ഡോ: എ.പി. ജഅ്ഫർ:
ഇസ് ലാമിക വിജ്ഞാനത്തിന്റെയും സംസ്കൃതിയുടെയും പ്രഭവ കേന്ദ്രങ്ങളിലൊന്നായി നിലനിൽക്കുകയും ലോക നാഗരികതയുടെ തന്നെ വികാസ പരിണാമങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്ത സ്പെയിനിന്റെ ഗൃഹാതുരതയാർന്ന ഇസ് ലാമിക ഗതകാലം ചികഞ്ഞെടുക്കുന്ന യാത്രാനുഭവ കുറിപ്പ്. യൂറോപ്പ് യഹൂദികളെ അപരവത്കരിച്ച് പുറംതള്ളിക്കൊണ്ടിരുന്ന കാലത്ത് ഇസ് ലാമിക നാഗരികത എപ്രകാരമാണ് സഹിഷ്ണുതയോടെ അവരുമായി സഹവർത്തിച്ചതെന്നും അവരെ സംരക്ഷിച്ചതെന്നും ഇതിൽ വിശകലനം ചെയ്യുന്നു.
വസന്തത്തിലെ ഒരു അപരാഹ്നത്തിലാണ് കോർദാവോ നഗരത്തിൽ എത്തിച്ചേർന്നത്. സൂര്യനസ്തമിക്കാൻ ഏതാനും മണിക്കൂറുകൾ ഇനിയും ബാക്കിയുണ്ട്. മൃദുലമായ കാലാവസ്ഥ. കൽമതിലിൽ കൂട്ടമായിരുന്ന് കാറ്റു കൊള്ളുകയും കഥ പറയുകയും ചെയ്യുന്ന വയോധികരുടെ മുഖത്ത് നോക്കിയാൽ ശാന്തമായ മെഡിറ്ററേനിയൻ ജീവിതത്തിൻ്റെ താളം നമുക്ക് മനസ്സിലാക്കാം. ആർക്കും ഒട്ടും ധൃതിയില്ല. മാഡ്രിഡിൻ്റെയും ബാർസിലോണയുടെയും നാഗരിക വെപ്രാളങ്ങളിൽ നിന്നും എത്രയോ അകലെയാണ് ഒരു നാട്ടിൻ പുറം പോലെ അലസമായ ഈ കൊച്ചു പട്ടണത്തിൻ്റെ സായാഹ്നങ്ങൾ.
വഴിയേ വന്ന ബസ്സിൻ്റെ ബോർഡ് വായിച്ചു നോക്കി. മദീനത്ത് സഹ്റയിലേക്കുള്ള ബസ്സാണ്. എട്ട് നൂറ്റാണ്ട് കാലത്തോളം കിഴക്കും പടിഞ്ഞാറും ചുംബിച്ചു നിന്നിരുന്ന ഇസ്ലാം – പശ്ചിമ സംസ്കൃതികൾ ഉരുമ്മി നിന്ന, വിവിധ മതവിശ്വാസങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയും സംഗമ ഭൂമിയായ ഈ പട്ടണത്തിൻ്റെ ചരിത്രത്തിലും പൈതൃകത്തിലുമുള്ള താത്പര്യം കൊണ്ടാണ് ഇവിടെ വന്നത്. എത്രയോ കവികളും കലാകാരന്മാരും ഗൃഹാതുരത്വത്തോടെ വരച്ചിട്ട, ഇടതൂർന്ന് നിൽക്കുന്ന ഒലിവ് മരങ്ങൾ നിഴൽ പരത്തുന്ന ചെറു കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ പട്ടണം,
മധ്യകാല യൂറോപ്പിൻ്റെ സാംസ്കാരിക- വൈജ്ഞാനിക കേന്ദ്രവും ഏറ്റവും സമ്പന്നവും ജന നിബിഢവുമായ നഗരവുമായിരുന്നു.
പുസ്തക ശാലകളുടെയും പരീക്ഷണാലയങ്ങളുടെയും നഗരം. തത്വ ചിന്തകരുടെയും, സംഗീതജ്ഞരുടെയും, ശാസ്ത്രകാരന്മാരുടെയും മതമീമാംസകന്മാരുടെയും തീർത്ഥാടന കേന്ദ്രം.
‘നോക്കൂ, പത്ത് യൂറോ തന്നാൽ ഈ നഗരം ഒളിപ്പിച്ച് വെച്ചിരിക്കുന്ന അന്തലൂസിൻ്റെ ചരിത്രം നിനക്ക് ഞാൻ പറഞ്ഞ് തരാം.’ പഴയ നഗരത്തിൻ്റെ ഇടുങ്ങിയ ഇടവഴിയിലെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് വന്ന് അവൻ പറഞ്ഞു.
തൻ്റെ തന്നെ കഥയിൽ നിന്നാണ് അവൻ തുടങ്ങിയത്.
ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന അവൻ്റെ പേര് വലീദ്. ഇസ്രയേൽ പൗരത്വമുള്ള അറബി. അവിടെത്തെ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദമെടുത്ത ശേഷം ഇൻ്റൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. തൊഴിലിൻ്റെ വിരസത മാറ്റാനാണ് അവൻ സ്പൈയിൻ സന്ദർശിക്കാൻ തീരുമാനിച്ചത്. എന്നാൽ അന്തലൂസിൽ എത്തിച്ചേർന്നതോടെ അവിടത്തെ നഗരങ്ങളിൽ തുടിച്ചു നിൽക്കുന്ന ഇസ്ലാമിക സംസ്കൃതിയുടെ സമൃദ്ധമായ അടയാളങ്ങൾ അവനിൽ അതീവ കൗതുക ജനിപ്പിക്കുകയും സ്വന്തം വിശ്വാസത്തിൻ്റെ വേരുകൾ അന്വേഷിച്ചു പോവാൻ തീരുമാനിക്കുകയും ചെയ്തു. ഇൻ്റലിലെ ജോലി രാജി വെച്ച് സന്ദർശക സഹായിയായി കോർഡാവോയിൽ ഇപ്പോൾ പാർക്കുന്നു.
‘ഇവിടെ വെച്ചാണ് ഞാൻ ഇസ്ലാമിൻ്റെ അനുഷ്ഠാനങ്ങൾ പാലിക്കാനും നിസ്കരിക്കാനും തുടങ്ങിയത്.’ അവൻ പറഞ്ഞു.
“വിശുദ്ധ പ്രവാചകന്മാരുടെ ഭൂമിയിൽ നിന്നും വരുന്ന നീ അവിടെയായിരുന്നപ്പോൾ ഒരിക്കലും നിസ്കരിച്ചിരുന്നില്ലന്നോ?” ഞാൻ ചോദിച്ചു.
‘ഇല്ല.’ അവൻ്റെ ഉത്തരത്തിൽ അസ്വഭാവികതയൊന്നും തോന്നിയില്ല. കാരണം മക്കയിലും ഹറമിലും താന്തോന്നിയായി ജീവിച്ച് മാൻഹാട്ടനിലെ പഠന കാലത്ത് പ്രലോഭനങ്ങളിൽ വീഴാതെ വിശ്വാസത്തിലേക്ക് തിരിച്ചു പോയവരുണ്ട്. രതി ചിന്തകളും ലാസ്യ മോഹങ്ങളും തിമർത്തു പെയ്യുന്ന കൗമാര കാലത്ത് അവധിക്കാലം ചിലവഴിക്കാൻ കടൽക്കരയിൽ ഒപ്പമുണ്ടായിരുന്ന ഉടുപ്പുകളില്ലാത്ത കൂട്ടുകാരികളുടെ കത്തിപ്പടരുന്ന അലൗകിക സൗന്ദര്യത്തിൽ പ്രചോദിതനായി, പിൽക്കാലത്ത് ദൈവാന്വേഷണം തുടങ്ങി ആധുനിക കാലത്തെ മഹാ സ്വൂഫിയായി പരിവർത്തിതനായ പണ്ഡിതനെ കുറിച്ചും വായിച്ചിട്ടുണ്ട്. അതിനപ്പുറമൊന്നും വരില്ലല്ലോ വലീദിന് സംഭവിച്ച രൂപ പരിണാമം.
ഫലസ്തീനിൽ നിന്ന് വരുന്നത് കൊണ്ടാവണം വലീദിനെ ഏറ്റവും ആകർഷിക്കുന്നത് അന്തലൂസിലെ യഹൂദ -മുസ്ലിം പാരസ്പര്യത്തിൻ്റെ മുദ്രകളാണ്. യഹൂദ ചരിത്രത്തിലെ സുവർണ്ണ കാലമായി കണക്കാക്കപ്പെടുന്ന അൽ-അന്തലൂസിലെ പട്ടണങ്ങളിലാണ് അബ്രഹാം ബ്ന് ഇസ്റ, യഹൂദ ഹലവി ഉൾപ്പടെയുള്ള മധ്യകാല ഘട്ടത്തിലെ പ്രാമാണികരായ ഏതാണ്ട് എല്ലാ യഹൂദ ജ്ഞാനികളും ജീവിച്ചത്. പ്രവാചകന്മാർക്ക് ശേഷം ഏറ്റവും മഹാനായ യഹൂദനായി ഗണിക്കപ്പെടുന്ന, ഇബ്ന് റുഷ്ദിനെ ഗുരു തുല്യനായി കണ്ട മോസസ് മൈമനോയിഡ്സും അവരിൽ പെടും. തെരുവുകളിലും അങ്ങാടികളിലും വാസ സ്ഥലങ്ങളിലും സാമുദായിക സ്പർദയില്ലാതെ ജീവിച്ചവർ, പുസ്തകപ്പുരകളിലും ഗവേഷണ സ്ഥാപനങ്ങളിലും അറിവും ആശയങ്ങളും പരസ്പരം വിനിമയം ചെയ്തു. വൈജ്ഞാനിക വിസ്ഫോടനം കൊണ്ടും, പാശ്ചാത്യ പ്രബുദ്ധതക്ക് നൽകിയ സംഭാവന കൊണ്ടും ഇസ്ലാമിക നാഗരികതയുടെ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു അൽ- അന്തലൂസിലെ നാളുകൾ.
ചരിത്രകാരന്മാർ അറബി പ്പരുന്ത് (Falcom of Arabs) എന്ന് വിളിക്കുന്ന അബ്ദുൽ റഹിമാൻ ദാഖിൽ എന്ന ഉമയ്യദ് രാജകുമാരൻ്റെ സ്തോഭജനകമായ കഥ വലീദ് വിവരിച്ചു തന്നു. ദമസ്കസ് കേന്ദ്രീകൃതമായ തങ്ങളുടെ വിശാലമായ സാമ്രാജ്യം അബ്ബാസികൾ തരിപ്പണമാക്കുകയും രാജ കൊട്ടാരങ്ങളിൽ കുടുംബക്കാർ പിടഞ്ഞ് വീഴുകയും ചെയ്യുന്നത് കണ്ടപ്പോൾ ശത്രു സൈന്യത്തിൻ്റെ കണ്ണുവെട്ടിച്ച് ആയിരക്കണക്കിന് നാഴിക മരുഭൂമികൾ താണ്ടി, ജിബ്രാൾട്ടർ കടന്ന് ഐബീരിയൽ ഉപദ്വീപിലേക്ക് പ്രവേശിച്ചാണ് പയ്യനായ അബ്ദുൽ റഹിമാൻ അൽ-അന്തലൂസിയയിൽ ഉമയ്യദ് ഭരണകൂടത്തിൻ്റെ ശില്പിയായി മാറുന്നത്. ബെർബറായ താരിഖ് ബ്ന് സിയാദ് അതിനു മുമ്പെ അവിടെ എത്തിയിരുന്നു.
ദമസ്കസിലെ ഉമയ്യദ് മസ്ജിദിൻ്റെ മാതൃകയിൽ പണിത കോർദാവോയിലെ പുകൾപെറ്റ പള്ളിയുടെ മുറ്റത്ത് വളർന്ന് നിൽക്കുന്ന ചെറുനാരങ്ങ മരത്തിൻ്റെ ഇലകൾ നുള്ളി എടുത്ത് മണപ്പിച്ചു കൊണ്ട് വലീദ് പറഞ്ഞു: ‘നോക്കൂ, ഈ ചെടികൾ ദമസ്കസിൽ നിന്നും വന്നതാവണം. തങ്ങളുടെ മാതൃഭൂമിയെ കുറിച്ച ഓർമകൾ സജീവമായി നിലനിർത്താൻ അമവികൾ കൊണ്ടുവന്നതാവണം. കൊട്ടാര മുറ്റത്ത് അറേബ്യയിൽ നിന്നും പറിച്ച് നട്ട ഏകാകിയായ ഒരു ഈന്ത മരത്തോട് ഗൃഹാതുരത്വം പങ്ക് വെക്കുന്ന അബ്ദുൽ റഹിമാൻ്റെ ഒരു കവിതയുമുണ്ട്.
‘മനോഹരമായ പള്ളികളുടെ നഗരമായിരുന്ന കോർദാവോയിൽ ഇപ്പോൾ ചെറിയൊരു നിസ്കാര മുറി മാത്രമേയുള്ളൂ. മിനാരങ്ങളും മിഹ്റാബുകളുമായി ചുറ്റും കാണുന്ന വലുതും ചെറുതുമായ കെട്ടിടങ്ങൾ ക്രൈസ്തവ ദേവാലയളായി മാറിയ പഴയ കാലത്തെ പള്ളികളാണ്’ മധ്യാഹ്ന പ്രാർത്ഥനക്ക് സമയമായപ്പോൾ വലീദ് പറഞ്ഞു .
പള്ളിയായി ബാക്കി നിൽക്കുന്ന ഒറ്റ മുറിയിൽ വലീദിനോടൊപ്പം മണ്ണിൽ മുഖം കുത്തി പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ വിശുദ്ധ ഖുർആനിലെ സൂക്തങ്ങളുടെ മൗന മന്ത്രത്തോടൊപ്പം ഇസ്ലാമിക ചരിത്രത്തിലെ വൃദ്ധിക്ഷയങ്ങളുടെയും ഉത്ഥാന – പതനങ്ങളുടെയും നാൾ വഴികളും മനസ്സിലൂടെ കടന്നു പോയി. ‘ഒരു സമൂഹവും സ്വയം തിരുത്തുന്നത് വരെ അല്ലാഹു തിരുത്തില്ല’ എന്ന വേദ പ്രമാണത്തിൽ ചിന്ത ഉടക്കി നിന്നു.
അൽ-അന്തലൂസിൻ്റെ സാംസ്കാരിക ചരിത്രത്തെ കുറിച്ചുള്ള ചർച്ചയിൽ റജാ ഗരോഡിയും കടന്നു വന്നു. ഫലസ്തീനിൽ വേരുകളുള്ള അദ്ദേഹത്തിൻ്റെ വിധവ സൽമ കോർദാവോയിൽ നടത്തുന്ന, ഗരോഡിയുടെ ആശയങ്ങളുടെ ആവിഷക്കാരമെന്ന് പറയാവുന്ന പൈതൃക മ്യൂസിയം വലീദ് കാണിച്ചു തന്നു.. സന്ദർശകർക്ക് വേണ്ടി തുറന്നു വെച്ച ചെറിയ മ്യൂസിയം നിറയെ സൽമ ക്ഷമാപൂർവ്വം പെറുക്കി എടുത്ത ചരിത്ര ശേഖരങ്ങളാണ്.
കോർദാവോയിലെ പകൽ അസ്തമിക്കുകയാണ്.. അൽ-അന്തലൂസിൽ തങ്ങളുടെ നിയന്ത്രണത്തിൽ അവസാനമായി അവശേഷിച്ച പ്രിയപ്പെട്ട ഗ്രനാഡ പട്ടണത്തിൻ്റെ താക്കോൽ ഫെർഡിനാൻ്റിനെയും ഇസബെല്ലയേയും ഏൽപിച്ച് അബ്ദുല്ല സഗീർ ഉമ്മയോടൊപ്പം ഫെസിലേക്ക് പാലായനം ചെയ്യുകയാണ്. എണ്ണൂറു വർഷത്തെ ശോഭനമായ ചരിത്രത്തിൽ നിന്നും തിരിച്ചു വരവില്ലാത്ത മടക്കം.
‘ഇൻക്വിസിഷൻ മ്യൂസിയം കൂടി കാണാൻ നമുക്ക് ബാക്കിയുണ്ട്’ വലീദ് ഓർമ്മിപ്പിച്ചു. നിഷ്ഠൂരമായ മർദ്ദന മുറകളിലൂടെ മാനവ ചരിത്രത്തിലെ തന്നെ ഏറ്റവും കുലീനവും ജ്ഞാന കേന്ദ്രീകൃതവുമായ ഒരു സംസ്കാരം തച്ചുടയ്ക്കപ്പെട്ടതിൻ്റെ കഥ പറയുന്ന മ്യൂസിയം! തൻ്റെ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാവാതെ സ്ഥൈര്യത്തോടെ നിൽക്കുന്ന മുസ്ലിം സ്ത്രീയുടെ കണ്ണുകളിൽ എരിയുന്ന കനലുകളിലേക്ക് നോക്കി, മരണം വിധിക്കണോ ജീവിക്കാൻ വിടണോ എന്ന് ശങ്കിച്ച് നിൽക്കുന്ന സ്പാനിഷ് മത കോടതിയിലെ ന്യായാധിപൻ്റെ സന്ദിഗ്തയുടെ ചിത്രമാണ് വലീദ് ഒടുവിലായി കാണിച്ചു തന്നത്.
‘ഇനി നമുക്ക് പോകാം’ എരിഞ്ഞു തീർന്നു കൊണ്ടിരുന്ന പകലിനെ നോക്കി അവൻ പറഞ്ഞു. അതെ നമുക്ക് പോകാം. പലായനം ചെയ്യാനും പരിവർത്തനം ചെയ്യാനും വിസമ്മതിച്ച മുസ്ലിംകളോടൊപ്പം യഹൂദർക്കും ഇസബെല്ലയുടെയും ഫെർഡിനാൻ്റിൻ്റെയും മത കോടതി മരണമാണ് വിധിച്ചത്. ഉസ്മാനിയ ഖലീഫയായിരുന്ന ബെ യെസീദ് കപ്പലുകൾ അയച്ചാണ് യഹൂദരെ ഇസ്താംബൂൾ ഉൾപ്പടെയുള്ള ഓട്ടമൻ നഗരങ്ങളിൽ കൊണ്ടുവന്ന് പാർപ്പിച്ചത്. പീഢനങ്ങളിൽ നിന്നും രക്ഷപ്പെടാൻ പരിവർത്തനം ചെയ്ത മുസ്ലിംകൾ മോറിസ്കോകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരിൽ ചിലർ തലമുറകളോളം അതീവ സ്വകാര്യമായി ഇസ്ലാമിക വിശ്വാസവും അനുഷ്ഠാനങ്ങളും പുലർത്തി പോന്നു.
കോർദാവോയുടെ ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കാൻ ഒരുങ്ങുകയാണ്. ഇനി തിരിച്ചു പോവണം. സംസ്കാരങ്ങളും സാമ്രാജ്യങ്ങളും അതിൻ്റെ കാലാവധി കഴിയുമ്പോൾ കൊഴിഞ്ഞ് പോവുന്നതിൻ്റെ കാരണങ്ങളെ കുറിച്ച് പറഞ്ഞത് അൽ-അന്തലൂസിൻ്റെ പ്രതാപം ശോഷിച്ചു തുടങ്ങിയ നാളുകളിൽ മൊറോക്കൊയിലും ഗ്രാനഡയിലുമായി ജീവിച്ച പണ്ഡിതൻ ഇബ്ന് ഖൽദൂനാണ്. പ്രപഞ്ച നാഥനൊഴികെ മറ്റൊന്നും ഈ ലോകത്ത് സ്ഥായിയായി അവശേഷിക്കില്ലല്ലോ.
ഫെസിലേക്കുള്ള പലായനത്തിനിടയിൽ തൻ്റെ കുതിരയെ കടിഞ്ഞാണിട്ട് നിർത്തി, പ്രപിതാക്കൾ പ്രതാപത്തോടെ വാണിരുന്ന അൽ-ഹാംബ്ര കൊട്ടാരവും കോട്ടകളും നോക്കി അബ്ദുല്ല സഗീർ അല്പ നേരം കൂടി ദീർഘശ്വാസം വിട്ട് തേങ്ങി കൊണ്ടിരുന്നു. മനുഷ്യനെയും പ്രകൃതിയെയും പടച്ചവനെയും താളാത്മകമായി ബന്ധിപ്പിച്ചിരുന്ന ഒരു വിശ്വാസ-സംസ്കാരമാണ് മാനവികതയ്ക്ക് എന്നേക്കുമായി നഷ്ടപ്പെടാൻ പോവുന്നത്. പിന്നീടങ്ങോട്ട് പശ്ചിമ നാഗരികതയും ജ്ഞാന വ്യവസ്ഥയും വളർന്നത് മനുഷ്യൻ്റെ സഹജ പ്രകൃതത്തോടും, പടച്ചവനോടും പ്രകൃതിയോടും കലഹിച്ചു കൊണ്ടാണ്. അതിൻ്റെ ദുരന്തങ്ങൾ കാണാനുമുണ്ട്. C.E 711 ൽ തുടങ്ങി, വികസിച്ചും സങ്കോചിച്ചും, വിഘടിച്ചും ഒരുമിച്ചും നിലനിന്നിരുന്ന അൽ-അന്തലൂസിയ 1492-ലാണ് പൂർണ്ണമായും ശിഥിലമാവുന്നത്. ഒരു മഹാവിസ്മയത്തിൻ്റെ സമ്പൂർണ വിരാമം. C.E 1492-ൽ തന്നെ ഐബീരിയയിൽ നിന്നും തന്നെ വന്ന കൊളംബസിൻ്റെയും 1498-ൽ വാസ്കോടി ഗാമയുടെയും നേതൃത്വത്തിലുള്ള കടൽ കൊള്ളക്കാരുടെ അധിനിവേശങ്ങളും ആരംഭിച്ചിരുന്നു. പിന്നീട് സംഭവിച്ചത് മറ്റൊരു ചരിത്രമാണ്.