നബീൽ മുഹമ്മദ് അലി:
മൗലാനാ ജലാലുദ്ദീൻ റൂമി(റ)യും മസ്നവി എന്ന മഹാകാവ്യവും ഇന്നേറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഭൗതിക നാഗരികത സൃഷ്ടിച്ച ഹൃദയ ശൂന്യതയെ അതിജയിച്ച് ആത്മാന്വേഷിയായി മാറുന്ന പുതിയ മനുഷ്യന് റൂമിയും മസ്നവിയും നൽകുന്ന ജൈവികമായ ഉണർവ്വ് വിസ്മയാവഹമാണ്. ഇസ്ലാമിന്റെ തന്നെ ആത്മസാരമായ തസ്വവ്വുഫാണ് ഈ ഉണർവ്വിന്റെ മൂല സ്രോതസ്സ്. എന്നാൽ ഈ വസ്തുത തമസ്കരിച്ച് മതാതീതമായ ഒരു തലത്തിൽ റൂമി(റ)യെയും മസ്നവിയെയും പ്രതിഷ്ഠിക്കാനുള്ള തകൃതിയായ പ്രയത്നങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മതനവീകരണ വാദ പശ്ചാത്തലമുള്ളവരുടെ ഭാഗത്ത് നിന്ന് റൂമി(റ)യിലും മസ്നവിയിലും അനിസ്ലാമികത ആരോപിച്ച് അപമാനവീകരിക്കുന്ന പ്രവണതയും നിലനിൽക്കുന്നു. മതാനുഭവത്തെ അരസികമായ പ്രമാണവാദമാക്കുന്ന പ്രതിലോമ പൗരോഹിത്യത്തിന്റെയും മതാതിത ആത്മീയതയുടെ പേരിൽ നടക്കുന്ന സെക്യുലറൈസേഷന്റെയും പശ്ചാത്തലത്തിൽ റൂമി(റ)യെയും മസ്നവിയെയും ഇസ്ലാമിക ഭൂമികയിൽ നിന്ന് പുനർവായിക്കുന്ന ലേഖനം.
മൗലാന ജലാലുദ്ദീൻ റൂമി(റ) യും അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ മസ്നവിയും സാഹിത്യ-തത്വജ്ഞാന മേഖലയിലും സൂഫീ ചിന്താധാരകൾക്കിടയിലും ഏറെ സ്വീകാര്യത നേടിയിട്ടുണ്ട് എന്ന കാര്യം വളരെ സ്പഷ്ടമായ യാഥാർത്ഥ്യമാണ്. ഇസ്ലാമിന്റെ ആത്മസാരമായ തസ്വവ്വുഫിനെ പ്രതിനിധീകരിച്ച റൂമി(റ) അദ്ദേഹത്തിന്റെ മസ്നവിയിലൂടെയാണ് വിശ്വവിഖ്യാതരായി മാറുന്നത്. സാഹിത്യപരവും തത്വജ്ഞാനപരവുമായ സവിശേഷത കൊണ്ടും സൂഫിചിന്തയുടെ മാനവിക മൂല്യങ്ങൾ കാരണവും ഇസ്ലാമിന് പുറത്തുള്ളവർക്കിടയിൽ പോലും മസ്നവി വേദപുസ്തകം പോലെയായി മാറിയതോടെ മസ്നവിക്ക് ആ രൂപത്തിലുള്ള വായനകൾ ധാരാളമായി ഉണ്ടായി. പൊതുസമൂഹം മസ്നവി വായിച്ചപ്പോൾ അവരുടേതായ തലത്തിൽവായിക്കപ്പെടുകയും റൂമിക്ക് മതമുണ്ടായിരുന്നില്ല എന്ന നിലയിലുള്ള വ്യഖ്യാനങ്ങൾ വരെ ധാരാളമായി ഉണ്ടായി വരികയും ചെയ്തിട്ടുണ്ട്. ഇസ്ലാമിന്റെ മൂല്യങ്ങളെ പരമാവധി കാണാതിരിക്കാനും ഇസ്ലാമികമായതെല്ലാം പ്രതിലോമകരമായതും തീവ്രവാദ സ്വഭാവമുള്ളതുമാണെന്ന് വരുത്തി തീർക്കാനുമുള്ള എല്ലാ കുത്സിത ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുന്ന ലോകത്ത് സർവ്വാംഗീകൃതമായ ഒരു മാനവദർശനം ഉൾകൊള്ളുന്ന കൃതിയെ ഇസ്ലാമിന്റെ പരിധിക്ക് പുറത്തേക്ക് മാറ്റി നിർത്തി സ്വീകരിക്കുക എന്നത് സ്വഭാവികമാണല്ലോ! റൂമി(റ) യേയും മസ്നവിയേയും ഇസ്ലാമിന്റെതായി തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ബോധപൂർവ്വം അതിനെ മതാതീതമാക്കി മാറ്റിയതാണെന്ന് പറയാനാകില്ല. സൂഫി ധാരകളിൽ പ്രകടമായ മാനവമൂല്യങ്ങളും മറ്റു സവിശേഷതകളും അംഗീകരിക്കപ്പെടുമ്പോൾ തന്നെ അവ ഇസ്ലാമിന്റെ ആത്മാവ് ഉൾകൊള്ളുന്നുവെന്ന് സമ്മതിക്കാൻ പൊതുസമൂഹത്തിന് പ്രയാസമാണ്. ആ ഒരു സമീപനം തന്നെയാണ് റൂമി(റ)യോടും മസ്നവിയോടും ഉണ്ടായി തീർന്നിട്ടുള്ളത്.
അതേസമയം ആധുനിക ഇസ്ലാമിക സമൂഹത്തിനിടയിൽ റൂമി(റ)യും മസ്നവിയും എപ്രകാരമാണ് സ്വാധീനിക്കപ്പെട്ടത് എന്ന് മൗലാന സയ്യിദ് അബുൽഹസൻ അലി നദ് വി സാഹിബ് കുറിച്ചു വെച്ചിട്ടുണ്ട്. മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്’വി “താരീഖേ ദഅ്’വത്തോ അസീമത്ത്” എന്ന തന്റെ രചനയിൽഅല്ലാമാ ഇഖ്ബാലിന്റെ ജാവേദ് നാമ ഉദ്ദരിച്ചുകൊണ്ട് എഴുതുന്നു :
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മുസ്ലിം തത്വചിന്തകനായ ഡോ. മുഹമ്മദ് ഇഖ്ബാൽ, മൗലാനാ റൂമി(റ)യുടെ ഉപകാരത്തെയും ഗുരുത്വത്തെയും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു : ” മസ്നവിയിലൂടെയാണ് എനിക്ക് പുതുജീവനും നവോന്മേഷവും സിദ്ധിച്ചത്.” എന്നാൽ അതോടുകൂടി അദ്ദേഹം ഒരു പ്രതിഷേധം അറിയിക്കുന്നു: “മസ്നവിയെ, ഒരു കൂട്ടർ ബാഹ്യവചനങ്ങളിലും, ആശയങ്ങളിലും മാത്രം ചുരുക്കിക്കളഞ്ഞു. അതിന്റെ ഹൃദയവേദനയെയും, തുടിപ്പിനെയും ഉൾക്കൊള്ളാതെ ആടാനും പാടാനുമുള്ള ഒരു മാധ്യമമാക്കി. എന്നാൽ ഈ വീഴ്ച്ച നമ്മുടേതാണ്; മസ്നവിയുടേതല്ല. ഇക്കാലഘട്ടത്തിലും വഴികാട്ടിയാകാൻ മസ്നവിക്കു ശേഷിയുണ്ട്. ഭൗതികത നിറഞ്ഞ ഈ യുഗത്തിലെ അമൂല്യ സമ്പത്ത് ഹൃദയവേദനയും വിശുദ്ധ സ്നേഹവുമാണ്. ഇത് മസ്നവിയിൽ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ. അതുകൊണ്ട് മസ്നവിയെ ആധുനികയുഗത്തിലെ യുവസമൂഹം സഹയാത്രികനാക്കാൻ ആത്മാർത്ഥമായി ഞാൻ ഉപദേശിക്കുന്നു.”(ജാവേദ് നാമ- 224)
മതങ്ങൾക്കപ്പുറം വായിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത വ്യക്തിത്വങ്ങളും ആവിഷ്കാരങ്ങളും മാനവസമൂഹത്തിന്റെ പൊതുസ്വത്തായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ റൂമി(റ)യും മസ്നവിയും അതുപോലുള്ളതും മതത്തിനപ്പുറം മാനവമൂല്യങ്ങളുള്ളതായിട്ടാണ് പൊതുസമൂഹം ദർശിക്കുന്നത്. പൊതുസമൂഹത്തിനിടയിൽ മതാതീതമായ രൂപത്തിൽ സ്വീകാര്യത നേടിയ കൃതികളേയും സൂഫി വ്യക്തിത്വങ്ങളേയും ആ കൃതികളെയും വ്യക്തിത്വങ്ങളെയും രൂപപ്പെടുത്തിയ പ്രചോദനങ്ങളെയും അതിന്റെ ഇസ്ലാമികമായ ഉറവിടത്തെയും തിരിച്ചറിയാതെ മതാതീത ആത്മീയതയുടെ പ്രതിനിധാനമായി ഈ കൃതികളും വ്യക്തിത്വങ്ങളും ഏറ്റെടുക്കപ്പെടുമ്പോൾ അവരെ പൊതു സമൂഹത്തിന് വിട്ടുകൊടുത്ത് ഇസ്ലാം ദീൻ സംരക്ഷിക്കുന്ന വിവരദോഷത്തെയാണ് നാം ഇന്ന് മതനവീകരണ വാദം എന്ന് വിളിക്കുന്നത്. ഇസ്ലാമിന്റെ അന്ത:സാരം തന്നെയായ സ്നേഹവും കരുണയും സാഹോദര്യവും ഉന്നതമായ മാനവിക മൂല്യങ്ങളും ഏതൊരു സത്യാന്വേഷിയെയും ഇസ്ലാമിലേക്കാകർഷിക്കുന്ന മൗലിക ഗുണങ്ങളാണെന്നിരിക്കെ ഈ മൂല്യങ്ങളെ പ്രതിനിധീകരിച്ച സൂഫിയാക്കളെ തിരിച്ചറിയാൻ ഇസ് ലാമിക പ്രബോധകർക്ക് തന്നെ സാധിക്കാതിരിക്കുന്നത് എത്രമേൽ നിർഭാഗ്യകരമാണ്. ഈ യാഥാർത്ഥ്യത്തെ തിരിച്ചറിയാതെ റൂമിയേയും മസ്നവിയേയും അസ്പർശ്യമാക്കി മാറ്റി നിർത്തിയ വരണ്ട മതനവീകരണവാദികളുടെ സമീപനത്തെ ഇവിടെ നിഷിധമായി വിമർശിക്കാതിരിക്കാൻ നിർവ്വാഹമില്ല. മതനവീകരണ പ്രസ്ഥാനമായി രംഗത്തു വന്ന നജ്ദി വഹാബികൾ ഇസ്ലാമിന്റെ സംസ്കരണ മേഖലയിലും പ്രബോധന രംഗത്തും അസാധാരണമായ മുന്നേറ്റം നടത്തിയ സൂഫിധാരകളെ പടിയടച്ചു പിണ്ഢം വെച്ചവരാണ്. അവരാണ് റൂമി(റ)യും മസ്നവിയും അടക്കമുള്ള ഇസ്ലാമിക വ്യക്തിത്വങ്ങളെയും മൂല്യങ്ങളെയും സർവ്വലൗകികമായി ഉയർത്തി കാണിക്കാൻ തടസ്സമായി നിൽക്കുന്നവരും സൂഫിധാരയുടെ പ്രധാന വിമർശകരും.
ഇരുപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധിനിവേശ ശക്തികളുടെ ഒത്താശയോടെ ആ വരണ്ടമതനവീകരണ വാദികൾ ഇസ്ലാമിന്റെ ഹൃദയ ഭൂമികളിൽ ആധിപത്യം നേടുകയും പിന്നീട് എണ്ണപാടങ്ങളുടെ സാമ്പത്തിക വളർച്ച കൂടി ലഭിച്ചതോടെ ആദർശ തലത്തിൽ വലിയ സ്വാധീന ശക്തിയില്ലാതിരുന്നിട്ട് പോലും ആഗോളതലത്തിൽ വേരുപടർത്തുകയും ചെയ്തു. ആധുനികതയുടെ യുക്തിവാദവും മതനിഷേധ പ്രവണതയും ആഗോളതലത്തിൽ ഇസ്ലാമിനെ തന്നെ തകർക്കാൻ വന്നിരുന്ന ഘട്ടമായതിനാൽ പരമ്പരാഗത ഇസ്ലാമിന്റെ പോഷകസംഘങ്ങൾ മതപരിഷ്കരണ ആശയധാരയെ വേണ്ടവിധത്തിൽ പ്രതിരോധിക്കാനാകാതെ രാജിയായിടത്താണ് ആ വരണ്ട മതനവീകരണ വാദം ഇടം പിടിച്ചത്. ഈ ധാരയുടെ സമീപന രീതി പലപ്പോഴും ഇസ്ലാം അസഹിഷ്ണുതയുടെ ഉഗ്രശാസകവും ഏകശിലാത്മകവുമായ ഒരു നിയമ രൂപം മാത്രമാണെന്നും അതിന്റെ മൂർദ്ധന്യം ഒരു ഭീകര പ്രസ്ഥാനമായുള്ള പരിണാമമാണെന്നും മാനവിക മൂല്യങ്ങൾ ഇസ്ലാമിന് അന്യമാണെന്നും തെറ്റിദ്ധരിപ്പിക്കാൻ ഒരുപാട് കാരണമായിട്ടുണ്ട്. ഇസ്ലാമിന്റെ മാനവികത വെളിവാകുന്നിടത്ത് സെക്കുലർ ആത്മീയതയിലേക്ക് അതിർലംഘിക്കപ്പെട്ടു പോകുന്നതിനെ ചൂണ്ടി കാട്ടിയാണ് സൂഫി അന്തർധാരയുള്ള എല്ലാറ്റിനേയും പടിയടച്ചു പുറത്താക്കാൻ ഇവർ കച്ചകെട്ടി ഇറങ്ങിയത്. എന്നാൽ, ഇത് ഇസ്ലാമിനു നേരെയുള്ള തീവ്രവാദ ആരോപണങ്ങളേയും മാനവവിരുദ്ധമാക്കി മുദ്രകുത്തുന്നതിനേയും ബലപ്പെടുത്തുന്നതായി മാറുന്നുണ്ട് എന്ന മറുവശം ഇവർ കാണാതെ പോകുന്നത് മഹാദുരന്തം തന്നെയാണ്.
സൂഫി പ്രതിനിധാനത്തിന്റെ പാരമ്പര്യമുള്ള ധാരകളിൽ പോലും വഹാബികളുടെ ഈ വരണ്ട മതനവീകരണ സമീപനം സ്വാധീനം ചെലുത്തിയിരിക്കുന്നുവെന്നത് ഗൗരവപൂർവ്വം കാണേണ്ടതുണ്ട്. മസ്നവിയെ, റൂമി(റ) പ്രതിനിധീകരിച്ച ഇസ്ലാമിന്റേതായ അടിത്തറകളിൽ നിന്നു കൊണ്ട് തന്നെ വ്യഖ്യാനിക്കുകയും അതിൽ നിന്നും വേണ്ടതെല്ലാം സ്വാംശീകരിക്കുകയും ആധുനിക യുക്തിവാദത്തിനും മതനിഷേധത്തിനും മറുമരുന്നായി അതിനെ സേവിക്കുകയും ചെയ്തവരുടെ പിന്മുറക്കാരിൽ നിന്ന് തന്നെ മസ്നവിക്കെതിരായ വഹാബി സമീപനം ഉണ്ടാകുന്നത് എന്തൊരു ദുര്യോഗമാണ്!?
വിശുദ്ധ ഖുർആനും തിരുസുന്നത്തും സ്വഹാബാക്കളുടെ ചര്യയും സലഫുസ്സ്വാലിഹീങ്ങളുടെ കാലഘട്ടത്തിൽ നടപ്പിലാക്കിയത് പ്രകാരം പിൽക്കാലഘട്ടത്തിൽ നടപിലാക്കുമ്പോൾ പ്രയോഗികതലത്തിൽ ഉണ്ടാകേണ്ട പരിജ്ഞാനമില്ലായ്മ ഇസ്ലാമിക പ്രബോധന രംഗത്ത് വലിയ തിരിച്ചടികളാണ് സമ്മാനിക്കുന്നത്. ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടങ്ങളിലും മദ്ധ്യകലഘട്ടങ്ങളിലും മുസ്ലിംകൾക്ക് കൈവരിക്കാൻ കഴിഞ്ഞ വിജയങ്ങൾ ഇരുപതാം നൂറ്റാണ്ട് മുതൽ മുസ്ലിംകൾക്ക് നഷ്ടപ്പെടാനിടയാക്കിയത് ഈ പരിജ്ഞാന കുറവാണെന്ന് തെളിയിക്കുന്ന ധാരാളം സംഭവങ്ങളുണ്ട്. ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക വ്യക്തിത്വമായ മൗലാന ജലാലുദ്ദീൻ റൂമി(റ)യുടെ മസ്നവി ഒരു വിശുദ്ധ കൃതിയായി സ്വീകരിക്കപ്പെട്ട സമൂഹത്തിനിടയിൽ ഇസ്ലാമിന്റെ മൂല്യങ്ങളെ സ്ഥാപിക്കാൻ മസ്നവി തന്നെ ഉപകരണമാക്കി മാറ്റുന്നതിൽ മുസ്ലിം ഉമ്മത്ത് പരാജയപ്പെട്ടുവെന്നതാണ് സത്യം.
മീഡിയകൾ ഇസ്ലാമിനെ സംബന്ധിച്ച് നൽകിയ സങ്കൽപ്പത്തോട് ഒരിക്കലും മസ്നവി ഒത്തു പോകാത്തതിനാൽ റൂമി(റ) മതരഹിത സൂഫിയായിരുന്നുവെന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്ന സമൂഹത്തിന് മുമ്പിൽ യാഥാർത്ഥ്യം വിശദീകരിക്കുന്നതിൽ വിജയിക്കുകയാണെങ്കിൽ ഇത് ഇസ്ലാമോഫോബിയക്കെതിരായ വിജയം കൂടിയായിരിക്കും. അതേസമയം, മസ്നവിയെ ആധുനിക മതനിഷേധത്തിനുള്ള മറുമരുന്നായി സേവിച്ച ഇംദാദുല്ലാഹ് മുഹാജിർ മക്കിയുടെ ശിഷ്യരിൽ ഇന്നത്തെ തലമുറയിലെ ചിലർക്ക് മസ്നവിയും റൂമി(റ)യും പടിക്ക് പുറത്താകുമ്പോൾ റൂമി(റ)യുടെ സ്വാധീനത്തിൽ സെക്കുലർ ആത്മീയതയിലേക്ക് പോകുന്നവരെ അവരുടെ വഴിക്ക് തന്നെ തള്ളിവിടേണ്ടി വരികയാണ്. ആത്മീയതയിൽ ആത്മനിർവൃതി കണ്ടെത്താൻ ശ്രമിക്കുന്നവരോട് മതനവീകരണത്തിന്റെ വരണ്ട ഭാഷയിൽ സംബോധന ചെയ്യാമെന്ന് ചിന്തിക്കുന്നവർ തീർത്തും പ്രതിലോമകരമായ സമീപനമാണ് കൈകൊണ്ടിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ നജ്ദിയൻ മതനവീകരണ പ്രസ്ഥാനങ്ങൾക്ക് ലഭിച്ച ചെറിയ വിജയങ്ങൾ പോലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഉത്തരാധുനിക കാലഘട്ടത്തിൽ ലഭിക്കുന്നതല്ല. ഇരുപതാം നൂറ്റാണ്ട് യുക്തിവാദത്തിന്റെയും ശാസ്ത്രവാദത്തിന്റെയും ആത്മീയ നിഷേധത്തിന്റേതുമായിരുന്നുവെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൈതൃകങ്ങളെ തിരിച്ചു പിടിക്കുവാനുള്ള അന്വേഷണങ്ങളുടേതും ആത്മീയവാദത്തിന്റേതുമാണ്. അതിനാൽ ദീനി പ്രബോധന രംഗത്തുള്ളവർ പ്രമാണ ബദ്ധത നിലനിർത്തുന്നതോടൊപ്പം അതിന്റെ വ്യാഖ്യാന സാദ്ധ്യതകളെയും പരിഗണിക്കണം. മതകീയ പ്രമാണങ്ങളെ ഏക പാഠമാക്കി ചുരുക്കുന്ന പ്രമാണബദ്ധത കാരണം കഴിഞ്ഞ നൂറ്റാണ്ടുമുതൽ മുസ്ലിം ഉമ്മത്തിലുളവായ അനൈക്യവും ശൈഥില്യവും മുസ്ലിം ഉമ്മത്തിനെ എത്രമാത്രമാണ് പുറകോട്ട് വലിച്ചതെന്ന് തീർച്ചയായും പുനരവലോകനം ചെയ്യേണ്ടതുണ്ട്. ചരിത്രത്തിന്റെയും വർത്തമാനകാലത്തിന്റെയും അനുഭവങ്ങളെ താരതമ്യം ചെയ്ത് ഐക്യവും കെട്ടുറപ്പും നിലനിർത്തുന്ന വിധം അടിസ്ഥാനങ്ങൾ വിസ്മരിക്കപ്പെടാത്ത നിലയിൽ ഇസ്ലാമിലെ വൈവിദ്ധ്യ സാദ്ധ്യതകളെ പരിഗണിച്ചുകൊണ്ടായിരിക്കണം പ്രമാണങ്ങളെ നാം വ്യാഖ്യാനിക്കേണ്ടത്. ഇങ്ങനെ ആധുനിക കാലത്ത് രൂപപ്പെട്ടുവന്ന ഏകശിലാത്മകമായ ഒരു മതാനുഭവത്തെ വെടിഞ്ഞ് വൈവിദ്ധ്യപൂർണ്ണമായ ആവിഷ്കാര, വ്യാഖ്യാന സാദ്ധ്യതകളെ പരിഗണിക്കുന്ന പാരമ്പര്യ സമീപന മാതൃകകളെ വീണ്ടെടുക്കാൻ നമുക്ക് സാധിക്കണം. ഈ ഒരു മാനദണ്ഡത്തോടെ നമ്മുടെ നിലവിലുള്ള മതകീയ ജ്ഞാനവ്യവഹാരങ്ങളെ ആത്മപരിശോധന ചെയ്യാൻ നാം തയ്യാറാവുകയും ജ്ഞാനത്തിന്റെ അനന്ത സാഗരത്തിൽ നിന്ന് ഇനിയും ആർജ്ജിക്കാനുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.
റൂമി(റ)യേയും മസ്നവിയേയും അതുപോലുള്ള പാശ്ചാത്യ സമൂഹത്തിനിടയിൽ പോലും ഇടം ലഭിച്ചവരെയും അവരുടെ ആവിഷ്കാരങ്ങളെയും അനുധാവനം ചെയ്യുന്ന സമൂഹത്തെ വളരെ നയപരമായി സമീപിക്കാൻ ഏറ്റവും പര്യപ്തമായ മാർഗം അല്ലാമ അശ്റഫലി ഥാനവി(റ) യും
അലീമിയാനും അല്ലാമ ഇഖ്ബാലും കാണിച്ചു തന്നിട്ടുണ്ട്. വഹാബി ധാരയും അവരുടെ സ്വാധീനത്തിൽ നിൽക്കുന്നവരും ഇന്ന് പുലർത്തുന്ന ഈ സമീപനം ഇസ്ലാമിക സമൂഹത്തിൽ പുത്തൻ അനുഭവമല്ല. ഇസ്ലാമിക സമൂഹത്തിനിടയിൽ അവാന്തരമായ ഭിന്നിപ്പ് ആരംഭിക്കുന്നത് മുഅ്തസിലിയ്യാക്കളുടെ കാലഘട്ടം മുതലാണല്ലോ. ഗ്രീക്ക് ഫിലോസഫിയുടെ സ്വാധീനത്താൽ അന്ന് ഉടലെടുത്ത പിഴച്ച ധാരകളുടെ കരുത്ത് ഫിലോസഫിയും യുക്തിശാസ്ത്രവുമായിരുന്നു(മൻത്വിഖ്). ഇമാം അബുൽഹസൻ അശ്അരി(റ) അന്ന് അവരെ പ്രതിരോധിച്ചത് അവർ തന്നെ അവലംബിക്കുന്ന യുക്തിയും ഫിലോസഫിയേയും മുന്നിർത്തിയാണ്. അന്ന് തന്നെ അശ്അരികളെ അഹ്ലുസുന്നയിൽ നിന്ന് പുറത്താക്കുന്ന ഹനാബില ധാര രംഗത്തു വന്നിട്ടുണ്ട്. ഫിലോസഫിയോടും മൻത്വിഖിനോടും അവർക്ക് തൊടുകൂടായ്മയാണ്. അതിന്റെ ആധുനിക രൂപമാണ് വഹാബിസമായി ഇന്ന് ആഗോളതലത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. ശരിയായ വൈജ്ഞാനിക മുന്നേറ്റം സാധിക്കാത്തതിനാൽ പരമ്പരാഗത സമൂഹത്തിൽ നിന്നുള്ളവർ പോലും ഈ വഹാബി സമീപനത്തിന്റെ സ്വാധീനത്തിൽ അകപ്പെട്ട് റൂമിക്കെതിരെയും മസ്നവിക്കെതിരെയും ശബ്ദിക്കുന്ന അവസ്ഥ എത്തിയിട്ടുണ്ട്.
എല്ലാ വിജ്ഞാനങ്ങളും അല്ലാഹു സുബ്ഹാനഹുവതആലയാണല്ലോ മനുഷ്യർക്ക് വെളിപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എല്ലാം അതിന്റെ ശുദ്ധ പ്രകൃതത്തിൽ സംശുദ്ധമായിരിക്കും. മനുഷ്യൻ ശുദ്ധ പ്രകൃതത്തോടെ ജനിക്കുകയും പിന്നീട് മാതാ-പിതാക്കളുടെ സ്വാധീനത്താലാണ് തെറ്റായ ആശയങ്ങളിലേക്ക് പോകുന്നത് എന്ന് തിരുഹദീസിൽ വന്നതാണല്ലോ. അതേപ്രകാരം അല്ലാഹു മനുഷ്യർക്ക് നൽകിയ ഒരു വിജ്ഞാനവും അവന്റെ ദീനിന്റെ ആശയങ്ങൾക്ക് എതിരാകുന്നതല്ല. എന്നാൽ, അത് കൈകാര്യം ചെയ്ത ആളുകളുടെ പിഴവാണ് ആ വിജ്ഞാന ശാഖ വക്രതയുള്ളതാകുവാൻ കാരണം. അതുകൊണ്ട് തന്നെ ഫിലോസഫിയോ മൻത്വിഖോ സാഹിത്യങ്ങളോ കവിതകളോ ഒന്നും തന്നെ അതിന്റെ മൗലിക പ്രകൃതത്തിൽ ഇസ്ലാം വിരുദ്ധമല്ല. അവയെ ഇസ്ലാമിക ആശയങ്ങളുടെ പ്രബോധനത്തിനും പ്രചരണത്തിനും ഉപയോഗിക്കാവുന്നതാണ്. ഐഹികമായ വസ്തുക്കൾ പോലെ ഐഹികമായ വിജ്ഞാനങ്ങൾക്ക് പാരത്രിക വിശ്വാസത്തിനും അല്ലാഹുവിനോടുള്ള അടുപ്പത്തിനും തടസ്സമുണ്ടാക്കുന്ന കറകളുണ്ടെന്നത് വസ്തുതയാണ്. അവയെ ആവശ്യാനുസരണം കറകളഞ്ഞു ഉപയോഗിക്കുകയെന്നല്ലാതെ അവയെല്ലാം വർജിക്കുക എന്നത് പ്രായോഗികമല്ല. ചെറിയ അളവിലെങ്കിലും ഇവയെ ഉപജീവിക്കാതെയും മാധ്യമമാക്കാതെയും ഇവിടെ ആർക്കും തന്നെ അസ്തിത്വം നിലനിർത്തുക സാധ്യമല്ല. ഇവയുടെയെല്ലാം ഗുണദോഷങ്ങളെ ഏറ്റവും നന്നായി വിശകലനം ചെയ്ത് അവതരിപ്പിക്കുകയും ഇസ്ലാമിക അവാന്തര ധാരകളെ മുഴുവൻ ആശയപരമായി പരാജയപ്പെടുത്തുകയും ചെയ്ത, അഞ്ചാം നൂറ്റാണ്ടിന്റെ മുജദിദ് എന്ന് ചരിത്രകാരന്മാർ ഏകീകരിച്ച് അഭിപ്രായപ്പെട്ട വ്യക്തിത്വമാണ് ഇമാം ഗസ്സാലി(റ). ഇമാം ഗസ്സാലി(റ)യും ഈ മതനവീകരണ ധാരക്ക് അനഭിമതനാകയാൽ അത്തരം ജ്ഞാന വെളിച്ചങ്ങൾ ഇവർക്ക് തടയപ്പെട്ടു പോയിരിക്കുന്നു.