ശൈഖുൽ അക്ബർ ഇബ്നു അറബി(റ): സാരസർവ്വസ്വങ്ങളെ ഉൾവഹിച്ച ജ്ഞാന കടൽ

സയ്യിദ് ഹുസൈൻ നസ്റ്:
വിവ: നിഹാൽ പന്തല്ലൂർ:

ഇസ്ലാമിന്റെ സാമ്രാജ്യ വികാസങ്ങൾക്കൊപ്പം ഇസ്ലാമിക ലോകത്ത് സംഭവിച്ച സാംസ്കാരികവും ജ്ഞാനപരവുമായ ആദാനപ്രദാനങ്ങൾ വഴിയായി പല വിധ ചിന്താധാരകളും മുസ് ലിം ലോകത്ത് ഉടലെടുക്കുകയുണ്ടായി. ഈ ഗണത്തിൽ തത്വചിന്തയുടെ വഴികളിലൂടെ സഞ്ചരിച്ച് ഇസ് ലാമിന്റെ മൗലികമായ ധൈഷണിക പ്രബുദ്ധതയിൽ നിന്നും വ്യതിചലനം സംഭവിച്ച ചിന്താധാരകൾക്ക് ഭരണകൂടങ്ങൾ തന്നെ പ്രചരണം നൽകിയ സവിശേഷമായ സന്ദർഭത്തിലാണ് അപാരമായ ധൈഷണികാർജ്ജവത്തോടെ ഇസ് ലാമിക ലോകത്ത് വിഖ്യാതരായ പല സൂഫി പണ്ഡിത മഹത്തുക്കളും രംഗപ്രവേശം ചെയ്യുന്നത്. ഗ്രീക്ക് ഫിലോസഫിയുടെ സ്വാധീനഫലമായി മുസ് ലിം ലോകത്ത് സംഭവിച്ചുകൊണ്ടിരുന്ന വിശ്വാസ വ്യതിയാനങ്ങളെ തുറന്നുകാട്ടിയ ഇമാം ഗസ്സാലി(റ)വിനെ പോലുള്ള മഹത്തുക്കൾ ഇവരിൽ പ്രഥമസ്ഥാനിയരാണ്. സൃഷ്ടി പ്രപഞ്ചത്തെ വിവിധ ഊർജ്ജ പരിണാമങ്ങളുടെ പദാർത്ഥ സംഘാതം മാത്രമായി കാണുന്ന നാസ്തിക സ്വഭാവമുള്ള സൈദ്ധാന്തിക രൂപീകരണങ്ങൾക്ക് ഇസ് ലാമിക നാഗരികതയിലും സ്വീകാര്യത ലഭിച്ചുകൊണ്ടിരുന്ന സവിശേഷ ചരിത്ര സന്ധിയിൽ ഇമാം ഗസ്സാലി(റ)ക്ക് ശേഷം അപാരമായ ധൈഷണിക മികവോടെ രംഗത്തുവന്ന അതുല്യനായ പ്രതിഭാശാലിയായിരുന്നു ശൈഖുൽ അക്ബർ ഇബ്നു അറബി(റ). ആദ്യമേ വ്യതിചലന സ്വഭാവമുള്ള ചിന്താധാരകളോട് ആശയപരമായി കലഹിച്ചു നിന്ന സൂഫി ധാരയിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ രംഗപ്രവേശമെങ്കിലും ഇസ് ലാമിക പ്രമാണങ്ങളിൽ അടിസ്ഥാനമുള്ള വഹ്ദത്തുൽ വുജൂദ് എന്ന പുതിയൊരു സംജ്ഞയിലൂടെ വലിയൊരു ആശയ പ്രപഞ്ചമാണ് മഹാനവർകൾ തുറന്നു തന്നത്. ആകെ വിജ്ഞാനങ്ങളുടെ സത്തയും സാരവുമാണ് തന്റെ ചിന്തകളിലൂടെ അദ്ദേഹം കടഞ്ഞെടുത്തത്. സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും യാഥാർത്ഥ്യമാണ് മഹാനായ ആ സൂഫീ വേർതിരിച്ചു മനസ്സിലാക്കി തന്നത്. ഇസ് ലാമിക ലോകത്തെ എക്കാലത്തെയും ധൈഷണികാഭിമാനമായ ഇബ്നു അറബി(റ)തങ്ങളെ കുറിച്ചും സൂഫി ചിന്താധാരകളുടെ ഉത്ഭവവും വികാസവും സംബന്ധിച്ചും സയ്യിദ് ഹുസൈൻ നസ്റ് നടത്തിയ അക്കാദമിക സ്വഭാവമുള്ള ഒരു പഠനത്തിന്റെ സ്വതന്ത്ര പരിഭാഷയാണിത്.

ആത്മീയ സാക്ഷാത്ക്കാരത്തിന്റെയും ജ്ഞാന-വിശുദ്ധിയാർജനത്തിന്റെയും മാർഗം എന്ന നിലക്ക് ഇസ്ലാമിലെ ദൈവിക വെളിപാടിന്റെ മൗലികമായ ആന്തരിക ദർശനമാണ് സൂഫിസം. നിയോപ്ലാറ്റോണിക്, ഹെർമെറ്റിക് സിദ്ധാന്തങ്ങളുമായുള്ള സംവാദാത്മക വിനിമയങ്ങളിലൂടെ കൂടി രൂപപ്പെട്ട സൂഫിസത്തിന് പ്രസ്തുത പേര് ലഭിക്കുന്നത് പിൽകാലത്താണ്. പക്ഷേ, സൂഫിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും രീതികളും അതിന്റെ ഉത്ഭവവും ആത്യന്തികമായി ദൈവിക വെളിപാടിലേക്കാണ് എത്തിച്ചേരുന്നത്. സൂഫിസത്തിന്റെ സുവ്യക്തവും വ്യവസ്ഥാപിതവുമായ രൂപം ഇസ്ലാമിന്റെ ഖുർആനിൽ പറയുന്നത് പോലെയുള്ള സമ്പൂർണ രൂപവുമായും ചൈതന്യവുമായും അത് അഗാധമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഒരു സൂഫി സരണി പിൻപറ്റുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം സമ്പൂർണ ഗുണങ്ങൾ ഒത്തിണങ്ങിയ പ്രഥമ സൂഫി പ്രവാചകൻ മുഹമ്മദ് നബി(സ്വ) യാണ്.
സ്വർഗീയ പ്രവേശന മാർഗങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പ്രവാചകൻ (സ്വ) ന്റെ ജീവിത കാലത്ത്, ശരീഅയും ത്വരീഖയും സത്താപരമായി നിലനിന്നിരുന്നുവെങ്കിലും ആത്മീയ ജീവിതത്തിന്റെ തീവ്രതയും വെളിപാട് സ്രോതസ്സുകളുടെ സാമീപ്യവും മൂലം അവ തമ്മിൽ പൂർണമായ വിഭജനം സംജാതമായിരുന്നില്ല. സംയോജിത രൂപേണയുള്ള പ്രവാഹം പോലെയായിരുന്നു ആദ്യകാലത്ത് പ്രവാചകചര്യ. ഐഹിക ലോകത്തെ വഴിപിഴച്ച സാഹചര്യങ്ങളും സമകാലികതയുടെ വർധിച്ചുവരുന്ന സ്വാധീനവും ക്രമേണ (മുസ്ലിം സമുദായത്തെ) ചൈതന്യരഹിതമാക്കുകയും സാന്ദ്രീകരിക്കുകയും ചെയ്യുന്നത് വരെ പ്രവാചകചര്യയെ വ്യത്യസ്ത പ്രമാണങ്ങളാക്കി പൊതുവാക്കുകയോ സവിശേഷമാക്കുകയോ ഉണ്ടായില്ല. അതുകൊണ്ടുതന്നെ, തീവ്രമായി പ്രവാചകചര്യ നിലനിൽക്കുകയും ദ്രുതഗതിയിൽ വ്യാപിക്കുകയും ശക്തിസംഭരിക്കുകയും ചെയ്ത ആദ്യ രണ്ട് നൂറ്റാണ്ടുകളിൽ പോലും സംഘടിതമായ സൂഫി സരണിയോ ക്രോഢീകൃതമായ നിയമദർശനമോ ഉണ്ടായിരുന്നില്ല. ഹിജ്റ മൂന്ന്/ ക്രിസ്താബ്ദം ഒമ്പതാം നൂറ്റാണ്ടിലാണ് ശരീഅ നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടത്. ഓരോ ഗുരുക്കന്മാരുടെ കീഴിലുള്ള സൂഫി സരണികളിലൂടെ ആശയ പ്രചാരം നടക്കുന്നതിലൂടെ ഇസ്ലാമിക സമുദായത്തിലെ വ്യതിരിക്തമായ ഒരു ദർശനമായി സൂഫിസം ഉയർന്നുവരുന്നതും ഇതേ കാലത്തു തന്നെയാണ്. അത്തരം ഗുരുക്കന്മാരുടെ പേരിലാണ് പലപ്പോഴും പ്രസ്തുത സരണികൾ പ്രസിദ്ധമായിരുന്നത്.
പ്രവാചകന് വെളിപാട് ലഭിച്ചിരുന്ന കാലത്ത് സർവവ്യാപിയായി നിലനിന്നിരുന്ന ചൈതന്യം, ജീവസ്സുറ്റ ആത്മീയ പാരമ്പര്യമായി നിലനിൽക്കുവാനായി വ്യത്യസ്ത സൂഫി സരണികളിലൂടെ ക്രോഡീകരിക്കപ്പെട്ടു. പ്രവാചകൻ(സ്വ) തങ്ങളും അബൂബകർ(റ), അലി(റ), അബൂദർ(റ), സൽമാൻ(റ), ബിലാൽ(റ) എന്നിവരെ പോലുള്ള അനുചരന്മാരും അനുവർത്തിക്കാത്ത യാതൊരു കർമവും പിൽക്കാല സൂഫികൾ ചെയ്തിരുന്നില്ല. മക്കാവാസകാലത്ത് റമളാൻ പകുതിയിലും മറ്റും ഹിറാ ഗുഹയിലും പിൽക്കാലത്ത് മസ്ജിദു നബവിയിലും ദിക്റുകൾ ഉരുവിട്ടുകൊണ്ട് മന:ശാന്തിയോടെ പ്രവാചകൻ(സ) ധ്യാനത്തിൽ ഇരിക്കുമായിരുന്നു. പ്രത്യക്ഷവും പരോക്ഷവുമായി ദൈവത്തെ ധ്യാനിക്കുവാനും അവനെ വാഴ്ത്തുവാനും പ്രവാചകൻ(സ) തന്റെ അനുചരരോട് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.
പ്രവാചക(സ) തങ്ങളുടെ ഇത്തരം പ്രവർത്തനങ്ങളും മെഴിമുത്തുകളുമാണ് ഇത:പര്യന്തം സൂഫികൾ തങ്ങളുടെ ആത്മീയ മുറകൾക്കും അനുഷ്ഠാനങ്ങൾക്കും അടിസ്ഥാനമാക്കിയിട്ടുള്ളത്. പ്രവാചക(സ) തങ്ങളുടെ തീവ്ര അനുയായികളായി സ്വയം പരിഗണിച്ചിരുന്ന അവർ ജീവിതത്തിന്റെ സർവ തലങ്ങളിലും തിരുജീവിതത്തെ മാതൃകയാക്കാൻ മറ്റുള്ളവരോട് കൽപ്പിക്കുകയും ചെയ്തിരുന്നു. ഹി. 3/ സി.ഇ 9 നൂറ്റാണ്ടിലെ ഒരു സൂഫി ഗുരു പറയുന്നത് ഇങ്ങനെയാണ്; ”പ്രവാചകാനുചരന്മാരുടെ മാർഗമല്ലാത്ത മറ്റെല്ലാ സൂഫി സരണികളും നിരർഥകമാണ്’. ഹി. 2/ സി.ഇ 8, ഹി. 3/ സി.ഇ 9 നൂറ്റാണ്ടുകളിൽ കാലക്രമേണ രൂപം കൊണ്ട, പ്രവാചകാധ്യാപനങ്ങളുടെ ആന്തരിക ദർശനമാണ് സൂഫിസം. ഇസ്ലാമിന്റെ ഉൾസാരമായിരുന്നു പിൽക്കാലത്ത് സൂഫിസം എന്ന പേരിൽ വിശ്രുതമായത്.
വാസ്തവത്തിൽ സൂഫിസത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് ഒരാൾക്ക് യഥായോഗ്യമായി സംസാരിക്കാൻ സാധിക്കില്ല. കാരണം മൗലികമായി സൂഫിസത്തിന് ഒരു ചരിത്രമില്ല. എന്നിരുന്നാലും ഓരോ കാലഘട്ടത്തിലെയും മനശാസ്ത്രപരവും മാനസികവുമായ അവസ്ഥകളോട് അനുരൂപമായ ഭാഷയിൽ ഓരോ യുഗത്തിലും സൂഫിസം തത്വങ്ങൾ അവതരിപ്പിക്കുകയും, നൂറ്റാണ്ടുകൾ ഉടനീളം വ്യത്യസ്ത മനുഷ്യരുടെ ആവിശ്യങ്ങൾക്ക് അനുസൃതമായി വ്യാഖ്യാന ദർശനങ്ങൾ വികസിപ്പിക്കുകയും ചെയ്തിട്ടുള്ളതിനാൽ ഓരോ കാലഘട്ടത്തിലെയും സൂഫി പാരമ്പത്തിന്റെ വ്യതിരിക്തമായ സവിശേഷതകളെ സംബന്ധിച്ച് ചർച്ച ചെയ്യുക സാധ്യമാണ്. ഈയർഥത്തിൽ ഇസ്ലാമിലെ പ്രാരംഭകാല സൂഫികൾ ആയിരുന്ന പ്രവാചക അനുചരന്മാരെ തുടർന്നു വന്ന തലമുറക്ക് പ്രവാചകാധ്യാപനങ്ങൾ ജീവസ്സുറ്റതായി അവതരിപ്പിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ഹദീസ് പ്രസരണം നടത്തുകയും ചെയ്തിരുന്ന ആദ്യകാല യോഗികളായ ഈ മഹത്തുക്കൾ വളരെ പ്രധാനപ്പെട്ടവരാണ്. മുസ്ലിംകളുടെ മൂന്നു തലമുറകളെ പ്രവാചക കാലത്തേക്ക് ബന്ധിപ്പിക്കുകയും ഹി. 21/ സി.ഇ 643- ഹി. 110/ സി.ഇ 728 വരെ ജീവിക്കുകയും ചെയ്ത ആദ്യ രണ്ട് നൂറ്റാണ്ടുകളിലെ പ്രമുഖ സൂഫിയായ ഹസൻ ബസരി(റ) ഇവരിൽ സവിശേഷ ശ്രദ്ധയർഹിക്കുന്നു.
സൂഫിസത്തിന്റെ പ്രാരംഭ കാലങ്ങളിൽ മൗലികമായ പങ്ക് വഹിച്ച(അഹ് ലു ബൈത്തിൽ പെട്ട) ഇമാമുമാർ വിശേഷിച്ച് ആദ്യത്തെ എട്ടുപേർ ആദ്യ രണ്ട് നൂറ്റാണ്ടുകളെ സംബന്ധിച്ചിടത്തോളം തീർച്ചയായും പരാമർശിക്കപ്പെടേണ്ട സൂഫികളാണ്. അലി(റ) വിനെ പ്രവാചകന്റെ ആത്മീയവും ലൗകികവുമായ പിൻഗാമിയായി അവതരിപ്പിക്കുന്ന, അടിസ്ഥാനപരമായി ”അലി ഇസ്ലാം” ആയ ശീഇസത്തിൽ, അലി(റ) അടക്കമുള്ള (അഹ് ലു ബൈത്തിൽ പെട്ട)പിൻഗാമികളാണ് പ്രവാചക സന്ദേശത്തിന്റെ പ്രകാശവാഹകരും അദ്ധ്യാത്മിക പ്രതിനിധികളും.(ഇത് തെറ്റായ വിശ്വാസമാണ്. കാരണം അദ്ധ്യാത്മിക ജ്ഞാനത്തിന്റെ വഴികൾ അഹ് ലു ബൈത്തല്ലാത്തവർ വഴിയും ഇസ് ലാമിക ചരിത്രത്തിൽ വികസിച്ചുവന്നിട്ടുണ്ട്. താബിഅ് കളായിരുന്ന ഹസൻ ബസ്വരി(റ), ഇമാം കുമൈൽ(റ) പോലുള്ളവർ വഴിയായും അലി(റ) വിലെത്തുന്ന സിൽസിലകളുണ്ട്. ഇതോടൊപ്പം അലംബർദാർ(റ) എന്ന താബിഅ് വഴിയായി സൽമാനുൽ ഫാരിസി(റ), അബൂബക്കർ സിദ്ധീഖ്(റ) തുടങ്ങിയ പ്രമുഖ സ്വഹാബികളിലെത്തുന്ന സിൽസിലകളുണ്ട്. അതുകൊണ്ട് ഇസ് ലാമിന്റെ ബാത്വിനി വിജ്ഞാന കൈമാറ്റം അലി(റ) വഴി മാത്രമല്ല ഉണ്ടായതെന്ന് വ്യക്തമാണ്. എന്നാൽ അലി(റ) വിന് സവിശേഷമായ വിജ്ഞാനപാടവവും ഉൾക്കാഴ്ചയും ഉണ്ടായിരുന്നുവെന്ന കാര്യം സുവിധിതമാണ്. തിരുനബി(സ്വ)തങ്ങൾ എന്ന വിജ്ഞാനത്തിന്റെ പട്ടണത്തിലേക്ക് പ്രവേശിക്കാനുള്ള വാതിലാണ് അലി(റ)എന്ന് സ്വഹീഹായ ഹദീസുകളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്.) മാത്രമല്ല, സുന്നി ലോകത്ത് വികസിച്ചുവന്ന സൂഫി സരണികളുടെ രൂപീകരണത്തിൽ (അഹ് ലു ബൈത്തിൽ പെട്ട) അവരിൽ പലരും മൗലികമായ പങ്കുവഹിച്ചിട്ടുമുണ്ട്. പ്രധാനമായും സൂഫി സിൽസിലകൾ പരിശോധിച്ചാൽ അക്കാര്യം ദർശിക്കാം. ഏകദേശം എല്ലാ സൂഫി സരണികളും ചെന്നെത്തുന്നത് അലി(റ)ലേക്കാണ്. ശിഈകൾ (തങ്ങളുടെ ഇമാമീങ്ങളായി പരിഗണിക്കുന്ന) ഇമാമുമാരുടെ അവരിൽ വിശേഷിച്ച് ആറാം ഇമാം ആയ ജഅ്ഫർ സ്വാദിഖ് (റ) (ഹി. 88/ സി.ഇ 702- ഹി. 148/ സി.ഇ 765)വിന്റെയും എട്ടാം ഇമാം അലിയ്യു രിളാ(റ) (ഉദ്ദേശം ഹി. 148/ സി.ഇ 765- ഹി. 203/ സി.ഇ 818) വിന്റെയും ശിഷ്യന്മാരായിരുന്നു പിൽക്കാലത്തെ മിക്ക സൂഫികളും. മാത്രമല്ല, ഇസ്ലാമിക ജ്ഞാനത്തിന്റെ സുന്ദരവും ഉന്നതവുമായ താളുകൾ ബാക്കിവെച്ചുകൊണ്ടാണ് അവരിൽ പലരും മൺമറഞ്ഞത്.
പിൽക്കാലത്തെ സൂഫി തലമുറയുടെ അന്തരംഗങ്ങളിൽ പ്രതിധ്വനി സൃഷ്ടിക്കുകയും ചലനാത്മകമാക്കുകയും ചെയ്ത വാഗ്വിലാസവും മർമസ്പർശിയായ ഉദീരണങ്ങളുമായി പ്രശസ്തരായ ധാരാളം സൂഫികൾ കടന്നു വരുന്നത് മൂന്നാം നൂറ്റാണ്ടിലാണ്. ദുന്നൂൻ മിസരി(റ), ബഗ്ദാദിലെ അൽമുഹാസിബി(റ), ഗൗതമ ബുദ്ധനെ പോലെ ദൈവിക ജ്ഞാനം കരഗതമാക്കാൻ രാജകൊട്ടാരം ഉപേക്ഷിച്ച രാജകുമാരൻ ഇബ്രാഹീം ബിൻ അദ്ഹം(റ), പരമമായ ഫനാഫില്ലാഹിയുടെ അടിസ്ഥാനത്തിലുള്ള അനുഭൂതി ജന്യമായ ജൽപനങ്ങളിലൂടെ (ശത്വഹാത്) സൂഫിസത്തിന്റെ ബൗദ്ധിക പ്രതിനിധിയായി ആഘോഷിക്കപ്പെട്ട ഖുറാസാനിലെ യോഗിവര്യൻ ബായസീദ് ബിസ്താമി(റ) എന്നിവർ ഈ നൂറ്റാണ്ടിലെ പ്രസിദ്ധരായ സൂഫികളിൽ പെട്ടവരാണ്.

നൂരി(റ), ശിബ്ലി(റ) എന്നിവരെ പോലുള്ള സൂഫികൾ സമ്മേളിക്കുകയും സൂഫി രക്തസാക്ഷി ഹല്ലാജ്(റ) സഹവസിക്കുകയും ചെയ്തിരുന്ന ജുനൈദുൽ ബഗ്ദാദി(റ) യുടെ സ്വഹ് വ് സിദ്ധാന്തം (തന്നെ മറന്ന് ഇലാഹിൽ ഉന്മത്തനാകാതെ(സകറാൻ) സ്വബോധത്തോടെ ഇലാഹുമായി ആത്മീയ വിലയം പ്രാപിക്കുക എന്ന തത്വം) ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടെ രൂപംകൊണ്ടു. മാസിഞ്ഞോൺ അടക്കമുള്ളവരുടെ പഠനങ്ങളിലൂടെ പാശ്ചാത്യ ലോകത്ത് സുപ്രസിദ്ധനായ ഹല്ലാജ്(റ) പല രീതിയിലും ഇസ്ലാമിക പാരമ്പര്യത്തിൽ ക്രിസ്തുവിന്റെ ആത്മീയ രൂപത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മാസിഞ്ഞോണിന്റെ വാക്കുകളിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ ‘അഭിനിവേശം’ ക്രിസ്തുവുമായി കൃത്യമായ സാമ്യത പുലർത്തുന്നുണ്ട്. സാധാരണ ജനങ്ങൾക്ക് മുമ്പിൽ ഗുപ്തജ്ഞാനങ്ങൾ പരസ്യമാക്കി താൻ അനുഭവിക്കുന്ന സൂഫിസത്തിൽ ഉള്ളടങ്ങിയ ആത്മീയ ജീവിത യാഥാർഥ്യത്തെ പ്രകടമായി കാണിച്ചുകൊടുക്കുകയുമായിരുന്നു ഹല്ലാജ്(റ) ചെയ്തത്. മനോഹരമായ കവിതകൾ രചിച്ചാണ് ഹല്ലാജ്(റ) കാലയവനികക്ക് പിന്നിൽ മറഞ്ഞത്. സൂഫി ചക്രവാളത്തിൽ ഒരിക്കലും ആധിപത്യം പുലർത്താതിരുന്ന ധാരാളം വാക്യങ്ങൾ അദ്ദേഹം മൊഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അനൽ ഹഖ് (ഞാനാണ് സത്യം) എന്ന വാക്ക് സൂഫിസം അടിസ്ഥാനപരമായി ജ്ഞാനമാണെന്നും ഞാനെന്ന മറ നീക്കം ചെയ്യപ്പെടുമ്പോൾ ഞാനെന്ന് മൊഴിയുന്നത് ഹഖാണെന്നുമുള്ള വസ്തുതയുടെ ശാശ്വത സാക്ഷ്യമായിരുന്നു.
ഇസ്ലാമിക കലകളും ശാസ്ത്രവും ഉച്ഛസ്ഥായിയിൽ എത്തിനിന്ന ഹിജ്റ നാലാം നൂറ്റാണ്ടിൽ, ബൃഹത്തായ ജ്ഞാനങ്ങളുൾക്കൊള്ളുന്ന കൃതികളിലൂടെയും പിൽക്കാലത്ത് പ്രധാന ആഖ്യാന മാധ്യമമായി മാറിയ പേർഷ്യൻ കവിതയുടെ തേരിലേറിയും സൂഫി പാരമ്പര്യം വികസിക്കുവാൻ തുടങ്ങി. അബൂ നസർ സർറാജിന്റെ കിതാബു ലുമഅ്, കാലബാദിയുടെ കിതാബു തആറുഫ്, ഫാരിസിയിലെ ആദ്യ ഗദ്യ കൃതിയായ ഹുജ് വീരി(റ)യുടെ കശ്ഫുൽ മഹ്ജൂബ്, അബൂ ത്വാലിബ് മക്കി(റ)യുടെ ഖൂതുൽ ഖുലൂബ്, ഏറെ വിശ്രുതമായ രിസാലത്തുൽ ഖുശൈരിയ്യ പോലുള്ള സൂഫിസത്തിലെ ക്ലാസ്സിക്കൽ ഗ്രന്ഥങ്ങൾ രചിക്കപ്പെടുന്നത് ഈ നൂറ്റാണ്ടിലാണ്. ഈ കൃതികളെല്ലാം, വിശേഷിച്ച് സൂഫിസത്തിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്യുന്നവയായിരുന്നു. ധർമോപദേശ കൃതിയായ ഖുശൈരിയ്യ, ഇന്നും സൂഫിസത്തിലെ പ്രഗത്ഭ പണ്ഡിതന്മാർ പഠിച്ചുകൊണ്ടിരിക്കുകയാണ്. പഴയകാല സൂഫികളുടെ മനോഹരമായ ഉക്തികൾ, പരമാനന്ദപരമായ ഉദീരണങ്ങൾ, ബൗദ്ധിക സുഭാഷിതങ്ങൾ എന്നിവ സമാഹരിക്കപ്പെടുകയും സൂഫി സരണികൾ അനുധാവനം ചെയ്യുവാനുള്ള നിയമങ്ങളും നിബന്ധനകളും രേഖപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു.
ഇബ്നു സീനയുടെ സമകാലികനായ അബൂ സഈദ് ബ്നു അബിൽ ഖൈർ പേർഷ്യൻ ഭാഷയിലെ ആദ്യ ചതുഷ്പദശ്ലോകം രചിക്കുന്നതും ഇതേ നൂറ്റാണ്ടിലാണ്. നൂറ്റാണ്ടുകളോളം പലവുരു പഠന വിധേയമാക്കപ്പെടുകയും വ്യാഖ്യാനങ്ങൾ എഴുതപ്പെടുകയും ചെയ്ത മനാസിലു സാഇരീന്റെ രചയിതാവും സൂഫി ഗ്രന്ഥകർത്താക്കളിൽ പ്രധാനിയുമായ ഖ്വാജ അബ്ദുള്ള അൽ അൻസാരി പേർഷ്യൻ ഭാഷയിൽ കനപ്പെട്ട ധാരാളം നിബന്ധങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുനാജാത് എന്ന കൃതി ഇന്ന് ആ ഭാഷയിലെ ഏറ്റവും വലിയ വിഖ്യാതമായ ക്ലാസ്സിക്കുകളിൽ ഒന്നാണ്. സനാഇ, അത്താർ(റ), അദ്വിതീയനായ റൂമി(റ), ഷബിസ്തരി(റ), സഅദി(റ), ഹാഫിസ്(റ) എന്നിവരുടെ രചനകൾക്ക് കളമൊരുക്കുന്നതിലൂടെ അറബിയോടൊപ്പം പേർഷ്യൻ ഭാഷയും സൂഫി സിദ്ധാന്തത്തിന്റെ ആഖ്യാന മാധ്യമമായി മാറി. ഹാഫിസിന്റെ കാലത്തോടെയാണ് സൂഫി കാവ്യഭാവനയുടെ മാസ്മരികാവിഷ്കാര പ്രവണതക്ക് തിരശീല വീഴുന്നത്. പേർഷ്യ, മധ്യേഷ്യ, ഇന്ത്യ, ജാവ, സുമാത്ര തുടങ്ങി ഇസ്ലാമിക ലോകത്തിന്റെ കിഴക്കൻ പ്രവിശ്യകളിൽ പ്രഗൽത്ഭരായ കവികളിലൂടെ സൂഫി സിദ്ധാന്തങ്ങൾ വിശദീകരിക്കപ്പെട്ടു. ഇവരിൽ ചിലരുടെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടതോടെയാണ് ഗോയ്ഥെ, ഹെർഡർ പോലെയുള്ള യൂറോപ്യൻമാരുടെ ശ്രദ്ധ സൂഫിസത്തിലേക്ക് ആദ്യമായി ആകൃഷ്ടമായത്.
ഇതേ നൂറ്റാണ്ടിൽ തന്നെയാണ് കർമശാസ്ത്രം, ദൈവശാസ്ത്രം, തത്വചിന്ത എന്നിവയുടെ തത്വങ്ങളുമായി സൂഫിസത്തിന് സമ്പർക്കവും സംഘർഷവും ഉടലെടുക്കുന്നത്. സമകാലികനായ അബൂ ഹയ്യാൻ തൗഹിദിയെ പോലെ പെരിപാറ്ററ്റിക് തത്വചിന്തകന്മാരുടെ ഗുരുവായ ഇബ്നു സീന സൂഫിസത്തിലെ പ്രത്യേക തത്വങ്ങളിൽ ആകൃഷ്ടനായത് എങ്ങനെയാണെന്ന് നമുക്കറിയാം. അതുപോലെതന്നെ, ഇഖ് വാനു സ്വഫയുടെ കത്തുകളിലും വിവിധ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂഫി സിദ്ധാന്തങ്ങളുമായുള്ള സമാനതകൾ ദർശിക്കാവുന്നതാണ്. സൂഫിയും ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവുമായ ജാബിർ ബ്ൻ ഹയ്യാനിന്റെ കൃതികളിലും അക്കാര്യം കാണാം. എന്നാൽ, ഇഖ് വാനു സ്വഫ, ഇബ്നു സീന പോലുള്ളവരുടെ എഴുത്തുകളിലെ പ്രപഞ്ചശാസ്ത്രപരമായ സിദ്ധാന്തങ്ങൾ സ്വാംശീകരിക്കുകയും തങ്ങളുടെ ആധ്യത്മിക കാഴ്ചപ്പാടിലേക്ക് ഉദ്ഗ്രഥിപ്പിക്കുകയും ചെയ്യുന്ന പ്രവണതയും ചില സൂഫികൾക്കുണ്ടായിരുന്നു. പ്രപഞ്ചശാസ്ത്രപരമായ സിദ്ധാന്തങ്ങളിൽ ഇബ്നു അറബി(റ)യുടെ മുൻമാതൃകയും അദ്ദേഹം വലിയ തോതിൽ അവലംബിക്കുകയും ചെയ്ത ആന്ദലൂഷ്യൻ ആത്മജ്ഞാനിയായ ഇബ്നു മസർറ ഈയർഥത്തിൽ ശ്രദ്ധേയനാണ്.
ദൈവശാസ്ത്രജ്ഞർക്കും കർമശാസ്ത്രജ്ഞർക്കും ഇടയിലും ഭിന്നത നിലനിന്നിരുന്നു. സൽജൂഖികൾ ആധിപത്യം ഉറപ്പിക്കുകയും പൂർവ നൂറ്റാണ്ടിലെ അസംഘടിതവും വിലക്കില്ലാത്തതുമായ അന്തരീക്ഷം പുതിയ സർവകലാശാലകൾ പരിവർത്തിപ്പിക്കുകയും ചെയ്ത അഞ്ചാം നൂറ്റാണ്ടിലാണ് ഈ ഭിന്നത കൂടുതൽ ശക്തമായി അനുഭവപ്പെട്ടത്. ഈ പശ്ചാത്തലത്തിനെതിരെയാണ് ഔദ്യോഗിക കർമശാസ്ത്ര വൃത്തങ്ങളിൽ സൂഫിസത്തെ നിയമവിധേയമാക്കാൻ അബൂ ഹാമിദ് അൽഗസാലി(റ) പ്രത്യക്ഷപ്പെടുകയും താൻ സജീവമായി സംഭാവനകൾ അർപ്പിച്ച ഇസ്ലാമിന്റെ ബാഹ്യാർഥവാദപരവും ആന്തരികാർഥവാദപരവുമായ വശങ്ങളിൽക്കിടയിൽ പൊരുത്തം സംജാതമാക്കുകയും ചെയ്തത്. മുസ്ലിം സമുദായത്തിന്റെ ഹൃദയാന്തരത്തിൽ സൂഫി അധ്യാപനങ്ങളുടെ ആന്തരിക ചൈതന്യം നിലനിൽക്കുവാൻ ഗസാലി ഇമാം സൂഫിസത്തിലെ ചില പ്രത്യേക അധ്യാപനങ്ങൾ അടിസ്ഥാനപരമായി ഒഴിവാക്കിയെന്ന് കഴിഞ്ഞ അധ്യായത്തിൽ നാം പറഞ്ഞു. ഗസാലി ഇമാമിന്റെ ഈ പ്രതിരോധം പൊതുമത സമുദായത്തിൽ സൂഫി അനുഷ്ഠാനങ്ങൾക്കും സരണികൾക്കും സിദ്ധാന്തങ്ങൾക്കും നൽകപ്പെട്ട പദവി നിർണ്ണയിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പിൽക്കാലത്ത് ഇബ്നു അറബി(റ)യുടെ കൃതികൾക്ക് പൂർവമാതൃകയായി മാറിയ മിശ്കാതുൽ അൻവാർ, രിസാലത്തു ലദുന്നിയ്യ പോലുള്ള ആത്മജ്ഞാന നിബന്ധങ്ങളിൽ സൂഫി സിദ്ധാന്തങ്ങൾ അദ്ദേഹം ചർച്ച ചെയ്തിരുന്നു.
ഗസാലി(റ)ക്കും ഇബ്നു അറബി(റ)ക്കും ഇടയിൽ അവഗണിക്കാൻ കഴിയാത്ത ശ്രദ്ധേയമായ ധാരാളം സൂഫിവര്യന്മാരുണ്ട്. ദൈവിക പ്രേമത്തെ പ്രതിയുള്ള പ്രസിദ്ധമായ നിബന്ധമായ സവാനിഹുൽ ഉശ്ശാഖിന്റെ രചയിതാവ് പേർഷ്യയിലെ അഹ്മദുൽ ഗസാലി(റ) (അബു ഹാമിദുൽ ഗസാലിയുടെ സഹോദരൻ)യും ഇബ്നു അറബി(റ)യെ ഓർമിപ്പിക്കുന്ന തരത്തിൽ സൂഫി സിദ്ധാന്തങ്ങൾ ചർച്ച ചെയ്ത ഐനുൽ ഖുളാത് ഹമദാനി(റ)യും പേർഷ്യക്കാരായിരുന്നു. ഇബ്നു അറബി(റ) തന്റെ ഗ്രന്ഥങ്ങളിൽ ഇടക്കിടെ പ്രതിപാദിക്കുന്ന അധ്യാപകൻ അബൂ മദ്യൻ, മഹാസിനുൽ മജാലിസ് എന്ന ഗ്രന്ഥം എഴുതിയ ഇബ്നു അരീഫ്, ഇബ്നു അറബി(റ) അടുത്ത ബന്ധം പുലർത്തുകയും ദക്ഷിണ പോർചുഗലിൽ അൽഗാർഫിൽ സൂഫി പർണശാല സ്ഥാപിക്കുകയും ചെയ്ത ഇബ്ൻ ഖാസി(റ) എന്നിവർ പടിഞ്ഞാറൻ ഇസ്ലാമിക ദേശങ്ങളിലും താമസിച്ചിരുന്നു.
ഇബ്നു അറബി(റ)യുടെ കാലഘട്ടത്തിന് തൊട്ടുമുമ്പുള്ള കിഴക്കൻ ഇസ്ലാമിക പ്രവിശ്യകൾ പരിശോധിക്കുമ്പോൾ ഇശ്റാഖി തത്വചിന്തക്ക് രൂപംനൽകിയ സുഹ്രവർദി(റ)യെ മാത്രമല്ല, മറിച്ച് മറ്റുചില പ്രധാനസൂഫി സരണികളുടെ ഉപജ്ഞാതാക്കളെ കൂടി കണ്ടെത്താം. രിഫാഈ ത്വരീഖതിന്റെ ഉപജ്ഞാതാവ് അഹ്മദുൽ രിഫാഇ(റ), മൊറോക്കൊ മുതൽ പസിഫിക് ഉപദ്വീപുകൾ വരെ പരന്നു കിടക്കുന്ന സൂഫി സരണിയായ ഖാദിരി ത്വരീഖതിന്റെ ഉപജ്ഞാതാവും ഇസ്ലാമിലെ ആഗോള സൂഫിയുമായ അബ്ദുൽ ഖാദർ ജീലാനി, കുബ്രവിയ്യ സരണിയുടെ ഉപജ്ഞാതാവ് നജ്മുദ്ദീൻ കുബ്റ(റ) എന്നിവരെയെല്ലാം അവരിൽ പെടുത്താം. ഇബ്നു അറബി(റ) ഇസ്ലാമിക ചരിത്ര സന്ധിയിലേക്ക് കടന്നുവന്നപ്പോൾ സൂഫിസത്തിന്റെ പാരമ്പര്യം ചിരപ്രതിഷ്ഠിതവും സൂഫീ സരണികളിലൂടെ ആത്മീയ രീതികളും സിദ്ധാന്തങ്ങളും സംരക്ഷിക്കാനും കൈമാറ്റം ചെയ്യുവാനും സാധിക്കുന്ന ഫലപ്രദമായ മാധ്യമങ്ങൾ കൈവശവുമുള്ള സന്ദർഭമായിരുന്നു. പേർഷ്യനിലും അറബിയിലും ഗദ്യ-പദ്യ മേഖലകളിൽ മൗലികമായ കൃതികളുടെ സമ്പന്നമായ പൈതൃകം സൂഫിസത്തിന് കൈവശം ഉണ്ടായിരുന്നു. പ്രവാചകന്റെ കാലഘട്ടം വരെ പിറകോട്ടുള്ള തലമുറകളിലെ സൂഫി ഗുരുവര്യന്മാരുടെ നിരീക്ഷണങ്ങളും അനുഭവങ്ങളും ഉൾക്കാഴ്ചകളും ജ്ഞാനോദയവും കവിതകളിലൂടെ സംരക്ഷിക്കപ്പെട്ടിരുന്നു.
ഇബ്നു അറബി(റ)യുടെ പ്രാധാന്യം
ഇബ്നു അറബി(റ)യുടെ വരവോടുകൂടെ അതുവരെയുള്ള സൂഫി പാരമ്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സൂഫി മാർഗത്തിൽ ഒരു ഇടവേളയെയോ വഴിത്തിരിവിനെയോ അടയാളപ്പെടുത്തുന്നതായി തോന്നിക്കുന്ന ബൃഹത്തായ മാനങ്ങളുള്ള ആധ്യാത്മികവും പ്രപഞ്ചശാസ്ത്രപരവും മന:ശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ സൈദ്ധാന്തിക ബലം രൂപപ്പെടുന്നുണ്ട്. ആദ്യകാല സൂഫികളായ ഹകീം തിർമുദി(റ)യും ബായസീദ് ബിസ്താമി(റ)യും ആധ്യാത്മിക ചോദ്യങ്ങൾ കൈകാര്യം ചെയ്യുകയും അത്താറിനെയും ഇബ്നു മസറയെയും പോലുള്ളവരുടെ എഴുത്തുകൾ പ്രപഞ്ചശാസ്ത്രപരമായ സിദ്ധാന്തങ്ങൽ ഉൾകൊള്ളുകയും ചെയ്യുന്നുണ്ടെന്ന കാര്യം ശരി തന്നെ. പക്ഷേ, അവയൊരിക്കലും ഇബ്നു അറബി(റ)യിൽ ദൃശ്യമാകുന്ന അതേ അളവിലും അനുപാതത്തിലും അധ്യാത്മിക വിജ്ഞാനത്തിന്റെ ഭാഗമായി കൈകാര്യം ചെയ്തിട്ടില്ലായിരുന്നു. ആദ്യകാല സൂഫി എഴുത്തുകളിൽ അധികവും ഒന്നുകിൽ സൂഫി പാത ആശ്ലേഷിക്കുന്നവർക്ക് പിന്തുടരാനുള്ള പ്രായോഗിക മാർഗനിർദേശങ്ങളോ അല്ലെങ്കിൽ അതെഴുതിയ സൂഫിയുടെയോ അതിൽ പ്രതിപാദിക്കുന്ന സൂഫിയുടെയോ ആത്മീയ അനുഭവം വിവരിക്കുകയും ചെയ്യുന്ന കൃതികളായിരുന്നു. അതിനാൽതന്നെ ആധ്യാത്മികതയെ കുറിച്ചുള്ള സമ്പൂർണ്ണ സൈദ്ധാന്തിക വിവരണമെന്ന് അവകാശപ്പെടാവുന്ന ഒന്നും അതിലുണ്ടായിരുന്നില്ല. മാത്രമല്ല, ചില സവിശേഷ സന്ദർഭങ്ങളിൽ സൂഫികൾ അനുഭവിച്ച ആത്മീയ സാക്ഷാൽക്കാരത്തിന്റെ കേവല വിവരണത്തിലൂടെ വിശാലമായ സൂഫിസം എന്ന യാഥാർത്ഥ്യത്തിന്റെ ഒരു ഭാഗത്തേക്ക് മാത്രമായിരുന്നു അവ വെളിച്ചം വീശിയിരുന്നത്.
സൂഫി ഗുരുക്കന്മാരുടെ വചനങ്ങൾ ആന്തരികമായി ഉൾവഹിച്ചിരുന്ന സൂഫി സിദ്ധാന്തങ്ങൾ ഇബ്നു അറബി(റ)യുടെ വരവോടെ ബാഹ്യമായ രൂപം പ്രാപിക്കുകയും തദ്ഫലമായി ഇബ്നു അറബി(റ) ഇസ്ലാമിലെ ജ്ഞാനത്തിന്റെ ഏറ്റവും പ്രഗത്ഭനായ വ്യാഖ്യാതാവായി മാറുകയും ചെയ്തു. അദ്ദേഹത്തിലൂടെ ഇസ്ലാമിലെ ഗുപ്തവിജ്ഞാന തലങ്ങൾ പരസ്യമായി അവതരിപ്പിക്കപ്പെടുകയും സൈദ്ധാന്തികമായി മതിയായ ബൗദ്ധിക ചിന്താശേഷിയുള്ളവർ ഫലപ്രദമായ രീതിയിലൂടെ ആധ്യാത്മിക പാതയിലേക്ക് നയിക്കപ്പെടാവുന്ന രീതിയിൽ ആത്മീയ പ്രപഞ്ചത്തിന്റെ വിശാലത വെളിച്ചത്ത് കൊണ്ടുവരപ്പെടുകയും ചെയ്തു. സൂഫി പാരമ്പര്യത്തിന്റെ പ്രാരംഭം മുതൽ യാഥാർഥ്യം നിലനിന്നിരുന്നെങ്കിലും വഹ്ദത്തുൽ വുജൂദും അൽഇൻസാനുൽ കാമിലും പോലുള്ള പുതിയ പ്രയോഗങ്ങളിലൂടെ ഗുപ്തവിജ്ഞാനങ്ങളുടെ വിശദീകരണങ്ങൾ ഇബ്നു അറബി(റ) തന്റെ എഴുത്തുകളിലൂടെ ആവിഷ്കരിച്ചതായി കാണാം.
അതുകൊണ്ട് ഇബ്നു അറബി(റ)യുടെ പ്രാധാന്യം സൂഫി സിദ്ധാന്തങ്ങളുടെ രൂപീകരണത്തിലും അവയെ ബാഹ്യമായി അവതരിപ്പിച്ചതിലുമാണ് നിലകൊള്ളുന്നത്. കൂടുതൽ ആവിഷ്കൃതവും സൈദ്ധാന്തികവും ആകുന്നതിലൂടെ സൂഫിസത്തിൽ ഉത്ഥാനമോ, പലപ്പോഴും ആരോപിക്കപ്പെടുന്നത് പോലെ ദൈവസ്നേഹത്തിൽ നിന്നും ബഹുദൈവാരാധനയിലേക്കുള്ള തരംതാഴലോ ഒന്നും ഇബ്നു അറബി(റ)യുടെ ഇടപെടലുകൾ അടയാളപ്പെടുത്തുന്നില്ല. വാസ്തവത്തിൽ, ഇബ്നു അറബി(റ) സൂഫി സിദ്ധാന്തങ്ങളിൽ നടത്തിയ ബാഹ്യമായ രൂപകൽപനകൾ സൂചിപ്പിക്കുന്നത്, അവ അഭിസംബോധന ചെയ്യപ്പെട്ടിരുന്ന സാഹചര്യം കൂടുതൽ വിശദീകരണവും വ്യാഖ്യാനവും ആവശ്യപ്പെട്ടിരുന്നു എന്നാണ്. ഒരാളുടെ വിജ്ഞാനത്തോടെ വിശദീകരണത്തിനുള്ള ആവശ്യം വർധിക്കുകയല്ല. മറിച്ച്, ഉൾക്കാഴ്ചയുടെയും അന്തർജ്ഞാനത്തിന്റെയും പ്രാപ്തി നിഷ്പ്രഭമാകുന്നതിലൂടെ ഗ്രാഹ്യരാഹിത്യത്തിന്റെയും വിവരമില്ലായ്മയുടെയും തോത് അനുസരിച്ചാണ് വിശദീകരണം ആവശ്യമാകുന്നത്. ദൈവിക വെളിപാടിന്റെ സ്രോതസിൽ നിന്ന് ഇസ്ലാമിക നാഗരികത ക്രമേണ അകന്നുപോകുന്നതോടെ മനുഷ്യരുടെ ആത്മീയ ഉൾക്കാഴ്ചയും സൂക്ഷ്മദർശിത്വവും നശിക്കുന്നതിന്റെ തോതനുസരിച്ച് വിശദീകരണത്തിന്റെ ആവശ്യം വർധിച്ചു വരുന്നു. ആദ്യകാല തലമുറക്ക് കാര്യങ്ങളുടെ അർഥം മനസ്സിലാകണമെങ്കിൽ കേവലം സൂചന മതിയായിരുന്നുവെങ്കിൽ പിൽക്കാലക്കാർക്ക് പൂർണമായ വിശദീകരണങ്ങൾ തന്നെ വേണ്ടിവന്നു. തെറ്റിൽ അകപ്പെടുന്നതിൽ നിന്നും മനസ്സിനെ തടഞ്ഞുനിർത്താൻ കഴിയാത്തവർക്കും മാനുഷിക പ്രേരണകളെ ഭരിക്കാവുന്ന ബൗദ്ധിക അവബോധം ശക്തമല്ലാത്തവർക്കും തെറ്റായ യുക്തിവിചാരത്തിലൂടെ വഴിപിഴപ്പിക്കപ്പെടാവുന്ന അപകട സാധ്യതയിൽ നിലകൊള്ളുന്നവർക്കും ഇടയിൽ സൂഫി പാരമ്പര്യത്തിന്റെ സംരക്ഷണം ഉറപ്പുനൽകുന്ന സിദ്ധാന്തങ്ങളാണ് ഇബ്നു അറബി(റ)യുടെ ഇസ്ലാമിക ആന്തരികാർത്ഥ ചിന്ത പ്രദാനം ചെയ്തത്. അന്നുവരെ സൂഫിസത്തിന്റെ ആന്തരിക സത്യമായി നിലകൊണ്ടിരുന്ന കാര്യം, ഇബ്നു അറബി(റ)യിലൂടെ ഇസ്ലാമിന്റെ ആത്മീയവും ബൗദ്ധികവുമായ ജീവിതത്തിൽ ആധിപത്യം പുലർത്തുന്ന തരത്തിൽ അവതരിപ്പിക്കപ്പെടുകയായിരുന്നു.
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy