സംസ്കൃതിയുടെ മാപ്പിളപ്പെരുമ അഥവാ അറബി മലയാള സാഹിത്യവും ആവിഷ്കാരങ്ങളും

ഡോ: പി. സക്കീർ ഹുസൈൻ:

കേരള മുസ്ലിംകളുടെ ചരിത്ര സാംസ്കാരിക ആവിഷ്കാര പാരമ്പര്യത്തിന്റെ സമ്പന്നമായ ഭൂതകാലം വീണ്ടെടുക്കാൻ ഉപാധിയായ നിധിസഞ്ചയമാണ് അറബി മലയാള ഭാഷയും സാഹിത്യവും. മലയാള ഭാഷയും സാഹിത്യവും രൂപപ്പെടുന്നതിനുമുമ്പ് തന്നെ രൂപപ്പെടുകയും നൂറ്റാണ്ടുകളോളം നിലനിൽക്കുകയും ചെയ്ത ഈ ഭാഷാ പാരമ്പര്യം കൊളോണിയൽ ആധുനികതയുടെ സാംസ്കാരിക സ്വാധീനം നിമിത്തമായും, മുസ്ലിംകൾക്കിടയിൽ രൂപപ്പെട്ട മതനവീകരണാശയങ്ങളുടെ സ്വാധീന ഫലമായി രൂപപ്പെട്ട പാരമ്പര്യനിഷേധ പ്രവണതകൾ കാരണമായും തിരോഭവിക്കുകയും സംസ്കാരത്തിന്റെയും ആവിഷ്കാരങ്ങളുടെയും സർവ്വമണ്ഡലങ്ങളിൽ നിന്നും നിഷ്കാസിതമാവുകയും ചെയ്തു. പിൽക്കാലത്ത് ആധുനികവും സവർണ്ണവുമായ സംവേദന, സൗന്ദര്യ ബോധത്തോടെ രൂപപ്പെട്ടുവന്ന സാഹിത്യചരിത്രത്തിൽ നിന്നും സമ്പന്നമായ ആവിഷ്കാര പാരമ്പര്യങ്ങളുള്ള അറബി മലയാള സാഹിത്യം സ്വാഭാവികമായും അകറ്റിനിർത്തപ്പെട്ടു, എന്നാൽ ആധുനികതയും സവർണ പൊതുബോധവും അരികുവത്കരിച്ച സമ്പന്നമായ ഈ ഭാഷാപാരമ്പര്യത്തെ പോസ്റ്റ് മോഡേണിസത്തിന്റെ വിശാലമായ സൈദ്ധാന്തിക പശ്ചാത്തലം നൽകിയ തുറസ്സോടെ പുതിയ കാലത്ത് സമീപിക്കുന്ന നിരവധി ഗവേഷണോദ്യമങ്ങൾ ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മേഖലയിൽ ശ്രദ്ധേയമായ ഗവേഷണങ്ങളിലൂടെ അറബി മലയാള ഭാഷാ ചരിത്രത്തെയും ആവിഷ്കാര പാരമ്പര്യങ്ങളെയും വീണ്ടെടുക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാശാലിയായ ഗവേഷകനാണ് ഡോ: പി. സക്കീർ ഹുസൈൻ. ചരിത്രകാരനും ഗവേഷകനുമായിരുന്ന കെ.കെ. മുഹമ്മദ് അബ്ദുൽ കരീം മാഷുടെ സഞ്ചിത ഗ്രന്ഥ ശേഖരങ്ങൾ ഉപയോഗപ്പെടുത്തിയും സ്വന്തമായ അന്വേഷണങ്ങളിലൂടെയും മാപ്പിള സാഹിത്യത്തിലെ നിരവധി കൃതികൾ വീണ്ടെടുക്കുകയും അവക്ക് മലയാള പരാവർത്തനം നൽകുകയും വ്യാഖ്യാനങ്ങളിലൂടെയും ആസ്വാദനകുറിപ്പുകളിലൂടെയും മലയാള സാഹിത്യ ചരിത്രത്തിലേക്ക് കണ്ണിചേർക്കാവുന്ന വിധം അതിന്റെ പാഠങ്ങളെ വിന്യസിക്കുകയും ചെയ്യുന്ന നിരവധി പഠനങ്ങൾ ഇതിനകം സക്കീർ ഹുസൈന്റേതായി പുറത്തുവരികയുണ്ടായി. ഇവയിൽ രസിക ശിരോമണി കുഞ്ഞായിൻ മുസ്ലിയാരുടെ കൃതികളെകുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളെ മുൻനിറുത്തി മാപ്പിള സാഹിത്യത്തെയും സംസ്കാരത്തെയും സംബന്ധിച്ച് അകമിയം പ്രതിനിധി നടത്തിയ അഭിമുഖമാണ് ചുവടെ.

ചോദ്യം: അറബി മലയാള ഭാഷയിൽ രൂപപ്പെട്ട് വന്ന കാവ്യപാരമ്പര്യങ്ങളെ പറ്റി സാമാന്യമായ ഒരു വിശദീകരണം നൽകാമോ?

ഉത്തരം: ബഹുലവും സമ്പന്നവുമായ കാവ്യപാരമ്പര്യമുള്ള ഭാഷയാണ് അറബിമലയാളം. കേരളത്തിലെ മുസ്ലിംകളുടെ സർഗാവിഷ്ക്കാരങ്ങൾ സഞ്ചയിക്കപ്പെട്ട ഭാഷാപേടകമാണ് ഇത്. ഗദ്യവും പദ്യവും കൂടിച്ചേർന്നതാണ് അറബിമലയാള സാഹിത്യമെങ്കിലും പദ്യശാഖക്കാണ് അതിൽ പ്രാമുഖ്യം. മാലപ്പാട്ടുകൾ, ഖിസ്സപ്പാട്ടുകൾ, പടപ്പാട്ടുകൾ, കെസ്സ് പാട്ടുകൾ, കത്ത് പാട്ടുകൾ, കല്ല്യാണപ്പാട്ടുകൾ തുടങ്ങിയ ഷാനറുകൾ (genre) ഉൾക്കൊള്ളുന്നതാണ് മാപ്പിള കാവ്യലോകം. “മാപ്പിളപ്പാട്ടുകൾ എന്ന് പൊതുവിൽ വ്യവഹരിക്കപ്പെടുന്ന ഈ ഗാനശാഖകളുടെ സ്വഭാവത്തിലും ഉള്ളടക്കത്തിലും പ്രകാശന ത്തിലും ആവിഷ്ക്കാരത്തിലും വ്യത്യസ്തമായ സവിശേഷതകൾ ഉണ്ട്. കേരളീയതയും അറബിയതയും മാപ്പിളത്തവും ദ്രാവിഡതയും സൂഫീയതയുമൊക്കെ ഉൾച്ചേർന്നതാണ് അവയുടെ പാരമ്പര്യം. ഇസ്ലാമിക ദർശനത്തിന്റെ വിമോചനപരത, സൂഫീ ആധ്യാത്മികത യുടെ സൗന്ദര്യം, ബഹുജന സാംസ്കാരികതയുടെ ഭാവദീപ്തി, കടന്നുകയറ്റങ്ങൾക്കെതിരെയുള്ള പ്രതിരോധശേഷി മുതലായ ഘടകങ്ങളെല്ലാം മാപ്പിളപ്പാട്ടുകളുടെ പൊതുവിലുള്ള സവിശേഷതകളാണ്.
“മാപ്പിളപ്പാട്ടുകൾ’ എന്ന പ്രയോഗം പോലും ആധുനികമാണ്. മാത്രവുമല്ല, അതിനൊരു കൊളോണിയൽ മുൻവിധിയുടെ ചുവയുമുണ്ട്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ എഫ്. ഫോസറ്റ് (F. Fawcett) 1899-ൽ ഇന്ത്യൻ ആന്റിക്വറി മാർച്ച് മാസത്തിൽ എഴുതിയ A popular Moplah Song എന്ന ലേഖനത്തിലാണ് പ്രസ്തുത പദം ആദ്യമായി ഉപയോഗിക്കുന്നത്. തുടർന്ന്, വക്കം അബ്ദുൽ ഖാദർ (1873-1932) ആണ് “മാപ്പിളപ്പാട്ടുകൾ’ എന്ന് ആദ്യമായി പ്രയോഗിക്കുന്നത് എന്നാണ് ചരിത്രകാരനായ കെ.കെ. മുഹമ്മദ് അബ്ദുൽകരീം (1932-2005) ചൂണ്ടിക്കാണിക്കുന്നത്. അതിനുമുമ്പ്, “സബീനപ്പാട്ടുകൾ’ എന്ന പേരിലാണ് മാപ്പിളപ്പാട്ടുകൾ അറിയപ്പെട്ടിരുന്നത്. “കപ്പൽ’ എന്നർത്ഥം വരുന്ന “സഫീന’യിൽ നിന്നാണ് “സബീന’ വരുന്നത്. വാസ്തവത്തിൽ, സബീനക്ക് മുമ്പിലും പിമ്പിലും ഒരു വലിയ “ഹിസ്റ്റോറിക്കൽ സെൻസ്’ ഉണ്ട്. മലബാറിലേക്ക് പൗരാണിക കാലം മുതൽക്ക് കടൽ കടന്നെത്തിയ അറബ് സമുദ്രസഞ്ചാരങ്ങളുടെ ദേശാന്തരീയ ബന്ധങ്ങളിലേക്കും അതുവഴി മാപ്പിളമാരുടെ ബൃഹത്തായ വംശ സാമൂഹിക പാരമ്പര്യങ്ങളിലേക്കുമാണ് അത് ചെന്നുനിൽക്കുക. ഇതെല്ലാം പരിഗണിക്കുമ്പോൾ ഒരു നിശ്ചിത Terrestrial entity ക്കകത്ത് മാപ്പിളപ്പാട്ടുകളെയോ അതിന്റെ മൂലസ്രോതസായ അറബിമലയാള സാഹിത്യത്തെയോ നമുക്ക് ഒതുക്കി നിറുത്താനാവില്ല എന്നതാണ് പരമാർത്ഥം. മറിച്ച്, മാപ്പിളപ്പാട്ടുകളുടെ സത്തയും ശബ്ദസ്വരൂപവും സൗന്ദര്യവും വികസ്വരമായിത്തീർന്ന ബഹുലമായ സാംസ്ക്കാരിക വഴികളെ, ചരിത്രത്തിലെ മാപ്പിളമാരുടെ അഗാധമായ വേരുകളെ നമുക്ക് കണ്ടെത്തേണ്ടിവരും. ഇത്തരമൊരു അന്വേഷണത്തിന്റെ ദിശ അനിവാര്യമായും മലബാറിൽ മാപ്പിളപ്പാട്ടുകൾ പ്രചരിപ്പിച്ച തമിഴ്പുലവന്മാരിലേക്കും മസ്താന്മാരിലേക്കും ചെന്ന് നിൽക്കും. അങ്ങനെയത് കായൽപട്ടണം, തക്കലൈ, ഭവാനി, നാഗപട്ടണം, തഞ്ചാവൂർ വഴി യമനിലേക്കും കടന്നെന്നു വരും. അറബിമലയാള കാവ്യപാരമ്പര്യത്തെ യഥാവിധം പുറത്തെടുക്കുവാൻ നരവംശ ശാസ്ത്രപരവും നവചരിത്രവാദപരവുമായ ഇത്തരം പഠനങ്ങൾക്ക് മാത്രമെ കഴിയുകയുള്ളൂ. അതിനാവശ്യമായ വിശകലന പദ്ധതികളാണ് ഇനി നാം നിർമ്മിക്കേണ്ടത്.

ചോദ്യം: മുഹിയിദ്ദീൻ മാലയുടെ ജനപ്രിയതയുടെ കാരണമായി സവിശേഷമായി എടുത്തുപറയാവുന്നത് അതിലെ ലളിതമായ ഭാഷാശൈലിയാണ്. ജനജീവിതത്തിൽ സ്വാഭാവികമായി ഉപയോഗത്തിലിരുന്ന മൊഴിവഴക്കങ്ങളും പ്രാദേശിക പ്രയോഗങ്ങളും അതിലെ ആശയ സംവേദനം സുതാര്യമാക്കിയപ്പോൾ നൂൽ മദ്ഹ് പോലുള്ള കൃതികളിലെ തമിഴ് ഭാഷയോടുള്ള മൗലികമായ ചായ് വാണ് അതിന്റെ സംവേദനം ദുർഗ്രാഹ്യ മാക്കിയത്. ഇക്കാര്യം താങ്കൾ നിരീക്ഷിക്കുന്നുമുണ്ട്. കൂടുതൽ വിശദാംശങ്ങൾ നൽകാമോ?

ഉത്തരം: ഖാളി മുഹമ്മദും കുഞ്ഞായിൻ മുസ്ലിയാരും ഓരോ കാലഘട്ടത്തിന്റെ പ്രതിനിധികളാണ്. യഥാക്രമം, പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളാണ് അവരുടെ ജീവിതകാലം. ഇരുവരും മഖ്ദൂമി കളരിയിൽ നിന്ന് ജ്ഞാനതികവ് നേടിയവരും ഒരേ ആത്മീയ വഴിയിൽ സഞ്ചരിച്ചവരുമാണ്. എങ്കിലും, ചിന്തയിലും ആവിഷ്ക്കാരത്തിലും രണ്ടുപേരും വ്യത്യസ്തരും മൗലികരുമാണ്. ഭാഷയിലും സാഹിത്യ വ്യവഹാരങ്ങളിലും “സംസ്കൃതകേന്ദ്രിതമായ അറിവധികാരം’ നിലനിന്ന ഒരു കാലത്താണ് ഇവർ ഭാഷയിൽ ഇടപ്പെട്ടത്. തങ്ങൾ അഭിമുഖീകരിച്ച സാമൂഹിക പരിതസ്ഥിതികളും വൈയക്തികമായ നിലപാടുകളുമാണ് ഇവരുടെ ആഖ്യാനങ്ങളെ വ്യത്യസ്തമാക്കിയത്.
“മുഹിയിദ്ദീൻ മാല’ ഒരു സ്തുതികാവ്യം എന്നതിനപ്പുറം ചില നിലപാടുകളും സവിശേഷതകളും ഉയർത്തിപിടിക്കുന്നുണ്ട്. പതിനേഴാം ശതകത്തിലെ കേരളീയ സമൂഹ ത്തിലെ വിഭക്തി വിചാരങ്ങൾക്കും അഹിത ജീവിതചര്യകൾക്കുമെതിരെയുള്ള ഭക്തി വിചാരമാണ് മാല. “നിലയും വിലയുമില്ലാതെ’ വ്യത്യസ്ത ജാതിശ്രേണികളിൽ നിന്ന് ഇസ്ലാമിലേക്കു കടന്നുവന്ന പുതുവിശ്വാസികൾക്ക് ഔന്നിത്യം പ്രദാനം ചെയ്യുക എന്നതാണ് അതിന്റെ മുഖ്യ രചനോദ്ദേശം. ശൈഖ് ജീലാനിയുടെ ഉദാത്തമായ ജീവിതത്തെ ആവിഷ്ക്കരിക്കുക വഴി, മഹത്തായ “മാനവികത’യാണ് അത് ചരിത്രത്തിൽ ഉയർത്തി പിടിക്കുന്നത്. സാഹിത്യ ഭാഷയുടെ ലളിതവത്കരണവും ജനകീയ പ്രതിമാന രൂപീകരണവും കേരളത്തിൽ ആദ്യമായി സംഭവിക്കുന്നത് മുഹിയിദ്ദീൻ മാലയിലാണ്. കർഷകരും ഗ്രാമീണരുമായ തന്റെ ജനതയുടെ ജീവിതത്തോട് ചാരിയും ചേർന്നും നിൽക്കുന്ന അനുഭവങ്ങളാണ് മാലയിലെ സുപ്രധാന കാവ്യബിംബങ്ങൾ. പാല്, വെണ്ണ, കുപ്പി, കൊടി, കോഴീടെ മുള്ള്, ചൂട്ട്, തേനീച്ച, ഉറുമ്പ്, മഴ, കരിഞ്ഞമരം, ഖുബ്ബ തുടങ്ങിയ “ഇമേജസ്’ ഇതിന് ഉദാഹരണമാണ്. ഇസ്ലാമിക വിമോചന സൗന്ദര്യ ശാസ്ത്രത്തിന്റെയും സ്വതന്ത്ര സാമൂഹിക വീക്ഷണത്തിന്റെയും സവിശേഷ ബിംബങ്ങൾ മാപ്പിളപ്പാട്ടു കാവ്യങ്ങളിൽ കടന്നുവരുന്നതും മുഹിയിദ്ദീൻ മാലയോടെയാണ്. മറ്റൊരു അർത്ഥത്തിൽ, ഒരു കാല ഘട്ടത്തിന്റെ നിസംഗതയും ഒരു ജനതയുടെ വേദനകളും അവരുടെ ഉത്കണ്ഡകളും പ്രത്യാശകളും ഉൾവഹിക്കുന്ന രചനയാണ് മുഹിയിദ്ദീൻ മാല. Poet is a man who speaks to men/ മനുഷ്യരോട് സംസാരിക്കുന്ന മനുഷ്യനാണ് കവി’ എന്ന് പറഞ്ഞത് വില്ല്യം വേർഡ്സ്വർത്ത് ആണ്. ഈ നിർവചനത്തിന്റെ കേരളീയ സാക്ഷ്യമാണ് ഖാളി മുഹമ്മദ്(റ).
ഇനി കുഞ്ഞായിൻ മുസ്ലിയാരിലേക്കു വരാം. നാടുവാഴിത്തത്തിന്റെ മുരടിപ്പും കൊളോണിയൽ സംഘർഷങ്ങളും ഭാഷയിലും സാഹിത്യത്തിലും ബ്രാഹ്മണ്യ അധീശത്വവും തിമർത്താടിയ ഒരു കാലത്താണ് അദ്ദേഹത്തിന്റെ വരവ്. ഖാളി മുഹമ്മദിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ നിലപാടാണ് ജീവിതത്തിലും എഴുത്തിലും അദ്ദേഹത്തിനുണ്ടായിരുന്നത്. ഖാളി മുഹമ്മദ്(റ) ഭാഷയെ കൂടുതൽ ലളിതവൽക്കരിക്കുവാനാണ് ഉത്സാഹിച്ചതെങ്കിൽ കുഞ്ഞായിൻ മുസ്ലിയാർ(റ), നിലനിൽക്കുന്ന മണിപ്രവാള രചനക്ക് ബദലായി മറ്റൊരു സാഹിത്യ ഭാഷ സൃഷ്ടിക്കുവാനാണ് തുനിഞ്ഞത്. “സംസ്കൃതവും മലയാളവും ചേർന്ന് മണിപ്രവാളമാകാമെങ്കിൽ എന്തുകൊണ്ട് ഇവക്കൊപ്പം മറ്റു ഭാഷാപദങ്ങൾ വെച്ച് “മറ്റൊരാഖ്യാന രൂപമായിക്കൂട’ എന്ന നിലയിലാണ് അദ്ദേഹം ചിന്തിച്ചത്.
“കടുകടുപ്പതു കഠിന സംസ്കൃത വികടകടുകവിത/ കഠിനമായ സംസ്കൃത വാക്കുകൾ കൊണ്ടെഴുതുന്ന വികടമായ കൊടും കവിതകൾ’ എന്നാണ് ഇക്കാലത്തെ മണിപ്രവാള കാവ്യങ്ങളെ മുസ്ലിയാരുടെ സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാർ കളിയാക്കുന്നത്. എന്നാൽ, മുസ്ലിയാർ മലയാളം, തമിഴ്, അറബി, ഫാർസി, ഉർദു മറ്റു ഇന്ത്യൻ ഭാഷാപദങ്ങൾ വെച്ച് കൊണ്ട് സമാന്തരമായ അല്ലെങ്കിൽ നിലനിൽക്കുന്ന സാഹിത്യ ഘടനക്ക് വിപരീതമായ “ഒരു ഭാഷയും ഭാവനയും’ കൊണ്ടുവരുവാനാണ് പരിശ്രമിക്കുന്നത്. ഇത് വാസ്തവത്തിൽ, സംസ്കൃത കേന്ദ്രിതമായ അറിവധികാരത്തിനെതിരാണ്. നാരി സ്തുതികളും ഭോഗവർണനകളും നിറഞ്ഞ മണിപ്രവാള കാവ്യങ്ങളിലെ വിഭക്തികൾക്കെതിരെയുള്ള ഒരു കലാപം കൂടിയാണ്. മണിപ്രവാള കാവ്യഘടനയെ പോലും കുഞ്ഞായിൻ മുസ്ലിയാർ തന്റെ കൃതികളിൽ പുന:സംഘടിപ്പിക്കുകയുണ്ടായി. മണിപ്രവാള കവികൾ തങ്ങളുടെ കാവ്യങ്ങളിൽ “വിഭക്ത്യന്തം’, സംസ്കൃതം ഉപയോഗിക്കുമ്പോൾ കുഞ്ഞായിൻ മുസ്ലിയാർ അതിനുതുല്യമായി മറ്റു ഭാഷാപദങ്ങൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു ആഖ്യാന നിർമിതിക്കായി ഖാളി മുഹമ്മദിൽ നിന്ന് വ്യത്യസ്തമായി “പദസ്വാതന്ത്ര്യം’ ധാരാളം അദ്ദേഹം എടുക്കുകയുമുണ്ടായി. കൊടും തമിഴ് വാക്കുകളാണ് അദ്ദേഹം കൂടുതലായും സ്വീകരിച്ചത്. ഇങ്ങനെയൊക്കെയാണ് അദ്ദേഹത്തിന്റെ ഭാഷ താരതമ്യേന, ദുർഗ്രാഹ്യമായിത്തീരുന്നത്.

ചോദ്യം: ജീവിതം കൊണ്ട് സരസനും ജനപ്രിയനുമായ കുഞ്ഞായിൻ മുസ്ലിയാർ രചനകൾകൊണ്ടും അതിലെ ദർശനംകൊണ്ടും ജനപ്രിയനായിരുന്നില്ല. അദ്ദേഹത്തിന്റെ ബാഹ്യജീവിതത്തിന്റെ ലാളിത്യവും ആന്തരിക ജീവിതത്തിന്റെ ആഴവും വ്യക്തമാക്കുന്ന വൈയക്തിക മഹത്വത്തിന്റെ നിദർശനമല്ലേ ഇത്….?വിശദീകരിക്കാമോ?

ഉത്തരം: യഥാർത്ഥത്തിൽ, കുഞ്ഞായിൻ മുസ്ലിയാർ ഒരു വിസ്മയമായിട്ടാണ് നമ്മുടെ മുമ്പിലുള്ളത്. കവി, സൂഫി, ഹാസ്യകാരൻ എന്നീ മൂന്ന് മാനങ്ങൾ ചേർന്നതാണ് അദ്ദേഹത്തിന്റെ സാരവത്തായ ജീവിതം. ഒരു കവിയുടെ കാവ്യലോകവും സൂഫിയുടെ ജ്ഞാന ലോകവും ഹാസ്യകാരന്റെ ഹാസ്യലോകവും ചേർന്നുനിൽക്കുന്ന ഒരു വലിയ ലോകമാണ് അദ്ദേഹം. ഹാസ്യം, കുഞ്ഞായിൻ മുസ്ലിയാരെ സംബന്ധിച്ചിടത്തോളം കേവലം, ഒരു നേരമ്പോക്ക് മാത്രമായിരുന്നില്ല. മറിച്ച്, നിലനിൽക്കുന്ന സാമൂഹിക രാഷ്ട്രീയ ഘടനയേയും അത് ഉളവാക്കുന്ന ജീവിതശീലങ്ങളെയും ആന്തരികമായി ചോദ്യം ചെയ്യുവാനുള്ള ഒരായുധമായിരുന്നു. ബഗ്ദാദിലെ ഹാറൂൺ അൽറഷീദ് ചക്രവർത്തിയുടെ കൊട്ടാരത്തിലെ അബൂനുവാസിനെയും ബഅ്ലൂലിനെയും പോലെ, അക്ബർ ചക്രവർത്തി യുടെ കൊട്ടാരത്തിലെ ബീർബലിനെപ്പോലെ, കേരളീയനും തന്റെ സമകാലികനുമായ കുഞ്ചൻ നമ്പ്യാരെപോലെയൊക്കെ സമീകരിക്കാവുന്നതാണ് അദ്ദേഹത്തിന്റെ ജീവിതരാഷ്ട്രീയം. ഒരു കാലത്തേയും ഒരു ജനതയേയും പൊട്ടിച്ചിരിപ്പിച്ച മുസ്ലിയാർ, അതേ ജനതയേയും കാലത്തേയും തന്റെ രചനകളാൽ ഏറെ ചിന്തിപ്പിക്കുകയുണ്ടായി എന്ന കാര്യം മറന്നുകൂട. ഹാസ്യം കൊണ്ടും ധിഷണകൊണ്ടും സമൂഹത്തിൽ ഒരേസമയം പോരാടിയ ത്യാഗിവര്യനാണ് അദ്ദേഹം. മുസ്ലിയാർക്ക് സമശീർഷനായി അദ്ദേഹത്തിന് മുമ്പും പിമ്പും മാപ്പിളസാഹിത്യ ചരിത്രത്തിൽ മറ്റൊരാളെ നമുക്ക് കാണുവാനും കഴിയുന്നില്ല.
കുഞ്ഞായിൻ മുസ്ലിയാരുടെ വ്യക്തിപ്രഭാവത്തിന് നിദാനം അദ്ദേഹത്തിന്റെ ആഴപ്പരപ്പുള്ള സൂഫീ ജ്ഞാനബോധം തന്നെയാണ്. കപ്പപ്പാട്ടും നൂൽ മദ്ഹും നൂൽമാലയുമൊക്കെ ഇതിന് എമ്പാടും തെളിവുകൾ നൽകുന്നുമുണ്ട്. അദ്ദേഹത്തിന്റെ അത്യസാധാരണമായ ഒരു കാവ്യവിഭാവനക്ക് ഒരു ഉദാഹരണം പറയാം: നൂൽമാലയുടെ തുടക്കത്തിൽ ശൈഖ് അബ്ദുൽ ഖാദർ ജീലാനി(റ)യെ ഒരു താമരപ്പൂവായും തന്റെ പ്രേമത്തെ മനോകുസുമമായും മുസ്ലിയാർ ഉപമിക്കുന്നു. “സരസിജമലരും ആശാകമലവും’ ശൈഖവർകളെ താമരപ്പൂവിനോടാണ് അദ്ദേഹം ഉദാഹരിക്കുന്നത്. പൂക്കളുടെ കൂട്ടത്തിൽ ഏറ്റവും വലിയ പൂവാണല്ലോ താമര. സൂഫിയാക്കളുടെ നേതാവായ അഥവാ ഗൗസുൽ അഅ്ളം(റ)’ ആയ ശൈഖ് ജീലാനിയെ പൂക്കളുടെ കൂട്ടത്തിലെ ഏറ്റവും വലിയ പൂവ് കൊണ്ട് തന്നെയാണല്ലൊ ഉപമിക്കേണ്ടതും. മാത്രവുമല്ല, താമര വെള്ളത്തിലാണ് വളരുക. സമുദ്രം എന്നത് “ത്വരീഖത്ത്’ ആണല്ലൊ. കൂടാതെ, താമരവിരിയുന്നത് സൂര്യപ്രകാശമേൽക്കുമ്പോഴാണ്. “നൂർമുഹമ്മദി’ എന്ന സൂര്യപ്രകാശത്തിൽ നിന്ന് വിരിഞ്ഞ പൂവാണ് ശൈഖ് ജീലാനി(റ) എന്നർത്ഥം. താമരയിൽ നീർപൊയ്കയുടെ അഗാധതയിലേക്ക് നീളുന്ന ഒരു വള്ളിയും കാണുമല്ലൊ. ഈടും ഉറപ്പുമുള്ള ഇതിനകത്തെ നാര് ഹഖീഖത്തിന്റെ അകസാരത്തെയും ദ്യോതിപ്പിക്കുന്നു. കുഞ്ഞായിൻ മുസ്ലിയാർ നമ്മുടെ ചിന്തകളിൽ വിസ്മയം തീർക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ചോദ്യം: മലയാള ഭാഷയുടെ ആവിർഭാവത്തിനും മുമ്പ് ദ്രാവിഡ സംസ്കൃതിയുടെ ഭാഗമായിരുന്ന സാഹിത്യചരിത്രത്തിന്റെ തന്നെ ഒരു ഭാഗമാണ് വാസ്തവത്തിൽ അറബിമലയാളം. ഒരുപക്ഷെ തമിഴ് സാഹിത്യചരിത്രത്തിന്റെ തന്നെ ഉപശാഖകളായി പരിഗണിക്കാവുന്ന അറബിത്തമിഴും അറബിമലയാളവും പൊതുവായി തമിഴ് ഭാഷാ പാരമ്പര്യങ്ങളോട് ആഭിമുഖ്യം പുലർത്തുന്നതിനാൽ തമിഴ് സാഹിത്യചരിത്രത്തിൽ ഇടം നേടേണ്ട ഒന്നായിട്ടും തമിഴ് പൊതു സാഹിത്യചരിത്രവുമായി കണ്ണിചേരാൻ ഈ സങ്കര ഭാഷകൾക്ക് സാധിക്കാതെ പോയി. ഇതിന്റെ കാരണങ്ങൾ വിശദീകരിക്കാമോ?

ഉത്തരം: ശരിയാണ്. അറബിത്തമിഴ്, തമിഴ് ഭാഷയുടെ അടിപ്പടവുകളിൽപ്പെട്ട പ്രബലമായ പ്രാഗ് ഭാഷാസ്വരൂപമാണ്. ദ്രാവിഡ സാംസ്കാരിക രൂപീകരണത്തിൽ നിർണായകമായി ഇടപ്പെട്ട ഈ ഭാഷാപാരമ്പര്യത്തെ ഔദ്യോഗിക തമിഴ് സാഹിത്യചരിത്രത്തിൽ അർഹമാം വിധം പരിഗണിക്കപ്പെടുകയുണ്ടായില്ല. അറബിത്തമിഴിനെ സംബന്ധിച്ച് ആഴത്തിൽ പഠനം നടത്തിയ ടോർസ്റ്റൺ ഷാഹർ (Torsten Tschacher) ഇക്കാര്യം, ‘Drowning in the ocean of Tamil: Islamic texts and Histography of Tamil Literature’ എന്ന ലേഖനത്തിൽ അടിവരയിട്ടു പറയുന്നുണ്ട്: “മുഖ്യധാര തമിഴ് എന്ന് നിർവചിച്ചു വെച്ചതിനകത്തുള്ളത് മാത്രമെ തമിഴ് സാഹിത്യമായി പരിഗണിക്കുന്നുള്ളൂ. അല്ലാത്തവ മുസ്ലിം സാഹിത്യം, ക്രിസ്ത്യൻ സാഹിത്യം എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ആയതിനാൽ തമിഴ് എന്ന് പറയപ്പെടുന്ന മാനകത്വത്തിലേക്ക് എത്താൻ മറ്റു ഭാഷകൾ കിണഞ്ഞു പരിശ്രമിക്കുന്നു’.

നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ഇത് അറബിത്തമിഴിന്റെ മാത്രം പ്രശ്നമല്ല. ഇന്ന്, നമ്മുടെ മുമ്പിലുള്ള മുഖ്യധാര ഭാഷകളുടെ സാഹിത്യചരിത്രങ്ങളിലൊന്നും പ്രസ്തുത ഭാഷകളുടെ രൂപീകരണത്തിലും വികസ്വരതയിലും ഇടപ്പെട്ട പ്രാഗ് ഭാഷകളോ അവയുടെ സാഹിത്യാസ്തികളോ കാണാനൊക്കില്ല. ഇത്തരമൊരു തിരസ്ക്കാരത്തിനു പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽ ഏറ്റവും എടുത്തുപറയേണ്ടത്, നമ്മുടെ ചരിത്രവും ഭാഷയും സാഹിത്യവും സാഹിത്യചരിത്രവുമൊക്കെ രൂപകൽപ്പന ചെയ്യപ്പെട്ടത് അധീശവ്യവഹാരങ്ങൾക്കകത്തുവെച്ചാണ് എന്നതാണ്. മതം, ഭാഷ, ജാതീയത, വരേണ്യവർഗം, ഭരണകൂടം മുതലായ അധികാരസ്ഥാപനങ്ങൾ നമ്മുടെ ഭാഷയിലും ചരിത്രത്തിലും നിർമ്മിച്ചെടുത്ത നിഗൂഢതകളും അപകടങ്ങളും ചില്ലറയല്ല. കൊളോണിയൽ ആധുനികതയുടെ “ദേശം-ദേശീയത-രാഷ്ട്രം’ എന്നീ ദ്വന്ദങ്ങളെ ഭാവന ചെയ്തതും ഈ വരേണ്യ സ്ഥാപനങ്ങളുടെ ഇച്ഛക്കും സ്വാധീനത്തിനും വിധേയമായിട്ടാണ്. അപരങ്ങളെ നിർമിച്ചുകൊണ്ടല്ലാതെ “ദേശീയത’ എവിടെയും നിലനിന്നിട്ടില്ല. ദേശീയത, ഒരു പ്രത്യേക പാരമ്പര്യത്തെ ചരിത്രത്തിൽ പ്രതിഷ്ഠാപനം നടത്തുന്നത് മറ്റു പാരമ്പര്യങ്ങളെ പുറന്തള്ളിക്കൊണ്ടാണ്. ഈ exclusion ആണ് ദേശീയ വ്യവഹാരങ്ങളുടെ വ്യാകരണം. തമിഴ്നാട്ടിൽ, അറബിത്തമിഴും കേരളത്തിൽ മണിപ്രവാളമൊഴികെയുള്ള അറബിമലയാളവും കുറസോനിയും മറ്റു ഗോത്ര ഭാഷകളുമൊക്കെ ഈ
exclusion ന്റെ ഇരകളാണ്.

ചോദ്യം: ദ്രാവിഡവും ഇസ്ലാമികവുമായ പാരമ്പര്യങ്ങളുടെ സമ്മിശ്രണമായി രൂപപ്പെട്ട അറബിമലയാള ഭാഷ വാസ്തവത്തിൽ മലയാള ഭാഷയുടെ ഒരു പ്രാഗ് രൂപമല്ലേ…? ഈയർത്ഥത്തിൽ ജൈവികവും ജനകീയവുമായ ഒരു ഭാഷയായി വികസിച്ചുകൊണ്ടിരുന്ന അറബിമലയാള ഭാഷയെ നിർവീര്യമാക്കുന്നതിൽ മലയാളഭാഷയുടെ സംസ്കൃത വൽക്കരണവും ആധുനികതയും ചെലുത്തിയ സ്വാധീനമെന്തെന്ന് വിശദീകരിക്കാമോ?

ഉത്തരം: ഇസ്ലാമികത, ദ്രാവിഡത, കേരളീയത ഈ മൂന്ന് സാംസ്ക്കാരിക സങ്കലനങ്ങളുടെയും ഉൽപന്നമാണ് യഥാർത്ഥത്തിൽ അറബിമലയാളം. ഇക്കൂട്ടത്തിൽ, ഇസ്ലാമിക, സാമൂഹികതയുടെ പരിവൃത്തത്തിനകച്ചുവെച്ച് മാത്രമാണ് അറബിമലയാളത്തെ നമ്മുടെ പൊതു അക്കാദമിക സമൂഹം വിശകലനം ചെയ്തിട്ടുള്ളത്. മുകളിൽ സൂചിപ്പിച്ച മൂന്ന് അടരുകളിലും വേരൂന്നിയ ഒരു ഭാഷാരൂപം എന്ന നിലയിൽ അതിനെ സമഗ്രമായി വ്യവഹരിക്കപ്പെടുകയുണ്ടായില്ല. ഈ ഉദാസീനതക്കു പിറകിൽ നിരവധി ഘടകങ്ങളുണ്ട്. മുകളിൽ പറഞ്ഞ കൊളോണിയൽ ആധുനികതയുടെ ഭാഗമായി രൂപപ്പെട്ട കുത്സിതമായ ദേശീയവത്കരണത്തിനു പുറമെ, ബ്രാഹമണ്യ അധികാരത്തിന്റെ ഉപകരണമായ സംസ്കൃത വത്കരണവും, അച്ചടിവിദ്യയുടെ വരവോടെ കടന്നുവന്ന മലയാളഭാഷയുടെ മാനകവത്ക്കരണവും അതുണ്ടാക്കിയ വരേണ്യമായ ഭാഷാബോധവുമൊക്കെ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. മാനകഭാഷ ശുദ്ധമായ ഭാഷാരൂപമാണെന്നും പ്രാദേശികഭേദങ്ങളും ഭാഷാ മിശ്രണങ്ങളും ഭാഷയുടെ വികൃതരൂപമാണെന്നൊക്കെയുള്ള വികൽപബോധകങ്ങൾ നമ്മളിൽ സ്വാധീനിക്കപ്പെടാൻ ഇടയായതും ഇങ്ങനെയാണ്.

ചോദ്യം: മലയാള ഭാഷയുടെ ദ്രവീഡിയൻ മാതൃത്വം സംസ്കൃത സ്വാധീനത്താൽ തമസ്കരിക്കപ്പെടുമ്പോൾ കുഞ്ഞായിൻ മുസ്ലിയാരുടേതുപോലുള്ള അറബിമലയാള കൃതികളെ സംബന്ധിച്ച പഠനങ്ങൾ ദ്രവീഡിയൻ പാരമ്പര്യങ്ങളെ വീണ്ടെടുക്കാനുള്ള ഒരു യത്നം കൂടിയല്ലേ….?

ഉത്തരം: മലയാളഭാഷയും തമിഴും തമ്മിൽ വലിയ ബന്ധമാണ് ഉള്ളത്. ഈ ബന്ധം മാതൃ ബന്ധമാണോ, പുത്രീബന്ധമാണോ, സഹോദരീ ബന്ധമാണോ എന്ന കാര്യത്തിലെ നമ്മുടെ പണ്ഡിതന്മാർക്കിടയിൽ തർക്കമുള്ളു. മലയാളഭാഷക്ക് തമിഴിന്റെ പുത്രീപദമാണ് കൊടുക്കേണ്ടതെന്ന് ആദ്യം ചൂണ്ടികാണിച്ചത് ഡോക്ടർ കാൽഡെൽ (Dr. Caldwell) ആണെന്നു തോന്നുന്നു. പി. ഗോവിന്ദപിള്ളയും പ്രൊഫ. രാജരാജവർമയുമൊക്കെ ഈ അഭിപ്രായക്കാരാണ്. എന്നാൽ, മലയാളത്തിന്റെ ആദ്യരൂപം തമിഴല്ല, മൂലദ്രാവിഡഭാഷയാണ് എന്ന അഭിപ്രായക്കാരാണ് ഉള്ളൂരും ആറ്റൂർ കൃഷ്ണ പിഷാരടിയും. ഏതായാലും, മലയാളത്തിന്റെ ശക്തമായ ദ്രാവിഡപാരമ്പര്യത്തിലേക്ക് തെളിവ് നൽകുന്ന രചനകളാണ് കുഞ്ഞായിൻ മുസ്ലിയാരുടെ നൂൽമദ്ഹ്,നൂൽമാല, കപ്പപ്പാട്ട് എന്നീ രചനകൾ. “സംസ്കൃത കേന്ദ്രിതമായ അറിവാധികാരം’ നിലനിന്ന പത്തിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ രചനകളിലും മുഴച്ചുനിൽക്കുന്നത് ദ്രാവിഡ പ്രഭാവമാണ്. ഈ കൃതികളിൽ ഒന്ന് പാട്ടും (കപ്പപ്പാട്ട്) രണ്ടെണ്ണം മാലകളും (നൂൽമദ്ഹ്, നൂൽമാല) ആണ്. “നൂൽ’ എന്നാൽ തമിഴ് വഴക്കമനുസരിച്ച് രചിക്കപ്പെടുന്ന കാവ്യമാണ്. തമിഴ്കാവ്യങ്ങളുടെ, ലക്ഷണഗ്രന്ഥമായ തൊൽക്കാപ്പിയത്തിൽ, “വിനയിൽ നീക്കി വിളങ്കിന് അറിവിൽ മുനൈവേർ കണ്ടത് മുത്നൂൽ ആകും’ (ലൗകിക ബന്ധങ്ങളിൽ നിന്ന് മുക്തരായ ജ്ഞാനികൾ നിർമ്മിച്ച കാവ്യമാണ് മുത്നൂൽ) എന്ന് കാണാം.
കുഞ്ഞായിൻ മുസ്ലിയാരുടെ രചനകളിൽ മാത്രമല്ല അദ്ദേഹത്തിന്റെ സമകാലികരായ കുഞ്ചൻ നമ്പ്യാർ, അർണോസ്പാതിരി, ഉണ്ണായിവാര്യർ, രാമപുരത്തുവാര്യർ, ജോസഫ് ഫെൻ എന്നിവരുടെ കൃതികളിലും തമിഴ്ചായ്വും നാട്ടുഭാഷാ പദങ്ങളുടെ ഉപയോഗവും കാണാം. ചുരുക്കത്തിൽ, മലയാളഭാഷയുടെ ദ്രാവിഡിയൻ പാരമ്പര്യങ്ങളെ വീണ്ടെടുക്കുവാനുള്ള ശ്രമം കുഞ്ഞായിൻ മുസ്ലിയാരുടെ കൃതികളെ മുൻനിർത്തി ആലോചിക്കേണ്ട പ്രസക്ത വിഷയം തന്നെയാണ്.

ചോദ്യം: സംസ്കൃതവൽക്കരിപ്പെട്ട മലയാള സാഹിത്യചരിത്രത്തിന്റെ പുറംപോക്കിലാണ് ഇന്നും അറബിമലയാള സാഹിത്യം. ഒരു ഫോക്ലോർ കൗതുകം എന്നതിനപ്പുറം അക്കാദമിക രംഗങ്ങളിൽ അറബിമലയാള ഭാഷയും സാഹിത്യവും ഇന്ന് പരിഗണിക്കപ്പെടുന്നുണ്ടോ? താങ്കളുടെ അനുഭവം വിശദീകരിക്കാമോ?

ഉത്തരം: ക്രിസ്താബ്ധം ഒമ്പതാം നൂറ്റാണ്ടിൽ ആവിർഭാവം കൊണ്ടതായി കണക്കാക്കപ്പെടുന്ന അറബിമലയാളം ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിവരെ മാപ്പിളമാർക്കിടയിൽ സജീവമായി നിലനിന്നുപോന്നു. വ്യത്യസ്തവിഷയങ്ങളെ ചൂഴ്ന്നുകൊണ്ട് അയ്യായിരത്തിൽ പരം ഗ്രന്ഥങ്ങൾ അറബിമലയാളത്തിൽ രചിക്കപ്പെടുകയുമുണ്ടായി, പക്ഷേ, നിർഭാഗ്യവശാൽ ഈ സംഗതികളൊന്നും നമ്മുടെ സാഹിത്യചരിത്രകാരന്മാർ അറിഞ്ഞിട്ടേയില്ല. ഉള്ളൂരും ആറ്റൂരും ആർ. നാരായണപ്പണിക്കരും ശങ്കരൻ നമ്പ്യാരുമൊക്കെ ഈ വിഷയകമായി മൗനം പാലിക്കുമ്പോൾ എം. ലീലാവതി, മലയാള കവിതാസാഹിത്യ ചരിത്രത്തിൽ എഴുതുന്നത്: “ഉത്തര കേരളത്തിലെ നാടോടിപ്പാട്ടുകളിൽ ബദർപടപ്പാട്ട് മുതലായ ചില മാപ്പിളപ്പാട്ടുകളും ഉൾപ്പെടും’! എന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്, നമ്മുടെ ഭാഷയും സാഹിത്യവും ഇന്നും നിലനിൽക്കുന്നത് ജാതികേന്ദ്രിത ഭാവനയിലാണ് എന്നുള്ളതാണ്. ചരിത്രത്തിൽ, ബ്രാഹമണിക് അധീശ വ്യവഹാരങ്ങൾക്കെതിരെ സമാന്തരമായി ഉയർന്നുവന്ന എല്ലാ കലാവ്യവഹാരങ്ങളെയും “നാടോടി മുദ്ര’ ചാർത്തി മാറ്റിനിർത്തപ്പെടുകയാണ് ഉണ്ടായത്. മാപ്പിളപ്പാട്ടിനെ ഏത് മാനദണ്ഡമനുസരിച്ചാണ് “നാടോടിയായി’ കണക്കാക്കുന്നത് എന്നറിയില്ല. വ്യക്തമായി വരമൊഴി പാരമ്പര്യമുള്ള ഭാഷയാണ് അറബിമലയാളം. വ്യക്തമായ കാലഗണനയോട് കൂടി എഴുതപ്പെട്ട് വാമൊഴികളിലൂടെ പ്രചരിച്ചുപോന്നവയാണ് മാപ്പിളപ്പാട്ടുകൾ. ഗോത്ര സമൂഹങ്ങളിലേതുപോലെ വാമൊഴി പാരമ്പര്യത്തിൽ മാത്രം പ്രചാരം നേടി വന്നവയല്ല അവ. പക്ഷേ, ഇവിടെ സംഭവിച്ചത് ഇത്രയുമാണ്, പാണന്റെ പാട്ടിനെ “പാണപ്പാട്ടായും’, പുള്ളുവന്റെ പാട്ടിനെ “പുള്ളുവൻ പാട്ടായും’ വേലന്റെ പാട്ടിനെ “വേലർപ്പാട്ടായും’ ഭാവന ചെയ്ത ഈ സവർണ ഭാവുകത്വം മാപ്പിളയുടെ പാട്ടിനെ മാപ്പിളപ്പാട്ടായും ഒതുക്കി നിർത്തി എന്നുള്ളതാണ്. ഇത് വഴി, ബ്രാഹമണിക് അധീശ വർഗം ചുളിവിൽ സാധിച്ചെടുത്തത് മൂന്ന് കാര്യങ്ങളാണ്

സമൂഹത്തിൽ, വരമൊഴി അഥവാ എഴുത്ത് കേന്ദ്രിതമായി ഒരു ഭാഷാവരേണ്യ പൊതുബോധം മെനഞ്ഞുണ്ടാക്കി.

അടിയാളവർഗ സംസ്കൃതിയുടെ വാമൊഴി, വരമൊഴി വഴക്കങ്ങളെ മൊത്തത്തിൽ തന്നെ താരതമ്യേന അപ്രസക്തമായ നാടോടി ജീവിതത്തിന്റെ ഓരങ്ങളിലേക്ക് ഒതുക്കിനിർത്തപ്പെട്ടു.

സംസ്കൃതവും മലയാളവും കൂടിക്കലർന്ന മണിപ്രവാള സാഹിത്യത്തെ ഉൽകൃഷ്ടരൂപമായി അവരോധിക്കപ്പെട്ടു. എന്നാൽ, അറബിയും പ്രാദേശിക മലയാളവും കൂടിക്കലർന്ന അറബിമലയാളം പോലെയുള്ള കേരളീയസമൂഹത്തിൽ വളർന്നുവന്ന തനത് ഭാഷാമിശ്രങ്ങളെ കലർപ്പിന്റെയും ഭാഷാശുദ്ധിയുടെയും പേരിൽ തിരസ്ക്കരിക്കപ്പെടുകയും ചെയ്തു.

ചോദ്യം : കുഞ്ഞായിൻ മുസ്ലിയാരുടെ കൃതികളിലെ ആശയ ലോകങ്ങൾ കുരുക്കഴിക്കാൻ താങ്കൾ ചെയ്ത പ്രയത്നങ്ങൾ ശ്ലാഖനീയമാണ്. എന്നാൽ വീരാപദാനങ്ങളുടെ സ്വഭാവമുള്ള ഈ കാവ്യകൃതികൾ മിത്തുകളുടെയും ചരിത്രങ്ങളുടെയും ഒരു മിശ്രണമാണെന്ന് താങ്കൾ നിരക്ഷിക്കുന്നുണ്ട്. വാസ്തവത്തിൽ പ്രവാചക ചരിത്രവും മുഹിയിദ്ദീൻ ശൈഖ് (റ) വിന്റെ ചരിത്രവും കാവ്യരൂപത്തിൽ ആഖ്യാനം ചെയ്യുന്ന ഈ കൃതികൾ പ്രാമാണികമായ ചരിത്രാവലംബങ്ങളെ ആധാരമാക്കി തന്നെയല്ലേ രചിക്കപ്പെട്ടിട്ടുള്ളത്. ജീവിതവിശുദ്ധിയും സത്യസന്ധതയുമുള്ള സൂഫിയാക്കാൾ കൂടിയായ ഈ മഹത്തുക്കൾ തങ്ങളുടെ രചനകൾക്ക് മിത്തുകളുടെ പിൻബലം തേടുമോ..?

ഉത്തരം: കുഞ്ഞായിൻ മുസ്ലിയാരുടേയും ഖാളി മുഹമ്മദിന്റെയുമൊക്കെ രചനകളുടെ ആശയലോകം മിത്തുകളുടെ സാകല്യമാണ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. മുഹിയിദ്ദീൻ മാലയുടെ നിദാനങ്ങൾ ബഹ്ജയും തക്മിലയുമാണല്ലൊ. ഈ നിദാനങ്ങളെ നമുക്ക് സ്വീകരിക്കാം. നിരാകരിക്കാം. അത് വേറെക്കാര്യം, കുഞ്ഞായിൻ മുസ്ലിയാരുടെ നൂൽമദ്ഹും നൂൽമാലയും പ്രകീർത്തനകാവ്യങ്ങളാണ്. അവയിൽ പ്രതിപാദിക്കപ്പെടുന്ന സന്ദർഭങ്ങൾക്ക് പ്രമാണപരമായ നിദാനങ്ങൾ ഉണ്ട്. നമ്മൾ മനസ്സിലാക്കേണ്ട കാര്യമിതാണ്, സൂഫീരചനകൾ എന്നത് ആത്മീയ അനുഭൂതികളുടെ ആഖ്യാനമാണ്. ഇവ മനസ്സിലാക്കണമെങ്കിൽ സൂഫിജ്ഞാന-സൗന്ദര്യബോധങ്ങൾ മനസ്സിലാക്കണം. ഒരു സൂഫി തന്റെ അനുഭവ മണ്ഡലത്തെ സാധനകളിലൂടെ നേടിയെടുത്ത സവിശേഷമായ ലോകബോധത്തിൽ നിന്ന് കൊണ്ടാണ് വാക്കുകളിലേക്ക് പകർത്തുന്നത്. ഈ വാക്കുകളെ അവയുടെ ഭാവാർത്ഥത്തിൽ/ ആശയാർത്ഥത്തിൽ കാണാതെ കേവലമായ ഭൗതികാർത്ഥത്തിൽ കാണുകയാണ് നാം ചെയ്യുന്നത്. മതത്തെ “അക്ഷരാർത്ഥത്തിൽ’ കാണുന്നവരല്ലല്ലൊ സൂഫികൾ.
സൂഫിരചനകളിൽ ആരോപിക്കപ്പെടുന്ന മിത്തുകളെ സംബന്ധിച്ച ചില ധാരണകൾ തിരുത്തുന്നതിലേക്ക് എന്നെ നയിച്ച ഒരു അനുഭവം പറയാം: പൊന്നാനി സ്വദേശി, എം.എ ഇമ്പിച്ചി 1927-ൽ രചിച്ച വിഖ്യാതമായ “ഇബ്റാഹീം ഇബ്നു അദ്ഹം ഖിസ്സപ്പാട്ടിന്’ 2017ൽ, “ഇബ്റാഹീം ഇബ്നു അദ്ഹം ഖിസ്സപ്പാട്ട്: ആത്മാനുഭൂതിയുടെ ഇശൽമൊഴികൾ’ എന്ന പേരിൽ ഞാൻ ഒരു ആസ്വാദന പഠനം തയ്യാറാക്കുകയുണ്ടായി. 47 ഇശലുകളുള്ള ഈ ഖണ്ഡ കാവ്യത്തിൽ ശൈഖ് അവർകളുടെ പല അത്ഭുതങ്ങളും പറയുന്നുണ്ട്. ഇവയെപ്പറ്റി പല മാപ്പിള സാഹിത്യപണ്ഡിതന്മാരോടും പ്രാഥമികമായി അന്വേഷണം നടത്തിയപ്പോൾ അവയെല്ലാം കെട്ടുകഥകളാണെന്ന പ്രതികരണമാണ് അവർ നൽകിയത്. എന്നാൽ, ഈ വിഷയകമായി ഈയിടെ രചിക്കപ്പെട്ട കോടമ്പുഴ ബാവമൗലവിയുടെ “റഈസുസ്സാഹിദ്ദിൻ ഇബ്റാഹീം ഇബ്നു അദ്ഹം ഹയാത്തുഹു വ സീറതുഹു’ എന്ന ഗ്രന്ഥം പരിശോധിച്ചപ്പോഴാണ് വിഷയത്തിന്റെ പ്രാമാണികത മനസ്സിലാക്കാനായത്: ഇമാം ഗസാലി(റ)യുടെ “മിൻഹാജുൽ ആബിദീൻ’, ഇബ്നു ജൗസി(റ)യുടെ “ഹുയൂനുൽ ഹികായത്’, അൽ ഹാഫിള് അബൂനുഐ അബു നുഐം ഇസ്ഫഹാനിയുടെ “ഹുൽയതുൽ അവ്ലിയാഅ്, അബ്ദുൽ വഹാബ് ശ്ശഅ്റാനിയുടെ ത്വബഖാതുൽ ഖുബ്റാ തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ഖിസ്സപ്പാട്ടിൽ പ്രതിപാദിച്ച സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ചോദ്യം : ഇതിലെ ചോദ്യങ്ങൾ മുഖ്യമായും താങ്കളുടെ കുഞ്ഞായിൻ മുസ്ലിയാർ കൃതികളുടെ പഠനങ്ങളുമായി ബന്ധപ്പെട്ടതാണ്. മാപ്പിള സാഹിത്യങ്ങളുമായി ബന്ധപ്പെട്ട താങ്കളുടെ പഠനങ്ങൾ തുടരുക തന്നെയാണ്. പുതിയ പഠന ഗവേഷണങ്ങളെ സംബന്ധിച്ച് വിശദീകരിക്കാമോ..?

ഉത്തരം: ചില എളിയ രചനകൾ നടന്നുകൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അറബിമലയാളത്തിൽ രചിക്കപ്പെട്ട മൂന്ന് നോവലുകളുടെ പുനഃരാഖ്യാനവും പഠനവും പ്രസിദ്ധീകരണത്തിനായി ഇപ്പോൾ തയ്യാറായി നിൽക്കുന്നു. മലയാളനോവൽ പുതിയ ജീവിതലോകം കണ്ടെത്തി തുടങ്ങുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അറബിമലയാള നോവലുകളുടെ സാമൂഹിക പ്രതിനിധാനം അടയാളപ്പെടുത്തുന്ന പഠനങ്ങളാണ് ഇവ. “അറബിമലയാള നോവൽ തനിമ’ എന്ന പൊതുശീർഷകത്തിലാണ് അവ പ്രസിദ്ധീകരിക്കുവാൻ ഉദ്ദേശിക്കുന്നത്. പ്രസക്തമായ മറ്റു നോവലുകളും ഈ സീരിസിൽ കൊണ്ടുവരണമെന്ന് കരുതുന്നു. ശുജായിയുടെ “സഫലമാല’ പഠനമാണ് മറ്റൊന്ന്. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു ഉദ്യമമാണിത്. ഇപ്പോൾ പടച്ചവന്റെ കൃപയാൽ ഉപസംഹാരത്തിലേക്ക് നീങ്ങുന്നു.

ചോദ്യം : ഈ മേഖലയിൽ ഗവേഷണം ചെയ്യുന്നവർക്ക് താങ്കൾക്ക് നൽകാനുള്ള സന്ദേശമെന്താണ് ..?

ഉത്തരം: ജീവിക്കുന്ന കാലത്തിന്റെ രാഷ്ട്രീയവും അതിലെ സംഘർഷങ്ങളും മനസ്സിലാക്കുക. ചരിത്രത്തിൽ നിന്ന് ന്യൂനപക്ഷങ്ങളുടെ വേരുകൾ പിഴുതെറിയുവാനുള്ള കുത്സിത ശ്രമങ്ങളാണ് രാജ്യത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ നാം ചരിത്രത്തിൽ ഇടപെടുകയാണ് വേണ്ടത്. രചനകൾക്കും ബൗദ്ധിക സംവാദങ്ങൾക്കും കൂടുതൽ ഇടം നൽകുക. ഇവയിലൂടെ മാത്രമെ ഒരു ജനതയെയും അവരുടെ സംസ്ക്കാരത്തെയും നിലനിർത്താനാവൂ. അധീശത്വങ്ങൾക്കും കടന്നുകയറ്റങ്ങൾക്കുമെതിരിൽ ഇടവേളകളില്ലാത്ത ചെറുത്ത് നിൽപ്പിന്റെ തുടർച്ചയിൽ സ്വരൂപിക്കപ്പെട്ടതാണ് മാപ്പിളമാരുടെ സ്വത്വവും അവരുടെ സാഹിത്യമൂലധനവും. അവയെ വർത്തമാനത്തിലേക്ക് കൊണ്ടുവരിക. ഇ.പി ജയിംസന്റെ വാക്കുകൾ കടമെടുത്താൽ: Historicisize, Always historicize

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy