ജലാഉൽ ഖാത്വിർ: 10: ഗുരുസന്നിധിയിൽ ഭാഗം: 3:
പരിഭാഷ: ബഷീർ മിസ്അബ്:
അല്ലയോ യുവാവേ, നിന്റേതായ യാതൊന്നും നിന്നെവിട്ട് മറ്റൊരിലേക്കും പോകില്ല. നീയെത്ര മോഹിച്ചാലും അപരരുടേതൊന്നും നിന്നിലേക്കെത്തുകയുമില്ല. നിന്റെ ഇന്നലെകൾ നിനക്കു പാഠമാകുന്നു. ഞാൻ വ്യാപൃതമായിരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതു സംബന്ധിച്ച നിന്റെ അജ്ഞതയാണു നിന്നെ എന്നിൽനിന്നുമകറ്റുന്നത്. അതിന്റെ വേരിനെയും ചില്ലയെയും കുറിച്ച് നീ അജ്ഞനാകുന്നു. എന്റെ മൊഴികളുടെയും കർമ്മങ്ങളുടെയും പൊരുളറിഞ്ഞിരുന്നെങ്കിൽ നീ എന്നെ വിട്ടുപോവില്ലായിരുന്നു. ഞാൻ നിനക്കു വാഗ്ദാനം നല്കുന്ന ഈ ഉപദേശങ്ങൾ അല്പം കഴിഞ്ഞാൽ നീയോർക്കും. ഏതൊരു പരിണതിയെക്കുറിച്ചാണോ ഞാൻ സംസാരിക്കുന്നത്, അതു മരണാനന്തരം നീ കാണും.
(വി.ഖു. 40.44)
അല്ലയോ അജ്ഞരേ, എന്നിൽനിന്നു പഠിക്കൂ! എന്നെ പിൻപറ്റൂ. കാരണം ഞാൻ നിങ്ങളെ ധർമ്മപാതയിലേക്കാകുന്നു വഴിനടത്തുന്നത്.
നിനക്കു നാശം! എന്നെ അനുസരിക്കാനാശിക്കുന്നുവെന്നു നീ അവകാശപ്പെടുന്നു. എന്നിട്ടും നിന്റെതായ എല്ലാം നീ എന്നിൽനിന്നു മറച്ചുപിടിക്കുന്നു. നിന്റെ അവകാശവാദം കള്ളമാകുന്നു. അന്വേഷിക്ക് തന്റെ ഗുരുവല്ലാതെ മേലങ്കിയോ തലപ്പാവോ സ്വർണ്ണമോ മറ്റു സ്വത്തോ ഇല്ല. തന്റെ ഗുരുവിന്റെ പാത്രത്തിൽനിന്നും അദ്ദേഹം കല്പിക്കുന്നത്ര അവൻ കഴിക്കുന്നു. സ്വേച്ഛകളെ അണച്ചുകളയുന്ന അവൻ ഗുരുവിന്റെ ആജ്ഞാനിരോധനങ്ങൾക്കായി കാത്തിരിക്കുന്നു. അതിലാകുന്നു അല്ലാഹുവിൽനിന്നുള്ള അനുഗ്രഹങ്ങൾ എന്ന് അവൻ തിരിച്ചറിയുന്നു. ഗുരുവിനെക്കുറിച്ചു സന്ദേഹിയാണെങ്കിൽ നീ അദ്ദേഹത്തെ വിട്ടുപോരുന്നതാണു നല്ലത്. കാരണം, അത്തരമൊരു മനസ്സോടെ അദ്ദേഹത്തോടു സഹവസിച്ചിട്ടോ, അദ്ദേഹത്തെ അനുസരിച്ചിട്ടോ നിനക്കൊന്നും നേടാനില്ല. രോഗി വൈദ്യനിൽ സന്ദേഹിയായാൽ പിന്നെ ആ വൈദ്യന്റെ മരുന്നയാൾക്കു ഫലം ചെയ്യില്ല.
അല്ലാഹുവിന്റെ സ്വന്തക്കാരോടു കൂട്ടുകൂടുക. കാരണം, ഒരാളെ നോക്കുകയും തങ്ങളുടെ ആത്മീയപ്രഭാവം അവനു നേർക്കാവുകയും ചെയ്താൽ അവരവനെ സ്നേഹിക്കാൻ തുടങ്ങും, തങ്ങളുടെ നോട്ടം പതിഞ്ഞവൻ ഒരു ജൂതനോ ക്രൈസ്തവനോ അഗ്നിയാരാധകനോ ആണെങ്കിൽപോലും. ആ നോട്ടം വീഴുന്നതൊരു മുസ്ലിമിൽ ആണെങ്കിലാവട്ടെ, അയാളുടെ വിശ്വാസവും, സ്ഥൈര്യവും ദൃഢചിത്തതയും വർദ്ധിക്കുന്നു. അല്ലാഹുവെ തൊട്ടു വിസ്മൃതിയിലായിരിക്കുന്നവരേ, അല്ലാഹുവിനോടുള്ള ഭയവും സൽക്കർമ്മങ്ങളുമാണ് നിങ്ങളെ അവനോടടുപ്പിക്കുന്നത്. അവിശ്വാസികൾ തങ്ങളുടെ സ്വത്തും സന്താനങ്ങളും വഴി രാജാക്കളോടും സുൽത്താന്മാരോടും അടുക്കുന്നു. എന്നിട്ടവർ പറയുന്നു, “വിധിനിർണ്ണയ നാളിൽ ഞങ്ങളുടെ സ്വത്തും സന്താനങ്ങളും വഴി, അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങൾക്കവനുമായി സാമീപ്യം സിദ്ധിക്കും.”അതുകൊണ്ടാണ് അല്ലാഹു ഇവ്വിധം ദിവ്യബോധനമിറക്കിയത്:
وَمَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ
“നിങ്ങളുടെ മുതലുകളും നിങ്ങളുടെ സന്താനങ്ങളും നമ്മുടെ അടുക്കൽ നിങ്ങൾക്ക് സാമിപ്യം നൽകുന്നവയല്ല.” വി.ഖു- 34.37
ഇഹലോകത്തായിരിക്കെത്തന്നെ നിങ്ങളുടെ സ്വത്തുസമ്പാദ്യങ്ങൾ വഴി അല്ലാഹുവോടടുത്താൽ അതായിരിക്കും നിങ്ങൾക്കു നല്ലത്. ദൈവസാമീപ്യം കാംക്ഷിച്ച് നിങ്ങൾ സ്വന്തം മക്കളെ എഴുത്തും, ഖുർആൻ പാരായണവും, ആരാധനാമുറകളും പഠിപ്പിച്ചാൽ മരണാനന്തരവും നിങ്ങൾക്കതിന്റെ ഗുണം ലഭിക്കും. നിങ്ങളിപ്പോൾ വ്യാപൃതമായിരിക്കുന്ന കാര്യങ്ങളൊന്നും നിങ്ങൾക്ക് യാതൊരു ഗുണവുമേകില്ലെന്നറിയുക. വിശ്വാസവും, സൽക്കർമ്മങ്ങളും സത്യസന്ധതയുമാകുന്നു ഗുണകരമായിട്ടുള്ളത്.
ആത്മജ്ഞാനം സിദ്ധിച്ച വിശ്വാസി (ആരിഫ്) തന്റെ ഹൃദയം അതിന്റെ നാഥന്റെ സാന്നിധ്യത്തിലേക്കു പ്രവേശിക്കാൻ അനുവാദം ചോദിക്കുവോളം അല്ലാഹുവിന്റെ തിരുദൂതർക്കൊപ്പം വർത്തിച്ചുകൊണ്ട് അവിടുത്തെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. തിരുദൂതർﷺ തങ്ങൾക്കുമുമ്പിൽ ഒരടിമയെപ്പോലെയായിരിക്കും അയാൾ. ദീർഘകാലം അവിടുത്തെ സേവിച്ചശേഷം അയാൾ പറയും:
“അല്ലയോ യജമാനരേ, എനിക്കു രാജാധിരാജനിലേക്കുള്ള വാതിൽ കാണിച്ചുതന്നാലും. അവനെ ദർശിക്കുന്ന പദവിയിലേക്കെന്നെ എത്തിച്ചാലും. അവന്റെ അടുപ്പത്തിന്റെ വാതിൽപിടിയിൽ പിടിക്കാൻ എന്നെ പ്രാപ്തനാക്കിയാലും”
അന്നേരം തിരുദൂതർﷺ അവനെ കൂടെ കൂട്ടുകയും, അവനെ അല്ലാഹുവിന്റെ വാതിലിനുസമീപത്തേക്കു നയിക്കുകയും ചെയ്യുന്നു. അന്നേരം തിരുദൂതരോടു ചോദിക്കപ്പെടും, “അല്ലയോ ദൂതരേ, നിങ്ങളോടൊപ്പമുള്ളതാരാകുന്നു?” അപ്പോൾ അവിടുന്ന് ഇവ്വിധം പ്രതിവചിക്കും,
“(അല്ലാഹുവേ,) നിനക്കറിയാമല്ലോ. ഞാൻ ശിക്ഷണമേകുകയും, നിനക്കുള്ള ദാസ്യവൃത്തിക്കായി ഞാൻ സ്വീകരിക്കുകയും ചെയ്തൊരാളാകുന്നു” അനന്തരം തിരുദൂതർﷺ തന്നെ അനുഗമിച്ച ആ വിശ്വാസിയുടെ ഹൃദയത്തോട് ഇവ്വിധം പറയും, “നീയിതാ നിന്റെ നാഥന്റെ സന്നിധിയിലെത്തിയിരിക്കുന്നു”