എം.സി. കുഞ്ഞുമുഹമ്മദ് ഹാജി(ന.മ):
നഷ്ടമായത് പ്രാദേശിക ചരിത്രത്തിന്റെ സഞ്ചിത നിധി

സൈനുദ്ദീൻ മന്ദലാംകുന്ന്:

മുസ് ലിം ലീ​ഗ് നേതാവും പ്രാദേശിക ചരിത്രത്തിന്റെ സഞ്ചിതമായ നിധി ശേഖരവുമായിരുന്നവരും മന്ദലാംകുന്ന് സ്വദേശിയും 18.5.22 ന് അല്ലാഹുവിലേക്ക് യാത്രയായവരുമായ ബഹുമാനപ്പെട്ട എം.സി. കുഞ്ഞി മുഹമ്മദ് ഹാജി(ന.മ) യെ അനുസ്മരിക്കുന്നു.

ചില വേർപാടുകൾ സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതാണ്. പകരക്കാരനോ പിൻ​ഗാമിയോ ഇല്ലാത്ത വിധമുള്ള ചില പ്രതിനിധാനങ്ങൾ, വ്യക്തിത്വങ്ങൾ അവരുടെ വിയോ​ഗത്തോടെ ശൂന്യമാക്കുന്നത് സഞ്ചിതമായ അവരുടെ വൈജ്ഞാനിക മേഖലകളെയാണ്. അവർക്ക് ശേഷം അവർ കൈകാര്യം ചെയ്തിരുന്ന പല മേഖലകളും ശൂന്യസ്ഥലികളായി പരിണമിക്കും.
പ്രാദേശിക ചരിത്രത്തിൽ അപാരമായ അവ​ഗാഹമുണ്ടായിരുന്ന, ചരിത്രമായിരുന്നാലും മറ്റ് വിജ്ഞാന മേഖലകളായിരുന്നാലും പ്രാമാണികതയോടെ അവയെ സമീപിച്ചിരുന്ന മന്ദലാംകുന്ന് സ്വദേശിയും മുസ് ലിം ലീ​ഗിന്റെ തൃശൂർ ജില്ലയിലെ സമുന്നത നേതൃസ്ഥാനങ്ങളലങ്കരിച്ചവരും മഹല്ല് കമ്മിറ്റി പ്രസിഡന്റ്, മറ്റ് രാഷ്ട്രീയ, സാമൂഹിക, മതകീയ സംരംഭങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ നേതൃത്വപരമായ സ്തുത്യർഹ സേവനങ്ങൾ സമർപ്പിച്ചവരുമായ ബഹുമാനപ്പെട്ട എം.സി. കുഞ്ഞുമുഹമ്മദ് ഹാജി അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. അല്ലാഹു അവന്റെ സവിശേഷമായ ഔദാര്യത്താൽ പൂർണ്ണ മ​ഗ്ഫിറത്ത് നൽകി അവന്റെ തൃപ്തി സിദ്ധിച്ചവരുടെ കൂട്ടത്തിൽ അദ്ദേഹത്തെയും നമ്മെയും ഉൾപ്പെടുത്തുമാറാകട്ടെ… അദ്ദേഹത്തിന്റെ വിയോ​ഗത്താൽ സംഭവിച്ചിട്ടുള്ളത് പ്രാദേശിക ചരിത്രത്തിൽ നികത്താനാവാത്ത ശൂന്യത തന്നെയാണ്.
വൈയ്യക്തികമായി അദ്ദേഹവുമായി കുടുംബ ബന്ധമുള്ളതിനാലും കാരണവ സ്ഥാനത്ത് പരി​ഗണിച്ചിരുന്നവരുമായതിനാലും ബഹുമാനാദരവുകൾ കലർന്ന ഒരു ബന്ധമാണ് അദ്ദേഹത്തോട് പുലർത്തിയിരുന്നത്. ആദ്യ കാലങ്ങളിൽ അദ്ദേഹത്തിന്റെ വൈജ്ഞാനിക പശ്ചാത്തലത്തെ സംബന്ധിച്ചും നേതൃ ​ഗുണങ്ങളെ പറ്റിയും ചില സാമാന്യ ധാരണകൾ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നാൽ അദ്ദേഹത്തിൽ ഉൾച്ചേർന്ന സർ​ഗസിദ്ധികളെ കുറിച്ച് ഞാനാദ്യം അറിയുന്നത് പ്രമുഖ എഴുത്തുകാരനും മുസ് ലിം ലീ​ഗ് നേതാവുമായിരുന്ന കെ.പി. കുഞ്ഞി മൂസ സാഹിബിൽ നിന്നുമാണ്. എന്റെ പേരിനൊപ്പമുള്ള മന്ദലാംകുന്ന് എന്ന സ്ഥല നാമം കണ്ട് അദ്ദേഹം എം.സി. കുഞ്ഞിമുഹമ്മദ് മന്ദലാംകുന്ന് എന്ന പേരിലൊരാളെ അറിയുമോ എന്ന് എന്നോട് ചോദിക്കുകയുണ്ടായി. ഞാനുടനെ അറിയുമെന്നും എനിക്കവരുമായി കുടുംബ ബന്ധമുണ്ടെന്നും അറിയിച്ചപ്പോൾ പഴയ കാലത്ത് ചന്ദ്രിക വാരികയിൽ അദ്ദേഹത്തിന്റെ രചനകൾ അച്ചടിച്ചുവന്നിട്ടുണ്ടെന്ന് കെ.പി. കുഞ്ഞി മൂസ സാഹിബ് എന്നോട് അറിയിക്കുകയുണ്ടായി. ഇക്കാര്യം ഞാൻ സ്മര്യപുരുഷനോട് ഒരിക്കൽ പറഞ്ഞപ്പോൾ ചന്ദ്രികയിൽ മാത്രമല്ല മറ്റ് പല പ്രസിദ്ധീകരണങ്ങളിലും എഴുതിയിരുന്നുവെന്നും പൊന്നാനിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ടെന്നും എന്നെ അറിയിച്ചു.

മന്ദലാംകുന്ന് ജുമാ മസ്ജിദ്

പ്രാദേശിക ചരിത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവ​ഗാഹം വളരെ ആധികാരികമായിരുന്നു. സമസ്തയുടെ സമുന്നത നേതൃസ്ഥാനത്തുണ്ടായിരുന്നവരും ദാറു റഹ് മ യതീം ഖാനയുടെ സംസ്ഥാപകനുമൊക്കെയായ തൊഴിയൂർ കുഞ്ഞിമുഹമ്മദ് മുസ് ലിയാർ(ന.മ)യെ സംബന്ധിച്ച് സുഹൃത്തും ​ഗവേഷകനും ചരിത്രകാരനുമായ ഡോ: മോയിൻ മലയമ്മ എഴുതിയ ജീവചരിത്ര ​ഗ്രന്ഥത്തിന്റെ ദത്തശേഖരണത്തിനായി ബഹുമാനപ്പെട്ട എം.സി. കുഞ്ഞിമുഹമ്മദ് സാഹിബിനെ സമീപിച്ച കാര്യം അദ്ദേഹം എന്നോട് അറിയിച്ചിരുന്നു. സംഭാഷണ മധ്യേ അത്യപൂർവ്വമായ ചില വിവരങ്ങൾ ഡോ: മോയിൻ മലയമ്മയുമായി സ്മര്യപുരുഷൻ പങ്ക് വെക്കുകയുണ്ടായി. അതിൽ പ്രധാനമായതാണ് 1921 ലെ മാപ്പിള പ്രക്ഷോഭങ്ങളുടെ കാലത്ത് മന്ദലാംകുന്നിലും അതിന്റെ അലയൊലികൾ ഉണ്ടായി എന്നത്. ഇക്കാര്യം ഞാൻ സ്മര്യപുരുഷനോട് വിശദമായി ചോദിച്ചറിയുകയും അത് ഡോക്യുമെന്റ് ചെയ്യുകയും മാപ്പിള പ്രക്ഷോഭങ്ങളുടെ കാലത്ത് തൃശൂർ ജില്ലയിൽ നടന്ന മുന്നേറ്റങ്ങളെ സംബന്ധിച്ച എന്റെ ഒരു പുതിയ ​ഗവേഷണ പഠനത്തിൽ ആ വിവരങ്ങൾ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.
അനുബന്ധമായി അദ്ദേഹം മന്ദലാംകുന്നിന്റെ പ്രാദേശിക ചരിത്രത്തിൽ ഉൾച്ചേർന്നതും പൊതു ചരിത്രത്തിലേക്ക് സന്നിവേശിപ്പിക്കപ്പെടേണ്ടതുമായ മറ്റൊരു ചരിത്ര വസ്തുത കൂടി അറിയിക്കുകയുണ്ടായി. ബ്രിട്ടീഷ് ജയിലിൽ വെച്ച് രക്തസാക്ഷിയായ മന്ദലാംകുന്ന് സ്വദേശി കുന്നിക്കൽ മൊയ്തീൻ സാഹിബിന്റെ ത്യാ​ഗപൂർണ്ണമായ ജീവിതത്തെ സംബന്ധിച്ച സാമാന്യവിവരങ്ങളാണ് അദ്ദേഹം എന്നോട് വിശദീകരിച്ചത്. അദ്ദേഹത്തിനും എനിക്കുമെല്ലാം ഉപ്പാപ്പയായ കുന്നിക്കൽ മൊയ്തീൻ സാഹിബ്(ന.മ) ബഹുമാനപ്പെട്ട ഉമർ ഖാസി(റ) യുടെ സമകാലികനും ബ്രിട്ടീഷ് വിരോധിയുമായിരുന്നു. ഉമർ ഖാസി(റ) യുടെ നികുതി നിഷേധ സമരത്തിന്റെ ഭാ​ഗമായി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് ചാവക്കാട് ജയിലിൽ അടക്കപ്പെട്ട സംഭവം വിഖ്യാതമാണല്ലോ? ജയിലിലടക്കപ്പെട്ട അന്നേ ദിവസം രാത്രി മഹാനവർകൾ അത്ഭുതകരമായി രക്ഷപ്പെട്ട് സ്വുബ്ഹിക്ക് മുമ്പായി എത്തുന്നത് മന്ദലാംകുന്ന് ജുമാ മസ്ജിദിലാണ്. ഹിജ്റ 398 ൽ പ്ര​ദേശത്ത് ദീനീ പ്രബോധനത്തിനായി എത്തിയ ഹള്റമി ശൈഖ്(റ) യുടെ സാന്നിധ്യമുള്ള മന്ദലാംകുന്ന് ജുമാ മസ്ജിദുമായും മസാറിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹള്റമി ശൈഖ്(റ) യുമായും സവിശേഷമായ ആത്മബന്ധം ഉമർ ഖാസി(റ)ക്കുണ്ടായിരുന്നു. ഇതിന്റെ ഭാ​ഗമായി മന്ദലാംകുന്ന് പള്ളിയിലെത്തിയ ഉമർ ഖാസി(റ) യെ സ്വുബ്ഹിക്ക് നിസ്കരിക്കാൻ പള്ളിയിലെത്തിയ യുവാവായിരുന്ന കുന്നിക്കൽ മൊയ്തീൻ സാഹിബ് കാണുകയും സ്വുബ്ഹി നിസ്കാരാനന്തരം ആദരപൂർവ്വം തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപോവുകയും കഞ്ഞി നൽകി സൽക്കരിക്കുകയും വിശ്രമിക്കാൻ അവസരമൊരുക്കുകയും ചെയ്തു. എന്നാൽ കുന്നിക്കൽ മൊയ്തീൻ സാഹിബിന്റെ വീട്ടിലേക്ക് ബ്രിട്ടീഷ് പോലീസ് അന്വേഷിച്ചെത്താനുള്ള എല്ലാ സാദ്ധ്യതകളും ഉള്ളതിനാൽ ഉടനെ തന്നെ ഉമർ ഖാസി(റ) കോടഞ്ചേരി പള്ളിയിലേക്ക് പുറപ്പെടുകയും ഏതാനും പേർ മഹാനവർകളുടെ സുരക്ഷക്കായി അനു​ഗമിക്കുകയും ചെയ്തു. ഇക്കാര്യം എം.സി.കുഞ്ഞി മുഹമ്മദ് സാഹിബ്(ന.മ) എന്നെ അറിയിച്ചപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. ഇതിന്റെ ഒരു സൂചന പോലും ചരിത്ര ​ഗ്രന്ഥങ്ങളിലോ ചരിത്ര സ്രോതസ്സുകളിലോ എവിടെയും കാണാതിരുന്നതു എന്തുകൊണ്ടാണ് എന്ന് എന്റെ മനസ്സിൽ ചോദ്യമുയർന്നു. അങ്ങനെ സ്മര്യ പുരുഷന്റെ ഈ മാർ​ഗദർശനത്തോടെ ഞാൻ നടത്തിയ പഠന ​ഗവേഷണത്തിൽ ഇക്കാര്യം ഉമർ ഖാസി(റ) യുടെ മൗലിദ് കിതാബിൽ തന്നെ പരാമർശിക്കപ്പെടുന്നുണ്ട് എന്ന കാര്യം വ്യക്തമായി. ജയിലിൽ നിന്ന് രക്ഷപ്പെട്ട് ഉമർ ഖാസി(റ) ആദ്യമെത്തിയത് മലംങ്കൂത്ത് മസ്ജിദിലാണ് എന്ന് മൗലിദിൽ പരാമർശമുണ്ട്. എന്നാൽ ഉമർ ഖാസി(റ) യെ സംബന്ധിച്ച ജീവ ചരിത്ര ​ഗ്രന്ഥം മലയാളത്തിൽ രചിച്ച ചരിത്രകാരന് മന്ദലാംകുന്നിന്റെ അറബി ഉച്ചാരണമായ മലങ്കൂത്ത് ഏത് സ്ഥലമാണെന്ന് വ്യക്തമാകാതിരുന്നതിനാൽ മലംങ്കൂത്ത് ഏത് സ്ഥലമാണെന്ന് നിർണ്ണയിക്കുന്നതിൽ ചില അപാകതകൾ സംഭവിച്ചിട്ടുണ്ട്. കൊണ്ടോട്ടി സ്വ​ദേശിയും പ്രമുഖ ചരിത്രകാരനുമായ ബഹുമാനപ്പെട്ട കെ.കെ. മുഹമ്മദ് അബ്ദുൽ കരീം സാഹിബാണ് ഈ ​ഗ്രന്ഥം രചിച്ചത് എന്നാണ് എന്റെ അറിവ്. ഡോക്യുമെന്റുകൾ പരിശോധിച്ചപ്പോൾ മലങ്കൂത്തിന് അദ്ദേഹം മലങ്കോട് എന്ന് എഴുതുകയും ഈ സ്ഥലം കോടഞ്ചേരിയുടെ മറ്റൊരു നാമമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തതിനാൽ മന്ദലാംകുന്ന് തമസ്കരിക്കപ്പെടുകയായിരുന്നുവെന്ന് ഈ അന്വേഷണത്തിൽ നിന്ന് എനിക്ക് വ്യക്തമായി. ഇക്കാര്യം ഞാൻ ബഹുമാനപ്പെട്ട എം.സി. കുഞ്ഞി മുഹമ്മദ് സാഹിബിനോട് അറിയിച്ചപ്പോൾ അദ്ദേഹം അത് സ്ഥിരീകരിക്കുകയും അപാകത വന്ന വഴി കണ്ടുപിടിച്ചതിൽ എന്നെ അഭിനന്ദിക്കുകയും ചെയ്തു.
ബഹുമാനപ്പെട്ട ഉമർ ഖാസി(റ) യുടെ അടുത്ത അനുയായിയും ബ്രിട്ടീഷ് വിരോധിയുമായ ഈ കുന്നിക്കൽ മൊയ്തീൻ സാഹിബ്(ന.മ) യെ പിന്നീട് ഒരു കള്ളക്കേസിൽ കുടുക്കി ബ്രിട്ടീഷുകാർ ജയിലിൽ അടച്ചു. അങ്ങനെ അന്യായമായ തടങ്കൽ ജീവിതം പൂർത്തീകരിച്ച് ജയിലിൽ നിന്ന് പുറപ്പെടാനടുത്ത നേരം ജയിൽ വാർഡനുമായുണ്ടായ ഒരു വഴക്കിനെ തുടർന്ന് സംഘട്ടനമുണ്ടാവുകയും സംഘട്ടനത്തിൽ ജയിൽ വാർഡൻ കൊല്ലപ്പെടുകയും ചെയ്തു. അങ്ങനെ കുന്നിക്കൽ മൊയ്തീൻ സാഹിബ്(ന.മ) എന്ന ബ്രീട്ടീഷ് വിരോധി ബ്രിട്ടീഷ് ജയിൽ വാർഡനെ വധിച്ച കൊലയാളിയാവുകയും വിചാരണ കാത്ത് ജയിലിൽ തുടരുകയും ചെയ്തു. എന്നാൽ കോടതിയും വിചാരണയുമൊന്നും കാത്തുനിൽക്കാൻ ക്ഷമയില്ലാതിരുന്ന ജയിൽ അധികൃതർ കഠിനമായ മർദ്ധനങ്ങളിലൂടെ കുന്നിക്കൽ മൊയ്തീൻ സാഹിബ്(ന.മ) യെ വധിച്ച വാർത്തയാണ് പിന്നീട് ലഭിച്ചത്. അദ്ദേഹത്തിന്റെ മകൻ കുഞ്ഞി മുഹമ്മദ് മുസ് ലിയാർ(ന.മ) ക്ക് 9 വയസ്സുള്ളപ്പോഴായിരുന്നു ഈ ദാരുണമായ അന്ത്യം എന്നും എം.സി. കുഞ്ഞി മുഹമ്മദ് സാഹിബ് എന്നോട് വിശദീകരിച്ചു. ഈ കുഞ്ഞി മുഹമ്മദ് മുസ് ലിയാർ(ന.മ) അദ്ദേഹത്തിന്റെ പിതാവിന്റെ പിതാവും എന്റെ പിതാവിന്റെ മാതാവിന്റെ പിതാവുമാണ്.

മന്ദലാംകുന്നിലെ ഇസ് ലാമിക പാരമ്പര്യത്തെ സംബന്ധിച്ചും വ്യക്തമായ ധാരണകൾ എനിക്ക് പകർന്നു തന്നതും അദ്ദേഹമാണ്. മന്ദലാംകുന്നിൽ ഹള്റമി ശൈഖ്(റ) എത്തിയ ചരിത്രവും ഹിജ്റ 398 ൽ മന്ദലാംകുന്നിൽ മസ്ജിദ് നിർമ്മിക്കപ്പെട്ട കാര്യവും അസന്നി​ഗ്ധമായി അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തപ്പെട്ട പഴക്കം ചെന്ന ഒരു പിച്ചള ഫലകം പഴയ മസ്ജിദിന്റെ വാതിലിലുണ്ടായിരുന്നുവെന്നും അത് താൻ കാണുകയും പ്രമുഖരായ ചില പണ്ഡിതന്മാർ അത് വായിക്കുന്നതിന് സാക്ഷിയാവുകയും ചെയ്ത കാര്യം എന്നോട് അദ്ദേഹം അറിയിച്ചു. ഇക്കാര്യം ബഹുമാനപ്പെട്ട മന്ദലാംകുന്ന് ഖത്വീബ് കുഞ്ഞിമുഹമ്മദ് മുസ് ലിയാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സ്ഥിരീകരണ മൊഴികളുടെയും പഴയ മസ്ജിദിന്റെ വാതിൽ കട്ടിളക്കുമേൽ ആലേഖനം ചെയ്ത കാവ്യരൂപത്തിലുള്ള ലിഖിതത്തിന്റെയും അടിസ്ഥാനത്തിലാണ് മന്ദലാംകുന്ന് പള്ളി ഹിജ്റ 398 ൽ നിർമ്മിക്കപ്പെട്ടതാണെന്ന കാര്യം ദക്ഷിണേന്ത്യയിലെ മുസ് ലിം വേരുകൾ സ്വൂഫികൾ, സ്വൂഫിസം എന്ന എന്റെ പുതിയ ​ഗ്രന്ഥത്തിൽ ഞാൻ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇങ്ങനെ ബഹുമാനപ്പെട്ട എം.സി. കുഞ്ഞി മുഹമ്മദ് ഹാജി സാഹിബ്(ന.മ) മന്ദലാംകുന്നിൽ ഇസ് ലാം എത്തിയതിന്റെ വംശാവലി ചരിത്രത്തിലും നല്ല അവ​ഗാഹം പുലർത്തിയിരുന്നു. അറേബ്യയിൽ നിന്നെത്തിയ ആദ്യകാല ഇസ് ലാമിക പ്രബോധകരുടെ ശ്രമ ഫലമായി കോഴിക്കോട് ചാലിയത്ത് നിന്ന് ഇസ് ലാം സ്വീകരിച്ച പ്രമുഖമായ ഏതാനും ഇല്ലങ്ങളിൽ ഉൾപ്പെട്ട ഒരു ഇല്ലത്തു നിന്നുള്ള പിൻമുറക്കാരാണ് മന്ദലാംകുന്നിലെ ആദ്യകാല മുസ് ലിംകൾ എന്നാണ് സ്മര്യപുരുഷൻ പറയുന്നത്. ചാലിയത്ത് നിന്ന് ഇസ് ലാം സ്വീകരിച്ച ആദ്യകാല കുടുംബങ്ങളിൽ നിന്നുള്ള പലരും പിൽക്കാലത്ത് പൊന്നാനി മേഖലയിലേക്ക് കുടിയേറിയിട്ടുണ്ടെന്ന കാര്യം കോഴിക്കോടിന്റെയും ചാലിയത്തിന്റെയും ചരിത്രമെഴുതിയ പലരും രേഖപ്പെടുത്തിയിട്ടുളളതിനാൽ ഇക്കാര്യവും അനുമാനമല്ല വസ്തുത തന്നെയായിരിക്കാൻ വളരെ സാധ്യതയുണ്ട് എന്നത് എന്റെ പഠന ​ഗവേഷണങ്ങളിലൂടെ എനിക്ക് വ്യക്തമാവുകയുണ്ടായി.

മന്ദലാംകുന്നിലെ പഴയ ചില കുടുംബ നാമങ്ങളുടെ അസ് ലിയായ രൂപവും ലോപിച്ച രൂപവും ചൂണ്ടിക്കാണിച്ച് സ്മര്യപുരുഷൻ ഇക്കാര്യം എന്നോട് സമർത്ഥിച്ചു. ഫലഖി വീട് എന്ന പേരിൽ അറിയപ്പെട്ട പഴയ തറവാടാണ് പിന്നീട് പിലാക്ക വീട് എന്ന ലോപിച്ച രൂപത്തിൽ അറിയപ്പെട്ടതെന്നും ചാലിയത്ത് നിന്നെത്തിയ ആദ്യ കുടുംബം ജ്യോതിഷ വിജ്ഞാനത്തിൽ അവ​ഗാഹമുള്ളവരായതിനാലാണ് അവർക്ക് ജ്യോതി ശാസ്ത്രത്തിന്റെ അറബി രൂപമായ ഫലഖി എന്ന എന്ന നാമമുണ്ടായതെന്നും അദ്ദേഹം എന്നോട് വിശദീകരിച്ചു. വളരെ കൗതുകപൂർണ്ണവും അതോടൊപ്പം യുക്തി ഭദ്രവുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ. ഇതുപോലെ മന്ദലാംകുന്നിലെ പുരാതന തറവാടായ മുതലക്കുളങ്ങര എന്ന നാമത്തിന്റെ ഉദ്ഭവവും അദ്ദേഹം എന്നോട് വിശദീകരിച്ചു തന്നു. മുതൽ കുലം ആണ് മുതലക്കുളം എന്ന് ലോപിച്ചത് എന്നായിരുന്നു വിശദീകരണം. കേരളത്തിലെ ആദ്യ കാലങ്ങളിലെ ഭാഷാ രൂപം ചെന്തമിഴ് കലർന്നതായിരുന്നു. അതുകൊണ്ട് തന്നെ സ്മര്യപുരുഷന്റെ ഈ വിശദീകരണവും സാർത്ഥകമാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. മുതൽ എന്നാൽ ആദ്യം എന്നും കുലം എന്നാൽ തറവാട് എന്നുമാണല്ലോ അർത്ഥം. മുതൽ കുലം എന്നാൽ ആദ്യ തറവാട്, ആദ്യ കുടുംബം എന്നൊക്കെയാണ് അർത്ഥം. മുതലക്കുളങ്ങരയിൽ മുതലയെയും കുളത്തെയും കരയെയും അന്വേഷിച്ച് കാര്യമില്ല എന്ന കാര്യം സ്മര്യപുരുഷന്റെ ആ വിശദീകരണത്തിലൂടെ എനിക്ക് ബോദ്ധ്യമായി. ഇതുപോലെയുള്ള അത്യപൂർവ്വമായ പല വിവരങ്ങളും അദ്ദേഹം എന്നോട് പങ്ക് വെച്ചിട്ടുണ്ട്. അതെല്ലാം ഞാൻ ഓഡിയോ ഡോക്യുമെന്റുകളായി ശേഖരിച്ചു വെച്ചിട്ടുമുണ്ട്.

മന്ദലാംകുന്നിൽ സ്കൂൾ ഉണ്ടായ ചരിത്രവും അതിലെ ആ​ദ്യകാല വിദ്യാഭ്യാസ രീതിയും ആദ്യകാല വിദ്യാർത്ഥികളും എല്ലാം അദ്ദേഹം എന്നോട് വിശദീകരിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം മന്ദലാംകുന്നിന്റെ പ്രാദേശിക ചരിത്ര രചനക്ക് വളരെയേറെ സഹായകമായതാണ്. അനുബന്ധമായ അന്വേഷണങ്ങളിലൂടെ മൂർത്തമായ വിവരങ്ങൾ കൂടി ശേഖരിച്ച് ഇവയെല്ലാം ലിഖിത രേഖകളായി, മന്ദലാംകുന്നിന്റെ ദേശ ചരിത്രമായി ക്രോഢീകരിക്കാൻ ആ​ഗ്രഹിക്കുന്നുണ്ട്. അല്ലാഹു ഔദാര്യം ചെയ്താൽ അത് പൂർത്തീകരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം.

സാമൂഹിക രാഷ്ട്രീയ മതകീയ മേഖലകളിൽ പല സംരംഭങ്ങൾക്കും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ആദ്യകാല മുസ് ലിം ലീ​ഗ് അണ്ടത്തോട് ഫർക്ക സെക്രട്ടറി, പുന്നയൂർകുളം, അണ്ടത്തോട്, പൊന്നാനി മേഖലകളിൽ മുസ് ലിം ലീ​ഗിന്റെ സംഘാടനത്തിൽ നേതൃത്വ പരമായ പങ്ക് വഹിച്ച പൊതു പ്രവർത്തകൻ, പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് തവണ വാർഡ് മെമ്പർ, ദീർഘകാലം മന്ദലാംകുന്ന് മഹല്ല് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, മസ്ജിദ് റജിസ്ററർ ചെയ്ത 1972 മുതൽ ഇക്കാലം വരെയും എക്സിക്യൂട്ടീവ് അം​ഗം, മുസ് ലിം ലീ​ഗ് പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, അകലാട് എം.ഐ.സി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹി, തൊഴിയൂർ ദാറുറഹ് മ യത്വീം ഖാന കമ്മിറ്റി അം​ഗം സമസ്തയുടെ പ്രതിനിധി ഇങ്ങനെ നിരവധി സ്ഥാനങ്ങളിൽ സ്തുത്യർഹമായ നിലയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ബീവു. അബ്ദു സ്വമദ്, അബ്ദു ശ്ശുക്കൂർ, അബ്ദുൽ ​ഗഫൂർ(​ഗുരുവായൂർ നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീ​ഗ് ട്രഷറർ) നസീബ, മർഹൂമ ഫാത്വിമ തുടങ്ങിയവരാണ് മക്കൾ.

പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും എം.സി. കുഞ്ഞിമുഹമ്മദ് ഹാജി സാഹിബുമായി ഇനിയും അന്വേഷിച്ച് സ്ഥിരീകരിക്കണമെന്ന് കരുതിയതാണ്. പറയത്തക്ക അസുഖങ്ങളോ അനാരോ​ഗ്യസ്ഥിതിയോ അദ്ദേഹത്തിനുള്ളതായി അറിവുണ്ടായിരുന്നില്ല. അതിനാൽ തൊണ്ണൂറ്റി നാല് വയസ്സിനടുത്ത് പ്രായമുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇനിയും ഭൂമിയിൽ ജീവിച്ചിരിക്കണമെന്ന് ആ​ഗ്രഹിച്ചതും പ്രതീക്ഷിച്ചതുമായിരുന്നു. എന്നാൽ 18.5.2022 ന് അല്ലാ​ഹുവിന്റെ വിളിക്ക് ഉത്തരം ചെയ്ത് അദ്ദേഹം യാത്രയായിരിക്കുന്നു എന്നത് നൊമ്പരത്തോടെ നാം ഉൾക്കൊള്ളുകയാണ്. അല്ലാ​ഹു സ്മര്യപുരുഷന്റെ പാപങ്ങൾ പൊറുത്ത് ബർസഖീ ജീവിതം സന്തോഷകരമാക്കുമാറാകട്ടെ…അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ ദുഖിക്കുന്ന സന്താനങ്ങൾക്കും കുടുംബങ്ങൾക്കും ബന്ധുമിത്രാദികൾക്കും നാട്ടുകാർക്കും ക്ഷമ പ്രദാനം ചെയ്യുമാറാകട്ടെ…സ്വർ​ഗത്തിൽ ഉന്നത സ്ഥാനങ്ങളോടെ അദ്ദേഹത്തെയും നമ്മെയും അല്ലാഹു പ്രവേശിപ്പിക്കുമാറാകട്ടെ…. ആമീൻ….

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy