ശൈഖുൽ അക്ബർ ഇബ്നു അറബി(റ): സാരസർവ്വസ്വങ്ങളെ ഉൾവഹിച്ച ജ്ഞാനകടൽ: 4
സയ്യിദ് ഹുസൈന് നസര്‍
വിവ: നിഹാല്‍ പന്തല്ലൂര്‍:
ഇബ്നു അറബി(റ) യുടെ കാഴ്ചപ്പാടിലെ ‘സൃഷ്ടിപ്പ്’ വാനലോകത്തെ പ്രാഗ്രൂപങ്ങളുടെ മേലുള്ള ഉണ്മയുടെ ഒഴുക്കായാണ് ചിത്രീകരിക്കപ്പെടുന്നത്. അങ്ങനെയവയെ ‘ഗുപ്ത നിധികളു’ടെയോ ഉണ്മേതര അവസ്ഥയില്‍ നിന്നോ ബാഹ്യാസ്ഥിത്വത്തിലേക്ക് കൊണ്ടുവരുന്നു. പ്രകാശം പ്രസരിപ്പിക്കുന്ന നിറം ചാര്‍ത്തിയ സ്ഫടിക കഷ്ണങ്ങള്‍ ഉണ്മേതരതയുടെ സ്ഫടികത്തില്‍ വിഭിന്നമായ നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് പോലെ പ്രകാശവും പ്രാഗ്രൂപങ്ങളുമായി (അതായത് സാര്‍വലൗകിക നാമങ്ങളും വിശേഷണങ്ങളും കൊണ്ട്) ഉണ്മ പ്രതീകവല്കരിക്കപ്പെട്ടേക്കാം. അടിസ്ഥാനപരമായി, ദൈവിക യാഥാര്‍ഥ്യം പ്രതിഫലിപ്പിക്കപ്പെടുന്ന സ്ഫടിക്കൂട്ടമാണ് പ്രപഞ്ചം. സാര്‍വലൗകിക മനുഷ്യനില്‍ ഉള്ളടങ്ങിയ ദൈവിക നാമങ്ങളുടെയും വിശേഷണങ്ങളുടെയും ദിവ്യമായ സാക്ഷാത്ക്കാരമാണത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഓരോ മാത്രയിലും ശുദ്ധീകരിക്കപ്പെടുന്ന ജലമൊഴുകുന്ന ശാശ്വത നദിയാണത്. അതേസമയം നദീതടങ്ങളുടെ ഘടനയാല്‍ നിര്‍ണയിക്കപ്പെട്ട പ്രസ്തുത നദിയുടെ പൊതുവായ രൂപത്തെ അത് സംരക്ഷിക്കുകയും ചെയ്യുന്നു. ഓരോ മാത്രയിലും പ്രപഞ്ചത്തിലുടനീളം ഉടലെടുക്കുന്ന ഉണ്മയുടെ പ്രകാശത്തിന്റെ പ്രതീകമാണ് ജലം. ഒഴുക്കിന്റെ പെതുവായ ദിശ നിര്‍ണയിക്കുന്ന പ്രാഗ്രൂപങ്ങളെയാണ് നദീതടം പ്രതീകവല്‍ക്കരിക്കുന്നത്.
മനുഷ്യ വായില്‍ നിന്നുള്ള ശബ്ദോച്ചാരണവുമായും ഇബ്നു അറബി സൃഷ്ടിപ്പിനെ സദൃശ്യപ്പെടുത്തുന്നു. മാനുഷിക ശ്വാസത്തിലൂടെ ആവ്യതിരക്തിതമായ വാക്കുകള്‍ വ്യതിരിക്തമാവുകയും തുടര്‍ന്ന് ഉച്ചരിക്കപ്പെടുകയും ചെയ്യുന്നത് പോലെ, കരുണാമയനും അലിവുറ്റവനുമായ റഹ്മാനായ ദൈവത്തിന്റെ ‘ഊത്തി’ലൂടെ അക്ഷരമാലയിലെ അക്ഷരങ്ങളെ പ്രതീകവല്‍കരിക്കുന്ന പ്രധാന സാധ്യതകള്‍ക്ക് അസ്തിത്വം കൈവരുന്നു. മനുഷ്യ ശ്വാസം വികാസത്തിന്റെയും സങ്കോചത്തിന്റെയും ചംക്രമണത്തിലൂടെ കടന്നു പോകുന്നത് പോലെ, സമാനമായ ചംക്രമണത്തിന്റെ പരസ്പര പൂരകമായ രണ്ട് ഘട്ടങ്ങളിലൂടെ പ്രപഞ്ചവും സഞ്ചരിക്കുന്നു. രണ്ട് ഘട്ടങ്ങള്‍ക്കിടയിലും താത്ക്കാലിക വിഭജനം ഇല്ലാതെതന്നെ ഓരോ മാത്രയിലും അത് നിര്‍മൂലനം ചെയ്യപ്പെടുകയും പുനഃനിര്മിക്കപ്പെടുകയും ചെയ്യുന്നു. സങ്കോചത്തിന്റെ ഘട്ടത്തിലെ ഓരോ മാത്രയിലും ദൈവിക സത്തയിലേക്ക് അത് തിരിച്ചുപോവുകയും വികാസത്തിന്റെ ഘട്ടത്തില്‍ പുനരാവിഷ്ക്കപ്പെടുകയും ബാഹ്യവല്ക്കരിക്കപ്പെടുകയും ചെയ്യുന്നു. അതായത്, ‘സമാനമായ തരത്തില്‍’ ആവര്‍ത്തിക്കപ്പെടാതെ തന്നെ ഓരോ മാത്രയിലും പുതുക്കപ്പെടുന്ന ദൈവിക സത്തയുടെ ദിവ്യാവിഷ്ക്കാരമാണ് പ്രപഞ്ചം. ”ദിവ്യാവിഷ്ക്കാരത്തില് ആവര്‍ത്തനമില്ല” എന്ന് സൂഫികള്‍ തന്നെ പറയാറുമുണ്ട്. ഓരോ സന്ദര്‍ഭത്തിലും സൃഷ്ടിപ്പ് പുതുക്കപ്പെടുകയും അസ്തിത്വത്തിന്റെ സര്‍വ നിമിഷങ്ങളെയും അഭൗതിക ഉത്ഭവത്തിലേക്ക് ഉദ്ഗ്രഥിക്കുന്ന ‘ലംബമാനമായ ഹേതു’വാല് സ്പഷ്ടമായ അതിന്റെ തിരശ്ചീനമായ അനുസ്യൂതത തുളക്കപ്പെടുകയും ചെയ്യുന്നു.
സൃഷ്ടിപ്പിന്റെ ഉദ്ധൃത ആശയം വെച്ചുകൊണ്ട്, പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളുടെ വ്യത്യസ്ത ഭാവങ്ങള്‍ ചിത്രീകരിക്കപ്പെടുന്ന വ്യത്യസ്ത പ്രാപഞ്ചിക മാതൃകകള്‍ ഇബ്നു അറബി(റ) വിശദീകരിക്കുന്നു. പ്രാപഞ്ചിക അസ്തിത്വത്തിന്റെ വ്യത്യസ്ത തലങ്ങള്‍ പ്രതീകവല്‍കരിക്കുന്ന ശിഖിരങ്ങളുള്ള ഒരു മരമായി ഈ പ്രാപഞ്ചിക വ്യവസ്ഥ ചിലപ്പോള്‍ അദ്ദേഹത്തിന് അനുഭവവേദ്യമാകുന്നു. മറ്റു ചിലപ്പോള്‍, പേനയുടെയും കവചിത ഫലകത്തിന്റെയും ഖുര്‍ആനിക ആശയങ്ങളെയും പാരമ്പര്യ ഖുര്‍ആനിക ആന്ജിലോളജി(മാലാഖമാരെ സംബന്ധിച്ചുള്ള ദൈവശാസ്ത്ര സിദ്ധാന്തം)യെയും ഹെര്‍മെറ്റിക് പ്രപഞ്ചശാസ്ത്രത്തിന്റെ സവിശേഷതകളെയും നാല് പ്രകൃതികളെയും അടിസ്ഥാനമാക്കിയാണ് അദ്ദേഹം പ്രപഞ്ചത്തെ സങ്കല്പിക്കുന്നത്. അടിസ്ഥാനപരമായി ഒരു പ്രാപഞ്ചിക മാതൃകയിലേക്ക് പരിമിതപ്പെട്ടതാണ് അതെന്ന ചോദ്യം ഇവിടെ ഉയരുന്നില്ല. കാരണം പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളുടെ വിവധ മാനങ്ങളെ വെളിപ്പെടുത്തുന്ന പലതരം ദൃഷ്ടികളിലൂടെ പ്രാപഞ്ചിക മണ്ഡലം സങ്കല്പിക്കപ്പെടാവുന്നതാണ്. പക്ഷേ, പ്രപഞ്ചശാസ്ത്രത്തിന്റെ ഒട്ടുമിക്ക മാതൃകകളിലെല്ലാം ഇസ്ലാമിക വെളിപാടിന്റെ മൗലിക രൂപവുമായും അറബി ഭാഷയുടെ അക്ഷരങ്ങളും ശബ്ദങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്ന ഖുര്‍ആനും വിശേഷിച്ച് ഇസ്ലാമിക കാഴ്ചപ്പാടുമാണ് ഇബ്നു അറബി(റ) അടിസ്ഥാനമാക്കുന്നത്. എന്നാല്‍ മറ്റുപല അവസരങ്ങളിലും ഹെര്‍മെറ്റിസിസം പോലെയുള്ള ഇസ്ലാമിക പൂര്‍വ ആശയ ധാരകളില്‍ നിന്നും അദ്ദേഹം പല ഘടകങ്ങളും ഉപയോഗിക്കുന്നുമുണ്ട്.
വ്യത്യസ്ത പ്രാപഞ്ചിക സരണികളെ അവയുടെ മൗലിക ഹേതുവിലേക്ക് ബന്ധിപ്പിക്കുകയും എങ്ങനെയാണ് വ്യത്യസ്ത ലോകങ്ങള്‍ പ്രസ്തുത ഹേതുവിന്റെ നിര്‍ണയങ്ങള്‍ ആകുന്നത് എന്ന് കാണിക്കുകയുമാണ് അടിസ്ഥാനപരമായി പ്രാപഞ്ചിക മാതൃക ചെയ്യുന്നത്. ഈ നിര്‍ണയങ്ങള്‍ പല രീതികളില്‍ ഗണിക്കപ്പെടാവുന്നതാണ്.: ‘പ്രിയപ്പെട്ടവന്റെ മുഖം’ മൂടുന്ന ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും പാരമ്പരാഗതമായ ഇരുപത്തിയേഴായിരം മറകളായി അവയെ കണക്കാക്കാം: അല്ലെങ്കില്‍, പ്രാപഞ്ചിക അസ്തിത്വത്തിന്റെ പ്രധാന തലങ്ങള്‍ ഉള്ളടങ്ങിയ ചില അടിസ്ഥാന അവസ്ഥകളിലേക്ക് അവ ചുരുക്കപ്പെടാം. മനുഷ്യന്റെയും ശാരീരിക രൂപങ്ങളുടെ(നാസൂത്)യും ലോകം, നിഗൂഢമായ പ്രകാശങ്ങളുടെ അല്ലെങ്കില്‍ ആത്മാവുള്ള വസ്തുക്കളുടെ (മലകൂത്) ലോകം (സാമ്യതകളുടെ ലോക(ആലമുല്‍ മിസാല്‍)മായും ഇത് സങ്കല്പിക്കപ്പെടുന്നു), രൂപാതീതമായ ആത്മീയ ഉണ്മയുടെ ലോകം (ജബറൂത്ത്), ദൈവിക പ്രകൃതം സമ്പൂര്‍ണ ഗുണങ്ങളോടെ സ്വയം വെളിപ്പെടുത്തുന്ന ലോകം(ലാഹൂത്ത്), ഇവക്കെല്ലാം മുകളില്‍ സര്‍വ നിര്‍ണയങ്ങളെയും അതിലംഘിക്കുന്ന ദൈവിക യാഥാര്‍ഥ്യം(അല്‍ ഹാഹൂത്ത്) എന്നിങ്ങനെ ആരോഹണ ക്രമത്തില്‍ അവയെ സംക്ഷേപിക്കാം. ജ്ഞാനലബ്ധിയുടെയും (ആത്മീയ) സാക്ഷാത്കാരത്തിന്റെയും ദര്‍ശനരീതിയില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ (യഥാര്‍ഥത്തില്‍) നിലനില്‍ക്കുന്ന ഉപര്യുക്ത ലോകങ്ങള്‍, ശാരീരിക സത്തയുള്ളതും ആത്മാവുള്ളവയും ആത്മീയ ആവിഷ്ക്കാരങ്ങളുമെല്ലാം അടങ്ങുന്ന പ്രാപഞ്ചിക ഉണ്മയുടെ പ്രധാന തലങ്ങളെ ഉള്‍കൊള്ളുന്നു. ഈ ലോകങ്ങളെയെല്ലാം സൂഫി നിര്‍ണയിക്കുകയും അവയില്‍ അധിഷ്ഠിതമായ പ്രാപഞ്ചിക ശാസ്ത്രത്തെ സംക്ഷേപിക്കുകയും ചെയ്യുന്നു. ഈ അവസ്ഥകളെല്ലാം തിരിച്ചറിയാനും പ്രാപഞ്ചിക ആവിഷ്ക്കാരത്തിന്റെ സര്‍വ മണ്ഡലങ്ങളിലൂടെയുമുള്ള യാത്രയുടെ പരമമായ ലക്ഷ്യമായ ദൈവവുമായുള്ള സമാഗമ സ്ഥലിയില് എത്തിച്ചേരാന്‍ വേണ്ടി ആ നിര്ണയങ്ങള്ക്കുമപ്പുറം സഞ്ചരിക്കാനുമാണ് സൂഫി അങ്ങനെ ചെയ്യുന്നത്.
സമാഗമം
മനുഷ്യാന്തരത്തില് സൃഷ്ടിക്കപ്പെട്ട ദിവ്യസൗന്ദര്യത്തോടുള്ള അഭിനിവേശത്തിന്റെ ഫലമായി ഉരുവം പ്രാപിക്കുന്ന ദൈവവുമായുള്ള സമാഗമാണ് എല്ലാ സൂഫി ധാരകളുടെയും ലക്ഷ്യം. ഹൃദയം ശുദ്ധീകരിക്കുകയും ഫനായുടെയും ബഖായുടെയും അവസ്ഥകള്‍ കരഗതമാക്കാന്‍ സഹായിക്കുന്ന വ്യത്യസ്ത ആത്മീയ ധാര്‍മികതകള്‍ നേടുകയും ചെയ്തിന് ശേഷമാണ് സാമാന്യഗതിയില്‍ പ്രസ്തുത സമാഗത്തിലേക്ക് എത്തിച്ചേരുക എന്നാണ് കരുതപ്പെടുന്നത്. ഒരു തരത്തിലും വിശദീകരിക്കാന്‍ കഴിയാത്ത പരമമായ അസ്തിത്വവുമായുള്ള പ്രസ്തുത സമാഗമം ഇബ്നു അറബി(റ) സങ്കല്പിക്കുന്നത് മറ്റു സൂഫി ഗുരുക്കന്മാരില് നിന്നും തികച്ചും വ്യത്യസ്തമായാണ്. ദിവ്യജ്ഞാനാര്ജനവും ദൈവികാലോചനയുടെ പരമമായ സന്ദര്‍ഭത്തില്‍ സംഭവിക്കുന്ന ദൈവവുമായുള്ള സമാഗവും ഇതര ജ്ഞാനശാസ്ത്രവാദികള് പറയുന്നത് പോലെ, ഫനായെയും ബഖായെയും വിവക്ഷിക്കുന്നില്ല എന്നാണ് ഇബ്നു അറബി(റ) പറയുന്നത്. തുടക്കം മുതലുള്ള നമ്മുടെ അസ്തിത്വം ദൈവത്തിന്റെ പക്കലാണെന്നും, അവസാനിക്കാന്‍ (നാം) തുടങ്ങിയ ഒരു അസ്തിത്വം നമുക്കില്ല എന്നും തിരിച്ചറിയുക എന്നാണ് അത് അര്‍ഥമാക്കുന്നത്. എല്ലാ അസ്തിത്വങ്ങളും ദൈവിക ഉണ്മയുടെ ഒരു കിരണം മാത്രമാണെന്നും അവയിലൊന്നിനും യാതൊരു തരത്തിലുമുള്ള അസ്തിത്വമില്ല എന്നുമാണ് അത് അര്‍ഥമാക്കുന്നത്. ഇബ്നു അറബി(റ) എഴുതുന്നു:
‘ദൈവത്തെ അറിയുന്ന അധികപേരും ഫനായും ബഖായും ദൈവിക ജ്ഞാനം കരഗതമാക്കാനുള്ള അവസരമാക്കിയവരാണ്. അതൊരു പിഴച്ച കാഴ്ച്ചപ്പാടും ഗുരുതരമായ പിശകുമാണ്. കാരണം ദൈവിക ജ്ഞാനം ഫനായെയോ ബഖായെയോ മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. വസ്തുക്കള്‍ക്ക് അസ്തിത്വം ഇല്ലാത്തതിനാല്‍, നിലനില്‍ക്കാത്ത അത്തരം വസ്തുക്കള്‍ ഫനായാകാന് പാടില്ല. കാരണം ഒരു വസ്തു നിലനില്ക്കുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിന്റെ ഉണ്മയുടെ സ്ഥാപനമാണ്. അതാകട്ടെ, ബഹുദൈവവാദവുമാണ്. അതുകൊണ്ട്, അസ്തിത്വമില്ലാതെയും ഫനായാവാതെയും നീ സ്വയം തിരിച്ചറിഞ്ഞാല്‍ നിനക്ക് ദൈവത്തെ മനസ്സിലാക്കാം. മറിച്ചാണെങ്കില്‍ ദൈവത്തെ അറിയാന്‍ കഴിയുകയുമില്ല.’
‘ഫലപ്രാപ്തി’യുടെ ദര്‍ശനകോണിലൂടെ വീക്ഷിച്ചാല്‍ ദിവ്യസൗന്ദര്യത്തോടുള്ള പ്രണയത്തിലൂടെ ഉണ്ടായ ആത്മീയ സമാഗമം സൂചിപ്പിക്കുന്നത് ദിവ്യപ്രകൃതം മാനുഷിക പ്രകൃതത്തിന്റെ ഉള്ളടക്കമാകുന്നുവെന്നും മാനുഷിക പ്രകൃതം ദിവ്യപ്രകൃതത്തില് ഉള്‍ചേര്‍ന്നു കിടക്കുന്നതും അതിനെ വലയം ചെയ്യുന്നതുമാണെന്നുമാണ്. സിദ്ധാന്തമെന്നതിലുപരി ആത്മീയാനുഭവത്തിന്റെ വീക്ഷണ കോണില്‍ നിന്നുമാണ് ഈ അവസ്ഥ പരിഗണിക്കപ്പെടുന്നത് എന്നതിനാല്‍, അവര്‍ണനീയമായ അസ്തിത്വമായ ദൈവവുമായുള്ള സമാഗത്തിന്റെ അനുഭവാത്മക സ്വഭാവം അവതരിപ്പിക്കാന്‍ ഓരോ ബന്ധവും പ്രതിപാദിക്കേണ്ടതുണ്ട്. ദൈവം മനുഷ്യനില്‍ സന്നിഹിതനാണെന്നും മനുഷ്യന് ദൈവത്തില്‍ നിലീനമാണെന്നും പറയുന്നത് അങ്ങനെയാണ്. മാനുഷിക നയനങ്ങളിലൂടെ കാണുകയും ചെവിയിലൂടെ കേള്‍ക്കുകയും ചെയ്യുന്ന സത്തയുടെ പ്രകാശനമായി ദൈവം മാറുന്നു എന്നതാണ് ആദ്യ രീതിയിലെ സങ്കല്പിക്കപ്പെട്ട സമാഗമം കൊണ്ട് അര്‍ഥമാക്കുന്നത്. അതേസമയം, രണ്ടാമത്തെ രീതിയില്‍ മനുഷ്യന് ദൈവത്തില്‍ സന്നിവേശിതനാവുകയും അവനിലൂടെ കാണുകയും അവനിലൂടെ കേള്‍ക്കുകയും ചെയ്യുകയാണ്. ഒരു ഖുദ്സിയായ ഹദീസില്‍ അക്കാര്യം പറയുന്നത് ഇങ്ങനെയാണ്: ‘എന്നെ ആരാധിക്കുന്നവനെ ഞാന്‍ സ്നേഹിക്കുന്നത് വരെ അവന് എന്റെ സമീപസ്ഥനായി മാറില്ല. ഞാനവനെ ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ അവന് കേള്‍ക്കുന്ന കേള്‍വിയും അവന് ദര്‍ശിക്കുന്ന കാഴ്ചയും അവന് പിടിക്കുന്ന കൈയും അവന് നടക്കുന്ന കാല്പാദവും ഞാനായി മാറും’
സമാഗമാവസ്ഥയില് മനുഷ്യന്റെ വ്യക്തിപരത നിഷ്പ്രഭമാവുകയും അവന് ദൈവിക പ്രകാശത്തില്‍ നിലീനമാവുകയും ചെയ്യുന്നു. ലോകവും മനുഷ്യനും ദൈവത്തിന്റെ നിഴല്‍ പോലെയാണ്. ആത്മീയത പുലര്‍ത്തുന്ന മനുഷ്യനില്‍ ഉള്‍ചേര്‍ന്നു കിടക്കുന്ന പ്രസ്തുത നിഴലാണ് അവനുള്ളില്‍ ദിവ്യ സാന്നിധ്യത്തിലൂടെ സുതാര്യവും പ്രകാശമാനവുമായി മാറുന്നത്. ഒരു വ്യക്തിയും ദൈവവുമായുള്ള ബന്ധത്തെ കുറിച്ച് ‘ഫൂസ്വൂസ്വുല് ഹിക’മില്‍ ഇബ്നു അറബി(റ) പറയുന്നത് ഇപ്രകാരമാണ്:
‘നിഴലിനൊപ്പം ഉത്ഭവിക്കുന്ന പ്രകാശം പോലെയാണത്. പ്രകാശത്തിന് വേണ്ടിയുള്ള ഒരു പശ്ചാത്തലം മാത്രമമാണ് പ്രസ്തുത നിഴല്‍. മാത്രമല്ല, സുതാര്യത മൂലം പ്രകാശമാനവുമാണത്. പരമസത്യമായ ദൈവത്തെ തിരിച്ചറിയുകയും മനസില്‍ ദൈവിക ഗുണങ്ങള്‍ ആവിഷ്കൃതമാവുകയും ചെയ്ത മനുഷ്യനും ഇതിനു സമാനമാണ്. ഖുദ്സിയായ ഹദീസില്‍ പ്രാവചകന്(സ) നല്കിയ അടയാളങ്ങള്‍ തികഞ്ഞ മനുഷ്യര്‍ (ദൈവം കേള്‍വിയും കാഴ്ചയും ബൗദ്ധികശേഷിയും അവയവങ്ങളും ആയിമാറിയവര്‍) നമുക്കിടയിലുണ്ട്.’
മനുഷ്യ ജീവിതത്തിന്റെ പരിപൂര്‍ണതയും ജ്ഞാനവാദിയുടെ ആത്യന്തിക ലക്ഷ്യവുമായ പ്രസ്തുത സമാഗമത്തിന്റെ പരമമായ അവസ്ഥ, നിയമപരമായ പ്രാര്‍ഥനകള്‍ മുതല്‍ സര്‍വ പ്രാര്‍ഥനകളുടെയും രത്നച്ചുരുക്കമായ ദൈവിക നാമങ്ങള്‍ ഉരുവിടുന്ന താളത്തില്‍ സൂഫിയുടെ ഹൃദയാന്തര്‍ഭാഗം മിടിക്കുന്ന സൃഷ്ടിപരമായ പ്രാര്‍ഥന (ശ്വാസോച്ഛോസത്തിലെ ദിക്റ് അഥവാ ദിക് റുൽ അൻഫാസ്) വരെയുള്ള ആത്മീയ രീതികള്‍ പ്രായോഗികമായി അനുവര്‍ത്തിച്ചതിന്റെ ഫലമാണ്. എല്ലാ ദിവ്യാവിഷ്കാരങ്ങളെയും അവയുടെ ഉറവിടത്തിലേക്കും ഉത്ഭവത്തിലേക്കും തിരിച്ചെത്തിക്കുന്ന സഹാനുഭൂതി മുഖാന്തിരം ക്രമേണ ദിവ്യസാന്നിധ്യത്തെ സ്വാത്മാവിലേക്ക് ആകര്‍ഷിക്കുന്ന ആന്തരിക ശുദ്ധീകരണത്തിന്റെയും സൃഷ്ടിപരമായ പ്രാര്‍ഥനയുടെയും പ്രാധാന്യത്തെ കുറിച്ച് പേര്‍ത്തും പേര്‍ത്തും ഇബ്നു അറബി(റ) വാചാലനാകുന്നു.
ദൈവത്തോടുള്ള സൂഫിയുടെ നമസ്കാരത്തില്‍ മനുഷ്യന് ദൈവത്തോട് പ്രാര്‍ഥിക്കുകയും ദൈവം മനുഷ്യനുമേല്‍ ‘അനുഗ്രഹം ചൊരിയുകയും’ അത് മനുഷ്യാത്മാവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. എല്ലാ അഴുക്കുകളില്‍ നിന്നും ഹൃദയം ശുദ്ധീകരിക്കപ്പെടുകയും അതിലെ അതാര്യതയെല്ലാം നശിച്ചുപോവുകയും ചെയ്യുന്ന ആന്തരിക പ്രാര്‍ഥനയുടെ പരിപൂര്‍ണ രൂപവും പരിണതിയുമായ പരിശുദ്ധമായ ദൈവിക പരിചിന്തനാവസ്ഥയില്, ‘ദൈവം തന്റെ പേരുകളും അവയുടെ തത്വങ്ങളും സംഭവ്യമാക്കുന്ന ദര്‍പ്പണമാണ് നീ എന്നതുപോലെ, താന്‍ സ്വയം ദര്‍ശിക്കുന്ന ദര്‍പ്പണമാണ് ദൈവം’ എന്ന് മനുഷ്യന് മനസ്സിലാക്കുന്നു. ഇപ്പോള്‍ അവന്റെ നാമങ്ങള്‍ അവനല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ട് പരമമായ യാഥാര്‍ഥ്യം (ബന്ധങ്ങളുടെ സാധര്‍മ്യം) നേര്‍വിപരീതമാണ്. ആത്യന്തികമായി, രക്ഷിതാവ് (റബ്ബ്) രക്ഷിതാവായും അടിമ (മര്ബൂബ്) അടിമയായും അവശേഷിക്കുന്നു. അതേസമയം ആത്മീയത പുലര്‍ത്തുന്ന മനുഷ്യന് തന്റെ സ്വന്തം യാഥാര്‍ത്ഥ്യം പരിചിന്തനം നടത്തുന്ന ദര്‍പ്പണമായി ദൈവം മാറുകയും ദൈവം അവന്റെ നാമങ്ങളും വിശേഷണങ്ങളും സംഭാവ്യമാക്കുന്ന ദര്‍പ്പണമായി മനുഷ്യനും മാറുകയും ചെയ്യുന്നു. അതുകൊണ്ട്, പ്രപഞ്ചം സൃഷ്ടിക്കാന്‍ ഹേതുവായ ഗുപ്തമായ വൈജ്ഞാനിക നിധികളുടെ സാരാംശങ്ങളെ ദൈവം അറിയിക്കുന്ന സൃഷ്ടിപ്പ് പ്രക്രിയ സൂഫി സാധകന്റെ ഹൃദയത്തില്‍ കൈവരുന്നു.
മതങ്ങളിലെ ഏകത
ഇബ്നു അറബി(റ) യുടെ സിദ്ധാന്തങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എല്ലാ മതങ്ങളുടെയും ആന്തരിക സാരാംശങ്ങളില്‍ ദൃശ്യമാകുന്ന ഏകത. പ്രസ്തുത ആശയം സൂഫികള്‍ പൊതുവെ അംഗീകരിക്കാറുണ്ടെങ്കിലും ഇബ്നു അറബി(റ) യെ പോലെ അവരൊന്നും അക്കാര്യം സവിസ്തരം ചര്‍ച്ച ചെയ്തിട്ടില്ല. മുമ്പ് പ്രതിപാദിച്ചത് പോലെ സര്‍വ വെളിപാടുകളും ഉറവെടുക്കുന്ന പരമമായ കേന്ദ്രത്തെ പ്രതിയുള്ള ദിവ്യദര്ശനാത്മക വീക്ഷണം ഇബ്നു അറബി(റ)ക്ക് ആദ്യകാലത്തേ ഉണ്ടായിരുന്നു. തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍, ഇസ്ലാമികപൂര്‍വ പാരമ്പര്യങ്ങളിലെ ആത്മീയ ധ്രുവങ്ങളെ കുറിച്ചും അദ്ദേഹം എഴുതിയിരുന്നു. എല്ലാ പ്രവാചകന്മാരും പരമമായ ദൈവിക വചനപ്പൊരുളിന്റെ ഓരോ വശങ്ങളാണെന്നും പ്രസ്തുത പ്രവാചകന് സ്വയം ഒരു വചനപ്പൊരുളാണെന്നും സ്ഥാപിക്കുന്നതിലൂടെ ദൈവിക വെളിപാടുകളുടെ സാര്‍വലൗകികത എന്ന തത്വം വചനപ്പൊരുളിനെ കുറിച്ചുള്ള ഇബ്നു അറബി(റ)യുടെ സിദ്ധാന്തം പരോക്ഷമായി ഉള്‍കൊള്ളുന്നുണ്ട്. അതിലുപരി, മറ്റു മതങ്ങളുടെ കൃത്യമായ വിവരങ്ങള്‍ പഠിച്ചെടുക്കാനും അവയുടെ ബാഹ്യമായ ഘടനകള്‍ക്കകത്ത് ഗുപ്തമായി കിടക്കുന്ന പ്രാപഞ്ചികാര്ഥങ്ങളെ സാധ്യമാകും വിധം പ്രായോഗികമായ തരത്തില്‍ വേര്‍തിരിക്കാനും ഇബ്നു അറബി(റ) പരിശ്രമിച്ചു. ഇക്കാലത്ത് മറ്റു മതങ്ങളുമായുള്ള താരതമ്യം അന്വേഷിക്കുവാനും പഠിക്കുവാനും മുസ്ലിംകള് നടത്തുന്ന എല്ലാ ശ്രമങ്ങളും ഇബ്നു അറബി(റ)യും റൂമി(റ)യും ശിലപാകിയ ബലിഷ്ഠമായ അടിത്തറയിന്മേലാണ് നിലകൊള്ളുന്നത്.
അന്തസാരങ്ങളിലേക്ക് എത്തിച്ചേരാന്‍ വേണ്ടി ദൈവിക വെളിപാടുകളുടെ ബാഹ്യതലങ്ങളെ അതിലംഘിക്കുവാനുള്ള ഇബ്നു അറബി(റ)യുടെ ശ്രമങ്ങള്‍ ഒരിക്കലും ‘താഴെനിന്നുള്ള’ അവയുടെ നിരാകരണമായിരുന്നില്ല. വാസ്തവത്തില്‍, മതത്തിന്റെ സൈദ്ധാന്തികമായ വ്യവസ്ഥകളെയും ബാഹ്യമായ ആചാരങ്ങളെയും-മാത്രം സ്വീകരിച്ച് സത്തയെ ഉപേക്ഷിക്കുന്ന സമീപനത്തെ-സ്വീകരിക്കുന്നതിനെ നിരാകരിക്കുകയായിരുന്നു അദ്ദേഹം. അതിലുപരി, മതത്തിന്റെ അവിഭാജ്യ ഘടകവും ‘സ്വര്‍ഗത്തില്‍’ നിന്ന് വെളിപാടിറങ്ങിയവയും ഒരു മനുഷ്യന് തന്റെ ആത്മീയാന്വേഷണം ഫലപ്രദമാണെങ്കില്‍ നിര്‍ബന്ധമായും താദാത്മ്യപ്പെടേണ്ടതുമായ ബാഹ്യതലത്തിലുള്ള ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അതിവർത്തിക്കുന്നതിലൂടെ അവയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് ബാഹ്യമായ അവയുടെ പുറംതോട് പൊട്ടിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത്തരം ബാഹ്യാര്ഥവാദപരമായ മതകീയ വശങ്ങളിലൂടെയാണ് -ഇവ ഉണ്ടായത് കൊണ്ടല്ല- ഇബ്നു അറബി(റ) മറ്റു സൂഫികളെ പോലെ തന്നെ ദൈവിക വെളിപാടിന്റെ സാര്‍വകാലികവും ആന്തരികവുമായ അര്‍ഥങ്ങള്‍ കണ്ടെത്താന്‍ യത്നിച്ചത്.
അടിസ്ഥാനപരമായി മതത്തിന്റെ ഔദ്യോഗികവും ബാഹ്യവുമായ വശങ്ങളെ അതിവർത്തിക്കുക എന്നതിന്റെ അര്‍ഥം ഇദംപ്രഥമമായി ഒരാള്‍ പ്രസ്തുത വശങ്ങള് സ്വായത്തമാക്കേണ്ടതുണ്ട് എന്നതാണ്. സ്വന്തം വരുതിയില്‍ ഇല്ലാത്തതിനെ ഒരാള്‍ക്ക് അതിവർത്തിക്കാൻ കഴിയില്ല. മറ്റൊരു കാര്യം കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗവും പരമ്പരാഗതമായ ഇസ്ലാമിക പ്രാര്‍ഥനകള്‍ പ്രാര്‍ഥിച്ചും കുറ്റങ്ങള്‍ക്ക് ദൈവത്തോട് പശ്ചാതാപമിരന്നും ഖുര്‍ആന്‍ പാരായണം ചെയ്തും, ദൈവിക നാമങ്ങള്‍ ഉരുവിട്ടുമാണ് ഇബ്നു അറബി(റ) കഴിച്ചുകൂട്ടിയത്. ഈ ചര്യകളുടെ സഹായത്താലായിരുന്നു-ഇവ ഉണ്ടായതുകൊണ്ടല്ല-ദൈവിക വെളിപാടിലൂടെ സ്ഥാപിതമായ സരണികളെല്ലാം ഓരേ ലക്ഷ്യത്തിന്റെ ഗിരിശൃംഖങ്ങളിലേക്ക് നയിക്കുമെന്നും ദൈവിക മതത്തിന് അനുസൃതമായി ജീവിക്കുന്നത് മറ്റു മതങ്ങളുടെ യഥാർത്ഥ ആത്മസത്തയോട് താദാത്മ്യപ്പെടലാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞത്. ദൈവിക വെളിപാടുകളിലൂടെ സ്ഥാപിതമായ പ്രസ്തുത വ്യവസ്ഥകളുടെ മധ്യത്തില്‍ വെച്ചാണ് രൂപമില്ലാത്തവനും പ്രാപഞ്ചിക സത്യവുമായ ദൈവത്തെ അദ്ദേഹം കണ്ടെത്തിയത്. തദ്വിഷയകമായി പ്രസിദ്ധമായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
‘എന്റെ ഹൃദയം എല്ലാ വ്യവസ്ഥകളെയും ഉള്‍കൊള്ളാന്‍ ത്രാണി നേടിയിരിക്കുന്നു.
സ്നേഹത്തിന്റെ മതമാണ് ഞാന്‍ പിന്തുടരുന്നത്. സ്നേഹത്തിന്റെ ഒട്ടകങ്ങള്‍ ഏതുപാത സ്വീകരിച്ചാലും അതാണെന്റെ മതവും വിശ്വാസവും.’
സൂഫിസം ഇബ്നു അറബിക്ക് ശേഷം
സൂഫിസത്തില്‍ ഇബ്നു അറബി(റ) ചെലുത്തിയ സ്വാധീനം വിവരണാതീതമാണ്. പില്ക്കാലത്ത് വിരചിതമായ സൂഫി സൈദ്ധാന്തിക വ്യാഖ്യാനങ്ങളൊക്കെയും ഒരു നിലക്കല്ലെങ്കില് മറ്റൊരു നിലക്ക് അദ്ദേഹത്തിന്റെ കൃതികളാല്‍ സ്വാധീനിക്കപ്പെട്ടവയാണ്. പില്ക്കാല തലമുറയിലെ പലരും ചില വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ആശയങ്ങളോട് വിയോജിക്കുന്നുണ്ടെങ്കില്‍ പോലും അവരില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനം വിസ്മരിച്ചുകൂടാ. ക്ഷിപ്രവേഗത്തില്‍ അദ്ദേഹത്തിന്റെ രചനകള്‍ ഇസ്ലാമിക ലോകത്താകമാനം വ്യാപിച്ചു. സൂഫി തത്പരര്‍ അദ്ദേഹത്തിന്റെ ഗദ്യ കൃതികള്‍ പഠിക്കുവാനും വ്യത്യസ്ത സൂഫി സരണികളുടെ സാവിയകളില് (സൂഫി പര്‍ണശാലകള്‍) അദ്ദേഹത്തിന്റെ കവിതകള്‍ ആലപിക്കപ്പെടാനും തുടങ്ങി. ഏഴു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇക്കാലത്തും അദ്ദേഹത്തിന്റെ ഗദ്യകൃതികള്‍ പഠനവിധേയമാക്കപ്പെടുകയും പദ്യങ്ങള്‍ ആലപിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഇസ്ലാമിന്റെ കിഴക്ക് പ്രദേശങ്ങളില്‍ ഇബ്നു അറബി(റ) യുടെ സിദ്ധാന്തങ്ങള്‍ക്ക് പ്രചാരം ലഭിക്കാനുള്ള പ്രധാന കാരണം മഹാനായ സൂഫി ഗുരുവായ സദ്റുദ്ദീന്‍ ഖൂനവി(റ)യാണ്. ഇബ്നു അറബി(റ) യുടെ കൃതികള്‍ക്ക് ടിപ്പണി ചെയ്ത അദ്ദേഹം തന്റെ ഗുരുവിന്റെ സിദ്ധാന്തങ്ങള്‍ വിശദീകരിക്കുന്ന സ്വതന്ത്ര കൃതികളും രചിക്കുകയുണ്ടായി. കിഴക്കന്‍ പ്രദേശങ്ങളില്‍ ഇബ്നു അറബി(റ) യുടെ സിദ്ധാന്തങ്ങള്‍ക്ക് ലഭിച്ച പ്രചാരത്തിന്റെ പ്രധാന മാര്‍ഗങ്ങളെല്ലാം അടിസ്ഥാനപരമായി സദ്റുദ്ദീന്‍ ഖൂനവി(റ) മുഖേനയാണെന്ന് കാണാം. പേര്‍ഷ്യന്‍ ഭാഷയിലെ ‘ഫൂതുഹാത്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജലാലുദ്ധീന്‍ റൂമി(റ) യുടെ അടുത്ത കൂട്ടുകാരനും ദൈനംദിന നിസ്കാരങ്ങളില്‍ റൂമി(റ) യുടെ ഇമാമും ആയിരുന്നു സദ്റുദ്ദീന്‍ ഖൂനവി(റ). ഇബ്നു അറബി(റ)യും റൂമി(റ) യും തമ്മിലുള്ള ബന്ധം സദ്റുദ്ദീന്‍ ഖൂനവി(റ) മുഖേനയാണ് അന്വേഷിക്കേണ്ടത്. പേര്‍ഷ്യന്‍ ഭാഷ നിലനില്ക്കുകയും സംസാരിക്കപ്പെടുകയും ചെയ്യുന്ന സൂഫി പ്രദേശങ്ങളില്‍ ഇസ്ലാമിക ആത്മീയതയുടെ ഗിരിശൃംഖമായി നിലകൊള്ളുന്ന സൂഫിയാണ് ജലാലുദ്ദീന്‍ റൂമി(റ). സുഹ്രവര്‍ദി(ഖതീൽ) യുടെ ‘ഹിക്മതുല്‍ ഇഷ്റാഖി’ന് വ്യാഖ്യാനമെഴുതിയ ഖുത്ബുദ്ദീന്‍ ഷീറാസിയുടെ അധ്യാപകനായിരുന്നു സദ്റുദ്ദീന്‍ ഖൂനവി(റ). മാത്രമല്ല, ഖുതുബുദ്ദീന്‍ ശീറാസിയുടെ അധ്യാപകനായ നാസിറുദ്ദീന്‍ ത്വൂസിയുമായി ആധ്യാത്മികശാസ്ത്രത്തിലെ അടിസ്ഥാനപരമായ ചോദ്യങ്ങളെ സംബന്ധിച്ച് അദ്ദേഹം കത്തിടപാടുകള്‍ നടത്തിയിരുന്നു. ഇബ്നു അറബി(റ) യുടെ സിദ്ധാന്തങ്ങളെ കുറിച്ച് സദ്റുദ്ദീന്‍ ഖൂനവി(റ) എടുത്ത ഒരു ക്ലാസില്‍ ആകൃഷ്ടനായാണ് പേര്‍ഷ്യയിലെ കവിയായ ഫക്റുദ്ദീന് അല്‍ അറഖി ‘ലമആത്’ എന്ന ഗ്രന്ഥം രചിക്കുന്നത്. മറ്റേതൊരു ഗ്രന്ഥത്തേക്കാളുമുപരി പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന ലോകത്തിന് ഇബ്നു അറബി(റ)യെ പരിചയപ്പെടുത്തുന്നതില്‍ ഏറെ വിജയം വരിച്ച ഗ്രന്ഥമാണ് ‘ലമആത്’.
അല്‍ നാബുലുസി, അല്‍ കാഷാനി, അല്‍ ഖയ്സരി, ബാലി അഫന്ദി, ഇബ്നു അറബി(റ)യുടെ കൃതികള്‍ക്ക് ഒട്ടനവധി വ്യാഖ്യാനങ്ങള്‍ എഴുതുകയും അല്‍ അറഖിയുടെ ‘ലമആത്തി’ന് ‘അശിഅതു ലമആത്’ എന്ന ഗ്രന്ഥമെഴുതുകയും ചെയ്ത പേര്‍ഷ്യന്‍ കവി ജാമി(റ) എന്നിവരെല്ലാമാണ് ഇബ്നു അറബി(റ) യുടെ ആശയധാരയുടെ പ്രധാന വ്യാഖ്യാതാക്കള്‍. സൂഫി സിദ്ധാന്തങ്ങളുടെ ഒരു കൈപുസ്തകമായ ‘അശിഅതു ലമആത്’ ഇന്നും പേര്‍ഷ്യയില്‍ പഠിപ്പിക്കപ്പെടുന്നുണ്ട്. ‘ഫുസ്വൂസ്വുല്‍ ഹികമി’ന്റെ വ്യാഖ്യാനമെന്ന നിലക്ക് ‘അല്‍ ഇന്‍സാനുല്‍ കാമില്‍’ എന്ന ഗ്രന്ഥം എഴുതിയ അബ്ദുല്‍ കരീം ജീലി(റ), ഇബ്നു അറബി(റ)യുടെ സൂഫി സിദ്ധാന്തങ്ങള്‍ ദിവ്യചാരുതയാര്ന്നതും മാസ്മരികമായ സ്വച്ഛതയോടെയും പേര്‍ഷ്യന്‍ കാവ്യവരികളില്‍ സംക്ഷേപിക്കുന്ന ‘ഗുല്‍ഷനെ റാസ്’ എഴുതിയ മഹ്മൂദ് ശബിസ്തരി എന്നിവരും ഈ മേഖലയിലെ അവിസ്മരണീയ സാന്നിധ്യങ്ങളാണ്.
ഇബ്നു അറബിയുടെ ആധ്യാപനങ്ങള് വലിയ തോതില്‍ അവലംബിച്ച മുല്ല സദ്റയെ പോലുള്ള പേര്‍ഷ്യന്‍ സൂഫിമാരുടെ സിദ്ധാന്ത രൂപീകരണങ്ങളില്‍ അത് പ്രബലമായ പങ്കുവഹിക്കുകയും ചെയ്തു. മറ്റു മുസ്ലിം രാഷ്ട്രങ്ങളിലും ഇബ്നു അറബി(റ) യുടെ സിദ്ധാന്തങ്ങളുടെ അനുയായികള്‍ വളര്‍ന്നുവന്നു. ഇന്ത്യയിലും അനാതോലിയയിലും സിറിയയിലും ഈജിപ്തിലുമെല്ലാം വിരചിതമായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്കുള്ള വ്യാഖ്യാനങ്ങളുടെ ബാഹുല്യം അതാണ് സൂചിപ്പിക്കുന്നത്. ഈജിപ്തിലെ ശഅറാനിയെ പോലെയുള്ള പണ്ഡിതന്മാര് ഇബ്നു അറബി(റ) യുടെ കൃതികള്‍ക്ക് വ്യാഖ്യാനം എഴുതിയത് വാള്യങ്ങള്‍ നീക്കിവെച്ചു കൊണ്ടായിരുന്നു.
പടിഞ്ഞാറിലെ ഔദ്യോഗിക (പണ്ഡിത) വൃത്തങ്ങളില്‍ തന്റെ കൃതികള്‍ കൂടുതലായി അറിയപ്പെട്ടിരുന്നില്ലെങ്കിലും അവിടെയും അദ്ദേഹം സ്വാധീനം ചെലുത്തിയിരുന്നു. (ഇറ്റലിയിലെ) ഫ്ളോറന്‍സുകാരനായ കവി ദാന്തെയെ പോലുള്ള പടിഞ്ഞാറിലെ കവികളില്‍ പരോക്ഷമായി ഇബ്നു അറബി(റ) സ്വാധീനം ചെലുത്തിയതായി കാണാം. സൂഫികളുമായി ദാന്തെ ഒരുപാട് സമാനതകള്‍ പുലര്‍ത്തുന്നുണ്ട്. ഓഡര്‍ ഓഫ് ടെംപിളിലൂടെയുള്ള സവിശേഷമായ ചരിത്രപരമായ ബാന്ധവം മാത്രമല്ല അതിനു കാരണം. ക്രിസ്ത്യന്‍ പാരമ്പര്യ പശ്ചാത്തലത്തില്‍ സൂഫികളോട് സമാനമായ പ്രാപഞ്ചിക വീക്ഷണവും ആത്മീയാനുഭവങ്ങളുമാണ് അടിസ്ഥാനപരമായി ദാന്തെ അവതരിപ്പിക്കുന്നത്. റെയ്മണ്ട് ലല്ലിനെ പോലുള്ള അക്കാലത്തെ മറ്റു ക്രിസ്ത്യന്‍ ആന്തരാര്ഥവാദികളിലും ഇബ്നു അറബി(റ) യുടെ നേരിട്ടുള്ള സ്വാധീനം കാണാം. പ്രപഞ്ചത്തെയും മനുഷ്യനെയും കുറിച്ചുള്ള സാമാനമായ വീക്ഷണങ്ങള്‍ പങ്കുവെച്ചുകൊണ്ട് പടിഞ്ഞാറിലെ ക്രൈസ്തവ ലോകവും കിഴക്കിലെ ഇസ്ലാമിക ലോകവും ഏറെക്കുറെ ഒരുപോലെയുള്ള നാഗരിക വ്യവസ്ഥകളില്‍ ജീവിച്ചുപോന്ന കാലമായിരുന്നു അത്. രണ്ട് നാഗരികതകള്ക്കിടയിലും അനവധി സമാനതകള്‍ ഉണ്ടെങ്കിലും ദൈവശാസ്ത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങളില്‍ ധാരാളം വ്യത്യാസങ്ങളും നിലനിന്നിരുന്നു.
ആധുനിക കാലത്ത്, സൂഫിസം അഭിവൃദ്ധി പ്രാപിക്കുന്ന ഇടങ്ങളിലൊക്കെ ഇബ്നു അറബി(റ) യുടെ സ്വാധീനം കാണാം. ഇന്ത്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, പേര്‍ഷ്യ തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളില്‍ അദ്ദേഹത്തിന്റെ രചനകള്‍ അദ്ധ്യാപനം നടത്തപ്പെടുകയും വ്യാഖ്യാനങ്ങള്‍ എഴുതപ്പെടുകയും ചെയ്യുന്നുണ്ട്. ദമസ്കസിലെ അദ്ദേഹത്തിന്റെ മസാര്‍ സൂഫികളുടെ സംഗമ സ്ഥാനമാണ്. ഈജിപ്തിലെയും നോര്‍ത്ത് ആഫ്രിക്കയുടെ മറ്റു പ്രദേശങ്ങളിലെയും സൗഹൃദസദസ്സുകളുടെ വാരാന്ത സമ്മേളനങ്ങളില്‍ അദ്ദേഹത്തിന്റെ സങ്കീര്‍ത്തനം ആലപിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മൊറോക്കയിലെ ശൈഖ് മുഹമ്മദ് താദിലിയെയും ഈ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള സൂഫികളില്‍ ഒരാളായ അള്‍ജീരിയന്‍ സ്വദേശി ശൈഖ് അലവിയെയും പോലുള്ള സൂഫി ഗുരുക്കന്മാരെല്ലാം ഇബ്നു അറബി(റ) യുടെ അധ്യാപനങ്ങള്‍ പിന്തുടര്ന്നവരായിരുന്നു.
വിവിധതരം സാക്ഷാത്കാര രീതികളില്‍ ഉള്ളടങ്ങിയ ദൈവാനുഗ്രഹ മാര്‍ഗങ്ങളിലൂടെ കരഗതമാകുന്ന ആത്മീയ അനുഭവമാണ് സൂഫിസത്തിന്റെ കാതല്‍. പ്രസ്തുത രീതികളോട് താരതമ്യപ്പെടുത്തുമ്പോള്‍ ആധ്യാത്മികമായ എല്ലാ രൂപീകരണങ്ങളും ആപേക്ഷികമാണെന്ന് കാണാം. സൂഫിസത്തിന്റെ ആന്തരികാഗ്നി സ്ഫുലംഗം വിതറുകയും മനുഷ്യരെ സത്യത്തിലേക്ക് നയിക്കുന്ന ഗുപ്തമായ നിധികളായ സിദ്ധാന്തങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്ത കാലമത്രെയും ഇബ്നു അറബി(റ) യുടെ ആധ്യാത്മിക ചൈതന്യം അതിനു മുകളില്‍ സ്വാധീന ശക്തിയോടെ നിലകൊണ്ടിട്ടുണ്ട്. സൂഫി ഗുരുക്കന്മാര് വിശദീകരിക്കാന്‍ ശ്രമിച്ച ജ്ഞാന രഹസ്യങ്ങള്‍, അതായത് ദൈവിക നാമത്തിന്റെ അസാങ്കല്പികമായ വ്യാപ്തിയില്‍ നിന്നും ഉരുവംകൊള്ളുന്ന ആന്തരിക ജ്ഞാനോദയ രഹസ്യങ്ങള്‍ സൈദ്ധാന്തിക ഭാഷയില്‍ അദ്ദേഹം വിശദീകരിക്കുകയും തലമുറകളോളം അത് നിലനില്ക്കുകയും ചെയ്തു. ദിവ്യദീപ്തിക്ക് നിദാനമായ ദൈവിക നാമങ്ങളുടെ അനുഗ്രഹ പ്രകാശത്താല്‍ അവരുടെ ഹൃദയങ്ങള്‍ മാറ്റൊലികൊള്ളുന്നു. ഇബ്നു അറബി(റ) യും പൂര്‍വഗാമികളായ സൂഫി ഗുരുക്കന്മാരുമെല്ലാം പ്രസ്തുത ദീപ്തി കൈവരിച്ചവരായിരുന്നു. സൂഫിസത്തിന് ഗുണസാഫല്യവും നാളിതുവരെ ആത്മീയ പാരമ്പര്യമായി നിലനില്ക്കുവാനുള്ള ആന്തരിക ജീവചൈതന്യവും പ്രദാനം ചെയ്ത പ്രവാചകന് (സ) യുടെ ദൈവിക വെളിപാടിലേക്കാണ് പ്രസ്തുത പാരമ്പര്യം എത്തിച്ചേരുന്നത്.
(അവസാനിച്ചു)