ജനത കുടിയിറക്കപ്പെട്ടാൽ
കടലെടുത്തുപോയ സ്മരണ മാത്രമായി തീരും ലക്ഷദ്വീപ്

അബ്ദുറഹ്മാൻ കൽപകഞ്ചേരി:

അനന്തമായ കടൽപരപ്പിൽ പൊട്ടുപോലെ കാണുന്ന പച്ചപ്പാണ് ലക്ഷദ്വീപ്. പ്രകൃതിപരമായി തന്നെ അരക്ഷിതമായ പ്രത്യേകമായ ഭൂഘടനയാണ് ദ്വീപുകൾ. എങ്കിലും നൂറ്റാണ്ടുകളായി തനത് സംസ്കാരത്തോടെ സവിശേഷമായ ആവാസ സംവിധാനങ്ങളിലായി അവിടെ ജനങ്ങൾ ജീവിച്ചുപോരുന്നു. സ്നേഹവും സഹവർത്തിത്വവുമാണ് അവരുടെ മുഖമുദ്ര. നിഷ്കളങ്കമാണ് ദ്വീപുവാസികളുടെ മനസ്സുകൾ. വിഭാഗീയതയും അന്യത്വവും വിദ്വേഷവുമില്ലാത്ത മാനവികതയാണ് അവരുടെ സംസ്കാരം. കടൽ പോലും രൗദ്രഭാവങ്ങൾ വെടിഞ്ഞ് സ്വന്തം മടിത്തട്ടിൽ താലോലിക്കുന്ന ഈ ദ്വീപ് സമൂഹം പ്രകൃതിയുമായി പരസ്പര പോഷകമായ നിലയിൽ താദാത്മ്യപ്പെട്ട് സന്തുലനത്വത്തോടെ സവിശേഷമായ താളക്രമത്തിൽ ജീവിച്ചു പോരുന്നു. വികസനത്തിന്റെ പേരിൽ ഈ ജനത തങ്ങളുടെ ജന്മഭൂമിയിൽ നിന്നും ആവാസ സംവിധാനങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ടാൽ തീർച്ചയായും ഭാവിയിൽ കടലെടുത്തു പോകുന്ന ഒരു സ്മരണ മാത്രമായി തീരും ഈ ദ്വീപുകൾ. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ലേഖകന്റെ ആദ്യലക്ഷദ്വീപ് യാത്രയും അഞ്ചുവർഷത്തെ ലക്ഷദ്വീപ് അനുഭവങ്ങളും ലക്ഷദ്വീപ് ജനതയുടെ സംസ്കാരവും സുകൃതങ്ങളും ചരിത്രവും രാഷ്ട്രീയവുമാണ് ഈ കുറിപ്പിൽ ആഖ്യാനം ചെയ്യപ്പെടുന്നത്.

യാത്രകൾ ജീവിതത്തിന് പുതിയ തുറസ്സുകൾ നൽകുന്ന ഒരനുഭവമാണ്. കെട്ടിനിന്ന് ദുഷിക്കാതെ ജീവിതത്തെ പുതിയ വിസ്തൃതികളിലേക്ക് അത് തുറന്ന് വിടുന്നു. അതുകൊണ്ട് തന്നെ യാത്ര എക്കാലത്തും ഇഷ്ടമുള്ള ഒരേർപ്പാടാണ്. ഇന്ത്യയിൽ തന്നെയുള്ള നിരവധി നാടുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇനിയും സന്ദർശിക്കാനുള്ള പല നാടുകളെയും മനസ്സിൽ താലോലിക്കുന്നുവെങ്കിലും അറബിക്കടലിൽ ഒരു പൊട്ടുപോലെ കാണപ്പെടുന്ന ലക്ഷദ്വീപ് ദ്വീപ സമൂഹങ്ങൾ എന്റെ ശ്രദ്ധയിലോ പരിഗണനയിലോ ഉണ്ടായിരുന്നില്ല. 2014 ഡിസംമ്പറിലാണ് നിനച്ചിരിക്കാതെ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ എന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് പോവാനുള്ള അവസരം കൈവന്നത്.
ഞാനുൾപ്പെടെയുള്ള ഒരു മെഡിക്കൽ സംഘത്തിന്റെ ലക്ഷ ദ്വീപിലേക്കുള്ള യാത്ര തീരുമാനിക്കപ്പെടുന്നതിന് മുമ്പ് വരെ ഇന്ത്യാഭൂപടത്തിലെ ചെറിയ കുത്തുകൾ മാത്രമായിരുന്നു എനിക്ക് ലക്ഷദ്വീപ്.
കേവലം ഏതാനും ദിവസത്തെ ഔദ്യോഗിക കൃത്യനിർവ്വണ യാത്ര മാത്രമായിരുന്നില്ല അത്. ലക്ഷദ്വീപിന്റെ മണ്ണും മനസ്സും സംസ്കാരവും ജീവിതവും ആവാസ സംവിധാനങ്ങളും അടുത്തറിയാനാവും വിധം ഏതാനും വർഷങ്ങൾ തന്നെ ലക്ഷദ്വീപിൽ അധിവസിക്കാൻ അവസരമുണ്ടായത് ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളിലൊന്നായി ഞാൻ തിരിച്ചറിയുന്നു.
2014 ഡിസമ്പർ 14 നാണ് ലക്ഷ ദ്വീപിലെ പ്രധാന ഹോസ്പിറ്റലായ അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പി.പി.പി. മോഡിൽ നടത്തിപ്പ് ആവശ്യാർത്ഥം സഹ പ്രവർത്തകരോടൊപ്പം ആദ്യമായി ലക്ഷദ്വീപിലേക്ക് പുറപ്പെട്ടത്.

യാത്ര പുറപ്പെടുമ്പോൾ കടൽ യാത്രകളെ കുറിച്ച് ഒരു മുൻധാരണയും ഇല്ലായിരുന്നു. ഭാരത് സീമ കപ്പലിന്റെ അവസാന യാത്രയായിരുന്നു അത്. കടലും കപ്പലും കടൽ യാത്രയുമെല്ലാം അപരിചിതമായിരുന്ന എനിക്ക് ആകാംക്ഷയും ആശങ്കയും കലർന്ന പ്രത്യേകമായ ഒരു കൗതുകമായിരുന്നു ആ സന്ദർഭത്തിൽ. കൊച്ചി തീരത്ത് നിന്ന് ഏതാണ്ട് മധ്യാഹ്നത്തിന് ശേഷം രണ്ടുമണിയോടെ ആഴക്കടലിന്റെ നീലിമയിലേക്ക് നീന്തിയിറങ്ങിയ കപ്പലിൽ അകന്നു പോകുന്ന കരയിലേക്കും പച്ചപ്പിലേക്കും അലകളടങ്ങാത്ത ജലനീലിമയിലേക്കും നീലാകാശത്തിലേക്കും നോക്കി ഇളം കാറ്റുമേറ്റ് ഞങ്ങളിലിരുന്നു. യാത്ര ആരംഭിച്ചതു മുതൽ കപ്പലിൽ വെച്ചു തന്നെ ദ്വീപുകാരുടെ നിഷ്കളങ്ക സ്നേഹവും ആതിഥ്യമര്യാദകളും അനുഭവിക്കാൻ തുടങ്ങി. ദ്വീപുജനതയുമായുള്ള സമ്പർക്കത്തിന്റെ ആദ്യാനുഭവമായിരുന്നു അത്. അന്യത്വമില്ലാതെ ഇത്രമാത്രം ഹൃദയസ്പർശിയായി ഇടപഴകുന്ന ഒരു ശൈലി ലക്ഷദ്വീപുകാരിലല്ലാതെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. അഞ്ചുവർഷക്കാലത്തെ ലക്ഷദ്വീപ് ജീവിതത്തെ ഇത്രമേൽ അവിസ്മരണീയമാക്കിയ ലക്ഷദ്വീപ് സമൂഹവുമായുള്ള സഹവാസത്തിന്റെ ആദ്യാനുഭവമായിരുന്നു ആ കപ്പൽ യാത്ര.
കപ്പലിൽ വിവിധ ക്ലാസ്സുകളുണ്ടായിരുന്നു. ചിലർ അവരവരുടെ സീറ്റുകളിൽ ഒതുങ്ങിക്കൂടിയെങ്കിലും പലരും മെസ്സിലും വരാന്തപോലുള്ള അരികുവശങ്ങളിലും വന്ന് കടലിന്റെ ഭാവഭേദങ്ങൾ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഇന്നത്തേതുപോലെ എ.സി.യോ മറ്റ് ആഢംബര സൗകര്യങ്ങളോ ഉള്ള കപ്പലായിരുന്നില്ല ഞങ്ങൾ കന്നിയാത്ര ചെയ്ത ഭാരത് സീമ. പ്രസ്തുത കപ്പലിന്റെ അവസാന യാത്രയായിരുന്നു അത്. അതുകൊണ്ട് തന്നെ കപ്പൽ നിറയെ യാത്രക്കാരും സാധന സാമഗ്രികളുമായിരുന്നു. ലക്ഷദ്വീപുകാരായ വിവിധ തലമുറകൾ യാത്ര ചെയ്തിരുന്ന ആ കപ്പലിൽ ദൂരങ്ങൾ താണ്ടിയതോടെ കപ്പൽ ജോലിക്കാർ കടലിൽ ചൂണ്ടയിട്ട് മീൻ പിടിക്കാനാരംഭിച്ചു. പരമ്പരാഗത ശീലുകളിലുള്ള ലക്ഷദ്വീപുകാരുടെ നാടൻ പാട്ടുകളും യാത്രയെ അവിസ്മരണീയമാക്കി.
കടൽ അനന്തമായ ജലനീലിമയോടെ ശാന്തമായി കൊച്ചോളങ്ങളിലായി പരന്നു കിടന്നു. കാഴ്ചയുടെ അറ്റങ്ങളിൽ ആകാശവും സമുദ്രവും ഒന്നായതുപോലെ… സമുദ്രത്തിന്റെ അനന്ത വിസ്തൃതിയിലേക്ക് നോക്കി കടലിന്റെ അപരിചിതമായ ഗന്ധം ശ്വസിച്ച് ദൂരങ്ങൾ താണ്ടി മുന്നേറുന്ന കപ്പലിൽ കൗതുകത്തോടെ ഞങ്ങൾ യാത്ര തുടർന്നു. പുറം കടലിൽ എത്തിയതോടെ തന്നെ കപ്പൽ നല്ല വേഗത്തിലായിരുന്നു. മണിക്കൂറുകൾ പിന്നിട്ടെങ്കിലും സൂര്യൻ തെളിഞ്ഞു തന്നെ നിന്നു. കരയിലേത് പോലെ സമയമാറ്റത്തിന്റെ മാപിനിയായി വൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും നിഴലും തണലുമൊന്നും കടലിൽ ഇല്ലാത്തതിനാൽ സൂര്യതാപവും വെളിച്ചവും അൽപം രൗദ്രതയോടെ തന്നെ കത്തി നിന്നു. എങ്കിലും അത് അസഹനീയമായിരുന്നില്ല. ഞങ്ങൾ പിന്നിട്ട ദൂരങ്ങളിലേക്ക് തിരിഞ്ഞു നോക്കിയെങ്കിലും കരയും തീരവുമെല്ലാം മാഞ്ഞുപോയിരിക്കുന്നു. ചുറ്റും കൊച്ചോളങ്ങളുടെ പടർപ്പുകളായി കടൽ നീണ്ടുകിടന്നു.
സൂര്യൻ പടിഞ്ഞാറേക്ക് ചായാൻ തുടങ്ങിയിരിക്കുന്നു. പടിഞ്ഞാറെ മാനം ചുവന്നു തുടുക്കാൻ ആരംഭിച്ചിരിക്കുന്നു. കടലിലെ ഉദയാസ്തമയങ്ങൾ ആദ്യാനുഭവമായതിനാൽ ചക്രവാള സീമകളിലേക്ക് കണ്ണും നട്ടിരുന്നു സൂര്യന്റെ ഭാവഭേദങ്ങൾ ശ്രദ്ധിച്ചു. സമയം പിന്നിടും തോറും സൂര്യൻ കടലിലേക്ക് ഇറങ്ങി വരുമ്പോലെ…ചുവന്നു തുടുത്ത് ഒരു തീഗോളമായി, എന്നാൽ രൗദ്രത ഒട്ടുമേയില്ലാതെ സൂര്യൻ മാലോകർക്ക് ദർശന സാഫല്യമേകി മറയുകയാണ്…..ആകാശമാകട്ടെ നിറക്കൂട്ടുകളുടെ ഒരമൂർത്ത ചിത്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു. കടൽ ആ ഭാവഭേദങ്ങളെ പ്രതിഫലിപ്പിച്ച് കുഞ്ഞോളങ്ങളുയർത്തി സൂര്യനോട് വിടപറയുന്നു. തീർച്ചയായും കടലിലെ സായന്തനം അവിസ്മരണീയമായ ഒരനുഭവം തന്നെയാണ്. മിഴിപൂട്ടാതെ സൂര്യന്റെ ഭാവഭേദങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കെ അൽപാൽപമായി സൂര്യൻ മറയാൻ തുടങ്ങി….ചക്രവാളസീമകൾക്കപ്പുറം സൂര്യൻ കടലിൽ മുങ്ങി മറയുന്നതുപോലെ…..ഒടുവിൽ സൂര്യൻ പൂർണ്ണമായും മറഞ്ഞുപോയി. എന്നാൽ അപ്പോഴും കടലും ആകാശവും കാണാവുന്ന വിധം വെളിച്ചം ശേഷിക്കുന്നുണ്ടായിരുന്നു. മെല്ലെ മെല്ലെ ആ വെളിച്ചം മായാൻ തുടങ്ങി…പകൽ രാത്രിക്ക് വഴി മാറുകയാണ്. അസ്തമന സൂര്യന്റെ സാന്നിദ്ധ്യത്തിൽ സുവർണനിറങ്ങളോടെ ആഭരണവിഭൂഷിതയായി നിന്ന കടൽ ജലം നിറങ്ങൾ വെടിഞ്ഞ് കറുക്കാൻ ആരംഭിച്ചിരുന്നു. ആ സമയം സവിശേഷമായ ഗന്ധമുള്ള നേർത്ത ശീതക്കാറ്റ് ഞങ്ങളെ തഴുകി…..
മെല്ലെ മെല്ലെ ഇരുൾ മൂടുകയാണ്. ഇനി കാഴ്ചകൾക്ക് വർണ്ണ വിസ്മയങ്ങളില്ല…കടലിനും ആകാശത്തിനുമെല്ലാം ഒരേ നിറം….എന്നാൽ ആകാശത്തിൽ അങ്ങിങ്ങായി നക്ഷത്രങ്ങൾ മിന്നിതിളങ്ങുന്നുണ്ടായിരുന്നു. കപ്പലിലെ വെളിച്ചത്തിൽ കടലിലെ ഇരുളിലേക്ക് കണ്ണും നട്ട് പിന്നെയും കുറെ നേരം ഇരുന്നു. ശേഷം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാനായി ഓരോരുത്തരും അവരവരുടെ സ്ഥാനങ്ങളിലേക്ക് പോയി.
രാത്രിയിൽ സ്വസ്ഥമായി ഉറങ്ങി.

ഏതാണ്ട് പ്രഭാത പ്രാർത്ഥനയുടെ സമയത്ത് തന്നെ ഉണർന്നു. പ്രഭാത കൃത്യങ്ങൾ പൂർത്തീകരിച്ച് പ്രാർത്ഥന നിർവ്വഹിച്ച് കിഴക്കേ മാനത്തേക്ക് നോക്കിയിരുന്നു. ആ സമയം ലക്ഷ്യസ്ഥാനമായ ദ്വീപ് അടുക്കാറായതിനാൽ യാത്രക്കാർ ഇറങ്ങാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. കടൽ ജലം ഇരുളിൽ കറുത്തു തന്നെയിരുന്നു. കിഴക്കൻ ചക്രവാളം തെളിയാൻ തുടങ്ങി. ഇന്നലെ കടലിൽ മറഞ്ഞ സൂര്യൻ മെല്ലെ മെല്ലെ തലയുയർത്തി വരുന്നു. സുവർണനിറങ്ങളണിഞ്ഞ് ആകാശവും കടലും സൂര്യന്റെ ആഗമനത്തെ സഹർഷം സ്വീകരിക്കുന്നു. ഏതാണ്ട് തീരമടുക്കാറായതിനാൽ കപ്പലിന്റെ വേഗത കുറഞ്ഞു. അങ്ങകലെ ദ്വീപിന്റെ പച്ചപ്പ് ദൃഷ്ടിയിൽ തെളിഞ്ഞു. പ്രഭാത സൂര്യന്റെ കിരണങ്ങളും നനുത്ത കാറ്റും കടലിന്റെയും കരയുടെയും സമ്മിശ്രമായ ഗന്ധങ്ങളും പുതിയ ഉണർവ്വ് നൽകി. അങ്ങനെ കൊച്ചിയിൽ നിന്നും ഇന്നലെ മധ്യാഹ്നത്തിന് ശേഷം പുറപ്പെട്ട ഞങ്ങളുടെ കപ്പൽ കിലോമീറ്ററുകൾ താണ്ടി പതിനേഴ് മണിക്കൂറുകൾ കടലിൽ സഞ്ചരിച്ച് കടമത്ത് ദ്വീപിലെത്തി. ദ്വീപിലിറങ്ങിയ ഞങ്ങൾക്ക് ദ്വീപുകാരുടെ വക ഇളനീരെത്തി. നിഷ്കളങ്കവും ഹൃദ്യവുമായിരുന്നു അവരുടെ ആതിഥ്യം.
ഞങ്ങളുടെ ലക്ഷ്യസ്ഥാനം കടമത്ത് ദ്വീപല്ലായിരുന്നു. അഗത്തി ദ്വീപായിരുന്നു. ഞങ്ങളുടെ മെഡിക്കൽ സംഘമുൾപ്പെടെയുള്ള അഗത്തിയിലേക്കുള്ള യാത്രക്കാർക്ക് വേണ്ടി ഒരു വെസ്സൽ തയ്യാറായി നിന്നു. ഞങ്ങളതിൽ കയറി അഗത്തി തീരത്തണഞ്ഞു.
ഞങ്ങൾ 15 പേരടങ്ങുന്ന ആദ്യ മെഡിക്കൽ സംഘം വെസ്സലിൽ അഗത്തി ദ്വീപിലെത്തിയപ്പോൾ ഞങ്ങളെ വരവേറ്റത് അഗത്തി ദ്വീപിലെ ഉദ്യോഗസ്ഥരടക്കം മുഴുവൻ ജനങ്ങളുമായിരുന്നു. ഇളനീരുമായി അവർ ജെട്ടിയിൽ കാത്തുനിൽക്കുകയായിരുന്നു. ദ്വീപിലെത്തിയ തുടക്ക ദിവസങ്ങളിൽ മെസ്സ്, ഹോട്ടൽ സൗകര്യമില്ലാത്തതിനാൽ ഞങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള ഒരു വീട്ടിൽ നിന്നായിരുന്നു ഭക്ഷണം നൽകിയിരുന്നത്. അവിടുത്തെ ഗവൺമെന്റ് ഹോസ്പിറ്റൽ നടത്തിപ്പിന് കരാർ അടിസ്ഥാനത്തിൽ പോയ ഞങ്ങൾ ആ ജനതയെ സംബന്ധിച്ച് സ്വന്തം വീട്ടിലെ അതിഥികളെ പോലെയായിരുന്നു. ആദ്യദിനങ്ങളിലെ ട്യൂണമത്സ്യം കൊണ്ടുള്ള വിഭവങ്ങൾ ഇന്നും വായിൽ വെള്ളമൂറുന്ന സ്മരണയാണ്. പിന്നീട് അവിടെ ചിലവഴിച്ച അഞ്ച് വർഷക്കാലത്തിനിടയിൽ ദ്വീപിലെ ഒട്ടെല്ലാ വീട്ടുകാരുടെയും അതിഥികളാകാൻ ഞങ്ങൾക്ക് ഭാഗ്യം സിദ്ധിച്ചു. വിവാഹ സൽക്കാരങ്ങളും യാസീൻ ദുആ ആണ്ട് പരിപാടികളും വിരുന്നുകളുമായി അഗത്തിയിലെ ഭക്ഷണ രുചിഭേദങ്ങളെ ഞങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. എല്ലാവരെയും നിഷ്കളങ്കമായി സ്നേഹിക്കാനും പരിഗണിക്കാനും മാത്രമറിയുന്ന ദ്വീപ് ജനതയുടെ സ്നേഹവും സാഹോദര്യവും സഹവർത്തിത്വ മനസ്സുമാണ് ഞങ്ങൾക്ക് അനുഭവിക്കാനായത്. വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ നിസ്സഹകരണത്തിന്റെയോ അന്യത്വത്തിന്റേതോ ആയ യാതൊരു പ്രവണതയും അവരുടെ ജീവിതത്തിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല. ലക്ഷദ്വീപുകാരുടെ സംസ്കാരവും ജീവിത വീക്ഷണവും സമർപ്പണ സന്നദ്ധതയുമുള്ള മറ്റൊരു ജനതയുമായും ഞാൻ സഹവസിച്ചിട്ടില്ല.

ലക്ഷ ദ്വീപു സമൂഹങ്ങൾ പത്ത് ജനവാസ ദ്വീപുകളുൾപ്പെടെ മുപ്പത്തിയാറ് ദ്വീപുകളാണ്, ഇവയിൽ ജനവാസമുള്ള നാല് ദ്വീപുകളൊഴികെ മറ്റെല്ലാ ദ്വീപുകളിലും പോകാൻ സാധിച്ചിട്ടുണ്ട്. ദ്വീപിലെ മനുഷ്യവാസത്തെ കുറിച്ച് പല വിധ ആഖ്യാനങ്ങളും വാമൊഴിയായി പറയപ്പെടുന്നുണ്ട്. മക്കയിലേക്കു പോയ ചേരമാൻ പെരുമാളെ അന്വേഷിച്ചുപോയവരാണ് ദ്വീപിലെത്തിപ്പെട്ടതെന്നും അവരാണ് ദ്വീപിലെ ആദിമ നിവാസികളിൽ ഒരു വിഭാഗമെന്നുമാണ് വിശ്രുതമായ ഒരാഖ്യാനം. പിന്നീട് അറേബ്യയിൽ നിന്ന് ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ്(റ)വിന്റെ പേരമകനായ ശൈഖ് ഉബൈദുല്ല(റ) യുടെ ഹിജ്റ 41 ലെ ആഗമനത്തോടെ ലക്ഷദ്വീപിലെ മറ്റ് ആദിമ നിവാസികളോടൊപ്പം ഇവരും ഇസ്ലാം മത വിശ്വാസികളായി എന്നും വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് ദക്ഷിണേന്ത്യൻ തീരങ്ങൾ ലക്ഷ്യമാക്കിയുള്ള യാത്രക്കിടയിൽ ശക്തമായ കൊടുങ്കാറ്റിൽ കപ്പൽ തകരുകയും ഒരു മരപ്പലകയിൽ ഹസ്രത്ത് ഉബൈദുല്ല(റ) അമേനി തീരത്ത് അണയുകയും പിന്നീട് അന്ത്രോത്ത് ദ്വീപിലെത്തുകയും ചെയ്തു. അക്കാലത്ത് ജനവാസമുള്ള ദ്വീപുകളിലെ മനുഷ്യരെല്ലാം ഹസ്രത്ത് ഉബൈദുല്ല(റ) യുടെ വ്യക്തിത്വത്തിലും സവിശേഷ സിദ്ധികളിലും ആകൃഷ്ടരാവുകയും ദ്വീപുകളിലെ ആദിമ നിവാസികളായ ആ ജനത കൂട്ടമായി ഇസ്ലാം സ്വീകരിക്കുകയും ചെയ്തുവെന്നാണ് വാമൊഴിയായും വരമൊഴിയായും ലക്ഷദ്വീപു സമൂഹങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട വിവിധ ആഖ്യാനങ്ങളിലൂടെ സ്ഥിരപ്പെടുന്നത്.

ലക്ഷദ്വീപിലെ പുതിയ തലമുറ സ്ത്രീപുരുഷ ഭേദമന്യേ വിദ്യാഭ്യാസം സിദ്ധിക്കുന്നവരാണ്. പെൺകുട്ടികൾക്ക് വിവാഹ ബന്ധങ്ങളെല്ലാം നേരത്തെ പറഞ്ഞുറപ്പിക്കുമെങ്കിലും അധികവും ഡിഗ്രി പൂർത്തീകരിക്കപ്പെടുന്നതോടെയാണ് വിവാഹം നടക്കുക. എന്നാൽ ഡിഗ്രി പൂർത്തിയാക്കുന്നതിനുമുമ്പ് പതിനെട്ട് വയസ്സ് പൂർത്തിയാക്കി വിവാഹിതരാകുന്ന പെൺകുട്ടികൾ വിവാഹത്തിന് ശേഷവും പഠനം തുടരുന്നതാണ് നമുക്ക് കാണാനാവുന്നത്. അവരിൽ പലരും കേരളത്തിൽ വന്നാണ് പഠിക്കുന്നത്.
മരുമക്കത്തായ രീതിയാണ് അവിടെ പിന്തുടരപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകൾ കൂടുതൽ സ്വതന്ത്രരും സ്വാഭിമാനമുള്ളവരുമാണ്. സായാഹ്നങ്ങളിൽ കടലോരങ്ങളിലും അവരുടെ വീടുകളുടെ മുറ്റങ്ങളിലും സ്ത്രീകൾ ഒരുമിച്ചു കൂടുക എന്നത് അവിടെ സാധാരണമാണ്. രാത്രിയിൽ പോലും സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യാൻ ഭയക്കാത്ത, സ്ത്രീകൾക്ക് ഇത്രമാത്രം സുരക്ഷയും ബഹുമാനവും പരിഗണനയും ലഭിക്കുന്ന മറ്റൊരു പ്രദേശവും ലോകത്ത് ഉണ്ടാവാനിടയില്ല.
കളവോ വഞ്ചനയോ പിടിച്ചു പറിയോ പോലുള്ള യാതൊരു കുറ്റകൃത്യങ്ങളുമില്ലാത്ത ദ്വീപിൽ മദ്യപാനികളോ ഗുണ്ടകളോ ഇല്ല. മാറി മാറി വരുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭരണ നടപടികളോട് മുൻവിധികളില്ലാതെ ഐക്യദാർഢ്യപ്പെട്ട് എല്ലാ വികസന പദ്ധതികളോടും ചേർന്നു നിന്നവരാണ് ഇതുവരെയും ലക്ഷദ്വീപുകാർ. കക്ഷി രാഷ്ട്രീയ മതവിഭാഗീയ ചിന്തകൾക്കപ്പുറം മനുഷ്യ ബന്ധങ്ങളെ വിലമതിച്ചവരാണ് എക്കാലത്തെയും ലക്ഷ ദ്വീപ് ജനത. രാഷ്ട്രീയ പാർട്ടികളോടും മതസംഘടനകളോടുമെല്ലാം ആഭിമുഖ്യമുള്ളവരാണ് ലക്ഷദ്വീപ്കാരെങ്കിലും പരസ്പരമുള്ള സഹവർത്തിത്വവും സാഹോദര്യവും ഐക്യവും തകർക്കുന്ന വിധം വിഭാഗീയ താത്പര്യങ്ങളോടെ അതവരിൽ പ്രവർത്തന ക്ഷമമായിട്ടില്ല. അതുകൊണ്ട് തന്നെയാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്റ്റേട്രരുടെ വിവാദമായ ഭരണനടപടികളോട് ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും ചെറുത്തുനിൽക്കാനും അവർക്ക് സാധിച്ചത്.
ലക്ഷദ്വീപിലെത്തുന്ന എല്ലാ അതിഥികളോടും സവിശേഷമായ സ്നേഹവും ആതിഥ്യമര്യാദകളും പാലിക്കുന്നവരാണ് ലക്ഷദ്വീപ് ജനത. എങ്കിലും കേരളവുമായും മലയാളികളുമായും സവിശേഷമായ ഹൃദയബന്ധം ലക്ഷദ്വീപുകാർക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ലക്ഷദ്വീപ് ജനതയുടെ തനതായ സംസ്കാരത്തെയും ആവാസ വ്യവസ്ഥയെയും ഉപജീവനോപാദികളെയും ബാധിക്കുന്ന വിവേചനപരവും രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങളുള്ളതും കോർപ്പറേറ്റ് സാമ്പത്തിക താത്പര്യങ്ങളുള്ളതുമായ പുതിയ ഭരണനടപടികളോട് ചെറുത്തു നിൽക്കാൻ ലക്ഷദ്വീപ് ജനത കേരളത്തിന്റെ പിന്തുണ തേടിയത്.

വാസ്തവത്തിൽ ലക്ഷദ്വീപിന്റെ സൗന്ദര്യം അവിടെ സുകൃതങ്ങളാൽ പൂത്തുനിൽക്കുന്ന ആ ജനത തന്നെയാണ്. ആ ജനതയുടെ നന്മയുടെ പ്രതിഫലമാണ് സുനാമിയിൽ പോലും മുക്കിക്കളയാതെ ദൈവം സുരക്ഷിതമായി ശേഷിപ്പിച്ച ആ ദ്വീപുകൾ. ലക്ഷദ്വീപിന്റെ മണ്ണും വായുവും ആകാശവും ജൈവ വൈവിദ്ധ്യങ്ങളും സമുദ്രസമ്പത്തും സുകൃതവാന്മാരായ മനുഷ്യരും പരസ്പര പൂരകമായ ഒരു ആവാസവ്യവസ്ഥയാണ്. അത്രമേൽ നന്മനിറഞ്ഞ ആ മനുഷ്യരെ വികസനത്തിന്റെ പേരും പറഞ്ഞ് ഭരണകൂടം ആ ദ്വീപുകളിൽ നിന്ന് കുടിയിറക്കിയാൽ പ്രകൃതിയുടെ താളക്രമമാണ് അതിലംഘിക്കപ്പെടുന്നത്. അങ്ങിനെ നിഷ്കളങ്കരായ ആ ജനത കുടിയിറക്കപ്പെട്ടാൽ പിന്നെ വികസിപ്പിക്കാൻ ദ്വീപ് തന്നെ ഇല്ലാത്ത വിധം കടലെടുത്തുപോയ സ്മരണ മാത്രമായി തീരും ലക്ഷദ്വീപ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy