സ്ഥിതിവിവരശാസ്ത്രം എന്ന മിഥ്യ

പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും: അദ്ധ്യായം: 10
റെനെ ​ഗ്വെനോൺ:
വിവർത്തനം:ഡോ: തഫ്സൽ ഇഹ്ജാസ്:

ഇനി നമുക്ക്, ആധുനികർ ധരിച്ചു വെച്ചിട്ടുള്ള ശരിക്കും “ശാസ്ത്രീയമായ”കാഴ്ചപ്പാടിനെ വീണ്ടും പരിഗണിക്കാം. ഈ കാഴ്ചപ്പാടിന്റെ ഏറ്റവും വലിയ സവിശേഷത, അത് എല്ലാറ്റിനെയും പരിമാണത്തിലേക്ക് ചുരുക്കാം എന്ന് അവകാശപ്പെടുന്നു എന്നതാണ്. അങ്ങിനെ ന്യൂനീകരിക്കാനാവാത്തതിന് അത് യാതൊരു പരിഗണനയും നൽകുന്നില്ല. ഒരർത്ഥത്തിൽ അത്തരമൊന്ന് നിലനിൽക്കുന്നേയില്ല എന്നും
കണക്കാക്കുന്നു. “പരിമാണവൽകരിക്കാൻ” (quantify) സാധിക്കാത്തതായ ഒരു കാര്യത്തിനും, അതായത് തികച്ചും പാരിമാണികമായ രീതിയിൽ അവതരിപ്പിക്കാനാവാത്ത ഒരു കാര്യത്തിനും യാതൊരു “ശാസ്ത്രീയ” മൂല്യവുമില്ല എന്ന് സാധാരണയായി തന്നെ ചിന്തിക്കുകയും പറയുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേർന്നിട്ടുണ്ട്. ഇത് “ഭൗതികശാസ്ത്രം” എന്ന് സാധാരണ വിവക്ഷിക്കപ്പെടുന്നതിന്റെ കാര്യത്തിൽ മാത്രമല്ല. ഇന്ന് “ഔദ്യോഗികമായി” ശാസ്ത്രങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ള എല്ലാറ്റിന്റെയും കാര്യവും ഇങ്ങനെ തന്നെയാണ്. നാം ഇതിനകം കണ്ടത് പോലെ തന്നെ, ഇത് മനശ്ശാസ്ത്രപരമായ മണ്ഡലത്തിലേക്ക് പോലും വ്യാപിച്ചിട്ടുണ്ട്. നാം മുമ്പ് പര്യാപ്തമായ രീതിയിൽ തന്നെ വിശദീകരിച്ചത് പോലെ, സത്താപരം (essential) എന്ന വാക്കിന്റെ കണിശമായ അർത്ഥം പരിഗണിക്കുകയാണെങ്കിൽ, ഇത് യഥാർത്ഥത്തിൽ സത്താപരമായിട്ടുള്ള എല്ലാറ്റിനെയും നഷ്ടപ്പെടാൻ അനുവദിക്കലാണ്. അങ്ങിനെ, ബാക്കിയാവുന്ന “അവശിഷ്ടത്തിന് ” യഥാർത്ഥത്തിൽ ഒന്നിനെയും വിശദീകരിക്കാൻ കഴിയുകയില്ല. പക്ഷെ ഇവിടെ നാം ചെയ്യുന്നത്, ഈ ശാസ്ത്രത്തിന്റെ വളരെ സവിശേഷമായ ഒരു വശത്തെകുറിച്ച് ഒന്നുകൂടി ഊന്നിപ്പറയുക എന്നതാണ്. ഇത്, കേവലം സംഖ്യാപരമായ കണക്കുകൂട്ടലിലൂടെ നിർധാരണം ചെയ്തെടുക്കാൻ സാധിക്കും എന്ന വിഷയത്തിൽ എങ്ങിനെയാണ് ശാസ്ത്രം സ്വയം വഞ്ചിക്കുന്നത് എന്നത് സവിശേഷമായ രീതിയിൽ വ്യക്തമാക്കിത്തരുന്നു. അതോടൊപ്പം തന്നെ ഇത് നാം മുൻപെ വെളിവാക്കിയ എല്ലാ കാര്യങ്ങളുമായും നേർക്ക് നേരെ ബന്ധപ്പെട്ടു കിടക്കുന്ന വിഷയം കൂടിയാണ്.

തീർച്ചയായും, “പ്രകൃതിപരമായ” മണ്ഡലത്തിനും മാനുഷിക മണ്ഡലത്തിലും ബാധകമാക്കപ്പെടുന്ന ഏകരൂപതയിലേക്കുള്ള (uniformity) പ്രവണത, അനന്യമായ(identical) പ്രതിഭാസങ്ങളുടെ ആവർത്തനങ്ങൾ ഉണ്ട് എന്നത് സമ്മതിക്കുന്നതിലേക്കും അതിനെ ഒരു തത്വമായി (നാം ഇതിനെ വ്യാജതത്വം (pseudo-principle) എന്ന് വിളിക്കുന്നതായിരിക്കും കൂടുതൽ ശരി) തന്നെ അവതരിപ്പിക്കുന്നതിലേക്കും നയിക്കുന്നുണ്ട്. എന്നാൽ, ഇതാവട്ടെ, പരസ്പരം വേർതിരിച്ചറിയപ്പെടാനാവാത്ത (അലക്ഷണങ്ങളായ) കാര്യങ്ങളെ കുറിച്ച തത്വപ്രകാരം (principle of indiscernibles) തികച്ചും അസാധ്യമാണ് (വിവർത്തകൻ – ഈ തത്വപ്രകാരം, എല്ലാ ഗുണങ്ങളും ഒന്ന് തന്നെയായ വേറിട്ട ഒന്നിലധികം വസ്തുക്കൾ ഉണ്ടാവുക സാധ്യമല്ല).
“ഒരേ കാരണങ്ങൾ ഒരേഫലങ്ങളെ തന്നെസൃഷ്ടിക്കും” എന്ന ഇക്കാലത്ത് നിലവിലുള്ള വാദം, ഈയൊരു ആശയത്തെ സവിശേഷമായും പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ രൂപത്തിൽ ഈവാദം അവതരിപ്പിക്കപ്പെടുന്നത് കേവലമായ ഒരു അസംബന്ധം മാത്രമാണ്. കാരണം, ക്രമാനുഗതമായ ആവിർഭാവത്തിൽ ഒരിക്കലും തന്നെ ഒരേ കാരണങ്ങളും ഫലങ്ങളും ഉണ്ടാവുകയില്ല തന്നെ. എന്നാൽ, “ചരിത്രം സ്വയം ആവർത്തിക്കുന്നു” എന്ന് സാധാരണപറയുന്നേടത്തോളം നാം പോവാറില്ലേ? വസ്തുതയെന്തെന്നാൽ, ചില കാലഘട്ടങ്ങൾക്കും ചില സംഭവങ്ങൾക്കും ഇടയിൽ, സാധർമ്മ്യപരമായ യോജിപ്പുകൾ ഉണ്ട് എന്നേയുള്ളൂ. ചില രീതികളിൽ താരതമ്യപ്പെടുത്താവുന്ന കാരണങ്ങൾ, അതേ പോലെ താരതമ്യം ചെയ്യാവുന്ന ഫലങ്ങളെ സൃഷ്ടിക്കുന്നു എന്നേ പറയാനാവൂ. എന്നാൽ ഭാഗികമായ താദാത്മ്യങ്ങളായിട്ടുള്ള സാധർമ്മ്യങ്ങൾ ഉള്ളതോടൊപ്പം തന്നെ, രണ്ടു വസ്തുക്കൾ ഒന്നല്ല, വിഭിന്നങ്ങളാണെന്ന തത്വ പ്രകാരം അവയ്ക്കിടയിൽ അനിവാര്യമായ വ്യത്യാസങ്ങളും ഉണ്ട്. ഈ വ്യത്യാസങ്ങൾ, അവ ഗുണപരമായ വൈജാത്യങ്ങളാണെന്നതിനാൽ തന്നെ ആവിർഭാവത്തിന്റെ താഴെതലങ്ങളിൽ താരതമ്യേന കുറവായിട്ടായിരിക്കും ഉണ്ടായിരിക്കുക എന്നത് സത്യം തന്നെയാണ്. അതിനാൽ, അത്തരത്തിലുള്ള മാപനത്തിൽ (measurement) സമാനതകൾ കൂടുതൽ വർധിതമായെന്നു വരും. ചില സന്ദർഭങ്ങളിൽ, ഉപരിപ്ലവവും അപൂർണവുമായ നിരീക്ഷണം, ഏതെങ്കിലും തരത്തിലുള്ള അനന്യത ഉണ്ട് എന്ന് വിശ്വസിക്കുന്നതിലേക്ക് ഒരാളെ നയിച്ചെന്നും വരാം. പക്ഷെ, യഥാർത്ഥത്തിൽ, വ്യത്യാസങ്ങൾ ഒരിക്കലും തന്നെ പൂർണമായും ഇല്ലാതാകുന്നില്ല. അങ്ങിനെയാണെങ്കിൽ കാര്യം ആവിർഭാവത്തിനും കീഴെയായ തലത്തിലായിരിക്കും. ഇനി, സ്ഥല-കാലങ്ങളുടേതായ മാറിമാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനഫലമായുള്ള വൈജാത്യങ്ങളാണെങ്കിൽ പോലും, അവയും തീർത്തും അവഗണിക്കാവതല്ല. ഇത് മനസ്സിലാക്കണമെങ്കിൽ, യഥാർത്ഥത്തിലുള്ള സ്ഥലവും കാലവും, ആധുനികരുടെ ധാരണകളിൽ നിന്നും വ്യത്യസ്തമായി, ഏക ജാതീയമായ വാഹിനികളോ (homogenous containers) ശുദ്ധവും ലളിതവും ആയ പരിമാണത്തിന്റെ വിധങ്ങളോ അല്ല മറിച്ച് സാമയികവും സ്ഥലപരവുമായ നിർണയങ്ങൾക്ക് ഗുണപരമായ ഒരു വശവും ഉണ്ട് എന്ന് തിരിച്ചറിയൽ അനിവാര്യമാണ്. ഏതായാലും, വൈജാത്യങ്ങളെ അവഗണിച്ചും അവയെ കാണാൻ കൂട്ടാക്കാതെയും, എങ്ങിനെയാണ് ഒരാൾക്ക് ഒരു “കണിശമായ” (exact) ശാസ്ത്രത്തെ രൂപപ്പെടുത്താനാവും എന്ന് അവകാശപ്പെടാനാവുന്നത് എന്നതിനെകുറിച്ച് അൽഭുതപ്പെടാവുന്നതാണ്. യഥാർത്ഥത്തിൽ, കൃത്യമായി പറയുകയാണെങ്കിൽ, ശുദ്ധ ഗണിതമല്ലാത്ത മറ്റൊരു കണിശ ശാസ്ത്രവും ഇല്ല തന്നെ. കാരണം, അത് ശരിക്കും പരിമാണത്തിന്റ മണ്ഡലവുമായി ബന്ധപ്പെട്ടതാണ്. കാര്യം അങ്ങിനെയാണെന്നിരിക്കെ, ആധുനിക ശാസ്ത്രത്തിന്റെ ഭാഗമായിട്ടുള്ള മറ്റെല്ലാം തന്നെ ഏറിയതോ കുറഞ്ഞതോ ആയ തരത്തിലുള്ള പരുക്കൻ
സ്ഥൂലീകരണങ്ങളുടെ (approximations) ഒരു കോശജാലമല്ലാതെ (tissue) മറ്റൊന്നുമല്ല. ഇത്, നിരീക്ഷണത്തിന്റെയും മാപനത്തിന്റെയും ഉപാധികളുടെ അനിവാര്യമായ അപൂർണതയെ എല്ലാവരും സമ്മതിക്കാൻ നിർബന്ധിതരായിട്ടുള്ള, അതിന്റെ പ്രയോഗങ്ങളുടെ കാര്യത്തിൽ മാത്രമല്ല; തികച്ചും സൈദ്ധാന്തികമായ വീക്ഷണകോണിലും അങ്ങിനെ തന്നെയാണ്. ആധുനിക ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്ന ക്ലാസിക്കൽ മെക്കാനിക്സിന്റെ ഏതാണ്ട് മുഴു ആധാരമായി തന്നെ വർത്തിക്കുന്ന സാക്ഷാൽകരിക്കാനാവാത്ത അനുമാനങ്ങൾ ഇതിനുള്ള ഒട്ടനവധി സവിശേഷ ഉദാഹരണങ്ങൾ നൽകുന്നുണ്ട് [1].

ആവർത്തനം എന്നതിന്റെ മേൽ ഏതെങ്കിലും തരത്തിൽ ഒരു ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്താം എന്ന ആശയം മറ്റൊരു പാരിമാണിക മിഥ്യയെ വെളിവാക്കുന്നു. വളരെയധികം വസ്തുതകൾ ഒരുമിച്ചു കൂട്ടിയാൽ അത് ഒരു സിദ്ധാന്തത്തിനുള്ള “തെളിവായി” (proof) വർത്തിക്കും എന്ന വിശ്വാസമാണത്. ഒരേ തരത്തിലുള്ള വസ്തുതകൾ എല്ലായ്പ്പോഴും അപരിമിതമായ ബാഹുല്യത്തോട് കൂടി തന്നെയായിരിക്കും ഉണ്ടാവുക എന്നത് വ്യക്തമാണ്. അതിനാൽ, ഒരേ വസ്തുതകൾ തന്നെ നിരവധി വ്യത്യസ്ത സിദ്ധാന്തങ്ങൾക്ക് യോജിച്ചു വരുന്നതായിരിക്കും എന്ന കാര്യത്തെ പരിഗണിക്കാതെ ഈ ബാഹുല്യമാർന്ന വസ്തുതകളെയെല്ലാം കണക്കിലെടുക്കുക സാധ്യമല്ല തന്നെ. വളരെയധികം വസ്തുതകളെ നിരീക്ഷിക്കാനാവുക എന്നത് ചുരുങ്ങിയത് ഒരു സിദ്ധാന്തത്തിന് കൂടുതൽ “സംഭവ്യത” (probability) നൽകുന്നുണ്ട് എന്ന് നമ്മൾ പറയും. എന്നാൽ, ഇത്, ഈ രീതിയിൽ ഏതെങ്കിലും തരത്തിലുള്ള നിശ്ചിതത്വത്തിലേക്ക് എത്താനാവുകയില്ല എന്നത് തിരിച്ചറിയൽ കൂടിയാണ്. അതിനാൽ, ഇങ്ങനെ എത്തിച്ചേരുന്ന തീർപ്പുകൾ ഒരിക്കലും കണിശമല്ല തന്നെ. ഇത്, അതോടൊപ്പം, ആധുനിക ശാസ്ത്രത്തിന്റെ തികച്ചും “അനുഭവപരമായ” (empirical) സ്വഭാവത്തെ സമ്മതിക്കൽ കൂടിയാണ്. വിചിത്രമായ ഒരു വൈരുദ്ധ്യമെന്ന് പറയട്ടെ, ആധുനികശാസ്ത്രത്തിന്റെ പക്ഷപാതികൾ ഇതേ അനുഭവപരതയെ പൗരാണികരുടെ വിജ്ഞാനത്തിന്റെ മേലും ആരോപിക്കുന്നുണ്ട്. എന്നാൽ അതാവട്ടെ, ഇത് തികച്ചും വിപരീതമായിട്ടുള്ളതാണ്. കാരണം, ഇക്കൂട്ടർക്ക് യഥാർത്ഥ സ്വഭാവം തികച്ചും അജ്ഞാതമായിട്ടുള്ള ഈ ജ്ഞാനം, ആരംഭിക്കുന്നത്പ പ്രമാണ തത്വങ്ങളിൽ നിന്നാണ്;
അല്ലാതെ പരീക്ഷണപരമായ നിരീക്ഷണങ്ങളിൽ നിന്നല്ല. അങ്ങിനെ ഒരാൾക്ക് വേണമെങ്കിൽ, അപവിത്രശാസ്ത്രം പാരമ്പര്യ ശാസ്ത്രത്തിന്റെ കൃത്യമായും വിരുദ്ധ ദിശയിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയാൻ കഴിയും. ഇനി, ഈ “അനുഭവപരതാവാദം” (empricism) സ്വയം തന്നെ എത്രത്തോളം അപര്യാപ്തമാണോ, അതിനുമപ്പുറം ആധുനികശാസ്ത്രത്തിന്റേത് ഉദ്ഗ്രഥിതമാവുന്നതിൽ നിന്നും അങ്ങേയറ്റം വിദൂരസ്ഥവുമാണ്. കാരണം, പരീക്ഷണത്തിൽ നിന്നും ലഭിക്കുന്ന വലിയൊരു ഭാഗം വസ്തുതകളെ, ചുരുക്കിപ്പറഞ്ഞാൽ തികച്ചും ഗുണപരമായ സ്വഭാവമുള്ളവയെ, അത് അവഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു. ഇന്ദ്രിയഗോചരമായ അനുഭവം മറ്റെല്ലാ അനുഭവങ്ങളെയും പോലെ തന്നെ ശുദ്ധമായ പരിമാണത്തെകുറിച്ചുള്ളതേയല്ല. ശുദ്ധമായ പരിമാണത്തിലേക്ക് അടുക്കുംതോറും, നിരീക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു എന്ന് നമ്മൾ അവകാശപ്പെടുന്ന യാഥാർത്ഥ്യത്തിൽ നിന്ന് കൂടുതൽ കൂടുതൽ വിദൂരത്തിലാവുകയാണ് ചെയ്യുന്നത്. ഏറ്റവും സമീപകാലസ്ഥമായ സിദ്ധാന്തങ്ങളാണ് യാഥാർത്ഥ്യവുമായി ഏറ്റവും കുറഞ്ഞ ബന്ധമുള്ളവ എന്നത് കാണാൻ പ്രയാസമൊന്നുമില്ല. യാഥാർത്ഥ്യത്തെ ഏറ്റവും അനായാസകരമായി “സങ്കേതങ്ങളെ” (conventions) കൊണ്ട് പകരംവെക്കുന്നതും അവ തന്നെയാണ്. ഇത്, നിയമ നിബന്ധനകളൊന്നും തീരെയില്ലാതെയാണെന്ന് നാം പറയുന്നില്ല (കാരണം, അത് അസാധ്യമാണ്: ഒരു സങ്കേതത്തെ രൂപപ്പെടുത്തണമെങ്കിൽ ഒരാൾക്ക് അതിനൊരു കാരണം ഉണ്ടായിരിക്കേണ്ടതുണ്ട്.). എങ്കിലും കഴിയുന്നത്ര നിരങ്കുശമായിട്ടാണത്. എന്ന് വെച്ചാൽ, വസ്തുക്കളുടെ യഥാർത്ഥ പ്രകൃതത്തിൽ ഏറ്റവും ചുരുങ്ങിയ അടിസ്ഥാനം മാത്രം ഉള്ള രീതിയിൽ.

ആധുനികശാസ്ത്രം, അത് തികച്ചും പരിമാണപരമായിരിക്കണം എന്ന് തേടുന്നത് കൊണ്ടുതന്നെ, പ്രത്യേക വസ്തുതകൾക്കിടയിലുള്ള വ്യത്യാസങ്ങളെ, അവ വളരെ പ്രകടമായുള്ള ഇടങ്ങളിൽ പോലും കണക്കിലെടുക്കാൻ വിസമ്മതിക്കുന്നു എന്ന് നാം പറഞ്ഞു കഴിഞ്ഞു. എന്നാൽ, സ്വാഭാവികമായും ഇത്തരം ഇടങ്ങളിൽ തന്നെയാണ് ഗുണപരമായ ഘടകങ്ങൾക്ക് പരിമാണപരമായ ഘടകങ്ങളുടെ മേൽ ഏറ്റവും കൂടുതൽ മേൽക്കൈ ഉള്ളതും. ഇത് കൊണ്ട് തന്നെയാണ് യാഥാർത്ഥ്യത്തിന്റെ ഏറ്റവും ഗണ്യമായ ഭാഗം അതിന് നഷ്ടമാവുന്നതും. ഇതെല്ലാം സംഭവിച്ചതിന് ശേഷം പിന്നെ അതിന് ലഭ്യമാവുന്ന ഭാഗികവും താഴ്ന്ന നിലവാരമുള്ളതുമായ സത്യത്തിന്റെ വശം ഇക്കാരണത്താൽ തന്നെ ഏതാണ്ട് ഒന്നുമല്ലാതായി തന്നെ തീരുന്നു (കാരണം, പൂർണമായ പിഴവ് (error) എന്നതിന് ശുദ്ധവും ലളിതവും ആയ നിഷേധം എന്നതല്ലാതെ വേറെ അർത്ഥമില്ല). മാനുഷികമായ ക്രമത്തിലുള്ള വസ്തുതകളെ ശാസ്ത്രം പരിഗണിക്കുന്ന വിഷയത്തിൽ ഇത് പ്രത്യേകിച്ചും ഇങ്ങനെ തന്നെയാണ്. കാരണം, ശാസ്ത്രം അതിന്റെ മണ്ഡലത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നവയിൽ ഏറ്റവും കൂടുതൽ ഗുണപരസ്വഭാവമുള്ളത് അവയാണ്. എന്നിട്ടും ശാസ്ത്രം അവയെ, “ക്രമീകൃതമായ ദ്രവ്യം” (organized matter), “അസംസ്കൃതദ്രവ്യം” (raw matter) എന്നിവയുമായിട്ടെല്ലാം ബന്ധപ്പെട്ടു കിടക്കുന്നതായ മറ്റു വസ്തുതകളെ കൈകാര്യം ചെയ്യുന്നത് പോലെ തന്നെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. കാരണം, അടിസ്ഥാനപരമായി അതിന് ഒരൊറ്റ രീതിശാസ്ത്രം മാത്രമേയുള്ളൂ. ആ രീതിയെ അത് അങ്ങേയറ്റം വ്യതിരിക്തമായ വസ്തുക്കളിൽ പോലും ഒരേ രൂപത്തിൽ പ്രയോഗിക്കുന്നു. ഇത്, കൃത്യമായും അതിന്റെ സവിശേഷമായ വീക്ഷണകോണ് പ്രകാരം മൗലിക വ്യത്യാസങ്ങളായിട്ടുള്ളവയെ അതിന് കാണാൻ സാധിക്കാത്തത് കൊണ്ടുതന്നെയാണ്. അത്കൊണ്ട്, ഈ മാനുഷിക മണ്ഡലത്തിൽ തന്നെയാണ്, അത്ചരിത്രമോ, “സമൂഹശാസ്ത്രമോ” (sociology), “മനശ്ശാസ്ത്രമോ” (psychology) അല്ലെങ്കിൽ നമ്മൾ വിചാരിക്കുന്ന മറ്റേത്തരത്തിലുള്ളപ ഠനമോ ആയിക്കൊള്ളട്ടെ, ആധുനികർ വളരെയധികം പ്രാധാന്യം കൽപിക്കുന്ന “സ്ഥിതിവിവരശാസ്ത്രത്തിന്റെ” (statistics) മിഥ്യാജനകമായ സ്വഭാവം ഏറ്റവും പൂർണമായി പ്രകടമാവുന്നത്. മറ്റെല്ലായിടത്തും എന്നതുപോലെതന്നെ അവിടെയും ഈസ്ഥിതിവിവരശാസ്ത്രം അടിസ്ഥാനപരമായി, കൂടുതലോ കുറവോ ആയിട്ടുള്ള, നമ്മൾ പരസ്പരം സദൃശം എന്ന് കണക്കാക്കുന്ന, വസ്തുതകളെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തലാണ്. ഈ പരസ്പര സദൃശത്വം കൂടി ഇല്ലെങ്കിൽ പിന്നെ ഈ എണ്ണലിന് തന്നെ ഒരർത്ഥവുമില്ലല്ലോ? ഇതിലൂടെ നമുക്ക് ലഭിക്കുന്നത് യാഥാർത്ഥ്യത്തെ കുറിച്ച കൂടുതൽ വികലമായ ഒരു ചിത്രം മാത്രമാണെന്നുള്ളത് വ്യക്തമാണ്. കാരണം, ഈ വസ്തുതകൾക്കിടയിലുള്ള ക്രിയാത്മകമായ സമാനതയും താരതമ്യവും വളരെ കുറഞ്ഞ ഒരളവിൽ മാത്രമേഉള്ളൂ; എന്നാൽ അവയിലുള്ള ഗുണപരമായ ഘടകങ്ങളുടെ സങ്കീർണതയാവട്ടെ വളരെ ബൃഹത്തായതുമാണ്. അക്കങ്ങളെയും കണക്കുകൂട്ടലുകളെയും ഇങ്ങനെ നിരത്തുന്നതിലൂടെ ഒരാൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ ഉദ്ദേശിക്കുന്നത് പോലെതന്നെ സ്വന്തത്തിനും “കപടഗണിതശാസ്ത്രപരമെന്ന്” പറയാവുന്ന “കൃത്യതയുടെ” ഒരു മിഥ്യാ പ്രതീതി നൽകുകയാണ് ചെയ്യുന്നത്. പക്ഷെ, ഇത് തിരിച്ചറിയാതെ, മുമ്പെ തന്നെ രൂപപ്പെടുത്തിയിട്ടുള്ള ചില ആശയങ്ങളുടെ അടിസ്ഥാനത്തിൽ, സ്വയം അർത്ഥശൂന്യമായ ഈ അക്കങ്ങളിൽ നിന്ന് നമുക്ക് എന്ത് തീർപ്പ് വേണമെങ്കിലും രൂപപ്പെടുത്താനാവും. ഒരൊറ്റ “വൈദഗ്ദ്യമേഖലയിൽ” തന്നെ മുഴുകിയിട്ടുള്ള നിരവധി ശാസ്ത്രജ്ഞരുടെ കൈയിൽ ഒരേ സ്ഥിതിവിവരക്കണക്കുകൾ താന്താങ്ങളുടെ സിദ്ധാന്തങ്ങൾ പ്രകാരം തികച്ചും വ്യത്യസ്തമായ, എന്തിനേറെ പറയുന്നു ചിലപ്പോൾ നേർക്കുനേരെ വിരുദ്ധമായ തീർപ്പുകൾ, തന്നെ ഉണ്ടാവുന്നതിന് കാരണമാവുന്നു എന്നത് ഇതിനുള്ള തെളിവാണ്. ഈയൊരവസ്ഥയിൽ, ആധുനികരുടെ “കണിശമായ” ശാസ്ത്രങ്ങൾ എന്ന് വിളിക്കപ്പെടുന്നവ, അവയിൽ ഇത്തരം സ്ഥിതിവിവരക്കണക്കുകൾ ഉള്ളതുകൊണ്ടും അതിൽ നിന്ന് ഭാവിയെ കുറിച്ച് പ്രവചനങ്ങൾ തന്നെ രൂപ്പെടുത്താനാവും എന്ന് അവകാശപ്പെടുന്നത് നിമിത്തവും (ഇത്, എല്ലായ്പ്പോഴും, പരിഗണിക്കപ്പെടുന്ന വസ്തുതകൾക്കെല്ലാം, അത് ഭാവിയിലോ ഭൂതത്തിലോ ഉള്ളതായിക്കൊള്ളട്ടെ, ഇടയിൽ അനുമാനിക്കപ്പെടുന്ന അനന്യത കാരണമായാണ്) ആയി യഥാർത്ഥത്തിൽ, കേവലം “അനുമാനപരമായ” (conjectural) ശാസ്ത്രങ്ങൾക്കപ്പുറം ഒന്നുമല്ല തന്നെ. ഈ അനുമാനപരം എന്ന പ്രയോഗം തന്നെ ഒരു തരം ആധുനികമായ “ശാസ്ത്രീയമായ” ജ്യോതിഷം (astrology) എന്ന് വിളിക്കപ്പെടുന്നതിന്റെ വക്താക്കൾ ഉപയോഗിക്കുന്ന ഒന്നാണ്. പൗരാണികരുടെ പാരമ്പര്യ ജ്യോതിഷവുമായി ഒരേ സങ്കേതങ്ങൾക്കപ്പുറം വളരെ അവ്യക്തവും വിദൂരസ്ഥവുമായ ബന്ധങ്ങൾ മാത്രമേ ഇതിനുള്ളൂ എന്നതിൽ സംശയമൊന്നുമില്ല. പാരമ്പര്യക്രമത്തിൽ നിന്നുള്ള മറ്റ് വി ജ്ഞാനങ്ങളെന്നത് പോലെതന്നെ ഇതും ഇന്ന് പൂർണമായും വിനഷ്ടമായിരിക്കുന്നു. ഈ “നവജ്യോതിഷവും” എതെങ്കിലും പ്രമാണതത്വവുമായി അതിന് ബന്ധമില്ല എന്നിരിക്കെ, അതിനെ സ്വയം “അനുഭവപരമായി” (emprirical) സ്ഥാപിക്കാൻ വേണ്ടി, സ്ഥിതിവിവരശാസ്ത്രത്തെ വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്; എന്ന് മാത്രമല്ല സ്ഥിതിവിവരശാസ്ത്രത്തിന് അതിൽ വലിയ സ്ഥാനം തന്നെയുണ്ട്. ഈ കാരണം കൊണ്ടു തന്നെയാണ്, അതിനെ ശാസ്ത്രീയം എന്ന പട്ടം നൽകി അലങ്കരിക്കാം എന്ന് നാം വിശ്വസിക്കുന്നത് (അതിനുമപ്പുറം, ഈ സ്വഭാവം ശരിയായ ജ്യോതിഷത്തിനും അതേ രീതിയിൽ ഉളവായിട്ടുള്ള പാരമ്പര്യശാസ്ത്രങ്ങൾക്കും നിഷേധിക്കുകയും ചെയ്യുന്നു). ഇത് വളരെ ശ്രദ്ധ അർഹിക്കുന്നതും, ആധുനിക മനോനിലയുടെ സവിശേഷതയുമായ കാര്യമാണ്.

യഥാർഥത്തിൽ, ഒരേ ഇനത്തിൽ പെട്ടു എന്നത് മാത്രമായ, അതായത്ചി ചില അർത്ഥത്തിൽ മാത്രം താരതമ്യം ചെയ്യാൻ കഴിയുന്നതായ വസ്തുതകൾക്കിടയിൽ അനന്യത്വം (identity) കൽപിക്കുന്നത്, നാംവിശദീകരിച്ചത് പോലെ, “കണിശമായ” ഒരു ശാസ്ത്രം എന്ന മിഥ്യാബോധം നൽകുന്നതോടൊപ്പം തന്നെ, അമിത ലളിതവൽകരണം എന്ന ആവശ്യത്തെയും തൃപ്തിപ്പെടുത്തുന്നു. ഇതും, ആധുനിക മനോനിലയുടെ ശ്രദ്ധേയമായ മറ്റൊരു സവിശേഷതയാണ്. ഇതെത്രത്തോളമെന്നാൽ, ഒരാൾക്ക് ഈമനോനിലയെ കുറിച്ച്, വേറെ വ്യംഗ്യാർത്ഥമൊന്നും മനസ്സിൽ കരുതാതെ തന്നെ, അത് അതിന്റെ “ശാസ്ത്രീയ” സങ്കൽപ്പങ്ങളിലും മറ്റെല്ലാ പ്രകടിത രൂപങ്ങളിലും “ലളിതയുക്തിപരമാണ്” (simplistic) എന്ന് വിശേഷിപ്പിക്കാനാവും. ഇതെല്ലാം പരസ്പരം ചേർന്നു നിൽക്കുന്ന കാര്യങ്ങളാണ്. ലളിതവൽകരണത്തിനുള്ള ആവശ്യം എല്ലാറ്റിനെയും പരിമാണപരമായി ന്യൂനീകരിക്കുന്ന പ്രവണതയെ അനിവാര്യമായും അനുഗമിക്കുന്നു; അതിനെ വീണ്ടും ദൃഢീകരിക്കുകയും ചെയ്യുന്നു – കാരണം പരിമാണത്തേക്കാൾ ലളിതമായി മറ്റൊന്നുമില്ലല്ലോ? ഒരു ഉൺമയെയോ വസ്തുവിനെയോ, അതിന്റെ എല്ലാ ഗുണങ്ങളെയും അതിൽ നിന്ന് പൂർണമായി ഉരിഞ്ഞെടുക്കുന്നതിൽ ഒരാൾ വിജയിക്കുകയാണെന്ന് കരുതുക. അങ്ങിനെയാണെങ്കിൽ, “അവശിഷ്ടമായി” പിന്നെ
ലഭിക്കുന്നതെന്തോ അത് തന്നെയായിരിക്കും, തീർച്ചയായും, ലാളിത്യത്തിന്റെ പരമകാഷ്ഠയെ കാഴ്ചവെക്കുന്നതായിട്ടുണ്ടാവുക. ഒടുവിൽ, ഈ പരമമായ ലാളിത്യം ശുദ്ധമായ പരിമാണത്തിൽ പെട്ടതല്ലാതെ മറ്റൊന്നുമായിരിക്കില്ല – അതായത്, പരസ്പരം സദൃശമായ, സംഖ്യാപരമായ ബഹുത്വം മാത്രമായിട്ടുള്ള “ഏകകങ്ങൾ” (units).

[1] ഉദാഹരണത്തിന്, ഈശാസ്ത്രം “യുക്തിപരമായി” (rational ) കണക്കാക്കുന്ന, ഒരു ഭാരിച്ച ദ്രവ്യബിന്ദു (heavy material point), പൂർണമായും ഇലാസ്തികമായ ഖരവസ്തു (perfectly elastic solid), വലിച്ചു നീട്ടാനാവാത്തതും ഭാരഹീനമായതും ആയ നൂല് (inextensible and weightless thread) , ഇതുപോലെ തന്നെ ഭാവനാപരമായിട്ടുള്ള മറ്റ് വസ്തുക്കൾ എന്നിവയെ നമ്മൾ എവിടെയാണ് കണ്ടിട്ടുള്ളത്?

തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy