ത്വബ് ലെ ആലം നത്ഹർ വലി(റ): ദക്ഷിണേന്ത്യയിൽ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ മഹാനായ സൂഫി

ദക്ഷിണേന്ത്യയിലെ സൂഫി വേരുകൾ: ഭാഗം: 3
അൽ ഹാഫിള് മുഹമ്മദ് സുൽത്വാൻ ബാഖവി കായൽപട്ടണം:

ദക്ഷിണേന്ത്യയിലെ മുസ്ലിംകൾക്ക് പ്രൗഢമായ ഒരു ചരിത്രപാരമ്പര്യം തന്നെയുണ്ട്. ജാതിയമായ ഉച്ചനീചത്വവും സാമൂഹികമായ അധ:സ്ഥിതത്വവും പേറി മേൽക്കോയ്മ വ്യവഹാരങ്ങളോട് കലഹിക്കാനാവാതെ നൂറ്റാണ്ടുകളായി തുടർന്നിരുന്ന പതിതാവസ്ഥകളിൽ നിന്നുള്ള മോചനമാണ് ഇസ്ലാമിലേക്കുള്ള പ്രവേശനത്തോടെ അടിസ്ഥാന ജനവിഭാഗങ്ങൾ സാക്ഷാത്കരിച്ചത്. ഇസ്ലാമിക പ്രചരണത്തിൽ തദ്ദേശീയ അധികാര ശക്തികൾ അനുകൂലമായും പ്രതികൂലമായും പശ്ചാത്തലമൊരുക്കിയതിന്റെ പ്രമാണങ്ങൾ ലഭ്യമാണ്. എന്നാൽ പൊതുവായി ദ്രാവീഡിയൻ പാരമ്പര്യങ്ങളിലും ബുദ്ധ മത സ്വാധീനത്തിലുമുണ്ടായിരുന്ന ദക്ഷിണേന്ത്യൻ സമൂഹങ്ങളിൽ സാധാരണ ജനങ്ങളും നാട്ടുരാജ്യ അധികാര കേന്ദ്രങ്ങളും ഇസ്ലാമിനനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്ന് കാണാൻ കഴിയും. ഇതിന്റെ മുഖ്യമായ കാരണങ്ങളിലൊന്ന് സമുദ്ര വാണിജ്യവുമായി ബന്ധപ്പെട്ട മുസ്ലിംകളുടെ പ്രതിനിധാനവും പ്രാമുഖ്യവുമാണെന്ന് കാണാം. മാത്രമല്ല ദക്ഷിണേന്ത്യയിൽ പൊതുവായി നിലനിന്നിരുന്ന വീരപുരുഷന്മാരോടും മഹദ് വ്യക്തികളോടും പൊതുവായി പുലർത്തപ്പെട്ടിരുന്ന ആദരവിന്റെയും സവിശേഷ പരിഗണനകളുടെയും സമീപനം ദിവ്യപുരുഷന്മാരായ സൂഫിയാക്കളുടെ പ്രവർത്തനങ്ങൾക്ക് എളുപ്പം സ്വീകാര്യതയുണ്ടാക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടെന്നും കാണാം. ഈ പശ്ചാത്തല വസ്തുതകൾ മുൻനിറുത്തി വിഖ്യാത സൂഫി നത്ഹർ വലി(റ)യുടെ ചരിത്ര ദൗത്യത്തെ വായിക്കുമ്പോൾ തീർച്ചയായും അക്കാലത്തെ ജനജീവിതത്തിൽ മഹാനവർകൾ ഉളവാക്കിയ സ്വാധീനവും സാമൂഹിക നവോത്ഥാന ദൗത്യവും എത്ര ആഴത്തിലുള്ളതായിരുന്നുവെന്ന് കൃത്യമായും ബോദ്ധ്യപ്പെടും. ദക്ഷിണേന്ത്യയിലെ സൂഫി വേരുകൾ തുടരുന്നു:

ദക്ഷിണേന്ത്യയിലെത്തിയ ആദ്യകാല സൂഫികളിൽ പ്രമുഖ സ്ഥാനമുള്ളവരാണ് ബഹുമാനപ്പെട്ട ത്വബ്ലെ ആലം നത്ഹർ വലി(റ). അഹ്ലു ബൈത്തിൽ പെട്ട മഹാനവർകളുടെ യഥാർത്ഥ നാമം സയ്യിദ് മുത്വഹറുദ്ധീൻ എന്നായിരുന്നു. സയ്യിദുനാ ഹുസൈൻ(റ)വിന്റെ സന്തതി പരമ്പരയിൽ എട്ടാമത്തെ പേരമകനാണ് സയ്യിദ് നത്ഹർ വലി(റ). ഹിജ്റ 347 ദുൽഹജ്ജ് 2 ന്(14.2.959) ബഹ്നസ എന്ന പ്രദേശത്താണ് ബഹുമാനപ്പെട്ടവർ ജനിച്ചത്. പഴയ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നതും പിന്നീട് ഇസ്ലാമിന്റെ അധീനതയിൽ വന്നതുമായ ശാം രാജ്യങ്ങളിൽ പെട്ട ഒരു പ്രവിഷ്യയുടെ അമീറായിരുന്നു ബഹുമാനപ്പെട്ടവർ. രാജാക്കാന്മാർ തങ്ങളുടെ അനീതി കാരണം നരകത്തിലും ഫഖീറന്മാർ സൽകർമ്മങ്ങൾ നിമിത്തം സ്വർഗത്തിലും പ്രവേശിക്കുന്നതായി ഒരിക്കൽ അദ്ദേഹം സ്വപ്നം കണ്ടു. അതോടെ തന്റെ സഹോദരന്റെ ഉത്തരവാദിത്വത്തിലേക്ക് ഭരണം ഏൽപിച്ച് ആത്മീയമായ തേട്ടത്തോടെ അദ്ദേഹം യാത്രയാവുകയുണ്ടായി. തന്റെ പരിത്യാഗപൂർണ്ണമായ യാത്രക്ക് തുടക്കം കുറിക്കുന്ന വേളയിൽ മാതാവും സഹോദരനും ജനങ്ങളും ബഹുമാനപ്പെട്ടവരെ തടയാൻ ശ്രമിച്ചു. അപ്പോൾ തന്റെ യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങളെ പറ്റി അദ്ദേഹം ഒരു പ്രഭാഷണം നിർവ്വഹിച്ചു. ഇതുശ്രവിച്ച മാതാവ് സസന്തോഷം യാത്രക്ക് അനുമതി നൽകുകയും ജനങ്ങളിൽ നിന്ന് സാധാരണക്കാരും മന്ത്രിമാരുടെ സന്തതികളും ഉൾപ്പെടെ തൊള്ളായിരത്തോളം പേർ ബഹുമാനപ്പെട്ടവരെ അനുഗമിക്കുകയും ചെയ്തു.
ഇങ്ങനെ നത്ഹർ വലി(റ)യും അനുയായികളും എത്തിപ്പെട്ടത് ഹുർമൂസിലായിരുന്നു. ഹുർമൂസിൽ വെച്ച് സയ്യിദ് അലി ജൗലഖി(റ)യുമായി സന്ധിച്ചു. അദ്ദേഹം സയ്യിദ് ഇബ്റാഹിം സൂഫി(റ) യുടെ ഖലീഫയായിരുന്നു. ബഹുമാനപ്പെട്ടവർ സയ്യിദ് അലി ജൗലഖി(റ)യുമായി ബൈഅത്ത് ചെയ്യുകയും ശേഷം തന്റെ പുതിയ ശിഷ്യന്റെ ആന്തരീകാവസ്ഥകളും മഹത്വവും തിരിച്ചറിഞ്ഞ സയ്യിദ് അലി ജൗലഖി(റ) തന്റെ ശൈഖായ സയ്യിദ് ഇബ്റാഹിം സൂഫി(റ)യുമായി ബന്ധപ്പെടുത്തുകയും വർഷങ്ങളോളം ഈ ഇരു ശൈഖന്മാരുമായി സുഹ്ബത്ത് ചെയ്യാൻ അവസരം ലഭിക്കുകയും ആത്മപരീശീലനങ്ങളിലൂടെ സംസ്കരണം സിദ്ധിക്കുകയും ചെയ്തു. ബഹുമാനപ്പെട്ടവരെ തന്റെ ഭരണാധികാരത്തിൻ കീഴിലുള്ള വലിയ അനുയായി വൃന്ദം അനുഗമിച്ചിരുന്നു. ഇവരും ഈ ശൈഖന്മാരുടെ തർബിയത്തിൻ കീഴിലായി സംസ്കരണം സിദ്ധിച്ചു. ശേഷം ശൈഖവർകൾ അദ്ദേഹത്തിന് ഖിലാഫത്തു നൽകുകയും ഈ വലിയ ശിഷ്യ വൃന്ദത്തെ അദ്ദേഹത്തിന്റെ തർബിയ്യത്തിൻ കീഴിൽ ഏൽപിക്കുകയും ചെയ്തു. അങ്ങനെ തൊള്ളായിരം ഫഖീറന്മാരോട് കൂടെ മുത്തഹ്റുദ്ധീൻ എന്ന നത്ഹർ വലി(റ) ഹജ്ജ് ചെയ്യുകയും ഒരു വർഷം മദീന മുനവ്വറയിൽ താമസിക്കുകയും ചെയ്തു. മദീന മുനവ്വറയിലെ വാസകാലത്ത് ഒരു ദിവസം നബി(സ്വ) തങ്ങൾ മഹാനവർകളുടെ സ്വപ്നത്തിൽ വന്ന് ഇന്ത്യയിലേക്ക് പോകാൻ കൽപിച്ചു. അങ്ങനെ ബഹുമാനപ്പെട്ടവർ തന്നെ ആദ്യമേ അനുഗമിച്ചിരുന്ന ഫഖീറന്മാടും പുതിയതായി തന്നോട് ചേർന്ന ഫഖീറന്മാരോടുമൊപ്പം ഇന്ത്യയിലേക്ക് പുറപ്പെടുകയും ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ തന്റെ ദീനി ദൗത്യം നിർവ്വഹിക്കുകയും ഒടുവിൽ തന്റെ ആസ്ഥാനമായി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി തിരഞ്ഞെടുക്കുകയും ചെയ്തു. ബഹുമാനപ്പെട്ടവരുടെ കൂടെ അനുഗമിച്ചിരുന്ന ഫഖീറന്മാരായ ഈ ശിഷ്യഗണങ്ങൾ കലന്തർ എന്ന നാമത്തിലും അറിയപ്പെടും. ഇവരെ വേണ്ട നിർദ്ദേശങ്ങൾ നൽകി ദീനി പ്രബോധന ഉദ്ദേശ്യാർത്ഥം പല ഭാഗങ്ങളിലേക്കും ബഹുമാനപ്പെട്ടവർ നിയോഗിക്കുകയുണ്ടായി. അവർ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ദീനി വഴിയിൽ ഖിദ്മത്തുകൾ ചെയ്യുകയും അതാത് സ്ഥലങ്ങളിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു.
നത്ഹര് വലി(റ)യുടെയും ശി്ഷ്യന്മാരുടെയും പ്രബോധന ഫലമായി ധാരാളം ജനങ്ങൾ ഇസ്ലാം സ്വീകരിച്ചു. സാധാരണക്കാരും സമ്പന്നരും അധികാര സ്ഥാനങ്ങളിലിരുന്നവരുമെല്ലാം അവരിലുണ്ടായിരുന്നു. സൗമ്യതയും സ്നേഹവും കരുണയും മാനവ സാഹോദര്യത്തിന്റെ മഹിത മൂല്യങ്ങളും പ്രതിനിധീകരിച്ച മഹാനായ നത്ഹർ വലി(റ) യുടെയും അവരുടെ ശിഷ്യഗണങ്ങളുടെയും ജീവിതം തന്നെയായിരുന്നു ജനങ്ങളെ ഇസ്ലാമിലേക്കാകർഷിച്ച മുഖ്യഘടകം.
കുന്തവൈനാച്ചിയാരുടെ ഇസ്ലാം സ്വീകരണം:
എ.ഡി. 985 മുതൽ 1014 വരെ ചോളമണ്ഡലം ഭരിച്ച രാജരാജ ചോളന്റെ സഹോദരി കുന്തവൈനാച്ചിയാർ ബഹുമാനപ്പെട്ട നത്ഹർ വലി(റ) യുടെ പ്രബോധനത്താൽ ഇസ്ലാം സ്വീകരിച്ചവരാണ്. വൈദിക മതപാരമ്പര്യത്തിലെ സ്ത്രീവിരുദ്ധതയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജകുടുംബത്തിലുള്ള ഈ മഹതി ഇസ്ലാം സ്വീകരിച്ചത്. വൈദിക ബ്രാഹ്മണിസത്തിന്റെ പൂർണ്ണമായ നിയന്ത്രണത്തിലായിരുന്നു അക്കാലത്ത് പ്രമുഖരായ എല്ലാ രാജാക്കന്മാരും. വൈദിക പാരമ്പര്യത്തോട് വഴങ്ങാതെ നീതി നിഷ്ഠമായി ഭരണം കൈയ്യാളിയിരുന്ന കുന്തവൈ നാച്ചിയാരുടെ പിതാവ് സുന്ദരച്ചോളൻ(ഭരണകാലം: 956-973) മൂത്ത പുത്രനായ ആധിത്തകരികാലനെ തന്റെ പിൻഗാമിയായി വളർത്തിയെടുത്തിരുന്നു. പിതാവിന്റെ വഴിയിൽ ബ്രാഹ്മണ മേധാവിത്ത വ്യവസ്ഥയോട് വിയോജിച്ച് നിൽക്കുമെന്ന് ഭയന്ന് വരാനിരിക്കുന്ന ഈ രാജകുമാരനെ വൈദിക ബ്രാഹ്മണിസം ആസൂത്രിതമായി വകവരുത്തുകയും ശേഷം സുന്ദരച്ചോളനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കാഞ്ചീപുരത്ത് ജയിലിലടക്കുകയും ചെയ്തു. ശേഷം ഈ രാജവംശത്തിലെ തന്നെ വൈദിക ബ്രാഹ്മണിസത്തോട് പ്രതിബദ്ധതയുള്ള മധുരാന്ധക ചോളൻ എന്നയാളെ ഉത്തമച്ചോളൻ എന്ന് നാമകരണം ചെയ്തു അധികാരത്തിൽ വാഴിച്ചു. വൈദിക ബ്രാഹ്മണിസ വ്യവസ്ഥയുടെ സംസ്ഥാപനാർത്ഥം പതിനഞ്ച് വർഷക്കാലം ഇദ്ദേഹം പ്രവർത്തിച്ചു. അക്കാലങ്ങളിൽ കുന്തവൈ നാച്ചിയാരെയും അവരുടെ ഇളയ സഹോദരനായ രാജരാജ ചോളനെയും പ്രത്യേകമായി സംരക്ഷിച്ചത് നത്ഹർ വലി(റ) യുടെ അനുയായികളായ മുസ്ലിംകളായിരുന്നു. പിന്നീട് ഉത്തമച്ചോളന്റെ നീതി രഹിതമായ ഭരണത്തിൽ പൊറുതി മുട്ടിയ ജനങ്ങൾ ജനകീയ പ്രക്ഷോഭത്തിലൂടെ അയാളെ സ്ഥാനഭ്രഷ്ഠനാക്കുകയും രാജരാജ ചോളന്റെ അധികാരാരോഹണത്തെ പിന്തുണക്കുകയും ചെയ്തു. അങ്ങനെ രാജരാജ ചോളൻ മുപ്പതുകൊല്ലം ഭരിച്ചു.
കുന്തവൈ നാച്ചിയാരുടെ ഇസ്ലാമിലേക്കുള്ള പ്രവേശനവും പിൽക്കാല ജീവിതവും ചോളമണ്ഡലങ്ങളിൽ വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചിരുന്നു. ആദ്യകാലങ്ങളിൽ ദ്രാവിഡ പാരമ്പര്യങ്ങളുടെ ഭാഗമായി നിലനിന്നിരുന്ന താരതമ്യേന നീതി നിഷ്ഠവും സ്ത്രീകളോട് അനുഭാവപൂർണ്ണവുമായ രാഷ്ട്രീയ വ്യവസ്ഥ തിരോഭവിക്കുകയും പകരം വൈദിക പാരമ്പര്യമുള്ള ആചാരങ്ങളെ നിലനിർത്തുന്നതിൽ പ്രതിജ്ഞാബദ്ധനായ ഉത്തമച്ചോളന്റെ നാട്ടുരാജ്യ അധികാര വ്യവസ്ഥ സംസ്ഥാപിക്കപ്പെടുകയും ചെയ്തപ്പോൾ അതിന്റെ സ്ത്രീ വിരുദ്ധവും ജനദ്രോഹകരവുമായ നടപടികളിൽ ശക്തമായ ജനകീയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ആര്യവൈദികാധിനിവേശത്തിന്റെ ജനദ്രോഹകരമായ ഈ വ്യവസ്ഥയോടുള്ള പ്രതിഷേധത്താലും വൈദിക മത ശാസ്ത്രങ്ങളിൽ സ്ത്രീകൾക്ക് നിർണ്ണയിക്കപ്പെട്ട സ്ഥാനം നീതി നിഷേധപരവും അധാർമ്മികവുമായതിനാലും സനാതന ധർമ്മത്തെ നിലനിർത്താനെന്ന പേരിൽ വൈദികാചാരങ്ങളെ നിലനിർത്തുന്നവർ തന്റെ ഭർത്താവുൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ പോലും നിഷ്ഠൂരമായി വകവരുത്തിയ തിക്താനുഭവങ്ങളാലും കുന്തവൈനാച്ചിയാർ അന്നത്തെ സാമൂഹിക അധികാര വ്യവസ്ഥയെ വെറുക്കുകയും അതിൽ നിന്നുള്ള മോചനം കാംക്ഷിക്കുകയും ചെയ്തു. ഇത്തരമൊരു വിരക്തിയുടെയും നൈരാശ്യത്തിന്റെയും പ്രതിഷേധത്തിന്റെയും കാലഘട്ടത്തിലാണ് തന്റെ പിതാവായ സുന്ദരച്ചോളൻ അധികാരം വാഴുന്ന കാലഘട്ടം മുതൽ തന്നെ തനിക്ക് പരിചിതരായവരും ആദരവോടെ പരിഗണിക്കപ്പെട്ടവരുമായ നത്ഹർ വലി(റ)യോടും അവരുടെ പ്രബോധന പ്രവർത്തനങ്ങളോടും സവിശേഷമായ അടുപ്പവും സ്നേഹവും അവർക്ക് വർദ്ധിച്ചത്. അങ്ങനെയാണ് സ്ത്രീവിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉച്ചനീചത്വങ്ങളില്ലാത്ത വിശാലമാനവികതയുടെയും മതം കൂടിയായ ഇസ്ലാം ദീനിനെ അവർ സ്വീകരിച്ചതും ഹലീമ എന്ന നാമം സിദ്ധിച്ചതും. ഇവർക്ക് മാമജിക്നി എന്ന ഒരു വിളിപ്പേരും ഉണ്ട്.
tomb of kundavai nachiyar
സാമൂഹിക നവോത്ഥാനങ്ങൾക്ക് കാരണമായ ഇസ്ലാമാശ്ലേഷം:
അങ്ങനെ നത്ഹർ വലി(റ) യുടെ ശിക്ഷണത്തിലായി ദീൻ പഠിച്ച് അഗാധപരിജ്ഞാനം സിദ്ധിച്ച മഹതിയവർകൾ പരിത്യാഗജീവിതം നയിച്ചു. തന്റെ സഹോദരന്റെ ഭരണ കാര്യങ്ങളെ പിന്തുണക്കുകയും ജനക്ഷേമകരമായ നിരവധി പദ്ധതികളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും മഹതിയവർകൾ പങ്ക് വഹിക്കുകയും ചെയ്തു. ചോളമണ്ഡലത്തിന്റെ പല പ്രദേശങ്ങളിലും നിലനിന്നിരുന്ന പല ദുരാചാരങ്ങളും നിർമ്മാർജ്ജനം ചെയ്യുകയും ജനങ്ങൾക്ക് ചികിത്സാ ആവശ്യാർത്ഥം നിരവധി ആതുരാലയങ്ങൾ സംസ്ഥാപിക്കുകയും ചെയ്തു. സ്വന്തം പിതാവിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഒരു ക്ഷേത്രത്തെ വിപുലമായ ചികിത്സാ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയായി പരിവർത്തിപ്പിക്കാൻ മഹതിയവർകളാണ് നേതൃത്വം നൽകിയത്. അക്കാലം വരെയും നീതിരഹിതമായി അധീനതയിൽ വെച്ച് ബ്രാഹ്മണർ അനുഭവിച്ചുപോന്നതും ബ്രഹ്മസ്വമായി പരിഗണിക്കപ്പെട്ടിരുന്നതുമായ നിരവധി ഭൂഭാഗങ്ങൾ അതിന്റെ യഥാർത്ഥ ഉടമകളായ കൃഷിക്കാർക്ക് പതിച്ചുനൽകുകയും ബാക്കിയുള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ ആതുരാലയങ്ങൾ പണിയുകയും ചെയ്തു. ഇതാണ് തുളുക്കനാച്ചിയാർ എന്ന ഹലീമ എന്നവരുടെ യഥാർത്ഥ ജീവചരിത്രം. എന്നാൽ ശ്രീരംഗക്ഷേത്രത്തിനോട് ബന്ധപ്പെടുത്തി ഇന്ന് പറയപ്പെടുന്ന തുളുക്ക നാച്ചിയാർ കഥകൾ വൈദിക ബ്രാഹ്മണിസത്തിന്റെ ജീർണ്ണചരിത്രങ്ങളോട് ഗൃഹാതുരത്വം പേറുന്ന തത്പരകക്ഷികളുടെ കേവല ഭാവനകൾ മാത്രമാണ്. ഇവ്വിഷയകമായി ആധികാരിക പഠനമാഗ്രഹിക്കുന്നവർ പ്രമുഖ ചരിത്രകാരൻ ഹൊസൂർ രാജൻ രചിച്ച “ചോഴച്ചുടരൊളി കുന്തവൈനാച്ചിയാർ’ എന്ന ഗ്രന്ഥവും നൂറുന്നിസാ റഹീമുദ്ദീൻ രചിച്ച “നത്ഹരിയാവിൻ നന്തവനത്ത് റോജാക്കൾ’ എന്ന ഗ്രന്ഥവും പഠനവിധേയമാക്കുക.
മതഭേദമന്യേ സർവ്വരും ഈ ചരിത്ര വസ്തുത രേഖപ്പെടുത്തിയിരിക്കെ തികച്ചും വർഗ്ഗീയമായ ലക്ഷ്യങ്ങളോടെ ഈ ചരിത്ര വസ്തുതകളെ തമസ്കരിക്കാനുള്ള വിഫല ശ്രമം തത്പര കക്ഷികൾ ഇന്ന് നടത്തി കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ക്ഷേത്ര ശിലാലിഖിതങ്ങളിൽ പോലും ഇവരുടെ ഇസ്ലാമിക പ്രവേശനത്തിനും തുടർന്നുള്ള ഇസ്ലാമിക ജീവിത ചരിത്രത്തിനും കൃത്യമായ പ്രമാണമുണ്ട്. “ശ്രീരംഗ കോയിലിന്റെ ഒഴുക്’ എന്നറിയപ്പെട്ട ഗ്രന്ഥത്തിൽ പല ഭാഗങ്ങളിലും സമയപുരം ക്ഷേത്ര ചരിത്രങ്ങളിലും തിരുവാതവൂരിലുള്ള തിരുമറൈ നാഥർ കോയിലിലുള്ള പുരുഷാമൃഗ ചിത്രത്തിലും ഈ കുന്തവൈനാച്ചിയാർ ഇസ്ലാമാശ്ലേഷണത്തിന് മുമ്പ് ദാതാപുരത്ത് പണിത രവികുല മാണിക്യ ഈശ്വര ക്ഷേത്രത്തിലെ ശിലാ ചിത്രങ്ങളിലും ശ്രീരംഗ ക്ഷേത്രത്തിലെ രണ്ടാം പ്രകാരത്തിലെ ഈസാനിയ്യ മൂലയിലുള്ള തുളുക്ക നാച്ചിയാർ സന്നിധിയും ഇതിന്റെ തമസ്കരിക്കാനാവാത്ത പ്രമാണങ്ങളാണ്. നത്ഹർ വലി(റ) യുടെ ഉർസിന്റെ ആയിരമാണ്ടിൽ പുറത്തിറക്കിയ സുവനീറിൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മഹതിയവർകൾ തന്റെ ഗുരുവര്യരായ നത്ഹർ വലി(റ) യുടെ വഫാത്തിന് ശേഷമാണ് ഇഹലോക വാസം വെടിഞ്ഞത്. മഹതിയവർകളുടെ മഖ്ബറ നത്ഹർ വലി(റ) യുടെ പ്രശസ്തമായ മഖ്ബറയുടെ സമീപത്തു തന്നെയാണുള്ളത്.
ദൗത്യവ്യാപനവും വിയോഗവും:
നത്ഹർ വലി(റ) ദീനി ദൗത്യവുമായി അക്കാലത്ത് സരൻ ദ്വീപ് എന്നറിയപ്പെട്ട സിലോണിലും എത്തിയിട്ടുണ്ട്. അവിടെയുള്ള വിഖ്യാതമായ ആദം മല സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കയിലും ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലുമുള്ള അക്കാലത്തെ സവർണ്ണരും അവർണ്ണരുമെല്ലാമായ വലിയൊരു ജനസമൂഹം ബഹുമാനപ്പെട്ടവരുടെ പ്രവർത്തന ഫലമായി ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്.
ബഹുമാനപ്പെട്ട നത്ഹർ വലി(റ) ഹിജ്റ 417 റമളാൻ മാസം 14 ന് വെള്ളിയാഴ്ച(1026 ഒക്ടോബർ 28) യാണ് വഫാത്തായത്. എന്നാൽ ബഹുമാനപ്പെട്ടവരുടെ വഫാത്തിന്റെ കൃത്യമായ തിയ്യതി നിർണ്ണയിക്കുന്നതിൽ അധിക പേർക്കും അബദ്ധം സംഭവിച്ചിട്ടുണ്ട്. അതിന് കാരണമായത് മഹാനവർകളുടെ വഫാത്ത് സൂചിപ്പിക്കുന്ന കാവ്യത്തിലെ വരികളിലെ അവസാനത്തിൽ വന്ന നൂറുൽ ഐൻ(417) എന്ന അബ്ജദിന്റെ അക്ഷരക്കണക്ക് കൃത്യതയോടെ നിർണ്ണയിക്കാത്തതാണ്. നൂറു നൂരിൽ ഐൻ (673) എന്നാണ് അബദ്ധം പിണഞ്ഞവർ കണക്കാക്കിയിട്ടുള്ളത്.
ചുരുക്കത്തിൽ മഹാനായ സൂഫിയും സയ്യിദുമായ നത്ഹർ വലി(റ) പോലെയുള്ള ഭരണ സാരഥ്യത്തോടെ ജനങ്ങളെ നയിച്ച് പരിചയമുള്ള സൂഫിയാക്കളുടെ സേവനങ്ങളുടെ സാമൂഹിക ഫലങ്ങൾ മുസ്ലിംകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് തിരിച്ചറിയാനാവും. ജാതീയമായ ഉച്ചനീചത്വങ്ങളിൽ നിന്ന് മോചനവും എല്ലാ വിഭാഗം ജനങ്ങൾക്കും സാമൂഹിക പദവിയും ചികിത്സ ഉൾപ്പെടെയുള്ള സേവന മേഖലകളെ പൊതുവാക്കിയതിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ആരോഗ്യ സുരക്ഷയും നടപ്പിലാക്കുന്ന വിധത്തിലായിരുന്നു നത്ഹർ വലി(റ)യുടെ നേതൃത്വത്തിലും സ്വാധീനത്തിലുമുള്ള നവീകരണ പ്രവർത്തനങ്ങളുടെ പൊതുശൈലി. ഇക്കാര്യം തൃച്ചിനാപ്പള്ളിയിൽ മാത്രം ഒതുങ്ങുന്നതല്ല. ശിഷ്യഗണങ്ങളായ തൊള്ളായിരത്തോളം വരുന്ന സൂഫി വര്യന്മാർ വഴി അടിസ്ഥാന ജനവർഗങ്ങൾക്ക് വിജ്ഞാനവും സാമൂഹിക പദവിയും നേടിക്കൊടുത്ത ഈ ദൗത്യത്തിന്റെ പ്രതിഫലനം ദക്ഷിണേന്ത്യൻ സമൂഹങ്ങളിലുടനീളം വ്യാപിക്കുകയുണ്ടായി. മഹാനവർകളുടെ സാന്നിദ്ധ്യത്തോടെ ദക്ഷിണേന്ത്യൻ മേഖലയിൽ ആത്മസംസ്കരണ പ്രധാനമായ ഇർഫാനീ വിജ്ഞാനത്തിന്റെ പ്രശോഭ കൂടുതൽ തിളക്കമുറ്റതായി എന്ന് വേലൂർ അല്ലത്തീഫ് വാർഷിക പതിപ്പ്(1429) ൽ വിലയിരുത്തുന്നത് ഇവിടെ സവിശേഷം പരാമർശിക്കപ്പെടേണ്ടതാണ്.
നബി(സ്വ)തങ്ങളിലേക്കെത്തുന്ന സിൽസില:
നാം ഇന്ന് നാമകരണം ചെയ്ത് ചർച്ചചെയ്യുന്ന ത്വരീഖത്ത് സിൽസിലകളുടെ ആവർഭാവമോ പ്രസ്തുത സിൽസിലകളെ നാമകരണം ചെയ്യുവാൻ കാരണക്കാരായ മശാഇഖന്മാരുടെ ജനനമോ സംഭവിച്ചിട്ടില്ലാത്ത ആദ്യകാലത്തുള്ള ശൈഖായിരുന്നു നത്ഹർ വലി(റ) എന്നതിനാൽ ഇന്ന് പറയപ്പെടുന്ന സിൽസിലകളുടെ പേരിൽ ബഹുമാനപ്പെട്ടവരുടെ സിൽസില അന്ന് അറിയപ്പെട്ടിട്ടില്ല. ബഹുമാനപ്പെട്ടവരുടെ നബി(സ്വ)തങ്ങളിലേക്കെത്തുന്ന ത്വരീഖത്തിന്റെ സിൽസിലയിൽ ഉപ്പാപ്പ മശാഇഖന്മാരായി വരുന്നവർ യഥാക്രമം ഇപ്രകാരമാണ്.
സയ്യിദുനാ റസൂലുല്ലാഹി(സ്വ)തങ്ങൾ, സയ്യിദുനാ അലി(റ), സയ്യിദുനാ ഇമാം ഹുസൈൻ(റ), സയ്യിദുനാ ഇമാം സൈനുൽ ആബിദീൻ(റ), സയ്യിദുനാ ഇമാം മുഹമ്മദുൽ ബാഖിർ(റ), സയ്യിദുനാ ഇമാം ജഅ്ഫർ സ്വാദിഖ്(റ), സയ്യിദുനാ ഇമാം മൂസൽ ഖാളിം(റ), സയ്യിദുനാ ഇമാം അലി മൂസാ രിളാ(റ), സയ്യിദുനാ ഇമാം മുഹമ്മദ് തഖീ(റ), സയ്യിദുനാ ഇമാം അലി നഖീ(റ), അശൈ്ശഖ് സയ്യിദ് ബാബ ജമാലുദ്ദീൻ(റ), അസ്സയ്യിദ് ബാബാ ഇബ്റാഹിം സൂഫി ഹുസൈനി(റ) ഗറംസീൽ, ശൈഖ് സുൽത്വാൻ സയ്യിദ് ബാബാ അലി ജൗലഖി ഹുസൈനി(റ) പർവാസ്, സുൽത്വാൻ സയ്യിദ് ബാബായെ നത്ഹർ സർമസ്ത് ത്വബ്ലെ ആലം ദൂൽ സമന്തർ(റ).
സൂഫിയാക്കൾ ദീനിന്റെ തനതായ അടിസ്ഥാനങ്ങളെ നിലനിർത്തിക്കൊണ്ട് തന്നെ തങ്ങൾ നിലകൊള്ളുന്ന ചരിത്ര ഘട്ടത്തിന്റെ സവിശേഷതകൾ തിരിച്ചറിഞ്ഞു കൊണ്ട് ജനജീവിതത്തിൽ ദീനി പുനരുജ്ജീവന യത്നങ്ങൾക്ക് നേതൃത്വം നൽകിയവരാണ്. ഈ ഗണത്തിൽ ഉന്നത സ്ഥാനീയരായ നത്ഹർ വലി(റ) യുടെ ഖലീഫമാർ വഴി ഈ വെളിച്ചം ദക്ഷിണേന്ത്യൻ സമൂഹങ്ങളിലുടനീളം വ്യാപിക്കുകയുണ്ടായി. ബഹുമാനപ്പെട്ടവർക്ക് അസംഖ്യം ഖലീഫമാരുണ്ടായിരുന്നു. തമിഴ്നാട് കൂടാതെ ആന്ധ്രാപ്രദേശ്, കർണ്ണാടക, കേരളം, പോണ്ടിച്ചേരി, ശ്രീലങ്ക, ചില ദ്വീപുകൾ എന്നിവിടങ്ങിലെല്ലാം ഇവരുടെ ഖലീഫമാർ ദീനി സേവനം അനുഷ്ഠിച്ചതായി പറയപ്പെടുന്നുണ്ട്. ഗവേഷണം അർഹിക്കുന്ന ഒരു മേഖലയാണത്.
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy