ഡോ: ജഅഫർ. എ.പി.
രോഗവും മരണഭീതിയും എക്കാലത്തെയും മനുഷ്യരുടെ ആകുലതകളാണ്. കോവിഡ് കാലത്ത് രോഗത്തിന്റെ ഭീകരതയേക്കാൾ രോഗഭീതിയുടെ കെട്ടുകഥകൾ എങ്ങനെയാണ് മനുഷ്യന്റെ സ്വാഭാവിക ജീവിതത്തെ താറുമാറാക്കുന്നതെന്നും തീരാത്ത ആകുലതകളുടെയും ഭയാശങ്കകളുടെയും നടുവിൽ മനുഷ്യർ വിഭ്രമചിത്തരാവുമ്പോൾ എത്രമാത്രം വിചിത്രമായാണ് അവർ പെരുമാറുക എന്നും തിരിച്ചറിയിക്കുന്ന അത്യന്തം വൈകാരികത മുറ്റിയ ഒരനുഭവ കുറിപ്പ്.
കഥയേക്കാൾ വിചിത്രമാണ് ചിലപ്പോർ അനുഭവങ്ങൾ. ഉള്ളം പൊള്ളിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്ന നേരറിവുകൾ.
അസ്ഥിരോഗ വിഭാഗത്തിൽ മുതുകിനും മടമ്പിനും സാരമായ ക്ഷതം പറ്റി ചികിത്സയിലാണ് മധ്യവയസ്സിലേക്ക് നീങ്ങുന്ന ഈ യുവാവ്. കോവിഡ് പോസിറ്റീവുമാണ്. കോവിഡ് സംബന്ധമായി അദ്ദേഹത്തിൻ്റെ ചികിത്സ നിശ്ചയിക്കുന്നതിനു വേണ്ടിയാണ് മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന എനിക്ക് വിളി വന്നത്. അത്യാവശ്യമാണെങ്കിൽ മാത്രം രോഗിയെ നേരിട്ട് കണ്ടാൽ മതി. പരസ്പര അകലം പാലിച്ച് രോഗ വ്യാപനം പരമാവധി കുറക്കുക എന്നത് മാറിയ കാലത്തെ ചികിത്സാ ചട്ടങ്ങളുടെ ഭാഗമാണ്. അദ്ദേഹത്തെ കുറിച്ച ആവശ്യമായ എല്ലാ വിവരങ്ങളും കമ്പ്യൂട്ടർ ഫയലിൽ രേഖപെടുത്തിയിട്ടുണ്ട്. നേരിട്ട് കാണാതെയും ചികിത്സ നിശ്ചയിക്കാം. അദ്ദേഹത്തിൻ്റെ അടുത്ത് പോകുന്നത് മുഖവും കണ്ണും കൈയും ശരീരവും പൊതിഞ്ഞ് വേണമല്ലോ. എന്നാലും അദ്ദേഹത്തോട് മുഖാമുഖം സംസാരിക്കണമെന്ന് തോന്നി. പ്രധാന കാരണം അയാൾ മലയാളിയാണ്. സ്വന്തം നാട്ടിൽ നിന്ന് പുറത്താവുമ്പോൾ സാധാരണക്കാരായ രോഗികൾക്ക് ഏറ്റവും ആശ്വാസം പകരുന്നത് സ്വന്തം ഭാഷക്കാരനായ ഒരു ഡോക്ടറോ നേഴ്സോ അവരോട് സംവദിക്കുമ്പോഴാണ്. എത്ര വിദഗ്ധ ചികിത്സയാന്നെങ്കിലും വിശ്വാസം വരണമെങ്കിൽ സ്വന്തം ഭാഷക്കാരായ ശുശ്രൂഷകൻ ആരെങ്കിലും അവരോട് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കണം. ബഹു ഭാഷാ പാണ്ഡിത്യമോ വിപുലമായ സൗഹൃദ ബന്ധങ്ങളോ ഇല്ലാത്ത സാധാരണക്കാരുടെ കാര്യമാണ് പറഞ്ഞത്.
ഏകദേശം രണ്ടാഴ്ച മുമ്പാന്ന് ഈ മനുഷ്യന് കോവിഡ് സ്ഥിരീകരിച്ചത്. അതിന് മുമ്പ് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല. കോവിഡ് സംബന്ധിയായും അദ്ദേഹത്തിന് പനിയോ പ്രശ്നങ്ങളോ ഒന്നുമില്ല. മഹാ ഭുരിഭാഗം കോവിഡ് രോഗികളെയും പോലെ Quarantine ന് അപ്പുറം ചികിത്സയൊന്നും ആവശ്യമില്ലാത്ത നിസ്സാര ഗണത്തിൽ പെടുന്ന രോഗി. പക്ഷെ രോഗത്തെ കുറിച്ച തീവ്രമായ ആധിയും ആശങ്കയും അദ്ദേഹത്തെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു. കോവിഡിനെ കുറിച്ച സംഭ്രമിപ്പിക്കുന്ന കഥകൾക്കും അതിൽ പങ്കുണ്ട്. രോഗം കൊണ്ട് വന്ന ഒറ്റപ്പെടലിലും മരണ ഭീതിയിലും സമനില തെറ്റിയ ഒരു നിമിഷം കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും മരണത്തിലേക്ക് ഒരു ചാട്ടം. പക്ഷെ മരിച്ചില്ല. കാര്യമായ പരുക്കുകളോടെ ഇപ്പോൾ ആശുപത്രി കിടക്കയിൽ കിടക്കുന്നു. ഭീതിയേക്കാളേറെ കുറ്റബോധമാണ് ആ മുഖത്ത് തെളിയുന്നത്. കോവിഡ് രോഗാണുക്കളിൽ നിന്നും പൂർണ്ണമായി സുഖം പ്രാപിച്ചു വരികയുമാണ്. രോഗ പീഢകളെ കുറിച്ച അമിതമായ ആശങ്കകൾ മരണത്തിലേക്ക് മനുഷ്യനെ തള്ളിയിട്ടെന്ന് വരും. ആരുടെയെങ്കിലും ഒരു സാന്ത്വന വാക്ക്, ഒരു സ്നേഹ സ്പർഷം, അലിവുള്ള ഒരു നോട്ടം, ആർദ്രമായ ഒരു പുഞ്ചിരി മതിയാവും വിഭ്രമാത്മകമായ വിഷാദ ചിന്തയുടെ ഇരുണ്ട ഗഹ്വരങ്ങളിൽ നിന്നും ജീവിത പ്രത്യാശകളുടെ വിശാല മേച്ചിൽ പുറങ്ങളിലേക്ക് ഇത്തരക്കാരെ കൈ പിടിച്ച് ഉയർത്താൻ. വെറുപ്പ് വിനിമയം ചെയ്യുന്ന വർത്തമാന കാലത്ത് സ്നേഹം പക്ഷെ അന്യമാണ്.
ഹക്സൽ മുന്തെയുടെ ഓർമ്മ കുറിപ്പിൽ പട്ടി കടിയേറ്റ് ഭയം നിറഞ്ഞ ഒരു മനുഷ്യൻ്റെ ചിത്രമുണ്ട് – ലൂയി പാസ്റ്റർ പേവിഷ ബാധയ്ക്കുള്ള കുത്തിവെപ്പ് വികസിപ്പിക്കുന്നതിന് മുമ്പുള്ള ഫ്രാൻസ്. ഡോക്ടർമാർ കുതിരവണ്ടിയിൽ സവാരി ചെയ്ത് രോഗികളെ പരിശോധിച്ചിരുന്ന കാലം. കടിച്ച പട്ടിയുടെ സ്രവം പരിശോധിച്ചപ്പോൾ രോഗാണുക്കൾ ഒന്നും കണ്ടില്ല. ആഹ്ലാദകരമായ ഈ വാർത്ത കൈമാറുന്നതിന് അത്യുത്സാഹത്തോടെ രോഗിയുടെ അടുത്തേക്ക് ദൂതുമായി പോയ ഡോക്ടർ കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ചയാണ്. പേവിഷ ബാധയേറ്റിട്ടുണ്ടാവുമെന്ന ആധിയിൽ സാധുവായ ആ മനുഷ്യൻ ആത്മഹത്യ ചെയ്തിരുന്നു.
സാന്ദ്രമായ ഒരു ദു:ഖത്തിൻ്റെ, ലോലമായ ഒരു നോവിൻ്റെ, പേരറിയാത്ത ഒരു ഉൽക്കണ്ഠയുടെ, മൃത്യുബോധത്തിൻ്റെ പേരാണ് മനുഷ്യൻ. അവന് സാന്ത്വനം ആവശ്യമുണ്ട്.