തിരുപ്പിറവിയുടെ സങ്കീർത്തനങ്ങൾ

ഷബീർ എ. അൻസാരി:

സൂര്യൻ കൺമിഴിക്കുന്ന പൊൻ പ്രഭാതം…
ഇനി ചക്രവാളങ്ങളെ കീഴടക്കാനുള്ള വെളിച്ചത്തിന്റെ ഇളം ചീളുകൾ മന്ദമന്ദം അണയുകയാണ്…
പ്രകൃതി ഉല്ലാസത്തിമിർപ്പിലാണ്…
കോകിലങ്ങൾ ഹൃദയാവർജ്ജകമായി പാടുകയാണ്…

മൃദു സമീരൻ സസ്യതലപ്പുകളിൽ
തലോടിയുണർത്തുകയാണ്…

വല്ലിപ്പടർപ്പുകളിൽ നമ്രമുഖികളായ് പൂക്കൾ നൃത്തമാടുകയാണ്…

ഓരോ പുൽ നാമ്പിലും തുഷാരബിന്ദുക്കൾ ഹർഷ തുന്ദിലരായി മുത്തമിടുകയാണ്…

പൂത്തുമ്പികൾ
ഓരോ പൂ മൊട്ടിനേയും പതിയെ
പാടിയുണർത്തുകയാണ്…

സന്ധ്യയണയുമ്പോൾ ഇടനേരത്തേക്ക് പിൻവാങ്ങുമെന്നും
ഈ സൂര്യൻ ഒരിക്കലും
അസ്തമിക്കില്ലെന്നും
അരുവികൾ പാടിത്തിമിർക്കുകയാണ്…

താഴ്വരകളും സമതലങ്ങളും തീരമണലുകളും
സുര്യ ജന്മത്തെ വാരിപ്പുണരുകയാണ്…

പ്രപഞ്ചമാകെയും ആനന്ദാഹ്ളാദത്താൽ
അർക്ക വെളിച്ചത്തിൻ
സങ്കീർത്തനത്തിലാണ്…

സൂര്യ പ്രഭാങ്കുരം
കണ്ണിലടിക്കവേ
മൂങ്ങകൾ
ദുഃഖിതരാണ്…
സൂര്യ കീർത്തനങ്ങൾ
കേൾക്കാതിരിക്കാൻ ചിറകിനാൽ ചെവിയടച്ച് വൃഥാ ന്യായം മോങ്ങുകയാണ്…
വെളിച്ചത്തിൻ പാട്ടിനെതിരെ
വെറുതെ, വക്രമായ്
വേദ സൂക്തികൾ, ഋഷിവചസ്സുകൾ
നീട്ടിയും കുറുക്കിയും
മൊഴിഞ്ഞാടുകയാണ്..

അരുണ ജന്മമേ
അഖില സ്നേഹമേ
ഇനിയുമിനിയും പാടിക്കൊണ്ടേയിരിക്കും. ഞങ്ങളാ
വെളിച്ച ഗീതികൾ
ജീവശ്വാസം താഴും വരെ…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy