ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):
ഫത്ഹു റബ്ബാനി: രണ്ടാം മജ് ലിസ് അവസാന ഭാഗം:
യാ ഗുലാം… അല്ലാഹുവിന്റെ വിധിയെ നീ അവനിലേക്ക് തന്നെ ഏൽപിക്കുക. ശേഷം നീ അവനോട് കൂടെയാകൂ. ആദ്യം ഒരസ്ഥിവാരമാണ് വേണ്ടത്. അതിന്റെ മേലാണ് കെട്ടിടം പണിയേണ്ടത്. ഇതേ അവസ്ഥയിൽ നിന്റെ രാവും പകലും ദത്തശ്രദ്ധനായിരിക്കുക. നാശമേ… നിന്റെ കാര്യത്തിൽ നീ ചിന്തിക്കുക.. ഇൗ ചിന്ത എന്നത് ഹൃദയവുമായി ബന്ധപ്പെട്ട ഒന്നാണ്. നിന്നിൽ വല്ല നന്മയും കണ്ടാൽ അല്ലാഹുവിന് നീ ശുക്റ് ചെയ്യുക. ഇനി വല്ല തിന്മയുമാണ് എത്തിച്ചതെങ്കിൽ അതിനെ തൊട്ട് നീ പശ്ചാത്തപിക്കുക. നിനക്ക് എന്തെങ്കിലും തിന്മയാണ് കാണുന്നതെങ്കിൽ നീ അതിൽ നിന്ന് തൗബ ചെയ്യുക. ഈ സദ്ചിന്തകൊണ്ടാണ് നിന്റെ ദീൻ ജീവനുള്ളതാകുന്നതും നിന്റെ ശൈത്വാൻ മരണമടയുന്നതും.
” അൽപ സമയത്തെ ചിന്ത ഒരു രാത്രി നിന്ന് നിസ്കരിക്കുന്നതിനേക്കാൾ ഗുണമാണ്.”
ഹേ…മുഹമ്മദ്(സ്വ)തങ്ങളുടെ സമുദായമേ…..
നിങ്ങൾ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക. തീർച്ചയായും അവൻ മുൻകഴിഞ്ഞുപോയ സമുദായങ്ങളെ അപേക്ഷിച്ച് നിങ്ങൾക്കു വളരെ ചുരുങ്ങിയ കർമ്മങ്ങൾ കൊണ്ട് തന്നെ തൃപ്തിപ്പെട്ടിരിക്കുന്നു. നിങ്ങൾ അവസാന സമൂഹവും. അന്ത്യദിനത്തിൽ ആദ്യത്തെ സമുദായവുമാണ് നിങ്ങളിൽ നിന്ന് ശ്രേഷ്ഠരായവരാരോ അവരോട് തുലനപ്പെടാൻ മറ്റാരുമില്ല. നിങ്ങൾ നേതാക്കന്മാരും മറ്റ് സമുദായങ്ങൾ പ്രജകളുമാണ്. നീ നിന്റെ പ്രകൃതത്തിലും തന്നിച്ഛയിലും നഫ്സിന്റെ പിടുത്തത്തിലും ആയി കഴിയുമ്പോഴൊന്നും നീ ശരിപ്പെടുകയില്ല. നീ നിന്റെ കാപട്യം കൊണ്ടും ലോകമാന്യം കൊണ്ടും ദുർന്യായങ്ങൾ വലിച്ചിഴച്ച് ജനങ്ങളുടെ കൈക്കലുള്ളത് കൈപറ്റുവാനായി അവരോട് മത്സരിച്ചുകൊണ്ടിരിക്കുമ്പോഴൊന്നും നീ നന്നാവുകയില്ല. നീ ഐഹിക താത്പര്യങ്ങളിൽ അത്യാഗ്രഹം വെച്ചുകൊണ്ടിരിക്കുമ്പോഴൊന്നും നീ ശരിയായിട്ടില്ല. നീ നിന്റെ ഹൃദയം കൊണ്ട് ഹഖ് അല്ലാത്ത ഏതെങ്കിലുമൊന്നോട് ബന്ധിച്ചു നിൽക്കുമ്പോഴൊന്നും നിനക്ക് ശരിപ്പെടലെന്നതേയില്ല.
രക്ഷിതാവേ….ഞങ്ങൾക്ക് (ബാഹ്യമായും ആന്തരികമായും)നിന്നോട് കൂടി ശരിയാകലെന്നത് നീ ഏകി അരുളേണമേ…ഞങ്ങൾക്ക് ഐഹിക നന്മയും പാരത്രിക നന്മയും നൽകി ഞങ്ങളെ നരക ശിക്ഷയെ തൊട്ട് നീ കാത്തുരക്ഷിക്കേണമേ..ആമീൻ…”
തുടരും: