ഹേ, കപട വിശ്വാസി…..

ഫത്ഹു റബ്ബാനി: മജ്ലിസ്: 3 ഭാഗം: 3
മുഹിയിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):

ഹേ, കപട വിശ്വാസി…നീ അല്ലാഹുവിനെ മറന്ന് സൃഷ്ടികളെയും കാരണങ്ങളെയും വണങ്ങുന്നു. നീ ഈ പതനത്തിൽ നിലകൊള്ളുന്നവനായിരിക്കെ അത് (രക്ഷയും വിജയവും കരഗതമായവരുടെ അവസ്ഥ) നിനക്കും കരഗതമാകണമെന്ന് നീ ഉദ്ദേശിക്കുന്നുണ്ടോ? യാതൊരു ബഹുമാനമോ അന്തസ്സോ നിനക്കില്ല. നീ (യഥാർത്ഥ) മുസ് ലിമാകുക. ശേഷം നീ തൗബ ചെയ്യുക. അതിന് ശേഷം നീ പഠിക്കുക. നീ അമൽ ചെയ്യുക. നീ അതിൽ ആത്മാർത്ഥതയും നിഷ്കളങ്കതയുമുള്ളവനാവുക. അല്ലാത്ത പക്ഷം നീ നേർവഴിയിലാവുകയില്ല. നിനക്ക് നാശം. ഞാൻ പരമാർത്ഥം തുറന്നു പറയുകയാണ്. അല്ലാതെ എനിക്ക് നിന്നോട് വല്ല വിരോധവുമുണ്ടോ? അല്ലെങ്കിൽ അല്ലാഹുവിന്റെ ദീനിനെ നിനക്ക് ഞാൻ പറഞ്ഞു തരികയില്ല. ശൈഖന്മാരുടെ പരുഷവും തത്വനിബിഡവുമായ സംസാരങ്ങളാലും സൃഷ്ടികളെ വെടിഞ്ഞ് അവനോടു മാത്രമുള്ള ആശ്രിതത്വത്തോടും അവന് മാത്രം അടിമപ്പെട്ടുള്ള പരുപരുത്ത പ്രകൃതത്താലും എന്നെ പരിപാലിക്കപ്പെട്ടു. എന്നിൽ നിന്ന് നിന്നിലേക്ക് നിനക്കിഷ്ടമില്ലാത്ത സംസാരമുണ്ടാകുമ്പോൾ അല്ലാഹുവിൽ നിന്നാണതെന്ന് നീ കണക്കാക്കുക. തീർച്ചയായും അവനാകുന്നു ആ വാക്കുകൾ എന്നെ കൊണ്ട് സംസാരിപ്പിച്ചത്. നീ എന്റെ അടുക്കൽ പ്രവേശിക്കുന്നതായാൽ നിന്റെ ദേഹേച്ഛയെ നഫ്സിനെ നിന്റെ ഞാൻ എന്ന ഭാവത്തിനെ വെടിഞ്ഞ് നഗ്നനായി നീ പ്രവേശിക്കുക. നിനക്ക് അകക്കാഴ്ച ഉണ്ടായിരുന്നെങ്കിൽ നീ എന്നെ പ്രസ്തുത അഴുക്കു വസ്ത്രങ്ങളെ തൊട്ട് നഗ്നനായി കാണുമായിരുന്നു. പക്ഷെ നിനക്ക് പിണഞ്ഞ ആപത്ത് നിന്റെ മനോരോഗമാണ്. എന്റെ സ്നേഹബന്ധവും എന്നെക്കൊണ്ട് പ്രയോജനം സിദ്ധിക്കലും ഉദ്ദേശിക്കുന്നവനേ…എന്റെ ഈ ചുറ്റുപാടിൽ സൃഷ്ടികളില്ല. ദുനിയാവും ആഖിറവുമില്ല. എന്നോട് സ്നേഹ ബന്ധം പുലർത്തുവാനും എന്റെ കരങ്ങൾ ഗ്രഹിച്ച് ഖേദിച്ചു മടങ്ങാനുമുദ്ദേശിക്കുന്നവനാരോ അവൻ എന്റെ നേരെ അവന്റെ ധാരണ നന്നാക്കണം. ഞാൻ ഉപദേശിക്കുന്നതനുസരിച്ച് പ്രവർത്തിക്കണം. എന്നാൽ ഇതുപോലെ അവനും ആകുന്നതാണ്. ഇൻശാ അല്ലാഹ്….

സ്ഥാനമഹത്വവും അന്തസ്സുമുള്ള അല്ലാഹു പ്രവാചകന്മാരെ അവന്റെ കലാമുകൊണ്ട് പരിപാലിച്ചു. ദിവ്യന്മാരെ അവന്റെ ഹദീസുകൊണ്ട് പരിപാലിക്കുന്നു. ഹദീസ് എന്നതിന്റെ വിവക്ഷ അവരുടെ ഹൃദയങ്ങളിൽ അവന്റെ(അല്ലാഹു നൽകുന്ന) ഇൽഹാം ആകുന്നു. എന്തുകൊണ്ട്…? തീർച്ചയായും അവർ പ്രവാകന്മാരുടെ വസ്വിയ്യത്ത് സ്വീകരിച്ചവരും പ്രതിനിധികളും സേവകരുമാകുന്നു. അന്തസ്സും മഹത്വവുമുള്ള അല്ലാഹു സംസാരിച്ചു. മൂസാ(അ)മിനെ കൊണ്ട് സംസാരിപ്പിച്ചു. അവൻ തന്നോട് അവരെക്കൊണ്ട് സംസാരിപ്പിച്ചു. സ്രഷ്ടാവ് ഏതൊരു സൃഷ്ടിയോടും സംസാരിച്ചിട്ടില്ല. അദൃശ്യങ്ങൾ സർവ്വതും അറിയുന്നവൻ മൂസാ(അ)മിനോട് സംസാരിച്ചു. കലാമുകൊണ്ട് അവരോട് അവൻ സംസാരിച്ചു. കലാമിനെ അവർക്ക് അവൻ അറിയിച്ചു. അവരുടെ ബുദ്ധിയിലേക്ക് ഇടയാളുകൂടാതെ അതിനെ അവൻ പകർന്നു. അവൻ നമ്മുടെ നബി(സ്വ) തങ്ങളോട് ഇടയിൽ ഏതും കൂടാതെ(മധ്യവർത്തിയില്ലാതെ) സംസാരിച്ചു.
ഈ ഖുർആൻ അല്ലാഹുവിന്റെ ശക്തിമത്തായ പാശമാണ്. നിങ്ങളുടെയും നിങ്ങളുടെ രക്ഷിതാവിന്റെയും ഇടയിലുള്ളതാണിത്. അല്ലാഹുവിനരികിൽ നിന്ന് ആകാശ ലോകത്ത് നിന്ന് ഇതിനെ ജിബ് രീൽ(അ) വഴി ഇറക്കി. വാർത്തയറിയിച്ചതു പോലെ അവൻ ഇത് അവന്റെ റസൂൽ(സ്വ) തങ്ങളുടെ പേരിൽ ഇറക്കി. ഇതിനെ നിരാകരിക്കുവാനോ ഇത് നിഷേധിക്കുവാനോ യാതൊരാൾക്കും അനുവദിക്കപ്പെടുകയില്ല. രക്ഷിതാവേ….നീ എല്ലാവരെയും നേർവഴിയിലാക്കേണമേ….എല്ലാവരും നിന്നിലേക്ക് ഖേദിച്ചു മടങ്ങുക എന്നത് നീ ഏകി അരുളേണമേ…എല്ലാവർക്കും നീ കരുണ ചെയ്യേണമേ….

അമീറുൽ മുഅ്മിനീൻ അൽ മുഅ്തസിം ബില്ലാഹ് യുടെ ചരിത്രത്തിൽ അദ്ദേഹം തന്റെ പരലോക യാത്ര അടുത്ത സമയം പറഞ്ഞത്
അല്ലാഹു വിന്റെ പേരിൽ സത്യം അഹ് മദുബ്നു ഹമ്പൽ(റ)വിന്റെ വിഷയത്തിൽ ഞാൻ പ്രവർത്തിച്ച യാതൊന്നിൽ നിന്ന് നിശ്ചയമായും ഞാൻ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നു. പക്ഷെ ഞാൻ അദ്ദേഹത്തിന്റെ യാതൊരു വിഷയവും അവലംബിച്ചിട്ടില്ല. ഞാനല്ലാത്തവർ അദ്ദേഹത്തെ അവലംബിച്ചിട്ടുമുണ്ട്.
ഹേ….മിസ്കീനേ…നിനക്ക് ആവശ്യമില്ലാത്ത വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നത് ഒഴിവാക്കുക. മദ്ഹബിന്റെ പേരിലുള്ള ശാഠ്യങ്ങളും നീ ഒഴിവാക്കുക. നിനക്ക് ഇഹത്തിലും പരത്തിലും പ്രയോജനം ചെയ്യുന്ന വല്ലതും നീ പ്രവർത്തിക്കുക. നിന്റെ കഥ എന്താണെന്ന് ഏറ്റവും സമീപ സമയത്ത് തന്നെ നീ ദർശിക്കും. എന്റെ സംസാരം അപ്പോൾ നിനക്ക് ഓർമ്മവരും. നിനക്ക് ശരിയായ വെട്ടും കുത്തും(ആക്രമണങ്ങളും) നേരിടുമ്പോൾ കണ്ടറിയാം. നിന്റെ തലയിൽ ഉരുക്കു തൊപ്പിയില്ല. പരിക്കുപറ്റാതെ ഒഴിവാകാനുള്ള യാതൊരു സജ്ജീകരണവും നിനക്കില്ല. ഐഹികമായ ദുർചിന്തയിൽ നിന്ന് നിന്റെ ഹൃദയത്തെ നീ മോചിപ്പിക്കുക. തീർച്ചയായും അടുത്ത സമയം തന്നെ ഈ ജീവിതത്തിൽ നിന്ന് നീ പിടിക്കപ്പെടും. ഇതിൽ സുഖജീവിതം നീ തേടരുത്. അതു നിനക്ക് ലഭിക്കുകയില്ല. നബി(സ്വ) തങ്ങൾ പറഞ്ഞു: സുഖ ജീവിതം പാരത്രിക ജീവിതമാണ്. നീ നിന്റെ അത്യാഗ്രഹം കുറക്കുക. വിജയ സാധ്യത ദുനിയാവിനെ വെടിഞ്ഞു നിൽക്കുന്നതിലാണ്. വെടിയൽ എന്നതിന്റെ ആകത്തുക അത്യാഗ്രഹം കുറക്കലാണ്.
ദുർജനങ്ങളെ നീ വിട്ടുപിരിഞ്ഞ് അവർക്കും നിനക്കുമിടയിലുള്ള സ്നേഹ ബന്ധം നീ വിച്ഛേദിക്കുക. സജ്ജനങ്ങളെ നീ കൂട്ടുപിടിക്കുക. നിന്റെ ഏറ്റവും അടുത്ത ബന്ധു ദുർജനങ്ങളിൽ പെട്ടവനാണെങ്കിൽ നീ അവനെയും വെറുക്കുക. സജ്ജനങ്ങളിൽ പെട്ടവൻ നിനക്കേറ്റവും ദൂരയുള്ളവനാണെങ്കിലും അവനോട് നീ ബന്ധം പുലർത്തുക. നീ ആരെയെല്ലാം സ്നേഹിക്കുന്നുണ്ടോ അവർക്കും നിനക്കുമിടയിൽ അടുത്ത ഹൃദയബന്ധം ഉണ്ടാകുന്നതാണ്. ആയതിനാൽ ആരെയാണ് സ്നേഹിക്കേണ്ടതെന്ന് ആദ്യം നീ മനസ്സിലാക്കണം. സജ്ജനങ്ങളിൽ ഒരു മഹാനോട് ചോദിച്ചുക്കപ്പെട്ടു. കുടുംബ ബന്ധം എന്നാൽ എന്താണ്? സ്നേഹമാണതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
നിനക്ക് ഓഹരിയാക്കപ്പെട്ടതും ഓഹരിയാക്കപ്പെടാത്തതും തേടുന്നത് നീ ഒഴിവാക്കുക. തീർച്ചയായും നിന്റെ ഓഹരിക്കു വിധിക്കപ്പെട്ടതു തേടൽ വെറും അദ്ധ്വാനം മാത്രമാണ്. വിധിക്കപ്പെടാത്തത് തേടൽ ക്രോധവും നാശവുമാണ്. അതാണ് തിരുനബി(സ്വ) തങ്ങൾ പറഞ്ഞത്: അല്ലാഹു തന്റെ അടിമയെ ശിക്ഷിക്കുന്നതിന്റെ കൂട്ടത്തിൽ പെട്ടതാണ് അല്ലാഹു അവന് ഓഹരി വെച്ചുകൊടുക്കാത്തതിനെ അവൻ തേടുക എന്നത്.
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy