പുതുവർഷം: കാലം ഒരു നഷ്ടമല്ല, ഭാവി അശുഭ വൃത്താന്തവുമല്ല

സൈനുദ്ദീൻ മന്ദലാംകുന്ന്:

കാലം മുന്നോട്ടും ആയുസ്സിൽ നാം പിറകോട്ടും സഞ്ചരിക്കുകയാണ്. ഓരോ ദിനവും ആഴ്ചകളും മാസങ്ങളും വർഷങ്ങളും നമ്മുടെ ആയുസ്സിൽ നിന്നാണ് കൊഴിഞ്ഞുപോയികൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതുവർഷങ്ങൾ പുലരുമ്പോൾ പുതിയ ശുഭ പ്രതീക്ഷകൾ പങ്ക് വെക്കുമ്പോൾ തന്നെ തന്റെ ആയുസ്സിൽ നിന്ന് കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന കാലത്തെ ചൊല്ലി നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്. തന്റെ ഈ ജീവിതത്തിൽ ഇതുവരെയും താൻ നേടിയതെന്താണ്, താൻ ഈ ജീവിതം കൊണ്ട് തേടുന്നതെന്താണ്, തന്റെ തേട്ടങ്ങളും സാക്ഷാത്കാരങ്ങളും തന്റെ ഭൂമിയിലുള്ള നിയോഗത്തിന്റെ യഥാർത്ഥ ലക്ഷ്യവുമായി താദാത്മ്യപ്പെടുന്നതാണോ തുടങ്ങിയ കാര്യങ്ങളിലെല്ലാം തീർച്ചയായും ഒരു പുനർവിചിന്തനം അനിവാര്യമാകുന്നുണ്ട്.
ഹിജ്റ വർഷാരംഭത്തിലും ഗ്രിഗോറിയൻ വർഷാരംഭത്തിലും കൊല്ലവർഷാരംഭത്തിലുമെല്ലാം പല വിധേനയുമുള്ള ആഹ്ലാദങ്ങളും ശുഭപ്രതീക്ഷകളും നാം പരസ്പരം പങ്കുവെക്കാറുണ്ട്. പൊതുവായി ശുഭപ്രതീക്ഷകളും ക്ഷേമഐശ്വര്യങ്ങൾക്കായുള്ള ആശംസകളും പങ്ക് വെച്ചുകൊണ്ടിരുന്ന നാം ഏതാനും വർഷങ്ങളായി അശുഭഭാവിയെ പറ്റിയുള്ള പ്രവചനങ്ങളും സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെ പറ്റിയുള്ള ഭയപ്പാടുകളും പരസ്പരം പങ്ക് വെക്കുന്നു.
സമീപഭൂത കാലങ്ങളിൽ പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളും ഏകാധിപത്യ സ്വഭാവമുള്ള അധികാര ക്രമങ്ങളുമാണ് നമ്മുടെ അശുഭഭാവി പ്രവചിക്കുന്ന ദുർനിമിത്തങ്ങളെങ്കിൽ 2020 നമുക്ക് ചരിത്രത്തിൽ സാധാരണ നിലയിൽ സുപരിചിതമല്ലാതിരുന്ന പുതിയ ദുർനിമിത്തം കൂടി അനുഭവവേദ്യമാക്കി. ചൈനയിൽ ആവിർഭവിച്ച് വിവിധ പരിണാമങ്ങളിലൂടെ ലോക വ്യാപകമായി പടർന്ന് പുതിയ രൂപ പരിണാമങ്ങളോടെ നമ്മുടെ വ്യവസ്ഥാപിതമായ എല്ലാ ലോകക്രമങ്ങളെയും സംവിധാനങ്ങളെയും അവ്യവസ്ഥിതമാക്കി നിരവധി മനുഷ്യരുടെ ജീവനെടുത്ത് സമ്പദ്ഘടനകളെയും ഏകാധിപത്യ സംവിധാനങ്ങളെയും താറുമാറാക്കി ഇന്നും തേരോട്ടം തുടരുന്ന കോവിഡ് 19 ആണ് നമ്മുടെ എല്ലാ ശുഭപ്രതീക്ഷകൾക്കും മേൽ കരിനിഴൽ വീഴ്ത്തി ഭീഷണമായ ഒരു സാന്നിദ്ധ്യമായി ഇപ്പോഴും തുടരുന്നത്. കോവിഡിനെതിരെയുള്ള വാക്സിന്റെ കണ്ടെത്തലും പ്രയോഗവും ശുഭപ്രതീക്ഷകൾ നൽകുമ്പോഴും ജനിതക മാറ്റം സംഭവിച്ച് കൂടുതൽ ശക്തിയും വ്യാപന സ്വഭാവവും സംഹാര ശേഷിയും പ്രകടിപ്പിക്കുന്ന കോവിഡ് വൈറസിന്റെ പുതിയ രൂപാന്തരം മനുഷ്യകുലത്തെ ആകമാനം ഭയത്തിലും വിഷാദത്തിലും തള്ളിയിടുന്നു. കോവിഡ് മനുഷ്യന്റെ അഹങ്കാരത്തിനും സ്വയംപര്യാപ്തതയെ സംബന്ധിച്ച മിഥ്യാധാരണകൾക്കുമേൽപിച്ച പ്രഹരം നിസ്സാരമല്ല. എന്നാൽ കോവിഡ് ഭീഷണിയിൽ നിന്നുള്ള അതിജീവന പ്രതീക്ഷകളോടെ തന്നെ ചില വാക്സിനുകളിൽ വിശ്വാസിച്ച് എല്ലാം മറന്ന് പുതുവർഷാശംസകളായി ശുഭ പ്രതീക്ഷകൾ കൈമാറുന്നു. വാസ്തവത്തിൽ വാക്സിൻ നമുക്കാശ്വാസമാവുമോ…?
നമ്മുടെ ഭയവും പ്രതീക്ഷയും വാസ്തവത്തിൽ എന്തിന്റെ പേരിലാണ് എന്ന കാര്യം നാം ആലോചിക്കാറുണ്ടോ…? ഭൂമിയിൽ കൂടുതൽ ക്ഷേമഐശ്വര്യങ്ങളോടെയുള്ള ജീവിതം ലഭിക്കാനാണ് നമ്മുടെ പ്രയത്നങ്ങളും പ്രതീക്ഷകളും. താൻ ആസ്വാദിച്ചുകൊണ്ടിരിക്കുന്ന ഈ ജീവിതത്തിന് കോവിഡ് ബാധയോടെ അറുതിയാകുമോ, തന്റെ മരണം സംഭവിക്കുമോ എന്നതാണ് ഭയം. ഈ ഭയവും പ്രതീക്ഷയുമാണ് ആകെത്തുകയിൽ ഈ ആശംസ സന്ദേശങ്ങളിലൂടെയും നാം കൈമാറുന്നത്. നാമെത്ര ഭയന്നാലും പ്രതീക്ഷ വെച്ചാലും മരണമെന്ന യാഥാർത്ഥ്യം നമ്മോട് അടുക്കുക തന്നെയാണ്. ഋതുഭേദങ്ങൾ നമ്മെ ഏറ്റവും പ്രഥമമായി അറിയിക്കുന്നതും അത് തന്നെയാണ്. എന്നാൽ ഈ അറിവും ഉൾക്കാഴ്ചയും മറന്ന് കളയാനാണ് ആഘോഷങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നത്.

കലണ്ടറുകളിൽ മാസങ്ങൾ മാറുമ്പോൾ കലണ്ടറിലെ ആ പേജുകൾ തന്നെയാണ് മൂല്യമില്ലാത്തതായി തീരുന്നത്. വർഷങ്ങൾ മാറുമ്പോൾ ആ കലണ്ടർ തന്നെ അപ്രസക്തമായി തീരുന്നു. അതുവരെയും നമ്മുടെ ചുവരുകളിൽ തൂങ്ങിയ കലണ്ടർ ചുരുട്ടി എറിയപ്പെടുകയോ കേവല കടലാസുകളോ ആയി തീരുന്നു. വാസ്തവത്തിൽ‌ നമ്മുടെ ജീവിതത്തിൽ നിന്നും കൊഴിഞ്ഞു പോകുന്ന കാലങ്ങൾ നമ്മുടെ ആയുസ്സിൽ നിന്ന് കുറഞ്ഞു പോകുന്ന കാലങ്ങളാണ് എന്നും ദിനങ്ങളും മാസങ്ങളും വർഷങ്ങളും പിന്നിടുന്നതോടെ നമുക്കതിനെ വീണ്ടും തിരിച്ചുപിടിക്കാനാവാത്ത വിധം അത് ചുരുട്ടി എറിയപ്പെട്ടിരിക്കുന്നുവെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് ഇന്ന് നാം ജീവിതം കൊണ്ട് എന്തു നേടുന്നുവെന്നതാണ് പ്രധാനമായിട്ടുള്ളത്. ഓരോ ദിനവും എന്തിനുവേണ്ടി ചിലവഴിച്ചു എന്നതാണ് നാം പരിഗണിക്കേണ്ടത്.
മനുഷ്യൻ ഈ പ്രപഞ്ചത്തിലെ ഒരു യാദൃശ്ചിക പിറവിയല്ല. അങ്ങനെ യാദൃശ്ചികതയോടെ രൂപപ്പെടുന്ന അവ്യവസ്ഥിതത്വത്തോടെയല്ല ഈ പ്രപഞ്ചം സംവിധാനിക്കപ്പെട്ടിട്ടുള്ളത്. എല്ലാം ഒരു ക്രമത്തെയും വ്യവസ്ഥകളെയും ചില പ്രകൃതി നിയമങ്ങളെയും പിൻപറ്റുന്നുവെന്ന കാര്യം ആകെത്തുകയിൽ തിരിച്ചറിയാൻ സാധിക്കുന്നുവെന്നതാണ് മനുഷ്യന്റെ സവിശേഷത. ഭൗതികവാദികൾ ശാസ്ത്രവിജ്ഞാനം വഴിയായി പ്രകൃതി നിയമമെന്ന് അറിയുന്നതും മതവാദികൾ വിശ്വാസത്തിന്റെ ഭാഗമായി സൃഷ്ടി, സ്ഥിതി, സംഹാരമായി പരിഗണിക്കുന്നതും പ്രകൃതിയിൽ നിലനിൽക്കുന്ന ഈ ക്രമങ്ങളെയും വ്യവസ്ഥകളെയും തന്നെയാണ്. പ്രകൃതിയിൽ ക്രമവും വ്യവസ്ഥയുമുണ്ടെന്ന് അറിയുന്ന ഭൗതികവാദിക്ക് ആ പ്രകൃതിയുടെ ഭാഗം തന്നെയായ തന്റെ ക്രമങ്ങളെയും വ്യവസ്ഥകളെയും അതിനെ ക്രമപ്പെടുത്തിയവനെയും കുറിച്ച് ചിന്തിക്കാനാവുന്നില്ല എന്നതാണ് നിർഭാഗ്യകരം. പ്രകൃതിയുടെ ക്രമങ്ങളെയും വ്യവസ്ഥകളെയും സംബന്ധിച്ചും ക്രമദാതാവിനെ സംബന്ധിച്ചും തന്റെ തന്നെ ക്രമങ്ങളെയും വ്യവസ്ഥകളെയും സംവിധാനിച്ചവനെ സംബന്ധിച്ചും ശരിയായ തിരിച്ചറിവുണ്ടാകുമ്പോഴാണ് ഒരാൾ യഥാർത്ഥ വിശ്വാസിയാകുന്നത്. ഈ തിരിച്ചറിവും ഈ തിരിച്ചറിവിനനുസരിച്ചുള്ള ജീവിതവുമാണ് മനുഷ്യാസ്ഥിത്വം അനിവാര്യമായും തേടുന്നത്. ഈ തിരിച്ചറിവിലേക്ക് മനുഷ്യനെ ഉണർത്താനാണ് മഹാമാരികൾ സംഭവിക്കുന്നത്. യുദ്ധങ്ങളും ഏകാധിപത്യവാഴ്ചകളും പലായനങ്ങളും സ്വന്തം പൗരസമൂങ്ങളെ പുറം തള്ളുന്ന ഹിംസാത്മക ദേശീയതകളുമെല്ലാം ഈ തിരിച്ചറിവിലേക്കുള്ള ഉണർത്തലുകൾ മാത്രമാണ്.
വാസ്തവത്തിൽ മനുഷ്യന്റെ ഭൂമിയിലെ ധർമ്മത്തെ സംബന്ധിച്ച് സ്രഷ്ടാവിന്റെ ഹിതം എന്താണ് എന്ന് അല്ലാഹു അവന്റെ പരിശുദ്ധ വചനങ്ങളിലൂടെ നമ്മെ അറിയിച്ചിട്ടുണ്ട്: ”ജിന്നുവർഗത്തെയും മനുഷ്യ വർഗത്തെയും എന്നെ ഇബാദത്ത് ചെയ്യാനല്ലാതെ ഞാൻ പടച്ചിട്ടില്ല” എന്ന് അല്ലാഹു ഖുർആനിൽ പറയുന്നുണ്ട്. ഇതിന്റെ വിശദീകരണമായി തിരുനബി(സ്വ) തങ്ങൾ പറഞ്ഞത് ”അല്ലാഹുവിനെ അറിഞ്ഞ് ഇബാദത്ത് ചെയ്യാനല്ലാതെ മനുഷ്യനും ജിന്നും പടക്കപ്പെട്ടിട്ടില്ല” എന്നാണ്. വാസ്തവത്തിൽ നമ്മുടെ കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും തന്റെ സ്രഷ്ടാവും ഉടമയും പരിപാലകനുമായ അല്ലാഹുവിന്റെ ഹിതം തിരിച്ചറിഞ്ഞ് ജീവിക്കാനുള്ളതാണ്. ഈ തിരിച്ചറിവില്ലാത്ത ഓരോ നിമിഷവും നമുക്ക് നഷ്ടം തന്നെയാണ്. കാലഹരണപ്പെട്ട കലണ്ടറിന്റെ ചുരുട്ടികൂട്ടി എറിയപ്പെട്ട ഒരു കടലാസു കൂന മാത്രമാണത്. യാഥാർത്ഥ്യം തിരിച്ചറിഞ്ഞവന് ദുനിയാവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും മരണത്തിനു ശേഷമുള്ള ജീവിതത്തിനുവേണ്ടിയുള്ള ഇടതടവില്ലാത്ത കൃഷിയാണ്. സമയം പാഴാക്കാതെ തന്റെ സൃഷ്ടി ധർമ്മത്തെ തിരിച്ചറിഞ്ഞ് യഥാർത്ഥ പരിശ്രമങ്ങളിലായവന് കാലം ഒരു നഷ്ടമല്ല. ഭാവി അശുഭ വൃത്താന്തവുമല്ല…മഹാമാരികളും മരണങ്ങളുമൊന്നും ഭയപ്പാടുളവാക്കുന്ന ദയാ രഹിതമായ ഒരു സാന്നിദ്ധ്യവുമല്ല. അവനെ സംബന്ധിച്ച് കാലം എപ്പോഴും നെല്ലും പതിരും വേർതിരിക്കുന്ന അനുകൂല കാറ്റത്തുള്ള മെതിയും വിതയുമാണ്. ഭാവി അതിന്റെ ഫലം കൊയ്യുന്നതിനുള്ള ശുഭ പ്രതീക്ഷയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy