തിരുനബി(സ്വ)യുടെ വിമോചന വഴികൾ അഥവാ
നീതി പൂക്കുന്ന ലോകം

നബീൽ മുഹമ്മദലി:

ഇമാം ശാഹ് വലിയുല്ലാഹി ദഹ്ലവിയുടെ ഹുജ്ജത്തുല്ലാഹില് ബാലിഗ
ആസ്വാദന പഠനം തുടരുന്നു. നബിചരിത്ര സംഗ്രഹം
:

മദീനയില് നബി(സ)യുടെ നേതൃത്വത്തില് ഇസ്ലാമിക സമൂഹത്തിന്റെ ജീവിതം വ്യവസ്ഥാപിതമായി നിലവില് വരികയും ഒരു രാഷ്ട്ര സ്വരൂപം കൈവരികയും ചെയ്തപ്പോൾ അല്ലാഹു തആല ജിഹാദ് ഫര്ളാക്കി. മദീന കേന്ദ്രീകരിച്ച ഇസ്ലാമിക സമൂഹത്തിന്റെ സമാധാനപൂര്ണ്ണവും സുരക്ഷിതവുമായ നിലനില്പ്പിന് ശത്രുക്കള്ക്കെതിരെ നിലയുറപ്പിക്കല് അനിവാര്യമായിരുന്നതിനാലായിരുന്നു ഇത്. ഏതൊരു രാഷ്ട്രത്തിനും അതിന്റെ സുരക്ഷിതത്വവും സമാധാനവും നിലനിര്ത്താന് സൈനിക ശക്തി അനിവാര്യമാണ്. അക്രമവും അനീതിയും കൈമുതലാക്കിയവരുടെ സാന്നിധ്യം ഈ ലോകത്ത് എന്നുമുള്ളതാണ്. അതല്ലെങ്കില് തങ്ങളുടേതായ മറ്റൊരു ആദര്ശത്തിന് മേല്കൈ ലഭിക്കാന് വേണ്ടി അധികാരത്തെ ആഗ്രഹിക്കുന്നവരുമുണ്ടാകും. അതിനാല് ഏതൊരു വിധത്തിലുമുള്ള രാഷ്ട്ര ഘടനയെ സംബന്ധിച്ചും സൈനിക ശാക്തീകരണവും ശത്രുക്കൾക്കെതിരായ ജാഗ്രതയും അനിവാര്യം തന്നെയാണ്. അതില്ലെങ്കില് അരാജകാന്തരീക്ഷമാണ് സമൂഹത്തിൽ സംജാതമാവുക.
ബദ്ര് യുദ്ധമാണ് മുസ്ലിംകള് നയിച്ച ആദ്യത്തെ യുദ്ധം. മുസ്ലിം സൈന്യം സൈനികമായും ശാക്തികമായും അതില് ദുര്ബലരായിരുന്നുവെങ്കിലും ധാർമ്മികമായി അവർ കരുത്തരായിരുന്നതിനാലും സർവ്വോപരി അല്ലാഹുവിന്റെ അപാരമായ സഹായത്താലും മഹത്തായ ആ മുന്നേറ്റം വിജയ പ്രാപ്തിയിലെത്തി. ശത്രു സൈന്യത്തിന്റെ കരുത്ത് കണ്ടപ്പോള് നബി(സ) സുജൂദില് വീണ് അല്ലാഹുവിനോട് സഹായത്തെ യാചിച്ചു കൊണ്ടിരുന്നു. അങ്ങിനെ, അല്ലാഹുവിന്റെ സഹായമിറങ്ങി. മുസ് ലിംകൾക്കെതിരെ സന്നാഹങ്ങളൊരുക്കി കൊണ്ടിരുന്ന ഖുറൈശി കച്ചവട സംഘത്തെ കീഴടക്കാന് വന്നവരായിരുന്നല്ലോ മുസ് ലിം സംഘം. എന്നാല് അത് അപ്രതീക്ഷിതമായാണ് യുദ്ധമായി പരിണമിച്ചത്. അതിനാല് മുസ്ലിം പക്ഷത്തിന് യുദ്ധത്തിനായുള്ള തയ്യാറെടുപ്പ് കുറവായിരുന്നു. അതാണ് അല്ലാഹു മലക്കുകളെ ഇറക്കി സഹായിച്ചു കൊണ്ട് പരിഹരിച്ചത്. മുസ്ലിംകള് നിലയുറപ്പിച്ച ഉയര്ന്ന പ്രദേശത്ത് വെള്ളം ലഭ്യമായിരുന്നില്ല. എന്നാല് അല്ലാഹുവിന്റെ സഹായത്താല് മഴവര്ഷിച്ചപ്പോള് വെള്ളം ലഭിക്കുകയും മുസ്ലിംകള് തടയണ കെട്ടി വെള്ളം ശേഖരിച്ചു നിര്ത്തുകയും ചെയ്തു.

അല്ലാഹുവില് നിന്ന് സഹായം ആവശ്യപ്പെട്ടു കൊണ്ട് സുജൂദില് വീണ നബി(സ) ശത്രുക്കള്ക്കെതിരെ വിജയം ലഭിക്കുമെന്ന ഇലാഹിയായ വാര്ത്ത ലഭിച്ചിട്ടാണ് സുജൂദില് നിന്ന് എഴുന്നേറ്റത്. ശത്രുക്കളില്പ്പെട്ട ഓരോ വ്യക്തികളും വീണ് മരിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച് പോലും നബി(സ)ക്ക് മുന്കൂട്ടി ദര്ശനം ലഭിച്ചിരുന്നു. മുസ്ലിം പക്ഷത്തിന് സ്ഥൈര്യം വര്ധിപ്പിക്കാനും ശത്രുക്കളെ ഭയപ്പെടുത്താനുമായി ജനങ്ങള്ക്ക് കാണാവുന്ന വിധത്തില് മലക്കുകള് ബദറില് വന്നിറങ്ങി. അങ്ങിനെ ഖുറൈശി ശത്രുക്കളുടെ വേരറുക്കുന്ന വിജയം മുസ്ലിംകള്ക്ക് ലഭിച്ചു. അബൂസുഫ്യാന്റെ കച്ചവട സംഘത്തെ തടയാന് വന്നവരാണല്ലോ മുസ്ലിംകള്. അപ്പോള് സ്വഹാബികള് പലര്ക്കും കച്ചവട സംഘത്തെ നേരിട്ടാല് മതി യുദ്ധത്തിലേക്ക് പോകണ്ട എന്ന ചിന്തയായിരുന്നു. അതിന്റെ പേരില് ആ സ്വഹാബികള്ക്ക് ഖേദമുണ്ടാവുകയും അല്ലാഹു അവര്ക്ക് മാപ്പു നല്കുകയും ചെയ്തു.
രണ്ടാമത് നടന്ന ഉഹ്ദ് യുദ്ധത്തില് മുസ്ലിംകള്ക്ക് ചെറിയ തിരിച്ചടിയും പരാജയവുമേല്ക്കേണ്ടി വന്നു. പക്ഷെ, അത് മുസ്ലിംകളെ വലിയ പാഠങ്ങള് പഠിപ്പിക്കുവാനും അവരെ സംശുദ്ധരാക്കി പരിവർത്തിപ്പിക്കാനും വേണ്ടിയായിരുന്നു. കപടവിശ്വാസികളേയും ഉറച്ച വിശ്വാസികളേയും വേര്തിരിച്ചു കാണിക്കാന് ഉഹ്ദ് യുദ്ധം കാരണമായി.
മദീനയിലെ ഇസ്ലാമിക സമൂഹത്തിനും ഭരണത്തിനും ഭീഷണിയായിരുന്നു അവിടുത്തെ ജൂത ഗോത്രങ്ങള്. ജൂതരേയും ബഹുദൈവ വിശ്വാസികളേയും മദീനയുടെ ഭാഗമായി കണ്ട് കൊണ്ടുള്ള മദീനകരാര് നബി(സ) സ്ഥാപിച്ചിരുന്നു. ഇങ്ങിനെ ഇസ് ലാമിക രാഷ്ട്രത്തിന്റെ ഭാഗമായിരുന്നിട്ടും മൗലിക പൗരാവകാശങ്ങളെല്ലാം അവർക്ക് ഉറപ്പു നൽകിയിട്ടും ഇസ് ലാമിന്റെ ശത്രൂക്കളുമായി ചേർന്ന് പല വിധത്തിലുള്ള ഉപചാപങ്ങളിലൂടെയും ഇസ് ലാമിക രാഷ്ട്രീയ ഘടനയെ അസ്ഥിരമാക്കാനും അഭ്യന്തര ശൈഥില്യം സൃഷ്ടിക്കാനുമാണ് യഹൂദികൾ ശ്രമിച്ചു കൊണ്ടിരുന്നത്. തന്മൂലം അവരെ അവിടെ നിന്ന് ഒഴിവാക്കാന് അല്ലാഹുവിന്റെ കല്പ്പന വന്നു. ഇതിന്റെ ഭാഗമായി ബനൂനളീര്, ബനൂഖൈനുക്കാഅ് ഗോത്രങ്ങളെ നാടുകടത്തി. ജസീറത്തുല് അറബിലെ വിവിധ ഗോത്രങ്ങള് സഖ്യം ചേര്ന്ന് ഖുറൈശികളുടെ നേതൃത്വത്തില് മദീനയെ അക്രമിക്കാന് വന്നതാണ് അഹ്സാബ് യുദ്ധം. ഈ യുദ്ധത്തില് മദീനയുടെ അതിര്ത്തിയില് വലിയ കിടങ്ങ് കീറി ശത്രുക്കളെ പ്രതീരോധിക്കാന് ശ്രമിച്ചതിനാല് ഇതിന് ഖന്ന്തക്ക് യുദ്ധം(കിടങ്ങ് യുദ്ധം) എന്നും പേരുണ്ട്. അല്ലാഹുവിന്റെ സഹായം കാറ്റിന്റെ രൂപത്തില് വരികയും ശത്രു സൈന്യം ഭയവിഹ്വലരായി പിന്തിരിയുകയും ചെയ്തു.
ജാബിര്(റ)വിന്റെ വീട്ടിലെ ഒരു ആട്ടിന്കുട്ടിയും ഒരു സ്വാഅ് യവവും കൊണ്ട് ആയിരക്കണക്കിന് സ്വഹാബികള്ക്ക് ഇറച്ചിയും റൊട്ടിയും ഊട്ടിയ അത്ഭുത സംഭവം നടന്നത് ഈ യുദ്ധ സന്ദര്ഭത്തിലാണ്. ഒരു പൊട്ടാത്ത പാറ നബി(സ)യുടെ തൃക്കരങ്ങള് കൊണ്ട് വെട്ടിപൊളിക്കുമ്പോള് ഉണ്ടായ തീപൊരിയില് കിസ്റാ-കൈസര് മാരുടെ കൊട്ടകള് സ്വഹാബികള്ക്ക് ദര്ശിക്കാന് സാധിച്ചു. ആ കൊട്ടകളൊക്കെ മുസ്ലിംകള്ക്ക് കീഴടങ്ങുമെന്ന് നബി(സ) പ്രവചിക്കുകയും ചെയ്തു.
അഹ്സാബ് യുദ്ധത്തിന്റെ അവസരത്തിലാണ് ബനുഖുറൈളയുടെ രാജ്യദ്രോഹ പ്രവര്ത്തനം സംഭവിക്കുന്നത്. അങ്ങിനെ ബനൂഖുറൈളയെ നബി(സ) ഉപരോധിച്ചു. ഒടുവില് സഅദ്(റ)വിന്റെ മധ്യസ്ഥത അവര് സ്വീകരിക്കാമെന്ന വ്യവസ്ഥയില് അവര് ഇറങ്ങി വന്നു. സഅദ്(റ) ജൂതന്മാരുടെ തൗറാത്ത് പ്രകാരമുള്ള വിധി പ്രഖ്യാപിച്ചു. രാജ്യത്തെ ഒറ്റു കൊടുത്ത് കരാര് പൊളിച്ചവരിലെ പടയാളികളായ പുരുഷന്മാർക്ക് അവരുടെ വേദഗ്രന്ഥമായ തൗറാത്ത് അനുസരിച്ചുള്ള ശിക്ഷ തന്നെ നടപ്പാക്കി.
പിന്നീട് നബി(സ)ക്ക് മക്കാ വിജയത്തെ സൂചിപ്പിക്കുന്ന സ്വപ്ന ദര്ശനമുണ്ടാകുന്നു. തലമുണ്ഡനം ചെയ്യുന്ന ദൃശ്യം നബി(സ)ക്ക് കാണിക്കപ്പെട്ടപ്പോള് അത് ഉംറ ചെയ്യാന് സാധിക്കുന്നതിലേക്ക് സൂചിപ്പിക്കുന്നതിനാല് മുസ്ലിംകള്ക്ക് ഉംറ ചെയ്യാന് ആവേശമായി. അങ്ങിനെ ഉംറക്ക് വേണ്ടി പുറപ്പെടുകയും ഹറമില് എത്തും മുമ്പ് ശത്രുക്കള് സന്ധിക്ക് വരികയും ചെയ്ത സംഭവത്തിലേക്ക് നയിച്ചത് ഈ സ്വപ്ന ദര്ശനമാണ്. ആ സന്ധിയാകട്ടെ പിന്നീട് മക്കാ വിജയത്തിലേക്ക് എളുപ്പം വഴിനടത്തുകയും ചെയ്തു. അതു വഴി ലോകത്ത് നീതിയും സമാധാനവും സംസ്ഥാപിക്കപ്പെടുകയും മനുഷ്യ കുലത്തിന്റെ വിമോചനത്തിന് അത് അടിത്തറയിടുകയും ചെയ്തു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy