ആത്മീയ ജ്ഞാനം:
മഹത്വവും മാതൃകയും

അവാരിഫുൽ മആരിഫ്: അദ്ധ്യായം: 3: ഭാഗം: 1:
ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ):

ഒരാൾ നബിതിരുമേനി(സ)യോട് ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, എന്താണു തിന്മ?”
“നന്മയെപ്പറ്റി ചോദിക്കു, തിന്മയെപ്പറ്റിയല്ല ചോദിച്ചറിയേണ്ടത്” എന്നായിരുന്നു തിരുനബി(സ്വ) തങ്ങൾ പ്രത്യുത്തരം ചെയ്തത്. ശേഷം അവിടുന്ന് മൊഴിഞ്ഞു: “ദുഷിച്ച പണ്ഡിതനാണ് ഏറ്റവും വലിയ തിന്മ. ഏറ്റവും വലിയ നന്മ ഉത്തമ പണ്ഡിതനും.”

സമുദായത്തിന്റെ നെടുംതൂണ്, അന്ധകാരത്തിൽ പ്രകാശം പ്രസരിപ്പിക്കുന്ന ദീപം, രോഗ ബാധിത ഹൃദയങ്ങളുടെ ചികിത്സകൻ- ഇത്തരം വിശേഷണങ്ങൾക്കെല്ലാം അർഹനായ പണ്ഡിതൻ ജീവിതത്തിൽ സൂക്ഷ്മത പാലിക്കുന്നവൻ (മുത്തഖി) അല്ലെങ്കിൽ എന്തായിരിക്കും സ്ഥിതി? കുറുന്തോട്ടിക്കു വാതം വന്നാൽ പിന്നെ രക്ഷയുണ്ടോ? പണ്ഡിതൻ ഭൗതിക സുഖലോലുപനായാൽ അതാണവസ്ഥ.
സുഫ്യാനുബിൻ ഉയയ്ന(റ) പറയുന്നു: “ജ്ഞാനമനുസരിച്ചു കർമ്മം ചെയ്യാത്ത പണ്ഡിതനാണ് ഏറ്റവും വലിയ പാമരൻ, ഉള്ള അറിവനുസരിച്ചു കൃത്യമായി കർമ്മമനുഷ്ഠിക്കുന്ന സാധു ഏറ്റവും വലിയ പണ്ഡിതനും. ഏറ്റവുമധികം അല്ലാഹുവിനെ ഭയക്കുന്നവൻ ആരോ, അവനാണ് ഏറ്റവും വലിയ മഹാൻ.”
തികഞ്ഞ പാണ്ഡിത്യം, അനന്യമായ പ്രതിഭാശാലിത്വം, അതുല്യമായ ഭാഷണ വൈഭവം – ഇത്തരെ ഗുണങ്ങളെല്ലാം ഒത്തു ചേർന്നവനാണ് പണ്ഡിതനെങ്കിലും പ്രയോജനമൊന്നുമില്ല, അല്ലാഹുവിനെ ഭയമില്ലെങ്കിൽ ജാഹിലാണവൻ. അങ്ങേ അറ്റത്തെ വിഡ്ഢി. എന്നാൽ ഒരു കാര്യം ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ജ്ഞാനത്തിന്നുള്ള നൈസർഗ്ഗിക മഹത്വത്താൽ ചിലപ്പോൾ ഭാവിയിൽ അയാൾ നന്നായിക്കൂടെന്നില്ല. നന്നാവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇയാൾക്ക് കൂടും. കാരണം, ദീനീവിജ്ഞാനം, അതുള്ളവനെ അവസാന നിമിഷത്തിലെങ്കിലും രക്ഷിക്കലാണ് മിക്കവാറും പതിവ്. ബൽആം, ഖാറൂൻ തുടങ്ങിയവർ ഇതിന്നും ഭാഗ്യം ലഭിക്കാത്തവരാണ്. ദുർമരണത്തിൽ നിന്നു രക്ഷപ്പെടാൻ പോലും അവരുടെ ജ്ഞാനം ഉപകരിച്ചില്ല. കർമഫലം പ്രകടമല്ലാത്ത ഇൽമിനു വല്ല മഹത്വവുമുണ്ടായിരുന്നെങ്കിൽ ദുനിയാവിൽ ഏറ്റവുമധികം മഹത്വം ഇബ് ലീസിനു കരസ്ഥമാക്കാമായിരുന്നുവല്ലോ ?

ജ്ഞാനത്തെ രണ്ടായി വിഭജിക്കാം,

  1. നിർബന്ധമായ ജ്ഞാനം. മനുഷ്യൻ അറിഞ്ഞിരിക്കൽ ഫർളായ ജ്ഞാനങ്ങളാണവ.
    2, മഹത്വമേകുന്ന ജ്ഞാനം. അതായത് അറിഞ്ഞിരിക്കൽ ഫർളില്ല. പക്ഷ അതറിയുന്നതു മൂലം മനുഷ്യന്റെ മഹത്വം വർദ്ധിപ്പിക്കാനുതകും. ഖുർആനോടും സുന്നത്തിനോടും യോജിക്കുന്ന ജ്ഞാനങ്ങളെല്ലാം ഇതിൽ പെടും. അവയോടെതിരായി വരുന്നതൊന്നും ജ്ഞാനമേ അല്ല. ഇഹത്തിലും പരത്തിലും അവ യാതൊരു ഗുണവും ചെയ്യില്ല. മഹത്വമല്ല, നിന്ദ്യതയാണ് അവ സംഭാവന ചെയ്യുക.
    ഫർളായ ജ്ഞാനം നേടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ യാതൊരു പഴുതും ദീനിലില്ല. അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു. നബിതിരുമേനി(സ) അരുളി: “ചൈനയിൽ പോയെങ്കിലും വിദ്യാഭ്യാസം ചെയ്യുവിൻ.” “അറിവ് സമ്പാദിക്കൽ ഓരോ മുസ്ലിം സ്ത്രീ-പുരുഷന്മാർക്കും ഫർളാണ്.”

ഇവിടെ പരാമർശിച്ച ഫർളായ ഇൽമു ഏതെന്ന കാര്യത്തിൽ ജ്ഞാനികൾക്കിടയിൽ അഭിപ്രായ ഏകീകരണമില്ല. സംശുദ്ധമായ തൗഹീദി വിജ്ഞാനം, നഫ്സിന്റെ ദുഷ്പ്രേരണകളെപ്പറ്റിയുള്ള ജ്ഞാനം, കർമ്മങ്ങൾ സാധുവാകുന്നതും അസാധുവാകുന്നതുമായ കാര്യങ്ങൾ – ഇതൊക്കെയാണ് – ഫർളായ ഇൽമ് എന്ന് ഒരു വിഭാഗം പണ്ഡിതർ പറയുന്നു. താഴെപ്പറയുന്ന ഖുർആൻ വാക്യം അതിനവർ തെളിവായി ഉദ്ധരി ക്കുന്നു:
“നിഷ്കളങ്കമായ കീഴ് വണക്കത്തോടെ അല്ലാഹുവിനെ ആരാധിക്കാനല്ലാതെ മറ്റൊന്നുമല്ല അവരോട് കല്പിച്ചിട്ടുള്ളത്.”
ഖുർആൻ നിഷ്ക്കളങ്കമായ കീഴ് വണക്കമെന്നിവിടെ വിശേഷിപ്പിച്ചിട്ടുള്ളത് കറയറ്റ തൗഹീദാണ്. പുറത്ത്
താന്തോന്നിയായ നഫ്സിന്റെ വഞ്ചനകളോട് ജാഗ്രത പുലർത്തലും അതിൽപെടുന്നു. നഫ്സിന്റെ
ചതിമൂലമുണ്ടാകുന്ന കാമക്രോധാമദമാത്സര്യാദി ദുർവ്വികാരങ്ങളെ പിടിച്ചുകെട്ടാൻ പഠിക്കലും
തന്മൂലം ഫർളായി തീരുന്നു. അല്ലാതെ കളങ്കമറ്റ കീഴ് വണക്കത്തിനു പശ്ചാത്തലമൊരുങ്ങുകയില്ലല്ലോ? ഫർളായ കാര്യങ്ങൾക്കു അത്യന്താപേക്ഷിതമായി വരുന്ന കാര്യങ്ങളും ഫർള് തന്നെയാണ്.

മാനസിക വികാരങ്ങളെപ്പറ്റി പഠിക്കലും ഫർളു തന്നെയാണെന്ന് ചില ജ്ഞാനികൾ പറയുന്നു. കാരണം കർമ്മങ്ങളുടെ സ്രോതസ്സ് വികാരമാണ്. പൈശാചിക വികാരവും ഇലാഹിയായ ബോധനവും തിരിച്ചറിയാൻ ആ വിജ്ഞാനം വേണം, വിചാര വികാരങ്ങൾ നന്നാവാതെ കർമ്മം നന്നാവുകയില്ല എന്നത് സുവ്യക്തമാണല്ലോ?
സഹ് ലിബ്നി അബ്ദില്ല(റ) പറയുന്നു:
“മനുഷ്യന്റെയും സഷ്ടാവിന്റെയും മധ്യേയുള്ള അവസ്ഥകൾ പഠിക്കലും ഫർളാണ്. അഥവാ ഭൗതികവും പാരത്രികവുമായ അവസ്ഥകൾ. അവയെപ്പറ്റി പഠിക്കാതെ ആ വഴിയിലൂടെ മുന്നേറാൻ കഴിയുകയില്ലല്ലോ”
ഹലാലായതേ ഭക്ഷിക്കാൻ പാടുള്ളൂ. അപ്പോൾ ഏതൊക്കെയാണ് ഹലാൽ, ഏതൊക്കെയാണ് ഹറാം എന്നു പഠിയ്ക്കൽ ഫർളായി വരുന്നു. ഹലാലിനെ. പറ്റി അന്വേഷിച്ചു ഗ്രഹിയ്ക്കൽ ഫർളുകൾക്കു ശേഷമുള്ള ഫർളാണെന്നു ഹദീസിലും വന്നിട്ടുണ്ട്.

ഹൃദയത്തെ ശുദ്ധീകരിക്കാൻ ആവശ്യമായ ജ്ഞാനം സമ്പാദിക്കൽ ഓരോ വ്യക്തിക്കും നിർബന്ധം തന്നെയാണെന്ന് ചില ജ്ഞാനികൾ പറയുന്നു. വിശ്വാസം സുദൃഢമാക്കിത്തീർക്കാൻ ഇതാവശ്യമാണ്. ആരിഫീങ്ങളായ പുണ്യാത്മാക്കളുമായുള്ള സഹവാസം കൊണ്ടു നേടേണ്ടതാണിത്. അവരാണല്ലോ അല്ലാഹുവിൻ്റെ സന്നദ്ധഭടന്മാർ. “ചന്ദനം ചാരിയാൽ ചന്ദനം മണക്കും” എന്നതു പോലെ വളരെ ശരിയായ ഒരു കാര്യമാണത്. ത്യാഗികളും, ഭൗതിക സുഖാഢംബരങ്ങൾ ഉപേക്ഷിച്ചവരുമായ മശാഇന്മാരുമായി സഹവസിക്കുന്നവർക്ക് പ്രവാചകന്മാരുടെ അനന്തരാവകാശ ധനമാണ് ലഭിക്കുന്നത്.
കച്ചവടം, വിവാഹം, വിവാഹമോചനം തുടങ്ങിയ ഭൗതിക കാര്യങ്ങളിൽ ഇടപെടുന്നവർക്ക്, അവർ ഇടപെടുന്ന കാര്യത്തെപ്പറ്റി പഠിക്കലും നിർബന്ധ മായി വരുന്നു, അത്തരം കാര്യങ്ങളിൽ അറിയാത്ത വശങ്ങൾ, സ്വന്തം അഭ പ്രായമനുസരിച്ച് ചെയ്യാതെ പണ്ഡിതന്മാരോട് ചോദിച്ച് ചെയ്യണമെന്നർത്ഥം.
തൗഹീദിനെപ്പറ്റി പഠിക്കുമ്പോൾ തത്വങ്ങൾ മാത്രം പഠിച്ചാൽ പോരാ, അവയുടെ യുക്തിസഹമായ തെളിവുകൾ കൂടി പഠിക്കൽ നിർബന്ധമാണെന്ന് ചിലർക്കഭിമുണ്ട്. ഖുർആനിലും ഹദീസിലും വന്ന തെളിവുകൾ മാത്രമെ പഠിക്കൽ നിർബന്ധമുള്ളുവെന്നാണ് മറ്റൊരു പക്ഷം. ഇനിയും ചിലരുടെ അഭിപ്രായത്തിത്തിൽ, മനസ്സിൽ യാതൊരു സംശയവുമില്ലാതെ ദൃഢമായി വിശ്വസിക്കാൻ കഴിയുന്ന തത്വങ്ങളുടെ തെളിവുകൾ പഠിക്കൽ നിർബന്ധമില്ല. പ്രത്യുത, ഏതെങ്കിലും തത്വത്തിൽ സംശയമുണ്ടായാൽ അതു പരിഹരിക്കുന്നതിന് അനിവാര്യമായ തെളിവുകൾ പഠിക്കൽ നിർബന്ധം തന്നെ. ആ സംശയങ്ങൾ മാർഗ്ഗഭ്രംശത്തിലേക്കും ബിദ്അത്തുകളിലേക്കും വഴി വെക്കുന്നതായാൽ പ്രത്യേകിച്ചും.

തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy