ഹസീം മുഹമ്മദ്:
ഇമാം ഗസ്സാലി(റ)യുടെ ധൈഷണികമായ ജീവിത പരിണാമങ്ങളെ പ്രമേയമാക്കി രചിക്കപ്പെട്ട അൽ മുൻകിദുമിനളലാൽ എന്ന കൃതിയുടെ ക്രൈസ്തവമായ അന്തർധാരയുള്ള ആധുനിക പാശ്ചാത്യവായനകളെ വിമർശനാത്മകമായി പുനർവായിക്കുന്ന ഗവേഷണ ഗ്രന്ഥത്തിന്റെ ആമുഖ ഭാഗം. സൂഫിസത്താൽ കൂടി സ്വാധീനിക്കപ്പെട്ട മൗലികമായ ഒരു ദാർശനിക ക്രമമായി ഗസ്സാലിയൻ ചിന്തകളെ പരിചയപ്പെടുത്തുന്ന ഈ പഠന ഗ്രന്ഥത്തിന്റെ ഏതാനും അദ്ധ്യായങ്ങൾ അകമിയം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും കോഴിക്കോട് ഇസ് ലാമിക് പബ്ലിഷിംഗ് ഹൗസ് ഇത് ഗ്രന്ഥമായി പ്രസിദ്ധീകരിച്ചതിനാൽ തുടർ ഭാഗങ്ങൾ ഗ്രന്ഥത്തിൽ നിന്ന് തന്നെ നേരിട്ട് വായിക്കാം. പുതിയ സംവാദങ്ങളിലേക്ക് വികസിക്കേണ്ട മൗലിക നിരീക്ഷണങ്ങളുൾക്കൊള്ളുന്നതാണ് ഇതിലെ പ്രതിപാദ്യങ്ങൾ.
ഒരു ഗസ്സാലിയൻ ‘മാനസാന്തരം’
ഹിജ്റ 488-ൽ ബാഗ്ദാദിലെ നിസാമിയ മദ്രസയിൽ നിന്നും സ്ഥാനമാനങ്ങളും ഭരണകൂട ബന്ധങ്ങളും വലിച്ചെറിഞ്ഞു ഇമാം ഗസ്സാലി(റ) നഗരം വിട്ടു. അതിന് പിന്നിലെ ചേതോവികാരത്തെ സംബന്ധിച്ച ഏറ്റവും ഉജ്ജ്വലമായ വിവരണം ഗസ്സാലി(റ)യുടെ തന്നെ അൽ മുൻകിദു മിന ളലാൽ എന്ന രചനയിലാണ് കാണാൻ കഴിയുക. ഈ സുപ്രധാന പ്രതിസന്ധിയുടെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ മുൻഖിദിലെ വിശദീകരണം തന്മൂലം ഒഴിവാക്കുക സാധ്യമല്ല. അതോടൊപ്പം തന്നെ മുൻഖിദ് എന്ന രചനയുടെ സ്വഭാവവും അതിന്റെ രചനാസാഹചര്യവും കണക്കിലെടുക്കാതെയുള്ള വായന വഴി, ഈ വിവരണങ്ങൾക്ക് കൈവരുന്ന അർത്ഥപരിണാമങ്ങളെ കുറിച്ച് കൂടി നാം ബോധവാൻമാരാവണം. കാരണം അത്തരത്തിലുള്ള വ്യതിയാനങ്ങൾക്ക് എമ്പാടും തെളിവുകൾ ഗസ്സാലി(റ)യെ സംബന്ധിച്ച ആധുനിക പഠനങ്ങളെ ചൂഴ്ന്ന് നില്ക്കുന്നു.
ഇസ്മായീലികൾ, മുത്തകല്ലിമുകൾ, തത്ത്വചിന്തകർ തുടങ്ങിയ വിഭാഗങ്ങളെ സംബന്ധിച്ച ചർച്ചകൾക്ക് ശേഷം സൂഫികളെ കുറിച്ച പരാമർശത്തിന്റെ ആരംഭത്തിലാണ്, മുൻഖിദിൽ, ഈ കാലയളവിനെക്കുറിച്ച വിവരണം വരുന്നത്. “സൂഫികൾ വാക്കുകളെയല്ല, അവസ്ഥകളെയാണ് അധീനപെടുത്തുന്നതെന്ന് ആശയതലത്തിൽ ഞാൻ മനസ്സിലാക്കിയിരുന്നു. കേട്ടും വായിച്ചും പഠിച്ചതിനപ്പുറം, അനുഭവതലത്തിൽ, ആ വഴിയേ നടന്നു മാത്രം നേടാൻ കഴിയുന്നതായിരുന്നു, ഇനി ബാക്കി.” ഗസ്സാലി ആ വഴിയിലേക്കുള്ള യാത്രയെക്കുറിച്ചു ആലോചിച്ചു. “എന്റെ സ്ഥിതിവിശേഷത്തെ ഞാൻ സൂക്ഷ്മമായി വിലയിരുത്തി. എല്ലായിടത്തു നിന്നും എന്നെ വലയം ചെയ്യുന്ന ബന്ധനങ്ങളുടെ കെട്ടുപാടുകൾ ഞാൻ കണ്ടു. എന്റെ പ്രവർത്തനങ്ങൾ, പ്രധാനമായി അധ്യാപനം, പരലോക വിജയത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത തുച്ഛമായതിനെ ചുറ്റിപ്പറ്റിയാണെന്നും ദൈവപ്രീതി കാംക്ഷിക്കാതെ പേരും പ്രശസ്തിയും നേടാനുള്ള നെട്ടോട്ടത്തിൽ പ്രചോദിതമാണെന്നും ഞെട്ടലോടെ ഞാനറിഞ്ഞു.” തുടർന്നു വന്ന അന്നത്തെ തന്റെ മാനാസികാവസ്ഥ വിവരിക്കുമ്പോൾ ഗസ്സാലി(റ)യുടെ ഭാഷയിൽ ആ അവസ്ഥയെ തൊട്ടറിയാൻ പര്യാപ്തമാവും വിധം ശക്തമായ ബിംബകല്പനകളുടെ മനം മയക്കുന്ന സൗന്ദര്യം വന്നു നിറയുന്നു. “കീഴ്ക്കാം തൂക്കായ ഒരു കൊക്കയുടെ വക്കിൽ തീയിലേക്ക് വീണു പോകാവുന്ന വിധത്തിലാണ് വഴികൾ തിരുത്താതിരുന്നാലുള്ള എന്റെ സ്ഥിതിവിശേഷമെന്നു ഞാൻ കണ്ടു. ഒരു തെരഞ്ഞെടുപ്പിനു അവസരമുള്ള ഘട്ടത്തിൽ ഞാനതിനെക്കുറിച്ച് പേർത്തും പേർത്തും മനസ്സിരുത്തി ആലോചിച്ചു. ബാഗ്ദാദ് വിടാനും ഈ പരിതസ്ഥിതികളിൽ നിന്ന് സ്വതന്ത്രനാവാനുമുള്ള തീരുമാനത്തിൽ ഒരു ദിവസം ഞാനെത്തിച്ചേർന്നാൽ തൊട്ടടുത്ത ദിവസം തന്നെ അതിൽ നിന്നു പിന്മാറും എന്നതായിരുന്നു സ്ഥിതി.” തന്റെ മാനസിക സംഘർഷങ്ങളുടെ രംഗവേദിയെ അദ്ദേഹം ഇങ്ങനെ വരച്ചിടുന്നു. “എപ്പോഴെങ്കിലും ഒരു കാലടി മുന്നോട്ട് വെച്ചാൽ അടുത്ത ക്ഷണത്തിൽ അതു വീണ്ടും പിന്നോട്ട്… രാവിലെ ഞാൻ ആത്മാർത്ഥമായി പരലോക വിചാരത്തിൽ നിമഗ്നനാവുന്നു. അതിനെ ലക്ഷ്യം വെച്ച് പ്രവർത്തിക്കാൻ ആവേശത്തോടെ ഒരുമ്പെടുന്നു. വൈകുന്നേരത്തോടെ ഭൗതികമോഹങ്ങളുടെ വേലിയേറ്റത്തിൽ ആ ആവേശം അതാ തണുത്തു പോവുന്നു. ലൗകികമായ താല്പര്യത്തിന്റെ ചങ്ങലകൾ തത്സ്ഥാനത്തു തുടരാൻ എന്നെ പിന്നിൽ നിന്നു വലിച്ചു കൊണ്ടിരിക്കുമ്പോൾ വിശ്വാസത്തിന്റെ ഘോഷണം പക്ഷെ മറ്റൊന്നായിരിക്കും. പോവുക! ഇറങ്ങിത്തിരിക്കുക…! ഇപ്പോഴല്ലെങ്കിൽ ഇനി എപ്പോഴാണ്? എത്ര തുച്ഛമായ കാലമാണ് ഇനി ജീവിതം ബാക്കിയുണ്ടാവുക? നീ ആണ്ടു മുഴുകിയതായ പ്രവർത്തനങ്ങളുടെ കാപട്യം കാണുന്നില്ലേ? ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് പാരത്രിക ജീവിതത്തിനു തയ്യാറെടുക്കുക? ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നീയീ ബന്ധനങ്ങൾ മുറിച്ച് മാറ്റുക? അങ്ങനെ ഞാൻ വീണ്ടും യാത്ര തിരിക്കാനുള്ള തീരുമാനത്തിൽ തിരികെ എത്തുമ്പോൾ പിശാച് അവന്റെ ദുർബോധനങ്ങളുമായി മടങ്ങി വരികയായി. ഇതൊരു ക്ഷണികമായ ചിന്താശകലം മാത്രമാണ് കേട്ടോ. അതു മാഞ്ഞു പോകും! അതിനു പിന്നാലെ പോയി നീ സ്ഥാനങ്ങളും സുരക്ഷിതത്വവും ഒരിക്കൽ ഉപേക്ഷിച്ചാൽ, പിന്നെ ഒരിക്കൽ നിന്റെ ആത്മാവ് അതിനായി വീണ്ടും മോഹിക്കുന്ന സ്ഥിതി വന്നു ചേരും. അന്നത് അപ്രാപ്യമായി തന്നെ നിലനിൽക്കും. ഓർത്തു കൊള്ളുക.”
ഇങ്ങനെ ഉജ്ജ്വലമായ ഭാഷയിൽ ആത്മകഥനത്തിന്റെ സ്വരത്തിൽ ആന്തരിക വടംവലികളുടെ വർണനകൾക്ക് ശേഷമാണ് പിന്നീട് തനിക്ക് മേൽ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം അവസാനിച്ച് സൂഫി വഴി അനിവാര്യമാക്കപ്പെട്ടു എന്ന് ഗസ്സാലി സൂചിപ്പിക്കുന്നത്. വിദ്യാർത്ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ നാവുകൾക്ക് വിലങ്ങു വീണു. വാക്കുകൾ പുറത്ത് വരാതെയായി. ഡോക്ടർമാർക്ക് അദ്ദേഹത്തെ ബാധിച്ച അസ്വാസ്ഥ്യത്തെ കുറിച്ച് ധാരണ കിട്ടിയില്ല. അവർ പറഞ്ഞു. “ഇത് ഹൃദയത്തിൽ നിലയുറപ്പിച്ചതായ എന്തോ ശരീരത്തെ കവർന്നെടുക്കുന്ന സ്ഥിതി വിശേഷമാണ്. ഹൃദയത്തെ ഗ്രസിച്ച ആശങ്കകളെ ചികിത്സിക്കാതെ ഇതിനെ പരിഹരിക്കാനാവില്ല. ” ഇബ്നു സീന ‘മലങ്കുല്ലിയ’ (malankhuliyya) എന്നു തൻെറ വൈദ്യശാസ്ത്ര രചനകളിൽ വിശേഷിപ്പിച്ച വിഷാദത്തെയാവും അവർ സൂചിപ്പിച്ചത്. പത്താം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര വിശാരദനായ ഇഷാക്ക് ഇബ്നു ഇമ്രാൻ പറയുന്നതായി കാണാം. “വൈദ്യന്മാർ, ഗണിതജ്ഞർ, വാനശാസ്ത്രജ്ഞർ തുടങ്ങിയവർ അന്വേഷണങ്ങളിലും പഠനങ്ങളിലും അതിയായി മുഴുകുക വഴി വിഷാദത്തിനു അടിമപ്പെടാനുള്ള സാധ്യത ഉണ്ട്.” ഇത്തരം സാധ്യതകളെയാവും ഗസ്സാലി(റ)യെ പരിശോധിച്ച ഡോക്ടർമാർ സൂചിപ്പിച്ചത്. എന്നാൽ തന്റെ ശാരീരിക അസ്വാസ്ഥ്യത്തിനു കാരണമായ ഹൃദയ വ്യഥയുടെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചു അവർക്ക് ധാരണയില്ലെന്നും, കടന്നു പോകുന്ന മാനസിക വടംവലിയുടെ ഘട്ടം ഒടുവിൽ തിരഞ്ഞെടുപ്പ് അസാധ്യമായ രീതിയിൽ പരലോക മോക്ഷത്തിന്റെ വഴിയിലേക്ക് തന്നെ നിർബന്ധപൂർവം തള്ളി വിടുന്നതിന്റെ അടയാളമായി അതിനെ സ്വീകരിക്കണമെന്നും ഗസ്സാലി(റ) കരുതി. തുടർന്ന് മുമ്പ് ജീവിതരേഖയിൽ പരാമർശിച്ചത് പോലെ ഗസ്സാലി(റ) ബാഗ്ദാദ് വിട്ടു ഡാമസ്ക്കസിലേക്കും തുടർന്നുള്ള അന്വേഷങ്ങളിലേക്കും തിരിഞ്ഞു. ആ അന്വേഷണത്തിനൊടുവിൽ ഗസ്സാലി(റ) എഴുതുന്നു. “ഇത്രമാത്രം ഞാൻ പറയാം, ദൈവിക പാതയിൽ വ്യതിരിക്തമായ വിധത്തിൽ ഉറച്ചു നിൽക്കുന്നവരാണ് സൂഫികൾ. അവരുടെ ജീവിതരീതിയാണ് ഏറ്റവും ഉൽകൃഷ്ടം, അവരുടെ വഴിയാണ് ഏറ്റവും തെളിഞ്ഞത്, അവരുടെ നൈതികതയാണ് ഏറ്റവും പരിശുദ്ധം.”
അൽ മുൻഖിദു മിന ളലാലിൽ പരിശോധിക്കപ്പെടുന്ന നാലു ജ്ഞാന മാർഗങ്ങളെടുക്കുക. ഇസ്മായിലി ചിന്ത, തത്ത്വചിന്ത, കലാം വിജ്ഞാനീയം, സൂഫിസം; ഇവയിൽ സൂഫിസം മാത്രമാണ് വിമർശിക്കപ്പെടാതിരിക്കുക വഴി ആത്യന്തികമായി സ്വീകരിക്കപ്പെടുന്നത് എന്ന ധാരണയാണ് മുൻഖിദ് നൽകുന്നത്. മുമ്പ് നമ്മൾ മീസാനിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാട് ആണിത്. അതിൽ ആത്മവിശ്വാസത്തോടെ തത്ത്വചിന്തയുടെ വഴിയെ പ്രാഥമികമായും സൂഫിസത്തിന്റെ വഴിയെ ഏതാണ്ട് തത്തുല്യമായും ഉയർത്തി പിടിച്ച നിലപാടിൽ നിന്നും ഗസ്സാലി(റ) മാറി ചിന്തിച്ചിട്ടുണ്ടോ? ഗസ്സാലി(റ) ഉറച്ച ബോധ്യത്തോടെ മീസാനിലെ വരികൾ കുറിക്കുന്നത് മേലെ സൂചിപ്പിച്ച പ്രതിസന്ധിക്ക് തൊട്ടു മുന്നേയാണ്. ആ ആത്മവിശ്വാസത്തിന്റെ സ്വരമല്ല, മാനസിക സംഘർഷങ്ങളിൽ തകർന്ന് പോവുന്ന ഒരാളുടെ ചിത്രമാണ് പക്ഷെ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം രചിക്കപ്പെട്ട മുൻഖിദ് ആ കാലത്തെ കുറിച്ച് നൽകുന്നത്. ഇത് ഒരു വൈരുധ്യമല്ലേ? മുൻഖിദിനെ അതിന്റെ സന്ദർഭങ്ങളിൽ നിന്നും വായിക്കേണ്ടതിനൊപ്പം ആത്മീയ പ്രതിസന്ധിക്ക് ശേഷം രചിക്കപ്പെട്ട മറ്റു കൃതികളെ കണക്കിലെടുക്കേണ്ടതും ഈ ചോദ്യങ്ങളെ കുറിച്ച് ശരിയായ ധാരണ രൂപപ്പെടുത്താൻ അനിവാര്യമാണ്.
ആ അന്വേഷണങ്ങളിലേക്ക് കടക്കും മുമ്പ് മുൻഖിദിനെ ആധുനിക കാലത്തു കണ്ടെത്തിയ പടിഞ്ഞാറൻ പാണ്ഡിത്യം രൂപപ്പെടുത്തിയ ധാരണകളും, അതിന്റെ കൈവഴികളിലൂടെ മുസ്ലിം ലോകത്തേക്ക് തന്നെ വന്നെത്തിയ ഗസ്സാലിയൻ ദർശനത്തിന്റെ സ്വഭാവത്തിനെ സംബന്ധിച്ച നിഗമനങ്ങളും നോക്കാം. മുൻഖിദിന്റെ വായന എപ്രകാരമായിരുന്നു എന്നതിൽ നിന്നും പുനർവായനയുടെ രൂപരേഖ കണ്ടെത്താൻ ശ്രമിക്കുകയാണ് നമ്മൾ. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മുൻഖിദിന് ആദ്യമായി ആധുനിക പാശ്ചാത്യ ഭാഷയിൽ പരിഭാഷകൾ ഉണ്ടാവുന്നത്. ആദ്യത്തേത് അഗസ്റ്റ് സ്മോള്ടെഴ്സ് (August Schmolders) 1842ൽ രചിച്ച ഫ്രഞ്ച് പരിഭാഷയാണ്. ഈ പരിഭാഷയിലൂടെ പാശ്ചാത്യ ചിന്തകരെ വിവിധ നിലകളിൽ മുൻഖിദ് ആകർഷിച്ചു. മധ്യകാല അറബ് സാഹിതീയ ഉപാധികളെ സംബന്ധിച്ച അജ്ഞതയിൽ നിന്നും അതിനെ അവർ നൈസർഗികവും സുതാര്യവുമായ ആത്മ കഥനമായി തെറ്റിദ്ധരിച്ചു. നാം മേലെ സുദീർഘമായി ഉദ്ധരിച്ച മാനസിക സംഘർഷങ്ങളുടെ ഗസ്സാലിയൻ ആഖ്യാനം അതിന് ഇല്ലാത്ത സ്വാഭാവികത നൽകി. ഉള്ളുലയ്ക്കുന്ന ആത്മീയ വ്യഥയിൽ ഭൗതിക വിരക്തനായി തീരുന്ന ഒരു മുസ്ലിം ‘അഗസ്റ്റിനെ’യാണ് അവർ കണ്ടത്. സെന്റ് അഗസ്റ്റിൻ (മരണം 430 AD) ആദ്യ കാല കത്തോലിക്ക സഭാ പിതാക്കന്മാരിൽ പ്രമുഖനും പാശ്ചാത്യ ദൈവശാസ്ത്ര പശ്ചാത്തലത്തിലെ സമുന്നതനായ ചിന്തകനുമായിരുന്നു. മുൻഖിദ് താരതമ്യം ചെയ്യപ്പെട്ടത് അഗസ്റ്റിന്റെ പ്രസിദ്ധമായ മാനസാന്തരങ്ങൾ (Confessions) എന്ന ആത്മകഥാ സ്വഭാവമുള്ള കൃതിയോടായിരുന്നു. സെന്റ് അഗസ്റ്റിൻ ‘മാണി’ (Manichaeism) മത വിശ്വാസങ്ങളിൽ നിന്നും വഴിവിട്ട ജീവിതത്തിൽ നിന്നും മാനസാന്തരം പ്രാപിക്കുന്നതിന്റെ വിവരണമാണ് ഈ ഗ്രന്ഥം. ലൈംഗികത ഉൾപ്പെടെയുള്ള മാംസബദ്ധമായ മോഹങ്ങളുടെ സമ്പൂർണ തിരസ്കരണത്തിലൂടെയുള്ള മതത്തിന്റെ ആന്തരികവത്കരണം അദ്ദേഹത്തിന്റെ ആത്മീയതയുടെ സ്വഭാവ സവിശേഷതയായിരുന്നു. സമാനമായ വിധത്തിൽ, തന്റെ മുൻകാല ചെയ്തികളിൽ പശ്ചാത്തപിക്കുന്ന, ഭൗതികതയിൽ നിന്നും ഓടിയകന്ന് ആന്തരിക ലോകത്തിന്റെ ആദ്ധ്യാത്മിക സമൃദ്ധിയിൽ അഭയം പ്രാപിക്കുന്ന ഒരു ഗസ്സാലിയെയാണ് അവർ വായിച്ചത്. ഇതിൽ നിന്നാണ് മുൻഖിദിന് ഉണ്ടായ ആദ്യ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ക്ളോഡ് ഫെയ്ൽഡ് (Claude Feild) ‘അൽ ഗസ്സാലിയുടെ മാനസാന്തരം ‘ (The Confessions of Al Ghazzali ) എന്ന പേര് നൽകിയത്. മോൺട് ഗോമറി വാട്ടും, ആർ സി മക്കാർത്തിയും ഉൾപ്പെടെയുള്ള പിൽക്കാല പരിഭാഷകൾ ഉപയോഗിച്ചത് ‘തെറ്റുകളിൽ(അറിവില്ലായ്മ) നിന്നുള്ള മോചനം ‘ (Deliverence from error ) എന്ന ശീർഷകമാണ്. മോൺട് ഗോമറി വാട്ട് അഗസ്റ്റിന്റെ തന്നെ ദൈവം (ക്രിസ്തു ) വഴിയായ മോചനം എന്ന സങ്കൽപ്പത്തിന്റെ സ്വാധീനത്തിലാണ് ഇത്തരം ഒരു ശീർഷകത്തിലേക്ക് വന്നതെന്നും യഥാർത്ഥ പദാനുപദ വിവർത്തനം ‘അറിവില്ലായ്മയിൽ നിന്നു മോചിപ്പിച്ചവൻ ‘ എന്നതാണ് എന്നും കെന്നത്ത് ഗാർഡൻ നിരീക്ഷിക്കുന്നു. പുസ്തകവും അതിന്റെ രചയിതാവും അറിവില്ലായ്മയിൽ നിന്ന് മോചിപ്പിക്കുന്നു എന്ന അവകാശവാദമാണ് യഥാർത്ഥത്തിൽ മുൻഖിദിന്റെ ശീർഷകത്തിന്റെ പൊരുൾ. ഇങ്ങനെ ഒരു അഗസ്റ്റിൻ ചിന്തയുടെ പരിസരത്തു നിന്ന് തെറ്റായി വായിച്ചത് മൂലമാണ് ‘മുസ്ലിംങ്ങളെ ക്രിസ്തു മതത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന ഒരു അദ്ധ്യാപകൻ ഒരർത്ഥത്തിൽ ഗസ്സാലിയിലുണ്ട്’ എന്ന് അമേരിക്കൻ പ്രൊട്ടസ്റ്റന്റ് പാതിരിയായ സാമുവൽ സ്വിമ്മർ (Samuel Zwemmer) തന്റെ ‘ഗസ്സാലി – ദൈവാന്വേഷിയായ ഒരു മുസ്ലിം’ എന്ന പ്രബന്ധത്തിൽ വാദിക്കുന്നത്. ഒരു പ്രൊട്ടസ്റ്റന്റ് പശ്ചാത്തലത്തിൽ നിന്നും ഗസ്സാലിയെ വായിച്ച മറ്റൊരു ചിന്തകനാണ് മാക് ഡൊണാൾഡ്. ദൈവശാസ്ത്രത്തെ (scholasticism ) തള്ളി കളയുന്ന ഗസ്സാലിയൻ നിലപാടിന്റെ മഹത്വം അദ്ദേഹം കാണുന്നത് സമാനമായ പ്രൊട്ടസ്റ്റന്റ് – ഓർത്തഡോക്സ് തർക്കങ്ങളിലാണ്.
ഗസ്സാലി(റ)യെ ഈ വിധം സന്ദർഭത്തിൽ നിന്നും ആശയ പ്രപഞ്ചത്തിൽ നിന്നും അടർത്തി മാറ്റുക വഴി സൂഫിസത്തെ കുറിച്ചുള്ള പാശ്ചാത്യ/ആധുനിക ധാരണകളിലും വലിയ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. വില്യം ജെയിംസ് തന്റെ സുപ്രധാന കൃതിയായ ‘മതകീയ അനുഭവത്തിന്റെ ഇനങ്ങൾ’ (Varieties of Religious Experience ) എന്ന പുസ്തകത്തിൽ മുൻഖിദിൽ നിന്നുള്ള ഉദ്ധരണികൾ ചേർത്ത് മിസ്റ്റിസിസം എല്ലാ വിധത്തിലുമുള്ള യുക്തി ബന്ധിതവും സ്ഥാപിതവുമായ വസ്തുതകൾക്ക് അപ്പുറമുള്ള ശുദ്ധമായ ആന്തരിക അനുഭവമാണ് എന്ന് വാദിക്കുന്നുണ്ട്. ഭൗതിക ലോകത്ത് നിന്നും അതിന്റെ വ്യവഹാരങ്ങളിൽ നിന്നും അകന്ന്, ഏകാകിയായി, ‘മലമുകളിൽ കഴിയുന്ന സാത്വികന്റെ’ രൂപത്തിലുള്ള ബിംബവത്കരണം, സൂഫി ചരിത്രത്തെയോ അതിന്റെ സാമൂഹിക പ്രവർത്തനത്തെയോ ഭരണകൂട ബന്ധങ്ങളെയോ വിശദീകരിക്കാൻ അൽപം പോലും പര്യാപ്തമല്ല. ഗസ്സാലി(റ)യുടെ കാര്യത്തിൽ ഒട്ടും തന്നെയല്ല! ഗസ്സാലി(റ) തന്റെ ആത്മീയ പ്രതിസന്ധിക്ക് ശേഷമുള്ള കാലം മുഴുവൻ പൊതു ജീവിതത്തിൽ നിന്നും അകന്ന് ആത്മീയമായ മുറകൾ അനുഷ്ഠിച്ചു കഴിഞ്ഞു കൂടി എന്ന ധാരണയാണ് പല ഇംഗ്ലീഷ് പരിഭാഷകരും നൽകുന്നത്. ശാമിൽ കഴിച്ചു കൂടിയ സമയത്ത് തുച്ഛമായ സമയം സമൂഹത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു എന്ന് മാത്രമാണ് ഗസ്സാലി(റ) മുൻഖിദിൽ പറയുന്നത്. അതിനപ്പുറം ഭൗതിക അജണ്ടകളിൽ കൂടി പ്രതിജ്ഞാബദ്ധമായിരുന്ന അദേഹത്തിന്റെ പിൽക്കാല ജീവിതത്തെ മറച്ചു വച്ചു കൊണ്ട്, ഒരു വിധത്തിൽ, ഗസ്സാലിയൻ പ്രതിസന്ധിയുടെ യഥാർത്ഥ പ്രസക്തിയെ കാണാനാവാതെ അന്ധതയിൽ നില കൊള്ളുകയാണ് ഇത്തരം പഠനങ്ങളിൽ ഭൂരിഭാഗവും. മുൻഖിദിനെ സൂഫി മാനസാന്തരമായി സ്വീകരിക്കുന്നവർക്ക് സ്വാഭാവികമായി ഗസ്സാലി(റ)യുടെ പിൽക്കാലത്തെ ഉൽകൃഷ്ട കൃതിയായ ഇഹ്യാ ഉലൂമിദീൻ സൂഫിസത്തിന്റെ യാഥാസ്ഥിതിക ഗ്രന്ഥം മാത്രമായി. ഇഹ്യായെ പരിവർത്തിത ഗസ്സാലിയൻ ദർശനത്തിന്റെ കേന്ദ്രമായി മനസ്സിലാക്കുമ്പോഴും അതിനു കൈവന്ന അംഗീകാരവും യാഥാസ്ഥിതിക സ്ഥാനവും പിൽക്കാല പരിണിതിയാണ് എന്ന ശ്രദ്ധേയമായ സംഗതി വിസ്മരിക്കപ്പെട്ടു. ഇഹ്യാ യഥാർത്ഥത്തിൽ അത് രചിക്കപ്പെട്ട പശ്ചാത്തലത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. സാമ്പ്രദായിക രീതിയിലുള്ള ഒരു സൂഫി രചന മാത്രമായിരുന്നില്ല അത്. ഹിജ്റ 503ൽ, ഏതാണ്ട് സമകാലികമായി തന്നെ, ഇഹ്യായുടെ കൈയെഴുത്തു പ്രതികൾ ഭരണകൂടത്തിന്റെ ഒത്താശയോടെ പടിഞ്ഞാറ് കൊർദോബയിൽ ചുട്ടെരിക്കപ്പെടുന്ന ഒരു സംഭവം ഉണ്ടായി. ഇഹ്യാ കേവലമായ യാഥാസ്ഥിതിക രചനയാണെങ്കിൽ ഇത്തരം രാഷ്ട്രീയ കൊടുങ്കാറ്റുകളെ കെട്ടഴിച്ചു വിടാൻ അതിനു എങ്ങനെ കഴിഞ്ഞു എന്ന് സ്വാഭാവികമായി ആരും സംശയിക്കും. പക്ഷെ അത്തരം ചോദ്യങ്ങൾ മുൻഖിദിന്റെ തെറ്റായ വായനയിലൂടെ രൂപപ്പെട്ട ഗസ്സാലിയൻ ധാരണയുടെ പശ്ചാത്തലത്തിൽ അവഗണിക്കപ്പെട്ടു. പകരം ആത്മീയത പുൽകുക വഴി തത്ത്വ ചിന്തയെ ‘അസാധുവാക്കിയ’ തഹാഫുത്തിന് നേർക്കാണ് അന്വേഷണങ്ങൾ തിരിഞ്ഞത്. അത് ഗസ്സാലിയെ സംബന്ധിച്ച ആധുനിക മുസ്ലിം ധാരണകളെ തന്നെ സ്വാധീനിക്കുന്ന വിധം പ്രബലമായി. ഇത്തരം ധാരണകളുടെ അപര്യാപ്തതയും, ഗസ്സാലി(റ)യും തത്ത്വചിന്തയും തമ്മിലുള്ള ബന്ധത്തിന്റെ കൃത്യമായ സ്വഭാവവും നമ്മൾ മറ്റൊരു ഭാഗത്തു കണ്ടു കഴിഞ്ഞു.
ഇനി നമ്മുക്ക് പരിശോധിക്കേണ്ട കാര്യങ്ങളെ നോക്കാം. മുൻഖിദിനെ സന്ദർഭത്തിൽ നിന്നും അടർത്തി വായിച്ച പാശ്ചാത്യ നിരൂപണങ്ങളിൽ നിന്നും രൂപം പൂണ്ട പൊതു ധാരണകളെ അതിനായി ഇങ്ങനെ സംഗ്രഹിക്കാം. മുൻഖിദ് സുതാര്യമായ ആത്മകഥനമാണ്. ഭൗതിക ലോകത്തിന്റെ തെറ്റുകൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ആത്മീയ നിർവൃതി തേടി ഇമാം ഒളിച്ചോടി. വൈയക്തിക മോക്ഷത്തിന്റേതായ ഒരു സമീപനത്തിൽ മാത്രമായിരുന്നു അത് ഊന്നിയത്. ഭൗതിക വിരക്തിയിൽ രാഷ്ട്രീയവും സാമൂഹികവുമായ മണ്ഡലങ്ങളിൽ നിന്ന് പിൻവാങ്ങിയ നിലയിൽ ഏകാന്ത ജീവിതമാണ് പിന്നീട് അദ്ദേഹം നയിച്ചത്. നിയമത്തോടും യുക്തിപരതയോടും നിഷേധാത്മകമായ സമീപനം സൂഫിസത്തിന്റെ മുഖ്യമായ സ്വഭാവമാണ്. ആത്യന്തികമായി അത്തരത്തിലുള്ള ഒരു സൂഫിസത്തിലാണ് ഇമാം ഒടുവിൽ അഭയം പ്രാപിച്ചത്. അദ്ദേഹത്തിന്റെ ഇഹ്യാ യാഥാസ്ഥിതിക സൂഫി കൃതി എന്ന നിലയിൽ ഇതിനെ സാധൂകരിക്കുന്നു.
ഈ ധാരണകളുടെ പിഴവുകളെ അനാവരണം ചെയ്യുന്ന രീതിയിൽ രണ്ടാമത്തെ ആത്മീയ പ്രതിസന്ധിയേയും അതിന്റെ പ്രതിധ്വനികളെയും ചരിത്രപരമായി അതിന്റെ സന്ദർഭത്തിൽ കൃത്യമായി സ്ഥാപിച്ച് മനസിലാക്കുകയാണ് നമ്മുടെ ഉന്നം. ഇഹ്യാ അതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ, മതചിന്തകളെ പുനരുജ്ജീവിപ്പിക്കാനുള്ള അജണ്ടയിൽ അധിഷ്ഠിതമായിരുന്നു. എന്താണ് ഗസ്സാലി(റ) പുനരുജ്ജീവിപ്പിക്കുന്നത്? അത് അന്വേഷിക്കുമ്പോൾ ഭൗതിക വിരക്തിയല്ല, മറിച്ച് ചിന്താപരമായ നവോത്ഥാനത്തിലൂടെ മുസ്ലിം സാമൂഹിക/രാഷ്ട്രീയ ജീവിതത്തെ പുനർനിർമിക്കാനുള്ള വ്യക്തമായ മാർഗരേഖ മുന്നോട്ട് വച്ച് അതിന്റെയടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ചിന്തകനെയാണ് നാം കണ്ട് മുട്ടുക. വൈയക്തിക മോക്ഷം സമൂഹത്തിന്റെ പുനർനിർമ്മിതിയിൽ നിന്നും വ്യത്യസ്ഥമായ ഒന്നായിട്ടല്ല അദ്ദേഹം കണ്ടത്. സൂഫിസത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് നാം നേരിട്ട് കടക്കുകയില്ല. എന്നാൽ ഇമാം ഗസ്സാലി(റ)യുടെ സൂഫി ചിന്തയുടെ വിശദീകരണം സൂഫിസത്തെ കുറിച്ചുള്ള പൊതുവായ ചില തെറ്റിദ്ധാരണകളെ കൂടി ഹൃസ്വമായി അഭിസംബോധന ചെയ്തേക്കും എന്ന് മാത്രം. ഒടുവിൽ മുൻഖിദിന്റെ ശരിയായ രചന സാഹചര്യം തിരിച്ചറിയുക നമ്മുടെ അജണ്ടയാണ്. സൂഫി ചിന്തകൻ എന്നതിനപ്പുറം, സൂഫിസത്താൽ കൂടി സ്വാധീനിക്കപ്പെട്ട മൗലികമായ ഒരു ദാർശനിക ക്രമമാണ് ഗസ്സാലിയൻ സംഭാവന എന്നാണ് ഈ പഠനം സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത്.
തുടരും