സൂഫിസമെന്നാൽ മതാതീത ആത്മീയതയോ, ഇസ്ലാമിന്റെ ആത്മസാരമോ?

സൈനുദ്ദീൻ മന്ദലാംകുന്ന്:

സൂഫിസം ഇന്ന് എല്ലാ അരാജകവാദികളുടെയും എല്ലാ സത്യാന്വേഷകരുടെയും ഒരഭയസ്ഥാനമാണ്. നാസ്തികരും മതബോധമുള്ളവരും സർവ്വമത സത്യവാദികളും ആത്മീയവാദികളും ആശയവാദികളും ഭൗതികവാദികളും വർണദേശ ഭാഷാഭേദമന്യേ സൂഫിസത്തിന്റെ പേരിലുള്ള വിവിധ പ്രവണതകളോട് ആഭിമുഖ്യം പുലർത്തുന്നു. ആഗോള വ്യാപകമായ ഈ പ്രവണതയുടെ കേരളീയമായ പ്രതിഫലനങ്ങൾ നമ്മുടെ ധൈഷണിക സംവേദന വ്യവഹാരങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തി സജീവമാകുന്നു. മതാതീതമായ ആത്മീയതക്ക് വളവും വെള്ളവുമേകാൻ മഹത്തുക്കളായ സൂഫിയാക്കൾ ഏറ്റെടുക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ ഇസ്ലാമിന്റെ അന്ത:സാരം തന്നെയായ സൂഫിസത്തെയും മഹത്തുക്കളായ സൂഫിവര്യന്മാരെയും മതാതീത ആത്മീയതക്ക് ഏറ്റെടുക്കാനാവുമോ എന്നന്വേഷിക്കുന്ന പുതിയ സംവാദങ്ങൾക്ക് തുറസ്സൊരുക്കുന്ന പഠന ലേഖനം.

കേരള മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും സൂഫിസവും തസ്വവ്വുഫും ഇന്ന് സവിശേഷമായ താത്പര്യത്തോടെ പരിഗണിക്കപ്പെടുന്ന ഒരു ജ്ഞാനവിഷയമാണ്. തസ്വവ്വുഫെന്നാൽ ഒരു ജ്ഞാനവിഷയം മാത്രമല്ല എന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ഇതുമൂലം അനുഭവപരമായ നിരവധി അകലങ്ങൾ പിന്നിടാനുള്ള ഒരു സഞ്ചാരപാത കൂടിയാണത് എന്ന കാര്യമാണ് ഇന്ന് ഏറെ തമസ്കരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നിരപേക്ഷമായ അർത്ഥത്തിൽ ഒരു അക്കാദമിക വിഷയമായോ അനുഭൂതി ദായകമായ ഒരു സൗന്ദര്യസംവേദന മാധ്യമമായോ തസ്വവ്വുഫും സൂഫിസവും ഇന്ന് വളരെയേറെ പൊതുസ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്.
കോളണിയനന്തര സമൂഹങ്ങൾ പൊതുവായി ചിന്താപരവും വൈജ്ഞാനികവുമായ നൂതനാശയങ്ങൾ ലക്ഷ്യം വെച്ച് പാശ്ചാത്യമാതൃകകളിലേക്കാണ് ഉറ്റുനോക്കുന്നത്. പൊതുസമൂഹത്തിന്റെ ധൈഷണിക വികാസത്തെ നിർണ്ണയിക്കുന്ന(എന്ന് ധരിക്കപ്പെടുന്ന) ചിന്താപദ്ധതികൾ മുതൽ മതാത്മക ചിന്തകളിലെ നൂതന പ്രവണതകൾ തേടിവരെ പാശ്ചാത്യമായ മാതൃകകൾ സ്വീകരിക്കാനാണ് ഇന്നേറെ പേർക്കും താത്പര്യം. തത്വചിന്തയിലും സാമൂഹിക ദർശനത്തിലും മതാത്മകചിന്തയിലും ചരിത്ര സിദ്ധാന്തങ്ങളിലും ഫിസിക്സിലും എന്നുവേണ്ട വിജ്ഞാനത്തിന്റെ ഒട്ടെല്ലാ മേഖലകളിലും പാശ്ചാത്യലോകത്ത് വികസിച്ചുവരുന്ന ചിന്താപരവും വൈജ്ഞാനികവുമായ വികാസങ്ങളെ സ്വാംശീകരിക്കാനും അത്തരമൊരു ജ്ഞാനശാസ്ത്ര സമീപനത്തോടെ സ്വന്തം ധൈഷണിക മണ്ഡലം പുതുക്കിപ്പണിയാനുമാണ് കോളണിയനന്തര സമൂഹങ്ങൾ താത്പര്യപ്പെടുന്നത്. വാസ്തവത്തിൽ ഇത് രാഷ്ട്രീയ കൊളോണിയലിസത്തിന് ശേഷവും ഓരോ ദേശീയ സമൂഹങ്ങളിലും തുടർന്ന സാംസ്കാരികവും ധൈഷണികവുമായ കോളണീകരണ പ്രക്രിയയുടെ അനന്തരഫലമായി സംഭവിച്ച ഒരു സവിശേഷ പ്രതിഭാസമാണ്. സൂഫിസത്തെ സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഇത്തരമൊരു പ്രബന്ധത്തിൽ ഈ പ്രവണത അവലോകനം ചെയ്യുന്നത് എന്തിനാണെന്ന് സന്ദേഹമുണ്ടാവാം. തീർച്ചയായും പൊതുസമൂഹത്തിലെയും മുസ്ലിം സമൂഹത്തിനുള്ളിലെ വിദ്യാസമ്പന്നർക്കിടയിലെയും പുതിയ സൂഫി ആഭിമുഖ്യങ്ങൾക്ക് ഇത്തരമൊരു ധൈഷണിക പശ്ചാത്തലം കൂടിയുണ്ട് എന്ന വസ്തുത വിശദീകരിക്കാനാണ് ആമുഖമായി ഈ പ്രവണത അവലോകനം ചെയ്തത്.
ആർബറി, നിക്കാൾസൺ, ഫ്രാൻക്വയിസ് ബെർണിയർ, കോൾമാൻ ബാർക്ക്, വില്ല്യം ചിറ്റിക് പോലുള്ള നിരവധി പ്രമുഖർ സൂഫിസം ഒരു വൈജ്ഞാനിക വിഷയമായെടുത്ത് പഠിച്ച പാശ്ചാത്യപണ്ഡിതന്മാരാണ്. ഈ ഗണത്തിൽ സൂഫിസം അക്കാദമിക താത്പര്യത്തോടെ പഠിക്കുകയും അതുവഴി പിൽക്കാലത്ത് ഇസ്ലാം സ്വീകരിക്കുകയും ചെയ്ത സൗഭാഗ്യവാന്മാരുമുണ്ട്. റെനെ ഗ്വെനോൺ, ഫ്രിജോഫ് ഷോൺ, ശൈഖ് നൂഹ് ഹാമിൻ കെല്ലർ, എറിക് എ. വിംഗ്ൾ, ശൈഖ് ഹംസ യൂസുഫ് ഇങ്ങനെ ആ പട്ടിക വളരെ നീണ്ടതാണ്. സൂഫിസത്തെ കുറിച്ചുള്ള പഠനങ്ങളിലൂടെ ഇവരുടെ വിശ്വാസവും ജീവിതവും സംസ്കാരവും തന്നെയാണ് പരിവർത്തിതമായത്. ഇവരെ കൂടാതെ ആദ്യമേ ഇസ്ലാമിക പശ്ചാത്തലമുള്ള അക്കാദമിഷ്യന്മാരായ പല പ്രമുഖരുടെയും രചനകൾ വഴിയായും സൂഫിസവും തസ്വവ്വുഫും പാശ്ചാത്യ ലോകത്തിന്റെ അക്കാദമികവും ധൈഷണികവുമായ വ്യവഹാരങ്ങളിൽ സവിശേഷമായ ഇടം നേടുകയുണ്ടായി. തസ്വവ്വുഫ് പഠനങ്ങളിലൂടെ ഇസ്ലാമിന്റെ തന്നെ ആന്തരസത്തയെ കണ്ടെത്തിയ പലരും ഇസ്ലാം സ്വീകരിച്ചപ്പോൾ ചിലരെങ്കിലും മതങ്ങൾക്കെല്ലാം പൊതുവായ അദ്ധ്യാത്മിക പിന്തുടർച്ചയായി സൂഫിസത്തെ പരിഗണിക്കുകയും അതിന്റെ മതാത്മകമായ അന്തർധാരകളെ തമസ്കരിച്ച് മതാതീതമായ ഒരാത്മീയതയായി അതിനെ പരിചയപ്പെടുത്തുകയും ചെയ്തു. മാത്രമല്ല പേർഷ്യൻ കാവ്യപാരമ്പര്യങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങൾ പാശ്ചാത്യലോകത്ത് അധികമായി വന്നതോടെ അതിന്റെ മതാതീതമായ സൗന്ദര്യമൂല്യവും സാംസ്കാരികമായ അദ്ധ്യാത്മിക തലവും കൂടുതലായി ഉദീരണം ചെയ്യപ്പെട്ടു. മൗലാനാ റൂമി(റ) യുടെ ഇലാഹി പ്രണയത്തിന്റെ അനശ്വര കാവ്യങ്ങളും ഹാഫിസ്(റ), സഅദി(റ), ഫരീദുദ്ദീൻ അത്താർ(റ) തുടങ്ങിയവരുടെ മിസ്റ്റിക് കാവ്യങ്ങളും പാശ്ചാത്യഭാവുകത്വത്തെ വളരെയേറെ ആകർഷിച്ചു. മൗലാനാ റൂമി(റ) യുടെ പ്രണയോന്മാദത്തിന്റെ ചില അനുഭവ തീവ്രമായ ജീവിത സന്ദർഭങ്ങളിലെ ശരീര ചലനങ്ങൾ പോലും സൂഫിസത്തിന്റെ പ്രത്യേകമായ അനുഷ്ഠാനമെന്നോണം അനുകരിക്കപ്പെട്ടു. റൂമി(റ)യിലേക്ക് സിൽസില ചേർത്തുപറയപ്പെടുന്ന മൗലവിയ്യ സൂഫി ധാരയിലെ ഈ വട്ടം ചുറ്റുന്ന നൃത്തം തന്നെ സൂഫിസത്തിന്റെ ആഗോള പ്രതീകമായി ആഘോഷിക്കപ്പെട്ടു. ഇങ്ങനെ പാട്ടും നൃത്തവും കവാലിയും ഉന്മാദവുമെല്ലാം ചേർന്ന സവിശേഷമായ ഒരു സംവേദനാനുഭവം മാത്രമായി ചിലർ സൂഫിസത്തെ ഇന്ന് കൊണ്ടാടുന്നു. അതുകൊണ്ട് തന്നെ മതമുള്ളവർക്കും മതനിഷേധികൾക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കും പാശ്ചാത്യനും പൗരസ്ത്യനും കറുത്തവനും വെളുത്തവനുമെല്ലാം ഒരേ സമയം ആസ്വദിക്കാവുന്ന ഒരു സാംസ്കാരിക വിഭവവും കൾട്ടും മാത്രമായി സൂഫിസത്തിന്റെ പേരിലുള്ള ഈ പ്രവണതകൾക്ക് രൂപാന്തരം സംഭവിച്ചിരിക്കുന്നു. ഈ കൾട്ട് സൂഫിസത്തോട് ലോകവ്യാപകമായി തന്നെ താത്പര്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ അനുരണനങ്ങൾ കേരളത്തിലെ പൊതുബോധത്തിലും മതബോധത്തിലും ഒരു പോലെ പ്രകടമാണിന്ന്. ചിലപ്പോഴെങ്കിലും ഈ ആഭിമുഖ്യങ്ങൾ വഴി പലരും യാഥാർത്ഥ്യം തേടുകയും സൂഫിസം ഇസ്ലാമിന്റെ തന്നെ അന്ത:സാരമെന്ന് തിരിച്ചറിഞ്ഞ് വിശ്വാസപരവും കർമ്മപരവുമായ പരിവർത്തനങ്ങൾക്ക് വിധേയപ്പെട്ട് ഇസ്ലാമിക ജീവിതം നയിക്കുന്നവരായി മാറുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇന്ന് അനാർക്കിസവും നാസ്തിക ധാരണകളും പങ്ക് വെക്കുന്നവർക്കും ഭൗതികവാദികൾക്കും മതത്തിന്റെ വ്യവസ്ഥാപിത ഘടനയെ തള്ളി വിധിവിലക്കുകളെ നിഷേധിച്ച് സ്വതന്ത്ര വിശ്വാസ ജീവിതം സാദ്ധ്യമാണെന്ന് സങ്കൽപിക്കുന്നവർക്കുമെല്ലാം ഈ കൾട്ട് സൂഫിസം അഭയസ്ഥാനമായിരിക്കുന്നു. തീർച്ചയായും പാശ്ചാത്യലോകത്ത് പ്രചരിച്ചതും ഇന്നും സജീവമായി കൊണ്ടിരിക്കുന്നതുമായ പ്രവണതകളുടെ അനുരണനങ്ങൾ തന്നെയാണ് ഇന്ന് നാം കേരളത്തിലും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ കാര്യകാരണങ്ങളാണ് നാം കോളണിയനന്തര സമൂഹങ്ങളുടെ പാശ്ചാത്യ മൂല്യവ്യവസ്ഥകളോടും ജ്ഞാനശാസ്ത്ര സമീപനങ്ങളോടുമുള്ള സാംസ്കാരികവും ധൈഷണികവുമായ വിധേയത്വവുമായി ബന്ധപ്പെടുത്തി അവലോകനം ചെയ്തത്.
ഇത്തരം കൾട്ട് സൂഫിസത്തിന്റെ വ്യാപനം നമ്മുടെ മതനിരപേക്ഷ പൊതുബോധത്തിലും മതാത്മക ബോധത്തിലും അനുകൂലവും പ്രതികൂലവുമായ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മതനിരപേക്ഷ പശ്ചാത്തലമുള്ള സത്യാന്വേഷികളെ സംബന്ധിച്ച് യഥാർത്ഥ മത വിശ്വാസത്തിലേക്കുള്ള ഒരു ഇടത്താവളമായി ചിലപ്പോഴെങ്കിലും ഇത് വർത്തിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ സൂഫിസത്തിന്റെ വിശാലമാനവിക ബോധവും സഹിഷ്ണുതയും ഇസ്ലാമിന്റെ തന്നെ ഉൾസാരമാണെന്ന് അന്വേഷകന് തിരിച്ചറിവ് വരുമ്പോൾ അത് സന്മാർഗപ്രവേശനത്തിന് കാരണമാവുകയും ഇസ്ലാമിക വിശ്വാസവും വിധിവിലക്കുകളും പാലിച്ച് ജീവിക്കാൻ പലരും സന്നദ്ധരാവുകയും ചെയ്യുന്നു. എന്നാൽ ഇത് തുലോം തുച്ഛമാണെന്ന് കാണാം. അധിക ആളുകളും തങ്ങളുടെ അരാജക ജീവിതത്തിന് ഒരു നീതീകരണമെന്നോണമാണ് ഈ കൾട്ട് സൂഫിസത്തെ പുണരുന്നത്. ഇത്തരക്കാർ സൂഫിസത്തെ കുറിച്ചും വിശുദ്ധാത്മാക്കളായ സൂഫി മഹത്തുക്കളെ സംബന്ധിച്ചും പല തെറ്റിദ്ധാരണകളും വെച്ച് പുലർത്തുന്നു. അവർ ചില സൂഫിയാക്കളുടെ മൊഴികളെയും കാവ്യശകലങ്ങളെയും സർവ്വമത സത്യവാദത്തിന് നീതീകരണമായും മതാതീത ആത്മീയതയുടെ സാധൂകരണമായും ദുർവ്യാഖ്യാനം ചെയ്യുന്നു. ഒരുവേള ഇസ്ലാമിന്റെ ബാഹ്യവശങ്ങളൊന്നും ശ്രദ്ധിക്കാത്ത അനാർക്കിസ്റ്റ് ജീവിതം നയിച്ച ഉന്മാദികളായി മഹത്തുക്കളായ ഈ സൂഫിയാക്കളെ അവർ തെറ്റിദ്ധരിക്കുന്നു. എത്രത്തോളമെന്നാൽ യുക്തിവാദ ചിന്തയിൽ നിന്ന് ഈ കൾട്ട് സൂഫിസത്തിലെത്തിയ മുസ്ലിം നാമധാരിയായ ഒരു സുഹൃത്ത് ചരിത്രത്തിൽ ഏതെങ്കിലും സൂഫി ഇസ്ലാമിന്റെ വിധിവിലക്കുകൾ പരിഗണിച്ച് അഥവാ ശരീഅത്ത് നിയമങ്ങൾ പാലിച്ച് ജീവിച്ചവരായുണ്ടോ എന്നും ശരീഅത്ത് വിജ്ഞാനത്തിന് സംഭാവനകളർപ്പിച്ചിട്ടുണ്ടോ എന്നും അങ്ങനെയുള്ള ഒരാളെയെങ്കിലും കാണിച്ചു തരണമെന്നും വെല്ലുവിളിക്കാൻ മാത്രമുള്ള മതനിരപേക്ഷ മൂഢത കൾട്ട് സൂഫിസത്തിന്റെ പേരിൽ പടർന്നിരിക്കുന്നു. കാമിലീങ്ങളായ സൂഫികളിൽ നിന്ന് ഒരാളെ പോലും ശരീഅത്ത് പാലിക്കാത്തവരായി കണ്ടെത്താൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യമെങ്കിലും സൂഫിയാക്കളാരും മതകീയമായ പശ്ചാത്തലമുള്ളവരല്ല എന്ന ഒരു പൊതുബോധമാണ് കൾട്ട് സൂഫിസം പ്രസരിപ്പിക്കുന്നത്. ചരിത്രനിഷേധപരമായ ഇത്തരം തീർപ്പുകളിലേക്ക് വിശുദ്ധാത്മാക്കളായ സൂഫിയാക്കളെ പോലും ചേർത്ത് വെച്ച് മതാതീത ആത്മീയതയുടെ അരാജക ഭൂമിക സൃഷ്ടിക്കുന്നവർക്ക് സൂഫിസമെന്തന്നോ സൂഫികളാരെന്നോ യാതൊരുനിലക്കും ഗ്രഹിക്കാനായിട്ടില്ല. ഇങ്ങനെ മതാതീത ആത്മീയതയുടെ പ്രബോധകനായി കൾട്ട് സൂഫിസം തിരഞ്ഞെടുക്കുകയും തെറ്റായ നിലയിൽ പ്രതിനിധാനമാക്കുകയും ചെയ്യുന്ന ഒരു ദുരവസ്ഥയാണ് പ്രണയോന്മാദിയും വിശുദ്ധാത്മാവുമായ മഹാനായ ജലാലുദ്ദീൻ റൂമി(റ)യുടെ കാര്യത്തിൽ ഇന്ന് സംഭവിച്ചിട്ടുള്ളത്.
ഉന്നതമായ മതകീയ ജീവിതം നയിച്ച അല്ലാഹുവിന്റെ വിശുദ്ധരായ ഔലിയാക്കളിൽ ഉൾപ്പെട്ട ജലാലുദ്ദീൻ റൂമി(റ) യെ ഇവ്വിധം മതാതീത ആത്മീയതയുടെ പ്രതീകമായി ഉയർത്തിക്കാണിക്കുന്നതിൽ പാശ്ചാത്യലോകത്ത് നടന്ന റൂമി പഠനങ്ങളാണ് സ്വാധീനം ചെലുത്തിയത് എന്ന് കാണാം. റൂമി(റ)യെ കുറിച്ചുള്ള ഈ പാശ്ചാത്യപരിപ്രേക്ഷ്യങ്ങളെ അപ്പാടെ സ്വാംശീകരിച്ച് മലയാള ഭാഷയിലും മതാതീതനായ ഒരു റൂമിയുടെ പുതുപ്പിറവി സംഭവിച്ചിരിക്കുന്നു. മലയാളത്തിൽ റൂമിയെ പരിചയപ്പെടുത്തിയതും അതുവഴി മലയാള ഭാവുകത്വത്തെ ആത്മീയവും പ്രണയോന്മുഖമായ ഒരു സംവേദന സംസ്കാരത്തിലേക്ക് പരിവർത്തിപ്പിച്ചതും തങ്ങളാണെന്ന് അവകാശ വാദം ഉന്നയിച്ച് ചരിത്രവിരുദ്ധമായ അൽപത്വം അഭിമാനപൂർവ്വം പങ്ക് വെക്കുന്ന പുതിയ റൂമി വക്താക്കൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഒരേ സമയം മതനിരപേക്ഷ പശ്ചാത്തലമുള്ളവരും മതകീയ പശ്ചാത്തലമുള്ളവരും ഇത്തരം അവകാശ വാദങ്ങൾ ഏറ്റെടുത്ത് സൂഫിസത്തെ മതാതീതമായ അതിവർണ്ണം നൽകി സംരക്ഷിക്കാൻ സവിശേഷമായ താത്പര്യം പ്രകടിപ്പിക്കുന്നു. സൂഫിസത്തെ ഒരു പാരമ്പര്യമായി പ്രതിനിധീകരിക്കുന്ന പാരമ്പര്യ വിഭാഗങ്ങളും കേവലം അക്കാദമിക കൗതുകത്തോടെ സൂഫിസത്തെ പഠിക്കുന്ന ആധുനിക വക്താക്കളും ഒരേ സമയം മാപ്പു സാക്ഷികളായി ഈ പ്രവണതകളെ നിഷ്ക്രിയത്വത്തോടെ പിന്തുണക്കുന്നു. ഇസ്ലാമിക ചരിത്രത്തിലെ വിശുദ്ധാത്മാക്കളായ ഔലിയാക്കളുടെ ഗണത്തിൽ ഉൾപ്പെട്ട ലോകോത്തര നിലവാരമുള്ള ഒരു വിശുദ്ധ വ്യക്തിത്വത്തെ മതനിഷേധികൾക്കും അരാജക വാദികൾക്കും വിട്ടുകൊടുത്ത് സൂഫി പാരമ്പര്യങ്ങളിൽ പ്രൗഢിയും അഭിമാനവും ഭാവിച്ച് പാരമ്പര്യ വിഭാഗങ്ങൾ നിലകൊള്ളുമ്പോൾ സൂഫിസത്തെയും സൂഫിയാക്കളെയും തന്നെ ഇസ്ലാമിന് പുറത്തേക്ക് പടിയടച്ച് പിണ്ഡം വെച്ച് ഇസ്ലാമിനെ സംരക്ഷിക്കാൻ ആധുനിക പരിഷ്കരണ പ്രസ്ഥാനങ്ങൾ തത്രപ്പെടുന്നു.
തീർച്ചയായും സൂഫിസത്തെയും സൂഫിയാക്കളെയും സംബന്ധിച്ച് ഇസ്ലാമിനകത്തും പുറത്തുമായി നടക്കുന്ന അപകീർത്തീകരണത്തിന്റെ ഈ രണ്ട് ദുരന്തങ്ങളെയും തീർച്ചയായും അഭിമുഖീകരിക്കേണ്ടത് സത്യവിശ്വാസികളുടെ ബാദ്ധ്യതയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy