സ്വൂഫിസം, തത്വചിന്ത, ചരിത്രം, സംസ്കാരം, രാഷ്ട്രീയ ദർശനം തുടങ്ങിയ വൈജ്ഞാനിക മേഖലകളിൽ ഇസ് ലാമിക അന്തർധാരകളോടെ നടക്കുന്ന മൗലികമായ ഗവേഷണങ്ങളെയും അന്വേഷണങ്ങളെയും കേരളീയ പൊതുമണ്ഡലത്തിലേക്ക് പരിചയപ്പെടുത്തുന്നതിനുള്ള ഒരു വെബ് മാഗസിനാണ് അകമിയം. ബൗദ്ധിക, വൈജ്ഞാനിക മേഖലകളിലെ മൗലികവും വിശാലവുമായ ആശയ ലോകങ്ങളെ ഇസ് ലാമിക ഭൂമികയിൽ നിന്ന് നിരീക്ഷിക്കാനും പാരമ്പര്യാടിത്തറയുള്ള സമകാലിക ഇസ് ലാമിക ചിന്തയെ പുനരുൽപാദിപ്പിക്കാനും ലക്ഷ്യം വെച്ചുള്ള ധൈഷണിക പരിശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രസിദ്ധീകരണ സംരംഭം.

മലയാളത്തിൽ ഓൺലൈൻ മാഗസിനുകൾ നിരവധിയുണ്ട്. മതങ്ങളെ പ്രതിനിധീകരിക്കുന്നതും മതത്തോടൊപ്പം സാമൂഹ്യശാസ്ത്ര വിജ്ഞാനീയങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതുമായ നിരവധി മാഗസിനുകൾ നമുക്ക് സുപരിചിതമാണ്.
ഇസ്ലാമിന്റെ ഉൾക്കാമ്പായ സൂഫിസത്തെ പ്രതിനിധീകരിക്കുന്നതും തത്വചിന്തക്കും സംസ്കാര പഠനങ്ങൾക്കും കലക്കും  പ്രാധാന്യം നൽകുന്നതുമായ ഒറ്റപ്പെട്ട ഓൺലൈൻ മാഗസിനുകളും നിലവിലുണ്ട്. ഇവയെല്ലാം അവയുടേതായ ചരിത്ര ദൗത്യങ്ങൾ നിർവ്വഹിക്കുന്നുമുണ്ട്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ദൗത്യമാണ് അകമിയത്തിന് നിർവ്വഹിക്കാനുണ്ടാവുക. ആത്മസംസ്കരണത്തിന്റെയും ഹൃദയ വിമലീകരണത്തിന്റെയും പുതിയൊരു സംവേദനാനുഭവമാണ് അകമിയം വിനിമയം ചെയ്യുക. സർവ്വോപരി മനുഷ്യനെ അവന്റെ യഥാർത്ഥ ഉറവിടത്തിലേക്ക് തിരിച്ചുവിളിക്കുന്ന അവന്റെ യഥാർത്ഥ ജീവിത ലക്ഷ്യത്തെ സംബന്ധിച്ച അവബോധം പകരുന്ന ആശയങ്ങളും സന്ദേശങ്ങളുമാണ് അകമിയം പ്രസരിപ്പിക്കുക.

ഭയവും അസ്വസ്ഥതകളും അന്യത്വവും വെറുപ്പും പെരുകുന്ന നമ്മുടേത് പോലുള്ള ഒരു കാലഘട്ടത്തിൽ നിർഭയത്വവും ശാന്തിയും സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന, സത്യത്തെയും നന്മയെയും സംവഹിക്കുന്ന ആശയങ്ങളും ദർശനങ്ങളുമാണ് അകമിയം പ്രതിനിധീകരിക്കുക. എന്നാൽ കപട മതേതരത്വത്തിന്റെ പ്രച്ഛന്നതയില്ലാതെയും സർവ്വമത സത്യവാദത്തിന്റെ ഹാവഭാവാദികൾ പ്രകടിപ്പിക്കാതെയും മനുഷ്യ സാഹോദര്യത്തകുറിച്ചും മത, സാമൂദായിക മൈത്രിയെ കുറിച്ചും ദിവ്യപ്രണയത്തെ കുറിച്ചും ഇസ്ലാമിന്റെ അന്ത:സാരമായ തസ്വവ്വുഫിന്റെ ഉൾവെളിച്ചത്തോടെ അകമിയം പറഞ്ഞുകൊണ്ടേയിരിക്കും.

മാസത്തിൽ നാലോ അഞ്ചോ അപ്ഡേഷനുകളാണ് അകമിയം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്. കേവലമായ ബൗദ്ധികാഭ്യാസം എന്നതിനപ്പുറം അകമിയത്തിന്റെ അന്ത:സാരങ്ങളോട് താദാത്മ്യപ്പെടുന്നതോ ചേർന്നു നിൽക്കുന്നതോ ആയ രചനകളാണ് നാം പരിഗണിക്കുക. ഇത്തരം രചനകളുടെ അപര്യാപ്തത അനുഭവപ്പെടുകയോ മറ്റ് പ്രതികൂല ഘടകങ്ങൾ സംജാതമാവുകയോ ചെയ്താൽ അകമിയം പ്രസിദ്ധീകരണം നിർത്തിവെക്കുമെന്ന കാര്യം സവിശേഷം ഓർമ്മപ്പെടുത്തുന്നു. ഏത് പിറവിയും സഹജമായി തന്നെ അതിന്റെ ഒടുക്കത്തെയും സംവഹിക്കുന്നവെന്നത് നമുക്ക് നിഷേധിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണല്ലോ..?
അകമിയം നിലനിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരാണ്. അകമിയത്തിന്റെ ആശയ ലോകങ്ങൾ നിങ്ങളിന്ന് തേടുന്നതുതന്നെയാണോ..? എങ്കിൽ അകമിയം നിങ്ങൾ ഹൃദയപൂർവ്വം സ്വീകരിക്കുക. നിങ്ങളുടെ സൗഹൃദവൃത്തങ്ങളിലുള്ളവർക്ക് ഗുണകാംക്ഷയോടെ അകമിയത്തിന്റെ ലിങ്ക് ഫോർവേഡ് ചെയ്യുക.

അകമിയത്തിൽ പ്രസിദ്ധീകരിക്കാനുള്ള മാറ്ററുകൾ ഉള്ളടക്കം പരിഗണിച്ചാണ് സ്വീകരിക്കപ്പെടുന്നത്. മൗലിക വിചാരങ്ങളുള്ള പുതിയ ഉൾക്കാഴ്ചകളും വസ്തുതകളും അനാവരണം ചെയ്യുന്ന വൈജ്ഞാനിക ചരിത്രത്തിലേക്ക് മുതൽ കൂട്ടാവുന്ന രചനകളെയും രചയിതാക്കളെയുമാണ് അകമിയം തേടുന്നത്. ചിരപ്രതിഷ്ഠ നേടിയവരുടെ രചനകൾ മാത്രമല്ല ഗവേഷണ പാടവവും രചനാ വൈഭവവുമുള്ള പുതുമുഖങ്ങളുടെയും ആവിഷ്കാരങ്ങൾ അകമിയം സ്വീകരിക്കും.

മറ്റ് പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചതോ പ്രസിദ്ധീകരിക്കപ്പെട്ടതോ ആയ രചനകൾ അകമിയത്തിലേക്ക് അയക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പ്രസിദ്ധീകരിക്കാൻ അയക്കുന്ന മാറ്ററുകൾ സംബന്ധിച്ച തീരുമാനം പൂർണ്ണമായും ഏഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. നിരസിക്കപ്പെടുന്ന രചനകൾ സംബന്ധമായി രചയിതാക്കളുടെ മുന്നിൽ കാരണം ബോദ്ധ്യപ്പെടുത്തേണ്ട ബാധ്യത അ‌വർക്കുണ്ടായിരിക്കുന്നതല്ല.

അകമിയത്തിലേക്കുള്ള രചനകൾ മറ്റ് ആശയ വിനിമയങ്ങൾ akameeyam@gmail.com എന്ന ഈ മെയിൽ അഡ്രസ്സിൽ അയക്കുക.

സ്നേഹപൂർവ്വം:

ചീഫ് ഏഡിറ്റർ

Please Don't try to copy