നബീൽ മുഹമ്മദലി:
സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങളും എന്റെ ഗുരുവര്യനായ കണ്ണൂര്‍ മുഹമ്മദ് അബ്ദുല്‍ബാരി ഫൈസി ഉസ്താദും ഉള്‍പ്പെടെ ഞങ്ങള്‍ ഒമ്പത് അംഗങ്ങള്‍ ചേര്‍ന്ന് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ഇവിടെ കുറിക്കാന്‍ പോകുന്നത്. ഇസ്ലാമിക പ്രബോധന ചരിത്രത്തിൽ നിസ്തുല്യമായ ചരിത്രം രചിച്ച ഉത്തരേന്ത്യയിലെ പ്രമുഖ സൂഫികളുടെ ചരിത്ര ഭൂമികകളിലേക്കാണ് യാത്ര. ഇന്ത്യയിലേക്ക് കടന്നു വന്ന പ്രബോധകരില്‍ കാലഘട്ടം കൊണ്ടും ദഅവത്തിന്റെ വ്യാപ്തി കൊണ്ടും ഏറ്റവും പ്രഥമസ്ഥാനത്ത് നിൽക്കുന്ന അജ്മീര്‍ ഖാജ(റ) യേയും അവരുടെ ശിഷ്യഗണങ്ങളായി രാജസ്ഥാനിലും ഡല്‍ഹിയിലുമായി പരന്നു കിടക്കുന്നവരേയും സന്ദര്‍ശിച്ച് ദീനി രംഗത്തുള്ള ഊര്‍ജ്ജവും ആര്‍ജ്ജവവും വര്‍ധിപ്പിക്കലാണ് യാത്രയുടെ ലക്ഷ്യം. മുജദിദ് അല്‍ഫസാനി(റ), മുസ്നദുല്‍ ഹിന്ദ് ശാഹ് വലിയുല്ലാഹി ദഹ്ലവി(റ), അബ്ദുല്‍ഹഖ് ദഹ്ലവി(റ) പോലുള്ള ഉന്നതരായ നവോത്ഥാന നായകരേയും സന്ദര്‍ശിക്കണം. അല്മറ്ഉ മഅമന് അഹബ്ബ (ഒരു വ്യക്തി ആരെ സ്നേഹിക്കുന്നുവോ അവരോട് കൂടെയായിരിക്കും അവന്)എന്ന ഹദീസില്‍ വാഗ്ദാനം ചെയ്യപ്പെട്ട നേട്ടത്തെ കരസ്ഥമാക്കാന്‍ ഇത്തരം യാത്രകള്‍ സഹായകമാണ്. കൊച്ചി, അന്താരാഷ്ട്ര വിമാന താവളത്തിന്റെ ഡൊമസ്റ്റിക്ക് ടെര്‍മിനലില്‍ നിന്നും തലസ്ഥാന നഗരിയായ ഡല്‍ഹിയിലേക്ക് വിമാനത്തിലാണ് യാത്ര. അവിടെ നിന്ന് പിന്നീട് ട്രെയിനിലാണ് രാജസ്ഥാനിലേക്കും പഞ്ചാബിലേക്കുമുള്ള യാത്ര. അവിടങ്ങളിലെ വ്യത്യസ്ഥ കേന്ദ്രങ്ങളിലേക്ക് റോഡ് മാര്ഗത്തിലൂടെയുമാണ് യാത്ര പ്ലാന്‍ ചെയ്തിരുന്നത്.
ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടനെ സ്വദര്ബസാറിലെ ബാക്കിബില്ലാഹി(റ)യുടെ സവിധത്തിലേക്കാണ് ആദ്യം ചെന്നെത്തിയത്. വിമാന താവളത്തില്‍ നിന്നും ടാക്സിയില്‍ പോകുമ്പോള്‍ റിക്ഷ വണ്ടികള്‍ കണ്ട് തുടങ്ങിയപ്പോള്‍ മനസ്സിലായി സദര്‍ ബസാറിനോട് അടുത്തിരിക്കുന്നുവെന്ന്! ഉത്തരേന്ത്യയിലെ മുസ്ലിം ഗല്ലികളെ തിരിച്ചറിയാനുള്ള പ്രധാന അടയാളമാണത്. ഡല്‍ഹി സുല്ത്താന്മാരുടെയും
മുഗളന്മാരുടേയും ചരിത്ര ശേഷിപ്പുകള്‍ അവശേഷിക്കുന്ന ഡല്‍ഹിക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്. ഡല്‍ഹിക്ക് പുറമെ രാജസ്ഥാനിലെ അജ്മീര്‍, സര്‍വ്വാര്‍, നഗൂര് പഞ്ചാബിലെ സര്‍ഹിന്ദും ബാറാസുമാണ് യാത്രാ പഥങ്ങള്‍. ഇന്ന് ഇത്തരം സൂഫി ദര്ഗ്ഗകള് അനാചാരങ്ങളുടെ കൂത്തരങ്ങുകളായിട്ടുണ്ടെങ്കിലും പ്രതാപമുള്ള ഇന്നലെകള്‍ ആ ഭൂമികളില്‍ തന്നെയാണ് മണ്ണിട്ട് മൂടപ്പെട്ടു കിടക്കുന്നത്. അതിനാല്‍ പാമര ജനങ്ങളുടെ വിവരമില്ലായ്മകള്ക്ക് നേരെ കണ്ണടച്ച് ചരിത്രം സ്പന്ദിക്കുന്ന ആ കേന്ദ്രങ്ങളെ സന്ദര്‍ശിച്ച് ചരിത്രവും പൈതൃകവും നല്കുന്ന ഊര്‍ജ്ജത്തെ ഹൃദയത്തിലേക്ക് ആവാഹിക്കാന്‍ തന്നെയാണ് ഞങ്ങളുടെ യാത്ര.
ഖാജ ബാക്കിബില്ലാഹി(റ) ഇന്ത്യയിലെ നഖ്ശബന്തി സൂഫി സരണിയുടെ ആദ്യ കണ്ണിയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുകയും ഇവിടെ ഇസ്ലാമിക പ്രബോധനം നിര്‍വ്വഹിക്കുകയും ചെയ്യുക വഴി നഖ്ശബന്തി സരണിയുടെ വൃക്ഷം ഇന്ത്യയിലുടനീളം പടരുകയായിരുന്നു. ആ സൂഫി അന്ത്യവിശ്രമം കൊള്ളുന്നത് സദര്ബസാറിലാണ്. ആ ദര്ഗ്ഗയോടനുബന്ധിച്ച് ഒരു പുരാതനമായ പള്ളിയും ആ പള്ളിയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന എഴുപതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹിഫ്സ് കോളേജുമുണ്ട്. ബാഖിബില്ലാഹ് ദര്ഗ്ഗയുടേയും ഹിഫ്സ് ഖുര്‍ആന്‍ മദ്റസ്സയുടേയും നാളിമായ മുബാറക്ക് മൗലവി കേരളത്തില്‍ നിന്നും പുറപ്പെട്ട ഞങ്ങളെ വിമാനതാവളത്തില്‍ വന്ന് സ്വീകരിക്കുകയും സദര്ബസാറിലേക്ക് കൂട്ടി കൊണ്ടു പോയി വിഭവ സമൃദ്ധമായ ആഹാരങ്ങള്‍ നല്കി സല്ക്കരിക്കുകയും ചെയ്തു. ഞങ്ങളുടെ ശൈഖുനാ അബ്ദുല്‍ബാരി ഉസ്താദ് മുമ്പ് അവിടെ സിയാറത്തിന് പോവുകയും മുബാറക്ക് മൗലവിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ സംഘത്തിലെ മറ്റൊരു ഗുരുസ്ഥാനീയ വ്യക്തിത്വം പെരുമ്പിലാവ് ഹദ്ദാദ് ട്രസ്റ്റ് ചയര്‍മാന്‍ സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ അവിടുത്തെ കുട്ടികളോടും അധ്യാപകരോടുമായി സംവദിച്ചു. വൈകീട്ട് 7 മണി വരെ അവിടെ ചിലവഴിച്ചതിന് ശേഷം ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. 7.50ന് വരുന്ന രാജദാനി എക്സ്പ്രസ്സില്‍ അജ്മീറിലേക്ക് പുറപ്പെട്ടു. അര്‍ധ രാത്രിക്ക് ശേഷം 2.30ന് അജ്മീര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. അവിടെ നേരത്തെ ബുക്ക് ചെയ്ത കനക് സാഗര്‍ ഹോട്ടലിലേക്ക് 2 ഓട്ടോറിക്ഷകളിലായി എത്തിചേരുകയും അവിടെ വിശ്രമിക്കുകയും ചെയ്തു.
അജ്മീറ് ദര്‍ഗയില്‍ എന്നും ഉത്സവ പ്രതീതിയാണ്. നാനാജാതി മതസ്ഥരുടെ പ്രവാഹം. ഖാജ ഹിന്ദുസ്ഥാന്ക്ക ബാദുഷാ ഹെ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്നതാണ് അവിടുത്തെ ജനപ്രവാഹം. എല്ലാ വിഭാഗം ജനങ്ങളും വന്ന് ആദരപൂര്‍വ്വം സന്ദര്‍ശിക്കുകയും ആ കബറിടത്തില്‍ പൂവും ചാദറുമിട്ട് ആത്മ സംതൃപ്തി നേടുകയും ചെയ്യുന്നു. ഖാജയെ ആദരിച്ചാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹൃതമാകുമെന്ന വിശ്വാസമാണ് ആളുകളെ അങ്ങോട്ട് നയിക്കുന്നത്. വിശ്വാസത്തിന്റെ ശരി – തെറ്റുകളെ ഇവിടെ നിരൂപിക്കുന്നില്ല. ഖാജയോടുള്ള ഇന്ത്യന്‍ ജനതയുടെ സമീപനമാണ് ഇവിടെ അനാവൃതമാകുന്നത്.
ഞങ്ങള്‍ പ്രഭാതത്തില്‍ ഖാജയുടെ ഖബറിടത്തില്‍ പോയി സിയാറത്ത് ചെയ്തു. ഖാജ തങ്ങള്‍ക്ക് സലാം പറഞ്ഞു, ഇസ്ലാമിക പ്രബോധനത്തിന്റെ നിസ്തുല്യമായ അധ്യാപനങ്ങള്‍ വിരചിച്ച ആ മഹാത്മാവിനോടുള്ള ആദരവും സ്നേഹവും അല്ലാഹുവിലേക്കുള്ള വസീലയാക്കി ഞങ്ങള്‍ ദുആ ചെയ്തു. സിയാറത്തിന് ശേഷം പരിസരത്തുള്ള ഷാജഹാന് മസ്ജിദില്‍ ഇരുന്നു സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ ഞങ്ങളോട് അല്‍പ്പം സംസാരിച്ചു. ഖാജയുടെ ചരിത്രം അയവിറക്കുന്നതോടൊപ്പം ഇന്ന് അവിടെ വരുന്ന പാമര ജനത കാട്ടികൂട്ടുന്ന തെറ്റുകളും തങ്ങളുടെ സംസാരത്തില്‍ പരാമര്‍ശിക്കപ്പെട്ടു. അതിനിടയില്‍ അബ്ദുല്‍ബാരി ഉസ്താദ് പറഞ്ഞു, ”തങ്ങളെ നമുക്ക് നല്ല മശാഇഖന്മാരുമായി ബന്ധം ലഭിച്ചു. നല്ല നേതൃത്വത്തിന് കീഴില്‍ നിന്ന് അറിവ് കരസ്ഥമാക്കുവാന്‍ അവസരമുണ്ടായി. അല്‍ഹംദുലില്ലാഹ്! അല്ലാഹുവിന്റെ ഔദാര്യം. അത്തരം അനുഗ്രഹങ്ങള്‍ ലഭിക്കാത്ത പാവപ്പെട്ട ജനതയാണ് ഇവിടെ വരുന്നവര്‍. ഖാജയോടുള്ള സ്നേഹമല്ലാതെ അവരുടെ കൈമുതലായി ഒന്നുമില്ലാത്തവരാണ് അവര്‍.”
അവരെ ഉപദേശിക്കാനും ബോധവാന്മാരാക്കാനും നമുക്ക് സാധിക്കില്ലെങ്കില്‍ പിന്നെ അവരെ കുറിച്ച് നമ്മള് അധികം സംസാരിച്ചിട്ട് കാര്യമില്ലല്ലോ. ഒറ്റയടിക്ക് അവരെ തിരുത്താന്‍ ചെന്നാല്‍ നമുക്ക് അടികിട്ടും. അതാണ് അവരുടെ അവസ്ഥ!.
അജ്മീര്‍ ദര്‍ഗ്ഗയില്‍ വരുന്നവരുടേയും അതിന്റെ നടത്തിപ്പുകാരുടേയും നടപടികളെ നോക്കി ഖാജയെ വിലയിരുത്തുന്നത് അബദ്ധമാണ്. ദീനിന്റെ യഥാര്‍ത്ഥ പ്രതിനിധാനങ്ങള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന അവസാന നാളുകളില്‍ സംഭവിക്കാവുന്ന എല്ലാ ചാപല്യങ്ങളും അവിടെ പ്രകടമായേക്കാം. ഖാജയുടേത് പോലെ തന്നെ ലോകത്തിന്റെ ഏത് ദിക്കിലുമുള്ള മഹാത്മാക്കളുടെ കബറുകള്‍ക്ക് പരിസരത്തു ഇന്ന് എന്ത് നടക്കുന്നുവെന്ന് വിലയിരുത്തിയല്ല അവരെ മനസ്സിലാക്കേണ്ടത്. അവരുടെ ചരിത്രം ചരിത്രതാളുകളില്‍ എപ്രകാരമാണ് ലിഖിതപ്പെട്ടു കിടക്കുന്നത് എന്ന് അപഗ്രഥിക്കാതെ അവരുടെ മേല്‍ വിധി തീര്‍പ്പ് കല്‍പ്പിക്കുന്ന ചരിത്രത്തോടും പാരമ്പര്യത്തോടും കൂറു പുലര്‍ത്താത്തവര്‍ എലിയെ പേടിച്ച് ഇല്ലം ചുടുകയാണ്. ഇസ്ലാമിന്റെ ഈറ്റില്ലത്തിലെ ചരിത്ര സ്മരണ ഉയര്‍ത്തുന്ന അനേകം കേന്ദ്രങ്ങളെ കര്‍സേവ നടത്തുകയും മുസ്ലിം ഉമ്മത്തിന്റെ പ്രതാപത്തിന് മങ്ങലേല്‍പ്പിച്ച അവനവന് മാത്രം ശരി വാദത്തിന്റെ അഹന്തയില്‍ മുരടിച്ചു പോയ ചില വരണ്ട കക്ഷികള്‍ ഖാജയെ ശീഇയാക്കാന് വേണ്ടിയുള്ള ബദ്ധപാടിലാണ്. പൂര്‍വ്വസൂരികളായ പണ്ഡിതര്‍ നമുക്ക് പകര്‍ന്നു തന്ന ചരിത്രത്തില്‍ നിന്ന് ഖാജയെ പഠിക്കാന്‍ തയ്യാറായാല്‍ നമ്മുടെ ധാരണകള്‍ തിരുത്തപ്പെടുക തന്നെ ചെയ്യും. ഇരുപതാം നൂറ്റാണ്ടില്‍ വിശ്വപ്രസിദ്ധി നേടിയ ഇന്ത്യന്‍ പണ്ഡിതന്, ചരിത്രത്തില്‍ പ്രത്യേകം രചനകള്‍ നിര്‍വ്വഹിച്ച വ്യക്തിത്വം, സയ്യിദ് അബുല്‍ ഹസന് അലി നദ്വി സാഹിബും അദ്ദേഹം പ്രതിനിധീകരിച്ച ദുയൂബന്തി ഉലമാക്കളുടെ ധാരയും ഒന്നടങ്കം ചിശ്തി ത്വരീഖത്തിന്റെ വാക്താക്കളായിരുന്നുവെന്ന സത്യം മാത്രം മതി ഖാജ മുഈനുദ്ദീന് ചിശ്തി ആരാണെന്ന് മനസ്സിലാക്കാന്‍.
പിന്നീട് ഞങ്ങൾ അജ്മീരിലെ അക്ബര്‍ മ്യൂസിയത്തിലേക്ക് നീങ്ങി. അക്ബര്‍ മ്യൂസിയത്തില്‍ പുരാതനമായ കൊത്തുപണികളും പഴയ കാലത്തെ പാത്രങ്ങളും ആയുധങ്ങളും നാണയങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അക്ബറുമായി ബന്ധപ്പെട്ടതോ മുഗള്‍ ചക്രവര്‍ത്തിമാരുമായി ബന്ധപ്പെട്ടതോ ആയ വസ്തുക്കളൊന്നും കാര്യമായി ആ മ്യൂസിയത്തില്‍ കണ്ടില്ല.
ഖാജ(റ)യുടെ മകന് ഫഖറുദ്ദീൻ(റ)യുടെ കബര്‍ അജ്മീരില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള സര്‍വ്വാര്‍ എന്ന സ്ഥലത്താണ്. ഒരു റ്റാറ്റാ സുമോ വണ്ടിയില്‍ ഞങ്ങള്‍ അങ്ങോട്ട് പുറപ്പെട്ടു. യാത്രക്കിടയില്‍ അബ്ദുല്‍ബാരി ഉസ്താദ് ഞങ്ങളോട് ഒരു ചോദ്യമുന്നയിച്ചു. അക്ബര്‍ ഫോര്‍ട്ട് മ്യൂസിയത്തിലെ കാഴ്ച്ചകളില്‍ നിന്ന് എന്ത് പാഠമാണ് സമ്പാദിച്ചത് എന്ന് പറയാമോ? പലരും പല അഭിപ്രായങ്ങളും പറഞ്ഞു, മുഗള്‍ രാജാവായ അക്ബറിന്റെ പേരിലുള്ള മ്യൂസിയത്തില്‍ മുഗള്‍ നാഗരികതയുമായി ബന്ധപ്പെട്ട വസ്തുക്കളേക്കാള്‍ അതുമായി ബന്ധപ്പെടാത്ത ഹൈന്ദവമായതാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. മറ്റൊരാള്‍ പറഞ്ഞു, ചരിത്രത്തെ ഫാഷിസം എപ്രകാരമാണ് അട്ടിമറിക്കുന്നത് എന്ന പാഠമാണ് ലഭിച്ചത്. ഉസ്താദ് പറഞ്ഞു, നഗ്നമായ പല വിഗ്രഹങ്ങളും ആ മ്യൂസിയത്തില്‍ ഉണ്ടായിരുന്നു. അതാണ് എന്നെ ചിന്തിപ്പിച്ചത്. ബഹുമാന്യനായ മനുഷ്യന് ആരാധിക്കുന്ന രംഗത്ത് വളരെ നിസ്സാരനായി മാറുന്നല്ലോ!! കൊത്തിവെക്കപ്പെട്ട അതില്‍ തന്നെ നഗ്നത വെളിവായ രൂപത്തിലുള്ളവ പോലും മനുഷ്യന് ആരാധിക്കുവാന്‍ ഉപയോഗിക്കുമ്പോള്‍ അവയെ ആരാധന അര്‍പ്പിക്കുന്ന മനുഷ്യന് തന്നെയാണല്ലോ സൃഷ്ടിച്ചിരിക്കുന്നത്. അപ്പോള്‍ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യൻ സൃഷ്ടിച്ച ഒരു സൃഷ്ടിയെ അതിന്റെ സ്രഷ്ടാവായ മനുഷ്യൻ തന്നെയാണ് ആരാധിക്കുന്നത്. രണ്ടാമത്തെ കാര്യം, ഉസ്താദ് തുടര്‍ന്നു- ആയുധങ്ങളെ സംബന്ധിച്ച് ചിന്തിച്ച് നോക്കൂ. അതില്‍ ഒരു ആയുധത്തിന്റെയും ആവശ്യം നമുക്കില്ല. കാരണം, നമുക്ക് ഒരു നാടിന്റെയും ഭരണം ആവശ്യമില്ല, അന്യരുടെ സ്വത്തുക്കളും ആവശ്യമില്ല. അതിനാല്‍ മറ്റുള്ളവരെ അക്രമിക്കേണ്ട ആവശ്യമില്ല. ആയുധങ്ങള്‍ നമുക്ക് ആവശ്യമില്ല.!
സര്‍വ്വാര്‍ ശരീഫില്‍ ഖാജ ഫഖ്റുദ്ദീൻ(റ)യുടെ ദര്‍ഗ്ഗയുടെ പരിസരത്ത് കാറില്‍ നിന്ന് ഇറങ്ങി നടന്ന് പോകുമ്പോള്‍ തന്നെ മലയാളികളായ അവിടുത്തെ ചില അന്തേവാസികള്‍ ഞങ്ങളെ എതിരേറ്റു. ഞങ്ങള്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞതിലുള്ള സന്തോഷത്തിലും എന്തെങ്കിലും ധര്‍മ്മം കിട്ടുമെന്ന പ്രതീക്ഷയിലുമാണവര്‍ അടുത്തു വന്നത്. അങ്ങിനെ അവരെ പരിചയപ്പെട്ടപ്പോള്‍ സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ ആ അന്തേവാസികളോട് ഓരോരുത്തരും സ്വന്തം കുടുംബത്തോട് കാണിക്കേണ്ട ഉത്തരവാദിത്തത്തെ പറ്റി വളരെ ഗൗരവ്വപൂര്‍വ്വം ഓര്‍മിപ്പിച്ചു. കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ ഇത്തരം ദര്‍ഗ്ഗകളില്‍ വന്ന് കൂടുന്ന ധാരാളം ആളുകളുണ്ട്. കുടുംബത്തോടുള്ള ഉത്തരവാദിത്ത നിര്‍വ്വഹണങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള മറയായി ഇത്തരം ആത്മീയ കേന്ദ്രങ്ങളെ അവര്‍ ഒളിതാവളങ്ങളായി കാണുകയാണ്. സ്രഷ്ടാവിനോടും സൃഷ്ടികളോടും കൃത്യമായ ഉത്തരവാദിത്തം പാലിക്കാന്‍ കല്‍പ്പിക്കുന്ന ഇസ്ലാം ഇത്തരം ഒളിച്ചോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.
ഖാജാ ഫഖ്റുദ്ദീന്‍ എന്ന സര്വ്വാറില് അന്ത്യവിശ്രമം കൊള്ളുന്ന സൂഫിവര്യന് ഖാജാ ഗരീബ് നവാസ് മുഈനുദ്ദീന് ചിശ്ത്തി(റ) യുടെ ഏറ്റവും ഇളയ മകനാണ്. മണ്ഡല് എന്ന നഗരത്തില്‍ കൃഷി ചെയ്ത് ജീവിച്ചിരുന്ന വ്യക്തിയാണ് ഖാജാ ഫഖ്റുദ്ദീന്‍(റ). അജ്മീറ് ഖാജയുടെ വഫാത്തിന്റെ 20 വര്‍ഷത്തിന് ശേഷമാണ് ഫഖ്റുദ്ദീൻ(റ) യുടെ വഫാത്ത്.
സര്വ്വാറില് നിന്നും അസറോടെ അജ്മീറിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നേരെ താരാഘട്ട് പര്വ്വതത്തിന് മുകളിലേക്കാണ് പോയത്. കുത്തനെയുള്ള മലയിലേക്ക് ചുരം കയറും പോലെ റോഡ് മാര്‍ഗം കയറി പോകുമ്പോള്‍ വലതു ഭാഗത്ത് പൃഥിരാജിന്റെ കൊട്ടാരം കാണാം. മലയുടെ ഏകദേശം മുകളിലേക്ക് എത്തുമ്പോള്‍ ഖാജയുടെ ഭാര്യാപിതാവും പൃഥിരാജുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട മറ്റു രക്തസാക്ഷികളുടേയും കബറുകളും അതിനോടടുത്ത് ഒരു ചെറിയ നിസ്കാര പള്ളിയുമുണ്ട്. പുറമെ മലയുടെ ഏറ്റവും മുകളിലെത്തിയാലും ധാരാളം രക്തസാക്ഷികളുടെയും സൂഫികളുടേയും മഖ്ബറകളാണ്.
ഇവിടെ ദര്ഗ്ഗയിലേക്ക് കയറി വരുന്നിടത്ത് തന്നെ ചിലര്‍ കാത്തു നില്ക്കുന്നുണ്ടാകും. അവര്‍ നമ്മളെ ക്ഷണിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കും. അവരെ അനുഗമിക്കാതെ അവര്‍ കടക്കുന്ന കവാടത്തിലൂടെ കടക്കാതെ അവരില്‍ നിന്ന് ഒഴിഞ്ഞ് മാറി പോകണം. അതല്ലെങ്കില്‍ അവരാണ് നമ്മുടെ ഗൈഡ് എന്ന നിലയില്‍ പെരുമാറി നമ്മളില്‍ നിന്നും പൈസ ഈടാക്കാന്‍ ശ്രമിക്കും. ഇത്തരത്തിലുള്ള ചൂഷണങ്ങളും തട്ടിപ്പുകള്‍ക്കും പിന്നില്‍ കൂടുതലും ശീഇകളാണ്. ശരീഅത്തും ഫിഖ്ഹുമില്ലാത്ത ശീഇകള്‍ മഹബ്ബത്തിന്റെ പേരില്‍ നടത്തുന്ന കര്‍മങ്ങളെല്ലാം സമൂഹത്തില്‍ വേരോടുകയാണുണ്ടായത്. സൂഫി സരണികളെ തജ്ദീദ് ചെയ്യാന്‍ രംഗത്തു വന്ന മശാഇഖുകള്‍ ആത്മീയ സരണികളില്‍ കാലാന്തരേണ വളര്‍ന്നുവരുന്ന ഇത്തരം കളകളെ ശുദ്ധീകരിക്കാറുണ്ട്. ഫിഖ്ഹിന്റെയും ശരീഅത്തിന്റെയും അളവുകോല്‍ വെച്ച് മഹബ്ബത്തിന്റെ പ്രകടനങ്ങളേയും മറ്റും നിയന്ത്രണ വിധേയമാക്കുന്ന നേതൃത്വത്തിന്റെ അഭാവമാണ് സമൂഹത്തില്‍ ഇന്ന് പ്രകടമാകുന്നത്.
ദര്‍ഗ്ഗാ സന്ദര്‍ശനത്തിന് വരുന്നവരെ കുതിരപുറത്ത് കയറ്റി ആനന്ദിപ്പിക്കാനും മറ്റും തയ്യാറായി നില്ക്കുന്ന നല്ല കച്ചവടക്കാരുമുണ്ട്. താല്‍പ്പര്യമുള്ളവര്‍ കുതിര സവാരി നടത്തി അവര്‍ക്ക് ഫീസ് നല്കുന്നു. കുതിര വണ്ടിയും റിക്ഷാവണ്ടിയും അവിടുത്തെ സാധാരണ യാത്രാവാഹനങ്ങള്‍ തന്നെയാണ്. ആ സന്ദര്ശനങ്ങള്ക്കൊടുവില് മലയിറങ്ങി അജ്മീറ് ദര്‍ഗ്ഗയുടെ തൊട്ടടുത്തുള്ള റെസ്റ്റോറന്റിലേക്ക് പോയി. അവിടെ ഉത്തരേന്ത്യന്‍ വിഭവങ്ങളടങ്ങിയ അത്താഴം. തന്തൂരി റൊട്ടിയും അവരുടേതായ ശൈലിയില്‍ പാചകം ചെയ്ത മട്ടന്‍ കറിയും കഴിച്ച ശേഷം കനക് സാഗര്‍ ഹോട്ടല്‍ മുറിയില്‍ പോയി വിശ്രമിച്ചു.
പിറ്റെ ദിവസത്തെ യാത്ര നഗൂറിലേക്കാണ്.
തുടരും: