മരണം വിരഹമോ പ്രണയ സാക്ഷാത്മകാരമോ?

വാസ്വിൽ മുജീബ്:

മരണം യഥാർത്ഥ സത്യവിശ്വാസിക്ക് മാത്രം പിടികിട്ടുന്ന ഒരു പൊരുളാണ്. യഥാർത്ഥ അബ്ദ് മരണത്തെ പുൽകുന്നത് പ്രണയ ഭാജനവുമായുള്ള സംലയനമായിട്ടാണ്. ദൃശ്യതകൾക്കപ്പുറം മറഞ്ഞേ നിൽക്കുന്ന പ്രണയ ഭാജനത്തെ ശരീരമെന്ന സ്വന്തം അൻഫുസിയായ മതിലും ദുനിയാവെന്ന ബാഹ്യമതിലും അതിവർത്തിച്ച് പ്രാപിക്കുന്ന പ്രണയ സായൂജ്യത്തിന്റെ നിർവൃതിധന്യമായ അനുഭവ മുഹൂർത്തമാണ് സത്യവിശ്വാസിയെ സംബന്ധിച്ച് മരണം. സാഹിത്യത്തിലും വിശ്വാസാടിത്തറയുള്ള ജീവിതത്തിലും അനശ്വരതയെ പുൽകാനുള്ള ഈ പ്രണയാതുരത്വം നിലനിൽക്കുന്നുവെങ്കിലും മരണത്തിന്റെ പൊരുളറിഞ്ഞ വിശ്വാസി എപ്രകാരമാണ് മരണത്തെ അനുഭവിക്കുന്നതെന്ന് അന്വേഷിക്കുന്ന ലേഖനം.

മൃത്യുവിനെ കുറിച്ചുള്ള വിഹ്വലതകളും നഷ്ട ജീവിതത്തിന്റെ പൊരുൾ പാടുകളും യാഥാർത്ഥ്യവുമായി സംലയിപ്പിച്ച് സർഗാത്മകമായ ആവിഷ്കാരം നിർവ്വഹിച്ച പ്രതിഭാശാലിയായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബശീർ. ഇഹപരലോകങ്ങളുടെ വ്യർത്ഥതയും വിശാലതയും പരലോകത്തിരുന്ന് ആത്മാവ് പറയുന്ന കഥകളായി ആവിഷ്കരിച്ച ബശീറിന്റെ പ്രതിഭാവിലാസം മലയാളത്തിൽ ബശീറിന് മാത്രം സവിശേഷമാണ്. ആത്മാവിന്റെ അസ്തിത്വത്തിന്റെ സാധ്യതകൾ മരണത്തിനപ്പുറത്തേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങൾക്ക് ഇസ്ലാമിക വിശ്വാസ സരണി ഹേതുവായിരിക്കാം, പക്ഷെ മനുഷ്യ മസ്തിഷ്കത്തിന്റെ സവിശേഷതയും അതെ സമയം പരിമിതിയുമായ പദാർത്ഥ ലോകത്തെ കുറിച്ച് മാത്രമുള്ള അറിവ് ഭാവനയുടെ സാധ്യതകൾ വഴി മറിടക്കാനുള്ള ഒരു ശ്രമവും ‘മരണപര്യന്തം’ എന്ന ഉദ്യമത്തിലുണ്ട്. ഇതും മരണത്തെ കുറിച്ചുള്ള ഭാഷണങ്ങളാണ്. പ്രണയത്തിൽ ചാലിച്ചെഴുതിയ പ്രേയസ്സിയുടെ വിരഹ വേദനയുടെ കഥകൾ, അതിനെ മറികടക്കുന്ന അനുസ്യൂത പ്രണയത്തിലേക്കുള്ള അനശ്വരതയുടെ ഓർമ്മപ്പെടുത്തലുകൾ.

ഒടുക്കത്തെ കുറിച്ച ചിന്ത(ഭാവന)

മരണം അവസാനമല്ല തുടക്കമാണ്. മനുഷ്യർ ഒരിക്കലും അന്വേഷിക്കാനോ, ഒർമ്മിക്കാനോ ഇഷ്ടപ്പെടാത്ത എന്നാൽ സർവ സത്യത്തിന്റേയും മേലെയുള്ള ദുനിയാവിലെ സത്യമായി മരണം എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. ദുൻയാവിനപ്പുറം ഒരു ലോകത്തെ കുറിച്ചുള്ള ചിന്ത വിശ്വാസിയുടെ സവിശേഷതയാണ്. യഥാർത്ഥത്തിൽ അത് ചിന്തയല്ല, കാഴ്ചയുടെയോ, കേൾവിയുടെയോ, ബുദ്ധിയുടെയോ കണ്ടെത്തലല്ലാത്ത ‘അന്ധമായ’ (ഗൈബ് ) അഥവാ ബാഹ്യമായ കാഴ്ചക്ക് അതീതമായ ആന്തരികമായ ഉൾക്കാഴ്ചയോടെയുള്ള വിശ്വാസം. വിശ്വാസിക്ക് ‘ഉട്ടോപ്യ’ പോലെ കേവലം എഴുതപ്പെട്ട ഭാവനയുടെ കൂമ്പാരങ്ങളല്ല മരണവും പരലോക ജീവിതവും. അഭൗമിക ലോകത്തെക്കുറിച്ച് സങ്കൽപ്പിച്ചെഴുതാൻ പ്രയത്നിച്ച് പിൻവാങ്ങിയ ഭാവനാ മൂർത്തികളെ കുഴക്കിയ യാഥാർത്ഥ്യം എന്തോ അത് വിശ്വാസിയുടെ ഈമാൻ ആണ്. കാരണം വിശ്വാസത്തിന്റെ പ്രതലത്തിലിരുന്ന് മാത്രമേ ഈ എഴുത്തിന് അർത്ഥം വരുന്നുള്ളൂ എന്നതാണ് സത്യം.
ഇവിടെ മുകളിൽ ഉദ്ധരിച്ച നോവലോ കഥാപാത്രമോ എഴുത്തുകാരനോ ഈ എഴുത്തിന്റെ വിഷയങ്ങളല്ല. മരണത്തിന്റെ സാധ്യതയെ വിശ്വസിക്കലും അറിയലും കഴിഞ്ഞാൽ നമുക്ക് മറ്റൊരു ചിന്തയുടെ പ്രസക്തി ഇല്ലാതാകുന്നത് കാണാം. സൗന്ദര്യത്തെയും, മനഷ്യത്വത്തിന്റെ നിഗൂഢമായ സ്നേഹ വാത്സല്യങ്ങളെയും വ്യഥയുടെയും അസ്വാസ്ഥ്യത്തിന്റെയും നടുവിൽ നിന്ന് വിഭ്രാമകമായ അനുഭൂതിയിലൂടെ ആവിഷ്കരിച്ച കാഥികരും, മിസ്റ്റിക് കവികളും രസമില്ലാത്തതായി കണ്ടത് എന്തായിരുന്നു? പ്രകൃതിയോടുള്ള അഭികാമനയും മനുഷ്യ ജീവിതത്തോടുള്ള അനുകമ്പയും എഴുത്തിന്റെ വഴിയിൽ മൂക പ്രണയങ്ങളുടെയും പ്രേമ ഭംഗങ്ങളുടെയും കാല്പനിക ഭാവമായി അവതരിപ്പിച്ചവർ കുഴങ്ങിയത് ഏത് യാഥാർത്ഥ്യത്തിന്റെ മുന്നിലായിരിക്കും? അനുഭവങ്ങളും, അനുഭൂതികളും, സ്വപ്നങ്ങളും, യാഥാർത്ഥ്യങ്ങളും, ദുഃഖങ്ങളും, ഹർഷോന്മാദങ്ങളും എല്ലാം കൂട്ടി ചേർത്ത് അനുപമ രഹസ്യാനുഭൂതികൾ വ്യംഗ്യമായി വെളിപ്പെടുത്തിയപ്പോൾ മറന്ന് പോയത് (മറക്കാൻ ശ്രമിച്ചത്) എന്തായിരിക്കും? അല്ലെങ്കിൽ നിസ്സംഗതാ ഭാവം പിടികൂടിയത്….! അത് മരണവും, മരണാനന്തര ജീവിതവുമായിരിക്കും. കാരണം മിസ്റ്റിക് പരിലാളനത്തിൽ മനസ്സെപ്പോഴും നിസ്വാർത്ഥവും, സുസ്നേഹ സുന്ദരമായ നിർവ്യാജ സുസ്മിതത്തിന്റെ ശോഭ കാണാൻ വെമ്പുകയും ചെയ്യുന്നു. മധുരിക്കുന്ന ചേതോ വികാരങ്ങളെ പിടികൂടുകയും അനുപമ സ്വപ്നവിലാസങ്ങളെ മാത്രം തേടി അലയുകയോ അല്ലങ്കിൽ ഇത്തരം മാദകാനന്ദങ്ങളെ ദൂരത്തു തള്ളി കർമ്മലഹരിയിൽ മുഴുകി ഒടുങ്ങുകയോ ചെയ്യുമ്പോൾ ഇതെന്തിന് എന്ന ചോദ്യം ജീവിതത്തിൽ വ്യർത്ഥമായി പ്രതിഫലിക്കുന്നത് കാണാൻ കഴിയാത്ത നിർഭാഗ്യവാന്മാരാണ് പ്രേമികൾ.

നേരത്തെ പറഞ്ഞ വിശ്വാസത്തിന്റെ പ്രതലമില്ലായ്മ ഒരു പിൻമാറ്റമാണെങ്കിൽ പോലും, അവർക്ക് സംസിദ്ധമാകാൻ പോകുന്ന ജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന തോന്നൽ മിക്ക മിസ്റ്റിക് കവികളിലും കാണാം. അതിന്റെ ഒരു പ്രധാന വശം യാഥാർഥ്യങ്ങളെ ചിത്രീകരിക്കുമ്പോഴും സ്വപ്നങ്ങളെ പുൽകുന്ന കവികളുടെ ഹൃദയാന്തരാളങ്ങളിലെ ഇരുട്ടാണ്. ഒരു കവിയെ ശ്രദ്ധിക്കാം …,

ആദിമരാവിന്റെ നിത്യശൂന്യമായ ഹൃദയത്തിൽ നിന്ന് / ആസുരരൂപം പൂണ്ട് പൊന്തി വരുന്ന മരണം !

മരണത്തിന്റെ വിശേഷണത്തെ പോലും ഭയചകിതമായി അവതരിപ്പിക്കാൻ കവിയെ പ്രേരിപ്പിക്കുന്ന ഘടകം അതിന്റെ (മരണം) യാഥാർത്ഥ്യത്തെ സംബന്ധിച്ചുള്ള അജ്ഞത (അനന്ത സാധ്യതയെ കുറിച്ചുള്ള അജ്ഞത) കൂടിയാണ്. കവിയിൽ നിന്ന് തന്നെ നമുക്കിത് ബോധ്യമാകും.

വീര ശ്യംഖല നേടുവാൻ ഗായകർ
പോരടിക്കുന്ന മാമാങ്ക ഭൂമിയിൽ
ചെന്നതില്ല ഞാൻ ! ധ്യാനിച്ചിരുന്നു പോയ്
സ്വപ്ന സുന്ദരി ! നിന്നെയോർത്തു ഞാൻ

വരികളിൽ ദ്യോതിപ്പിക്കുന്ന പ്രകടനപരതയോടുള്ള നിസ്സംഗമായ സമീപനവും, എകനായിരിക്കുന്നതിലെ ആനന്ദം അനുഭവിക്കലും (സാധ്യത) അസുലഭവും അവ്യാഖ്യേയവുമായ വികാരഭാവമായി അതിനെ അനുവാചകരിൽ തോന്നിപ്പിക്കാനും കഴിഞ്ഞ കവിയുടെ കഴിവില്ലായ്മയാകാൻ ഒരിക്കലും സാധ്യമല്ല ഈ പേടി. മാത്രമല്ല, ജീവിതത്തെ തെളിഞ്ഞ മനസ്സോടെ കാണുകയും ജീവിതത്തിന്റെ ചതികളിലും കുടിലതകളിൽ പോലും നന്മ കാണാനാഗ്രഹിക്കുകയും ചെയ്യുന്ന കവി മരണത്തിന് മുന്നിൽ പകച്ചു പോകുന്നു എന്ന നിരീക്ഷണം പ്രബലവുമാണ്.
മരണം മരിക്കുന്നു സൃഷ്ടി തന്നജയ്യമാം / ഹരിതക്കൊടിക്കൂറ മേൽക്കുമേൽ പറക്കുന്നു.
എന്ന് പറഞ്ഞ് മരണത്തിന്റെ മേൽ സൃഷ്ടിയും സ്നേഹവും നേടുന്ന വിജയത്തിൽ വിശ്വാസമർപ്പിക്കുന്നവനായി ആ ഭയത്തെ മാറ്റിനിർത്തി രക്ഷപ്പെടുകയാണ് കവി.
ഇനി യഥാർത്ഥ ദിവ്യാനുരാഗിയിലേക്ക് നമുക്ക് ചെല്ലാം…!

മരണമൊഴി മധുരം

യഥാർത്ഥ ദാസൻ്റെ മരണത്തോടെ സംഭവിക്കുന്ന നഷ്ടത്തെ ഒരു പ്രാർത്ഥനയോടെ നമുക്ക് മനസ്സിലാക്കാം, “ഖബ്റിൽ നിസ്കാരം, റുകൂഅ്, സുജൂദ് എന്നിവ നിർവഹിക്കാൻ എനിക്കു ആവതു തരേണമേ…”. മരണാനന്തരം ഒരു അടിമക്ക് അനുഗുണമായി ഭവിക്കുന്ന ജ്ഞാനവും കർമ്മവും, ആനന്ദവും ആശ്വാസകരവുമായിത്തീരുന്നത് അതിലെ നിഷ്കപടതയനുയനുസരിച്ചായിരിക്കും. മലക്കുകൾ, നബിമാർ, വേദഗ്രന്ഥങ്ങൾ, ആകാശഭൂമികൾ എന്നിവയെ കുറിച്ചന്വേഷിച്ച യഥാർത്ഥ ജ്ഞാനിക്ക് വിരസതക്ക് വഴിയില്ല. അതിനവൻ ഊണും ഉറക്കവും ഒഴിച്ച് കൂടെ കൂടിയിട്ടുമുണ്ടാകും. ഇത്തരം വിജ്ഞാനീയങ്ങളുടെ പിറകെ കഴിഞ്ഞപ്പോഴുള്ള കിതപ്പും, ക്ഷീണവും അത്യാനന്ദവും ആത്മനിർവൃതിയുടെ അകക്കാമ്പുമാകുമ്പോൾ ഒരു വിരഹ വേദന മരണത്തോടെ സ്വാഭാവികം.
കളങ്കമേതുമില്ലാതെ ധന്യതയുടെ ദിനരാത്രങ്ങൾ സുജൂദിലായ് തീർന്ന അബ്ദിൻ്റെ മരണഭയം ഇങ്ങനെയായിരിക്കും, “രാത്രിയുള്ള എൻ്റെ നിസ്കാരം നഷ്ട്ടപ്പെട്ടുവല്ലോ…. ” പ്രണയവും വിരഹവും മനുഷ്യന് പരിചയമില്ലാത്തതല്ല. ആത്യന്തിക പ്രണയത്തെ പണയം വെച്ചുകൊണ്ടല്ല ഈ ഇഷ്ടം എന്ന് ആദ്യം മനസ്സിലായിട്ടില്ലെങ്കിലും ബോധ്യമാകാൻ പ്രയാസമില്ലാത്ത കാര്യമാണ്. മറിച്ച് ‘അൽ അബ്ദ്’ (യഥാർത്ഥ അടിമ) ആ പ്രണയത്തെ ഇൽമ് കൊണ്ടും, അമല് കൊണ്ടും പുൽകുന്നു എന്നു മാത്രം.

മൂന്ന് ഗുണങ്ങൾ

മരണസമയത്ത് വിങ്ങുന്നവരുടെ ആമുഖമാണിത്. നഷ്ടപ്പെടാൻ പോകുന്ന പ്രണയ മുഹൂർത്തങ്ങളെയോർത്ത് കരയുന്നവരുടെ. അമലിനെയും ഇൽമിനെയും ഗാഢമായി പ്രണയിച്ചവർ. യഥാർത്ഥത്തിൽ അവരുടെ പ്രണയം അവസാനിച്ചിട്ടുണ്ടോ? അതോ ഈ അന്ത്യം ഒരു തുടക്കമാണോ? നമുക്ക് ഒന്ന് ആലോചിച്ച് നോക്കാം.
അൽ അബ്ദിൻ്റെ മരണസമയത്ത് മൂന്ന് ഗുണങ്ങൾ അയാളിൽ സന്നിഹിതമായിരിക്കും. ഒന്ന്, തെളിഞ്ഞ മനസ്സ്, രണ്ട് നിർവൃതി, മൂന്ന് അല്ലാഹുവിനോടുള്ള സ്നേഹം. അവൻ്റെ വിജയത്തിൻ്റെ നിദാനമായി സംഭവിച്ച ഗുണങ്ങളാണിവയെല്ലാം. ഈ അവസ്ഥ സംജാതമാകലാണ് മരണത്തോടെയുള്ള മനുഷ്യൻ്റെ ജൈത്രയാത്രയുടെ ആമുഖം. ഇനി അവ എങ്ങനെ സാധ്യമാകുന്നു എന്നു നോക്കാം.
ഇഹവും പരവും മനസ്സിനെ സ്വാധീനിക്കുന്ന രണ്ട് തലങ്ങളാണെങ്കിലും, ഏറ്റവും അടുത്ത് നിൽക്കുന്നത് ഇഹമാണെന്നിരിക്കെ അറിയാതെ തോന്നുന്ന ‘ഇഷ്ടം’ സ്വാഭാവികം. ഒരു വസ്തു എനിക്ക് ആവശ്യമാണ് എന്ന നിലക്ക് ആ വസ്തുവിനെ സ്നേഹിക്കൽ അനിവാര്യതയുടെ ഭാഗമാണ്. വിഖ്യാത യമനീ പണ്ഡിതനും സൂഫിയുമായ ഹബീബ് ഉമർ തങ്ങളുടെ വാക്കുകളിൽ നിന്ന് നമുക്കിത് മനസ്സിലാക്കാം. “കരങ്ങൾ കൊണ്ട് പിടിക്കാനും, കാല് കൊണ്ട് നടക്കാത്തതിൽ ഒരു സഹായിയുടെയും ഒരു ഗുരുവിൻ്റെയും ഒരു ഭരണ കർത്താവിൻ്റെയുമൊക്കെ ആവശ്യം ഒഴിച്ചുകൂടാനാവാത്തതാണ്. സ്നേഹിതനോ, ഭരണകർത്താവിനോ തൻ്റെ മനസ്സിൽ ഇടമുണ്ടാകുന്നത് തെറ്റല്ല”. വീടിനകത്ത് ജലസൗകര്യമേർപ്പെടുത്തുന്നതു പോലെയാണിത് എന്ന് സയ്യിദ് പറയുന്നു. നേരത്തെ പറഞ്ഞ അനിവാര്യതയുടെ ഇഷ്ടം എന്നത് അനിവാര്യമായ ഒരു സൗകര്യം ആവശ്യമാണ് എന്ന നിലയിൽ അതിനെ സ്നേഹിക്കുന്നു എന്നാണ്. അതൊരു പ്രണയമാണോ യഥാർത്ഥത്തിൽ.?

“മതിലുകൾ”ക്കപ്പുറത്തെ പ്രണയമാണ് പരത്തിനോട്. ഒരിക്കലും പരസ്പരം കണ്ടിട്ടില്ലാത്ത രണ്ടു പേർ പരസ്പരം കാണാനും ഒരു തവണ മിണ്ടാനും കൊതിക്കുമ്പോൾ, അവരുടെ ഭാവനാ സ്വപ്നങ്ങളുടെ നിറക്കൂട്ട് അരികിൽ ഒരുവൻ(വൾ ) പൂ നീട്ടിയാൽ മായുമോ…? മരണത്തിലൂടെ അല്ലാഹുവിന്റെ സാമീപ്യം നേടാൻ ആഗ്രഹിക്കുന്നവരായിരിക്കും യഥാർത്ഥ അനുരാഗികൾ. അന്വേഷകൻ ഈ പ്രകൃതിയിൽ ലയിച്ച് നിലനിൽക്കുകയെ ചെയ്യൂ. യഥാർത്ഥ കാമുകന് ഈ പ്രകൃതി ഒന്നുമല്ല. അവൻ മൃത്യുവും കടന്ന് പ്രേമഭാജനത്തെ സന്ധിക്കും. കാരണം നശ്വരമായതിനെ ബന്ധിച്ച് അനശ്വര ലോകത്ത് അനശ്വരതയെ സന്ധിക്കലാണ് യഥാർത്ഥ അനുരാഗത്തിന്റെ സാക്ഷാത്കാരവും ലക്ഷ്യവും. ചുരുക്കത്തിൽ ബഷീറിൻ്റെ പ്രണയമാണ് പരത്തിനോടുള്ളത്. ഒരിക്കലും സന്ധിച്ചിട്ടില്ലാത്ത പ്രേയസിയെ ശബ്ദം മാത്രം കേട്ടുകൊണ്ട് പ്രണയിക്കുന്ന കാമുകന്റെ പ്രണയം. അവർക്കിടയിൽ ഭൗതികമായ കൽമതിൽ അവരുടെ പ്രണയ സാഫല്യത്തിന് തടസ്സം നിൽക്കുന്നില്ല. പരലോകത്തെ കുറിച്ചുള്ള ശബ്ദം മാത്രമെ അനുരാഗിയും കേൾക്കുന്നുള്ളൂ. അവർക്കിടയിലെ കൽമതിൽ ഇവിടെ ദുൻയാവാണ്. അതിനെ ഭേദിച്ച് പ്രേയസിയും പ്രേമഭാജനവും സന്ധിക്കുന്നു. എന്നാൽ ചിലർ കൽമതിലിന്റെ സൗന്ദര്യത്തിൽ ഭ്രമിച്ച് പ്രേയസ്സിയുടെ ശബ്ദം കേൾക്കുന്നില്ല. അവർ നേരത്തെ പറഞ്ഞ അന്വേഷകർ മാത്രമാണ്. കേവലമായ “ഈ” ഇഷ്ടത്തിനപ്പുറത്തേക്ക് ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഭൗതികതയോടുള്ള ഇഛയെ തടഞ്ഞു നിർത്തുക വഴിയാണ് തെളിഞ്ഞ ശുദ്ധമനസ്സ് കൈവരുന്നത്. കൽമതിലിനെ (ദുൻയാവ്) ഭേദിക്കുക വഴിയാണ് അത് സാദ്ധ്യമാകുന്നത്.

ഭൗതികതയെ പ്രണയിക്കാത്തവൻ്റെ മനസ്സിൻ്റെ ചിന്തകളുടെ താളം അനിർവചനീയമായിരിക്കും. ഓരോ ഗുണങ്ങൾ അറിയുമ്പോഴും, കേൾക്കുമ്പോഴും പ്രണയിനിയോടുള്ള അനുരാഗം വർദ്ധിക്കുന്നു. ആ വിശേഷണങ്ങൾ ഭക്ഷണം പോലെ അവൻ കഴിക്കുന്നു. ഓരോ ഓർമ്മകളും അവൻ്റെ കാത്തിരിപ്പിന് മധുരമേകുന്ന ആത്മഹർഷത്തിന്റെയും, അനിർവചനീയമായ മധുരാനുഭൂതിയുടെയും മുഹൂർത്തങ്ങളായിരിക്കും. ആ ഓർമ്മകളാണ് ദിക്റുകൾ. ഇങ്ങനെ പതിവായി പെരുത്ത് ദിക്റുകൾ ചൊല്ലിയതാണ് മരണസമയത്തെ നിർവൃതിക്ക് കാരണവും.

ഒരു വസ്തുവിനോട് സ്നേഹം ജനിക്കുന്നത് അതിനെ യാഥാർത്ഥ്യത്തോടെ മനസ്സിലാക്കുമ്പോൾ മാത്രമാണ്. ഹൃദയ വിശുദ്ധിയിലൂടെ സർവ്വ വിപത്തുകളിൽ നിന്നും മോചനം നേടി നിരന്തരമായ മനന പ്രക്രിയയിൽ ജീവിതം കഴിയുമ്പോൾ സ്നേഹം പതിയെ മൊട്ടിട്ട് തുടങ്ങുന്നു. പ്രേമഭാജനത്തിൻ്റെ വിശേഷണങ്ങൾ മുഴുസമയവും സ്മരിച്ച് കഴിയുന്നവന് ഇത് സംശയമൊന്നുമില്ലാത്ത വിധം മൂർത്തിമദ്ഭാവത്തിലെത്തിയിരിക്കും. പിന്നീടങ്ങോട്ട് പ്രണയിനിയെ കാണാനുള്ള തിടുക്കമായിരിക്കും. അതിൻ്റെ ലക്ഷണമാണ് നിർവ്യതിയും സ്നേഹവും. തൻ്റെയും താൻ ഇഷ്ടപ്പെടുന്നതിൻ്റെയും ഇടയിൽ തടസ്സമായി സൃഷ്ടിക്കപ്പെട്ട കൽമതിലുകൾ തകരാനുള്ള വെമ്പലാണ് ഇനിയുള്ള വേളകൾ. അവൻ ദിവസം എണ്ണിത്തുടങ്ങുന്നു. ആ സമയത്തിന് വേണ്ടി, ആ ഒരു ദിവസത്തെ ഓർത്ത്. …

ഇനി ഈ പറഞ്ഞതിൽ ഒരു വ്യക്തതയാവാം. താൻ അല്ലാഹുവിൻ്റെ വിനീതനായ ദാസനാണെന്ന ജ്ഞാനം മനസ്സിൽ സൃഷ്ടിച്ച മാറ്റങ്ങളിൽ തുടങ്ങിയതാണ് ഒരുവൻ്റെ യാത്ര. അല്ലാഹുവിന്റെ ഉന്നതമായ ഗുണവിശേഷണങ്ങളൊക്കെയും അറിഞ്ഞു കൊണ്ട് അവൻ ആ യാത്രയുടെ വേഗത വർദ്ധിപ്പിക്കുകയും ലക്ഷ്യസ്ഥാനത്തിൻ്റെ ബോധം മനസ്സിലുറപ്പിക്കുകയും ചെയ്തു. ഇഹവും പരവും കൃത്യമായി വിവേചിച്ചറിഞ്ഞ അവൻ ആരാധനാ വേളകളിലെ മധുരിക്കുന്ന ആനന്ദത്തിൻ്റെ ആഴമറിഞ്ഞു. ഈ ക്ഷണിക പ്രപഞ്ചത്തിൻ്റെ സീമകൾക്കപ്പുറത്തുള്ള സ്വപ്നത്തിലായി ലയിച്ചു.

ഇനി നമുക്ക് തുടക്കത്തിലേക്ക് വരാം, അൽ അബ്ദിൻ്റെ വിഷമം. വിരഹത്തോടെയുള്ള അവസാനം. ആത്മീയാനന്ദത്തിൻ്റെ നിമിഷങ്ങളെയോർത്തുള്ള വിലാപം. ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊരു തുടക്കം കൂടിയാണ്. അല്ലാഹുവിനോടുള്ള സ്നേഹത്താൽ സകലവിധ ചിന്തകളെയും പ്രതിരോധിക്കാൻ സാധിക്കുകയും പരലോകത്തെ അറിഞ്ഞതു മുതൽ അവിടെ എത്താനുള്ള വെമ്പലിൽ എല്ലാം ത്യജിക്കാനും കഴിഞ്ഞ ഒരു വ്യക്തിയുടെ ദുൻയാവിലെ ഏക ആനന്ദം ആരാധനകളും ( അമൽ ) ജ്ഞാന മോഹവും (ഇൽമ്) മാത്രമായിരിക്കും. എല്ലാ ആനന്ദത്തിൻ്റെയും പരമ ലക്ഷ്യമായി നിലനിൽക്കുന്ന റബ്ബിൻ്റെ അടുക്കലേക്കുള്ള യാത്രയുടെ തുടക്കം മരണമാണ്. മറ്റൊരു ആരംഭമേതുമില്ലാത്ത യാത്ര. മതിലിനപ്പുറത്തെ പ്രേമഭാജനത്തിൻ്റെ വിശേഷണങ്ങൾ ഒരു പാട് കേൾക്കുന്നതിലുള്ള അനുഭൂതിയേക്കാൾ ആനന്ദകരമായിരിക്കുമല്ലോ അവരെ ഒരു വേള കാണുന്നതിലുണ്ടാവുക. അപ്പോൾ അൽ അബ്ദിൻ്റെ മരണം വിരഹമാണെങ്കിലും അത് മറ്റൊരു പ്രണയത്തിലേക്കുള്ള എത്തിനോട്ടവുമാണ്. പ്രാതിഭാസികമായ വസ്തുവിന് അനശ്വരമായതിനെ സന്ധിക്കാനുളള മാർഗം പ്രസ്തുത ശക്തിയുടെ സർവ്വാധികാരത്തിനു വിധേയമാവുക മാത്രമാണ്. അതാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy