ജലാഉൽ ഖാത്വിർ: 7
ശൈഖ് മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ):
വിവർത്തനം: ബഷീർ മിസ്അബ്
:

അല്ലാഹുവിന്റെ വിധിയിൽ അതൃപ്തരാവാതിരിക്കുക. വിധിയെ തടയാനോ ഉല്ലംഘിക്കാനോ ഒരാൾക്കുമാവില്ല. ആരു തൃപ്തരായാലും അതൃപ്തരായാലും സംഭവിക്കാനുള്ളത് സംഭവിക്കുകതന്നെ ചെയ്യും. ദുനിയാവിനോടുള്ള ഇടപഴകൽ സദുദ്ദേശപൂർവ്വമായിരിക്കണം. അതല്ലാത്തപക്ഷം നിങ്ങൾ അല്ലാഹുവിന്റെ വെറുപ്പിനു പാത്രമാവും. “ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് ‘ എന്ന മൊഴിയിൽ തുടങ്ങട്ടെ നിങ്ങളുടെ വ്യവഹാരങ്ങൾ മുഴുവനും.
കഷ്ടതകളാൽ പരീക്ഷിക്കപ്പെടുന്ന പാവങ്ങളേ, മരണത്തെക്കുറിച്ചും അനന്തര യാഥാർത്ഥ്യങ്ങളെക്കുറിച്ചും ഓർക്കുക. എങ്കിൽ ദാരിദ്ര്യവും കഷ്ടതകളും നിങ്ങൾക്കു നിസ്സാരമാവുകയും, ഇഹലോക വിരക്തി എളുപ്പമാവുകയും ചെയ്യും. എന്റെ ഉപദേശം നിങ്ങൾ സ്വീകരിക്കുക. കാരണം, ഞാനീ പാത പിൻതുടർന്നവനും അനുഭവിച്ചവനുമാകുന്നു. അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ അവന്റെ “വജ്ഹ്’ അല്ലാതെ മറ്റൊന്നും കൊതിക്കില്ല. അവർ ഉറക്കുപേക്ഷിച്ചവരാണ്, ഉറക്കത്തെ സൃഷ്ടിച്ചവന്റെ സാന്നിധ്യത്തിലാവാൻ.

അവരുടെ ഹൃദയം സ്വത്തു-സമ്പാദ്യങ്ങളിൽ നിന്നെല്ലാം മോചിതമായിരിക്കുന്നു. അല്ലാഹുവിന്റെ ആജ്ഞയിറങ്ങിയതോടെ അവർ ഉപജീവനോപാധികളുപേക്ഷിച്ച് വിജനമായ മരുഭൂമികളിൽ അധിവസിച്ചു. അവർക്കു വാസമുറപ്പിക്കാൻ സ്ഥായിയായ ഇടങ്ങളില്ലായിരുന്നു. അസാധാരണമാകുന്നു അവരുടെ ഇരവും പകലും.
വറചട്ടിയിലെ ധാന്യമണി കണക്കെയാകുന്നു അവരുടെ ഹൃദയം. അവരാകുന്നു വിവേകികൾ. ദുനിയാവിനെയും അതിന്റെ ഗൂഢതന്ത്രങ്ങളെയും, വശീകരണത്തെയും, വഞ്ചനകളെയുമെല്ലാം തിരിച്ചറിഞ്ഞവരാകുന്നു അവർ. അവരുടെ ഹൃദയത്തിലേക്ക് അല്ലാഹുവിന്റെ വിളിയെത്തി. അതിനാൽ, അവർ ഉറക്കിടങ്ങൾ വിട്ടുണർന്നു. പുറംതോടിനപ്പുറം അവരുടെ അകക്കാമ്പും ആ വിളി കേട്ടു. കൂടിനൊപ്പം കിളികളും വിളികേൾക്കുമ്പോലെ. “സ്നേഹത്തിന്റെ അവകാശവാദമുന്നയിക്കുകയും എന്നിട്ട് രാവണഞ്ഞാൽ ഉറങ്ങാനൊരുങ്ങുകയും ചെയ്യുന്നവർ വ്യാജരാണ്” എന്ന വിശുദ്ധ വചനം ശ്രവിച്ചവരാണ് അവർ. അതിനാൽ, രാവിന്റെ അന്ത്യയാമങ്ങളിൽ കാലിൽ നീരു വരുവോളം അവർ ദൈവസന്നിധിയിൽ എഴുന്നേറ്റു നിന്നു. കവിൾതടങ്ങളിലൂടെ ചാലിട്ട കണ്ണുനീരിന്റെ ഭാഷകൊണ്ട് അവർ റബ്ബിനോടു സംസാരിച്ചു. പ്രതീക്ഷയുടെയും ഭയത്തിന്റെയും പാദമേറി തിരുസന്നിധിയിൽ പ്രവേശിച്ചു. തിരസ്കാരത്തെക്കുറിച്ച പേടിയും സ്വീകരണത്തിന്റെ പ്രതീക്ഷയും പേറി..
ജനങ്ങളേ, ദീനീനിയമങ്ങൾ മുറുകെപ്പിടിക്കുക. അല്ലാഹുവിന്റെ വിശുദ്ധഗ്രന്ഥവും തിരുദൂതരുടെ(സ്വ) ചര്യയും പിൻപറ്റുക. കർമ്മങ്ങളിൽ ആത്മാർത്ഥത പുലർത്തുക. എങ്കിൽ അല്ലാഹുവിന്റെ ഔദാര്യത്തിന്റെയും പ്രീതിയുടെയും സൂക്ഷ്മ തലങ്ങൾപോലും നിങ്ങൾക്കു ദർശിക്കാം. അവനുമായുള്ള രഹസ്യസംഭാഷണത്തിന്റെ ആനന്ദവുമനുഭവിക്കാം.
രക്ഷ തേടി ഓടിയകലുന്ന മാർഗഭ്രംശകരേ, മുന്നോട്ടു വരിക. ദുരിതങ്ങളിൽനിന്നും ഓടിയകലാതിരിക്കുവിൻ. കാരണം, അവ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. ക്ഷമിച്ചു നിൽക്കുക. എങ്കിൽ അവയുടെ ആഘാതങ്ങളിൽ നിന്നും നിങ്ങൾ സംരക്ഷിക്കപ്പെട്ടേക്കും. ദൃഢചിത്തരായി നിലകൊള്ളുക. മറ്റുള്ളവർക്കു വിധിക്കപ്പെട്ടതൊന്നും നിങ്ങളുടെ വഴിയെ വരില്ല. നേരുപേറുന്ന നെഞ്ചകങ്ങളാകുന്നു നിങ്ങൾക്കു വേണ്ട പടച്ചട്ട. പക്ഷെ, പോരാട്ടത്തിൽ പങ്കു ചേരാതെ വിട്ടുനിന്നു വീക്ഷിക്കുന്നവരാകുന്നു നിങ്ങൾ. അന്ധരായ അനുഗാമികൾ. നിങ്ങൾ ജനക്കൂട്ടത്തോടൊപ്പം ചേരുന്നു. അവരോടൊപ്പം ചേരുന്നവർ അവരിലൊരാൾ മാത്രമാകുന്നു.
മോഹങ്ങളിൽ മുങ്ങിപ്പോയവരേ, അവയിൽനിന്നും രക്ഷ നേടാൻ പാടുപെടുക.
അല്ലാഹുവിന്റെ ഇഷ്ടദാസരിൽ ഒരാളോടു ചോദിക്കപ്പെട്ടു- “അങ്ങയുടെ അഭിലാഷമെന്താണ്?”. അദ്ദേഹം പ്രതിവചിച്ചു- “അഭിലാഷമേതും ഇല്ലാതിരിക്കലാകുന്നു എന്റെ അഭിലാഷം”. ദൈവവിധിയിലുള്ള സംതൃപ്തിയെ ആശ്രയിച്ചിരിക്കുന്നു മറ്റെല്ലാം. മോഹങ്ങളുപേക്ഷിച്ച് ഹൃദയത്തെ അതിനെ പരിവർത്തന വിധേയമാക്കുന്നവന്റെ കൈകളിൽ സമർപ്പിക്കുക. “അല്ലാഹുവേ, നിന്റെ വിധിയുടെ കരങ്ങൾക്കു മുന്നിൽ സുജൂദിലാവുന്ന സത്യവിശ്വാസികളിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ”.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

തൗഹീദിലുള്ള നിങ്ങളുടെ വിശ്വാസം എത്ര ദുർബലമാണ്! അല്ലാഹുവിലുള്ള നിങ്ങളുടെ തൃപ്തി എത്ര നിസ്സാരമാണ്! അല്ലാഹു മാറ്റിനിർത്തിയതൊഴികെ ഒറ്റ വീടുപോലുമില്ല അസംതൃപ്തിയും വാഗ്വാദവുമില്ലാത്തതായിട്ട്. സൃഷ്ടികളെയും ഉപാധികളെയും അല്ലാഹുവിൽ പങ്കു ചേർക്കുന്നതു നിങ്ങൾ ശീലമാക്കിയിരിക്കുന്നു. നൽകലിന്റെയും തടയലിന്റെയുമെല്ലാം ഉറവിടങ്ങളായി നിങ്ങൾ കാണുന്നത് അവയെയാകുന്നു. അരുത്! അല്ലാഹുവിലേക്കു മടങ്ങുക. അവനുവേണ്ടി മാത്രം ഹൃദയം തുറന്നുവെക്കുക. അവനെ വണങ്ങുക. ആവശ്യങ്ങളെല്ലാം അവനുമുമ്പിൽ മാത്രം സമർപ്പിക്കുക. ആഴമേറിയ ജീവിതപ്രശ്നങ്ങളിലെല്ലാം അവനിലേക്കു മാത്രം തിരിയുക. സമീപിക്കാൻ മറ്റൊരിടമോ, മുട്ടാൻ മറ്റൊരു വാതിലോ നിങ്ങൾക്കുണ്ടാവരുത്. അല്ലാഹുവിന്റെ വാതിലൊഴികെ മറ്റു വാതിലുകളെല്ലാം അടക്കപ്പെട്ടിരിക്കുന്നു. അവനുമായി തനിച്ചാവുക. എന്നിട്ടു വിശ്വാസത്തിന്റെ ഭാഷകൊണ്ട് അവനോടു സംവദിക്കുക. കുടുംബാംഗങ്ങളെല്ലാം ഉറക്കിലാണ്ടുപോവുകയും, സകല സൃഷ്ടിജാലങ്ങളും നിശ്ശബ്ദമാവുകയും ചെയ്യുന്ന വേളയിൽ സുജൂദിൽ വീണ് അല്ലാഹുവോടടുക്കുക. സ്വന്തം പാപങ്ങളിൽ പശ്ചാത്തപിക്കുക. ആവലാതികൾ സർവ്വവും അവനുമുമ്പിൽ സമർപ്പിക്കുക. അവന്റെ അനുഗ്രഹത്തിനായി ഇരക്കുക. അവൻ മാത്രമാകുന്നു നിങ്ങളുടെ നാഥനും ഉടമസ്ഥനും. അവന്റെ പരീക്ഷണങ്ങളുടെ അസ്ത്രങ്ങളേൽക്കുമ്പോൾ അവനെ വിട്ടോടരുത്. നിങ്ങളുടെ പൂർവ്വഗാമികളെയെല്ലാം അവൻ പരീക്ഷിച്ചിട്ടുണ്ട്. ദുരിതങ്ങളും കഷ്ടപ്പാടുകളും ഐശ്വര്യങ്ങളുമെല്ലാം നൽകിക്കൊണ്ട്. അവർ അല്ലാഹുവെ മനസ്സിലാക്കുവാൻ വേണ്ടിയായിരുന്നു അതെല്ലാം. ക്ഷമിക്കുകയും നന്ദി കാണിക്കുകയും അവനിലേക്കു ഖേദിച്ചുമടങ്ങുകയും ചെയ്യുക. സാധാരണക്കാർക്കുള്ളതാണ് ശിക്ഷകളെങ്കിൽ ദൈവഭക്തരായ വിശ്വാസികൾക്കുള്ളത് പ്രായശ്ചിത്തവും ആത്മാന്വേഷികളായ സദ് വൃത്തർക്കുള്ളത് പാപമുക്തിയും ആത്മീയ പദവികളുമാകുന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy