ഗുരുസന്നിധിയിൽ: ഭാഗം: 2
ജലാഉൽ ഖാത്വിർ: 9
മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ):
പരിഭാഷ: ബഷീർ മിസ്അബ്:
പാപികൾക്ക് പശ്ചാത്താപമെന്നപോലെ, ആത്മജ്ഞാനികൾക്ക് നിർബന്ധബാധ്യതയാകുന്നു ഉൽകൃഷ്ടസ്വഭാവം. മറ്റെല്ലാ സൃഷ്ടികൾക്കുമപ്പുറം ദൈവസാമീപ്യത്തിലായിരിക്കെ അവർക്കതിലെങ്ങിനെ വീഴ്ചവരുത്താനാവും? അജ്ഞത കാരണം രാജാക്കന്മാരുമായി സാമൂഹ്യബന്ധങ്ങൾ നിർമ്മിച്ചെടുക്കുന്നവർ സ്വന്തം അജ്ഞതയിലൂടെ കൊല്ലപ്പെടാനുള്ള സാധ്യത സ്വയം വർധിപ്പിക്കുകയാണ്. സൗമ്യശീലമില്ലാത്തവരെല്ലാം സൃഷ്ടികളാലും സ്രഷ്ടാവിനാലും വെറുക്കപ്പെടുന്നു. അല്ലാഹുവിന്റെ കൂട്ടുകെട്ടിലായിരിക്കുമ്പോൾ ഉൽകൃഷ്ടമായ പെരുമാറ്റം അനിവാര്യമാകുന്നു.
അല്ലയോ യുവാവേ, എന്നെ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നെ പിരിയാതെ ഞാൻ പോവുന്നിടത്തെല്ലാം നീയെന്നെ അനുഗമിക്കുമായിരുന്നു. ഞാൻ നിന്നെ ജോലിയേല്പിച്ചാലുമില്ലെങ്കിലും, നിന്നിൽനിന്നെടുത്താലും നിനക്കു തന്നാലും, നിന്നെ ദരിദ്രനാക്കിയാലും സമ്പന്നനാക്കിയാലും എന്നെ വിട്ടുപോവാൻ നിനക്കാകുമായിരുന്നില്ല. സദുദ്ദേശിയാവുകയും എന്നെക്കുറിച്ച് നല്ലതു വിചാരിക്കുകയും ചെയ്യുക എന്നതാകുന്നു അതിന്റെ ആദ്യപടി. പക്ഷെ, നിന്നിൽ അതു രണ്ടുമില്ല. പിന്നെ നിനക്കെങ്ങിനെ എന്റെ സഹവാസം സാധ്യമാവാനാണ്? എന്റെ വാക്കുകളിൽനിന്ന് നീയെങ്ങിനെ പ്രയോജനം സിദ്ധിക്കാനാണ്? സ്രഷ്ടാവിനോടും സൃഷ്ടികളോടും ബന്ധത്തിലായിക്കൊണ്ട് സൽസ്വഭാവം വളർത്തിയെടുക്കുന്നതിലാണു വിജയം. അല്ലാഹുവേ, അവരീ വാക്കുകൾ കേൾക്കുന്നത് അവർക്ക് പ്രതികൂലമാവാതെ, അനുകൂലമാവുന്ന സാക്ഷ്യമാക്കേണമേ.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
എന്റെ കാഴ്ചയിൽ ശത്രുക്കളും സ്നേഹിതരും സമാനരാകുന്നു. അഥവാ, ഭൂമുഖത്തെനിക്ക് ശത്രുക്കളോ മിത്രങ്ങളോ ബാക്കിയില്ല. അല്ലാഹുവെ സ്നേഹിക്കുകയും അവന്റെ ഏകത്വത്തിൽ ദൃഢവിശ്വാസം വളർത്തിയെടുക്കുകയും സൃഷ്ടികളെ അശക്തരായി കാണുകയും ചെയ്യുമ്പോൾ മാത്രം സാധ്യമാവുന്ന ഒന്നാണത്. അല്ലാഹുവെ അനുസരിക്കുന്നവരാണെന്റെ സ്നേഹിതർ. അവനെ അനുസരിക്കാത്തവർ എന്റെ ശത്രുക്കളും. ആദ്യ ഗണം എന്റെ വിശ്വാസത്തിന്റെ സുഹൃത്തുക്കളും രണ്ടാം ഗണം അതിന്റെ ശത്രുക്കളുമാകുന്നു.
“അല്ലാഹുവേ, അതെന്നിൽ സത്യമാക്കേണമേ. ഒരു നാട്യമല്ലാതെ, അതെന്റെ ഗുണമാക്കേണമേ. നിന്റെ ദീനിന്റെയും ഇച്ഛയുടെയും പാശമാണു ഞാൻ മുറുക്കുന്നതെന്നും, നിന്റെ തൃപ്തി കാംക്ഷിച്ച് നീയല്ലാത്ത സകലതിനെയും ത്യജിക്കുന്ന, നിന്റെ സേവകരുടെ സേവകനാണു ഞാനെന്നും നിനക്കറിയാമല്ലോ.”
സ്വർണ്ണനാണയങ്ങളും വെള്ളിനാണയങ്ങളും സമ്പാദിക്കുകയും, സൃഷ്ടികളുടെ മുഖസ്തുതിയിൽ ആനന്ദിക്കുകയും ചെയ്യുന്ന അജ്ഞരേ, നിങ്ങൾ പ്രതിഫലങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും മുഖസ്തുതിയുടെയും അടിമകളാകുന്നു. വിവേകികളായിരുന്നുവെങ്കിൽ നിങ്ങൾ നിങ്ങളെയോർത്തു കരയുമായിരുന്നു.
انا لله وانا اليه راجعون
അല്ലയോ യുവാവേ, സത്യവാന്മാരൊരിക്കലും പിന്നോട്ടു സഞ്ചരിക്കില്ല. അവരുടെ സഞ്ചാരമെപ്പോഴും മുന്നോട്ടാകുന്നു. തന്റെ ഓരോ അണുവും ഒരു പർവ്വതമാകുവോളം, ഓരോ തുള്ളിയും സമുദ്രമാകുവോളം, തന്റെ വിളക്കൊരു സൂര്യനാകുവോളം അവർ സത്യസന്ധതയെ പുൽകും. സത്യവാനായൊരാളെ എന്നെങ്കിലും സന്ധിക്കാൻ സൗഭാഗ്യം ലഭിച്ചാൽ സദാ അദ്ദേഹത്തോടു ചേർന്നുനിൽക്കുക. നിങ്ങളുടെ രോഗത്തിനു ശമനമാകുന്നൊരാളെ സന്ധിക്കാനെന്നെങ്കിലും സൗഭാഗ്യം ലഭിച്ചാൽ ഒരിക്കലും അദ്ദേഹത്തെ പിരിയാതിരിക്കുക. നഷ്ടമായതിലേക്കു നിങ്ങളെ വഴിനടത്തുന്നൊരു മാർഗദർശിയെ എന്നെങ്കിലും കാണാനായാൽ സദാ അദ്ദേഹത്തോടു ചേർന്നുനിൽക്കുക. അത്തരക്കാർ പക്ഷെ, അത്യപൂർവ്വമാകയാൽ തരിച്ചറിയുക പ്രയാസകരമായിരിക്കും. പുറംതോട് ധാരാളമുണ്ടെങ്കിലും അകക്കാമ്പ് അപൂർവ്വമാകുന്നു. പുറംതോടുകൾ ചവറ്റുകൂനകളിൽ കാണാം. അകക്കാമ്പ് പക്ഷെ രാജാക്കന്മാരുടെ ഖജാനകളിലേ കാണൂ.
ദിവ്യാനുരാഗികൾ രോഗികളാണ്. അവരുടെ വൈദ്യനാവട്ടെ സദാ അവരോരൊപ്പമുണ്ട്. വൈദ്യന്റെ സാന്നിധ്യത്തിൽ, അവന്റെ ഔദാര്യത്തിന്റെ മടിത്തട്ടിലാകുന്നു അവർ രോഗബാധിതരായിക്കിടക്കുന്നത്. തന്റെ കാരുണ്യവും ഔദാര്യവും കൊണ്ട് അവനവരെ ചികിത്സിക്കുന്നു. വിജയിയായൊരാളെ കണ്ടുമുട്ടാത്തവർ വിജയികളാവില്ല. അല്ലാഹുവിന്റെ അഹ്ലുകാരുടെ സാന്നിധ്യത്തിലിരിക്കുക. അവരെ ശ്രവിക്കുക. ഇഹലോകത്തിനുപകരം അല്ലാഹുവിനു വേണ്ടി അവരോടു സഹവസിക്കുക. എങ്കിൽ അവരിൽനിന്നും ഗുണം സിദ്ധിക്കാൻ നിങ്ങൾക്കാവും. തീർച്ച. ഞാൻ സത്യമാണു നിങ്ങളോടു പറയുന്നത്. ഇങ്ങോട്ടു വരണോ വേണ്ടയോ, എന്നെ പുകഴ്ത്തണോ ഇകഴ്ത്തണോ എന്നതെല്ലാം നിങ്ങൾക്കു തീരുമാനിക്കാം. അജയ്യനായ അല്ലാഹു അരുളിയിരിക്കുന്നു,
“നിന്റെ നാഥനിൽനിന്നുള്ള സത്യം! വിശ്വസിക്കണമെന്നാഗ്രഹിക്കുന്നവർ വിശ്വസിക്കട്ടെ, അല്ലാത്തവർ നിഷേധിക്കട്ടെ” വി.ഖു
കപടരും, വഞ്ചകരും, സ്വേച്ഛയുടെ അടിമകളുമായവർ മാത്രമേ എന്റെ വാക്കുകളുടെ തീക്ഷ്ണതയിൽനിന്ന് ഓടിയകലൂ. അല്ലാഹുവിന്റെ ഗ്രന്ഥവുമായും പ്രവാചകചര്യയുമായും ഇടഞ്ഞുനിൽക്കുന്നവരും, സത്യവിരോധികളും തിന്മകളെ പ്രേമിക്കുന്നവരുമാണ് നിങ്ങൾ. അല്ലഹുവിലേക്കടുപ്പിക്കുന്ന ഒരു ചുവടും മുന്നോട്ടുവെക്കാൻ ശ്രമിക്കാത്തവർ.
അല്ലയോ യുവാവേ, സംശയമൊട്ടും കൂടാതെ ഹൃദയംകൊണ്ടു കാണുകയും കേൾക്കുകയും ചെയ്യുക. എങ്കിൽ എന്തൊരത്ഭുതം സംഭവിക്കുമെന്ന് അനുഭവിച്ചറിയാം. ആത്മജ്ഞാനികളെകുറിച്ചുള്ള നിന്റെ സംശയങ്ങളുപേക്ഷിക്കുക. എന്തിന്, എങ്ങിനെ എന്നൊന്നും ചോദിക്കാതെ അവരിൽ വിശ്വസിക്കുക. എങ്കിൽ അവർ നിന്നെ സ്വീകരിക്കും. അവർക്കയക്കപ്പെട്ടതിൽനിന്നും നിനക്കു പകർന്നുനൽകും. സത്യസന്ധരുടെ ഹൃദയങ്ങളിലേക്ക് ആകാശലോകത്തുനിന്നും അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്നു. സിർറിനുള്ള സമ്മാനങ്ങൾ രാപ്പകൽ ഭേദമന്യെ സിർറിലേക്കയക്കപ്പെടുന്നു. സ്വസേവനങ്ങൾക്കായി നിന്നെ അവർ സ്വീകരിക്കണമെന്നു നീ ആഗ്രഹിക്കുന്നുവെങ്കിൽ നീ നിന്റെ അകവും പുറവും ശുദ്ധീകരിക്കണം. അവർക്കുമുമ്പിൽ സദാ സന്നദ്ധമായി നിൽക്കുക. തെറ്റായ നവനിർമ്മിതികളിൽനിന്നും നിന്റെ ഹൃദയത്തെ ശുദ്ധീകരിക്കുക. കാരണം, ആത്മജ്ഞാനികളുടെ തത്വങ്ങൾ പ്രവാചകന്മാരുടെ തത്വങ്ങളാകുന്നു. പൂർവ്വസൂരികളുടെ കാലടികളെയാണ് അവർ പിൻപറ്റുന്നത്. കൃത്യമായ പ്രമാണങ്ങളില്ലാതെ അവർ ഒന്നിലും അവകാശവാദമുന്നയിക്കില്ല.
നിനക്കു നാശം! നിന്റെ ഹൃദയം ദൈവസാന്നിധ്യം സിദ്ധിച്ചിരിക്കുന്നു എന്നാണു നീ അവകാശപ്പെടുന്നത്. യഥാർഥത്തിൽ അത് ദുനിയാവിന്റെ ഭാരങ്ങളിൽ പിണഞ്ഞു കിടപ്പാണ്. ലൗകികതയുടെ തടവിലാണത്. പോകൂ. നിന്റെ കള്ളനാണയങ്ങൾ മറ്റെവിടെയെങ്കിലും കൊണ്ടുപോയി ചിലവാക്കൂ. അതെന്റടുത്തു ചിലവാക്കാനാണു നീ വരുന്നതെങ്കിൽ നീ ശ്രമിച്ചു തളരുകയേയുള്ളൂ. ഞാനവ സ്വീകരിക്കാൻ പോവുന്നില്ല. സ്വർണ്ണം ഉരുക്കാനാണു നീ എന്റടുത്തു വരുന്നതെങ്കിൽ ഞാൻ നിനക്കതു ചെയ്ത് ശുദ്ധ സ്വർണ്ണം വേർതിരിച്ചുതരും. ദീനിന്റെ സ്വർണ്ണനാണയങ്ങൾ മാറ്റുരച്ച് നല്ലതും വ്യാജവും വേർതിരിക്കുകയും, സൃഷ്ടികളുടേത് ഏതെന്നും അല്ലാഹുവിന്റേത് ഏതെന്നും വ്യവച്ഛേദിക്കുകയും ചെയ്യുന്നവരാകുന്നു ആത്മജ്ഞാനികൾ.
അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥനെ സ്നേഹിക്കുക. അതുവഴി, എല്ലാ സ്നേഹത്തിനുമർഹൻ അവനാണെന്ന് സൃഷ്ടികൾ തിരിച്ചറിയട്ടെ. അവനെ സ്നേഹിക്കുന്നതോടൊപ്പം സൃഷ്ടികളെ അവനിലേക്കു വഴിനടത്തുക. അതുവഴി നിങ്ങളെപ്പോലെ അവരും ദൈവസ്നേഹികളായേക്കാം. ദൈവവിസ്മൃതിയിലായവരെ അല്ലാഹു അവർക്കു നൽകിയ അനുഗ്രഹങ്ങളെ ഓർമ്മപ്പെടുത്തുക. അതുവഴി അവർ അല്ലാഹുവെ സ്നേഹിച്ചേക്കാം.
“അല്ലയോ ദാവീദ്, എന്റെ സൃഷ്ടികളെ എന്നിൽ സ്നേഹമുള്ളവരാക്കുക”
സത്യത്തിൽ, തന്നെ ആരെല്ലം സ്നേഹിക്കുമെന്ന് അല്ലാഹുവിന് ആദ്യമേ അറിയാം. ആ പൂർവ്വജ്ഞാനം സാക്ഷാത്കൃതമാവാൻ വേണ്ടി മാത്രമാണവൻ ദാവീദിനോട് അവ്വിധം അരുളിയത്.
അഗ്നിശിലയും ഇരുമ്പുമായി നിങ്ങളൊരു ഇരുൾമുറിക്കകത്താണെന്നു കരുതുക. നിങ്ങളവ പരസ്പരം ഉരസിയാൽ തീ വരില്ലേ? തീയിരുമ്പിൽ തീ ആദ്യമേ ഉണ്ടെങ്കിലും ഉരയ്ക്കുമ്പോഴാണത് പ്രകടമാകുന്നത്. അല്ലാഹു ഏല്പിക്കുന്ന കർമ്മങ്ങളും അവ്വിധമാകുന്നു. സൃഷ്ടികളെകുറിച്ച് അവനിൽ ആദ്യമേയുള്ള ജ്ഞാനത്തെയാണവ അനാവരണം ചെയ്യുന്നത്. ആജ്ഞാനിരോധനങ്ങൾ അനുസരണയുള്ളവരും അല്ലാത്തവരുമായ അടിമകളെ വേർതിരിക്കുന്നു. കടം കൃത്യമായി തിരിച്ചടക്കുന്ന മാന്യരെയും, അതിൽ വീഴ്ചവരുത്തുന്ന നീചരെയും അവ വേർതിരിക്കുന്നു.
സിർറിന്റെ അഹ്ലുകാർ മുമ്പേ എണ്ണത്തിൽ കുറവായിരുന്നു. ഇന്നാവട്ടെ, അത്തരക്കാർ അത്യപൂർവ്വമാകുന്നു. വിപത്തുകൾകൊണ്ടു പരീക്ഷിച്ചാലും സത്യവിശ്വാസികൾ അല്ലാഹുവെ സ്നേഹിക്കുന്നു. അന്നപാനീയങ്ങളും, ഉടയാടകളും, ക്ഷേമൈശ്വര്യങ്ങളും, സാമൂഹ്യപദവികളുമെല്ലാം ചുരുക്കിക്കളഞ്ഞാലും, സൃഷ്ടികളെ അവരിൽനിന്നകറ്റിയാലും അവർ അല്ലാഹുവോടു സ്നേഹത്തിൽ തുടരുന്നു. അല്ലാഹുവിന്റെ വാതിൽപടിയിൽനിന്ന് ഓടിയകലാതെ അവിടെതന്നെ കിടന്നുറങ്ങുന്നു. അല്ലാഹു അനുഗ്രഹങ്ങൾ ചൊരിഞ്ഞാൽ അവർ നന്ദി പ്രകാശിപ്പിക്കുന്നു. അവരിലേക്കുള്ള വല്ലതും തടഞ്ഞാൽ ക്ഷമയോടെ സഹിക്കുന്നു. അനുഗ്രങ്ങളേറ്റുവാങ്ങലല്ല അവരുടെ ലക്ഷ്യം. മറിച്ച്, അല്ലാഹുവെ “കണ്ടുകൊണ്ടിരിക്കലും’ അവനോടടുക്കലും, അവന്റെ സാന്നിധ്യത്തിൽ പ്രവേശിക്കലുമാകുന്നു.
അറിവില്ലാതെ, സ്വന്തം നഫ്സിന്റെയും ഇച്ഛകളുടെയും കൂട്ടുകെട്ടിൽ വീടകങ്ങളിലും മഠങ്ങളിലും കഴിയുന്നവരേ, ജ്ഞാനത്തിനു കർമ്മസാക്ഷ്യം വഹിക്കുന്ന ആത്മജ്ഞാനികളുമായാണ് നിങ്ങൾ കൂട്ടുകൂടേണ്ടത്. അവരെ അനുസരിക്കുകയും അവരുടെ കാല്പാടുകൾ പിൻപറ്റുകയും ചെയ്യുക. അവരുടെ മുമ്പിൽ വിനയാന്വിതരാവുകയും നിന്റെ നഫ്സിനെ അവർ നാണംകെടുത്തുമ്പോൾ ക്ഷമിച്ചിരിക്കുകയും ചെയ്യുക.നിന്റെ ഇച്ഛകൾ അപ്രത്യക്ഷമാകുവോളം, നിന്റെ നഫ്സ് മെരുങ്ങുവോളം, നിന്റെ സഹജപ്രേരണകളുടെ തീ കെടുവോളം. അപ്പോൾ മാത്രമേ നിനക്കീ ലോകത്തെ തിരിച്ചറിയാനും ത്യജിക്കാനും സാധിക്കൂ. അതോടെ ഇഹലോകം നിന്റെ ദാസിയാവുകയും, നിനക്കു നല്കാൻ അതിനോടു കല്പിക്കപ്പെട്ടത് നൽകുകയും ചെയ്യും. അതാകുന്നു അല്ലാഹു നിനക്കായി മാറ്റിവച്ച ഓഹരി. നീ ദൈവസാമീപ്യത്തിന്റെ വാതിൽപടിയിലായിരിക്കെത്തന്നെ ആ ഓഹരി ഇഹലോകം നിന്നിലേക്കെത്തിക്കും.
അജ്ഞതയുടെ കൂട്ടുകെട്ടിൽ സുഖവാസകേന്ദ്രങ്ങളിലിരുന്നാൽ പക്ഷെ, ഇതു സാധ്യമാവില്ല. അതിനാൽ, നടത്തം അസാധ്യമാകുവോളം ജ്ഞാനത്തെയും ജ്ഞാനികളെയും തേടി നടക്കുക. നിന്റെ പാദങ്ങൾ നിന്നെ അനുസരിക്കാത്ത സ്ഥിതിവരുവോളം നടന്നുകൊണ്ടേയിരിക്കുക. ഒടുവിൽ നടത്തം അസാധ്യമായാൽ ഉടലിനു വിശ്രമം നൽകി അകംകൊണ്ടും സത്തകൊണ്ടും നടത്തം തുടരുക. അങ്ങിനെ നിന്റെ അകവും പുറവും പൂർണ്ണമായും ക്ഷീണിച്ചാൽ ഇരിക്കുക. അല്ലാഹുവിന്റെ സാമീപ്യവും സാക്ഷാത്കാരവും നിന്നിലേക്കെത്തും.
നിന്റെ ഹൃദയവഴികളവസാനിക്കുകയും, ദൈവത്തിലേക്കുള്ള വഴികളിൽ നിന്റെ ഊർജ്ജമപ്പാടെ നഷ്ടമാവുകയും ചെയ്താൽ അത് അവനിലേക്കുള്ള നിന്റെ സാമീപ്യത്തിന്റെ ലക്ഷണമാകുന്നു. ആ ഒരു ഘട്ടത്തിൽ നീ കീഴടങ്ങുകയും സുജൂദിൽ വീഴുകയും ചെയ്യുക. അന്നേരം ഒന്നുകിൽ അവൻ വന്യതയിലെവിടെയെങ്കിലും നിനക്കൊരു പർണ്ണശാലപണിതു തരികയോ, അല്ലെങ്കിൽ നിന്നെ സമൂഹത്തിലേക്കു തിരിച്ചയച്ച് ജിന്നുകളോടും മനുഷ്യരോടും മലക്കുകളോടുമെല്ലാം നിന്റെ സേവകരാവാൻ കല്പിക്കുകയോ ചെയ്യുന്നു.
അകത്ത് അനുസരണക്കേടും ആക്ഷേപവും ഇച്ഛകളുമായി എത്രതവണയായി നീ ഇവിടെ വരുന്നു! നിന്റെയീ വരവ് സത്യമൊട്ടുമില്ലാത്തൊരു കാപട്യവും, പ്രതിഫലമൊട്ടുമില്ലാത്തൊരു ശിക്ഷയും, നന്മയൊട്ടുമില്ലാത്തൊരു തിന്മയുമാകുന്നു. നീ പശ്ചാതപിക്കുക. ഇവ്വിധമുള്ള വരവ് അവസാനിപ്പിക്കുക. അനുഗ്രഹങ്ങൾ പ്രതീക്ഷച്ചു വരിക. എങ്കിൽ നീ അനുഗ്രഹീതനായേക്കാം. അല്ലാഹു എന്നിലൂടെ നിന്നെ അനുഗ്രഹിക്കുകയും നിന്റെ മനസ്സിനെയും ഉദ്യേശലക്ഷ്യങ്ങളെയും തിരുത്തുകയും ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു.
അല്ലാഹുവേ, ഞങ്ങൾക്ക് സൂക്ഷ്മാലുക്കളുടെ ഉണർവ്വ് നല്കേണമേ. അവരോടു സ്വീകരിച്ച സമീപനംതന്നെ ഞങ്ങളോടും സ്വീകരിക്കേണമേ. ഞങ്ങൾക്കു പൊറുത്തുതരികയും അവരെത്തിയ ആത്മീയാവസ്ഥയിലേക്കു ഞങ്ങളെ എത്തിക്കുകയും ചെയ്യേണമേ. ഇരുലോകങ്ങളിലും ഞങ്ങൾക്കു നന്മയും ക്ഷേമവും പ്രദാനം ചെയ്യേണമേ. അല്ലാഹുവേ, ഇന്നിന്റെയും എല്ലാ ദിനങ്ങളുടെയും നന്മകൾകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കേണമേ. സന്നിഹിതരുടെയും അസന്നിഹിതരുടെയും നന്മകൾകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കേണമേ. സന്നിഹിതരുടെയും അസന്നിഹിതരുടെയും തിന്മകളെ ഞങ്ങളിൽനിന്ന് ആട്ടിയകറ്റേണമേ. നീ നിന്റെ ഭൂമിയുടെ ചുമതലയേല്പിച്ച സുൽത്താൻമാരുടെ നന്മകൾകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കുകയും, അവരുടെ തിന്മകളിൽനിന്നും ഞങ്ങളെ കാക്കുകയും ചെയ്യേണമേ. സകല സൃഷ്ടിജാലങ്ങളുടെയും തിന്മകളിൽനിന്നും ഞങ്ങളെ കാക്കേണമേ.
إن ربي على صراط مستقيم
തുടരും