അനാമികതയുടെ ഇരട്ട വിവക്ഷ

പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും: അദ്ധ്യായം 9
റെനെ​ഗ്വെനോൺ: വിവർത്തനം: തഫ്സൽ ഇഹ്ജാസ്:

കൈത്തൊഴിലുകളെകുറിച്ചുള്ള, അതോടൊപ്പം കലകളെ കുറിച്ചുമുള്ള, പാരമ്പര്യ സങ്കൽപ്പവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന വിഷയം കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട് : പാരമ്പര്യകലാ സൃഷ്ടികൾ, ഉദാഹരണത്തിന് മധ്യകാല കല (medieval art) പൊതുവെ അനാമികമാണ് (anonymous). ഈയടുത്ത കാലത്ത് മാത്രമാണ്, അതുംആധുനിക’വ്യക്തിവാദത്തിന്റെ’ (individualism) സ്വാധീനഫലമായി, ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചില നാമങ്ങളെ പ്രശസ്തമായ ഉദാത്ത കലാസൃഷ്ടികളുമായി (masterpieces) ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്; അതും, പലപ്പോഴും ഇത്തരം കർതൃത്വ ആരോപണങ്ങൾ വളരെയധികം അനുമാനപരം മാത്രമാണ്. ഈഅനാമികത, തങ്ങളുടെ വൈയക്തികതയെ മറ്റെല്ലാറ്റിലുമേറെ സ്ഥാപിക്കാനും അറിയിക്കാനും ഉള്ള ആധുനിക കലാകാരന്മാരുടെ നിതാന്തമായ ഉൽകണ്ഠക്ക് വിരുദ്ധമായ ഒന്നാണ്. ഉപരിപ്ലവമായി മാത്രം നിരീക്ഷിക്കുന്ന ഒരാൾ ഈഅനാമികതയെ, സമകാലിക വ്യവസായത്തിന്റെ ഉൽപന്നങ്ങളുടെ,-അവ ഒരർത്ഥത്തിലും’കലാസൃഷ്ടികളല്ല’ എങ്കിൽകൂടിയും,- അനാമിക സ്വഭാവത്തിന് സമാനമാണെന്ന് കരുതിയേക്കാം. പക്ഷെ, സത്യം തികച്ചും വ്യത്യസ്തമാണ്. ഈ രണ്ട് കാര്യത്തിലും അനാമികത ഉണ്ടെങ്കിൽ കൂടിയും അത് കൃത്യമായും വിരുദ്ധമായ കാരണങ്ങൾ കൊണ്ടാണ്. അനാമികതയെ മറ്റു പലകാര്യങ്ങളെയും പോലെ തന്നെ, ഒരു തല കീഴായ സാദൃശ്യം (reverse analogy) കൊണ്ട് ഒരു ഉയർന്ന വിവക്ഷയിലും താഴ്ന്ന വിവക്ഷയിലുമായി കൊണ്ട് എടുക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു പരമ്പരാഗത സാമൂഹിക ഘടനയിൽ ഒരാൾക്ക് രണ്ട് വിധത്തിൽ ജാതികൾക്ക് പുറത്താവാം. ഒന്നുകിൽ, അവർക്ക് മേലെയായിക്കൊണ്ട് (അതിവർണം), അല്ലെങ്കിൽ അവർക്ക് കീഴെയായി ക്കൊണ്ട് (അവർണം). വിരുദ്ധങ്ങളായ രണ്ട് പരിധികളാണ് ഇവ രണ്ടും എന്നത് വ്യ ക്തമാണ്. അതുപോലെതന്നെ, തങ്ങൾ മതത്തിന് പുറത്താണ് എന്ന് സ്വയം കരുതുന്ന ആധുനികർ, സർവ്വ പാരമ്പര്യങ്ങളുടെയും മൗലികതയിലേക്ക് കടന്നു ചെന്നിട്ടുള്ള ആളുകളുടെ വിരുദ്ധ പരിധിയിലായിട്ടും ഏതെങ്കിലും പാരമ്പര്യത്തോട് മാത്രം ബന്ധം പുലർത്തുന്ന രീതിയിലല്ലാതെയുമാണുള്ളത് [1]. സാമാന്യമായ, ഒരർത്ഥത്തിൽ’ശരാശരി’ ആയിട്ടുള്ള മാനവികതയുടെ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ ഒരു കൂട്ടർ അവർക്ക് കീഴെയാണ്, മറ്റെ കൂട്ടർ അതീതവും. ഒരാൾക്ക് വേണമെങ്കിൽ, ഇതിൽ ഒരു കൂട്ടർ’അവമാനവികമായതിലേക്ക്’ (sub-human) പതിച്ചു എന്നും മറുകൂട്ടർ’ അതിമാനവികമായതിലേക്ക്’ (super-human) ഉയർന്നു എന്നും പറയാം. കൃത്യമായിപറഞ്ഞാൽ, അനാമികതകൊണ്ട്, ‘അവമാനവികമായതിനെയും’ ‘അതിമാനവികമായതിനെയും’ വിശേഷിപ്പിക്കാനാവും. ഇതിൽ ആദ്യത്തേത് ആധുനികമായ അനാമികതയുടേതാണ്. ഇത്, ഇന്ന് നമ്മൾ ആൾക്കൂട്ടമെന്ന് (mass) വിവക്ഷിക്കുന്നതിന്റേതാണ് (തികച്ചുംപരിമാണപരമായ’mass’ എന്ന വാക്കിന്റെ പ്രയോഗം വളരെ ശ്രദ്ധേയമാണ്). രണ്ടാമത്തേത്, പരമ്പരാഗതമായ അനാമികതയുടെ കലാസൃഷ്ടികളടേതടക്കമുള്ള വിവിധ പ്രയോഗമണ്ഡലങ്ങളുമായി ബന്ധപ്പെട്ടതാണ്.

ഇത് ശരിക്കും മനസ്സിലാകണമെങ്കിൽ, നമ്മൾ എല്ലാ പാരമ്പര്യങ്ങൾക്കും പൊതുവായിട്ടുള്ള പ്രാമാണിക തത്വങ്ങളെ കണക്കിലെടുക്കേണ്ടതുണ്ട്. വ്യക്ത്യാതീതമായ (supra-individual) അവസ്ഥയിലേക്ക് എത്തിച്ചേർന്ന ഒരു ഉൺമ (being) അതിലൂടെ വൈയക്തികതയുടെ (individuality) പരിമിതപ്പെടുത്തുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും മോചിതമാവുന്നു. അതായത്, അയാൾ വൈയക്തികതയുടെ യഥാക്രമം സത്തയും പദാർത്ഥവും ആയിട്ടുള്ള’നാമത്തിന്റെയും രൂപത്തിന്റെയും’ നിർണയങ്ങൾക്ക് അതീതമാണ്. അയാൾ, അങ്ങിനെ ശരിക്കും’അനാമികമാണ്’. കാരണം, അയാളിൽ’അഹം’ (ego) മായ്ക്കപ്പെടുകയും’ആത്മാവിന്റെ’ (Self) മുൻപിൽ പരിപൂർണമായി അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു [2]. ഈയൊരവസ്ഥയെ പ്രാപിച്ചിട്ടില്ലാത്തവർ, ചുരുങ്ങിയത് അതിന് വേണ്ടി തങ്ങളാലാവുന്നത് പോലെ ശ്രമിക്കുകയെങ്കിലും ചെയ്യണം. അതേയളവിൽ, അവരുടെ പ്രവൃത്തി ഈ അനാമികതയെ അനുകരിക്കുകയും വേണം. വേണമെങ്കിൽ അതിൽ പങ്ക് കൊള്ളണമെന്നും പറയാം. അത്, അപ്രകാരം അവരുടെ ആത്മീയ സാക്ഷാൽകാരത്തിനുള്ള (spiritual realization) ഒരു താങ്ങ് പ്രദാനം ചെയ്യുകയും ചെയ്യുന്നു. ആശ്രമ സ്ഥാപനങ്ങളിൽ, അവ ക്രൈസ്തവതയുടെയോ ബുദ്ധമതത്തിന്റെയോ ആയിക്കൊള്ളട്ടെ, ഇത് സവിശേഷമാം വണ്ണം ദൃശ്യമാണ്. അവിടങ്ങളിൽ വേണമെങ്കിൽ അനാമികത എന്ന് വിളിക്കാവുന്നതിന്റെ’പരിശീലനം’ (practice) , അതിന്റെ ഗഹനമായ അർത്ഥം പലപ്പോഴും വിസ്മൃതമായിട്ടുണ്ടെങ്കിൽ കൂടിയും നിലനിർത്തപ്പെടുന്നുണ്ട്. എന്നാൽ, ഈ അനാമികതയുടെ സാമൂഹികക്രമത്തിലുള്ള പ്രതിഫലനം ഈയൊരൊറ്റ ഉദാഹരണത്തിൽ മാത്രം പരിമിതപ്പെട്ടതാണ് എന്ന് നാം കരുതാൻ പാടില്ല. അങ്ങിനെ ചെയ്യുകയാണെങ്കിൽ, ‘പവിത്രം’ (sacred), ‘അപവിത്രം’ (profane) എന്ന വേർതിരിവ് നടത്തുന്ന ശീലത്തിന് വഴങ്ങിക്കൊണ്ട് നാം സ്വയം വഞ്ചിതരാവാൻ സമ്മതിക്കുന്നത് പോലെയാണ്. ഈയൊരുവേർതിരിവ്, കൃത്യമായും പാരമ്പര്യാധിഷ്ഠിതമായിട്ടുള്ള സമൂഹങ്ങളിൽ നിലനിൽക്കുന്നില്ല എന്ന് മാത്രമല്ല അവിടങ്ങളിൽ ഇതിന് യാതൊരു പ്രസക്തിയുമില്ല എന്ന കാര്യം ഒന്നുകൂടി പറയുകയാണ്. അത്തരം സമൂഹങ്ങളിൽ മാനുഷികമായ പ്രവൃത്തികൾക്കെല്ലാമുള്ള’ആചാരപരമായ’ (ritual) സ്വഭാവം ഈ കാര്യത്തെ സ്പഷ്ടമാക്കുന്നുണ്ട്. പ്രത്യേകിച്ചും, കൈത്തൊഴിലുകളുടെ കാര്യമെടുക്കുകയാണെങ്കിൽ, ഈ സ്വഭാവം എത്രത്തോളമാണെന്നു വെച്ചാൽ, അവയുമായി ബന്ധപ്പെട്ട്’ആചാര്യതയെ’ (priesthood) കുറിച്ച് സംസാരിക്കുന്നത് പോലും സംഗതമായി കരുതപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അനാമികത തന്നെയായിരുന്നു സാധാരണമായ അവസ്ഥ എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം’ക്രമത്തോടുള്ള’ ശരിയായ പൊരുത്തത്തെ അത് പ്രതിനിധാനം ചെയ്യുന്നു. താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഈ പൊരുത്തത്തെ കഴിയുന്നത്ര പൂർണമായി സാക്ഷാൽകരിക്കാനായിരുന്നു കൈത്തൊഴിലുകാരൻ (artifex) ശ്രമിക്കേണ്ടിവന്നിരുന്നത്.

ഇവിടെ ഒരു ആക്ഷേപം ഉന്നയിക്കപ്പെടാം – ഒരു കൈത്തൊഴിൽ അത് ചെയ്യുന്ന വ്യക്തിയുടെ തനത് പ്രകൃതത്തിന് അനുരൂപമായതായിരിക്കണം എന്നാണെങ്കിൽ, നാം മുമ്പ് പറഞ്ഞത് പോലെ, അങ്ങിനെ ഉണ്ടാക്കപ്പെടുന്ന സൃഷ്ടി അനിവാര്യമായും അയാളുടെ പ്രകൃതത്തെ പ്രകടിപ്പിക്കുകയും ചെയ്യും. അങ്ങിനെ, ആ പ്രകൃതത്തെ പര്യാപ്തമായ രീതിയിൽ പ്രകടമാക്കുന്ന പക്ഷം, അതിനെ അതിന്റെ ഇനത്തിൽ പെട്ട പൂർണത ഉള്ള ഒന്നായും, ഒരു ഉൽകൃഷ്ട സൃഷ്ടിയായും (masterpiece) കണക്കാക്കുകയും ചെയ്യാം. പക്ഷെ, ഇവിടെ പറയപ്പെടുന്ന പ്രകൃതം എന്നത്, വൈയക്തികതയുടെ (individuality) മൗലികമായവശമാണ്; അതായത് “നാമം” (name) കൊണ്ട്കുറിക്കപ്പെടുന്നകാര്യമാണ്. ഇതിൽ, അനാമികതക്ക് നേർക്ക് നേരെ തന്നെ വിരുദ്ധമാണെന്ന് തോന്നുന്ന എന്തോ ഒന്ന് ഇല്ലേ? ഇതിന് ഉത്തരം കണ്ടെത്തണമെങ്കിൽ, ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ, മോക്ഷം, നിർവാണം എന്ന് തുടങ്ങിയ ആശയങ്ങളെ കുറിച്ച് പടിഞ്ഞാറൻ ലോകത്തുള്ള തെറ്റിദ്ധാരണകൾ എന്താണെങ്കിലും ശരി, “ഞാൻ” (I) എന്നതിന്റെ ഉൻമൂലനം ഒരർത്ഥത്തിലും ഉൺമയെ ഇല്ലാതാക്കലല്ല. മറിച്ച്, അത് സൂചിപ്പിക്കുന്നത്, ഇതിൽ നിന്നും വിരുദ്ധമായി ഉൺമയുടെ സാധ്യതകളുടെ “ഉദാത്തീകരണത്തെയാണ്” (sublimation) ( ഇതില്ലെങ്കിൽ, “പുനരുത്ഥാനം” എന്ന ആശയം തന്നെ നിരർത്ഥകമായിരിക്കും). നിസ്സംശയം, വൈയക്തികമായ മാനുഷികാവസ്ഥയിൽ തന്നെ നിലകൊള്ളുന്ന കൈത്തൊഴിലുകാരന്, ഇത്തരത്തിലുള്ള “ഉദാത്തീകരണത്തിലേക്ക്” ചായുക എന്നത് മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ അനാമികമായി നിലകൊള്ളുന്നു എന്നത്, അയാളെ സംബന്ധിച്ചേടത്തോളം, ഈയൊരു പരിവർത്തന പ്രവണതയുടെ കൃത്യമായ സൂചന തന്നെയാണ്. അതോടൊപ്പം, സമൂഹവുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ, കൈത്തൊഴിലുകാരൻഎന്നത് തന്റേതായ ഒരു സൃഷ്ടി നടത്തുന്ന “ഇന്നആൾ” എന്ന അർത്ഥത്തിലല്ല ഉള്ളത്, മറിച്ച് യാന്ത്രികമല്ലാത്തും ശരിക്കും ജൈവികമായതുമായ ഒരു പ്രത്യേക ധർമ്മം നിർവ്വഹിക്കുന്ന ആൾ എന്ന നിലയിലാണ് ഉള്ളത് (ആധുനിക വ്യവസായവുമായിട്ടുള്ള മൗലിക വ്യത്യാസവും ഇത് തന്നെയാണ്). തന്റെ പ്രവൃത്തിയിൽ ഈ ധർമ്മവുമായി സ്വയത്തെ കഴിയുന്നത്ര താദാത്മ്യപ്പെടുത്താൻ അയാൾക്കാവണം. ഈ താദാത്മ്യം, അതോടൊപ്പം തന്നെ അയാളുടെ ശരിയായ തപസ്യയുടെ മാർഗമാണെന്നതിനാൽ തന്നെ പാരമ്പര്യ സാമൂഹിക ഘടനയിലുള്ള തന്റെ ക്രിയാത്മക പങ്കാളിത്തത്തിന്റെ ഒരു അളവുകോലിനെയും ഒരർത്ഥത്തിൽ കുറിക്കുന്നുണ്ട്. തന്റെ തൊഴിലിന്റെ അനുഷ്ഠാനത്തിലൂടെ തന്നെയാണ് അയാൾ ആ സാമൂഹികഘടനയിലേക്ക് കൂട്ടിയിണക്കപ്പെടുന്നതും തന്റെ പ്രകൃതത്തിന് അനുയോജ്യമായ സ്ഥാനത്തെ നേടിയെടുക്കുകയും ചെയ്യുന്നത്. അങ്ങിനെ, ഏത് രീതിയിൽ വീക്ഷിച്ചാലും ശരി, അനാമികത സ്വാഭാവികം തന്നെയാണ്. ഇനി, തത്വത്തിൽ ഇത് ഉൾക്കൊണ്ടിട്ടുള്ള കാര്യങ്ങളെയെല്ലാം തന്നെ ക്രിയാത്മകമായ രീതിയിൽ സാക്ഷാൽകരിക്കാൻ സാധിച്ചില്ല എങ്കിൽ പോലും, ആപേക്ഷികമായ ഒരർത്ഥത്തിലുള്ള അനാമികതയെങ്കിലും ഉണ്ടായിരിക്കണം. ഇത് കൊണ്ടുള്ള വിവക്ഷ എന്തെന്നാൽ, പ്രത്യേകിച്ചും തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഉപക്രമം ഉണ്ടാവുന്നപക്ഷം, “ഇന്ന ആൾ, ഇന്നആളുടെമകൻ ” (നാമം-ഗോത്രം), എന്ന് വി ശേഷിപ്പിക്കപ്പെടുന്ന അപവിത്രവും ബാഹ്യമാത്രമായതുമായ വൈയക്തികത ആ തൊഴിലിന്റെ അനുഷ്ഠാനവുമായി ബന്ധപ്പെട്ട എല്ലാറ്റിൽ നിന്നും അപ്രത്യക്ഷമാവും [3].

ഇനിനമ്മൾ ആധുനിക വ്യവസായം പ്രതിനിധാനം ചെയ്യുന്ന മറ്റെ അതിരിലേക്ക് പോയി നോക്കുകയാണെങ്കിൽ, അവിടെയും തൊഴിലാളി അനാമികമായ അവസ്ഥയിലാണ് എന്ന് നമുക്ക് കാണാൻ കഴിയും. പക്ഷെ, ഇത് അയാൾ ഉൽപാദിപ്പിക്കുന്ന വസ്തു, അയാളുടേതായ ഒന്നിനെയും പ്രകാശിപ്പിക്കാത്ത് കൊണ്ടാണ്. അത് യഥാർത്ഥത്തിൽ അയാളുടെ സൃഷ്ടിയേയല്ല. കാരണം ഉൽപാദനത്തിൽ ഉള്ള അയാളുടെ പങ്ക് തികച്ചും “യാന്ത്രികം” മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ, തൊഴിലാളിക്ക് യഥാർത്ഥത്തിൽ തന്റേതായ ഒരു “നാമമില്ല”. കാരണം, തന്റെ പ്രവൃത്തിയിൽ അയാൾ സവിശേഷമായ ഗുണങ്ങളൊന്നുമില്ലാത്ത ഒരു സംഖ്യാപരമായ “ഏകകം” മാത്രമാണ്. അതിനെ, സമാനമായ മറ്റൊരു ഏകകം കൊണ്ട്, അതായത് മറ്റേതെങ്കിലും തൊഴിലാളിയെ കൊണ്ട്, മാറ്റി വെക്കാവുന്നതേയുള്ളൂ. ഇത്, ആ പ്രവൃത്തിയുടെ ഫലത്തിൽ ഒരുമാറ്റവും ഉണ്ടാക്കുകയില്ല [4]. അങ്ങിനെ, നാം മുൻപ്പറഞ്ഞത് പോലെതന്നെ, അയാളുടെ പ്രവൃത്തിയിൽ യഥാർത്ഥത്തിൽ മാനുഷികമായ ഒന്നും തന്നെയില്ല. “മാനുഷികാതീതമായ” (super-human) എന്തിനെയെങ്കിലും പരാവർത്തനം ചെയ്യുകയോ അല്ലെങ്കിൽ ചുരുങ്ങിയത് പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നതിന് പകരം, അത് “അധോമാനുഷികമായ” (sub-human) ഒന്നിലേക്ക് ന്യൂനീകൃതമായി തീരുകയാണ് ചെയ്യുന്നത്. അതും, അതിന്റെ ഏറ്റവും താഴ്ന്ന തലത്തിലേക്ക്. എന്നു വെച്ചാൽ, പ്രത്യക്ഷലോകത്ത് സാധ്യമായിട്ടുള്ള ഏറ്റവും പൂർണമായ പാരിമാണികതയുടെ തലത്തിലേക്ക് അത് ചാഞ്ഞിരിക്കും. തൊഴിലാളിയുടെ “യാന്ത്രിക” വൃത്തി, നമ്മുടെ സമകാലികർ എല്ലാ വ്യക്തികളുടെ കാര്യത്തിലും അവരുടെ നിലനിൽപ്പിന്റെ എല്ലാ അവസ്ഥകളിലും സാക്ഷാൽകരിക്കാൻ ആഗ്രഹിക്കുന്ന വിചിത്രമായ “ആദർശമാതൃകയുടെ” ഒരു സവിശേഷ ഉദാഹരണമാണെന്നേയുള്ളൂ. (ഇപ്പോഴത്തെ അവസ്ഥയിൽ നിരീക്ഷിക്കാവുന്ന ഏറ്റവും സവിശേഷമായ ഒന്നാണിത്. കാരണം, ആധുനിക സങ്കൽപ്പങ്ങൾ, അവയെ ഏറ്റവും പൂർണമായ രീതിയിൽ പ്രകാശിപ്പിക്കുക എന്നതിൽ ഏറ്റവുമധികം വിജയിച്ചിട്ടുള്ള മണ്ഡലമാണ് വ്യവസായം.) “സമത്വവാദപരം” (egalitarian) എന്ന് വിളിക്കപ്പെടുന്ന പ്രവണതയുടെ നേർക്കു നേരെയുള്ള ഫലമാണിത്. മറുവാക്കുകളിൽ പറയുകയാണെങ്കിൽ, വ്യക്തികളെ കേവലം സംഖ്യാപരമായ ഏകകങ്ങളായി മാത്രം പരിഗണിക്കണമെന്ന് താൽപര്യപ്പെടുന്ന ഏകരൂപതയിലേക്കുള്ള പ്രവണതയുടെ ഫലമാണിത്. ഇതിലൂടെ, തുല്യത അധോതലത്തിൽ നിന്ന് സാക്ഷാൽകരിക്കപ്പെടുന്നു. “പരിധിയിൽ”, ഈയൊരർത്ഥത്തിൽ മാത്രമേ ഇത് കൈവരിക്കാനാവൂ. പരിധി എന്നത് കൊണ്ട് വിവക്ഷ, ഇതിനെ പൂർണമായും സാക്ഷാൽകരിക്കാൻ കഴിയില്ലെങ്കിലും (കാരണം, നാം മുമ്പ് കണ്ടത് പോലെ, പ്രത്യക്ഷത്തിൽ ആവിർഭവിച്ചിട്ടുള്ള അസ്തിത്വത്തിന്റെ അവസ്ഥകൾക്ക് വിരുദ്ധമാണിത്) ചുരുങ്ങിയത് അനിയതമായിട്ടാണെങ്കിലും അതിനെ കൂടുതൽ കൂടുതൽ സമീപിച്ചുകൊണ്ടേയിരിക്കുക എന്നാണ് . അങ്ങിനെ ഈലോകത്തിന്റെ അന്ത്യത്തെ കുറിക്കുന്ന “വിരാമബിന്ദുവിൽ” എത്തിച്ചേരുന്നത് വരെ ഇത് തുടർന്നുകൊണ്ടേയിരിക്കും.

ഇനി നമ്മൾ സ്വയം ചോദിക്കുകയാണ് – അത്തരം സാഹചര്യങ്ങളിൽ ഒരു വ്യക്തിക്ക് എന്ത് സംഭവിക്കും? അയാളിൽ, ഗുണത്തിനു മേൽ പരിമാണത്തിന് ഉണ്ടാവുന്ന നിരന്തരം കരുത്ത് പ്രാപിച്ചു കൊണ്ടേയിരിക്കുന്ന മേൽക്കൈ നിമിത്തമായി തന്റെ പാദാർത്ഥികമായ അംശത്തിലേക്ക് മാത്രമായി അയാൾ ന്യൂനീകൃതമായി തീരുന്നു. ഹൈന്ദവതത്വ പ്രകാരം ഇതിനെ “രൂപം” എന്ന് വിളിക്കുന്നു (മുഴു അസ്തിത്വവും നഷ്ടപ്പെടാത്തിടത്തോളം അയാൾക്ക് തന്റെ രൂപം നഷ്ടപ്പെടുകയില്ല തന്നെ. കാരണം അതാണ് വൈയക്തികതയെ നിർണയിക്കുന്നത്.). സമകാലിക ഭാഷയിൽ “ആത്മാവില്ലാത്തശരീരം” എന്നൊക്കെ പറയുന്നതിൽ നിന്നും വളരെ അധികമൊന്നുമല്ല ഇത്; അതും, ഈ പ്രയോഗത്തിന്റെ വാച്യാർത്ഥത്തിൽ. അത്തരമൊരു വ്യക്തിയിൽ ഗുണപരമായ അഥവാ സത്താപരമായ അംശം ഏതാണ്ട് പൂർണമായി അപ്രത്യക്ഷമായിരിക്കും (ഏതാണ്ട് എന്ന് പറയാൻ കാരണം, പരിധിയിലേക്ക് തന്നെ പൂർണമായി എത്തിച്ചേരാൻ കഴിയില്ല എന്നത്കൊണ്ടാണ്.). ഈ ഗുണപരമായ അംശത്തെയാണ് “നാമം” എന്ന് വിളിക്കുന്നത്. അങ്ങിനെ, ആ വ്യക്തിക്ക് യഥാർത്ഥത്തിൽ തന്റേതായ “നാമം” ഇല്ലാതായി ത്തീരുന്നു. കാരണം, ഈ നാമം പ്രകാശിപ്പിക്കേണ്ടതായ ഗുണങ്ങളെ തൊട്ടെല്ലാം അയാൾ കാലിയായത്പോലെയാണ്. അങ്ങിനെ, അയാൾ ശരിക്കും “അനാമികനാണ്” (anonymous); എന്നാൽ, ഈ വാക്കിന്റെ നീചമായ അർത്ഥത്തിൽ. ഇത്, ആൾക്കൂട്ടത്തിന്റെ (mass) അനാമികതയാണ്. വ്യക്തി അതിന്റെ ഭാഗമാണ്, അതിൽ സ്വയം നഷ്ടപ്പെട്ട് ഇല്ലാതാവുകയും ചെയ്യുന്നു. തനിച്ചതും ലളിതവുമായ സംഖ്യാപരമായ “ഏകകങ്ങൾ” (units) മാത്രമായി കണക്കാക്കപ്പെടുന്ന സമാനമായ വ്യക്തികളുടെ സഞ്ചയനം മാത്രമാണ് ഈ “ആൾക്കൂട്ടം” (mass). ഇത്തരത്തിലുള്ള ഏകകങ്ങളെ, ഒരാൾക്ക് എണ്ണിത്തിട്ടപ്പെടുത്താം. അങ്ങിനെ അവയിലൂടെ രൂപപ്പെടുന്ന കൂട്ടായ്മയെയും സംഖ്യാപരമായി വിലയിരുത്താം. അതാകട്ടെ, നിർവചന പ്രകാരം വെറും പരിമാണം മാത്രമായിരിക്കും. അവരിൽ ഓരോ ആൾക്കും, അയാൾ മറ്റുള്ളവരിൽനിന്ന് ഗുണപരമായ ഒരർത്ഥത്തിലുള്ള വ്യത്യാസം നിമിത്തം വ്യതിരിക്തനാണെന്ന് ദ്യോതിപ്പിക്കുന്നതായ ഒരു നാമം നൽകാൻ നമുക്കാവില്ല.

വ്യക്തി ആൾക്കൂട്ടത്തിൽ സ്വയം നഷ്ടപ്പെട്ട് ഇല്ലാതായിത്തീരുന്നു അല്ലെങ്കിൽ ചുരുങ്ങിയത് അതിൽ കൂടുതൽ കൂടുതൽ നഷ്ടപ്പെട്ടു കൊണ്ടേയിരിക്കാനുള്ള പ്രവണത കാണിക്കുന്നു എന്ന് നാം പറയുകയുണ്ടായി. എങ്കിലും, പാരിമാണികമായ ബഹുത്വത്തിലുള്ള ഈ “അലങ്കോലം” (confusion), വൈപരീത്യത്തിലൂടെ നോക്കുകയാണെങ്കിൽ മൗലികമായ ഏകത്വത്തിലുള്ള “സംയോജനത്തിന്” (fusion) ആനുരൂപ്യം ഉള്ളത് തന്നെയാണ്. ഈ ഏകത്വത്തിൽ, ഉൺമക്ക് അതിന്റെ പരിവർത്തിതമായ സാധ്യതകളുടെ മുഴുവൻ പൂർണതയും ഉണ്ട്. അങ്ങിനെ, ഗുണപരമായവിവക്ഷയിൽമനസ്സിലാക്കപ്പെടുന്നഅതിന്റെവ്യതിരിക്തതഏറ്റവുംഉയർന്നതലത്തിലേക്ക്എത്തിക്കപ്പെടുന്നുഎന്ന്പറയാനാവും. അതോടൊപ്പം തന്നെ ഏല്ലാ വേർതിരിവുകളും അപ്രത്യക്ഷമാവുകയും ചെയ്യുന്നു [5]. ഇതിൽ നിന്നും വിരുദ്ധമായി, ശുദ്ധപരിമാണത്തിൽ, വേർതിരിവ് അതിന്റെ പരമകാഷ്ഠയിലാണ്. കാരണം, വേർതിരിവിന്റെ തത്വം തന്നെ അതിലാണ് കുടികൊള്ളുന്നത്. വ്യക്തമായും, ഉൺമ കൂടുതൽ കൂടുതലായി വേർതിരിക്കപ്പെടുകയും തന്നിലേക്ക് മാത്രമായി പരിമിതപ്പെടുത്തി വെക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ, അതിന്റെ സാധ്യതകൾ വളരെ കുടുസ്സായ രീതിയിൽ പരിമിതപ്പെടുത്തപ്പെടുന്നു. അതിന്റെ സത്താപരമായ വശത്തിന് ചുരുക്കം ഗുണങ്ങളേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് പറയാനാവും. പക്ഷെ, അതോടൊപ്പം, ആ ഉൺമ അല്ലെങ്കിൽ വ്യക്തി, ആൾക്കൂട്ടപിണ്ഡത്തിൽ (mass) ഗുണപരമായി വളരെ കുറവ്മാത്രം വ്യതിരിക്തത ഉള്ളവനാണെന്നത് കൊണ്ടുതന്നെ, അതിലേക്ക് ലയിച്ചുചേരുകയും ചെയ്യുന്നു. “അലങ്കോലം” എന്ന വാക്ക് ഇവിടെ വളരെ ഉചിതമാണ്. കാരണം, അത് “ക്രമമില്ലായ്മയുടെ” (chaos) അന്തർലീനമായ അസ്പഷ്ടതയെ കുറിച്ച വിവക്ഷയെ ഉണർത്തുന്നുണ്ട്. ഈ ക്രമമില്ലായ്മതന്നെയാണ് ഇതിലുള്ള കാര്യം. വ്യക്തി സ്വയത്തെ, തന്റെ പാദാർത്ഥികമായ അംശത്തിലേക്ക്, അതായത് മതതത്വചിന്തകർ (Scholastics) “രൂപമില്ലാത്തദ്രവ്യം” (matter without form) എന്ന് വിളിക്കുന്നതിലേക്ക് മാത്രമായി ന്യൂനീകരിക്കാനുള്ള പ്രവണത കാണിക്കുമ്പോൾ, അവിടെ എല്ലാം സംഭവ്യത ആണ്; ഒന്നും തന്നെ ഫലപ്രാപ്തിയിലെത്തുന്ന പ്രവർത്തനമായിട്ടില്ല. ഇതിന്റെ ആത്യന്തിക സീമ, അതിലേക്ക് എത്തിച്ചേരുകയാണെങ്കിൽ, വൈയക്തികതയിലുള്ള ഗുണപരമായ യാഥാർത്ഥ്യമുള്ള എല്ലാറ്റിന്റെയും ശരിക്കുമുള്ള വിഘടനം തന്നെയാണ്. ഇവ രണ്ടും തമ്മിലുള്ള തീവ്രമായ വൈരുദ്ധ്യം കാരണമായി, ഏകരൂപതയിലുള്ള ഉൺമകളുടെ അലങ്കോലം, അവയുടെ ഏകത്വത്തിലുള്ള സംയോജനത്തിന്റെ കുടിലവും “പൈശാചികവും” (satanic) ആയ അനുകരണാഭാസമായി പ്രത്യക്ഷപ്പടുന്നു.

[1] ഇവർക്ക് വേണമെങ്കിൽ മുഹ് യിദ്ദീൻ ഇബ്‌നു അറബിയെ പോലെ ഇങ്ങനെപറയാം :എന്റെ ഹൃദയത്തിന് ഏത് രൂപവും സ്വീകരിക്കാം എന്നായിരിക്കുന്നു. അത് കലമാനുകൾക്കുള്ളമേച്ചിൽപുറമാണ്, ക്രൈസ്തവ സന്യാസികളുടെ മഠമാണ്, വിഗ്രഹങ്ങളുടെ അമ്പലമാണ്, തീർത്ഥാടകന്റെ കഅ്ബയാണ്, തോറയുടെ ഫലകമാണ്, ഖുർആന്റെ ഗ്രന്ഥമാണ്. ഞാൻ സ്‌നേഹത്തിന്റെ മതമാണ്, അതിന്റെ ഒട്ടകങ്ങൾ ഏത് പാത സ്വീകരിച്ചാലും. എന്റെ മതവും എന്റെ വിശ്വാസവുമാണ് യഥാർത്ഥമതം.
[2] ഇവ്വിഷയകമായി, എ. കെ. കൂമാരസ്വാമിയുടെ’Akimchanna : self-naughting’ , The New Indian Antiquary , April, 1940കാണുക.
[3]. കംപാനിയനജ് ( Companionage) പോലെയുള്ള കൈത്തൊഴിലധിഷ്ഠിത ഉപക്രമങ്ങളിൽ, മതാധിഷ്ഠിത സഭകളിൽ എന്നത് പോലെതന്നെ ഒരു വ്യക്തിയെ അയാളുടെ സാധാരണ പേര് ഉപയോഗിച്ച് വിളിക്കുക എന്നത് വിരോധിക്കപ്പെട്ടത് എന്ത്കൊണ്ടാണ് എന്നത് മനസ്സിലാക്കുക എളുപ്പമാണ്. എന്നാലും, അയാൾക്ക് ഒരു നാമവും അതിനാൽ തന്നെ വൈയക്തികതയും ഉണ്ടായിരിക്കും. പക്ഷെ, ഈ വൈയക്തികത ഉപക്രമം കാരണമായി ചുരുങ്ങിയ അർത്ഥത്തിലാണെങ്കിലും പരിവർത്തിതമായി തീർന്നതായിരിക്കും.
[4]. പരിമാണപരമായ വ്യത്യാസം മാത്രമേ ഉണ്ടാവുകയുള്ളൂ. കാരണം, ഒരു തൊഴിലാളിക്ക് മറ്റൊരാളേക്കാൾ കൂടുതലോ അല്ലെങ്കിൽ കുറഞ്ഞതോ ആയ വേഗത്തിൽ പണിയെടുക്കാനാവും (അയാളിൽനിന്ന് ആവശ്യപ്പെടുന്ന”നൈപുണ്യവും” അടിസ്ഥാനപരമായി ഈ വേഗതയുടെ കാര്യത്തിൽ മാത്രമാണ്.). എന്നാൽ ഗുണപരമായ അർത്ഥത്തിൽ, ആ തൊഴിൽപരമായ പരിശ്രമത്തിന്റെ ഉൽപന്നം എല്ലായ്പ്പോഴും ഒന്ന് തന്നെ ആയിരിക്കും. കാരണം, അത്നിർണയിക്കപ്പെട്ടിട്ടുള്ളത്, തൊഴിലാളിയുടെമാനസികവിഭാവനക്കനുസൃതമായോ, അതിന് ബാഹ്യരൂപം നൽകാനുള്ള അയാളുടെ കായിക ശേഷിക്കനുസരിച്ചോ അല്ല. മറിച്ച്, യന്ത്രത്തിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ്. തൊഴിലാളിയുടെ പങ്ക്, അതിന്റെ പ്രവർത്തനം ഉറപ്പ് വരുത്തുക എന്നതു മാത്രമാണ്.
[5] “ഉരുകിയത്, എന്നാൽ അലങ്കോലപ്പെടാത്തത് ” (melted, not confused) എന്ന എക്കാർട്ടിന്റെ (Eckhart) പ്രയോഗത്തിന്റെ അർത്ഥവും ഇത്തന്നെയാണ്. ഇതിനെ, കൂമാരസ്വാമി, നേരത്തെ പറഞ്ഞ പ്രബന്ധത്തിൽ സംസ്കൃതത്തിലെ “ഭേദഭേദം” എന്ന പ്രയോഗവുമായി സൂക്ഷ്മമായി താരതമ്യം ചെയ്യുന്നുണ്ട്. ഇതിന്റെ അർത്ഥം, “വ്യത്യാസമില്ലാത്ത വ്യതിരിക്തത” അതായത് വേർതിരിവില്ലാത്ത എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy