ഏകത്വവും ലാളിത്യവും

പരിണാമത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും: അദ്ധ്യായം: 11: ആദ്യഭാഗം:
റെനെ ഗ്വെനോൺ:
വിവർത്തനം: ഡോ:
തഫ്സൽ ഇഹ്ജാസ്:

നാം മുമ്പ് പറഞ്ഞത് പോലെ, അവിഹിതവും അസഭ്യവും ആയ രീതിയിൽ ലളിതവൽകരിക്കേണ്ടതിന്റെ ആവശ്യം, ആധുനികമായ മാനസികാവസ്ഥയുടെ ഒരു മുഖമുദ്രയാണ്. ഈയൊരു ആവശ്യകത കാരണമായിട്ടാണ്, ശാസ്ത്രമണ്ഡലത്തിന്റെ കാര്യത്തിൽ, ചില ദാർശനികർ “പ്രകൃതി ഏറ്റവും ലളിതമായ മാർഗത്തിലൂടെയാണ് എപ്പോഴും പ്രവർത്തിക്കുന്നത്” എന്ന പ്രസ്താവനയെ ഒരു തരത്തിലുള്ള യുക്തിപരമായ “വ്യാജപ്രമാണമായി” ഉന്നയിക്കാൻ പോലും തുനിയാറുള്ളത്. ഇത് തികച്ചും അകാരണമായ ഒരു തത്വവൽകരണം മാത്രമാണ്. കാരണം, പ്രകൃതിയെ ഇങ്ങനെ തന്നെയായി, അതായത്, മറ്റൊരു രീതിയിലും അല്ലാതെ, ക്രിയാത്മകമായി പ്രവർത്തിക്കാൻ നിർബന്ധിതമാക്കുന്ന എന്തെങ്കിലും ഉള്ളതായി നമുക്ക് കാണാൻ കഴിയുകയില്ല. ലാളിത്യമല്ലാത്ത മറ്റു പല മാനദണ്ഡങ്ങളും അതിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുകയും മുൻകൈ നേടുകയും ചെയ്തെന്ന് വരാം. അങ്ങിനെ, നമ്മുടെ കാഴ്ചപ്പാടിലെങ്കിലും, അതിനെ പലപ്പോഴും സങ്കീർണമായി
കാണപ്പെടുന്ന രീതിയിൽ പ്രവർത്തിക്കും വിധം അത്തരം മാനദണ്ഡങ്ങൾ നിർണയിച്ചെന്നുവരാം. സത്യംപറഞ്ഞാൽ, ഈ “വ്യാജപ്രമാണം” ഒരു തരത്തിലുള്ള “മാനസികമായ അലസത” പ്രകടിപ്പിക്കുന്ന ഒരു മോഹത്തിനപ്പുറം ഒന്നുമല്ല: നമ്മൾ, കാര്യങ്ങളെല്ലാം കഴിയുന്നത്ര ലളിതമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. കാരണം, അവ അങ്ങിനെയാണെങ്കിൽ, അവയെ മനസ്സിലാക്കുക എന്നത് അത്ര തന്നെ എളുപ്പമായിരിക്കും. മാത്രമല്ല, ഇത് “എല്ലാവർക്കും പ്രാപ്യമായ” എന്ന ശാസ്ത്രത്തെ കുറിച്ച ശരിക്കും ആധുനികവും മതേതരവും ആയ വിഭാവനയോട് നന്നായി യോജിച്ചു വരുകയും ചെയ്യുന്നുണ്ട്. ബാലിശമാവുന്നേടത്തോളം അത് ലളിതമായിരിക്കുകയും, ഉന്നതമായ തലത്തിലുള്ളതോ ശരിക്കും ഗഹനമായതോ ആയ ഏതൊരു പരിഗണനയെയും കണിശമായും മാറ്റിനിർത്തുകയും ചെയ്ത് കൊണ്ടു മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളൂ എന്നത് വ്യക്തമാണ്.

ശരിക്കും ആധുനിക കാലഘട്ടം എന്ന് വിളിക്കപ്പെടുന്നതിന്റെ പ്രാരംഭത്തിനും കുറച്ചു മുൻപ് തന്നെ, ഈയൊരു മാനസികാവസ്ഥയുടെ ഒരു ആദ്യലക്ഷണം നമുക്ക് ക്രൈസ്തവ മതതത്വശാസ്ത്രജ്ഞരുടെ ഒരു ചൊല്ലിൽ പ്രകടിപ്പിക്കപ്പെട്ടതായി കാണാൻ കഴിയുന്നുണ്ട്: കാര്യങ്ങളെ ആവശ്യത്തിനുമപ്പുറം ഗുണീഭവിപ്പിക്കേണ്ടതില്ല (entia non sunt multiplic and apræternecessitatem ) [1]. ഇത്
കേവലം അനുമാനപരമായ പരികൽപന മാത്രമാണെങ്കിൽ പിന്നെ അതിൽ താൽപര്യമുണർത്തുന്ന ഒന്നുമില്ല. അതായത്, ശുദ്ധ ഗണിതത്തിന്റെ മണ്ഡലത്തിൽ മാത്രമേ മനുഷ്യന് സ്വന്തത്തെ, മാനസികമായ നിർമ്മിതികളിൽ മാത്രമായി, അവയെ മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ, വ്യാപരിക്കുന്നതിൽ പരിമിതപ്പെടുത്താനാവുകയുള്ളൂ. അവിടെ അവന് യഥേഷ്ടം “ലളിതവൽകരിക്കാനാവും”; കാരണം അവിടെ അവൻ ബന്ധപ്പെട്ടിരിക്കുന്നത് പരിമാണവുമായിട്ട് മാത്രമാണ്. അതിന്റെ സംയോജനങ്ങൾ, അതിലേക്ക് തന്നെ ന്യൂനീകരിക്കപ്പെടാവുന്നവയാണ് എന്നതിനാൽ തന്നെ ആവിർഭാവത്തിന്റെ ക്രിയാത്മകമായ ക്രമത്തിൽ പെടുന്നില്ല തന്നെ. ഇതിൽ നിന്നു വ്യത്യസ്തമായി, നാം വസ്തുതാപരമായി സ്ഥിരീകരിച്ച കാര്യങ്ങളെ കണക്കിലെടുക്കുകയാണെങ്കിൽ, കാര്യം തികച്ചും വ്യത്യസ്തമാണ്. പലപ്പോഴും പ്രകൃതി സ്വയം തന്നെ ആവശ്യത്തിനപ്പുറം (præternecessitatem) ഉൺമകളെ ഗുണീഭവിപ്പിക്കുന്നത് പോലെ പ്രവർത്തിക്കുന്നതായി സമ്മതിക്കാൻ നമ്മൾ നിർബന്ധിതരായി തീരുന്നു. ഉദാഹരണത്തിന്, തനിക്ക് ചുറ്റും നിവസിക്കുന്ന മൃഗ-സസ്യജാതികളുടെ അതിബൃഹത്തായ ബാഹുല്യവും വൈവിധ്യവും നിരീക്ഷിക്കുന്നതിൽ നിന്ന് ഇങ്ങനെയുള്ള എന്ത് യുക്തിപരമായ സംതൃപ്തിയാണ് മനുഷ്യന് അനുഭവിക്കാനാവുക? തീർച്ചയായും ഇത്, തങ്ങളുടെയും തങ്ങളുടെ കൂട്ടത്തിൽ പെട്ട ശരാശരിക്കാരുടെയും സൗകര്യത്തിന് വേണ്ടി യാഥാർത്ഥ്യത്തെ വളച്ചൊടിക്കാൻ താൽപര്യപ്പെടുന്ന ദാർശനികർ പ്രമാണമായി ഉന്നയിക്കുന്ന ലാളിത്യത്തിൽ നിന്നും വളരെ വിദൂരസ്ഥമായ ഒന്ന് തന്നെയാണ്. വളരെ പരിമിതമായ അസ്തിത്വത്തിന്റെ മണ്ഡലമായ ദൈഹികമായ ലോകത്ത് തന്നെ ഇങ്ങിനെയാണെങ്കിൽ പിന്നെ മറ്റ്ലോകങ്ങളിൽ ഇത് അതിനേക്കാൾ എത്രമാത്രം കൂടുതലായിരിക്കും; അതും അപരിമേയമാം വണ്ണം വർധിതമായ അനുപാതങ്ങളിൽ? [2] അതിനുമപ്പുറം, ഈവിഷയത്തെ കുറിച്ച ചർച്ചയെ വെട്ടിച്ചുരുക്കാൻ വേണ്ടി പറയുകയാണെങ്കിൽ, നാം മറ്റൊരിടത്ത് വിശദീകരിച്ചത് പോലെതന്നെ, സാധ്യമായ എല്ലാം തന്നെ അതിന്റേതായ ക്രമത്തിലും അതിന്റേതായ വിധത്തിനനുസൃതമായും യഥാർത്ഥമാണെന്നും സാർവലൗകികമായ സാധ്യത അനിവാര്യമായും അനന്തമാണെന്നതിനാൽതന്നെ ശുദ്ധവും ലളിതവും ആയ അസാധ്യത അല്ലാത്ത എല്ലാറ്റിനും അതിൽ ഇടമുണ്ട് എന്നും ഓർത്താൽ മതിയാകും. പക്ഷെ, കൃത്യമായും അമിതമായ ലളിതവൽകരണത്തിന്റെ ആവശ്യകത തന്നെയല്ലേ ദാർശനികരെ തങ്ങളുടെ “വ്യവസ്ഥകളെ” രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി, സാർവലൗകിക സാധ്യതയെ ഏതെങ്കിലും രീതിയിൽ പരിമിതപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്? [3]

സവിശേഷമായും കൗതുകകരമായ ഒരു കാര്യം എന്തെന്നാൽ, ഇപ്രകാരം മനസ്സിലാക്കപ്പെട്ടിട്ടുള്ള ലാളിത്യത്തിലേക്കുള്ള പ്രവണതയെയും അതിനോട് ഏതോരീതിയിൽ സമാന്തരമായിത്തന്നെ ഉള്ള ഏകരൂപതയിലേക്കുള്ള പ്രവണതയെയും, അത് ബാധിച്ചിട്ടുള്ള ആളുകൾ കണക്കാക്കുന്നത് “ഏകീകരണത്തിന്” വേണ്ടിയുള്ള ഒരു യത്നമായിട്ടാണ്. പക്ഷെ ഇത്, ശുദ്ധപരിമാണത്തിന്റെ മണ്ഡലത്തിലേക്കോ, അഥവാ അസ്ഥിത്വത്തിന്റെ പാദാർത്ഥികവും താഴ്ന്നതും ആയ ധ്രുവത്തിലേക്കോ അഭിമുഖമായിട്ടുള്ള എല്ലാറ്റിനെയും പോലെ തന്നെ വിരുദ്ധ ദിശയിലുള്ള ഒരു “ഏകീകരണം” തന്നെയാണ്. ഇവിടെയും, നാം മറ്റു വീക്ഷണ കോണുകളിലൂടെ പരിഗണനാവിധേയമാക്കിയ തരത്തിലുള്ള എകത്വത്തിന്റെ ഹാസ്യാനുകരണത്തെ നമുക്ക് കണ്ടെത്താനാവുന്നു. ഇനി യഥാർത്ഥ എകത്വത്തെ കുറിച്ച് അത് “ലളിതമാണെന്ന് ” പറയാൻ സാധിക്കുകയാണെങ്കിൽ തന്നെയും, അത് തികച്ചും വ്യത്യസ്തമായ ഒരർത്ഥത്തിലാണ്. അതെന്തെന്നാൽ, അത് ഏതെങ്കിലും രീതിയിലുള്ള സംയോജനത്തിന്റെ ഫലമായിരിക്കുക എന്നതിനെ അനിവാര്യമായും തള്ളിക്കളയുന്നതും, ഏതെങ്കിലും ഘടകങ്ങളാൽ രൂപപ്പെട്ടതാണെന്ന് ഒരു തരത്തിലും വിഭാവന ചെയ്യാൻ തന്നെ പറ്റാത്തതാണെന്ന് സൂചിപ്പിക്കുന്നതുമായ വിധം മൗലികമായി തന്നെ അവിഭാജ്യം എന്ന അർത്ഥത്തിലാണ്. ഈ അവിഭാജ്യതയുടെ ഒരു ഹാസ്യാനുകരണത്തെ ചില ദാർശനികരും ഭൗതികശാസ്ത്രജ്ഞൻമാരും അവരുടെ “കണികകൾക്ക്” വെച്ചുകൽപ്പിക്കുന്നതിലും കാണാൻ കഴിയും. അത് ദൈഹികമായ പ്രകൃതിക്ക് യോജിക്കാത്തതാണെന്ന് അവർ കാണുന്നില്ല. കാരണം, നീൾച്ച എന്നത് അപരിമിതമാം വണ്ണം തുടരെതുടരെ വിഭജനീയമാണ്. അതിനാൽ, നിർവചന പ്രകാരം തന്നെ നീൾച്ചയുള്ള ഒന്നായ ഒരു പിണ്ഡം അനിവാര്യമായും ഘടകങ്ങളാൽ രൂപപ്പെടുത്തപ്പെട്ടതായിരിക്കണം. ഇവ ഏത്രതന്നെ ചെറുതായിരുന്നാലും ശരി അല്ലെങ്കിൽ അങ്ങിനെ അനുമാനിക്കപ്പെട്ടാലും ശരി, ഇതിൽ മാറ്റമൊന്നുമില്ല. അതുകൊണ്ട് തന്നെ, അവിഭാജ്യമായ അണു എന്ന സങ്കൽപ്പം സ്വയം തന്നെ വൈരുദ്ധ്യമുള്ളതാണ്. പക്ഷെ, തീർച്ചയായും അത്തരത്തിലുള്ള ഒരു സങ്കൽപ്പം അതിരു കവിഞ്ഞതായ തരത്തിലുള്ള ലാളിത്യത്തിനു വേണ്ടിയുള്ള അന്വേഷണത്തോട് പൂർണമായും യോജിക്കുന്നത് തന്നെയാണ്; അങ്ങിനെ അത് യാഥാർത്ഥ്യത്തിന്റെ ഏറ്റവും താഴ്ന്ന തലത്തെ കുറിക്കാൻ ഉതകാത്തതായിരിക്കുന്നു.

നേരെമറിച്ച്, മൗലികമായ ഏകത്വം കേവലമായി തന്നെ അവിഭാജ്യമാണെങ്കിൽ കൂടിയും അങ്ങേയറ്റം സങ്കീർണമായതാണെന്നും പറയാൻ സാധിക്കും. കാരണം, അതിൽ ആവിർഭവിതമായ ഉൺമകളുടെ സത്ത അഥവാ ഗുണപരമായ വശം ആയിട്ടുള്ള എല്ലാംതന്നെ, അവ (പ്രസ്തുത ഉൺമകൾ) താഴെ തലങ്ങളിലേക്കുള്ള അവരോഹണമാണ് എന്നനിലയിൽ, “ശ്രേഷ്ടമാം” വണ്ണം അടങ്ങിയിരിക്കുന്നു. അഹംബോധത്തിന്റെ സംഹാരത്തെകുറിച്ച് നാം മുമ്പ് വിശദീകരിച്ചത് പരാമർശിക്കുകയാണെങ്കിൽ തന്നെ പരിവർത്തിതമായ ഗുണപരത അതിന്റെ പൂർണമായ നിറവിൽ ആ ഏകതയിൽ ഉണ്ട് എന്നും വ്യവച്ഛേദപരമായ പരിമിതികളിൽ നിന്നെല്ലാം മുക്തമായ വ്യതിരിക്തത അവിടെ പരമമായ തലത്തെ പ്രാപിക്കുന്നു എന്നും മനസ്സിലാക്കാൻ സാധിക്കും. ആവിർഭവിതമായ അസ്തിത്വത്തിലേക്ക് ഒന്ന് പ്രവേശിക്കുന്നതോട് കൂടി തന്നെ, ആവിർഭാവത്തിന്റെ അവസ്ഥകളെയും വിധങ്ങളെയും നിർണയിക്കുന്ന മാനദണ്ഡങ്ങളുടെ രൂപത്തിൽ പരിമിതി പ്രത്യക്ഷപ്പെടുന്നു. ഈ അസ്തിത്വത്തിന്റെ കൂടുതൽ കൂടുതൽ താഴെ തലങ്ങളിലേക്ക് ഒരാൾ ഇറങ്ങും തോറും പരിമിതി കൂടുതൽ കൂടുതൽ സങ്കുചിതതരമായി തീരുന്നു. ഉൺമകളുടെ പ്രകൃതത്തിൽ അന്തർലീനമായിട്ടുള്ള സാധ്യതകൾ കൂടുതൽ കൂടുതൽ അതിരിടപ്പെട്ടതാകുന്നു. ഇത്, ഈ ഉൺമകളുടെ സത്തയും സമാനമായ അളവിൽ ലളിതവൽകരിക്കപ്പെടുന്നു എന്ന് പറയുന്നതിന് തുല്യമാണ്. ഈ ലളിതവൽകരണം അസ്തിത്വത്തിന് കീഴായ തലത്തിലേക്കും, അതായത്, ശുദ്ധമായ പരിമാണത്തിന്റെ മണ്ഡലത്തിലേക്ക്, ക്രമേണ തുടർന്നു പോവുകയും അവസാനം ഗുണപരമായ നിർണയങ്ങളുടെ സമ്പൂർണമായ നിഗ്രഹത്തിലൂടെ അതിന്റെ പാരമ്യത്തിലേക്ക് എത്തിക്കപ്പെടുകയും ചെയ്യുന്നു.

[1] ഈ ചൊല്ല്, “ആദ്യം ബാഹ്യേന്ദ്രിയത്തിൽ വരാത്ത ഒന്നും തന്നെ ബുദ്ധിയിലും ഇല്ല” (nihil est in intellectuquod non priusfuerit in sensu) എന്ന, പിന്നീട് ബോധൈകജ്ഞാന വാദമെന്ന് (sensualism) വിളിക്കപ്പെട്ടിരുന്നതിന്റെ ആദ്യ തത്വവൽകരണം പോലെതന്നെ ഏതെങ്കിലും നിർണിതമായ ഒരു കർത്താവിലേക്ക് ചേർക്കാൻ കഴിയുന്ന ഒന്നല്ല. ഇവയെല്ലാം ക്രൈസ്തവ മതതത്വശാസ്ത്രത്തിന്റെ (scholasticism) അപചയത്തിന്റെ കാലഘട്ടത്തിന്റെ ഭാഗം മാത്രമായിരിക്കാനാണ് സാധ്യത. നിലവിലുള്ള കാലഗണന പ്രകാരം എന്തായിരുന്നാലും ശരി, പ്രസ്തുത കാലഘട്ടം മധ്യയുഗത്തിന്റെ അന്ത്യം എന്നതിനേക്കാളേറെ ആധുനിക കാലഘട്ടത്തിന്റെ തുടക്കമാണ്. ഇത്, നാം മുമ്പ് വിശദീകരിച്ചത് പോലെ ആധുനിക കാലഘട്ടത്തിന്റെ ഉൽഭവത്തെ പതിനാലാം നൂറ്റാണ്ടിലേക്ക് തേടുകയാണെങ്കിലാണ്.

[2] ഇക്കാര്യത്തിൽ നമുക്ക് അപചയത്തെ കുറിച്ചുള്ള ക്രൈസ്തവ മതതത്വശാസ്ത്ര( scholastic) ആപ്തവാക്യത്തെ സെയിന്റ് തോമസ് അക്വിനസിന്റെ മാലാഖമാരുടെ ലോകത്തെകുറിച്ച, (ubi omne individuum est species infima – എല്ലാറ്റിലും ഏറ്റവും താഴ്ന്നതായ ഇനം വ്യക്തിയാണ്) എന്ന് തുടങ്ങിയ ആശയങ്ങളിൽ നിന്ന് വേർതിരിച്ച് മനസ്സിലാക്കാവുന്നതാണ്. അതായത്, മാലാഖമാർക്കിടയിലുള്ള വ്യത്യാസങ്ങൾ നമ്മുടെ ലോകത്തുള്ള “വൈയക്തിക വ്യത്യാസങ്ങൾക്ക് ” സമാനമായിട്ടുള്ളവയല്ല (യഥാർത്ഥത്തിൽ, ഇവിടെ individuum എന്ന വാക്ക് തന്നെ അനുയോജ്യമല്ല. കാരണം, അവ വ്യക്ത്യാതീതമായ (supra-individual) അവസ്ഥകളാണ്. ), മറിച്ച് വിശേഷ സ്വഭാവത്തിലുള്ള (specific) വ്യത്യാസങ്ങളാണ്. ഇതിനുള്ള യഥാർത്ഥ കാരണം എന്തെന്നാൽ, ഓരോ മാലാഖയും ഒരു ദൈവിക ഗുണവിശേഷണത്തിന്റെ പ്രകാശനത്തെ ഏതോ രീതിയിൽ പ്രതിനിധാനം ചെയ്യുന്നു എന്നതാണ്. ഹീബ്രൂ മാലാഖാശാസ്ത്രത്തിലെ (angelology) നാമങ്ങളുടെ സംഘാടനത്തിൽ ഇത് വ്യക്തമായി കാണാനാവും.

[3] അത്കൊണ്ടാണ്, “ഏതൊരു വ്യവസ്ഥയും അത് സ്ഥിരീകരിക്കുന്ന കാര്യത്തിൽ അത് സത്യമാണെന്നും അത് നിരാകരിക്കുന്ന കാര്യത്തിൽ അത് അസത്യമാണെന്നും” ലൈബ്നിറ്റ്സ് പറഞ്ഞിട്ടുള്ളത്. അതായത്, അത് അനുവദിച്ചു നൽകുന്ന വാസ്തവികമായ യാഥാർത്ഥ്യത്തിന്റെ അനുപാതത്തിൽ അതിൽ സത്യത്തിന്റെ അംശമുണ്ട്. അതുപോലെ തന്നെ, അത് പുറം തള്ളുന്ന യാഥാർത്ഥ്യത്തിന്റെ തോതനുസരിച്ച് അതിൽ തെറ്റുമുണ്ട്. എന്നാൽ, ഇതോടൊപ്പം കൂട്ടിച്ചേർക്കേണ്ടത് എന്തെന്നാൽ, ഒരു വ്യവസ്ഥയെ അതായി രുപപ്പെടുത്തുന്നത് അതിന്റെ നിഷേധാത്മകവും പരിമിതപ്പെടുത്തുന്നതുമായ വശമാണെന്നതാണ്.

തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy