പി.കെ. ബാലകൃഷ്ണൻ:
രണ്ടാം ചേര സാമ്രാജ്യത്തെയും നൂറ്റാണ്ടു യുദ്ധത്തെയും സംബന്ധിച്ച് നിലവിലുള്ള ചരിത്ര സിദ്ധാന്തങ്ങൾ എത്ര ദുർബലമായ അടിസ്ഥാനങ്ങളിലാണ് കെട്ടിയുയർത്തപ്പെട്ടിട്ടുള്ളതെന്ന് വിശകലനം ചെയ്യുന്ന “ഐതിഹ്യത്തിനു പകരം യക്ഷികഥ“ എന്ന പി.കെ. ബാലകൃഷ്ണന്റെ പഠന പ്രബന്ധമാണിത്. ജാതി വ്യവസ്ഥയും കേരള ചരിത്രവും എന്ന ശീർഷകത്തിലുള്ള ഗ്രന്ഥത്തിൽ നിന്നെടുത്തതാണ് ഈ ഭാഗം. വേണ്ടത്ര പുരാരേഖകളോ വിവര സ്രോതസ്സുകളോ ഇല്ലാതെ തന്നെ ചരിത്രത്തിലെ ശൂന്യ ഇടങ്ങളെ ചരിത്രപരമാക്കി മാറ്റാൻ വസ്തുനിഷ്ഠതക്കപ്പുറം ഭാവനാ ശാലിത്വത്തെ അവലംബിച്ച കേരള ചരിത്രത്തിലെ ആചാര്യപദവിയുള്ള ചില പ്രമുഖരുടെ പ്രാമാണികതക്കു നേരെ വിരൽ ചൂണ്ടുന്ന ഈ പ്രബന്ധം ചിരപ്രതിഷ്ഠ നേടിയെടുത്ത സാമ്പ്രദായിക ചരിത്ര സിദ്ധാന്തങ്ങളുടെ അടിവേരറുക്കുന്നു. സ്ഥാപിത താത്പര്യങ്ങളുടെ പേരിൽ അക്കാദമിക ചരിത്ര പഠന രംഗത്തെ ചിലർ ഇന്നും ചതുർഥിയോടെ സമീപിക്കുന്ന പി.കെ. ബാലകൃഷ്ണന്റെ ഈ ചോദ്യങ്ങളും സന്ദേഹങ്ങളും ഇന്നും പൂരണം ലഭിക്കാത്ത സമസ്യകൾ തന്നെയാണ്. അതുകൊണ്ട് തന്നെ ചരിത്രത്തിലൂടെ ഈ ചോദ്യങ്ങളാവർത്തിച്ചുകൊണ്ടിരിക്കുക എന്നത് പുതിയ ചരിത്രാന്വേഷണങ്ങൾക്കുള്ള പ്രചോദനം കൂടിയാണ്.
“കേരളചരിത്രത്തിൽ സംഘകാലത്തെത്തുടർന്നാരംഭിച്ച നീണ്ടരാത്രി എ. ഡി. 800-ാമാണ്ടിനടുത്തു കുലശേഖര രവിയുടെ നേതൃത്വത്തിൽ ചേരശക്തി പുനഃസ്ഥാപിതമായതോടെ അവസാനിച്ചു. കുലശേഖരന്മാരെന്നു വിഖ്യാതന്മാരായ രാജാക്കന്മാരുടെ ഒരു പരമ്പര എ. ഡി. 800 തൊട്ട് 1102 വരെ തിരുവഞ്ചിക്കുളം അഥവാ മഹോദയപുരം തലസ്ഥാനമാക്കി കേരളം വാണു. ഈ കാലത്തുമാത്രമാണ് രണ്ടാം ചേരസാമ്രാജ്യം എന്നു വിളിക്ക പ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്റെ ചരിത്രം, ആ കാലഘട്ടത്തിലെ ശാസനങ്ങളുടെ പഠനഫലമായി പ്രകാശിതമായത്?“ എന്നിങ്ങനെ തുടങ്ങുന്ന കുലശേഖര ചക്രവർത്തിമാരുടെ ചരിത്രം, വിവരങ്ങളാകെ സംഗ്രഹിച്ചശേഷം ശ്രീ എ. ശ്രീധരമേനോൻ ഇങ്ങനെ ഉപസംഹരിച്ചിരിക്കുന്നു;
“മേൽ ചൂണ്ടിക്കാണിച്ച വസ്തുതകളുടെ വെളിച്ചത്തിൽ കേരളോത്പത്തിയിലെ പെരുമാൾവാഴ്ചകഥയെ നിശ്ശേഷം നിരാകരിക്കാവുന്നതാണ്.“
(എ. ശ്രീധരമേനോൻ – കേരളചരിത്രം… 163, 177)
ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും മുങ്ങിക്കിടന്നിരുന്ന പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ കേരളചരിത്രത്തെ അക്കാലത്തെ ശാസനങ്ങളുടെ പഠനം കൊണ്ട് വെളിച്ചത്തുകൊണ്ടുവരുന്നതു ചെറിയ കാര്യമൊന്നുമല്ല. മഹോദയപുരം തലസ്ഥാനമാക്കി 300 കൊല്ലക്കാലം കേരളമാകെ അടക്കി ഭരിച്ച കുലശേഖര ചക്രവർത്തി വംശത്തിന്റെ ചരിത്രം സംഗ്രഹരൂപത്തിൽ അറിഞ്ഞാൽ പോരെന്നു തന്മൂലം തോന്നാവുന്നതാണ്. അക്കാലത്തെ ശാസനങ്ങൾ പഠിച്ച്, കേരളചരിത്രത്തിന്റെ ഇരുളിൽ വെളിച്ചം വീഴ്ത്തുക എന്ന മഹാസംഭവം സാധിച്ച മൂലകൃതിതന്നെ പഠിക്കേണ്ടതുണ്ടെന്നു ചരിത്രവിദ്യാത്ഥിക്കു തോന്നുന്നതും സ്വാഭാവികമാണ്. അങ്ങനെ തിരക്കുമ്പോൾ പ്രൊഫസ്സർ ഇളംകുളം കുഞ്ഞൻപിള്ളയുടെ ചരിത്ര പഠന ഗ്രന്ഥത്തിൽ (ഇളംകുളം Studies in Kerala History, പേജ് 217-268) 49 പുറം മാത്രം വരുന്ന ‘രണ്ടാം ചേരസാമ്രാജ്യം’ എന്ന ഉപന്യാസത്തെ ഉൾക്കിടിലത്തോടെ നാം സന്ധിക്കുന്നു. ഉൾക്കിടിലത്തിനു കാരണമുണ്ട്. ഒരു രാജ്യത്തിന്റെ ഇരുളിൽ കിടന്ന മൂന്നു നൂറ്റാണ്ടുകാലത്തെ ചരിത്രം, അംഗീകൃത ചരിത്ര വസ്തുതയാകുമാറ് കണ്ടുപിടിച്ചു (രാഷ്ട്രീയ ചരിത്രവും സാമൂഹ്യ ചരിത്രവും) ആദ്യമായി അവതരിപ്പിക്കുന്ന മഹാപ്രബന്ധം വെറും 49 പുറങ്ങളിൽ ഒതുങ്ങിക്കാണുമ്പോൾ ആരും ഒന്ന് ഭയപ്പെടും. അതിലെ ഓരോ വാക്കിലും നിറഞ്ഞു നിൽക്കാവുന്ന പുതിയ തെളിവുകളുടെ ഭാരം എത്രയായിരിക്കുമെന്നാണ് ഭയം വരുന്നത്.
കെ.എ. നീലകണ്ഠശാസ്ത്രിയുടെ ചോളചരിത്രത്തിന്റെ
ഒന്നാം ഭാഗം 758 പുറമാണ്. അതിൽ 358 പുറങ്ങൾ മാത്രമാണ് പാഠം. പാഠത്തിൽ കീഴ്കുറിപ്പായി ചൂണ്ടിക്കാണിക്കുന്ന ലിഖിതങ്ങളുടെ, നാലും അഞ്ചും വരി വരുന്ന ലഘുവിവരണങ്ങളാകുന്ന അനുബന്ധമാണ് ശേഷം 400 പുറങ്ങളും. അതേ ചരിത്രകൃതിയുടെ രണ്ടാം വാല്യം 552 പുറം വരും. ആ വാല്യത്തിൽ സൂചിപ്പിക്കുന്ന ശാസനങ്ങളുടെ ലഘുവിവരങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഒരു തടിച്ച മൂന്നാം വാല്യം പ്രത്യേകമായുണ്ട്. ഈ ചോളചക്രവർത്തിമാരിൽ പരമപ്രതാപികളായിരുന്ന നാലുപേരുമായി, സാമ്രാജ്യപ്രഢിയുടെ ഉച്ചസ്ഥാനത്തുവെച്ച് തുടർച്ചയായി നൂറുകൊല്ലം യുദ്ധം നടത്തി അവരെ എന്നെന്നേക്കുമായി തോല്പിച്ചോടിച്ച രണ്ടാം ചേരസാമ്രാജ്യ ചക്രവർത്തിമാരുടെ ചരിത്രം ആരെയാണു കോരി തരിപ്പിക്കാതിരിക്കുക? നാലു നൂറ്റാണ്ടോളം വരുന്നതാണു ചോളചക്രവർത്തി ചരിത്രം. അതെഴുതിപ്പിടിപ്പിക്കാൻ തമിഴനായ നീലകണ്ഠശാസ്ത്രിക്കും രണ്ടായിരം പേജുകൾ വേണ്ടിവന്നപ്പോൾ മൂന്നു നൂറ്റാണ്ടുകാലത്തെ ഈ കേരളചക്രവർത്തി ചരിത്രം, കണ്ടുപിടിച്ച് സ്ഥാപിച്ച് അംഗീകൃത ചരിത്രവസ്തുതയാക്കി ശ്രീ എ. ശ്രീധര മേനോന് കൈമാറാൻ, കേരളചരിത്രകാരനായ ഇളംകുളത്തിനു വെറും 49 പേജുകൾ മതിയായി എന്ന വസ്തുതയും ചെറുതായി നമ്മെ കോരിത്തരിപ്പിക്കും. ഇങ്ങനെ ഭയവും കോരിത്തരിപ്പുമായി, ഇളംകുളത്തിന്റെ ചരിത്രം സൃഷ്ടിച്ച ഈ മൗലികപ്രബന്ധം വായിച്ചുതീർന്നപ്പോ, ഈ കേരളം സൃഷ്ടിച്ചു നമ്പൂതിരിമാർക്കു കൊടുക്കാൻ പാവം പരശുരാമനെക്കൊണ്ട് ഒരു കോടാലി കട ലിലേക്ക് ആഞ്ഞെറിയുന്നതിന്റെ ശാരീരികാദ്ധ്വാനം നടത്തിച്ചതു വലിയൊരധികപ്പറ്റായിപ്പോയെന്ന തോന്നലൊഴിവാക്കാൻ കഴിഞ്ഞില്ല.
മുന്നൂറുവർഷം കേരളം വാണ ചക്രവർത്തി പരമ്പരയുടെ കാലാനുക്രമമായ രാഷ്ട്രീയ ചരിത്രവും മൂന്നു ശതാബ്ദത്തിലെ സാമൂഹ്യ ചരിത്രവും ഹരിശ്രീ മുതൽ കണ്ടുപിടിച്ച് അവതരിപ്പിക്കാൻ പ്രൊഫസ്സർ ഇളംകുളത്തെ കഴിവുറ്റവനാക്കിയ ചരിത്രസാമഗ്രിയായ “അക്കാലത്തെ ശാസനങ്ങൾ” വെറും 33 എണ്ണം മാത്രമാണ്. ഈ 33-ൽ ഒരു കുലശേഖര ചക്രവർത്തി താൻ തന്നെ എഴുതി കൊടുത്ത ശാസനം ഒന്നേയൊന്നു മാത്രമാണു കേരളചരിത്രപരമായി രചനകൾ തുടങ്ങിയ കാലം മുതലേ ഏവർക്കും പരിചിതമായ ജൂത ചെപ്പേടു മാത്രമാണ്. വേണാട്ടു രാജാവായ അയ്യനടികളുടെ (എ. ഡി. 848-ലെ) തരേസാപ്പള്ളി ശാസനം കൂടാതെ ശേഷിപ്പുള്ള 31 ‘അക്കാലത്തെ ശാസനങ്ങളിൽ’ അക്കാലത്തെ ഏതെങ്കിലും ചേരചക്രവർത്തിയോ, ഏതെങ്കിലും സാമന്തരാജാവോ നേരിട്ട് എഴുതിക്കൊടുത്ത ലിഖിതങ്ങൾ ഏതെങ്കിലുമുണ്ടോ എന്നും ഇളംകുളത്തിന്റെ മൗലികകൃതിയിൽ നിന്നോ, എ. ശ്രീധരമേനോന്റെ കേരളചരിത്രത്തിൽനിന്നോ മനസ്സിലാക്കാൻ ഒരു മാർഗവുമില്ല. ഇളംകുളത്തിന്റെ കണ്ടുപിടുത്തപ്രബന്ധം കഷ്ടപ്പെട്ട് അരിച്ചു നോക്കിയാൽ, “ഇന്ദുകോതവമ്മയുടെ ഇത്രാം ഭരണവർഷഷത്തിൽ” എന്നു കാലനിർദ്ദേശം ചെയ്യുന്ന ഏതോ ആറ് ഇഷ്ട ദാനപട്ടയങ്ങളും ഭാസ്കര രവിവർമ്മയുടെ പേരുകൂടി കാണുന്ന 20 ഇഷ്ടദാനപട്ടയങ്ങളും ഈ 33 ശാസനങ്ങളിൽ പെടുന്നതായി നമുക്കു കണ്ടുപിടിക്കുവാൻ കഴിയും. അതായത്, ഓരോ ചക്രവർത്തിയുടേയും പേരും ഏതെങ്കിലും പ്രകൃതത്തിൽ പറയുന്നതായി ഓരോ പട്ടയം പോലുമില്ലാത്ത ഈ തുച്ഛമായ രേഖാസഞ്ചികയെ ‘കുലശേഖരന്മാരുടെ ശാസനങ്ങൾ’ എന്നും ‘അക്കാലത്തെ ശാസനങ്ങൾ’ എന്നും കെങ്കേമമായി പരത്തിപ്പറയുക മാത്രമല്ല ഇളംകുളം ചെയ്തിരിക്കുന്നത്. മൂന്നു നൂറ്റാണ്ടുകാലത്തെ ചരിത്രം ആദ്യമായി വെളിച്ചത്ത് കൊണ്ടുവന്ന പെരുമാൾവാഴ്ചക്കഥകളിൽ നിന്നും കേരളചരിത്രത്തെ ത്രാണനം ചെയ്യുന്ന 31 നവശാസനങ്ങളെ സ്ഥലപ്പേരും കുലശേഖരവും കൂട്ടിച്ചേർത്ത് പേരു പറഞ്ഞുവെക്കുക മാത്രം ചെയ്തുകൊണ്ടു കീഴ്കുറിപ്പായി ‘ടി. എ. എസ്. നമ്പർ ഇത്ര’ എന്ന ഒരു പരാമർശനം നടത്തുകയെന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഈ ശാസനം’ ആരു കൊടുത്തതാണെന്നോ, എന്തിനു കൊടുത്തതാണന്നോ, അതിന്റെ ഉള്ളടക്കം എന്തിനെ പരാമശിക്കുന്നുവെന്നോ പഠനാവസാനത്തിലെങ്കിലും മൊത്തം ഒരു രണ്ടുപുറം ചെലവാക്കി രണ്ടും മൂന്നും വരികളിൽ പറഞ്ഞുവെക്കുവാൻ പോലും (അതിനു രണ്ടു മണിക്കൂർ നേരം മതിയാവും) അദ്ദേഹം മുതിർന്നിട്ടില്ല.(ടി. എ. എസ്. വാള്യങ്ങൾ അച്ചടിച്ച പ്രസിദ്ധീകൃതമായവയിലും അതു പോലെ മറ്റേതാനും ആർക്കിയോളജിക്കൽ സീരിസ് പ്രസിദ്ധീകരണങ്ങളിലും ഉള്ളവയാണ് ഇളംകുളം കണ്ടുപിടിച്ച ഏതാണ്ട് എല്ലാ ശാസനങ്ങളും, അവയെ ആകെത്തന്നെ അതുപോലെ ഒരനുബന്ധമായി പകർത്തിച്ചേർക്കാൻ പ്രകൃതഗ്രന്ഥത്തിന്റെ 10 പുറത്തിലധികം വേണ്ടിവരുമായിരുന്നില്ല.)
(സംഗ്രഹകാരനായ ശ്രീധരമേനോന്റെ അക്കാലത്തെ ശാസനങ്ങൾ എന്ന ഒറ്റമൂലി പ്രയോഗം വായിച്ചാൽ ഒരു പത്തായിരം കുലശേഖരശാസനങ്ങളെങ്കിലും അങ്ങേർ പകർത്തിവെച്ചിരിക്കും എന്നു ധരിച്ചുപോവും.) ഈ വീഴ്ച നോട്ടപ്പിഴകൊണ്ടു വന്ന വീഴ്ചയല്ലെന്നു സങ്കടത്തോടെ നാം തുടർന്നു കാണേണ്ടി വരികയും ചെയ്യും എന്നതാണു ദുരവസ്ഥ.
ഈ ചക്രവർത്തിമാർ ‘നിരപ്പേ കുലശേഖരന്മാർ’ എന്ന സ്ഥാനപ്പേരുണ്ടായിരുന്നതായി തെളിയിക്കുന്ന യാതൊന്നും ഇളംകുളത്തിന്റെ പ്രബന്ധത്തിലില്ല. അദ്ദേഹത്തിന്റെ പാഠപ്രകാരം തന്നെ, എന്തോ കാരണം കൊണ്ട് അദ്ദേഹത്തിൽ നിന്നു കുലശേഖര പദവി കൈപ്പറ്റുന്നവരാണവരിൽ ഭൂരിപക്ഷവും. ഇങ്ങനെ ഒരു രാജവംശക്കാർ 300 കൊല്ലം, അവിരാമമായി കേരളമെന്നു നാമിന്നറിയുന്ന പ്രദേശങ്ങളെ ആകെ അധീനത്തിൽ വെച്ചു ഭരിച്ചുവെന്ന കാര്യത്തിനും അക്കാലത്തെ ശാസനങ്ങളിൽ പറയുന്ന വിവരങ്ങൾ തെളിവായി ഇളംകുളം ചൂണ്ടിക്കാണിക്കുന്നില്ല.
‘ഇത്രാം ഭരണവർഷം’ എന്ന രൂപത്തിൽ കാലനിർദ്ദേശം ചെയ്യുന്ന പ്രകൃതത്തിൽ കുറെ പേരുകൾ കാണാൻ കഴിയുന്നുണ്ട് എന്നതു മാത്രമാണ് ഏവർക്കും ഐശ്വര്യപൂണ്ണമായതും, സമുദ്രാന്തരവാണിജ്യം കൊണ്ടു നാട്ടിലേക്കു സമ്പത്തു പ്രവഹിപ്പിച്ചതുമായ അഖിലകേരള ചക്രവർത്തിഭരണത്തിനും ഒക്കെക്കൂടിയുള്ള തെളിവ്. 9-10 നൂറ്റാണ്ടോടെ കേരളത്തിന്റെ പല കേന്ദ്രങ്ങളിൽ നമ്പൂതിരിമാരാൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങൾക്കു മിക്കപ്പോഴും അവരോ, ചിലപ്പോൾ ഏതെങ്കിലും നാടുവാഴിയോ മാടമ്പിപ്രഭുവോ, ഒരു തട്ടുവിളക്കു നിത്യേന കത്തിക്കുന്നതിനോ, ഏതെങ്കിലും പ്രത്യേക ദിനത്തിൽ പ്രത്യേക പൂജാദികർമ്മങ്ങൾ വർഷം പ്രതി നടത്തുന്നതിനോ സമ്പത്തും (ഏറെയും ഭൂസ്വത്തു) ‘എൻഡോമെൻറായി’ കൊടുക്കുന്ന രേഖകൾകൊണ്ടു കേരളത്തിന്റെ 300 വർഷത്തെ രാഷ്ട്രീയ ചരിത്രവും അതേ 300 വഷത്തെ ഗംഭീരമായ സാമൂഹ്യചരിത്രവും അക്കാലത്തെ ശാസനങ്ങളുടെ ദൃഢമായ അടിസ്ഥാനത്തിൽ തെളിഞ്ഞുകാണാൻ അത്ര വിരളമല്ലാത്ത പ്രത്യേകതരം ദിവ്യശക്തിതന്നെ വേണം.
33 ശാസനങ്ങൾ കൊണ്ടു പ്രൊഫസ്സർ ഇളംകുളം വൈഭവ പൂർവ്വം നടത്തിയിരിക്കുന്ന ഒരുതരം ചരിത്രമുച്ചീട്ടുകളിയാണു രണ്ടാം ചേരസാമ്രാജ്യം എന്നു കാണാൻ, വൈരസ്യം വകവയ്ക്കാതെ അദ്ദേഹത്തിന്റെ മൗലിക പ്രബന്ധം സൂക്ഷ്മമായി പഠിച്ചാൽ മതിയാവും. ഇഷ്ടദാനാധാരങ്ങളായ ശാസനങ്ങളെ മറ്റുള്ളവരെ കാണിക്കാതെ മുച്ചീട്ടുകളിക്കാരന്റെ വൈഭവത്തോടെ കമിഴ്ത്തി പിടിച്ചും അങ്ങനെയൊന്നും ചെയ്യുന്നില്ലെന്നു നമ്മെ തെറ്റിദ്ധരിപ്പിച്ചും അദ്ദേഹം കളിക്കുന്ന കളി, ഒരു കണക്കിനു രസാവഹമാണ്.
“വസ്തുതകളെ കെട്ടുകഥകളിൽനിന്നു വകതിരിച്ചുകൊണ്ടു ചരിത്രരേഖകളുടെ ദൃഢമായ അടിസ്ഥാനത്തിൽ ചരിത്ര പുനഃസൃഷ്ടി ചെയ്യാൻ എ. ഡി. 800 മുതൽ കഴിയും എന്നതാണു നില”(ഇളംകുളം.-Studies in Kerala History, P. 217) എന്ന പ്രസ്താവത്തോടെ ഇളംകുളം പ്രബന്ധം ആരംഭിക്കുന്നു. ആരായിരുന്നു കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകൻ? എന്ന ചോദ്യം ചോദിച്ച് സാമ്രാജ്യനാമകരണം മുൻകൂർ നടത്തി കൊണ്ട് അദ്ദേഹം തുടരുന്നു. എ. ഡി. 825 മുതൽ എ. ഡി. 1102 വരെ കേരളത്തിൽ ജനിച്ചവരും മഹോദയപുരം തലസ്ഥാനമാക്കിയവരുമായ ചക്രവർത്തിമാരാണ് കേരളം ഭരിച്ചിരുന്നത്. ഈ രാജാക്കന്മാരെല്ലാം കുലശേഖര പെരുമാൾ എന്ന സ്ഥാനനാമം
സ്വീകരിച്ചവരാണ്. ഇതിൽ നിന്നും ഈ രാജവംശത്തിന്റെ സ്ഥാപകൻ ഒരു കലശേഖരൻ ആണെന്നു കാണാം.
ഈ രാജാക്കന്മാർ എല്ലാം കേരളത്തിൽ ജനിച്ചവരാണെന്നുള്ളതും ഇവരുടെ കുലശേഖരൻ എന്ന ബഹുമതിനാമവും താൻ തന്നെ ചുമ്മാ നടത്തുന്ന പ്രസ്താവമാണെന്നിരിക്കെ ഇതിൽ നിന്നും വംശ സ്ഥാപകൻ ഒരു കുലശേഖരൻ ആണെന്നു കാണുന്നതു വളരെ വിചിത്രമായ തെളിവുതന്ത്രവും യുക്തിവാദതന്ത്രവും തന്നെ. അങ്ങനെ ‘അതിൽ നിന്നു സ്ഥാപകൻ കുലശേഖരൻ’ എന്ന ഒരാളാണ് എന്നു താനേ അങ്ങു കണ്ടതിനുശേഷം അദ്ദേഹം തുടരുന്നു:
‘കുലശേഖരൻ’ എന്ന ബഹുമതി സ്ഥാനനാമം എ. ഡി. 825-നുശേഷം മാത്രം കാണുന്നതാകകൊണ്ട് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകനായ കുലശേഖരൻ ആ വർഷത്തിനു മുമ്പു ജീവിച്ചയാളാകണം.(ഇളംകുളം Studies in Kerala History, Page 217)
ഇതാണ് ദൃഢമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തിലുള്ള തുടക്കം. നാലു വാചകങ്ങളിൽ സുവിദിതചരിത്രസത്യങ്ങളെന്ന മട്ടിൽ നാലു കാര്യങ്ങൾ ആദ്യം സ്വയമങ്ങു പറയുക. തുടർന്നു കുല ശേഖരൻ എന്നു പേരുള്ള ഒരു പ്രസിദ്ധൻ ആർ എന്ന സ്വയംകൃത പ്രശ്നവിചിന്തനമായി കേരളത്തിന്റെ രാജാവായിരുന്ന ഒരു കലശേഖര ആഴ് വാരെപ്പറ്റി വൈഷ്ണവമതകൃതികളിൽ പ്രസ്താവമുണ്ട് എന്നദ്ദേഹം കണ്ടുപിടുത്തം നടത്തുന്നു. (തിരുവഞ്ചിക്കുളം തലസ്ഥാനമാക്കി ഈ പേരുകാരായ ചിലർ കേരളത്തിൽ പെരുമാൾപദം വഹിച്ചിരുന്നതായി കാണിക്കുന്ന നിലവിലുള്ള സൂചന കളെല്ലാം പത്മനാഭമേനോൻ കണ്ടിരുന്നു.
”പെരുമാക്കന്മാരുടെ രാജധാനി തിരുവഞ്ചിക്കുളത്തായിരുന്നു എന്നു വിചാരിക്കാൻ പല സംഗതികളുമുണ്ട്. കുലശേഖരപ്പെരുമാൾ ജനിച്ചത് ഇവിടെയാ ണെന്നും, കുറെക്കാലം കേരളം വാണതിന്റെ ശേഷം ഒടുവിൽ തിരുനെൽവേലി ജില്ലയിൽ ബ്രഹ്മദേശത്തുവച്ച് സ്വർഗ്ഗാരോഹണം ചെയ്തുവെന്നും ഒരു തമിഴ് ഗ്രന്ഥത്തിൽ കാണുന്നുണ്ട്. ഭാസ്കര രവിവൻ എന്ന പെരുമാളുടേയും അദ്ദേഹത്തിന്റെ പ്രിയ ഗുരുവായിരുന്ന സുന്ദരമൂർത്തിയുടേയും ഓടുകൊണ്ടുണ്ടാക്കിയ പ്രതിമകൾ തിരുവഞ്ചിക്കുളത്ത് അമ്പലത്തിൽ വച്ച് പൂജിച്ചുവരുന്നുണ്ട്.” (കൊച്ചി-I P. 91)
ക്രിസ്തീയശാസനങ്ങൾ, ചെപ്പേട് എന്നിവ ചർച്ച ചെയ്യുമ്പോൾ പത്മനാഭമേനോൻ ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്.
“ഈ ശാസനങ്ങളെ സൂക്ഷ്മമായി പരിശോധിച്ചിട്ടുള്ളവർ എല്ലാവരും അതുകളിൽ പറയുന്ന ഭാസ്കര രവിവർമ്മൻ പെരുമാക്കന്മാരിൽ ഒരാളായിരുന്നു എന്നു അഭിപ്രായപ്പെട്ടുകാണുന്നു. കൊടുങ്ങല്ലൂർ മുതൽ തിരുനെല്ലി വരെ അദ്ദേഹത്തിന്റെ അധികാരം ഒരുവിധം നടപ്പുണ്ടായിരുന്നതായി വിചാരിക്കാം.” (Kerala-Vol. I, P. 136.)
ഇതൊക്കെ ദൃഷ്ടിയിൽപ്പെട്ടെങ്കിലും അതുവച്ച് ‘കേരളോത്പത്തി പ്രകാരം പെരുമാൾവാ ഴ്ചക്കഥ പടച്ചുണ്ടാക്കാനോ, സ്വന്തമനോധർമ്മപ്രകാരം ഒരു പുതിയ വംശചരിത്രം പടച്ചുവയ്ക്കാനോ വേണ്ട മഹത്ത്വം’ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നേയുള്ളൂ.) ഈ ആഴ് വാർ ചോള പാണ്ഡ്യരാജ്യങ്ങൾ കൂടി ഭരിച്ചിരുന്നതായിട്ടുള്ള ഐതിഹ്യഭാഗം കണ്ടില്ലെന്നു നടിച്ചുകൊണ്ട്, പിന്നെ പ്രൊഫസ്സർ ഇളംകുളം നടത്തുന്നത്
മനഃപൂർവ്വമുള്ള ഒരു പാണ്ഡിത്യപഞ്ചവാദ്യഘോഷമാണ്. വൈഷ്ണവസിദ്ധനായ കുലശേഖര ആഴ് വാരുടെ കൃതികൾ, അവയുടെ കാലത്തെപ്പറ്റി ഓരോ പണ്ഡിതന്മാർ പറഞ്ഞ അഭിപ്രായങ്ങൾ തുടങ്ങിയവ കെങ്കേമമായി പരത്തിപ്പറഞ്ഞുകൊണ്ട്, തിരുമങ്കെെ ആഴ് വാർക്കു മുമ്പാണു കുലശേഖര ആഴ്‌വാർ ജീവിച്ചിരുന്നതെന്നും, അത് എ. ഡി. 831-നു മുമ്പാണെന്നും അദ്ദേഹം തീരുമാനമാക്കി. എന്നാലും നിശ്ചിതമായ ചാട്ടം അദ്ദേഹം ചാടുന്നില്ല. വീണ്ടും തുടങ്ങുകയാണ് ഒരു രണ്ടാം റൗണ്ട് പാണ്ഡിത്യചെണ്ടമേളം:
“ഈ കുലശേഖര ആഴ്‌വാർ ചേരവംശസ്ഥാപകനാണോ? ഈ ചോദ്യ ത്തിനു സമാധാനം പറയുന്നതിനു മുമ്പ് മറെറാരു കുലശേഖരനെപ്പറ്റി -തപതീ സ്വയംവരം, സുഭദ്രാധനഞ്ജയം, വിച്ഛിന്നാഭിഷേകം എന്നീ നാടകങ്ങളുടേയും ആശ്ചര്യമഞ്ജരി എന്ന ഗദ്യകൃതിയുടേയും കർത്താവായ കുലശേഖര വർമ്മ എന്ന നാടകകൃത്ത് – ചില കാര്യങ്ങൾ നാം അറിയേണ്ടിയിരിക്കുന്നു.(ഇളംകുളം-Studies in Kerala History, P. 218)
തുടർന്നു അനേകം സംസ്കൃതകൃതികളുടെ പേരുകൾ വരുന്നു; കൊല്ലങ്ങൾ വരുന്നു; ധ്വനിസിദ്ധാന്തം വാസ്തവത്തിൽ ഉണ്ടായ കാലം, ആന, കുതിര, മയിൽ, ഒട്ടകം തുടങ്ങിയവയുമൊക്കെ കുത്തിയൊഴുകി വരുന്നു. ഇതൊക്കെ എന്തൊരു കാര്യത്തിനിദ്ദേഹം ഇവിടെ വാരിവിതറി മനുഷ്യനെ കഷ്ടപ്പെടുത്തുന്നു എന്നു വിഷമിക്കുമ്പോൾ, ചെണ്ടമേളത്തിന്റെ മഹാമുഴക്കത്തോടെ ഒരൊറ്റ ചാട്ടം അദ്ദേഹം നടത്തുകയും (ദൃഢമായ ചരിത്രവസ്തുതകളുടെ വെളിച്ചത്തിൽത്തന്നെ) സാമ്രാജ്യസ്ഥാപകനെ ഇങ്ങനെ പിടികൂടുകയും ചെയ്യുന്നു:
”അങ്ങനെ ഇതുവരെ വെളിക്കു കൊണ്ടുവരപ്പെട്ട തെളിവുകൾ കുലശേഖര ആഴ്‌വാരും കുലശേഖരവർമ്മയും ഏകകാലത്തുതന്നെയാണ് കേരളം ഭരിച്ചിരുന്നതെന്നും യഥാർത്ഥത്തിൽ ഇവർ രണ്ടുപേരും ഒരേ വ്യക്തിതന്നെയാണെന്നും തെളിയിക്കുന്നു. തെളിവുകൾ പ്രകാരം അദ്ദേഹം വാണ കാലം 800 – 820 കാലത്തോ അതിലൽപം മുമ്പോ ആണ്.”(ഇളംകുളം-Studies in Kerala History, P. 219)
കേരളത്തിൽ ജനിച്ചവരായ കേരളീയചക്രവർത്തിമാരിൽ ഒന്നാമനായ ഈ വൈഷ്ണവ ആഴ്‌വാർ, കേരളത്തിൽ ജനിച്ചവനാണോ എന്നൊക്കെയുണ്ടാകാവുന്ന ചോദ്യങ്ങൾ പാണ്ഡിത്യചെണ്ട മേളഘോഷത്തിൽ മുക്കിക്കൊന്നും തന്റെ രണ്ടാം ചേരസാമ്രാജ്യം സ്ഥാപിച്ചശേഷം, പിന്നത്തെ ചക്രവർത്തിയെ പിടികൂടുന്ന രീതിയും ഇതുതന്നെയാണ്. രാഷ്ട്രകൂട രാജാവ് കൃഷ്ണൻ ഒന്നാമൻ, സംസ്കൃതനാടകാചാര്യനായ ശൂദ്രകൻ, കാളിദാസൻ, ഹർഷൻ, പിന്നെ ദണ്ഡി എന്നിങ്ങനെയുള്ള പേരുകൾ ഏതോ ഒരു നാടകത്തിൽ പറയുന്നുണ്ടെങ്കിലും ഭവഭൂതിയുടെ പേരു പറയുന്നില്ലെന്നും പറഞ്ഞുകൊണ്ട്, ഒരു പ്രകോപനവും കൂടാതെ അദ്ദേഹം ആദിശങ്കരാചാര്യരുടെ ജീവിതകാല ചർച്ചയിലേക്കു കുതറിമാറുന്നു. ആ പ്രകൃതത്തിൽ അനേകം പേരുകളും ആണ്ടുതിയ്യതികളും മുൻഗണനാ പിൻഗണനാ ചർച്ചയും കഴിഞ്ഞിട്ടാണ് പിന്നത്തെ ചാട്ടം. ശങ്കരാചാര്യരുടെ ശിഷ്യനായ പദ്മാചാര്യരുടെ അതിപുരാതനമായ ഒരു ജീവചരിത്ര (ഓല) ഗ്രന്ഥം തൃശൂരിലെ തെക്കെ മഠത്തിൽ നിന്നു കണ്ടുകിട്ടിയെന്നും ശങ്കരാചാര്യർ ഒരു രാജശേഖരന്റെ കാലത്താണ് ജീവിച്ചിരുന്നതെന്നും അതിൽ പറയുന്നുണ്ടെന്നും അദ്ദേഹം കണ്ടുപിടിക്കുന്നു.(ഇത്ര കണ്ടുപിടുത്തമൊന്നും കൂടാതെ ശ്രീ കെ. പി. പത്മനാഭമേനോൻ കൊച്ചിരാജ്യചരിത്രം 1-ാം ഭാഗത്തിൽ ശങ്കരാചാര്യ ഐതിഹ്യം പറയുന്നതിൽ ഈ വിവരമുണ്ട്. കൊച്ചി രാജ്യചരിത്രം 1, പുറം 148) ആചാര്യരുടെ ശിവാനന്ദലഹരിയിൽ “പ്രപഞ്ചാധീശനായ രാജശേഖരൻ എന്റെ അകക്കാമ്പിൽ വർത്തിക്കുന്നു“ എന്ന ഭാഗം ഈ രാജശേഖരരാജാവിനെക്കൂടി ഉദ്ദേശിച്ചുള്ള ഒരു ദ്വയാർത്ഥപ്രയോഗമാണെന്നും അങ്ങനെ കുലശേഖര ആഴ്‌വാരുടെ പിൻഗാമിയായ കുലശേഖര ചക്രവർത്തി ശ്രീശങ്കരന് സമകാലികനായ ഈ രാജശേഖരനാണെന്നും (ദൃഢമായ തെളിവുകൾകൊണ്ടുതന്നെ) അദ്ദേഹം സ്ഥാപിക്കുന്നു. ഇത്രയും സ്ഥാപിച്ചതിനുശേഷം കഷ്ടമെന്നല്ലാതെ എന്തു പറയാനാണ്? അദ്ദേഹം തുടരുകയാണ്.
“മഹാന്മാരായ ശൈവസിദ്ധന്മാരിൽ ഒരുവനെന്നു പ്രശസ്തിയാർജ്ജിച്ച ചേരമാൻ പെരുമാൾ നായനാർ ഈ രാജശേഖരനായിരിക്കണം. നായന്മാരുടെ കൂടെ തിരുവഞ്ചിക്കുളത്തു താമസിച്ചിരുന്ന സുന്ദരമൂർത്തി ഏതാണ്ട് ഈ കാലഘട്ടത്തിൽ പെടുന്നു.“ (ഇളംകുളം-Studies in Kerala History, Page 220)
കേരളോത്പത്തിയുടേയും മറ്റും ചരിത്രവിരുദ്ധസ്വഭാവം വെളിവാക്കിയ പ്രൊഫസ്സർ ഇളംകുളം ഇങ്ങനെ ഒരു കണ്ടുപിടുത്തത്തിലേക്കു ചാടിയതും ‘പെരിയപുരാണം’ എന്ന തമിഴ് ശൈവ പുരാണത്തിൽ ചേരമാൻ പെരുമാൾ നായനാരെ തിരുവഞ്ചിക്കുളവുമായി ബന്ധിപ്പിക്കുന്ന ഒരു പരാമശമുള്ളതുകൊണ്ടാണ്. പെരിയ പുരാണമാകുന്ന “ദൃഢമായ ചരിത്രരേഖയിലെ കഥ” അദ്ദേഹം തുടർന്നു പകർത്തുന്നുമുണ്ട്.
മതപരമായ ശത്രുതയിൽ പട്ടിയും പൂച്ചയും പോലെ പെരുമാറിയതായി നിരന്തര ചരിത്രമുള്ള ഹൈന്ദവമതവിഭാഗങ്ങളാണു വൈഷ്ണവ ആഴ്‌വാന്മാരും ശൈവനായനാർമാരും. ആഴ്‌വാർസിദ്ധനെ പിടികൂടി (ആൾ മലയാളി തന്നെയാണല്ലോ!) തന്റെ ചേര സാമ്രാജ്യം സ്ഥാപിച്ച ഇളംകുളം ഒരു സങ്കോചവും കൂടാതെ അതിന്റെ പിൻതുടച്ചക്കാരനും കുലശേഖര ആഴ്‌വാരുടെ മകനുമാക്കി പ്രസിദ്ധ ശൈവസിദ്ധനായ ചേരമാൻ പെരുമാൾ നായനാരെ കുലശേഖര ചക്രവർത്തിയായി വാഴിക്കുമ്പോൾ ഒരു കാര്യം അദ്ദേഹം മറന്നില്ലെന്നു കൃതജ്ഞതാപൂർവ്വം നാം കാണേണ്ടതാണ്. അതിപ്രസിദ്ധനായ ഈ ശൈവനായനാരുടെ പിതാവ് ആരെന്ന കാര്യത്തെപ്പറ്റി ശൈവഗ്രന്ഥകാരന്മാർ യാതൊന്നും തന്നെ പറയുന്നില്ലെന്നും അത് ശൈവവൈഷ്ണവ സ്പർദ്ധയുടെ ഫലമാണെന്നും അദ്ദേഹം പറയുകയും അങ്ങനെ നായനാർക്ക് ന്യായമായ രീതിയിൽ പിതാവിനെ നൽകുകയും ചെയ്യുന്നു.(ഇളംകുളം-Studies in Kerala History, Foot Note, Page 221)
പക്ഷേ, സാമാന്യമനുഷ്യരായ നമുക്കു പിടികിട്ടാത്ത കാര്യം, ചക്രവർത്തിയുടെ വൈഷ്ണവമഹാസിദ്ധമലയാളിയുടെ, കിരീടാവകാശിയായ മകൻ ശൈവമഹാസിദ്ധനായ പെരുമാൾ നായനാർ എന്ന ‘കേരളീയൻ’ ആയതിന്റെ സാഹചര്യമെന്താണെന്നതാണ്. “ദൃഢമായ തെളിവുകൾ” കൂട്ടിനില്ലാത്ത ഇത്തരം ചോദ്യം മഹാചരിത്രകാരനായ പ്രൊഫസ്സർ ഇളംകുളത്തോടു ചോദിക്കാൻ ഇനി ധൈര്യം തോന്നിയിട്ടും കാര്യമില്ല. ശ്രീധര മേനോനെ ഇത്തരം ചോദ്യങ്ങൾകൊണ്ടു വിഷമിപ്പിക്കുന്നതു ന്യായവുമല്ലല്ലോ?
പ്രൊഫസ്സർ ഇളംകുളത്തിന്റെ ഈ ശാസനാഭ്യാസപ്രകടനം അതേപടി വിഴുങ്ങിയാൽ നമുക്കു കിട്ടുന്ന വസ്തുത അദ്ദേഹത്തിന്റെ രണ്ടാം ചേരസാമ്രാജ്യപ്പട്ടികയിൽ ചക്രവർത്തിമാരായി പേരുപറയുന്ന 13 പേരിൽ 11 പേർ 845-നും 1102-നും ഇടയ്ക്കു മലയാളക്കരയിൽ എവിടെയെന്നും വിസ്തൃതി എത്രയെന്നും നിശ്ചയമില്ലാത്ത പ്രദേശങ്ങളിൽ രാജാക്കന്മാരെന്ന നിലയിൽ ജീവിച്ചിരുന്നിരിക്കണം എന്നുമാത്രമാണ്. അത്രയും കഴിഞ്ഞാൽ അവരുടെ ഭരണം, അവരുടെ വാഴ്ചക്കാലത്തെ സമുദായസ്ഥിതി, അന്നത്തെ രാജ്യത്തിന്റെ വിഭവശേഷി – സർവോപരി അവർ നടത്തിയെന്നു പറയുന്ന നൂറ്റാണ്ടുനിരന്തരയുദ്ധത്തിനു വേണ്ട സൈനികശക്തിയും ധനശേഷിയും ഇതൊക്കെ, യാതൊരു തെളിവും കൂടാതെ കേവലം ചങ്കൂറ്റം കൊണ്ട് എഴുതിവെച്ചിരിക്കുന്ന സരസ്വതി പ്രസാദങ്ങൾ മാത്രമാണ്.
വേണാട്, ഓടനാട്, നൻറുഴനാട്, മുഞ്ഞുനാട്, വെമ്പൊലി നാട്, കീഴ്മലൈനാട്, കൽകരൈനാട്, നെടുംപുറയൂർനാട്, വളവനാട്, ഏറാൾ നാട്, പോളനാട്, കുമ്പ്രനാട്, കോലത്തു നാട്, പുറക്കിഴനാട് ഇങ്ങനെ 14 നാടുകളായി, മലയാളക്കര അന്നു വിഭജിക്കപ്പെട്ടിരുന്നുവെന്നും, അവിടെയുള്ള നാടുവാഴികളെ കുലശേഖര ചക്രവർത്തിമാർ നിയമിക്കുകയായിരുന്നു പതിവെന്നും ഇളംകുളവും ശ്രീധരമേനോനും പറയുന്നുണ്ട്. ഈ രാജാക്കന്മാരുടെ അപ്പോയിൻമെൻറ് നടപടിക്കെന്നപോലെ തന്നെ ചേര ചക്രവർത്തിമാരുടെ നാട് പ്രവിശ്യകളാക്കുന്ന വിഭജന നടപടിക്കും തെളിവെന്താണെന്നും അവർ രണ്ടുപേർക്കും ഒരുപക്ഷേ, ദൈവത്തിനും മാത്രം അറിഞ്ഞെന്നുവരാം. 300 കൊല്ലം ഈ 14 നാടുകളിൽ വാഴ്ച നടത്തിയ 200-ൽ കുറയാനിടയില്ലാത്ത രാജാക്കന്മാരിൽ നാലഞ്ചുപേരൊഴികെയുള്ളവരുടെ പേരു പറയുന്ന ഒരു രേഖയുമില്ലെന്നുതന്നെയല്ല ഇവർ കൊട്ടാരവും കോട്ടയും കെട്ടി പൊറുതിയായിരുന്ന പത്തിനങ്ങളെ സൂചിപ്പിക്കുന്നതായി മലയാളക്കരയിൽ ഇന്നു ഒരു കരിങ്കൽക്കൂനപോലുമില്ല.
ഇങ്ങനെ യാതൊന്നും തന്നെ ഇല്ല. മാത്രമല്ല, ഇതേ ഒൻപതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയ്ക്കുള്ള കാലത്ത് നമ്പൂതിരിമാർ കേരളത്തിൽ സ്ഥാപിച്ചതും അവരോടുള്ള ഭക്തിയാൽ ചില കേരളീയനാടുവാഴികൾ പുതുക്കിപ്പണിയിച്ചതുമായി കരുതുന്ന പുരാതന ക്ഷേത്രങ്ങൾ -ദക്ഷിണേന്ത്യൻ മഹാക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നന്നെ എളിയ ക്ഷേത്രങ്ങൾ – കാര്യമായ കേടുകൂടാതെ ഇന്നും നിലവിലുണ്ട്. ഈ ക്ഷേത്രങ്ങളിലെ രേഖാശേഖരങ്ങളിൽനിന്നും (ഏറ്റവും കൂടുതൽ ചരിത്രപ്രാധാന്യമുള്ളത് ക്രിസ്ത്യൻ പള്ളിയിൽ നിന്നും യഹൂദപ്പള്ളിയിൽനിന്നും കിട്ടിയവയാണ്) കണ്ടുകിട്ടിയ മുപ്പത്തിയൊന്ന് ഇഷ്ടദാനപ്പട്ടയങ്ങളിൽ ചില പേരുകൾ കാണുന്നതു വെച്ചുകൊണ്ട്, 49 പുറം വരുന്ന ഒരു കസർത്തു പ്രബന്ധമെഴുതി ഒരാൾ മുന്നൂറുകൊല്ലത്തെ ചരിത്രമുണ്ടാക്കിയതായി പ്രഖ്യാപിക്കുകയും ആയത് ഉടനെ അംഗീകൃത ചരിത്രമായി എല്ലാ നിലവാരങ്ങളിലും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നടപടി ‘പരശുരാമ ക്ഷേത്രത്തിൽ’ മാത്രമേ നടക്കുകയുള്ളൂ.
(ഈ ഗ്രന്ഥവരികളും ശാസനങ്ങൾ തുടങ്ങിയവയും ഊരാളന്മാരായ നമ്പൂതിരിമാരുടെ സമ്പൂർണാധിപത്യത്തിലിരുന്ന ക്ഷേത്രങ്ങളിലേതാണ്. ഇളംകുളത്തിന്റെ ചരിത്രസിദ്ധാന്തത്തിൽ കാതലായ ഒന്ന്, ഈ ഊരാണ്മസ്ഥാനം ഉപയോഗിച്ച് കൃത്രിമരേഖകളുണ്ടാക്കി ദേവസ്വം ഭൂമികൾ അപഹരിച്ച് കൃത്രിമികളാണു നമ്പൂതിരിമാർ എന്നതാണ്. അപ്പോൾ നേക്കുനേരെ നോക്കുമ്പോൾ, ഇവരിൽ നിന്നു പകർന്നും അവശേഷിക്കുന്ന ക്ഷേത്രരേഖകൾ മറ്റാരൊക്കെ തെളി വായി സ്വീകരിച്ചാലും, ഇളംകുളം അതൊക്കെ കൃത്രിമങ്ങളായി നിരാകരിക്കും എന്നാണു സാമാന്യമനുഷ്യർ ധരിക്കുക.)
ഇങ്ങനെ ഒന്നു കണ്ടുപിടിച്ച ഇളംകുളമല്ലെങ്കിൽ, അതേറ്റു പാടി പ്രചരിപ്പിച്ച ശ്രീധരമേനോനെങ്കിലും, ചില ചോദ്യങ്ങൾ സ്വയം ചോദിക്കണമായിരുന്നു. കേരളമാകെ അധീനത്തിലാക്കി വാഴാനാവുന്ന രൂപത്തിൽ വൈഷ്ണവസിദ്ധനായ ഈ ആഴ്‌വാർ എങ്ങനെ ഇവിടം അധീനപ്പെടുത്തി? അദ്ദേഹം ഈ രാജ്യം ആക്രമിച്ചു പിടിച്ചതാണോ? അതല്ല കേരളീയനായ അദ്ദേഹം വൈഷ്ണവഗീതങ്ങൾ പാടി രാജ്യത്തെയും ജനതയെയും പ്രജകളാക്കിയതാണോ? ഈ ചേരസാമ്രാജ്യം നിലവിൽ വരുമ്പോൾ, ഇളംകുളം പറയുന്ന നാടുവാഴി രാജസ്ഥാനങ്ങൾ ഇവിടെ നിലവിലുണ്ടായിരുന്നോ? ഉണ്ടെങ്കിൽ ആഴ് വാർ പാട്ടുപാടിത്തന്നെയാണോ അവരുടെ മേൽ അധീശത്വം നേടിയത്? ഈ രണ്ടാം ചേരസാമ്രാജ്യ ചക്രവർത്തിമാരുടെ സാമ്രാജ്യകേന്ദ്രമായി, ഈ 14 നാടുകൂടാതെ ഏതെങ്കിലും നാട് അവർ നേരിട്ടു ഭരിച്ചിരുന്നോ? അതല്ല ”ദക്ഷിണേന്ത്യൻ പത്തിനങ്ങൾക്കു നടുനായകമായിരുന്ന മഹോദയപുരം പത്തിനം” ഇന്നത്തെ ന്യൂദൽഹി പോലെ ഒരു നഗര സ്റ്റേറ്റ് മാത്രമായിരുന്നോ?
ഈ ഒടുവിലത്തെ ചോദ്യത്തിനും വളരെക്കൂടുതൽ പ്രസക്തിയുണ്ട്. എന്തെന്നാൽ, ചക്രവർത്തിയാവുന്നവനും ചക്രവർത്തിസ്ഥാനത്ത് വരാനും അതിൽ തലമുറയാ തുടരാനും ശക്തി വേണം – സ്ഥിരവും നിരന്തരസജീവവുമായ സൈനികശക്തി, അതിന് സമ്പത്തു വേണം. സമ്പത്തു പ്രവൃദ്ധമായി നിരന്തരം വന്നുകൊണ്ടിരിക്കയും വേണം. (അതല്ലെങ്കിൽ അലംഘ്യസ്വാധീനമുള്ള ഏതെങ്കിലും മതമേധാവിത്വശക്തിയുടെ അംഗീകാരവും ആശിസ്സും വേണ്ടിവരും) ഈ വിഭവസമാഹരണ പ്രകൃതത്തിൽ ഇളം കുളത്തിന്റെ ചരിത്രപരമായ നിലപാട് ശ്രീധരമേനോൻ ഇങ്ങനെ പകർത്തിയിരിക്കുന്നു.
“സാമ്രാജ്യത്തിലെ നികുതിഘടനയെക്കുറിച്ചും അന്നത്തെ ശാസനങ്ങളിൽ നിന്നു മനസ്സിലാക്കാം. രാജാവിനു ചെല്ലേണ്ട വാരം (ഭോഗം) /കോപ്പതവാരവും ദേശവാഴിക്കു ചെല്ലേണ്ട വാരം പതിപ്പതവാരവുമായിരുന്നു. മൊത്തം ഉത്പന്നത്തിന്റെ പത്തിലൊന്നു വീതമായിരുന്നു ഈ ഓരോ നികുതിയും.”
“അക്കാലത്തെ ശാസന” വിദ്യയൊന്നും വശമില്ലാത്ത കെ പി. പത്മനാഭമേനോൻ, തരിസാപ്പള്ളി ശാസനത്തിൽ കാണുന്ന സമുദായ സ്ഥിതി വിവരിക്കുന്ന പ്രകൃതത്തിൽ ഈ നികുതികളെ പറ്റി പറയുകയും അതിൽ ഒന്നാം പങ്കു സ്വരൂപിയായ രാജാവിനുള്ളതും, രണ്ടാം പങ്കു സ്വരൂപിയുടെ കീഴിലുള്ള ദേശങ്ങളിലെ വാഴ്ചക്കാരനായ ദേശവാഴിക്കുള്ളതുമാണെന്നും സന്ദർഭവശാൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ, കോപ്പതവാരം രാജാവും പതിപ്പതവാരം ദേശവാഴിയും പിരിച്ചെടുത്തുകഴിയുമ്പോൾ ഇളംകുളത്തിന്റെ ചേരചക്രവർത്തിമാക്കുള്ള വരവിനം ഏതാണ്? അയ്യനടികളെപ്പോലെയും കോതമാർത്താണ്ഡനെപ്പോലെയുമുള്ള രാജാക്കന്മാർ സ്വയം വായു ഭക്ഷണം മതിയെന്നുവെച്ചു കോപ്പതവാരം ചക്രവർത്തിക്കു കൊടുക്കുക എന്നതായിരുന്നോ നടപടി? (തുറമുഖനഗരമായ കൊല്ലത്തെ ഏതാനും സ്ഥലത്തെ സംബന്ധിച്ചാണു കോപ്പതവാരം പറയുന്നതായ ഈ ശാസനം. കേരളത്തിൽ രാജാവിനു ഭൂമിയിന്മേൽ അധീശത്വമോ, ഉടമസ്ഥതാപരമായ അധികാരമോ, ഭൂമിയിൽനിന്നുള്ള ഏതെങ്കിലും തരം നികുതിയോ മുൻകാലങ്ങളിൽ നിലവിലുണ്ടായിരുന്നില്ല എന്നതാണു പൊതുനിലയെന്നും, ജന്മിക്ക് ഭൂമിയിന്മേലുള്ള ഉടമസ്ഥത സ്വയംഭൂവായ സമ്പൂർണ്ണാധികാരമായിരുന്നുവെന്നും, വഴിയേ പല അധ്യായങ്ങളിലും വിശദമായി വിവരിക്കപ്പെടുന്നുണ്ട്.)
ഈ ചക്രവർത്തിമാർ സൈന്യം സ്വരൂപിച്ചിരുന്നതെങ്ങനെയാണെന്ന പ്രശ്നവും മഹാസൈന്യത്തിന്റെ ചെലവും, നിരന്തരം നടത്തിയ യുദ്ധച്ചെലവും വഹിച്ചിരുന്നതെങ്ങനെയാണെന്ന പ്രശ്നവും വേറെ കിടക്കുന്നു. ഡച്ചുകാരുടെ കാലത്തിന്റെ അവസാന ഘട്ടം വരെ അടിമപ്പുലയനെക്കൊണ്ടു കൃഷിചെയ്യിച്ചെടുക്കുന്ന നെല്ലല്ലാതെ സംഘടിതമായ മറ്റു കാഷികവൃത്തിയോ സംഘടിതമായ വിഭവോൽപാദനമോ കേരളത്തിലുണ്ടായിരുന്നതായി കാണുന്നില്ല. (വിഭവോൽപാദനം വിവരിക്കുന്ന രണ്ട് അദ്ധ്യായങ്ങൾ ഈ ഗ്രന്ഥത്തിൽ വഴിയേ വരുന്നുണ്ട്. അതിൽ ഈ കാര്യം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.) കെ. പി. പത്മനാഭമേനോൻ പുരാതനകാലത്തു കേരളത്തിൽ സൈന്യരൂപീകരണം നടത്തിയിരുന്ന രീതി ഇങ്ങനെയാണ് വിവരിക്കുന്നത്:
”യുദ്ധത്തിനു ഭടജനങ്ങളെ ശേഖരിച്ച് പുറപ്പെടേണ്ട ആവശ്യത്തിലേക്കായി രാജ്യം മുഴുവനും നാടുകളായും ദേശങ്ങളായും വിഭജിച്ച് ഓരോ നാടിന്റെയും ദേശത്തിന്റെയും നായകന്മാരായി നാടുവാഴിയെന്നും ദേശവാഴിയെന്നും സ്ഥാന പേരോടുകൂടി ചില ഇടപ്രഭുക്കന്മാരെ മുൻകാലങ്ങളിൽത്തന്നെ കല്പിച്ചിട്ടുണ്ടായിരുന്നു. രാജാവ് ആവശ്യപ്പെടുന്ന സമയം തങ്ങളുടെ അധീനത്തിലുള്ള ആയുധപാണികളായ നായന്മാരോടുകൂടി യുദ്ധസന്നദ്ധരായി പുറപ്പെടാൻ അവർ ബാധ്യസ്ഥരായിരുന്നു”(കൊച്ചിരാജ്യചരിത്രം-1, പുറം 39)
ഒരു ദേശവാഴിക്കു ഇരുപത്തഞ്ചുമുതൽ നൂറുവരെ നായർ ഭടന്മാർ ഉണ്ടായിരിക്കുമെന്നും നാടുവാഴിയുടെ സേനാബലം നൂറിനും മൂവായിരത്തിനും മദ്ധ്യേ വരുമെന്നും തുടർന്നു പറയുന്ന അദ്ദേഹം അക്കാലത്തെ (അതായതും തരിസാപ്പള്ളി ശാസനകാലം മുതലുള്ള കാലത്തെ, അതായത് 9-ാം നൂറ്റാണ്ടു മുതൽ) ഭരണ സംവിധാനത്തെക്കുറിച്ചും പറയുന്നുണ്ട്:
“രാജാവ് തന്റെ സ്വയാധികാരത്തിലുള്ള ഭാഗം രാജ്യം നേരിട്ടു ഭരിക്കുന്നതിനു പുറമേ സ്വരൂപികളുടെ മേൽക്കോയ്മ കൂടി വഹിക്കും. സ്വരൂപികൾ എന്നു പറയുന്നതു ഖണ്ഡാധിപതികളായ രാജാക്കന്മാരും എടപ്രഭുക്കന്മാരും മാടമ്പികളുമാകുന്നു. സ്വരൂപികൾക്കും അധീനമായ രാജ്യം അവർക്ക് നേരിട്ട് ഭരിക്കാം. മേൽക്കോയ്മയുടെ നേരെ ശത്രുക്കൾ എതിർക്കുമ്പോഴും മേൽക്കോയ്മ ശത്രുക്കളുടെ നേരെ യുദ്ധത്തിനു പുറപ്പെടുമ്പോഴും സ്വരൂപികൾ പുരുഷാരം കൊണ്ടും ആയുധം കൊണ്ടും സഹായം ചെയ്യേണ്ടതാണ്.(കൊച്ചിരാജ്യചരിത്രം-1, പുറം 39)
പ്രൊഫസ്സർ ഇളംകുളം സാമ്രാജ്യം സ്ഥാപിച്ചു സാങ്കല്പിക ചക്രവർത്തി ഭരണം നടത്തിയ കാലത്ത് ഈ കേരളപ്രദേശത്തുണ്ടായിരുന്ന സംവിധാനം ഇതാണ്. തന്റെ സാമ്രാജ്യത്തിന്റെ വംശാവലി നിർണ്ണയിക്കാനുള്ള അടിസ്ഥാനരേഖയായി തസാപ്പള്ളിശാസനം (എ.ഡി. 848) ഉപയോഗപ്പെടുത്തുന്ന അദ്ദേഹം വഴിയേ നാം പ്രതിപാദിക്കേണ്ട മറ്റു ചില കാരണങ്ങളാൽ) നായന്മാർ, കമ്മാളർ, ഈഴവർ എന്നിങ്ങനെയുള്ള ജാതികൾ ആ ശാസനകാലത്തോ തുടർന്നുള്ള രണ്ടു ശതാബ്ദക്കാലത്തോ നിലവിലില്ലെന്നുള്ള ഒരു ഭാവം കലശലായി അഭിനയിക്കുന്നുണ്ടെങ്കിലും (ജാതിത്തിരിവ് കാര്യം ഒരിടത്തും പറയാതിരിക്കുകയും ജാതിഭേദമില്ലാത്ത ജനതയുടെ ഏകതാഭാവത്തെപ്പറ്റി കൂടെക്കൂടെ പറയുകയുമാണു ആ തന്ത്രം) പൂച്ച ഇങ്ങനെ പുറത്തു ചാടുന്നു;
”കൊല്ലം പട്ടണത്തിന്റെ ഭരണം അറുനൂറ്റുവർ എന്ന പൗരസമിതികളിൽ നിക്ഷിപ്തമായിരുന്നു.”
ജനകീയ ജനാധിപത്യപൗരസമിതികളായി ഇളംകുളവും മറ്റും വാഴ്ത്തുന്ന ഈ അറുന്നൂറ്റുവരും മുന്നൂറ്റുവരും ആരായിരുന്നു? ഇളംകുളവും മറ്റും തൽക്കാലം ഇതിനുത്തരം പറയുകയില്ലെങ്കിലും കെ. പി. പത്മനാഭമേനോൻ, തന്റെ തരിസാപ്പള്ളി ശാസന ചർച്ചയിൽ കണ്ടതായ സത്യം അതുപോലെ പറയുന്നുണ്ട്.
”രക്ഷാകർത്തൃത്വം വഹിച്ചിരുന്നതായി ‘അറുനൂറും’ എന്ന ഒരു സംഘമുണ്ടായിരുന്നതായി കാണുന്നതും മുൻപറഞ്ഞ നായർ സംഘങ്ങളിൽ ഒന്നായിരിക്കുവാനേ മാർഗം കാണുന്നുള്ളൂ. ഇവ (ശാസനപ്രകാരം) ദത്തം ചെയ്ത അവകാശങ്ങളെ രക്ഷിക്കുവാൻ 3-ാമത്തെ ശാസനം അവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ തലവന്മാർ ചെയ്ത പ്രവൃത്തികൾ അവർ ചെയ്തതായി വിചാരിക്കണമെന്നും പറയുന്നു.(കൊച്ചിരാജ്യചരിത്രം 1, പുറം 31)
അറുന്നൂറ്റുവർ മുന്നൂറ്റുവർ എന്നിങ്ങനെ പാരമ്പര്യവഴിയായുള്ള നായർ കാരണവസംഘങ്ങൾ. തലവന്മാർ ചെയ്തത് സംഘം ചെയ്തതായി കരുതി രക്ഷാകർത്തൃത്വം വഹിക്കുന്നതും ഈഴവർ, കമ്മാളർ, പുലയർ തുടങ്ങിയ ജാതിത്തിരിവുകളും അടിമത്തങ്ങളും നിലവിലുള്ളതുമായ രാഷ്ട്രീയ-സാമൂഹ്യവിധാനം സ്ഥിരരീതിയായിക്കഴിഞ്ഞെന്നു വ്യക്തമാക്കുന്ന തരിസാപ്പള്ളി ശാസനകാലത്ത്, നേരിട്ടു ഭരിക്കാൻ പ്രത്യേകം നാടില്ലാത്ത രണ്ടാം ചേരസാമ്രാജ്യ ചക്രവർത്തിമാർക്ക്, നോട്ടപ്പിഴകൊണ്ടാവാംസാമ്രാജ്യ സ്രഷ്ടാവായ ഇളംകുളം യാതൊരു വരുമാനവും കൊടുക്കാതെയാണ് പ്രൗഢികൾ മുഴുവനും വലിച്ചേറ്റിയിരിക്കുന്നത്. ജനങ്ങളെ മുഴുവൻ നിർബന്ധിത സൈന്യശേഖരണം വഴി യോദ്ധാക്കളാക്കി ”ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കുന്ന രാജ്യത്തെ ആർക്കും കീഴടക്കാനാവുകയില്ല” എന്ന പാഠം വെളിവാക്കുമാറ് നൂറ്റാണ്ടുയുദ്ധം ചെയ്യണമെന്ന നിർ ദ്ദേശത്തോടെ പ്രൊഫസ്സർ നിർദ്ദേശിച്ചു വിട്ടപ്പോൾ അവർക്കു ശമ്പളം കൊടുക്കാനോ ഭക്ഷണത്തിനു വകയുണ്ടാക്കാനോ അദ്ദേഹം മനസ്സ് വെക്കാതിരുന്നതും ഭാവനാശക്തിക്കു വന്ന പതർച്ചകൊണ്ടാവണം.
ഇന്ന രാജാവിന്റെ ഇത്രാം ഭരണവർഷം എന്നും രേഖാത്തിയ്യതി പറയുന്നതിൽ നിന്നു കിട്ടുന്ന പേരുകൾ മാത്രം വെച്ചുകൊണ്ട് ചേര ചക്രവർത്തിമാരുടെ വംശാവലി തയ്യാറാക്കുകയാണ് ഇളംകുളം ചെയ്തിരിക്കുന്നതെന്നിരിക്കെ ചേരചക്രവർത്തിമാർ മക്കത്തായികളായിരുന്നു” എന്നും ഇവരൊക്കെ “ഏലേസാ വിളിപോലെ നിരന്തരം ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതും മനോധർമ്മ വൈഭവം എന്നേ പറയാനുള്ളൂ.
ചരിത്രത്തെപ്പറ്റി സാമാന്യജ്ഞാനമുള്ളവർക്ക്, കേന്ദ്രീകൃത രാജസ്ഥാനങ്ങളെക്കുറിച്ചും വിപുലമായ സാമ്രാജ്യവാഴ്ചകളെക്കുറിച്ചും ബാലപാഠമായറിയാവുന്ന ചില കാര്യങ്ങളുണ്ട്. ഭരണകേന്ദ്രവും ഭരണത്തിന്റെ വിദൂരസ്ഥാനങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളും മറ്റു ഗതാഗത സൗകര്യങ്ങളുമാണ് കേന്ദ്രീകൃതമായ ഭരണത്തിന്റെ മുൻവ്യവസ്ഥ. ഒരു കേന്ദ്രീകൃതവാഴ്ചയുടെ നിലനില്പിന്നാധാരമായ സൈനികശക്തിയുടെ മുൻവ്യവസ്ഥയും സുഗമമായ ഗതാഗതശൃംഖലകൾ തന്നെ. കേരളത്തെക്കുറിച്ചും ശരിക്കും വെളിവായുള്ള ചരിത്രവസ്തുക്കൾ കൊണ്ടു കാണുന്നത്. ഇവിടെ ആദ്യമായി ഗതാഗതസൗകര്യത്തെപ്പറ്റി ആലോചിച്ചതുതന്നെയും മാർത്താണ്ഡവർമ്മ മഹാരാജാവാണെന്നാണ്. അരൂർമുതൽ നാഞ്ചി നാടുവരെയുള്ള രാജ്യഭാഗങ്ങൾ പിടിച്ചടക്കി ഒരു കേന്ദ്രീകൃതരാഷ്ട്ര വാഴ്ച (കേരളത്തിന്റെ പകുതിഭാഗത്ത് ) സ്ഥാപിച്ച മാർത്താണ്ഡ വർമ്മയാണ് കൊല്ലം, കായംകുളം കായലുകളെ ദീർഘമായ ഒരു തോടുവഴി ബന്ധിപ്പിച്ചതും, ഗതാഗത സൗകര്യമെന്ന ആശയം തന്നെയും കേരളത്തിൽ കൊണ്ടുവന്നതും. രാജസ്ഥാനം നിലനിൽക്കാൻ ശമ്പളം പറ്റുന്ന സ്ഥിരം സൈന്യം വേണമെന്നും അതിനു ധാരാളമായി പണം വേണമെന്നും ആദ്യമായി മനസ്സിലാക്കി പ്രവർത്തിച്ചതും മാർത്താണ്ഡവർമ്മ തന്നെ (1729-1758). കേന്ദ്രീകൃത ഭരണനിയന്ത്രണത്തിനും അധികാര സംരക്ഷയ്ക്കും അവശ്യം വേണ്ട മുൻ വ്യവസ്ഥയാണ് റോഡുകൾ എന്നറിയാമായിരുന്ന ടിപ്പുവാണ് (1780-1792) മലബാറിൽ ഇന്നുള്ള പ്രധാന റോഡുകളെ വെട്ടിയതെന്നും കല്ലിട്ട റോഡെന്നുവേണ്ട കാളവണ്ടിപോലും മലബാറിനും അജ്ഞാതമായിരുന്നുവെന്നും കാണുന്നു.(Colonel Dows Minutes 1796-Quoted by Logan (1957 Eda.), Page 64)
എ.ഡി. 9 – 10 -11 നൂറ്റാണ്ടുകാലത്തെ കേരളക്കരയിൽ, കൊടുങ്ങല്ലൂർ തലസ്ഥാനമാക്കി ചക്രവർത്തി വാഴ്ച നടത്തി, രാജരാജചോളന്റെയും രാജേന്ദ്രചോളന്റേയും സൈന്യങ്ങളുമായി കൊല്ലത്തും വിഴിഞ്ഞത്തും ശുചീന്ദ്രത്തുമൊക്കെ വെച്ച് ഒരു നൂററാണ്ടുകാലം വിജയകരമായി യുദ്ധം ചെയ്യുന്ന ഇളംകുളത്തിന്റെ, സ്ഥിരസൈന്യമില്ലാത്ത ചേരചക്രവർത്തിമാർ, പതിനായിരക്കണക്കിനു ഹെലിക്കോപ്റ്റർ വിമാനങ്ങളുള്ളവരായിരുന്നുവെന്നും അക്കാലത്തെ ശാസനകൾകൊണ്ട് കാണുന്നുണ്ടോ എന്നു നമുക്കറിയില്ലല്ലോ.
പല്ലവരാജസ്ഥാനപ്രഭാവത്തിന്റേയും ചോളസാമ്രാജ്യപ്രഢിയുടേയും മേന്മ വിളംബരം ചെയ്തുകൊണ്ട് നെടുരാജവീഥികളും കരിങ്കല്ലിൽ സംഗീതമാലപിക്കുന്ന ഗംഭീരോദാരമായ അനേകം മഹാക്ഷേത്രശില്പങ്ങളും ഇന്നും നിലനില്ക്കുന്നു. ഏഴു മുതൽ പന്ത്രണ്ടു വരെ നൂറ്റാണ്ടുകളിലെ പല്ലവ-ചോള-പ്രൗഢി ഉദ്ധതമായി ഏറ്റുപറഞ്ഞുകൊണ്ടു മഹാബലിപുരത്തെ ഏകശിലാശില്പങ്ങളും കാഞ്ചീപുരത്തെ കൈലാസനാഥ ക്ഷേത്രവും വൈകുണ്ഠപ്പെരുമാൾ ക്ഷേത്രവും ചിദംബരം ശ്രീരംഗം ക്ഷേത്രങ്ങളും സാക്ഷാൽ തഞ്ചാവൂർ, ഗംഗൈകൊണ്ട ചോപുരം എന്നീ ക്ഷേത്രങ്ങളും ഒരുവശത്തു നില്ക്കുന്നു. ചെറിയതോതിൽ ഉറച്ച ഒരു രാജസ്ഥാനവും വിഭവശേഷിയും തജ്ജന്യമായ പ്രൗഢസങ്കല്പവും കൈവന്ന മാർത്താണ്ഡവർ മ്മയുടെ രാജകീയ പ്രൗഢിക്കും ശക്തിക്കും ആനുപാതികമായി സാക്ഷി പറഞ്ഞുകൊണ്ട് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇങ്ങേവശത്തും നിലനിൽക്കുന്നു. ഈ രണ്ട് അറ്റങ്ങളുടെ നടുവിൽ, മുന്നൂറു കൊല്ലം മഹാസാമ്രാജ്യപ്രൗഢിയോടെ കേരളം വാണു ചോഴരെ വെന്ന രണ്ടാം ചേരസാമ്രാജ്യ ചക്രവർത്തിമാരുടെ പ്രൗഢിമുഴുവനും ആരുടെ തലയ്ക്കകത്തായിരുന്നു എന്നു ചോദിച്ചു കൊണ്ട് പുരാവസ്ത്രസംബന്ധമായ പടുശൂന്യത ദുഃഖസത്യമായി നിലനിൽക്കുകയും ചെയ്യുന്നു.
കടപ്പാട്: ജാതിവ്യവസ്ഥയും കേരള ചരിത്രവും: പി.കെ. ബാലകൃഷ്ണൻ