തഖ് വയും പരിത്യാഗവും
യാഥാർത്ഥ്യ ജ്ഞാനത്തിലേക്കുള്ള താക്കോൽ

അവാരിഫുൽ മആരിഫ്:
അദ്ധ്യായം 3: ആത്മീയ ജ്ഞാനം: മഹത്വവും മാതൃകയും: ഭാഗം: 3
ഇമാം ശിഹാബുദ്ദീൻ സുഹ്റ വർദി(റ):

ഈ സൂക്തത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി ഗ്രഹിക്കാം. തഖ് വയുള്ള വർക്കാണല്ലാഹു തന്റെ പ്രത്യേക ജ്ഞാനം നല്കുക എന്നതാണത്. തഖ് വയില്ലാത്തവരുടെ ജ്ഞാനം ഈ ഗണത്തിൽ പെടുകയില്ല. ബുദ്ധിമാന്മാർ ഇതിൽ ഏതാണ് തെരഞ്ഞെടുക്കേണ്ടത്? ബുദ്ധിമാന്മാരെപ്പറ്റി ഫുഖഹാക്കൾ പറയുന്നതു നോക്കുക: ഏറ്റവും ബുദ്ധിയുള്ള വിഭാഗത്തിന്നു വല്ലതും നൽകാൻ ഒരാൾ ഉദ്ദേശിച്ചാൽ ഭൗതിക സുഖങ്ങളോട് വൈമുഖ്യമുള്ളവർക്കാണതു നൽകേണ്ടത്. കാരണം അവരാണ് ഏറ്റവും വലിയ ബുദ്ധിമാന്മാർ.
സഹ് ലുബ്നു അബിദില്ലാഹിത്തസ്തരി(റ) പറയുന്നു: “ബുദ്ധിയ്ക്ക് ആയിരം നാമങ്ങളുണ്ട്. ഓരോ നാമത്തിനും ആയിരം ഉപനാമങ്ങളുമുണ്ട്. ഈ നാമങ്ങളും, ഉപനാമങ്ങളുമെല്ലാം തുടങ്ങുന്നത് ഭൗതിക സുഖവിരക്തി എന്നർത്ഥമുള്ള ശബ്ദം കൊണ്ടാണ്.

ഹാത്തമുൽ അസമ്മ്(റ)വിന്റെ ശിഷ്യനായ അബ്ദുല്ലാഹിൽ ഖബ്ബാസ്(റ) പറയുന്നു. ഞാനുൾപ്പെടെ മുന്നൂറ്റി ഇരുപതു ശിഷ്യരുമൊത്ത് ഹാത്തമുൽ അസമ്മ്(റ) ഒരിക്കൽ ഹജ്ജിനു പോവുകയായിരുന്നു. യാത്രയിൽ ഞങ്ങൾ രിയ്യ് എന്ന പ്രദേശത്തെത്തി. അവിടെ ഒരു കച്ചവടക്കാരനുണ്ട്. ഫഖീറന്മാരോട് സ്നേഹമുള്ളയാളായിരുന്നു അദ്ദേഹം. ആ സമയം ഞങ്ങളുടെ കൈയിൽ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. ഫഖീറുമാരായ ഞങ്ങളുടെ വേഷഭൂഷാദികൾ കണ്ടപ്പോൾ ആ വ്യാപാരി ഞങ്ങളെ അദ്ദേഹത്തിന്റെ അതിഥികളാക്കി. രാത്രി ഞങ്ങൾ അയാളോടൊപ്പം താമസിച്ചു. പിറ്റേന്നു യാത്രയാകുന്ന നേരം ഹാത്തമുൽ അസമ്മ്(റ)വിനോട് ആ വ്യാപാരി ചോദിച്ചു:
“ഇവിടെ ഒരു ഫഖിഹു സുഖമില്ലാതെ കിടക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തെ സന്ദർശിക്കാൻ പോകുകയാണ്. നിങ്ങൾ എന്നെ അനുഗമിയ്ക്കുന്നുവോ?”
ഹാത്തം(റ) പ്രതിവചിച്ചു: ‘തീച്ചയായും ഒരു ഫഖീഹിനെ കാണൽ വലിയ ഇബാദത്താണ്. അതിനാൽ ഞങ്ങളും വരുന്നു.”
അങ്ങിനെ ഞങ്ങളും ആ വ്യാപാരിയോടൊപ്പം പോയി. രിയ്യിലെ ഖാളിയായ മുഹമ്മദിബ്നു മുഖാത്തിലായിരുന്നു ആ ഫഖീഹ്. ഞങ്ങൾ അദ്ദേഹത്തിന്റെ വീടിന്റെ പടിവാതിലിനടുത്തെത്തി. ഭീമാകാരമായ പടിവാതിൽ. ആഡംബരത്തിന്റെ എല്ലാ വിശേഷണങ്ങളും സമ്മേളിച്ച പടിവാതിൽ. രാജകീയമായ പകിട്ടും പത്രാസും. ഇതു കണ്ടപ്പോൾ ഹാത്തമുൽ അസമ്മ്(റ) ചിന്താനിമഗ്നനായി നിന്നു. അദ്ദേഹം പറഞ്ഞു:
“റബ്ബേ. ഒരു ആലിമിന്റെ അവസ്ഥ ഇങ്ങനെയോ? ഇതാണോ ഒരു ജ്ഞാനിയുടെ സമീപത്തേക്കുള്ള പടിവാതിൽ: പടിവാതിൽക്കൽ നിന്ന കാവൽക്കാരൻ ഞങ്ങളെ മുറ്റത്തേക്കു കടത്തി വിട്ടു. ഹോ ഒരു കൊട്ടാരം തന്നെ. ഉയർന്ന വിസ്തൃതമായ സ്വപ്നസൗധം. പാറാവുകാർ. ജോലിക്കാർ. ആശ്രിതൻമാർ. ഇതെല്ലാം കണ്ട് ഹാത്തം(റ) വീണ്ടും ചിന്താമഗ്നനായി. ഒടുവിൽ കാവൽക്കാർ ഞങ്ങളെ ഖാളിയുടെ മുറിയിലേക്കാനയിച്ചു. മൃദുലമോഹനമായ ശയ്യയിൽ ‘ഖാളി കിടക്കുന്നു. ചുറ്റും ആശ്രിതന്മാർ വിനീത വിധേയരായി നിൽക്കുന്നു. രാജകീയമായ കിടപ്പുമുറിയും സംവിധാനങ്ങളും! ഹാതം(റ) ആശ്ചര്യത്തോടെ സ്തംഭിച്ചു നിന്നു. ഖാളി അദ്ദേഹത്തോട് ഇരിക്കാൻ പറഞ്ഞു. അദ്ദേഹം ഇരുന്നില്ല. എന്താണിരിക്കാത്തതെന്നു ചോദ്യമുയർന്നു. ഹാതം(റ) നിർന്നിമേഷനായി നിന്നു.
ഖാളി ചോദിച്ചു: “എന്താ വല്ലതും പറയാനുണ്ടോ?”
“ഉണ്ട്…”
“എന്താണ്?”
“എനിക്ക് താങ്കളോടു ഒരു സംശയം ചോദിക്കാനുണ്ട്.“
“എന്താണു സംശയം?“
“താങ്കൾ എഴുന്നേറ്റിരുന്നാൽ ചോദിക്കാം.”
ഖാളി തന്റെ സേവകന്റെ സഹായത്തോടു കൂടി എഴുന്നേറ്റിരുന്നു. ഹാതം(റ) ചോദിച്ചു: “അങ്ങേക്ക് ജ്ഞാനം ലഭിച്ചതെവിടെ നിന്നാണ്?”
ഈ ചോദ്യം ഖാളിയെ അത്ഭുതപ്പെടുത്തി. ഇതദ്ദേഹം പ്രതീക്ഷിക്കാത്തതായിരുന്നു. വിഷമത്തോടെയാണെങ്കിലും മറുപടി നൽകി.
“താബിഉകളായ ഗുരുനാഥന്മാരിൽ നിന്ന്…”
“അവർക്കെവിടെ നിന്ന് കിട്ടി.”
“നബി തിരുമേനി(സ)യുടെ സഹാബികളിൽ നിന്ന്..”
“അവർക്കോ?”
“നബി(സ്വ)യിൽ നിന്ന്”
“നബി(സ്വ) തങ്ങൾക്കോ ?”
“ജിബ്രീലിൽ നിന്ന്.”
ഹാതം(റ) തുടർന്നു ചോദിച്ചു:
“അല്ലയോ ഖാളി, അല്ലാഹുവിൽ നിന്ന് ജിബ്രീൽ(അ) തിരുമേനിക്ക് എത്തിച്ചുകൊടുക്കുകയും, നബിതിരുമേനി(സ്വ) സഹാബികൾക്കു പ്രബോധനം ചെയ്യുകയും, സഹാബികൾ അങ്ങയുടെ ഗുരു നാഥന്മാർക്കും, ആ ഗുരുനാഥന്മാർ അങ്ങേക്കും പഠിപ്പിക്കുകയും ചെയ്ത ജ്ഞാന ശകലങ്ങളിൽ ഇതൊക്കെ അങ്ങു പഠിച്ചിട്ടുണ്ടോ?”
“ഏതൊക്കെ?”
“വീട്ടിൽ ധാരാളം കാവൽക്കാരെയും ഭൃത്യരേയും നിശ്ചയിച്ചു. ഉയർന്നതും വിസ്തൃതവുമായ മണിമന്ദിരത്തിൽ എല്ലാ സുഖ സൗകര്യങ്ങളുമാസ്വദിച്ചു താമസിക്കുന്ന പണ്ഡിതന് അല്ലാഹുവിന്റെ അനുഗ്രഹം കൂടുതൽ കൂടുതൽ ലഭിക്കുമെന്ന് അങ്ങു പഠിച്ചിട്ടുണ്ടോ?”
“ഇല്ല,,,”
“പിന്നെന്താണു പഠിച്ചത്?”
ഖാളി വിഷമിച്ചു. പക്ഷേ, ഹാത്തമുൽ അസമ്മാണല്ലോ ചോദിക്കുന്നത്. മറുപടി പറയാതിരിക്കാൻ നിവൃത്തിയില്ലല്ലോ. അദ്ദേഹം പറഞ്ഞു:
“ഭൗതിക സുഖളുപേക്ഷിച്ച്, പാരത്രിക ജീവിതം മാത്രം ലക്ഷ്യം വെച്ച്, സാധുക്കളെ സ്നേഹിച്ചു ജീവിക്കുന്നവർക്കു മാത്രമേ അല്ലാഹുവിങ്കൽ സ്ഥാനമുള്ളൂവെന്നു ഞാൻ പഠിച്ചിട്ടുണ്ട്.”
ഹാത്തം(റ) ചോദിച്ചു:
“എങ്കിൽ താങ്കൾ പിൻപറ്റിയിരിക്കുന്നത്? നബിതിരുമേനി(സ്വ)യെയും സഹാബികളെയും സാലിഹുകളേയുമാണോ? അതോ, അംബരചുംബികളായ സൗധങ്ങൾ പണിതു മാതൃക കാണിച്ച ഫിർഔൻ നംറൂദു തുടങ്ങിയ ദുഷ്ടരേയോ? അല്ലയോ ദുഷിച്ച പണ്ഡിത സമൂഹമേ, ഭൗതീക സുഖപ്രമത്തരായ നിങ്ങളെക്കാണുന്ന വിവരമില്ലാത്ത പാമരന്മാർ എന്താണ് ധരിക്കുക? ഇതുതന്നെയാണ് ശരിയായ വഴിയെന്നവർ കരുതിയാൽ അവരാണോ തെറ്റുകാർ…?”
ഇത്രയും പറഞ്ഞശേഷം ഹാത്തം(റ) അവിടെ നിന്ന് യാത്രയായി. അതോടെ ഖാളി അസ്വസ്ഥനായി. തുടർന്ന് അയാളുടെ രോഗം വർദ്ധിച്ചു. രോഗം മൂർദ്ധന്യത്തിലായി………

ഈ വിവരമറിഞ്ഞ റിയ്യുകാർ ഹാത്തം(റ)നെ സമീപിച്ചു അപേക്ഷിച്ചു. “ഇവിടെ അയാളേക്കാൾ വലിയ ഒരു പണ്ഡിതനുണ്ട്. അയാളും ഭൗതികോന്മുഖവും ആഡംബര പൂർണ്ണവുമായ ജീവിതമാണ് നയിക്കുന്നത്. തനാഫസിയെന്നാണ് പേര്. അയാളെയും അങ്ങു ഒന്നുപദേശിക്കണം. ഒന്നു തൊട്ടുണർത്തണം.
ഹാത്തം(റ) ഉടനെ അങ്ങോട്ടു പുറപ്പെട്ടു. അയാളെ സമീപിച്ചു. അപേക്ഷിച്ചു. “അങ്ങ് എനിക്ക് വുളുവും നിസ്കാരവുമൊന്നു പഠിപ്പിച്ചു തരണം.”
തനാഫസിക്ക് ഹാത്തം(റ)വിനെ പരിചയമില്ലായിരുന്നു. അയാൾ ഹാത്തം(റ) വിന് വുളു എടുക്കുന്ന രീതി കാണിച്ചു കൊടുത്തു. അതനുസരിച്ചു ഹാത്തം(റ) വുളു ചെയ്യാൻ തുടങ്ങി. മൂന്നു തവണ കൈകഴുകാൻ പറഞ്ഞതിന്നു എതിരായി ഹാത്തം(റ) നാലുതവണ കഴുകി. ഉടനെ തനാഫസി പറഞ്ഞു: “അതു ധൂർത്താണ്. വെള്ളം ധൂർത്തടിക്കാൻ പാടില്ല.”
ഹാത്തം(റ) ചോദിച്ചു: “സുബ്ഹാനല്ലാഹ്…ഞാൻ അല്പം വെള്ളം മാത്രമാണധികം ചെലവാക്കിയത്. താങ്കളാകട്ടെ ജീവിതം തന്നെ ധൂർത്തടിക്കുന്നു.”
അതുകേട്ടു തനാഫസി നടുങ്ങി. ഇതു സാധാരണക്കാരനല്ലെന്നയാൾക്കു ബോധ്യമായി. ഹാത്തം(റ) സ്ഥലം വിട്ട ശേഷമാണ് അതാരാണെന്ന് മനസ്സി ലായത്. ലോക പ്രസിദ്ധനായ ഹാത്തമുൽ അസമ്മാണെന്നറിഞ്ഞപ്പോൾ തനാഫസി നടുങ്ങിപ്പോയി. അയാൾ അകത്തു കടന്നു വാതിലടച്ചു. പിന്നെ കുറെ കാലത്തിനയാൾ പുറത്തു വന്നില്ല.

രിയ്യ്, ഖസ്വീൻ എന്നീ പ്രദേശങ്ങളിലെ കച്ചവടക്കാർക്കിടയിൽ ഈ സംഭവങ്ങൾ സംസാര വിഷയമായി. ഹാത്തം(റ) ബാഗ്ദാദിൽ ചെന്നപ്പോൾ നാട്ടുകാർ അദ്ദേഹത്തോടു ചോദിച്ചു “എതിരാളികളെ ഇങ്ങിനെ ആഘാതമേൽപിക്കാൻ അങ്ങേക്കു സാധിക്കുന്നതെങ്ങിനെ?”
ഹാത്തം(റ) പ്രതിവചിച്ചു:
മൂന്ന് കാര്യങ്ങളാണ് എതിരാളികളെ കീഴടക്കാൻ എന്നെ സഹായിക്കുന്നത്. (1) എതിരാളി സത്യത്തിലെത്തിയാൽ ഞാൻ സന്തോഷിക്കുന്നു. (2) എതിരാളി പിഴച്ചാൽ ഞാൻ ദുഃഖിക്കുന്നു. (3) എതിരാളിയോടു വിവരക്കേടു പ്രവർത്തിക്കാതിരിക്കാൻ ഞാൻ അങ്ങേയറ്റം ശ്രദ്ധിക്കുന്നു.”

ഈ വാർത്ത ഇമാം അഹ്മദ് ഇബ്നു ഹമ്പൽ(റ) അറിഞ്ഞു. അദ്ദേഹം പറഞ്ഞു “സുബ്ഹാനല്ലാഹ്. എന്തൊരു ബുദ്ധി!
തുടർന്ന് മഹാനായ ഇമാം അവർകൾ ഹാമുൽ അസമ്മ്(റ)വിനെ സന്ദർശിച്ചു ഇപ്രകാരം ചോദിച്ചു:
“ദുനിയാവിന്റെ ചതിയിൽ നിന്നു രക്ഷപ്പെടാൻ എന്തുണ്ട് മാർഗ്ഗം?”
ഹാത്തമുൽ അസമ്മ്(റ) പ്രതിവചിച്ചു:
നാലു ഗുണങ്ങൾ അങ്ങയിലില്ലെങ്കിൽ രക്ഷപ്പെടുകയില്ല. (1) ജനങ്ങളുടെ അജ്ഞതയെ പൊറുത്തുകൊടുക്കുക (1) അങ്ങ് അവരോടു അജ്ഞത പ്രവർത്തിക്കാതിരിക്കുക. (3) അങ്ങയുടെ കൈയിലുള്ളതു ജനങ്ങൾക്കു കൊടുക്കുക. (4) അവരുടെ കൈയ്യിലുള്ളതൊന്നും ആശിക്കാതിരിക്കുക.”
പിന്നെ അദ്ദേഹം മദീനയിലേക്കു പോയി. ഖുർആൻ പറയുന്നു: “അല്ലാഹുവിനെ തന്റെ ദാസരിൽ നിന്നു ഭയപ്പെടുന്നതു ജ്ഞാനികൾ മാത്രമാണ്.”
ജ്ഞാനികളല്ലാതെ മറ്റാരും അല്ലാഹുവിനെ ഭയപ്പെടുകയില്ലെന്നു ഖുർആൻ സുവ്യക്തമായി തുറന്നു പറയുന്നു. ഭൗതിക സുഖങ്ങളുപേക്ഷിച്ചു തഖ് വയിൽ മുഴുകാതെ അല്ലാഹുവിൽ നിന്നുള്ള ജ്ഞാനം ലഭ്യമല്ലെന്നു ഉഖ്റവിയായ ആലിമുകളും അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.

അബൂയസീദുൽ ബിസ്താമി(റ) തന്റെ ശിഷ്യരോടു ഒരിക്കൽ പറഞ്ഞു. “ഇന്നലെ രാത്രി പുലരുന്നതു വരെ ഞാൻ കഠിനാദ്ധ്വാനം ചെയ്തിട്ടും ലാ ലാഹ ഇല്ലല്ലാ എന്ന് ചൊല്ലാൻ എനിക്ക് സാധിച്ചില്ല.” കാരണമന്വേഷിച്ച ശിഷ്യരോടദ്ദേഹം അരുളി: “ചെറുപ്പത്തിൽ ഞാനെന്റെ നാവുകൊണ്ടു ഉച്ചരിച്ച ഒരു ചീത്ത വാക്കു ഓർത്തു പോയി. ആ വാക്കിനാലുള്ള അസ്വാസ്ഥ്യം മൂലം പിന്നെ എനിക്ക് ദിക്ർ ചൊല്ലാൻ സാധിച്ചില്ല.”

തെളിഞ്ഞ തഖ് വയും പൂർണ്ണമായും പരിത്യാഗിയുമായവർക്ക് അഗാധമായ ജ്ഞാനം ലഭിക്കുന്നു. വാസിത്തി(റ) പറയുന്നു. രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് തങ്ങളുടെ ആത്മാവു കൊണ്ടു ഊളിയിട്ടു ചെന്ന് ജ്ഞാനത്തിന്റെ പൊരുളുകൾ കണ്ടെത്തുകയും, കൂടുതൽ നേടാൻ അക്ഷരസാഗരത്തിൽ ബുദ്ധിയ വ്യാപരിപ്പിച്ച് ഓരോ അക്ഷരത്തിലും ഒളിഞ്ഞു കിടക്കുന്ന അത്ഭുത സിദ്ധികളും നിക്ഷേപങ്ങളും കണ്ടുപിടിക്കുകയും ചെയ്തവരാണ് അഗാധജ്ഞാനികൾ. അവരെയാണ് ഖുർആൻ റാസിഖൂന ഫിൽ ഇൽമി’ എന്നു വിശേഷിപ്പിച്ചത്. അവരുടെ വാക്കുകളിലെ ഓരോ അക്ഷരങ്ങളിലും ഹിക്മത്ത് പ്രതിഫലിക്കുന്നതു കാണാം.
മറ്റൊരു ജ്ഞാനി പറയുന്നു: “അഭിസംബോധന കേൾക്കുമ്പോൾ ഉൺമയുടെ അന്ത:സത്ത ഗ്രഹിക്കാൻ കഴിവുള്ളവനാണ് അഗാധജ്ഞാനി.” അബൂസഈദുൽ ഖസ്സാർ(റ) പറയുന്നു: “എല്ലാ വൈജ്ഞാനിക ശാഖളിലും സമ്പൂർണ്ണ പാണ്ഡിത്യം നേടുകയും സൃഷ്ടികളുടെയെല്ലാം ഉൾത്തു
ടിപ്പുകൾ മനസ്സിലാക്കുകയും ചെയ്തവരാണ് അഗാധജ്ഞാനികൾ. അഗാധജ്ഞാനിയാകാൻ ജ്ഞാനത്തിന്റെ എല്ലാ ശകലങ്ങളിലും നൂറു ശത മാനവും അറിവു നേടണമെന്ന് ഇതിന്നർത്ഥമില്ല. ഉദാഹരണം, ഉമറുൽ ഫാറൂഖ് (റ) ഒരു അഗാധജ്ഞനായിരുന്നു. ഒരിക്കൽ അദ്ദേഹം കാലിത്തീറ്റയെ പരാമർശിക്കുന്ന ഖുർആൻ സൂക്തം ഓതിയശേഷം ചോദിച്ചു: “എന്തൊക്കെയാണ് കാലിത്തീറ്റ. തുടർന്നു അദ്ദേഹം അരുളി: “അത് ചുഴിഞ്ഞാലോചിക്കേണ്ടതില്ല. അതു വിഷമം സൃഷ്ടിക്കലാണ്. ലാളിത്യത്തിനെതിരാണത്.
ഈ സംഭവമുണ്ടായതു അബൂബക്കർ സിദ്ദീഖ്(റ)വിൽ നിന്നാണെന്നും റിപ്പോർട്ടുണ്ട്.

മുത്തഖിയായ മനുഷ്യൻ ഭൗതിക സുഖങ്ങൾ ത്യജിക്കുകയും, അയാളുടെ ഹൃദയത്തിന്റെ അഴുക്കുകളെല്ലാം നീങ്ങി തിളങ്ങുകയും ചെയ്യുമ്പോൾ ഹൃദയം ഒരു ദർപ്പണമായി മാറുന്നു. ലൗഹി’ലെ ജ്ഞാനം അവിടെ പ്രതിഫലിക്കുന്നു. അങ്ങിനെ അവൻ ജ്ഞാനത്തിന്റെ വേരുകൾ നേരിൽ കണ്ടു മനസ്സിലാക്കുന്നു. പൂർവ്വിക പണ്ഡിതരുടെ മുദ്രകളെല്ലാം അവൻ കണ്ടെത്തുന്നു. ഇങ്ങിനെ അറിവിന്റെ സ്രോതസ്സു കണ്ടെത്തിയവൻ ജ്ഞാന ശാഖകളോരോന്നും അറിഞ്ഞു കൊള്ളണമെന്നില്ല. അത്തരം ശാഖകൾ പലതും വെവ്വേറെ പഠിക്കുക തന്നെ വേണ്ടിവരും. ശാഖകൾ മാത്രം പഠിക്കാൻ ആയുഷ്ക്കാലം മുഴുവൻ വിനിയോഗിച്ചവരാണ് സാധാരണ ഉലമാക്കൾ. അവർ ജ്ഞാനത്തിന്റെ സ്രോതസ്സ് കണ്ടിട്ടില്ല. മറ്റുള്ളവരാകട്ടെ ശറഇൽ അടിസ്ഥാന പരമായ അത്യാവശ്യകാര്യങ്ങൾ പഠിച്ച ശേഷം തഖ് വ കൊണ്ടും സുഹ്ദ് കൊണ്ടും അല്ലാഹുവിലേക്ക് മുറിഞ്ഞുവീഴുകയും, അവന്റെ സാമീപ്യം സമ്പാദിക്കുകയും ചെയ്തവരാണ്. അപ്പോൾ അവരുടെ ആത്മാവ് പ്രശോഭിതമായി. ആ പ്രശോഭ ഹൃദയത്തിന്നു ലഭിച്ചു. നേരത്തെപ്പറഞ്ഞ പോലെ ആ ഹൃദയത്തിൽ ലൗഹു പ്രതിബിംബിച്ചു. ആ ഹൃദയം സർവ്വജ്ഞനിൽ വിലയം പ്രാപിച്ചു

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy