ഇഖ് ലാസ്;
ദിവ്യാനുരാഗത്തിലേക്കൊരു വാതിൽ

ജലാഉൽ ഖാത്വിർ: അദ്ധ്യായം: 5

മുഹിയിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):
വിവർത്തനം- ബഷീർ മിസ്അബ്
:

ജീവിതത്തിലുടനീളം ആത്മാർത്ഥത പുലർത്തുക. അല്ലാഹുവിലേക്കു മടങ്ങും മുമ്പെ, നമസ്കാരം, നോമ്പ്, സകാത്ത്, ഹജജ് തുടങ്ങി സകല ജീവിതാവിഷ്കാരങ്ങളിലും അവനോടുള്ള കരാർ പാലിക്കുക. അഥവാ, അവന്റെ ഏകത്വത്തിൽ ദൃഢവിശ്വാസികളാവുക. തിരുചര്യയെയും മുസ്ലിം ഉമ്മത്തിനെയും പിൻപറ്റുക. ക്ഷമയും സത്യസന്ധതയും നന്ദിയുമുള്ളവരാവുക. സൃഷ്ടികളെ വിട്ട് കാര്യങ്ങളെല്ലാം അല്ലാഹുവിൽ ഭരമേല്പിക്കുക. സദാ അവനെ തേടിക്കൊണ്ടിരിക്കുക. അവനല്ലാത്ത സകലതിൽനിന്നും മുഖം തിരിക്കുക. ഹൃദയംകൊണ്ടും ആന്തരാത്മാവുകൊണ്ടും അവനിലേക്കു പ്രയാണം ചെയ്യുക. എങ്കിൽ ഇഹലോകത്തുതന്നെ അല്ലാഹു നിങ്ങൾക്ക് അവനോടുള്ള അടുപ്പം കനിഞ്ഞരുളും, തീർച്ച. പരലോകത്തും നിങ്ങൾ അവന്റെ അടുപ്പക്കാരിലായിരിക്കും. അനുപമമായ കണ്ണും കാതും നിങ്ങൾക്കു നൽകപ്പെടുകയും, ഒരു ഹൃദയവും ഒരിക്കലുമനുഭവിച്ചിട്ടില്ലാത്ത അനുഗ്രഹങ്ങൾ നിങ്ങൾക്കുമേൽ ചൊരിയപ്പെടുകയും ചെയ്യും.
അല്ലാഹുവിൽ പങ്കുചേർക്കുന്നതിൽനിന്നും അവന്റെ വാതിൽപ്പടിയിൽ തന്നെ രക്ഷതേടുക. ദുരിതങ്ങളണയുമ്പോൾ ഓടിയൊളിക്കാതെ അവിടെതന്നെ നിലകൊള്ളുക. ആ വാതിൽപ്പടിയിൽതന്നെ മുറുകെ പിടിച്ചിരിക്കുക. തൗഹീദിലുള്ള നിന്റെ വിശ്വാസവും, നിന്റെ സത്യസന്ധതയുടെ പ്രഭാവവും കാരണം അവ നിന്നെ വിട്ടകലും. പ്രയാസങ്ങളും പരീക്ഷണങ്ങളും അഭിമുഖീകരിക്കേണ്ടി വരിമ്പോൾ സ്ഥൈര്യവും ക്ഷമയുമവലംബിക്കുകയും, ഈ ദിവ്യ വചനങ്ങൾ ഉരുവിടുകയും ചെയ്യുക-
“സത്യവിശ്വാസികൾക്ക് അല്ലാഹു ഇഹത്തിലും പരത്തിലും സുസ്ഥിര വചനത്താൽ സ്ഥൈര്യം പ്രദാനം ചെയ്യുന്നു”(14/27)
“താങ്കളെ സംരക്ഷിക്കുന്നതിനു മതിയായവനാണ് അല്ലാഹു എന്നു സമാധാനിച്ചു കൊൾക” (2/137)
“അടിമക്ക് അല്ലാഹു മതിയായവനല്ലയോ?” (39/36)
“അല്ലാഹുവിൽ നിന്നല്ലാതെ ശക്തിയും ശേഷിയുമില്ല” എന്ന വിശുദ്ധവചനം നിരന്തരം ഉരുവിടുക. സദാ അല്ലാഹുവിനെ വാഴ്ത്തി അവനോട് മാപ്പിരക്കുക. എപ്പോഴും അവന്റെ സ്മരണയിലായിരിക്കുക. സത്യസന്ധതയിലൂടെ നിങ്ങൾക്ക് ക്ലേശങ്ങളുടേയും അധമവികാരങ്ങളുടേയും, നഫ്സിന്റെയും ശൈത്വാനിന്റേയുമെല്ലാം സൈന്യങ്ങളിൽ നിന്നും രക്ഷ നേടാനാവുന്നു.
“അല്ലാഹു ആരെ നേർവഴിയിലാക്കിയോ അവനാകുന്നു സന്മാർഗം പ്രാപിച്ചവൻ” (18/17)
“വല്ലവനേയും അല്ലാഹു നേർവഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കാനാരുമില്ല” (39/37)
വഴികേടിലായവർ കൂടി സത്യോപദേശം സ്വീകരിച്ചെങ്കിൽ എന്നു നബിതിരുമേനി(സ്വ) ആഗ്രഹിച്ചുപോയി. അപ്പോൾ അല്ലാഹു ദിവ്യബോധനമിറക്കി- “നിശ്ചയം, താങ്കൾക്കിഷ്ടപ്പെട്ടവരെ നേർവഴിയിലാക്കാൻ താങ്കൾക്കാവില്ല. എന്നാൽ, അല്ലാഹു അവനിഷ്ടപ്പെട്ടവരെ നേർവഴിയിലാക്കുന്നു” (28/56)
അനന്തരമാണ് തിരുദൂതർ(സ്വ) ഇവ്വിധം പറഞ്ഞത്- “ഞാൻ മാർഗദർശനവുമായി നിയോഗിതനായവനാണ്. പക്ഷെ, അതെന്റെ നിയന്ത്രണത്തിലല്ല. ഇബ് ലീസ് മനുഷ്യനെ പ്രലോഭിപ്പിക്കുന്നു. എങ്കിലും, പ്രലോഭനം അവന്റെ നിയന്ത്രണത്തിലല്ല”.
“വാൾ മുറിവേല്പിക്കുന്നതും തീ പൊള്ളലേല്പിക്കുന്നതും അവയുടെ സഹജ ഗുണംകൊണ്ടല്ല. മറിച്ച്, പൊള്ളലും മുറിവുമേല്പിക്കുന്നത് അല്ലാഹു മാത്രമാണ്’എന്നതാകുന്നു വിശുദ്ധഗ്രന്ഥത്തേയും തിരുചര്യയെയും പിൻപറ്റുന്നവരുടെ വിശ്വാസം. അതുപോലെ, അന്നപാനീയങ്ങൾക്ക് വിശപ്പോ ദാഹമോ ശമിപ്പിക്കാനുള്ള ശേഷിയുമില്ല. അവയിലൂടെ ദാഹത്തിനും വിശപ്പിനും ശമനമേകുന്നത് അല്ലാഹുവാകുന്നു. പ്രപഞ്ചത്തിലെ സകല സൃഷ്ടിജാലങ്ങളുടേയും സ്ഥിതി ഇതുതന്നെയാകുന്നു. താനുദ്ദേശിച്ചത് നടപ്പാക്കാൻ അല്ലാഹു ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാകുന്നു അവയെല്ലാം. അവകൊണ്ട് താൻ ഇച്ഛിക്കുന്നത് അവൻ പ്രവർത്തിക്കുന്നു. ഇബ്റാഹിം പ്രവാചകനെ തീയിലേക്കെറിഞ്ഞപ്പോൾ തീ അദ്ദേഹത്തിനു പൊള്ളലേൽപിക്കരുതെന്നു അല്ലാഹു ഉദ്ധേശിച്ചു. അതിനാൽ, അവൻ തീയിലൂടെത്തന്നെ ഇബ്റാഹീമിനു തണുപ്പും സ്വാസ്ഥ്യവുമേകി.
“ബർദൻ വ സലാമ’
നബിതിരുമേനി(സ്വ)യുടെ ഒരു വചനം ഇവ്വിധം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്- “പുനരുത്ഥാന നാളിൽ തീ ഇവ്വിധം പറയും-“അല്ലയോ സത്യവിശ്വാസീ, കടന്നു പൊയ്ക്കൊൾക. താങ്കളുടെ വെളിച്ചം എന്റെ ജ്വാലയെ അണച്ചു കളഞ്ഞിരിക്കുന്നു.”
ഹൃദയ സാന്നിധ്യമില്ലാതെ ആരാധനാനിരതരാകുന്നവരേ, നിങ്ങളുടെ ഉപമ കഴുതയുടേതാകുന്നു. ആട്ടുയന്ത്രം കറക്കാനായി ചുറ്റും നടത്തുമ്പോൾ അതിന്റെ കണ്ണു മൂടിക്കെട്ടുന്നു. ഒരുപാടു ദൂരം പിന്നിട്ടുവെന്നാണ് അതിന്റെ ധാരണയെങ്കിലും വാസ്തവത്തിൽ അത് ആട്ടുയന്ത്രം വിട്ടുപോയിട്ടേയില്ല. കഷ്ടം തന്നെ നിങ്ങളുടെ കാര്യം! നിങ്ങൾ നമസ്കാരത്തിൽ ഇരിക്കുകയും എഴുന്നേല്ക്കുകയും ചെയ്യുന്നു. നോമ്പിൽ വിശപ്പും ദാഹവും സഹിക്കുന്നു. പക്ഷെ, ഹൃദയത്തിൽ ഒരണുപോലും ഇഖ്ലാസ്വോ ഈമാനോ ഇല്ലാതിരിക്കെ നിങ്ങൾക്കവയിൽനിന്നും എന്തു ഗുണം ലഭിക്കാനാണ്? മടുപ്പും തളർച്ചയുമല്ലാതെ? ഹൃദയത്തിന്റെ കണ്ണുകൾ അപരന്റെ കീശയിലും പാത്രത്തിലും പാർപ്പിടത്തിലുമായിരിക്കെ നിങ്ങൾ നമസ്കരിക്കുകയും നോമ്പു നോൽക്കുകയും ചെയ്യുന്നു. പാരിതോഷികങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങളവരെ ഉറ്റുനോക്കുന്നു. അതിനുവേണ്ടി നിങ്ങൾ അവർ കാൺകെ നോമ്പിലും മറ്റു ആരാധനകളിലും ഏർപ്പെടുന്നു.
അല്ലാഹുവിനു പങ്കുകാരെ പ്രതിഷ്ഠിച്ചവരേ, സൽഗുണങ്ങളിൽനിന്നും ആത്മീയാവസ്ഥകളിൽനിന്നും പുറംതിരിഞ്ഞ കപടരേ, ഞാൻ നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നു നിങ്ങളറിയുന്നില്ലേ? നിങ്ങളുടെ മേൽ എനിക്കധികാരമുണ്ടെന്നും, നിങ്ങളുടെ അവകാശവാദങ്ങൾക്കു ഞാൻ തെളിവ് ആവശ്യപ്പെടുന്നുണ്ടെന്നും നിങ്ങളറിയുന്നില്ലേ?
നബിതിരുമേനി(സ്വ) ഇവ്വിധം അരുളിയിരുക്കുന്നു- “തെളിവു ഹാജരാക്കാൻ ആവശ്യപ്പെടാതെ ആളുകളുടെ അവകാശവാദങ്ങൾ അംഗീകരിച്ചിരുന്നുവെങ്കിൽ ചിലർ(അന്യായമായി) അപരരുടെ രക്തവും ധനവും ആവശ്യപ്പെടുമായിരുന്നു. അതിനാൽ, അവകാശവാദമുന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം. അവകാശവാദം നിഷേധിക്കുന്നവർ സത്യം ചെയ്യുകയും വേണം”.
നിങ്ങൾ എന്തുമാത്രം സംസാരിക്കുകയും, എത്ര കുറച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു! സത്യവാൻമാരെങ്കിൽ നിങ്ങൾ സംസാരം ചുരുക്കി പ്രവൃത്തിയിൽ ഉത്സുകരാവൂ.
ഒരാൾ അല്ലാഹുവെ അറിയാൻ തുടങ്ങുന്നതോടെ അയാളുടെ നാവടങ്ങുകയും, ഹൃദയം വാചാലമാവാൻ തുടങ്ങുകയും ചെയ്യുന്നു. അയാളുടെ അന്തരാത്മാവ് ശുദ്ധവും ശാന്തവുമാവുകയും, അല്ലാഹുവിനുമുന്നിൽ അയാളുടെ പദവി ഉയരുകയും ചെയ്യുന്നു. അങ്ങിനെ അയാൾ അല്ലാഹുവിനോട് തീവ്രാനുരാഗത്തിലാവുകയും, അവനിൽ ആശ്വാസം കണ്ടെത്തുകയും, മറ്റെല്ലാറ്റിനെയും ഉപേക്ഷിച്ച് സകലതിനും അല്ലാഹുവിലേക്കു തിരിയുകയും ചെയ്യുന്നു.
അല്ലയോ ഹൃദയാഗ്നീ, ശാന്തവും ശീതളവുമാകൂ. ഹൃദയമേ, പർവ്വതങ്ങൾ പറിച്ചുമാറ്റപ്പെടുകയും, ഭൂമി അതിന്റെ യഥാരൂപത്തിൽ ദൃശ്യമാക്കപ്പെടുകയും ചെയ്യുന്ന ആ ദിനത്തിനായി ഒരുങ്ങിക്കൊൾക. അല്ലാഹുവിലുള്ള വിശ്വാസത്തിന്റെയും ഭരമേല്പിക്കലിന്റെയും(തവക്കുൽ), അവനോടുള്ള പ്രണയാഭിലാഷങ്ങളുടെയും പാദങ്ങളിൽ അന്ന് എഴുന്നേറ്റു നിൽക്കുന്നവരാകുന്നു യഥാർത്ഥ മനുഷ്യർ. പരലോകത്തിനുമുമ്പെ, ഇഹലോകത്തു വച്ചുതന്നെ അല്ലാഹുവെ അറിഞ്ഞവരാകുന്നു അവർ.
സൃഷ്ടികളുടേയും ഉപാധികളുടേയും(അസ്ബാബ്) പർവ്വതങ്ങൾ അന്നു പിഴുതുമാറ്റപ്പെടും. എന്നാൽ, സകല ഉപാധികളുടേയും സ്രഷ്ടാവായ അല്ലാഹുവിന്റെ പർവ്വതങ്ങൾ തൽസ്ഥാനത്തുതന്നെ അവശേഷിക്കും. പരിണാമത്തിന്റെയും പുനസ്ഥാപനത്തിന്റെയും ദിനമാകുന്നു പുനരുത്ഥാന നാൾ. ആകാരവും ദൃഢതയും ഗാംഭീര്യവും കണ്ട് നിങ്ങൾ അത്ഭുതംകൂറുന്ന ഈ പർവ്വതങ്ങൾ അന്നു പിഴുതെടുക്കപ്പെടും. ആകാശം ഉരുക്കിയ ചെമ്പു കണക്കെ ആയിത്തീരും. വാനഭുവനങ്ങളുടെ ഭാവങ്ങളാകമാനം മാറ്റിമറിക്കപ്പെടും. ശരീഅത്തിന്റെയും കർമ്മാവിഷ്കാരങ്ങളുടേതുമുൾപ്പെടെ ഇഹലോകത്തിന്റെ ക്രമങ്ങളും വ്യവസ്ഥകളുമപ്പാടെ തകിടംമറിക്കപ്പെടുകയും, വിധിയുടെയും കർമ്മഫലങ്ങളുടേയും വിശ്രമത്തിന്റെയും ന്യായമായ ഓഹരിവെപ്പിന്റേതുമുൾപ്പെടെ പരലോകത്തിന്റെ ക്രമവും വ്യവസ്ഥയും സഥാപിതമാവുകയും ചെയ്യും.
അല്ലാഹുവേ, ആ ദിനത്തിൽ ഞങ്ങളുടെ ഹൃദയത്തിനും ശരീരത്തിനും സൈ്ഥര്യം പ്രദാനം ചെയ്യേണമേ…

ആത്മാർത്ഥത ശീലിക്കുക. സൃഷ്ടികൾക്കു വേണ്ടിയല്ലാതെ, അല്ലാഹുവിനുവേണ്ടി നമസ്ക്കരിക്കുക. അവനുവേണ്ടി നോമ്പെടുക്കുക. നിനക്കോ മറ്റു സൃഷ്ടികൾക്കോ വേണ്ടിയല്ലാതെ അല്ലാഹുവിനുവേണ്ടി ഈ ലോകത്തു ജീവിക്കുക. അനുസരണയുടെ ഏതൊരു കർമ്മം ചെയ്യുമ്പോഴും സൃഷ്ടികൾക്കല്ലാതെ, അല്ലാഹുവിനു സ്വയം സമർപ്പിക്കുക. പ്രതീക്ഷകൾക്കു കടിഞ്ഞാണിട്ടുകൊണ്ടല്ലാതെ നിനക്കു സദ്കർമ്മങ്ങൾ ചെയ്യുക സാധ്യമല്ല. മരണത്തെ ഓർത്തുകൊണ്ടല്ലാതെ പ്രതീക്ഷകൾക്കു കടിഞ്ഞാണിടാനുമാകില്ല. തകർന്നടിഞ്ഞ കുഴിമാടങ്ങൾ കണ്ട് അവയ്ക്കകത്തുള്ളവരെക്കുറിച്ചും അവരുടെ ജീവിതവ്യവഹാരങ്ങളെക്കുറിച്ചും ചിന്തിക്കുവോളം മരണസ്മരണയും നിന്നിലുണ്ടാവില്ല. തകർക്കപ്പെട്ട കുഴിമാടങ്ങൾക്കരികെയിരുന്ന് സ്വന്തത്തോട് ഇവ്വിധം പറയുക, “ഇവർ തീറ്റയും കുടിയും സുഖഭോഗങ്ങളും പതിവാക്കിയവരായിരുന്നു. അണിഞ്ഞൊരുങ്ങിയവരും ലൗകികസമ്പാദ്യങ്ങൾ വാരിക്കൂട്ടിയവരുമായിരുന്നു. എന്നിട്ടിപ്പോൾ ഇവരുടെ സ്ഥിതിയെന്താണ്? അവകൊണ്ടെല്ലാം ഇവർക്കെന്തു നേട്ടമുണ്ടായി? ചെയ്ത സദ്കർമ്മങ്ങളല്ലാതെ മറ്റൊന്നും ഇപ്പോൾ ഇവർക്കൊപ്പമില്ല”

അല്ലയോ നഗരവാസികളേ, പരലോകത്തിലും ഉയർത്തെഴുന്നേല്പിലും വിശ്വാസമില്ലാത്തവർ നിങ്ങളിലുണ്ട്. അവർ നിരീശ്വരവാദത്തിന്റെ തത്വങ്ങൾ സ്വീകരിച്ചവരാണ്. കൊല്ലപ്പെടുമെന്ന പേടി കാരണം അതവർ മറച്ചുവെക്കുന്നുവെന്നുമാത്രം. അത്തരം ഒരു വിഭാഗത്തെ എനിക്കു നേരിട്ടറിയാം. പക്ഷെ ഞാൻ നിങ്ങളെ നോക്കിക്കാണുന്നത് അല്ലാഹുവിന്റെ നിയമങ്ങളിലൂടെയാണ്. അവന്റെ ജ്ഞാനത്തിനായി ഞാനതു മറച്ചുവെക്കുകയാണ്. നിങ്ങളോരോരുത്തരെയും വേറിട്ടു കാണുന്നുണ്ടെങ്കിലും ഞാൻ കണ്ണടക്കുകയാണ്.
അല്ലാഹുവേ, ഞങ്ങളുടെ ന്യൂനതകളുടെമേൽ മറയിടേണമേ. ഞങ്ങൾക്കു പൊറുത്തുതരികയും, മാർഗദർശനമരുളുകയും ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ നാഥാ.

തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy