ഫത്ഹു റബ്ബാനി: മജ്ലിസ്: 3 ഭാഗം: 2
മുഹിയിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):
എന്റെ ജനങ്ങളെ… നിങ്ങൾ ഈ അറിവുകൊണ്ടുമാത്രം മതിയാക്കരുത്. അത് കർമ്മം കൂടാതെ നിങ്ങൾക്കു പ്രയോജനം ചെയ്യുകയില്ല. നിങ്ങൾ ഈ കറുപ്പു(സവാദ്) കൊണ്ട്(നിങ്ങൾ പഠിച്ചുവെച്ച വലിയ കൂട്ടം അമൽ) ഈ ശുദ്ധ വെളള(ബയാള്)യുടെ (കുറഞ്ഞ ഇൽമ്) മേൽ പ്രവത്തിക്കുവാൻ അത്യന്തം ആവശ്യക്കാരാകുന്നു, അത് അല്ലാഹുവിന്റെ അനുശാസനയാകുന്നു. ദിവസങ്ങളായും വർഷങ്ങളായും നിങ്ങൾ ഈ വിദ്യ കൊണ്ട് അതിന്നനുയോജ്ജ്യമാംവണ്ണം പ്രവർത്തിക്കണം, അതിന്റെ ഫലം നിങ്ങൾക്കു കരഗതമാകുന്നതുവരെ.
യാ ഗുലാം നിന്റെ അറിവ് നിന്നെ അഭിസംബോധന ചെയ്തുകൊണ്ട് പറയുകയാണ്:
“നീ എന്നെക്കൊണ്ട് പ്രവർത്തിക്കാത്ത കാലത്തോളം ഞാൻ നിനക്ക് പ്രതികൂലമായ ഒരു പ്രമാണമാണ്. നീ എന്നെക്കൊണ്ട് പ്രവർത്തിക്കുന്ന പക്ഷം ഞാൻ നിനക്ക് അനുകൂലമായ ഒരു പ്രധാന പ്രമാണവുമാണ്.”
തിരുനബി(സ്വ) തങ്ങൾ പറഞ്ഞിരിക്കുന്നു:
“തന്നെക്കൊണ്ട് പ്രവർത്തിക്കുവാൻ ജ്ഞാനം വിളിച്ചുപറയുന്നു. അതവൻ അനുസരിക്കാത്ത പക്ഷം അത് സ്ഥലം വിടുന്നു.”
അതിന്റെ ഉത്കൃഷ്ടമായ ഗുണഫലങ്ങൾ യാത്ര പറയുന്നു. ജ്ഞാനം അതിന്റെ അധിപന്റെ അടുക്കൽ നിനക്കുവേണ്ടി ശുപാർശ ചെയ്യുന്നതിൽ നിന്ന് അത് പിന്മാറുന്നു. നിന്റെ ആവശ്യങ്ങൾ അന്വേഷിക്കുവാൻ വേണ്ടിയുള്ള നിന്റെ അടുക്കലേക്കുള്ള പ്രവേശനവും അത് ഒഴിവാക്കി. അതിലുള്ള ധാന്യമണികൾ യാത്രയായി. എന്നാൽ ഉമി അവശേഷിച്ചു. തീർച്ചയായും ധാന്യത്തിന്റെ കാതൽ അതുകൊണ്ട് പ്രവർത്തിക്കലാണ്. റസൂൽ(സ്വ) തങ്ങളോടുള്ള യഥാർത്ഥ പിൻതുടർച്ച നീ അവിടുത്തെ വചനങ്ങൾക്കൊത്ത് പ്രവർത്തിക്കാത്തിടത്തോളം നിനക്ക് ലഭിക്കുകയില്ല. അവിടുന്ന് അനുശാസിച്ച പ്രകാരം നീ പ്രവർത്തിച്ചുവരുമ്പോൾ നിന്റെ ഹൃദയത്തോടും അന്തരാത്മാവിനോടും അവിടുന്ന് അഭിമുഖീകരിച്ച് അവ രണ്ടിനെയും അവയുടെ രക്ഷിതാവിങ്കൽ കൂട്ടി ഏൽപിച്ചുകൊടുക്കുന്നതാണ്. നിന്റെ അറിവ് നിന്നോട് വിളിച്ചുപറയുന്നു. നിനക്ക് ഹൃദയമില്ലാത്തതുകൊണ്ട് നീ അത് ശ്രവിക്കുന്നില്ല. നിന്റെ ഹൃദയത്തിന്റെയും അന്തരാത്മാവിന്റെയും അനുവാദത്തോടു കൂടി നീ അത് ശ്രവിക്കുക. അനുസരിക്കുകയും ചെയ്യുക. എന്നാൽ നിനക്കത് ഫലം ചെയ്യുമെന്നത് തീർച്ചയാണ്. സൽകർമ്മത്തോടുകൂടിയുള്ള ജ്ഞാനം ജ്ഞാനത്തിന്റെ താവളമാകുന്ന പട്ടണത്തിലേക്ക് നിന്നെ കൂട്ടിച്ചെല്ലും. പ്രഥമ ജ്ഞാനമായ ഈ അനുശാസനകൊണ്ട് നീ പ്രവർത്തിക്കുമ്പോൾ ദ്വിതീയ ജ്ഞാനമായ ഉൾസാരം നിന്നിൽ ഉറവയെടുക്കുന്നതാണ്. അപ്പോൾ നിന്നിൽ “രണ്ട് നദികൾ ഒഴുകി കൊണ്ടിരിക്കും.” നിന്റെ ഹൃദയം ബാഹ്യവും ആന്തരികവുമായ ജ്ഞാനങ്ങളെയും വിധികളെയും ഭയപ്പെടും. അപ്പോൾ നിന്റെ മേൽ ആ വിദ്യാധനത്തിന്റെ സകാത്ത് നിർബന്ധമാകും. നീ സഹോദരങ്ങൾക്കും മുരീദുകൾക്കും നേതാവാകും. ജ്ഞാനത്തിന്റെ സകാത്ത് അതിനെ വിതരണം ചെയ്യലും അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കലുമാണ്.
യാ…ഗുലാം അല്ലാഹു തആല പറഞ്ഞതുപ്രകാരം ക്ഷമിക്കുന്നവരാരോ “തീർച്ചയായും ക്ഷമാശീലന്മാർക്ക് അവരുടെ പ്രതിഫലം കണക്കുകൂട്ടാതെ പരിപൂർണ്ണമായും നൽകപ്പെടും.”
നീ നിന്റെ തൊഴിൽ കൊണ്ട് ഭക്ഷിക്കുക. ദീനുകൊണ്ട് ഭക്ഷിക്കരുത്. നീ തൊഴിലെടുക്കുക. അതിന്റെ വരുമാനത്താൽ ഭക്ഷിക്കുക. മറ്റുള്ളവർക്കും അതിൽ നിന്ന് നൽകുക. തൊഴിൽ ചെയ്യുക എന്നത് സത്യവിശ്വാസികളിലെ ദിവ്യന്മാരാകുന്ന സിദ്ധീഖിങ്ങളുടെ സ്വഭാവ ഗുണമാകുന്നു. അഗതികൾക്കും ദരിദ്രന്മാർക്കും വല്ലതും നൽകൽ കൂടാതെ ദിവ്യന്മാരുടെ സമ്പത്തിൽ നിന്നും നിനക്ക് യാതൊരു വിഹിതവും ലഭിക്കുകയില്ല. സൃഷ്ടികൾക്ക് കരുണ ചെയ്യുന്നതിൽ അവർ വളരെ താത്പര്യമുള്ളവരാകുന്നു. അതുവഴി അല്ലാഹുവിന്റെ പൊരുത്തത്തെയും അവന്റെ സ്നേഹത്തെയും അവർ കാംക്ഷിക്കുന്നു. തിരുനബി(സ്വ) തങ്ങളുടെ വാക്കുകൾ അവർ ശ്രവിച്ചു:
“ജനങ്ങൾ പ്രതാപശാലിയും ഗാംഭീര്യമുടയനുമായ അല്ലാഹുവിന്റെ ആശ്രിതരാവുന്നു. അല്ലാഹുവിന് ഏറ്റവും സ്നേഹമുള്ളവൻ അവന്റെ ആശ്രിതരായ അടിമകൾക്ക് കൂടുതൽ പ്രയോജനമുള്ളവനാകുന്നു.”
സാധാരണക്കാരായ ജനങ്ങളെ അപേക്ഷിച്ച് അല്ലാഹുവിന്റെ ഔലിയാക്കൾ(സൃഷ്ടികളെ തൊട്ട്) കുരുടന്മാരും ഊമകളും ബധിരന്മാരുമാണ്. അല്ലാഹുവിലേക്ക് അവരുടെ ഹൃദയങ്ങൾ ഉന്മുഖമാവുമ്പോൾ അവനല്ലാത്തവരിൽ നിന്ന് അവർ ശ്രവിക്കുകയില്ല. അവനല്ലാത്തതിനെ അവർ ദർശിക്കുകയുമില്ല. (അവന്റെ) സാമീപ്യം അവരെ സ്നേഹിച്ചടുപ്പിക്കും. (അവന്റെ) മഹിതപ്രഭാവം അവരെ സംഗമിക്കും. തങ്ങളുടെ പ്രണയഭാജനത്തിങ്കൽ സ്നേഹബന്ധം അവരെ സംലയിപ്പിക്കും. അപ്പോൾ ഗാംഭീര്യത്തിന്റെയും ശാന്തതയുടെയും മധ്യത്തിലാണവർ സ്ഥിതി ചെയ്യുന്നത്. ഇടത്തോട്ടും വലത്തോട്ടും അവർ ചായുകയില്ല. പിൻതിരിയാതെ മുന്നേറ്റം മാത്രമുള്ളവരാണവർ. മനുഷ്യൻ, ജിന്ന്, മലക്ക് തുടങ്ങിയവരും ശേഷമെല്ലാ സൃഷ്ടികളും അവർക്ക് പാദശുശ്രൂഷ ചെയ്യുന്നു. അനുശാസനവും ജ്ഞാനവും അവരെ അനുഗ്രഹങ്ങൾ ഭക്ഷിപ്പിക്കുന്നു. (ഉള്ളുണർവ്വാകുന്ന)നിത്യാനന്ദം കുടിപ്പിക്കുന്നു. അവന്റെ ശ്രേയസ്സിലുള്ള വിരുന്നിന്റെ അനിതരസാധാരണമായ ഭോജ്യങ്ങൾ അവർ ഭക്ഷിക്കുകയും അവന്റെ സദാനന്ദമെന്ന ദാഹശമനി പാനം ചെയ്യുകയും ചെയ്യുന്നു. അവർക്ക് സൃഷ്ടികളുടെ സംസാരം കേൾക്കാൻ സമയം പോര. അവർ സവിശേഷമായ ഒരു പരിധിക്കകത്താണ്. എന്നാൽ സൃഷ്ടികൾ മറ്റൊരു പരിധിയിലുമാണ്.
നബി(സ്വ) തങ്ങളുടെ പ്രതിനിധികളായി നിന്ന് അല്ലാഹുവിന്റെ ആജ്ഞകളെ അവർ ജനങ്ങൾക്ക് ആജ്ഞാപിക്കുന്നതാണ്. അവന്റെ നിരോധനങ്ങളെ അവർ ജനങ്ങൾക്ക് നിരോധിക്കുന്നതുമാണ്. യഥാർത്ഥത്തിൽ അവരാണ് അനന്തരാവകാശികൾ. അവരുടെ ദൗത്യം അല്ലാഹുവിന്റെ കവാടത്തിലേക്ക് ജനങ്ങളെ തിരിച്ചുവിടലാണ്. ജനങ്ങളുടെ പേരിൽ അല്ലാഹുവിന്റെ ലക്ഷ്യം അവർ പ്രവർത്തിക്കുന്നു. സർവ്വചരാചരങ്ങളെയും അതാതിന്റെ സ്ഥാനങ്ങളിൽ അവർ പരിഗണിക്കുന്നവരാണ്. ഓരോന്നിനും അതാതിന്റെ ശ്രേഷ്ഠതകൾ അവർ മാനിക്കുന്നതുമാണ്. ആരുടെയും ഏതൊരു അവകാശത്തിലും അവർ കൈകടത്തുകയില്ല. തങ്ങളുടെ ശരീരങ്ങൾക്കും നൈസർഗികതകൾക്കും സമ്പൂർണ്ണത തേടുന്നവരുമല്ല അവർ. അന്തസ്സും സ്ഥാനമഹത്വവുമാർന്ന അല്ലാഹുവിന് വേണ്ടി അവർ സ്നേഹിക്കും. അവന്റെ താത്പര്യങ്ങൾ പരിഗണിച്ച് അവർ ക്രോധിക്കും. അവർ ഓരോരുത്തരും അല്ലാഹുവിന് വേണ്ടിയുള്ളവരാണ്. അവനല്ലാത്തവർക്ക് അവരിൽ യാതൊരു അംശവുമില്ല. ഈ സ്ഥാനം ആർക്ക് പൂർത്തിയാകുന്നുവോ തീർച്ചയായും അവർക്ക് സ്നേഹ ബന്ധം പൂർത്തിയായി. രക്ഷയും വിജയവും അവർക്ക് സ്വായത്തമായി. മനുഷ്യനും ജിന്നും ഭൂമിയും ആകാശവുമെല്ലാം അവരെ സ്നേഹിക്കുന്നു.
തുടരും: