ഫത്ഹുറബ്ബാനി: മജ്ലിസ്: 3: ഭാഗം: 4
മുഹിയിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):
യാ ഗുലാം…അല്ലാഹുവിന്റെ സൃഷ്ടിപ്പ് കൊണ്ട് തന്നെ അല്ലാഹുവിനെ സംബന്ധിച്ച് നീ തെളിവ് കണ്ടെത്തുക. അതിൽ നീ ചിന്തിക്കുക. അല്ലാഹുവിന്റെ ആ സൃഷ്ടിപ്പിൽ നീ ചിന്തിക്കുക. തീർച്ചയായും എല്ലാ കാര്യങ്ങളും ഉറപ്പിക്കുന്നവനും വിശ്വസ്ഥത നൽകുന്നവനുമായ അല്ലാഹുവിനെ നീ പ്രാപിച്ചിരിക്കുന്നു. ദൃഢവിശ്വാസിയായ സത്യജ്ഞാനിക്ക് പ്രത്യക്ഷമായ ഇരുനേത്രങ്ങളും പരോക്ഷമായ ഇരുനേത്രങ്ങളുമുണ്ട്. അവന്റെ ബാഹ്യനേത്രങ്ങളെ കൊണ്ട് അല്ലാഹു ഭൂമിയിൽ സൃഷ്ടിച്ചവയെയെല്ലാം അവൻ ദർശിക്കുന്നു. ബാത്വിനിയായ രണ്ട് കണ്ണുകൾ കൊണ്ട് ആകാശങ്ങളിൽ അല്ലാഹു സൃഷ്ടിച്ച മറഞ്ഞ സൃഷ്ടികളെ അവർ കാണും. പിന്നെ അവന്റെ ഹൃദയത്തിന്റെ തിരശ്ശീലകൾ നീക്കപ്പെടുന്നു. അപ്പോൾ അവനെ ഒരു രൂപം കൂടാതെയും എങ്ങനെയെന്ന സന്ദേഹമില്ലാതെയും അവൻ കാണുന്നു. അതോടെ അവൻ സാമീപ്യം സിദ്ധിച്ചവനും പ്രിയപ്പെട്ടവനുമാകുന്നു. അവന്റെയടുക്കൽ പ്രിയപ്പെട്ട യാതൊന്നും മറഞ്ഞിരിക്കുകയില്ല. സൃഷ്ടികൾ, നഫ്സ്, പ്രകൃതം, ദേഹേച്ഛ, പിശാച് എന്നിവകളിൽ നിന്നെല്ലാം വിശുദ്ധിയാർജ്ജിച്ച് തീർച്ചയായും ഹൃദയത്തിന്റെ തിരശ്ശീലകൾ ഉയർത്തപ്പെടും. തന്റെ കൈവശമുള്ള ഭൗതികമായ ഖജനാവുകളും താക്കോലുകളും അവൻ വിലകൽപിക്കാതെ ഒഴിവാക്കും. ഇങ്ങനെയുള്ളവരെ സംബന്ധിച്ച് കല്ലും കളിമണ്ണും(പൊന്നും വെള്ളിയും) ഒരു പോലെയാകും. നീ തെളിഞ്ഞ ഉണർവ്വുള്ള ബുദ്ധിയോടുകൂടി ഞാൻ പറഞ്ഞതിൽ ചിന്തിക്കുക. അത് നീ മനസ്സിലാക്കുക. തീർച്ചയായും വിഷയത്തിന്റെ കാതലായ ഭാഗം പരാമർശിക്കപ്പെട്ടു. സംസാരത്തിന്റെ ഉള്ളടക്കം പ്രസ്തുത രത്നത്തെ സംബന്ധിച്ച തത്വബോധനമുൾക്കൊള്ളുന്ന സദുപദേശമാകുന്നു.
യാ ഗുലാം…
സ്രഷ്ടാവിനെ സംബന്ധിച്ച് നീ സൃഷ്ടികളോട് ആവലാതി പറയരുത്. എന്നാൽ നിന്റെ ആവലാതികളൊക്കെയും അവന്റെ തിരുസന്നിധിയിൽ സമർപ്പിക്കുക. അവൻ കഴിവുള്ളവനാണ്. അവനല്ലാത്തവക്ക് കഴിവില്ല. രഹസ്യം മൂടിവെക്കലും വിഷമതകളും രോഗങ്ങളും മറക്കലും വലതു കൈ ദാനം ചെയ്തത് ഇടതുകൈ അറിയാതിരിക്കുവാൻ അതീവ താത്പര്യമുണ്ടാകലും ഭൂമിയിൽ മറഞ്ഞു നിൽക്കുന്ന വന്യമായ നിധികളിൽ പെട്ടവയാകുന്നു.
ദുനിയാവെന്ന സമുദ്രത്തെ നീ നന്നായി സൂക്ഷിക്കുക. എണ്ണമറ്റ ജനങ്ങൾ ആ സമുദ്രച്ചുഴിയിൽ മുങ്ങി നശിച്ചുപോയിരിക്കുന്നു. അതിൽ നിന്നും ഒറ്റപ്പെട്ട പരിമിതരായവരല്ലാതെ രക്ഷപ്പെട്ടിട്ടില്ല. അത് സർവ്വജനങ്ങളും മുങ്ങിപ്പോകുന്ന ആഴമേറിയ സമുദ്രമാണ്. അല്ലാഹു അവന്റെ അടിമകളിൽ നിന്ന് അവൻ ഉദ്ദേശിച്ച ചിലരെ രക്ഷപ്പെടുത്തുന്നു. അവൻ പ്രളയദിനത്തിൽ സത്യവിശ്വാസികളെ നരകത്തെ തൊട്ട് രക്ഷപ്പെടുത്തുന്നതുപോലെ. എന്തുകൊണ്ടെന്നാൽ സർവ്വജനങ്ങളും അതിന്റെ മുകളിലൂടെ മറികടക്കേണ്ടവരാണ്. അല്ലാഹു അവന്റെ അടിമകളിൽ നിന്ന് അവൻ ഉദ്ദേശിച്ചവരെ രക്ഷപ്പെടുത്തുന്നതാണ്. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:
”അതിന്നടുത്ത് എത്തിച്ചേരുന്നവരല്ലാതെ (പ്രവാചകന്മാർ ഒഴികെ) നിങ്ങളിൽ ആരും തന്നെ ഇല്ല. അത് നിന്റെ രക്ഷിതാവിങ്കൽ അനിവാര്യവും തീരുമാനിക്കപ്പട്ടതുമാകുന്നു.”(സൂറ: മർയം: 71)
അല്ലാഹു നരകത്തോടു പറയും:”എന്നിൽ വിശ്വസിച്ചവർ എനിക്ക് വേണ്ടി ഇഖ്ലാസോടെ വർത്തിച്ചവർ, എന്നെ ആഗ്രഹിച്ചവർ ഞാനല്ലാത്തവയെ വെടിഞ്ഞവർ തുടങ്ങി എന്റെ അടിമകൾ മറികടക്കുന്നതുവരെ നീ തണുപ്പും രക്ഷയുമാകുക.”
ഇബ്റാഹിം നബി(അ)മിനെ കരിച്ചുകളയുവാനായി നംറൂദ് ഒരുക്കിയ അഗ്നികുണ്ഠത്തോട് അവൻ പറഞ്ഞതുപോലെ. അല്ലാഹു പറയും: ”ഹേ….ദുനിയാവെന്ന സമുദ്രമേ….ഹേ….ജലമേ….പ്രിയപ്പെട്ടവനായി പരിഗണിക്കപ്പെട്ട ഈ അടിമയെ നീ ആഴ്ത്തരുത്.” അപ്പോൾ അതിൽ നിന്ന് അവർ രക്ഷപ്പെടും. സന്തോഷത്തിലാകും. മൂസാ(അ)നെയും അവരുടെ ജനങ്ങളെയും സമുദ്രമുഖത്തെ നൈൽ നദി പിളർന്ന് രക്ഷപ്പെടുത്തിയതു പോലെ.
അവൻ ഉദ്ദേശിച്ചവർക്ക് അവന്റെ ഔദാര്യങ്ങൾ അവൻ നൽകും.
”അവൻ ഉദ്ദേശിച്ചവർക്ക് കണക്കില്ലാത അവൻ നൽകും.”
ഗുണങ്ങളൊക്കെയും അവന്റെ പക്കലാണ്. നിർബാധം വാരി നൽകലും നിശ്ശേഷം നൽകാതിരിക്കലും അവന്റെ നിയന്ത്രണത്തിലാണ്. ഐശ്വര്യവും ദാരിദ്ര്യവും അവനെക്കൊണ്ടാണ്. അന്തസ്സും നിന്ദ്യതയും അവന്റെ പക്കലാണ്. അവനെ കൊണ്ടല്ലാതെ യാതൊന്നുമില്ല. അതിനാൽ ബുദ്ധിമാന്മാർ അവന്റെ കവാടത്തിൽ നിലയുറപ്പിക്കും. അവനല്ലാത്തവരുടെ കവാടങ്ങളിൽ നിന്ന് പിന്തിരിയും.
ഹേ….പരിപാടികൾ ആസൂത്രണം ചെയ്യുന്നവനേ…..എന്റെ നിരീക്ഷണത്തിൽ നീ സ്രഷ്ടാവിനോട് ക്രോധമുള്ളവനും സൃഷ്ടിയോട് തൃപ്തിയുള്ളവനുമാണ്. നിന്റെ ഐഹിക താത്പര്യ സംരക്ഷണാർത്ഥം നിന്റെ പാരത്രിക ജീവിതം നീ നശിപ്പിക്കുന്നു. സമീപസമയത്ത് തന്നെ നീ പിടിക്കപ്പെടുന്നതാണ്. അതികഠിനവും വേദനാപൂർണ്ണവുമായി പിടികൂടുന്നവന്റെ പിടുത്തമാണത്. അവൻ നിന്നെ പിടികൂടും. അവന്റെ പിടുത്തം വളരെ അധികം വർണ്ണവൈവിദ്ധ്യമുള്ളതാണ്. നിന്നെ അവൻ നിന്റെ അധികാരത്തിൽ നിന്ന് നീക്കം ചെയ്തുകൊണ്ട് പിടിക്കും. രോഗം, നിന്ദ്യത, ദാരിദ്ര്യം എന്നിവയാൽ പിടികൂടും. സന്താപങ്ങളാലും ദുരിതങ്ങളാലും ദുരന്തങ്ങളിറക്കിയുമെല്ലാം അവൻ നിന്നെ പിടിക്കും. അവന്റെ സൃഷ്ടികളുടെ കൈകളും നാവുകളും നിന്നിലേക്ക് തിരിക്കലിലൂടെയും അവന്റെ സകല സൃഷ്ടികളെയും നിനക്ക് പ്രതികൂലമാക്കലിലൂടെയും പിടികൂടും. ഹേ…ഉറങ്ങുന്നവനേ…..ഉണരൂ….
രക്ഷിതാവേ….നിന്റെ മുന്നിൽ നിൽക്കുന്ന ഞങ്ങളെ നീ പ്രബുദ്ധരാക്കേണമേ….ആമീൻ…
യാ…ഗുലാം….
നീ ദുനിയാവിനെ ശേഖരിക്കുന്നതിൽ രാത്രി വിറകുവെട്ടുകാരനെ പോലെയാകരുത്. എന്തിനൊക്കെയാണ് അവൻ പിടി കൂടുന്നതെന്ന് അവൻ അറിയുന്നില്ല. തീർച്ചയായും നിന്റെ പരിപാടികളും പ്രവർത്തനങ്ങളും എന്റെ ദൃഷ്ടിയിൽ ജീവനാശത്തിന്നിടയാക്കുന്ന ഒന്നാണ്. വിഷ ജന്തുക്കളും വന്യജീവികളും വസിക്കുന്ന തിങ്ങിയ മരക്കൂട്ടമുള്ള കാനനത്തിൽ ചന്ദ്രപ്രഭയോ മറ്റ് പ്രകാശമോ ഇല്ലാത്ത അർദ്ധരാത്രിയുടെ അന്ധകാരത്തിൽ വിറകുശേഖരിക്കുന്നവനെ പോലെയാണ് നീ. അവിടെയുള്ള വല്ലതിനാലും(നീ) ഹനിക്കപ്പെടും എന്ന ആശങ്കയുണ്ട്. എന്നാൽ നീ പകൽ വെളിച്ചത്തിൽ വിറക് ശേഖരിക്കുക. തീർച്ചയായും സൂര്യപ്രകാശം നാശഹേതുകമായ വല്ലതിന്മേലും നീ സ്പർശിക്കുന്നതിനെ തടയും. നീ തൗഹീദ്, ശരീഅത്ത്, തഖ് വ എന്നിവയുടെ സൂര്യശോഭയോടുകൂടി നിന്റെ കാര്യങ്ങളെ കൈകാര്യം ചെയ്യുക. തീർച്ചയായും ഈ സൂര്യൻ ദേഹേച്ഛ, നഫ്സ്, പിശാച്, സൃഷ്ടികളെ പങ്ക് ചേർക്കൽ തുടങ്ങിയ ശത്രുക്കളുടെ വലയിൽ അകപ്പെടാതെ നിന്നെ സംരക്ഷിക്കും. നിന്റെ കാര്യങ്ങളിലെ ദ്രുതവേഗതയും ആ പ്രകാശം തടയും. നിനക്കു നാശം. നീ ദ്രിതിപ്പെടരുത്. നിശ്ചയമായും ദ്രിതിയുള്ളവൻ പിഴച്ചു.
അല്ലെങ്കിൽ പിഴവിലേക്കടുത്തു. സാവകാശമുള്ളവൻ നേർവഴിയിലായി. അല്ലെങ്കിൽ നേർവഴിയുടെ സമീപസ്ഥമായി. ദ്രിതി ശൈത്വാനിൽ നിന്നുള്ളതാണ്. സമാധാനം(സാവകാശം) റഹ്മാനിൽ നിന്നുള്ളതാണ്. നിന്നെ പൈശാചികമായ ദ്രുതവേഗതയിലേക്ക് പ്രേരിപ്പിക്കുന്നത് ദുനിയാവ് ശേഖരിക്കാനുള്ള നിന്റെ ആർത്തിയാണ്. നിനക്ക് ലഭിച്ചതുകൊണ്ട് നീ മതിയാക്കുക. തീർച്ചയായും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്നത് അക്ഷയമായ നിധിയാണ്. നിനക്കു ഓഹരിയാക്കപ്പെടാത്തതു നീ തേടുന്നതെങ്ങനെ? ഒരിക്കലും നിന്നിലേക്കത് വന്നുചേരുകയില്ല. നിന്റെ നഫ്സിനെ നീ വിലക്കുക. നിന്റെ ഓഹരികൊണ്ട് നീ തൃപ്തിപ്പെടുക. അതിൽ കൂടുതലായി നീ ആഗ്രഹിക്കാതിരിക്കുക. നീ അല്ലാഹുവിനെ അറിയുന്ന(ആരിഫ്) ജ്ഞാനിയാകുന്നതുവരെ വിശ്രമമില്ലാതെ പരിശ്രമിക്കുക. അപ്പോൾ നീ സർവ്വ വസ്തുക്കളെയും വിട്ട് ഐശ്വര്യവാനാകും. നിന്റെ ഹൃദയം ശക്തിപ്പെടും. നിന്റെ യാഥാർത്ഥ്യം തെളിഞ്ഞുവരും. നിന്റെ രക്ഷിതാവ് നിനക്ക് അറിവ് പഠിപ്പിക്കും. അപ്പോൾ നിന്റെ രണ്ട് ശിരോനേത്രങ്ങൾ ദുനിയാവിനെ നിസ്സാരമാക്കും. നിന്റെ രണ്ട് ഹൃദയ നേത്രങ്ങൾ പാരത്രികവും നിസ്സാരമാക്കും. നിന്റെ യഥാർത്ഥ നേത്രങ്ങൾ ഹഖല്ലാത്ത സർവ്വതിനെയും അന്ത:സാര ശൂന്യമായി കാണും. നിന്റെ അടുക്കൽ അല്ലാഹുവല്ലാത്ത യാതൊന്നിനും മഹിമയുണ്ടാവുകയില്ല. അപ്പോൾ സർവ്വ സൃഷ്ടികളുടെ അടുക്കലും നീ സ്ഥാനമാനമുള്ളവനാകും.
യാ ഗുലാം…
നിന്റെ മുന്നിൽ ഒരു വാതിലും അടക്കപ്പെട്ടതില്ലാതിരിക്കണമെന്ന് നിനക്ക് ആഗ്രഹമുണ്ടെങ്കിൽ നീ അല്ലാഹുവിന് തഖ് വ ചെയ്യുക. നിശ്ചയം തഖ് വ എന്നാൽ എല്ലാ കവാടങ്ങളുടെയും താക്കോലാണ്.
وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ
”ഏതൊരുവൻ അല്ലാഹുവിന് തഖ് വ ചെയ്യുന്നുവോ അവന്ന് അല്ലാഹു ഒരു പോംവഴി ഉണ്ടാക്കും. (മാത്രമല്ല) അവൻ ഉദ്ദേശിക്കാത്ത മാർഗത്തിലൂടെ അവന് രിസ്ക് നൽകുന്നതുമാണ്.”(സൂറ: അത്വലാഖ്: 2,3)
തുടരും