ദക്ഷിണേന്ത്യയിലെ സൂഫി വേരുകൾ

അൽ ഹാഫിള് മുഹമ്മദ് സുൽത്വാൻ ബാഖവി കായൽപട്ടണം:

ദക്ഷിണേന്ത്യയുമായുള്ള അറബികളുടെ വാണിജ്യ, സാംസ്കാരിക വിനിമയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്രിസ്തുവിന് മുമ്പും ശേഷവും തിരുനബി(സ്വ) തങ്ങളുടെ ആഗമനത്തിന് മുമ്പും ശേഷവുമെല്ലാം ഈ ബന്ധം പൂർവ്വാധികം പ്രാബല്യത്തോടെ തുടർന്നുവരുന്നതിന്റെ കൃത്യമായ പ്രമാണങ്ങൾ ചരിത്ര പുരാവസ്തു പഠനങ്ങളിലൂടെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പുരാവസ്തുക്കളുടെ കണ്ടെടുപ്പും ഗവേഷണങ്ങളും പുരോഗമിക്കുന്ന ഈ പശ്ചാത്തലത്തിൽ ഇന്നും നമ്മുടെ ചരിത്ര ഗവേഷകരുടെ ശ്രദ്ധയിൽ വേണ്ടത്ര പരിഗണിക്കപ്പെടാത്ത ദക്ഷിണേന്ത്യയിലെ സൂഫി പാരമ്പര്യത്തിന്റെ ചരിത്രം അത്യപൂർവ്വമായ ചരിത്ര സ്രോതസ്സുകളിൽ നിന്ന് കണ്ടെടുക്കാനുള്ള ഫലപ്രദമായ ശ്രമമാണ് ഈ ഗവേഷണ പ്രബന്ധം. അറബി, ഉർദു, ഫാർസി, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ വിരചിതമായതും അത്യപൂർവ്വമായ ചരിത്രവിവരങ്ങളുൾക്കൊള്ളുന്നതുമായ ഒട്ടനേകം ഗ്രന്ഥങ്ങൾ പരതിയും നിരവധി ലിഖിതങ്ങളുടെയും പുരാവസ്തുക്കളുടെയും വിശകലനങ്ങളിലൂടെയും ദക്ഷിണേന്ത്യയിലെ സൂഫി വേരുകൾ കണ്ടെടുക്കാനുള്ള ഈ ഗവേഷണ യത്നം പുതിയ ഗവേഷകർക്ക് വലിയ തുറസ്സുകളാണ് നൽകുന്നത്. ദക്ഷിണേന്ത്യയിലെ ഇസ്ലാമിക ചരിത്രത്തിൽ പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന ഇരുട്ടിന്റെ ശൂന്യസ്ഥലങ്ങളിൽ വെളിച്ചമേകുന്ന ഈ പഠനം നമ്മുടെ സാമ്പ്രദായിക ചരിത്രധാരണകളെ തിരുത്തിയെഴുതുക തന്നെ ചെയ്യും.

തസ്വവ്വുഫ് സൂഫി എന്നീ പദങ്ങൾ ദീനിനോട് ഗാഢമായ ബന്ധമുള്ളവർക്ക് സുപരിചിതവും എന്നാൽ ദീനിന്റെ ആഴങ്ങളെ സ്പർശിക്കാത്തവർക്ക് അപരിചിതവുമാണ്. ശ്വസനവായു എന്നത് എക്കാലത്തും ഉള്ളതാണ്. എന്നാൽ അതിന് ഓക്സിജൻ എന്നൊരു നാമം ശാസ്ത്രജ്ഞന്മാർ നൽകിയതാണ്. ഈ നാമകരണത്തിന് മുമ്പും ശേഷവുമെല്ലാം ശ്വസനവായു എന്നത് പൊതുവായ ഒരു പ്രതിഭാസമാണ്. അതുപോലെ തസ്വവ്വുഫ്, സൂഫിസം, ത്വരീഖത്ത് എന്നീ നാമങ്ങൾ ഉണ്ടാകുന്നതിനുമുമ്പു തന്നെ അതിന്റെ ഉള്ളടക്കം ദീനിലുള്ളതാണ്. അതൊരു ഇസമല്ല. ഫിഖ്ഹിലെ ഫർള്, ഹറാം, മക്റൂഹ് എന്നീ പേരുകൾ ഫുഖഹാക്കളാൽ നൽകപ്പെട്ടതാണെങ്കിലും തിരുനബി(സ്വ)തങ്ങളുടെ കാലം മുതൽ തന്നെ ഈ സംജ്ഞകളാൽ അറിയപ്പെടുന്ന കർമ്മങ്ങൾ ദീനിന്റെ വിധിവിലക്കുകളുടെ ഭാഗമാണ്. ഇതുപോലെ തന്നെ സൂഫിയാക്കളും മുതകല്ലിമീങ്ങളും(അഖീദയുടെ ഇമാമീങ്ങൾ) നബി(സ്വ) തങ്ങളുടെയും സ്വഹാബത്തിന്റെയും ജീവിത മാതൃകകളിൽ നിന്നുള്ള ആന്തരിക അവസ്ഥകൾക്ക് ചില സാങ്കേതിക പ്രയോഗങ്ങളിലൂടെ നാമകരണം നൽകിയപ്പോളാണ് തസ്വവ്വുഫ്, ത്വരീഖത്ത് പോലുള്ള സംജ്ഞകൾ ഇസ്ലാമിക ചരിത്രത്തിൽ ആവിർഭവിച്ചത്. തസ്വവ്വുഫിന്റെ ആശയ ലോകങ്ങളുടെ വൈപുല്യത്തെ സാക്ഷ്യപ്പെടുത്തുന്ന പരിഗണനീയമായ നാലായിരത്തിലധികം നിർവ്വചനങ്ങളുണ്ട്. അതിൽ മഹാനായ ജഅ്ഫർ സ്വാദിഖ്(റ) വിന്റെ വിഖ്യാതമായ നിർവ്വചനം ഇപ്രകാരമാണ്:
“നബി(സ്വ)തങ്ങളുടെ ബാഹ്യജീവിതം അനുകരിക്കുന്നവർ സുന്നിയാണ്. അതോടൊപ്പം നബി(സ്വ) തങ്ങളുടെ ആന്തരിക ജീവിതവും സമന്വയിപ്പിക്കുന്നവർ സൂഫിയാണ്.”
ഈ നിർവ്വചനം കൊണ്ട് ഒരു കാര്യം സുവ്യക്തമാണ്. അഥവാ നബി(സ്വ) തങ്ങളിലൂടെയല്ലാതെ ഒരു മുസ്ലിമിന് സൂഫിസമോ തസ്വവ്വുഫോ ഇല്ല എന്നതാണത്. കൂടാതെ ഒരാളുടെ ബാഹ്യജീവിതം ആന്തരിക ജീവിതത്തിന്റെ പ്രതിഫലനമാണ്. ഈയടിസ്ഥാനത്തിൽ നബി(സ്വ)തങ്ങളുടെ ബാഹ്യജീവിതം നയിക്കുന്നവർക്ക് അൽപമെങ്കിലും ആന്തരിക ജീവിതവുമായി ബന്ധമുണ്ടായിരിക്കണം. ഇതല്ലാത്ത സൂഫിസത്തിന്റെ പേരിലുള്ള മറ്റേതൊരു തത്വചിന്തയും എത്ര ആകർഷണീയമായാലും അല്ലാഹുവിങ്കൽ അത് പരിഗണനീയമല്ല. നിസ്കാരത്തിന് ഈമാൻ ശർത്തായതുപോലെ തന്നെ തസ്വവ്വുഫിനും ഈമാൻ നിബന്ധനയാണ്. മഹാനായ സഅ്ദി ശീറാസി(റ) പറയുന്നു:
“ഖിലാഫെ പയമ്പർ കസേ രഹ് ഗുസീദ്
കെ ഹർഗിസ് ബ മൻസിൽ നാ ഖാഹദ് റസീദ്.”
“നബി(സ്വ) തങ്ങൾക്കെതിരായി ഒരാൾ ഏത് ജീവിത രീതി സ്വീകരിച്ചാലും അവൻ ലക്ഷ്യസ്ഥാനത്ത് എത്തുകയേ ഇല്ല. തീർച്ച.”(ബോസ്ഥാൻ. 17)
മഹാനായ സഅ്ദി(റ) തന്നെ മറ്റൊരു കാര്യം നമ്മോട് ഉണർത്തുന്നുണ്ട്:
“ത്വരീഖത്ത് ബ ജുസ് ഖിദ്മത്തെ ഖൽഖ് നീസ്ത്
ബ തസ്ബീഹ്, വ സജ്ജാദ വ ദൽഖ് നീസ്ത്.”
“ത്വരീഖത്ത് എന്നത് സൃഷ്ടികൾക്ക് ഖിദ്മത്ത് ചെയ്യലല്ലാതെ മറ്റൊന്നുമല്ല. വെറും തസ്ബീഹ് മറിക്കലോ മുസ്വല്ല വഹിച്ച് നടക്കലോ മാത്രമല്ല ത്വരീഖത്ത്.”
ലോകരുടെ നരകവിമുക്തിക്ക് സഹായിക്കലും അവരിലെ ദു:സ്വഭാവങ്ങളെ വിപാടനം ചെയ്യലുമാണ് ഏറ്റവും വലിയ ഖിദ്മത്ത് എന്ന കാര്യം നാം ഓർമ്മിക്കുക.
ഇവിടെ സൂചിപ്പിച്ച വസ്തുതകൾ പരിഗണിക്കുമ്പോൾ തസ്വവ്വുഫിന്റെ മേഖല വളരെ വിശാലമാണെന്നത് വ്യക്തമായി. സ്വഹാബികളെല്ലാവരും സൂഫികളുടെ നേതാക്കന്മാരാണ്. അതുകൊണ്ടു തന്നെ സ്വഹാബികളുടെ സാന്നിധ്യത്തോടെ തന്നെ തസവ്വുഫിന്റെ സാന്നിധ്യവും സംഭവിച്ചിട്ടുണ്ടെന്ന് സാമാന്യമായി പറയാം. ഇന്ത്യയിൽ ഇസ്ലാം എത്തിയത് സ്വഹാബികളാൽ തന്നെ ആയതിനാൽ നബി(സ്വ) തങ്ങളുടെ കാലഘട്ടം മുതൽ ഇന്ന് വരെ തസ്വവ്വുഫും സൂഫിസവും ദക്ഷിണേന്ത്യയിൽ അനുസ്യൂതമായി നിലനിൽക്കുന്നുണ്ട് എന്ന കാര്യം വ്യക്തമാണ്.
സ്വഹാബാക്കളുടെ ദക്ഷിണേന്ത്യയിലേക്കുള്ള ആഗമനത്തെ കുറിച്ച് നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഇനിയും ഈ മേഖലയിൽ ഗവേഷണങ്ങൾക്ക് പഴുതുണ്ട്. ഇത്തരം അന്വേഷണങ്ങൾക്ക് പ്രചോദനമാകുന്ന ചില വസ്തുതകൾ ഇവിടെ പങ്ക് വെക്കാനാഗ്രഹിക്കുന്നു. ഇതിൽ സ്ഥിരപ്പെട്ട വസ്തുതകളും പുതിയ ഗവേഷണമർഹിക്കുന്ന വിഷയങ്ങളുമുണ്ട്. സ്ഥിരപ്പെട്ട വസ്തുതകൾ ഇവിടെ ആവർത്തിക്കുന്നില്ല.
ഇസ്ലാമിക ആഗമനത്തിന്റെ തുടക്ക കാലം മുതൽ തന്നെ സ്വഹാബാക്കളും താബിഉകളും തബഉത്താബിഉകളും പിൻഗാമികളുമെല്ലാം ദക്ഷിണേന്ത്യൻ തീരങ്ങളിലെത്തിയത് ദീനി പ്രബോധനം ലക്ഷ്യം വെച്ച് തന്നെയാണ്. അവരിൽ വ്യാപാരികളുമുണ്ടായിരുന്നു. എന്നല്ലാതെ അവരെല്ലാവരും വ്യാപാര ലക്ഷ്യങ്ങളോടെ മാത്രം വന്നവരല്ല. അവരിൽ പലരും നാട്ടുരാജ്യ അധികാരങ്ങളെയും ഗോത്ര നേതൃത്വാധികാരങ്ങളെയുമെല്ലാം ഉപേക്ഷിച്ചാണ് ദീനി പ്രബോധന ദൗത്യവുമായി ദക്ഷിണേന്ത്യൻ തീരങ്ങളിൽ എത്തിയത് എന്നതാണ് വസ്തുത. അവരിൽ ചിലരാകട്ടെ ശിഈസം പോലുള്ള അവാന്തര വിഭാഗങ്ങൾക്ക് ഭരണ മേധാവിത്തമുള്ള ചില പ്രദേശങ്ങളിൽ നിന്ന് പീഡനങ്ങൾ സഹിക്കവയ്യാതെ പലായനം ചെയ്തെത്തിയവരുമാണ്. അതിനാൽ അവർക്ക് ജനങ്ങളെ ശരിയായ ഇസ്ലാമിക ദിശയിൽ നയിക്കാനും ഭരണ സാരഥ്യത്തിന്റെ പാടവത്തോടെ ജനങ്ങളെ നിയന്ത്രിക്കാനും സാധിച്ചിരുന്നു. പരിത്യാഗികളും സൂഫികളായ ഈ മഹത്തുക്കൾ അതാത് കാലത്തിന് യോജിച്ച സേവനങ്ങളാണ് നിർവ്വഹിച്ചിരുന്നത്. ഇവരുടെ സാമൂഹിക വിനിമയങ്ങൾകൊണ്ട് മാനവിക ബന്ധങ്ങളിൽ തന്നെ വലിയ പരിവർത്തനങ്ങളാണ് ഉളവായത്.
ഈ മഹത്തുക്കളുടെ സേവനങ്ങളിൽ ചില കാര്യങ്ങളെ താഴെ പറയുന്ന വിധം നമുക്ക് സംഗ്രഹിക്കാനാവും.
1: ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ചാതുർ വർണ്യത്തിലധിഷ്ഠിതമായ ബ്രാഹ്മണികമായ അധികാര ബന്ധങ്ങളെയും ശ്രേണീകരിക്കപ്പെട്ട സാമൂഹിക ബന്ധങ്ങളെയും ഉലക്കുന്നതിൽ ഇവരുടെ സാമൂഹിക വിനിമയങ്ങൾ പങ്ക് വഹിച്ചു.
2: ബ്രാഹ്മണരിൽ മാത്രം ഒതുക്കിയിരുന്ന അറിവ് ആർജ്ജനത്തിനുള്ള അവകാശം എല്ലാ മനുഷ്യരിലേക്കും പൊതുവാക്കി.
3: അർദ്ധ നഗ്നരും നഗ്നരുമായിരുന്ന തദ്ദേശ വാസികൾക്ക് വസ്ത്രമുടിപ്പിക്കുകയും മൃഗീയ പദവിയിൽ നിന്ന് മനുഷ്യ പദവിയിലേക്ക് അവരെ ഉയർത്തുകയും ചെയ്തു.
4: എല്ലാ ജീവികളുടെയും വിശപ്പകറ്റലും വിശിഷ്യാ മനുഷ്യരിലെ പട്ടിണിപ്പാവങ്ങളെ ഊട്ടലും വ്യാപകമാക്കി.
5: വാസ്തുവിദ്യയിൽ ലാളിത്യത്തിന്റെ പുതിയ മാതൃകകൾ കൊണ്ടു വന്നു.
6: വൈദ്യശാസ്ത്രത്തിലെ ലളിത ചികിത്സാ വിധികൾ സാർവ്വത്രികമാക്കി.
7: മുസ്ലിംകളുടെ ഈമാനിക സുരക്ഷക്ക് വേണ്ടി ഇസ്ലാമിന്റെ അകത്തും പുറത്തുമുള്ള ഛിദ്ര ശക്തികളുടെ അവാന്തര സ്വഭാവമുള്ള ആശയ വ്യതിയാനങ്ങളെ ഗ്രന്ഥ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അനാവരണം ചെയ്തു.
8: പ്രാദേശിക ഭാഷകളിലും നാടോടി മൊഴിവഴക്കങ്ങളിലും നിലനിന്നിരുന്ന പദ്യഗദ്യ പാരമ്പര്യങ്ങളെ പുനരുദ്ധരിക്കുകയും അതിലൂടെ സാധാരണ ജനങ്ങളിലേക്ക് ദീനി ആശയ വിനിമയത്തിന് പുതിയ തുറസ്സുകൾ വെട്ടിത്തെളിക്കുകയും ചെയ്തു. ഇതു വഴി പുതിയൊരു സാഹിത്യ ആവിഷ്കാര സംസ്കാരം വികസിപ്പിച്ചെടുത്തു.
9: വൈദ്യശാസ്ത്രം, ഗണിതം, ഭാഷ, ചരിത്രം തുടങ്ങിയ വിജ്ഞാനമേഖലകളിൽ വലിയ വിപ്ലവങ്ങൾ തന്നെ സൃഷ്ടിച്ചു.
10: അനാചാരങ്ങളെയും വിശ്വാസവ്യതിചലനങ്ങളെയും വിപാടനം ചെയ്ത് യഥാർത്ഥ ഇസ്ലാമികാനുഷ്ഠാനങ്ങളെയും സ്വഭാവഗുണങ്ങളെയും സത്യവിശ്വാസത്തെയും ജനജീവിതത്തിൽ ഊട്ടിയുറപ്പിച്ചു.
11: ഭരണാധികാരികളിൽ സ്വാധീനം ചെലുത്തി ജനോപകാരപ്രദമായ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ പ്രചോദിപ്പിച്ചു.
12: ഇസ്ലാമിന്റെ ളാഹിരിയും ബാത്വിനിയുമായ വിജ്ഞാന പ്രചരണാർത്ഥം മസ്ജിദുകളും വിദ്യാഭ്യാസ സംവിധാനങ്ങളും ഖാൻഗാഹുകളും സാവിയകളും സ്ഥാപിച്ചു.
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy