ജ്ഞാനിയും അഹന്തയും
അഹന്തയെ ഉരുക്കികളയുന്ന ജ്ഞാനവും

അവാരിഫുൽ മആരിഫ്: അദ്ധ്യായം: 3
ആത്മീയ ജ്ഞാനം മഹത്വവും മാതൃകയും: അവസാന ഭാ​ഗം:
ഇമാം ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി(റ):

സ്വൂഫികൾ അല്ലാഹുവിന്റെ കൽപന അക്ഷരം പ്രതി അനുസരിക്കുന്നത് അല്ലാഹുവിനോടുള്ള കേവല ഭയം കൊണ്ടല്ല. അവനെ പ്രേമിക്കുന്നതുകൊണ്ടാണ്. അതിനാൽ കൽപന അനുസരിക്കുക എന്നത് അവർക്ക് എളുപ്പമുള്ള കാര്യമായി തീരുന്നു.
പ്രണയഭാജനത്തിന്റെ കൽപന നിരസിക്കാൻ കാമുകന് സാധ്യമല്ലല്ലോ? എന്നാൽ മറ്റുള്ളവർ കൽപന അനുസരിക്കുന്നത് വളരെ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടാണ്. അനുസരണം ഇസ്തിഖാമത്തിന് ശക്തി നേടി കൊടുക്കുന്നു.
പരിശുദ്ധ ഖുർആൻ പറയുന്നു:‌
ദാനം ചെയ്യുകയും സൂക്ഷ്മത കൈകൊള്ളുകയും അത്യുത്കൃഷ്ടമായതിൽ വിശ്വസിക്കുകയും ചെയ്യുന്നവനെ നാം എളുപ്പത്തിലേക്ക് നയിക്കും.
ഇവിടെ ദാനം ചെയ്യുക എന്ന പ്രയോ​ഗത്തെ ചിലർ വ്യാഖ്യാനിച്ചത് ദുനിയാവും ആഖിറവും ദാനം ചെയ്യുക എന്നാണ്. ഭൗതികമോ പാരത്രികമോ ആയ സുഖങ്ങൾ ഒന്നും ആ​ഗ്രഹിക്കാതെ അല്ലാഹുവിനോടുള്ള പ്രേമം മൂലം അവനെ ആരാധിക്കുക എന്നർത്ഥം. അതായത് അല്ലാഹുവിന്റെ സത്തയെ അല്ലാതെ മറ്റൊന്നും കാണാത്ത അവസ്ഥ. സൂക്ഷ്മത പാലിക്കുക എന്നാൽ അനാവവശ്യ കാര്യങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും അകന്നു നിൽക്കുക എന്നർത്ഥം. അത്യുത്തമമായതിൽ വിശ്വസിച്ച് അവന്റെ സാമീപ്യം മാത്രം ആ​ഗ്രഹിച്ച് ജീവിക്കുക എന്നതാണ് ഇതിന്റെ വിവക്ഷ.
ഈ സൂക്തം അബൂബക്കർ സ്വിദ്ധീഖ്(റ) വിനെ പറ്റി അവതരിച്ചതാണെന്നും അഭിപ്രായമുണ്ട്.
മറ്റൊരു വ്യാഖ്യാനമനുസരിച്ച് ഇവിടെ ദാനം എന്ന പ്രയോ​ഗത്തിന്റെ വിവക്ഷ കർമ്മങ്ങൾക്കായി ജീവിതം സമർപ്പിക്കുക എന്നാണ്. സൂക്ഷ്മത പാലിക്കുകയെന്നാൽ ശരീരത്തിന്റെ മോഹങ്ങളെയും ദുർവികാരങ്ങളെയും ദമനം ചെയ്യലും അത്യുത്കൃഷ്ടമായതിൽ വിശ്വസിക്കുക എന്നാൽ മനസ്സിന്റെ മാലിന്യങ്ങളും കറകളും തുട‌ച്ചു വൃത്തിയാക്കി സത്യവിശ്വാസത്തെ പൂർണ്ണതയിലെത്തിക്കലുമാണത്. ഇത്തരക്കാരെ അല്ലാഹു പ്രയാസങ്ങൾ അകറ്റി എളുപ്പത്തിലേക്ക് നയിക്കുന്നു. അതായത് അവർക്ക് കർമ്മം ചെയ്യാനും ജീവിക്കാനും ആനന്ദ നിർവൃതി നേടാനും സൗകര്യമുണ്ടാക്കി കൊടുക്കുന്നു. അനു​ഗ്രഹ കവാടങ്ങൾ തുറന്നു കൊടുക്കുന്നു. ജ്ഞാനത്തിന്റെ രത്ന ശേഖരങ്ങൾ കാണിച്ചുകൊടുക്കുന്നു.
പരിശുദ്ധ ഖുർആൻ തുടരുന്നു:
പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും അത്യുത്കൃഷ്ടമായതിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവനെ പ്രയാസത്തിലേക്കാണ് നാം നയിക്കുക.

ഒരാൾ കർമ്മങ്ങളിൽ പിശുക്ക് കാണിക്കുകയും അതോടൊപ്പം താൻ ഉന്നത ദറജയിലെത്തിയവനാണെന്ന് ധരിക്കുകയും ചെയ്യുന്നു. അവന്റെ കണ്ണുകൾക്ക് പ്രപഞ്ചരഹസ്യങ്ങളിലേക്കെത്തി നോക്കാൻ ശക്തി ലഭിച്ചിട്ടുമില്ല. ഇത്തരക്കാരെ അല്ലാഹു പ്രയാസത്തിലേക്കാണ് നയിക്കുക. കർമ്മം അവർക്ക് ഭാരമായി തീരും. ജ്ഞാനകവാടങ്ങൾ അവർക്കു നേരെ കൊട്ടിയടക്കപ്പെടുകയും ചെയ്യും.
ഒരു ജ്ഞാനി പറയുന്നു:
അല്ലാഹു ഒരാളിൽ നന്മ ഉദ്ദേശിക്കാത്ത പക്ഷം കർമ്മത്തിന്റെ കവാടം അയാൾക്കു നേരെ കൊട്ടിയടക്കും. മടിയുടെയും ആലസ്യത്തിന്റെയും വാതിലുകൾ അയാൾക്കു നേരെ തുറന്നിടുകയും ചെയ്യും.
സ്വൂഫികളുടെ ഹൃദയവും ആത്മാവും ശരീരവും സത്യത്തിലേക്കുള്ള വിളി സ്വീകരിക്കുന്നതിനാൽ അവർക്ക് സമ്പൂർണ്ണമായ ജ്ഞാനവും മഅരിഫത്തും ലഭിക്കുന്നു. അവരുടെ കർമ്മങ്ങൾ സംശുദ്ധമായി ഭവിക്കുകയും അത്യുത്കൃഷ്ടമായി തീരുകയും ചെയ്യുന്നു.

ഒരാൾ മുആദ്(റ) വിന്റെ സന്നിധിയിൽ വന്ന് രണ്ട് മനുഷ്യരെ പറ്റി ചോദിച്ചു. ഒരു മനുഷ്യൻ ധാരാളം കർമ്മം ചെയ്യുന്നു. ഇബാദത്തിൽ മുഴുകുന്നു. പാപ കർമ്മങ്ങൾ കുറഞ്ഞവൻ, പക്ഷെ വിശ്വാസം ദുർബലമാണ്, സംശയാലുവാണ്. ഇയാളുടെ സ്ഥിതി എന്താകും?
മുആദ്(റ) പറഞ്ഞു:
ഇയാളു‌ടെ വിശ്വാസ ദൗർബല്യവും സംശയവും കർമ്മങ്ങളെ തകർത്തു കളയും.
മറ്റേ മനുഷ്യൻ വളരെ കുറച്ചു സൽകർമ്മങ്ങൾ ചെയ്യുന്നു. ധാരാളം ദുഷ്കർമ്മങ്ങളും ചെയ്യുന്നു. പക്ഷെ അയാളുടെ സത്യവിശ്വാസം കരുത്തുറ്റതാണ്. ദുർബലമല്ല. ഇയാളുടെ സ്ഥിതി എന്ത്?
ഈ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ മുആദ്(റ) മൗനം പാലിക്കുകയാണ് ചെയ്തത്. അപ്പോൾ ചോദ്യകർത്താവ് പറഞ്ഞു:
നേരത്തെ പറഞ്ഞ മനുഷ്യന്റെ വിശ്വാസ ദൗർബല്യം അയാളുടെ സൽകർമ്മങ്ങളെ തകർക്കുമെങ്കിൽ ഈ വിശ്വാസ ദാർഢ്യം ഇയാളുടെ പാപങ്ങളെയും തകർക്കുമെന്നത് തീർച്ചയാണ്.
ഇതുകേട്ടപ്പോൾ മുആദ്(റ) അയാളുടെ കൈപിടിച്ച് കുലുക്കികൊണ്ട് അരുളി:‌
താങ്കളെ പോലെ ജ്ഞാനമുള്ള മറ്റാരെയും ഞാൻ കണ്ടിട്ടില്ല.

ലുഖ്മാനുൽ ഹകീം(റ) തന്റെ മകനെ ഉപദേശിക്കുന്നതിനിടയിൽ ഇങ്ങനെ അരുളി:
മകനെ…ദൃഢജ്ഞാനമുണ്ടെങ്കിലേ കർമ്മം ചെയ്യാൻ കഴിയൂ. ദൃഢജ്ഞാനത്തിന്റെ അളവ് കൂടുമ്പോൾ കർമ്മത്തിന്റെ അളവും കൂടും. ദൃഢജ്ഞാനത്തിന്റെ അളവ് കുറയുമ്പോൾ അല്ലാതെ കർമ്മത്തിന്റെ അളവ് കുറയുകയില്ല.
ഈ ദൃഢജ്ഞാനമാണ് മഹത്വത്തിന്റെ നിദാനം. അതാണ് മനുഷ്യനെ കർമ്മ നിരതനാക്കുന്നത്. അതാണ് അല്ലാഹുവിന്റെ ദാസ്യവൃത്തിക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ദാസ്യവൃത്തിക്ക്(ഉബൂദിയ്യത്ത്) പ്രേരിപ്പിക്കുന്നതെന്തോ അത് തന്നെയാണ് യജമാനനോടുള്ള കടപ്പാടുകൾ നിറവേറ്റാനുള്ള ഉപകരണം. ദാസ്യവൃത്തിയാകട്ടെ ഉപകരണത്തിന് മൂർച്ഛയും പ്രാബല്യവും വർദ്ധിപ്പിക്കുന്നു.
ഭൗതിക സുഖങ്ങൾ ത്യജിച്ച സാഹിദുകളുടെ ജ്ഞാനത്തിന്റെ മഹത്വമാണ് ഇത്രയും നേരം വിവരിച്ചത്. സ്വന്തം നഫ്സിന്റെ ദുർവികാരങ്ങളെ പറ്റി പഠിച്ച സാഹിദായ ഒരു ജ്ഞാനിയുടെ പെരുമാറ്റത്തെ പറ്റി ഇനി അൽപം പറയാം.
ഇത്തരം ജ്ഞാനികൾ എപ്പോഴും വിനയത്തിന്റെ പ്രതീകങ്ങളായിരിക്കും. ഒരു ഉദാഹരണം പറയാം: ഭൗതിക സുഖങ്ങളിൽ തത്പരനായ ഒരു മത പണ്ഡിതൻ ഒരു സദസ്സിൽ വന്നാൽ അയാൾക്ക് നിശ്ചയിച്ച പ്രത്യേക സ്ഥാനത്ത് ഉപവിഷ്ഠനാകുന്നു. മറ്റൊരു പണ്ഡിതൻ വന്ന് അയാളിരിക്കുന്നതിനു മീതെയുള്ള സ്ഥാനത്ത് ഇരിക്കുകയാണെങ്കിൽ അയാൾക്ക് ആഗതനോട് കോപം തോന്നുന്നു. തന്നെ ഇയാൾ അപമാനിച്ചു എന്ന തെറ്റിദ്ധാരണ വരുന്നു. സാധിക്കുമെങ്കിൽ അയാളെ പിടിച്ച് മാറ്റുക പോലും ചെയ്യുന്നു.
ഇതൊരു മാനസിക രോ​ഗമാണ്. എന്നാൽ അയാളത് മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ചികിത്സിക്കുമായിരുന്നു. ഇതിന്റെ ഉത്ഭവ സ്ഥാനം അയാൾ അറിഞ്ഞിരുന്നുവെങ്കിൽ അയാൾ ഉണരുമായിരുന്നു. താനാണ് അപരനേക്കാൾ ഉന്നതൻ എന്ന ചിന്ത വെടിയുമായിരുന്നു. തന്നിഷ്ടത്തിന്റെ അടിമയായി തീർന്ന സ്വന്തം നഫ്സിന് മൂക്കുകയറിടുമായിരുന്നു.
പ്രത്യുത ഭൗതിക സുഖങ്ങളിൽ താത്പര്യമില്ലാത്ത സാഹിദായ പണ്ഡിതൻ തന്റെ നഫ്സിന് മറ്റുള്ളവരുടേതിനേക്കാൾ പ്രത്യേകതയൊന്നും കാണുകയില്ല. തനിക്ക് സദസ്സിൽ പ്രത്യേക പരി​ഗണനയൊന്നും ആ​ഗ്രഹിക്കുകയില്ല. അങ്ങനെ വല്ല ദുഷ്ചിന്തയും തന്റെ മനസ്സിൽ ഉദിച്ചു പോയാൽ തന്റെ നഫ്സ് കയറുപൊട്ടിച്ചിട്ടുണ്ടെന്ന് ഉടനെ ​ഗ്രഹിക്കുന്നു. ഉടനെ കാരണം കണ്ടെത്തുന്നു. അത് കണ്ടെത്താതിരുന്നാൽ തന്റെ പദവിക്ക് അത് വലിയ കളങ്കമുണ്ടാക്കുമെന്ന് അയാൾക്കറിയാം. അത് പാപമാണെന്ന് അയാൾ കരുതുന്നു. അതിനാൽ വല്ല ദുഷ് ചിന്തയും വരുമ്പോളേക്ക് അയാൾ ഖേദിച്ചു മടങ്ങുന്നു. കയറ് പൊട്ടിച്ച നഫ്സിനെ പിടിച്ച് വീണ്ടും നിയന്ത്രണ വിധേയമാക്കുന്നു. വേണ്ടി വന്നാൽ തന്നേക്കാൾ ഉയർന്ന സീറ്റിൽ വന്നിരുന്ന അയാൾക്ക് ഖിദ്മത്ത് ചെയ്യാനും സ്വൂഫി മ‌ടിക്കുകയില്ല.
സ്വന്തം നഫ്സിന്റെ അഹന്തയുടെ വേരറുത്തു കളയാനാണത്. അതിനുവേണ്ടി എന്തു ത്യാ​ഗവും സ്വൂഫിയായ പണ്ഡിതൻ ചെയ്യും. അഹന്തയെ ഉരുക്കി കളഞ്ഞ് ചിന്തയെ സ്ഫുടം ചെയ്തേ അടങ്ങൂ അയാൾ.
മേൽ പറഞ്ഞ രണ്ട് സമീപനങ്ങൾ പരിശോധിച്ചാൽ സ്വൂഫികളുടെ ജ്ഞാനവും സ്വൂഫികൾ അല്ലാത്ത പണ്ഡിതരുടെ ജ്ഞാനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം. ആദ്യം പറഞ്ഞ മത പണ്ഡിതനും അജ്ഞനായ സാധാരണക്കാരനും തമ്മിലെന്ത് വ്യത്യാസമാണുള്ളത്? അജ്ഞൻ വിവരമില്ലാത്തതുകൊണ്ട് അഹങ്കരിക്കുകയാണ്. തന്മൂലം ശിക്ഷക്ക് അൽപം ലഘുത്വം ലഭിച്ചേക്കാം. പണ്ഡിതനോ? അവന് വല്ല ഒഴികഴിവും പറയാനുണ്ടോ? ഇങ്ങനെ ചിന്തിക്കുന്തോറും ഭൗതിക സുഖങ്ങളിൽ മുഴുകിയ പണ്ഡിതനും സ്വൂഫിയായ പണ്ഡിതനും തമ്മിൽ ഓരോ പ്രശ്നങ്ങളിലും വലിയ അന്തരം കാണാം. ആനയും പേനും തമ്മിലുള്ള വ്യത്യാസം. ജ്ഞാനത്തിലുള്ള അന്തരമാണത്. സ്വൂഫികളുടെ ജ്ഞാനത്തിന്റെ മഹത്വവും മറ്റുള്ള ജ്ഞാനത്തിന്റെ ന്യൂനതയും വ്യക്തമാക്കുന്നതും ഇവിടെയാണ്. അദ്ധ്യാത്മ ജ്ഞാനത്തിന്റെ പ്രാഥമിക പാഠങ്ങളിൽ പെ‌‌ട്ടതാണിത്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy