റൂമിയെ ‘വെള്ള’പൂശുമ്പോൾ അഥവാ സാംസ്കാരിക കോളണീകരണത്തിന്റെ പുതുപ്രവണതകൾ

പൽവാഷ. എ
വിവ: നിസാം തങ്ങൾ മുതുതല
:

‘ആത്മീയമായ കോളണീകരണം സംഭവിക്കുന്നുണ്ടിന്ന് മാറ്റിനിർത്തിയും മായ്ച്ചു കളഞ്ഞും പിന്നെ സ്വായത്തമാക്കിയുമാണ് മുസ്ലിംകൾ കാലങ്ങളായി ജീവിച്ചു പോന്ന ആത്മീയ മണ്ഡലത്തെ കോളണിയാക്കുന്നത്. ബോസ്നിയയും ഇസ്താംബൂളും മുതല് കൗനിയ വരെയും ഇറാൻ മുതൽ മധ്യ- ദക്ഷിണേഷ്യ വരെയും കോളണികളാക്കപ്പെടുന്നുണ്ട്.’
-ഒമിദ് സാഫി

കുറച്ചാഴ്ചകള്ക്ക് മുമ്പ് ഞാന് ട്വിറ്ററില് പേര്ഷ്യന് കവി ജലാലുദ്ദീന് റൂമിയുടെ ചില വരികള് കണ്ടു. മുമ്പ് ഞാന് സംശയിച്ച കാര്യങ്ങളെ തീര്ച്ചപ്പെടുത്തുന്ന ഒരു ടീറ്റ്. റൂമിയുടെ വരികളെ വിവര്ത്തനം ചെയ്ത് വ്യാപകമായി പടിഞ്ഞാറന് ലോകത്ത് വിതരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നതായിരുന്നു ഞാന് സംശയിച്ച കാര്യം. നാമിന്നേ വരെ ആദരിച്ചു പോന്നവയെ വളച്ചൊടിച്ച് സമകാലിക ലോകത്തിനനുസരിച്ച് കത്രിച്ചതായിരുന്നു ഷെയര് ചെയ്തിരുന്നത്. വെള്ളക്കാരല്ലാത്തവരെ തരം താഴ്ത്തിയും അപരവത്കരിച്ചും കൊളോണിയല് കരങ്ങള് നിയന്ത്രിക്കുന്ന സമകാലിക ലോകമാണ് ഞാന് ഉദ്ദേശിച്ചത്. ആ വിവര്ത്തനത്തിന്റെ ആദ്യ വായനയില് തന്നെ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു- ദൈവ പരാമര്ശങ്ങള് ഒഴിവാക്കിയിട്ടുണ്ട്, ഇസ്ലാമിക പദാവലികളും കാണാനാകില്ല, ഇസ്ലാം എന്നതില്ക്കവിഞ്ഞ് ഒരു ‘സ്നേഹ’ മതത്തിന്റെ ആചാര്യനായാണ് റൂമിയെ ആ വിവര്ത്തനം എന്റെ മനസ്സില് കോറിയിട്ടത്. സ്വല്പം ശങ്കക്ക് വക നല്കുന്നതായിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ ഒരു പേര്ഷ്യന് മുസ്ലിം കവി അവ്യക്തത നിറഞ്ഞ, കയറൂരി വിട്ട നിലക്കുള്ള വരികളൊക്കെ എഴുതുമോ? പിന്നീടാണെനിക്കു മനസ്സിലായത്, പടിഞ്ഞാറന് ലോകത്ത് ജനകീയമായ വിവര്ത്തനങ്ങളെല്ലാം (1) തന്നെ മുമ്പെഴുതപ്പെട്ട ഇംഗ്ലീഷ് വിവര്ത്തനങ്ങളുടെ പരാവര്ത്തനം മാത്രമാണെന്ന്. അവയോ, മുസ്ലിം പദാവലികളെ മന:പൂര്വ്വം മാറ്റിനിര്ത്തുന്നവയും.

പടിഞ്ഞാറില് റൂമിയെ സെലിബ്രിറ്റിയായി തരംതാഴ്ത്തുന്നതില് കാതലായ പങ്കു വഹിച്ചയാളാണ് കോള്മാന് ബാര്ക്സ് (Coleman Barks). റൂമി വിവര്ത്തനങ്ങളുടെ ഒട്ടേറെ പുസ്തകങ്ങള് എഴുതിക്കൂട്ടിയിട്ടുണ്ട് ഇദ്ദേഹം. പടിഞ്ഞാറില് കോഫിക്കൊപ്പം പ്രണയം നുകരാന് ഇയാളുടെ വിവര്ത്തന ഗ്രന്ഥങ്ങളും മേശന്മേലുണ്ടാകും. ഏറ്റം ആക്ഷേപാര്ഹമായ കാര്യമെന്തെന്നാല് ഇദ്ദേഹത്തിന് ഫാരിസി സംസാരിക്കാനറിയില്ല, റൂമി ആരെന്നോ ഇസ്ലാം എന്തെന്നോ പഠിച്ചിട്ടു പോലുമില്ല. മാത്രമല്ല, പതിമൂന്നാം നൂറ്റാണ്ടിലെ മുസ്ലിം ചിന്തകരുടെ പട്ടികയില് നിന്ന് റൂമിയെ കരുതിക്കൂട്ടി ഒഴിവാക്കുകയും ചെയ്യുന്നു. താനിങ്ങനെ ചെയ്തത് മന:പൂര്വ്വമായിരുന്നുവോ അല്ലയോ എന്ന് അറിയില്ലെന്നാണ് റോസിനാ അലിയോട് (ന്യൂയോര്ക്കില് ഇവ്വിഷയകമായി ഇവര് എഴുതിയിട്ടുണ്ട്) ബാര്ക്സ് പറയുന്നത്! പ്രെസ്ബൈറ്റീരിയന് വിശ്വാസി (2) ആയാണ് താന് വളര്ന്നെന്നതു കൊണ്ടു തന്നെ അവലംബം കൊടുത്തിട്ടുള്ളത് ജീസസ് എന്നും ജോസഫ് എന്നുമൊക്കെയാണ് എന്നദ്ദേഹം തുറന്നു പറയുന്നുണ്ട്.

സത്യത്തില് ബാര്ക്സ് മാത്രമൊന്നുമല്ല ഇതിന് ഉത്തരവാദി. ഇസ്ലാമിക പാരമ്പര്യത്തില് നിന്ന് സൂഫി കവിതകളെ എടുത്തു മാറ്റാനുള്ള ശ്രമങ്ങള് വിക്ടോറിയന് കാലഘട്ടത്തിലേ (3) ഉണ്ടായിരുന്നെന്നാണ് റോസിന അഭിപ്രായപ്പെടുന്നത്. ഏഷ്യന്- മിഡില് ഈസ്റ്റേണ് പഠനങ്ങളിലും റൂമി രചനകളിലും തല്പരനായ ഒമിദ് സാഫി പറയുന്നതിങ്ങനെ: ‘സൂഫി രചന നിര്വഹിക്കുന്നവര് മിസ്റ്റിക്കല് ആയത് ഇസ്ലാം കാരണമല്ല, അവരുടെ മിടുക്ക് കൊണ്ടാണെന്ന് വരുത്തിത്തീര്ക്കാനുള്ള ശ്രമങ്ങള് ഏറെ ഉണ്ടായിട്ടുണ്ട്.’ അത്തരമൊരു മിഥ്യാബോധം സൃഷ്ടിക്കുന്നതില് വെള്ളക്കാരായ അക്കാദമിക്സിന് കാതലായ പങ്കുണ്ട്. ദൈവ ഭക്തിയുള്ള മുസ്ലിംകളാണ്, തങ്ങള് ഇഷ്ടപ്പെടുന്ന രചനകള് നിര്വഹിച്ചത് എന്ന സത്യം ഉള്ക്കൊള്ളാന് അവര് സന്നദ്ധരാകുന്നില്ല. (Muslim എന്ന് അമേരിക്കക്കാര് ഉച്ചരിക്കുന്നതിനെ കളിയാക്കുന്ന പ്രയോഗമാണ് Moslem എന്നെഴുതുന്നതിനെ ഞാന് മനസ്സിലാക്കുന്നത്. എന്നാല് ഇന്നേറ്റവും പ്രബലമായ അക്ഷരവിന്യാസമാണിത്.)
ഇംഗ്ലീഷിലേക്ക് മുമ്പേ വിവര്ത്തനം ചെയ്യപ്പെട്ട, പഴങ്കഥ എന്നതിലേക്ക് തരം താഴ്ത്തപ്പെട്ട, സന്ദിഗ്ധമായതും എന്നാല് എന്നാല് കൃത്യതയില്ലാത്തതുമായ രചനകളില് നിന്നാണ് ബാര്ക്സ് തന്റെ വ്യാഖ്യാനങ്ങള് മെനഞ്ഞുണ്ടാക്കുന്നത്. ഇതില് അദ്ദേഹം കാണുന്ന ലക്ഷ്യം റൂമിയെ മോശമായി അവതരിപ്പിച്ച്, ‘വെള്ള’ പൂശുക മാത്രമാണെന്ന് തോന്നുന്നില്ല. മറിച്ച്, ‘അമേരിക്കന് ശ്രോതാക്കള്ക്ക് ആസ്വാദ്യകരമായ നിലയിലേക്ക് റൂമിയെ പരാവര്ത്തനം ചെയ്യുക’ കൂടെയാകണം.

റൂമി ഒരു മുസ്ലിമെങ്കില്

റൂമിയുടെ വിവേകവും ചിന്തയും പടിഞ്ഞാറിലെ പലര്ക്കും മതിപ്പുളവാക്കുന്നതാണ്. അവരതില് നിന്ന് നേട്ടങ്ങള് കൊയ്തിട്ടുമുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ ഈശ്വര ഭക്തിയുള്ള മുസ്ലിം പണ്ഡിതന് എന്ന സ്വത്വത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് പടിഞ്ഞാറ് ചെയ്തത്. ഈ സ്വത്വം അവരോട് സദാ കലഹിക്കുന്നതാണ് താനും. റൂമീ കവിതകളില് നിന്ന് ഇസ്ലാമിനെ പാര്ശ്വവല്ക്കരിക്കേണ്ടതുണ്ട് എന്ന നിഗമനത്തില് ബാര്ക്സ് എത്തിച്ചേരുന്നുണ്ട്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം പടിഞ്ഞാറിന്റെ മത സങ്കല്പം തന്നെയാകണം. മതവും മതാനുയായിയും എന്ന് മാത്രമല്ല, മതവുമായി ബന്ധപ്പെട്ട എന്തെല്ലാമുണ്ടോ അതെല്ലാം തഴയപ്പെടേണ്ടതാണെന്ന പടിഞ്ഞാറന് ചിന്ത തന്നെയാണ് ബാര്ക്സ് അടിസ്ഥാനമായി സ്വീകരിച്ചത്. ഒമിദ് സാഫി നിരീക്ഷിക്കുന്നത് പോലെ, വെള്ളക്കാരല്ലാത്തവര് അക്കാദമിയയിലോ കണ്ടുപിടുത്തങ്ങളിലോ തത്വശാസ്ത്ര ചിന്തകളിലോ ഒന്നും നല്കിയിട്ടില്ലെന്ന് വരുത്തിത്തീര്ക്കാനുള്ള അതി നിഗൂഢ പദ്ധതിയുടെ ഭാഗമാണിതും. ബാര്ക്സിന്റെ വ്യാഖ്യാനങ്ങളെ കുറിച്ച് ഒട്ടും വിമര്ശനമോ രോഷമോ ഉണ്ടായിട്ടില്ലെന്നത് ഭയാനകമാണ്. ജലാലുദ്ദീന് മുഹമ്മദ് ബല്ഖിയോട് ചെയ്തതെന്തെന്നതിനെ പറ്റിയും ജനങ്ങള് അത്രകണ്ട് ബോധവാന്മാരല്ല താനും. ഒരു അഫ്ഗാനി എന്ന നിലക്ക്, പടിഞ്ഞാറില് ഏറെ ആഘോഷിക്കപ്പെട്ട രണ്ട് അഫ്ഗാന് ചിന്തകരില് ഒരാളാണ് റൂമി. പക്ഷേ, അദ്ദേഹത്തെ ഞങ്ങളില് നിന്നും ഞങ്ങളുടെ ചരിത്രത്തില് നിന്നും മാറ്റി നിര്ത്തുന്നത് തീര്ത്തും വേദനാജനകം തന്നെയാണ്.

പ്രശ്നവത്കരിക്കേണ്ടതുണ്ടോ?

റൂമിയെ വക്രീകരിച്ച് അവതരിപ്പിക്കുന്നത് വിശാല ചര്ച്ചകളിലേക്ക് വാതില് തുറന്നിടുന്നുണ്ട്. റൂമിയെ പോലെ ചരിത്രത്തിലെ വേറെയുമെത്രയോ പ്രതിഭാധന്യരെ വെള്ളപൂശിയിട്ടുണ്ടാകും, അതിസമ്പന്നമായ യൂറോപ്യേതര പാരമ്പര്യത്തില് നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടാകും, എന്നതെല്ലാം തീര്ച്ചയാണ്. ഇന്നലെകളിലെ മുസ്ലിം വീരപുരുഷന്മാരെ കോളനി ആഖ്യാനങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും അവരുടെ കൃതികളുടെ മേന്മ പേറുകയുമാണ് പടിഞ്ഞാറ് ചെയ്യുന്നത്. എന്നാലോ, അവരാ കൃതിയെഴുതുന്ന ചരിത്ര പശ്ചാത്തലം, മത പാരമ്പര്യം എന്നിവയെല്ലാം ഇരുട്ടറകളിലേക്ക് തട്ടുകയും ചെയ്യും.

വെള്ളക്കാരല്ലാത്ത ചരിത്ര നായകരെ വെള്ള പൂശുന്നത്ത് പടിഞ്ഞാറന് മേല്ക്കോയ്മക്കും ഇസ്ലാമോഫോബിക് ആഖ്യാനങ്ങള്ക്കും അനിവാര്യമാണല്ലോ. മാത്രവുമല്ല, റൂമിയെ അദ്ദേഹത്തിന്റെ പശ്ചാത്തലത്തില് നിന്ന് മാറ്റി നിര്ത്തുക വഴി, വായനക്കാര് ഇസ്ലാമിന്റെ അതിസുന്ദരമായ ആദ്ധ്യാത്മിക തലങ്ങളെ തിരിച്ചറിയാതെ പോവുകയാണ് ചെയ്യുന്നത്. പടിഞ്ഞാറന് അജണ്ട സത്യത്തില് വായനക്കാരുടെ കണ്ണ് പൊത്തുകയാണ്. കൃതിയുടെ പശ്ചാത്തലം വായിക്കുന്നതിലൂടെ ലഭിക്കുന്ന ഉള്ളറിവ്, എഴുത്തുകാരന് എന്താണ് മനസ്സിലാക്കിയത്, എന്താണ് അനുഭവിച്ചറിഞ്ഞത്, എന്തിനെയാണ് പ്രണയിക്കുന്നത് എന്നെല്ലാം ഉദ്ദേശ്യ പൂര്വ്വം എടുത്തു കളയുകയാണ് ആ അജണ്ട ചെയ്യുന്നത്. ഈശ്വര ഭക്തിയുള്ള, ആയുഷ്കാലം മുഴുവന് താന് വിശ്വസിച്ച മതത്തിനും ദൈവത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു വിശ്വാസിയായ റൂമിയും, അടിസ്ഥാനമില്ലാത്ത ആംഗലേയ പരിഭാഷകളിലൂടെ വായനക്കാരന് മനസ്സിലാക്കുന്ന റൂമിയും തമ്മില് വലിയ അന്തരമുണ്ട്. ഇത്തരം പരിഭാഷകള് റൂമിയുടെ യഥാര്ത്ഥ കൃതിയെ പറ്റിയോ അനുഭവങ്ങളെ പറ്റിയോ ഒന്നും പറഞ്ഞു തരുന്നില്ല. കൃത്യമായ അജണ്ടകള് മുന്നില് കണ്ടുള്ള ചൈനീസ് വിസ്പര് ഗെയിം (4) മാത്രമാണത്. റോസിന പറയുന്നതിങ്ങനെ: ‘റൂമിയെ അംഗീകൃത വിശ്വാസങ്ങള്ക്കെതിര് നില്ക്കുന്നയാള് (heterodox) എന്ന നിലക്കാണ് കാണുന്നതെങ്കില് പോലും അവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരു മുസ്ലിം പശ്ചാത്തലത്തിലാണ് അദ്ദേഹമങ്ങനെ ആയിത്തീരുന്നത്. നൂറ്റാണ്ടുകള്ക്ക് മുമ്പ് തന്നെ ഇസ്ലാമിക സംസ്കൃതിയില് അങ്ങനൊരു സാധ്യത ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയണം. മതം മാത്രമല്ല റൂമീ കൃതികളില് ദര്ശിക്കാനാവുക. അതില് ഇസ്ലാമിക ജ്ഞാനവ്യവഹാരങ്ങളുടെ ചരിത്രവീര്യവുമെല്ലാം വായിച്ചെടുക്കാനാകും.’

അവസാനമായി ചിലത്

നിരാശാജനകമെന്നു പറയട്ടെ, റൂമിയെ വെള്ളപൂശുന്നതിനെ കുറിച്ച് ഗവേഷണം ചെയ്തപ്പോള് ഒരു കാര്യം മനസ്സിലാക്കാനായി- ഈ വിഷയത്തില് വാചാലമാകുന്നവരെല്ലാം ‘എന്തുകൊണ്ട്’ അങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നല്കുന്നില്ല. ആ ചോദ്യത്തിന് മറുപടി നല്കാത്തത്രയും കാലം ഇവ്വിഷയം പരിഹരിച്ചെന്ന് നമുക്ക് പറയാനാകില്ല. പ്രശ്നത്തെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. മുസ്ലിം ചരിത്രത്തെ പുനരാവിഷ്കരിക്കുന്നത്തും, പടിഞ്ഞാറന് അക്കാദമിക ലോകത്ത് വ്യാപിക്കുന്ന ഇസ്ലാമോഫോബിയയും വെള്ളപൂശലും തന്നെയാണ് പ്രശ്നത്തിന്റെ കാതല്. റൂമിയെ വക്രീകരിച്ച് കാണിക്കുന്നതും, എണ്ണമറ്റ വിപ്ലവ വീര്യങ്ങള് തീര്ത്ത യൂറോപ്യേതര പണ്ഡിതര്, ശാസ്ത്രജ്ഞര്, നേതാക്കള് എന്നിവരെ ചരിത്രത്തില് നിന്ന് നിഷ്കാസനം ചെയ്യുന്നതും യൂറോ കേന്ദ്രീകൃത ആഖ്യാനങ്ങള് അതൊരു ആവശ്യമായി കാണുന്നത് കൊണ്ടാണ്. കോളനിവല്ക്കരണ പ്രക്രിയയിലൂടെ മുസ്ലിം ലോകത്തുടനീളം ‘വെള്ളക്കാരനാണ് ഉന്നതന്’ എന്ന ധാരണയെ വ്യവസ്ഥാപിതമായി വ്യാപിപ്പിക്കുകയാണ് ഈ ആഖ്യാനങ്ങള് ചെയ്യുന്നത്.

കളങ്കമേതുമില്ലാത്ത, പടിഞ്ഞാറന് വളച്ചൊടിക്കലുകളില് നിന്ന് മുക്തമായ, വിവര്ത്തനം വായിക്കാന് ജാവിദ് മുജദ്ദിദിയുടേത് (Jawid Mojaddedi) പരിശോധിക്കാവുന്നതാണ്. ഒരു അഫ്ഗാന് ഗവേഷകനായ ഇദ്ദേഹം മസ്നവിയുടെ ഒത്തിരി വാള്യങ്ങള് ഇതിനകം വിവര്ത്തനം ചെയ്തു കഴിഞ്ഞു. ‘റൂമി ഒരു മുസ്ലിം’ ആയിരുന്നെന്ന് അതിലെ വരികളോരോന്നും നിങ്ങളെ ബോധ്യപ്പെടുത്തും. റൂമീ കൃതികളില് ആകൃഷ്ടരായ, അദ്ദേഹത്തിന്റെ ശരിയായ പാരമ്പര്യം തുറന്നു കാട്ടാന് ശ്രമിക്കുന്ന ഒരു പറ്റം പഠിതാക്കള് നടത്തുന്ന Rumi was Muslim എന്ന ക്യാമ്പയിനും ശ്രദ്ധിക്കാവുന്നതാണ്.

Notes:

  1. റൂമിയെ കുറിച്ച് കൂടുതല് എഴുതിയവരില് ഒരാളാകും ബാര്ക്സ്. അദ്ദേഹം പക്ഷേ ചെയ്തിരുന്നത്, പത്തൊമ്പതാം നൂറ്റാണ്ടില് എഴുതപ്പെട്ട വിവര്ത്തനങ്ങള് അമേരിക്കന് ചുവയില് വിശദീകരിക്കുകയായിരുന്നു. (അധികവായനക്ക് : The Erasure of Islam from the Potery of Rumi, Rozina Ali, The New Yorker)
  2. പ്രസ്ബൈറ്റീരിയന് (Presbyterian): ക്രിസ്തു മതത്തിലെ ഒരു പാരമ്പര്യ വിഭാഗമാണിവര്. ഈ ചര്ച്ചിന്റെ വേരുകള് സ്കോട്ട്ലാന്ഡില് ആണെങ്കിലും പടര്ന്നു പന്തലിച്ചത് 1630 കളില് അമേരിക്കയിലാണ്.
  3. വിക്ടോറിയന് കാലഘട്ടം: ഇംഗ്ലണ്ടിന്റെ ചരിത്രത്തില് വിക്ടോറിയ രാജ്ഞി ഭരണം നയിച്ച വര്ഷങ്ങളാണ് വിക്ടോറിയന് കാലഘട്ടം എന്ന് അറിയപ്പെടുന്നത്. 1837 മുതല് 1901 വരെയാണതെന്നാണ് പറയപ്പെടുന്നത്.
  4. ചൈനീസ് വിസ്പര് ഗെയിം: അമേരിക്കയില് കുട്ടികള്ക്കിടയില് പ്രചാരത്തിലുള്ള ഒരു കളിയാണിത്. ടെലഫോണ് ഗെയിം എന്നും ഇത് അറിയപ്പെടുന്നു. കുട്ടികള് വരിവരിയായി നിന്ന് ആദ്യത്തെയാള് രണ്ടാമത്തെ ആളുടെ ചെവിയില് ഒരു കാര്യം പറയുകയും, അക്കാര്യം വരിയിലെ അവസാനയാളിലേക്ക് വരെ ചെവിയില് പറഞ്ഞു പോവുകയാണ് ചെയ്യുക. ഇങ്ങനെ ആദ്യത്തെയാള് പറഞ്ഞതും അവസാനത്തെയാള് പറഞ്ഞതും ഒന്നാണോ എന്ന് പരിശോധിക്കുന്നതാണ് ഈ ഗെയിം.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy