ച് മാത്രം കണക്കിലെടുത്തു കൊണ്ട് മാത്രമാണ്. അവയെ ഉപയോഗിക്കുന്ന മനുഷ്യരാവട്ടെ തികച്ചും യാന്ത്രികമായി മാത്രം പ്രവർത്തിക്കുന്നതിലേക്ക് ചുരുക്കപ്പെടുകയും ചെയ്യുന്നു. അതിനും പുറമെ, ഈ വ്യവസായത്തിന്റെ ഉൽപന്നങ്ങളിൽ ഗുണത്തെ പരിമാണത്തിന് വേണ്ടി പൂർണമായും ബലികഴിക്കുകയും ചെയ്യുന്നു. ഈ വിഷയത്തെ കുറിച്ച് കുറച്ചും കൂടി പരാമർശങ്ങൾ എന്തായാലും വ്യർത്ഥമാവുകയില്ല. അതിനും മുൻപ്, നാം പിന്നീട് ചർച്ച ചെയ്യുന്ന മറ്റൊരു ചോദ്യം കൂടി ചോദിക്കേണ്ടിയിരിക്കുന്നു: ആധുനിക മനുഷ്യൻ ലോകത്തിന്റെ മേൽ പ്രയോഗിക്കുന്ന പ്രവർത്തനത്തിന്റെ ഫലങ്ങളുടെ മൂല്യത്തെ കുറിച്ച് നാം എന്ത് ചിന്തിച്ചാലും ശരി, മൂല്യവിചാരങ്ങൾക്ക് അതീതമായി പറയുകയാണെങ്കിൽ, ഈ പ്രവർത്തനം വിജയിക്കുന്നുണ്ട്. ഒരളവോളം അത് വിഭാവന ചെയ്യുന്ന ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുന്നതിൽ അത് വിജയിക്കുകയും ചെയ്യുന്നു. മറ്റൊരു യുഗത്തിലെ മനുഷ്യർ ഇതേ പോലെ പ്രവർത്തിച്ചിരുന്നുവെങ്കിൽ (ഇത്, ഇന്നത്തെയും അക്കാലത്തെയും മനുഷ്യർക്കിടയിലെ മാനസികമായ വ്യത്യാസത്തെ കണക്കിലെടുക്കുകയാണെങ്കിൽ, തികച്ചും “സൈദ്ധാന്തികവും” അപ്രായോഗികവുമായ ഒരു അനുമാനമാണ് എങ്കിൽ കൂടിയും) ഉണ്ടായിത്തീരുന്ന ഫലങ്ങൾ ഇങ്ങനെ തന്നെ ആയിരിക്കുമോ? മറ്റു വാക്കുകളിൽ പറയുകയാണെങ്കിൽ, ഇങ്ങനെയൊരു പ്രവർത്തനത്തിന് ഭൂമിയിലെ പരിതഃസ്ഥിതി പരുവപ്പെടുന്നതിന് വേണ്ടി, നമ്മൾ ഇപ്പോഴുള്ള ചാക്രിക കാലഘട്ടത്തിലെ പ്രാപഞ്ചികാവസ്ഥകൾ മുൻ കാലഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ തന്നെ ഏതോ അർത്ഥത്തിൽ മുൻകൂട്ടി തയ്യാറാക്കപ്പെട്ടതായിരിക്കണ്ടതല്ലേ? ഇതിന്റെ പ്രകൃതത്തിൽ തന്നെ എന്തോ ഒരു മാറ്റം ഉണ്ടോ ? നമ്മുടെ ഈ വിഷയാവതരണത്തിന്റെ ഈ ഘട്ടത്തിൽ പ്രസ്തുത മാറ്റത്തിന്റെ സ്വഭാവത്തെ നിജപ്പെടുത്തി പറയാൻ ആയിട്ടില്ല. ഗുണപരമായ ഒരു ക്ഷയം എന്നേ ഇപ്പോൾ പറയാനാവൂ. അതിലൂടെ പരിമാണത്തിൽ നിന്ന് ഉളവാകുന്ന എല്ലാറ്റിനും കൂടുതൽ മേധാശക്തി ഉണ്ടായിട്ടുണ്ട്. എന്നാൽ, സമയത്തിന്റെ ഗുണപരമായ നിർണയങ്ങളെ കുറിച്ച് നാം പറഞ്ഞു വെച്ചിട്ടുള്ളത്, ചുരുങ്ങിയത് ഇതിനുള്ള സംഭവ്യതയെയെങ്കിലും വിഭാവന ചെയ്യുന്നതിനെയും, ലോകത്തിന് ഉണ്ടായിത്തീരുന്ന കൃത്രിമമായ പരിവർത്തനങ്ങൾ സാക്ഷാൽകരിക്കപ്പെടണമെങ്കിൽ അതിനനുസൃതമായ പ്രകൃതിപരമായ പരിവർത്തനങ്ങൾ ഉണ്ടായിരിക്കണം എന്നു മനസ്സിലാക്കുന്നതിനെയും സാധ്യമാക്കുന്നുണ്ട്. ഇത് കാലത്തിന്റെ ചാക്രിക ഗതിയിൽ ഉടനീളം പ്രാപഞ്ചിക ക്രമവും മാനുഷിക ക്രമവും തമ്മിൽ നിരന്തരം നിലനിൽക്കുന്ന പാരസ്പര്യം നിമിത്തമായുള്ളതാണ്.
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy