മുഹമ്മദ് ഇൽഹാമി
വിവർത്തനം: അബൂസ്വാലിഹ്:
ജ്ഞാനം അത് നൽകുന്നവനെയും സ്വീകരിക്കുന്നവനെയും നവീകരിക്കാനും, സംസ്കരിക്കാനും പര്യാപ്തമാകുന്ന അനന്യമായ ഒരു ഗുണവിശേഷമാണ്. ഇസ് ലാമിക സംസ്കൃതിയിൽ ജ്ഞാനവിനിമയമെന്നാൽ അത് ചില മൂല്യങ്ങളുടെ പ്രസാരണവും ആത്മസംസ്കരണം സിദ്ധിക്കാനുള്ള ഉപാധിയുമായിരുന്നു. ഗുരുശിഷ്യ ബന്ധങ്ങളിലൂടെയുള്ള ജ്ഞാനവിനിമയങ്ങൾക്ക് സഹായകമായ ഗ്രന്ഥങ്ങളുടെ പകർപ്പെഴുത്തിൽ നിന്നും അച്ചടി യന്ത്രത്തിന്റെ കണ്ടുപിടുത്തത്തോടെ ജ്ഞാനവിനിമയത്തിന്റെ രംഗത്ത് സംഭവിച്ച അഭൂത പൂർവ്വമായ പരിവർത്തനങ്ങളും ഇൻഫെർമേഷൻ ടെക്നോളജിയുടെ വ്യാപനത്തോടെ ജ്ഞാനവിനിമയ രംഗത്ത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തമായ ഗതിവേഗങ്ങളും ഇന്ന് ജ്ഞാനത്തിന്റെ മൂല്യം തന്നെ ചോർത്തി കളഞ്ഞിരിക്കുന്നു. സംസ്കാരത്തെയും ജീവിതത്തെയും നവീകരിക്കേണ്ട ജ്ഞാനം ക്ഷയോന്മുഖമാവുകയും അജ്ഞാനം വിജ്ഞാനവിപ്ലവമായി ആധിപത്യം നേടുകയും ചെയ്യുന്ന സമകാലിക പരിസരത്ത് ജ്ഞാനത്തെ സംബന്ധിച്ച ചില വീണ്ടു വിചാരങ്ങൾ പങ്ക് വെക്കുന്ന ലേഖനം.
എന്റെ രസികനായ ഒരു സുഹൃത്ത്, ഈയിടെ തന്റെ ഫെയ്സ് ബുക് പോസ്റ്റിലൂടെ എന്നെ ഞെട്ടിച്ചു കളഞ്ഞു. അയാൾ പറയുകയാണ്: തോക്ക് കണ്ടുപിടിച്ചയാൾ പറഞ്ഞു- ഇനി മുതൽ ധീരനും ഭീരുവും തമ്മിലുള്ള വ്യത്യാസത്തെ പരിഗണിക്കേണ്ടതില്ല. ഫെയ്സ്ബുക്ക് കണ്ടുപിടിച്ചയാളും പറഞ്ഞു : ഇനി മുതൽ കഴുതയും ഫിലോസഫറും തമ്മിലുള്ള വ്യത്യാസത്തെ പരിഗണിക്കേണ്ടതില്ല. ജ്ഞാനത്തിന്റെ ഭ്രംശത്തെകുറിച്ചുള്ള, കുറിക്കുകൊള്ളുന്ന പ്രയോഗമാണിത്. കാരണം, അത് എന്ത് പറയുന്നവനുമുള്ള വേദിയാണല്ലോ. എന്ത് പറഞ്ഞാലും അതിനെ ഇഷ്ടപ്പെടാനും (ലൈക്ചെയ്യാനും) പ്രോത്സാഹിപ്പിക്കാനും ആളുകളുണ്ട്. ചിലപ്പോൾ ഒരാൾ ഒരുവാക്ക് തമാശ രൂപേണയൊ അല്ലെങ്കിൽ കോപത്തിന്റെ ബഹിസ്ഫുരണമെന്ന നിലയിലോ എഴുതിയെന്ന് വന്നേക്കാം. അയാൾക്കറിയാം, താനെഴുതിയത് അതിശയോക്തിയാണെന്നും പൊട്ടിത്തെറിയാണെന്നും. അപ്പോൾ അതിന് ബലം പകരുന്നതും പ്രോൽസാഹിപ്പിക്കുന്നതുമായ കമന്റുകളിലൂടെയും, എന്തിനേറെ എതിർക്കുന്നവയിലൂടെയും ആ വാക്ക് ബൗദ്ധികമായ ഒരു സിദ്ധാന്തവും സാമൂഹിക കാഴ്ചപ്പാടും ഒക്കെ ആയിത്തീരുന്നു. അങ്ങിനെ, അത് പറഞ്ഞവൻ സ്വയം വിചാരിക്കുന്നു, താൻ പറഞ്ഞത് എന്തോ ഒരു ആപ്തവാക്യമാണെന്ന്. അങ്ങിനെ, അയാൾ ജനങ്ങളെ രസിപ്പിക്കുന്ന കാര്യങ്ങൾ പറയുകയും അവർക്ക് തന്നെ പോലെയുള്ള ബുദ്ധിശക്തി ഇല്ല എന്നും അവർ തന്റെ വിവേകത്തിലേക്ക് ആശ്രിതരാണെന്നും തന്റെ നേതൃത്വത്തെ കൊതിക്കുന്നവരാണെന്നും ഒക്കെ വിചാരിക്കുന്നു. അങ്ങിനെ പരിഹാസത്തിന്റെയും കോപത്തിന്റെയും നൈമിഷിക പ്രകടനങ്ങളിൽ നിന്ന് പുതിയ ദാർശനികർ ജനിച്ചുവീഴുന്നു. ഇപ്രകാരം, നമ്മുടെ ഈ കാലഘട്ടത്തിൽ ദാർശനികർ വളരെയധികം വർദ്ധിച്ചിരിക്കുന്നു.
പക്ഷെ, ജ്ഞാനത്തിന്റെ ക്ഷയം എന്ന പ്രതിഭാസത്തിന്റെ ആരംഭം കുറിക്കപ്പെട്ടതെപ്പോഴാണ്? അനിവാര്യമായും ഉണ്ടാകേണ്ട യോഗ്യത കൈവരിക്കുന്നതിന് മുമ്പ് തന്നെ അഭിപ്രായവും കാഴ്ചപ്പാടും പ്രകടിപ്പിക്കുക എന്ന അലങ്കോലപ്പെട്ട അവസ്ഥ എപ്പോഴാണ് ഉയിരെടുത്തത്? ഏതൊരു ചരിത്ര പ്രതിഭാസത്തിന്റെയും മൂലകാരണത്തെ കുറിച്ച ചർച്ചയിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ടായിരിക്കുക എന്നത് പതിവാണല്ലോ. ചരിത്രകാരൻമാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു തമാശയുണ്ട്. ഒരു ചരിത്രകാരൻ പറയും: ഇന്ന പ്രതിഭാസത്തിന്റെ ആരംഭം ഇന്ന വർഷത്തിലാണുണ്ടായത്. അപ്പോൾ, അതിനെ തിരുത്തിക്കൊണ്ട് മറ്റൊരു ചരിത്രകാരൻ പറയും:അല്ല, അതിനും മുൻപ് ഇന്ന വർഷത്തിൽ തന്നെ അതിന്റെ വേരുകൾ കാണാൻ കഴിയും. അപ്പോൾ അതിനെയും തിരുത്തിക്കൊണ്ട് മൂന്നാമതൊരു ചരിത്രകാരൻ പറയും: അല്ല, അതിന്റെ മൂലകാരണം അതിനും മുമ്പ് ഇന്ന വർഷത്തിൽ തന്നെ ഉണ്ടായിരുന്നു.
ഉത്തരങ്ങൾ എത്ര വ്യത്യസ്തമായാലും ശരി, നമ്മൾ വന്നെത്തിച്ചേരുക, ഉലമാക്കൾ അച്ചടി യന്ത്രത്തെ വിലക്കുകയും മതപരമായ ഗ്രന്ഥങ്ങളെ അച്ചടിക്കുക എന്നത് ഒരു കുറ്റകൃത്യമായി കാണുകയും ചെയ്ത ചരിത്ര സന്ദർഭത്തിലേക്കാണ്. ഉസ്മാനിയ്യാ സാമ്രാജ്യത്തിലെയും തുടർന്ന് അൽ-അസ്ഹറിലെയും ഉലമാക്കളുടെ മേൽ, അച്ചടിയുടെ വിലക്കൽ ഈ രണ്ട് കൂട്ടരുടെയും മേൽ ആരോപിച്ചു കൊണ്ടുള്ള വളരെയധികം ആക്ഷേപങ്ങൾ വന്നിട്ടുള്ള ചരിത്ര സന്ദർഭമാണിത്. ഇവിടെ എന്റെ ഉദ്ദേശം, ആ ചരിത്രപരമായ സംഭവത്തിന്റെ നിജസ്ഥിതി വിലയിരുത്തലല്ല. അതിനെ ചുറ്റിപ്പറ്റി കുറെ വാഗ്വാദങ്ങളുണ്ട് താനും. എന്നാൽ, ഇതിൽ സ്ഥിരപ്പെട്ട വസ്തുത എന്തെന്നാൽ, ഉലമാക്കൾ അച്ചടിയന്ത്രത്തെ സംശയത്തോട് കൂടിയും അത്കൊണ്ടുണ്ടായിത്തീരുന്ന പരിണതികളെ ഭയപ്പാടോടും ജാഗ്രതയോടും കൂടിയും നോക്കിക്കാണാൻ പ്രേരിപ്പിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ടത്, നാം ഇവിടെ സംസാരിക്കുന്ന കാര്യം തന്നെയാണ് – അതായത്, ജ്ഞാനത്തിന്റെ ക്ഷയം.
ജ്ഞാനം സ്വീകരിക്കപ്പെട്ടുകൊണ്ടിരുന്നത് അതിന്റെ ആളുകളിൽ നിന്നായിരുന്നു. ഒരു വിദ്യാർത്ഥി ഗുരുനാഥന്റെ (ശൈഖ്) സന്നിധിയിൽ ഇരിക്കുകയും അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് ഗ്രന്ഥത്തെ പാരായണം ചെയ്യുകയും ചെയ്യുന്നു. അപ്പോൾ പാരായണം ചെയ്യുന്നവന്റെ പാരായണത്തെയും അയാളുടെ ധാരണകളെയും ശൈഖ് തിരുത്തുന്നു. നമ്മുടെ ഇസ്ലാമികമായ ചരിത്രത്തിന്റെ പുലരിതൊട്ട് തന്നെ ഉലമാക്കൾ ഒരു ശൈഖില്ലാതെ അറിവ് ഗ്രന്ഥത്തിൽ നിന്ന് നേരിട്ട് സ്വീകരിക്കുന്നതിനെ തൊട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ശൈഖില്ലാതെ, ഗ്രന്ഥത്തിൽ നിന്ന് തന്നെ സ്വീകരിക്കുന്നതിൽ ഒട്ടനവധി തെറ്റുകളും ഊഹങ്ങളും കടന്നുവരും എന്ന അർത്ഥത്തിലുള്ള നിരവധി വാക്കുകൾ അവരിൽ നിന്ന് ഉദ്ധരിക്കാൻ സാധിക്കും.
കടലാസ് നിർമ്മാണക്കാരും പകർപ്പെഴുത്തുകാരും നമ്മുടെ ഇസ്ലാമിക നാഗരികതയിലുടനീളം വളരെ വ്യാപകമായി തന്നെ ഉണ്ടായിരുന്നു. അവരുടെ ആധിക്യത്തെകുറിച്ച്, ചരിത്രകാരൻമാരും സഞ്ചാരികളും ഓറിയന്റലിസ്റ്റുകളും ഗ്രന്ഥശാലകളുടെ മഹത്വത്തെയും വ്യാപനത്തെയും കുറിച്ച് രേഖപ്പെടുത്തിയത് പോലെതന്നെ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതൊന്നും തന്നെ, ജ്ഞാനം സ്വീകരിക്കുന്നതിനുള്ള അംഗീകൃത മാർഗം ശൈഖൻമാരിൽ നിന്ന് സ്വീകരിക്കുക എന്നതും അവരുടെ ഇജാസത്തും ആയിരിക്കണം എന്നതിന് വിഘാതമായിരുന്നില്ല. ഒരു ആലിമിന്റെ പദവിയിലുള്ള മഹത്വം ഉയരുന്നത് അദ്ദേഹത്തിന്റെ വായനയുടെ വിശാലതയുടെ അടിസ്ഥാനത്തിലായിരുന്നില്ല; മറിച്ച് അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയതയുടെ (മശീഖത്) വ്യാപ്തിക്കനുസരിച്ചായിരുന്നു.
അത് കൊണ്ടായിരുന്നു, അച്ചടിയന്ത്രം എന്ന പുതിയ കണ്ടുപിടിത്തം ആഗതമായപ്പോൾ, അത് ജ്ഞാനത്തിന്റെ ക്ഷയത്തിന് കാരണമായേക്കുമെന്ന് ഉലമാക്കൾ ഭയപ്പെട്ടത്. പകർപ്പെഴുത്തുകാർ മാസങ്ങളോളം ഉറക്കമൊഴിച്ച് കൊണ്ടു സൃഷ്ടിക്കുന്നത് അച്ചടിയന്ത്രം ഒരൊറ്റ സന്ദർഭത്തിൽ തന്നെ സൃഷ്ടിച്ചെടുക്കുന്നു. അറിവന്വേഷികളുടെ ആവശ്യത്തിനനുസരിച്ച് ഗ്രന്ഥങ്ങളുടെ പ്രളയം തന്നെയുണ്ടാകുന്നു. അങ്ങിനെ, ശൈഖൻമാരുടെ കൂടെ ഇരുന്ന് പഠിക്കാത്തവർ അവ വായിക്കുന്നു; അങ്ങിനെ അവർ വഴിപിഴക്കുന്നു, വഴിപിഴപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ, ഒരു പുതിയ വർഗം “ഉലമാക്കൾ” ജൻമം കൊള്ളുന്നു; അവരുടെ ശൈഖൻമാർ ഗ്രന്ഥങ്ങളാണ്. ഇത്, അച്ചടിയന്ത്രങ്ങൾ, പുസ്തകങ്ങളെ ഉൽപ്പാദിപ്പിക്കുന്നതോടൊപ്പം തന്നെ ഒരു പുതിയ വിഭാഗം വായനക്കാരെയും സൃഷ്ടിച്ചു എന്നത് പോലെയാണ്. അവരുടെ പക്കൽ ജ്ഞാനം ക്ഷയിച്ചുകൊണ്ടേയിരുന്നു.
ഇതിനുമപ്പുറമാണ്, അതിൽ നിന്ന് ഉലമാക്കൾ ഭയപ്പെട്ടിരുന്ന വേറെയും കാര്യങ്ങൾ. ഉദാഹരണത്തിന്, ഖുർആനിനെയും അതുമായി ബന്ധപ്പെട്ട തഫ്സീറിനെയും ഹദീസിനെയും ഫിഖ്ഹിനെയും മാറ്റിത്തിരുത്താൻ വേണ്ടി അച്ചടിയന്ത്രത്തെ ഉപയോഗിക്കുക എന്നത്. പകർപ്പെഴുത്തുകാരെകുറിച്ച് എന്തുപറഞ്ഞാലും ശരി, മൊത്തത്തിൽ അവർ വിദ്യാർത്ഥികളും, അതിന് അർഹതപ്പെട്ടവരും അതിനോട് ബന്ധപ്പെട്ടവരും തന്നെയായിരുന്നു. വൈജ്ഞാനികമായ ഒരു അന്തരീക്ഷത്തിന്റെ ഭാഗം തന്നെയായിരുന്നു അവരെല്ലാവരും. ഒരു മൂലകൃതിയിൽ നിന്ന് അവർ പകർത്തിയെഴുതുന്നു. ആ മൂലകൃതിയാവട്ടെ, ആലിമായ ഗ്രന്ഥകർത്താവിന്റെ കൈപ്പടയിൽ തന്നെ എഴുതിയതായിരിക്കും അല്ലെങ്കിൽ അദ്ദേഹത്തിന്റെ സമക്ഷം വായിക്കപ്പെടുകയും അദ്ദേഹം അതിന് ശരിയാണെന്ന് സമ്മതം നൽകുകയും ചെയ്ത പകർപ്പായിരിക്കും. ഇനി തെറ്റുകളോ മറ്റു പിഴവുകളോ ഒരു പകർപ്പിൽ സംഭവിക്കുകയാണെങ്കിൽ, മറ്റൊരു പതിപ്പിൽ അതിനെ തിരുത്താൻ പകർപ്പെഴുത്തുകാരന് സാധിക്കുന്നു. ഇതേതെറ്റ് തന്നെ മറ്റുള്ളവർക്ക് ഉണ്ടായിത്തീരുകയില്ല.
എന്നാൽ, അച്ചടിമുദ്രണക്കാരാവട്ടെ, അച്ചടിക്കപ്പെടുന്ന ജ്ഞാനവുമായി ബന്ധവുമില്ലാത്ത, എന്നാൽ ആയന്ത്രത്തെ ഉപയോഗിക്കുന്നതിനുള്ള വൈദഗ്ദ്യവുമായി ബന്ധപ്പെട്ട വ്യവസായികമായ തൊഴിൽ ശേഷിയുടെ ആളുകൾ മാത്രമാണ്. അതോടൊപ്പം, വളരെയധികം പകർപ്പുകൾ ഉൽപാദിപ്പിക്കുന്ന ഈ യന്ത്രം അവയിൽ എന്തെങ്കിലും തിരുത്തുകൾ വരുത്തുവാനുള്ള (പിഴവുകൾ ഉണ്ടാവുമ്പോൾ) അവസരത്തെയും അനുവദിക്കുന്നില്ല. ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കുകയാണെങ്കിൽ, അച്ചടി യന്ത്രത്തോടുള്ള എതിർപ്പിന്റെ സമീപനം, ഒരു തെറ്റോ പിന്തിരിപ്പത്തരമോ അല്ല. മറിച്ച്, നാം അതിനെ കാണുന്നത്, ദീനിന്റെ കാര്യത്തിലുള്ള ജാഗ്രതയുടെയും വീഴ്ചകളെ തൊട്ടുള്ള കരുതലിന്റെയും ജ്ഞാനത്തിന്റെ സംരക്ഷണത്തിന്റെയും ഭാഗമായിട്ടാണ്. എന്നാൽ, അച്ചടിയന്ത്രത്തിന്റെ പ്രയാണം ഇന്ന് അത് ആവിർഭവിച്ച കാലഘട്ടത്തിലുള്ളവർ പ്രതീക്ഷിക്കുക പോലും ചെയ്യാത്തതായ ഒരു ഉത്തുംഗതയിൽ എത്തിനിൽക്കുകയാണ്. പ്രയോഗത്തിൽ ഇന്ന് അത് നിർത്താതെ അഭംഗുരം അച്ചടിച്ചു കൊണ്ടേയിരിക്കുന്ന ഉൻമാദിയായ ഒരുയന്ത്രമായിമാറിയിരിക്കുന്നു. ഇത്, ഭയാനകമായ രീതിയിലുള്ള ജ്ഞാനത്തിന്റെ ക്ഷയത്തിലേക്ക് നയിച്ചിരിക്കുന്നു.
അതെങ്ങനെ? സങ്കടകരമായ ഈ കഥയുടെ സംക്ഷേപം ഇപ്രകാരമാണ്. ആധുനിക രാഷ്ട്രത്തിന്റെ ആവിർഭാവത്തിന്റെ കാലഘട്ടത്തിന്റെ “സഹചാരിയായിട്ടാണ്” അച്ചടിയന്ത്രത്തിന്റെ കണ്ടു പിടിത്തവും ഉണ്ടായിട്ടുള്ളത്. ഈ കേന്ദ്രീകൃത രാഷ്ട്രം താൽപര്യപ്പെടുന്നത് അതിന് കീഴിലുള്ള വസ്തുക്കളുടെയും ആളുകളുടെയും മേലുള്ള സമ്പൂർണമായ അധീശത്വത്തെയാണ്. ഇവിടെ ഞാൻ സഹഗമിക്കുന്നതിനെ കുറിക്കുന്ന സഹചാരി എന്ന പ്രയോഗം തിരഞ്ഞെടുത്തിട്ടുള്ളത്, ഒരു വിഷയത്തെ കുറിക്കുന്ന സംവാദപരമായ വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് . അത് ഇപ്രകാരമാണ് – “ആധുനികരാഷ്ട്രം എന്ന ആശയവും അതിന്റെ തേട്ടങ്ങളുമാണോ അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് പ്രേരണയായിട്ടുള്ളത്? അതല്ല, അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തം അധീശത്വമോഹങ്ങൾക്ക് അവയുടെ കൈകളിൽ തന്നെ കിട്ടിയ ഒരു ആയുധം പോലെയായിരിക്കുകയും അവ അതിൽ അനുരക്തമാവുകയുംചെയ്തതാണോ?”