ശൈഖ് അബുൽഹസൻ അലിയ്യ് അശാദുലി(റ): ജ്ഞാനപൂർണ്ണതയുടെ വറ്റാത്ത പ്രവാഹ നൈരന്തര്യം

നബീൽ മുഹമ്മദലി

ഇസ് ലാമിക അദ്ധ്യാത്മീക സരണികളിൽ വിഖ്യാതമായ ശാദുലി ധാരയുടെ ഉപജ്ഞാതാവും ആരീഫിങ്ങളിൽ ലോകോത്തര നിലവാരമുള്ള മഹാനും അഗ്രേസരനായ സൂഫിയുമായ ഇമാം അബുൽ ഹസൻ അലിയ്യ് അശാദുലി(റ) യുടെ ധൈഷണിക ജീവ ചരിത്രം സംക്ഷിപ്തമായി അവലോകനം ചെയ്യുന്ന പഠനം.

ആഫ്രിക്കയുടെ പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന നാടാണ് മൊറോക്കൊ!. അറബി ഭാഷയിൽ മഗ്രിബ് എന്നാണ് ആ നാടിനെ വിളിക്കപ്പെടുന്നത്. മഗ്രിബ് എന്നാൽ ആ നാടിന്റെ ഭൂഖണ്ഢത്തിന്റെ സ്ഥാനം പോലെ പടിഞ്ഞാറ് എന്നാണ് അർത്ഥം കുറിക്കുന്നത്. ആഫ്രിക്കൻ ഭൂഖണ്ഢത്തിൽ വ്യത്യസ്തമായ- അനുഗ്രഹിതമായ പ്രദേശമാണ് മൊറോക്കൊ!. ഒരുപാട് വിജ്ഞാന കുതുകികളായ ഇമാമുകളുടെ നാടായ മൊറോക്കൊ കൃഷിയോഗ്യമായ പ്രദേശങ്ങളാൽ സമ്പന്നവുമാണ്. എഡി 680ൽ അമവി ഭരണകാലഘട്ടത്തിൽ ഉഖ്ബത് ബിൻ നാഫിഅ്(റ) എന്ന സൈനിക കമാന്ററുടെ നേതൃത്വത്തിൽ മൊറോക്കൊ കീഴടക്കിയത് മുതലാണ് അവിടെ ഇസ്ലാം എത്തുന്നത്. മൊറോക്കോയിലേക്ക് കുടിയേറിയ അഹ്ലുബൈത്തിലെ ശുറഫാക്കളായ കുടുംബത്തിലാണ് വിശ്വപ്രസിദ്ധരായ ശാദുലി സരണിയുടെ ഉപജ്ഞാതാവ് അബുൽഹസൻ ശാദുലി ജന്മം കൊള്ളുന്നത്. നബി(സ)യുടെ പേരമകൻ ഹസൻ(റ) വിന്റെ സന്താനപരമ്പരയിൽ ജനിച്ച ശൈഖിന്റെ പിതൃപരമ്പര ഇങ്ങിനെയാണ്. ഹസൻ(റ)ന്റെ മകൻ ഹസനുൽ മുസന്നാ(റ)യുടെ മകൻ അബ്ദുല്ലാഹി(റ)യുടെ മകൻ ഇദ്രീസ്(റ) എന്നവരുടെ മകൻ ഈസ(റ)യുടെ മകൻ മുഹമ്മദ്(റ) മകൻ അഹ്മദ്(റ) മകൻ അബീബത്താൽ(റ) മകൻ വർദാൻ(റ)യുടെ മകൻ യൂശഅ്(റ) മകൻ യൂസുഫ്(റ) മകൻ ഖുസയ്യ്(റ) മകൻ ഹാതിം(റ) മകൻ ഹുർമുസ്(റ) മകൻ തമീം(റ) മകൻ അബ്ദുൽ ജബ്ബാർ(റ) മകൻ അബ്ദുല്ലാഹ്(റ) മകനാണ് സയ്യിദുനാ വഇമാമുനാ അബുൽ ഹസൻ അലിയ്യ് അശാദുലി(റ). ഹിജ്റ 593ൽ മൊറോക്കോയിലെ സബ്ത പട്ടണത്തിലെ ഗിമാറ(ആധുനിക കാലത്ത് ഈ ഗ്രാമം Cueta എന്നാണ് അറിയപ്പെടുന്നത്) ഗ്രാമത്തിൽ ജനിച്ചു. തവിട്ടു നിറമുള്ളവരും മെലിഞ്ഞ നല്ല ആകാരമുള്ളവരും നീളമുള്ള വിരലുകളുമുള്ള ഹിജാസിലെ മനുഷ്യരെ പോലെയായിരുന്നു ശാദുലി ശൈഖിന്റെ ശരീര പ്രകൃതം. ആകർഷണീയമായ സംസാര ശേഷിയുള്ളവരായ ശൈഖവർകൾ ആലിമും ആരിഫുമായിരുന്നു. ബാഹ്യ-ആന്തരിക ജ്ഞാനങ്ങളിൽ അഗാധമായ വ്യുൽപ്പത്തിയുള്ളവരും അത് പകർന്നു കൊടുക്കാൻ ശേഷിയുള്ളവരുമായിരുന്നു.
മഹത്തുക്കളുമായുള്ള ബന്ധം:
ഇബ്നു ഹറാസിം എന്ന് അറിയപ്പെട്ടിരുന്ന ശൈഖ് അബൂഅബ്ദില്ലാഹി മുഹമ്മദ് ഹറാസിം(റ) എന്നവരും ശൈഖ് അബ്ദുസലാം ഇബ്നു മശീശ്(റ) എന്നവരും ശാദുലി ഇമാമിന്റെ മശാഇഖുകളാണ്. പക്ഷെ, അബ്ദുസ്സലാം ഇബ്നു മശീശ്(റ) എന്നവരുമായുള്ള ബന്ധമാണ് ശാദുലി ശൈഖിന്റെ മർതബ പൊടുന്നനെ ഉയരുവാനിടയാക്കിയത്. മശീശ് എന്നും ബശീശ് എന്നും രണ്ട് തരത്തിലും മഹാനവർകളുടെ പേര് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാനവർകളും അഹ്ലുബൈത്തിന്റെ നിസ്ബത്തുള്ള കുടുംബ പാരമ്പര്യമുള്ളവരാണ്. മൊറോക്കോയിലെ ആലം പർവ്വതത്തിന് മുകളിൽ ഏകാന്തനായി ആരാധനകളിൽ മുഴുകി ജീവിച്ചിരുന്ന ശൈഖ് അബ്ദുസലാം ഇബ്നു മശീശ്(റ) മൊറോക്കോയിലെ തന്നെ ഹിസൻ പ്രവിശ്യയിലെ ബനൂഅറൂസ് കുടുംബത്തിലാണ് ജനിച്ചത്. അബ്ദുറഹ്മാൻ ബിൻഹസനുൽ അത്താർ(റ) എന്നവരുടെ ആത്മീയ സരണിയിലെ പിൻഗാമിയാണ് മശീശ് ശൈഖ്. സ്വപിതാവിൽ നിന്നും അഹ്മദ് അഖ്താർ എന്ന ഗുരുവിൽ നിന്നും വിജ്ഞാനം കരസ്ഥമാക്കിയ മശീശ് ശൈഖ് ദുൻയാവിനോട് വിരക്തനായ നിലയിൽ ആലം പർവ്വതത്തിന് മുകളിൽ ആരാധനക്കായി ഏകാന്തവാസം അനുഷ്ഠിക്കുകയായിരുന്നു. ആ അവസരത്തിലാണ് സയ്യാത്ത് എന്നറിയപ്പെട്ടിരുന്ന അബ്ദുറഹ്മാനുൽ അത്താർ(റ) മശീശിയെ തേടി വന്ന് ബൈഅത്ത് കൊടുക്കുന്നത്. നല്ലൊരു മുരീദാകാൻ യോഗ്യതയുള്ള വ്യക്തിയെ മനസ്സിലാക്കി ശൈഖ് അങ്ങോട്ട് ചെന്ന് ബൈഅത്ത് കൊടുക്കുകയും തർബിയ്യത്ത് ചെയ്യുകയുമായിരുന്നു. നേരത്തെ ഏകാന്തത അനുഷ്ഠിച്ച് ആരാധനകളിൽ മുഴുകുവാൻ വേണ്ട സുലൂക്കിന്റെ വഴിയിൽ പരിജ്ഞാനം കരസ്ഥമാക്കിയവർ തന്നെയായിരുന്നു മഹാനവർകൾ. എന്നാൽ, കൂടുതൽ മികച്ച വിതാനത്തിലേക്ക് ഉയരുവാനും ആ കാലഘട്ടത്തിന്റെ ഖുതുബായി മാറാനും ഇടയാക്കിയത് സയ്യാത്ത് ശൈഖിന്റെ ബന്ധമാണ്!.
ശാദുലി ശൈഖ് ഇറാഖിൽ പോയി അക്കാലഘട്ടത്തിലെ ഖുതുബിനെ അന്വേഷിച്ചപ്പോളാണ് ഖുതുബുള്ളത് തങ്ങളുടെ നാടായ മൊറോക്കോയിൽ തന്നെയാണ് എന്ന് അറിവ് കിട്ടുന്നത്. ബാല്യത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കുകയും പ്രാഥമിക പഠനത്തിന് ശേഷം മൊറോക്കോയിലെ പ്രസിദ്ധമായ ദീനി-വിജ്ഞാന കേന്ദ്രമായ ഫാസിൽ പോയി വിജ്ഞാനം നുകരുകയും ചെയ്ത ശേഷം സയ്യിദീ മുഹമ്മദ് ഹറാസിം(റ) എന്നവരെ ബൈഅത്ത് ചെയ്യുകയും ചെയ്ത ശേഷമാണ് ശാദുലി ശൈഖ് ഇറാഖിൽ എത്തിയിരുന്നത്. ശൈഖ് അഹ്മദുൽ കബീർ രിഫാഇ(റ)യുടെ ഖലീഫമാരിൽപ്പെട്ട വസീതിയുടെ അരികിൽ നിന്നാണ് കാലഘട്ടത്തിന്റെ ഖുതുബാനിയ്യത്ത് പദവി ലഭിച്ച മശീശി ശൈഖിനെ സംബന്ധിച്ച സൂചന ലഭിക്കുന്നത്. ആ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊറോക്കോയിലേക്ക് തന്നെ തിരിച്ചു വരികയും ആലം പർവ്വത നിരകൾക്കിടയിൽ ഖൽവ്വത്തിലായി കഴിഞ്ഞു കൂടുന്ന ശൈഖ് അബ്ദുസലാം ഇബ്നു മശീശിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തത്. ആലം പർവ്വതത്തിന്റെ താഴ് വാരത്ത് ഒരു അരുവി ഒഴുകുന്നുണ്ടായിരുന്നു. അവിടെ നിന്ന് കുളിച്ച് രണ്ട് റക്അത്ത് നിസ്കരിച്ച ശേഷമാണ് മശീശി ശൈഖിനെ കാണാനായി അബുൽഹസൻ ശാദുലി(റ) പർവ്വതം കയറുന്നത്. പർവ്വതം കയറിവരുന്നതിനിടയിൽ ശൈഖ് മശീശി ശാദുലി ശൈഖിനെ സ്വീകരിക്കാനെന്ന പോലെ വഴിയിലേക്ക് ഇറങ്ങി വരുന്നു!. ശാദുലി ശൈഖിനെ കണ്ടുമുട്ടിയ ഉടനെ, ”യാഅലിയ്യ് അബുൽഹസൻ ഇബ്നു അബ്ദുല്ലാഹിബ്നു അബ്ദുൽ ജബ്ബാർ ഇബ്നു…” എന്നിങ്ങനെ അലിയ്യ്(റ)ലേക്ക് എത്തുന്നത് വരെയുള്ള പൂർവ്വപിതാക്കളുടെ പേരുകൾ മുഴുവൻ വിളിച്ചു കൊണ്ടാണ് സംബോധന ചെയ്തത്. അബ്ദുസലാം ഇബ്നു മശീശ് ശൈഖിന്റെ ഏക ശിഷ്യനാണ് അബുൽഹസൻ ശാദുലി(റ). സാമൂഹിക രംഗത്ത് ബന്ധപ്പെടാതെ കഴിഞ്ഞ മശീശി ശൈഖ് തനിക്കും കുടുംബത്തിനും വേണ്ട ജീവിതോപാധിക്കായി കൃഷിപണിയിൽ ഏർപ്പെട്ടിരുന്നു. ബാക്കി സമയം തന്റെ ആരാധനക്കായി തയ്യാറാക്കിയ ടെന്റിൽ ധ്യാനനിമഗ്നനായി കഴിഞ്ഞു കൂടും. എങ്കിലും, ഉമ്മത്തിന്റെ ദീനി കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരുന്നു. ആധ്യാത്മിക വ്യക്തിത്വങ്ങൾ ഇടപെടുന്നത് പോലെ മഹാനവർകൾ ആവശ്യ മേഖലയിൽ ഇടപെട്ടിരുന്നു. ദുആയാണ് വിശ്വാസിയുടെ സുപ്രധാന ആയുധമെന്നാണല്ലോ നബി(സ) പഠിപ്പിച്ചത്. ദുആ ചെയ്താൽ അതിന് ഫലം കാണിച്ചു കൊടുക്കാൻ കഴിയുന്നവരാകും ഏകാന്തത അനുഷ്ഠിക്കുന്നവർ. അത്തരത്തിലുള്ള ഉന്നത വ്യക്തിത്വങ്ങളിൽപ്പെട്ടവരായിരുന്നു ശൈഖ് അബദുസലാം ഇബ്നു മശീശ്(റ). അബുൽഹസൻ ശാദുലി(റ) എന്ന ശിഷ്യനെ അടുത്ത ഖുതുബായി കൊണ്ട് വളർത്തി എടുത്തതായിരുന്നു ഇസ്ലാം ദീനിന് വേണ്ടി മഹാനവർകളുടെ ഏറ്റവും മികച്ച സംഭാവന. സ്വലാത്തുൽ മശീശി എന്ന പേരിൽ ഒരു സ്വലാത്തും മഹാനവർകളുടേതായി ശാദുലി സരണിയിൽ പ്രചാരത്തിലുണ്ട്. നാരിയ്യ സ്വലാത്ത് എന്ന പേരിൽ പ്രസിദ്ധമായ മറ്റൊരു സ്വലാത്തും അദ്ദേഹത്തിലേക്ക് ചേർത്ത് പറയപ്പെട്ടു കാണുന്നുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഒരു കള്ള പ്രവാചകൻ രംഗത്ത് വരികയുണ്ടായി. അതിനെതിരെ നിലകൊണ്ടതിനാൽ അവർ നിയോഗിച്ച ഗുണ്ടകൾ ശൈഖ് അവർകളെ വെട്ടി കൊലപ്പെടുത്തി കൊണ്ട് രക്തസാക്ഷിത്വത്തിന്റെ ബഹുമതിയോടെയാണ് മശീശി ശൈഖ്(റ) വഫാത്താകുന്നത്.
ടുണൂഷ്യയിലെ ദീനി ദൗത്യവും എതിർപ്പുകളും:
മശീശി ശൈഖ്(റ) വിടപറയും മുമ്പ് തന്നെ അബുൽ ഹസൻ ശാദുലി എന്ന ശിഷ്യനെ വളർത്തി എടുത്ത് ടുനീഷ്യയിലേക്ക് ദഅവത്തിനായി നിയോഗിച്ചിരുന്നു. ടുനീഷ്യയിൽ ശൈഖ് അവർകൾ പോയി താമസിച്ച നാടിന്റെ പേരാണ് ശാദില!. അതിലേക്ക് ചേർത്താണ് ശാദുലി അല്ലെങ്കിൽ ശാദിലി എന്ന് നാമകരണം വന്നത്. ശാദുലി എന്നും ശാദിലി എന്നും പ്രയോഗിച്ച് കാണുന്നുണ്ട്. ശാദിലയിൽ താമസമാക്കിയ ശേഷം, ആധുനിക ടുനീഷ്യയുടെ തലസ്ഥാനമായ തൂനിസിന്റെ ഭാഗമായി വരുന്ന സഗ്വാൻ പർവ്വതത്തിന് മുകളിൽ ആരാധനകളിൽ മുഴുകി ജീവിക്കാൻ വേണ്ടി ശൈഖ് അവർകൾ ഒരു ടെന്റൊക്കെ തയ്യാറാക്കുകയും അവിടെ ഖൽവ്വത്തിലായി കഴിയുകയും ചെയ്തിരുന്നു. പിന്നീട് ശൈഖിന്റെ പ്രബോധന പ്രവർത്തനങ്ങൾ വിപുലമായപ്പോൾ ആ ടെന്റിന്റെ സ്ഥാനത്ത് ഒരു സാവിയ്യ(സൂഫികൾ ആരാധനകളിൽ മുഴുകി കഴിയാൻ സ്ഥാപിക്കുന്ന ഖാൻഗാഹുകൾ പോലെ) നിർമിക്കുകയും ചെയ്തു. എഡി 1228ലാണ് ഇമാം ശാദുലി(റ) അവിടെ സാവിയ്യ പണിതത്. മശീശി ശൈഖിന്റെ ശിഷ്യനായ ഇമാം ശാദുലിയും ശൈഖിനെ പോലെ ആരാധനകളിൽ വ്യാപൃതനായി കഴിയാനാണ് ആഗ്രഹിച്ചത്. പക്ഷെ, കുറച്ച് നാൾ കഴിഞ്ഞപ്പോൾ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള ഇൽഹാമിലൂടെ സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കാൻ ശൈഖ് ശാദുലി(റ)ക്ക് നിർദേശം ലഭിക്കുകയും തദടിസ്ഥാനത്തിൽ ഏകാന്തത ഭഞ്ജിച്ച് സമൂഹ മധ്യത്തിലിറങ്ങിയുള്ള ദഅവ്വത്ത് ആരംഭിക്കുകയും ചെയ്തു. ശാദുലി ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ച ആദ്യ സംഘം നാൽപ്പത് ഔലിയാക്കൾ എന്ന പേരിൽ പ്രത്യേകം വിളിക്കപ്പെടുന്നു. അന്നത്തെ ടുനീഷ്യൻ സുൽത്താന്റെ കുടുംബക്കാരടക്കം ധാരാളം ആളുകൾ ഇമാം ശാദുലി(റ)യുടെ ദഅ് വത്തിനെ അംഗീകരിക്കുകയും അതിൽ ആകൃഷ്ടരായി തീരുകയും ചെയ്തിരുന്നു. ശാദുലി ശൈഖിന്റെ മുരീദുകളായ നാൽപ്പത് ആളുകളിൽ ആയിശ മനൗബ(റ) എന്ന ടുനീഷ്യയിൽ ഇന്നും പ്രസിദ്ധയായ മഹതിയും ഉൾപ്പെടുന്നു. ആ മഹതിയുടെ മഖ്ബറ ഇന്നും അവിടെ സജ്ജീവമായ സിയാറത്ത് കേന്ദ്രമാണ്. ടുനീഷ്യയുടെ ഇസ്ലാമിക ചരിത്രത്തിൽ നിന്ന് വേർപ്പെടുത്താനാകാത്ത ചരിത്രമാണ് ആ മഹതിക്കുള്ളതെന്നാണ് ടുനീഷ്യയുടെ ചരിത്രം രചിച്ചവർ എഴുതിവെച്ചിരിക്കുന്നത്.
ടുനീഷ്യയിലേക്ക് പുറപ്പെടും മുമ്പ് തന്നെ അവിടെ ചില പരീക്ഷണങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ശൈഖ് മശീശിയിൽ നിന്നും ശാദുലി ശൈഖിന് ലഭിച്ചിരുന്നു. ജനകീയമായ ദഅവ്വത്ത് ആരംഭിച്ചപ്പോളാണ് ആ പരീക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ടുനീഷ്യയിലെ ചില മതപണ്ഡിതർ ശൈഖിനെതിരെ രംഗത്ത് വരികയും പലവിധ ആരോപണങ്ങൾ ഉന്നയിച്ച് ശൈഖിന് വധശിക്ഷ നൽകുവാനുള്ള ഗൂഢാലോചനയാണ് അവർ നടത്തിയത്. എന്നാൽ, സുൽത്താന്റെ വിചാരണക്ക് ശാദുലി ശൈഖ്(റ) വിധേയനായപ്പോൾ സുൽത്താന് ശൈഖിനോട് മതിപ്പ് വർധിക്കുകയാണ് ചെയ്തത്. അബൂസഈദ് അൽബാജി എന്ന അക്കാലത്തെ പ്രമുഖ സൂഫിയും ശുഐബ് അബൂമദ്യന്റെ ഖലീഫയുമായവർ ശാദുലി ശൈഖിനെ അംഗീകരിക്കുകയും ദീനി ദഅവത്തിൽ ശൈഖിനോട് സഹകരിക്കുകയും ചെയ്തതോടെയാണ് ശാദുലി ശൈഖിന്റെ കീർത്തി ത്വരിതഗതിയിൽ ടുനീഷ്യയിൽ ആകെ പരക്കുന്നത്. അതിന്റെ അനന്തരഫലമായി വന്ന അസൂയപൂണ്ട പണ്ഡിതരുടെ ഉപജാപങ്ങളൊക്കെയും പരാജയപ്പെടുകയും ശാദുലി ശൈഖിന് സുൽത്താന്റെ സംരക്ഷണം ലഭിക്കുകയും ചെയ്തുവെങ്കിലും ശത്രുക്കൾ പണി നിർത്തിയിരുന്നില്ല. ഇബ്നു ബറാഅ് എന്ന ഒരു സൂഫിനാമധാരി തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നറിഞ്ഞ ഇമാം ശാദുലി(റ) ടുനീഷ്യ വിട്ട് പോകാൻ ആഗ്രഹിച്ചു. എന്നാൽ, ആ വിവരമറിഞ്ഞ ടുനീഷ്യൻ സുൽത്താൻ ശാദുലി ശൈഖിന് സംരക്ഷണം നൽകുമെന്ന് വാക്ക് കൊടുക്കുകയും നാട് വിട്ട് പോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഹജ്ജ് ആവശ്യാർത്ഥം മക്ക-മദീനയിൽ പോയി വരാമെന്ന് ശാദുലി ശൈഖ്(റ) തീരുമാനിച്ചു. ഈജിപ്ത് വഴിയാണ് മക്കത്തേക്ക് പോകുന്നത്. ആ വിവരം കിട്ടിയ ശത്രുപാളയത്തിലെ പണ്ഡിതർ ഈജിപ്തിൽവെച്ച് ശാദുലി ശൈഖിനെ അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള ചരടുകൾ വലിച്ചു. അവർ ഈജിപ്ത് ഭരണാധികാരിക്ക് കത്തെഴുതി ദീനിൽ നിന്നും പരിത്യാഗം ചെയ്ത സൂഫി വരുന്നുണ്ട്, അയാളെ അറസ്റ്റ് ചെയ്യണെന്നായിരുന്നു അവരുടെ കത്തിലെ നിർദേശം. അപ്രകാരം ശാദുലി ശൈഖ് ഈജിപ്തിന്റെ പ്രദേശമായ അലക്സാണ്ട്രിയയിലേക്ക് പ്രവേശിച്ചപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷെ, മഹാനവർകളെ ചോദ്യം ചെയ്തപ്പോൾ ടുനീഷ്യയിൽ സംഭവിച്ചത് പോലെ തന്നെ ഈജിപ്ത് സുൽത്താനും ശാദുലി ശൈഖിനോട് മതിപ്പ് വർധിച്ചു. ഹജ്ജ് യാത്രക്ക് വേണ്ടി വിട്ടയക്കപ്പെട്ടു. ഹജ്ജും മദീന സിയാറത്തും കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രണ്ട് വർഷം കൂടി ടുനീഷ്യയിൽ ശാദുലി ശൈഖിന്റെ പ്രവർത്തനങ്ങൾ തുടർന്നു. ആ രണ്ട് വർഷം കൂടുതൽ വലിയ ഫലങ്ങളുളവാക്കുന്ന പ്രവർത്തനങ്ങളായിരുന്നു. ആ നാളിലാണ് ശാദുലി ശൈഖിന്റെ പിൽക്കാല ഖലീഫയായി പ്രസിദ്ധരായ അബുൽ അബ്ബാസുൽ മുർസി(റ) ശാദുലി ശൈഖിനെ ബൈഅത്ത് ചെയ്യുന്നത്. കഴിഞ്ഞ പത്ത് വർഷമായി താങ്കളെ കുറിച്ച് എനിക്ക് അറിവ് കിട്ടിയിട്ടുണ്ട് എന്നാണ് അബുൽഅബ്ബാസുൽ മുർസി(റ)യോട് ശാദുലി ശൈഖ് ആദ്യത്തെ കൂടികാഴ്ച്ചയിൽ തന്നെ വെളിപ്പെടുത്തിയത്.
തിരുനബി(സ്വ)തങ്ങളുടെ നിർദ്ദേശമനുസരിച്ച് ഈജിപ്തിലേക്ക്:
തുനീഷ്യയിലെ ജീവിതത്തിനിടയിൽ ഒരു ദിവസം ശാദുലി ശൈഖ് നബി(സ)യെ സ്വപ്നം ദർശിച്ചു. ശാദുലി ശൈഖിനോട് ഈജിപ്തിലേക്ക് പോകുവാനുള്ള നിർദേശമാണ് നബി(സ) നൽകിയത്. ഈജിപ്തിലുള്ള നാൽപ്പത് വിശ്വസ്തരായ മുരീദന്മാരെ തർബിയ്യത്ത് ചെയ്ത് ഉന്നത പദവിയിലേക്ക് നയിക്കണമെന്നാണ് നബി(സ) സ്പനത്തിൽ വന്നു പറഞ്ഞത്. അതൊരു കൊടുംവേനൽ കാലമായിരുന്നു, വേനൽ കാലത്ത് മരുഭൂമികൾ താണ്ടി ഈജിപ്തിലേക്ക് യാത്ര ചെയ്യൽ ദുർഘടമാണ്. വേനലിന്റെ കൊടും ചൂടിൽ ഈജിപ്ത് യാത്ര പ്രയാസകരമാണെന്ന കാര്യം നബി(സ)യോട് പറഞ്ഞപ്പോൾ, നബി(സ) പറഞ്ഞു: “യാത്രയിലുടനീളം ആകാശത്തെ മേഘങ്ങൾ നിങ്ങൾക്ക് തണല്ലിട്ടു തരുന്നതാണ്.’ ശൈഖ് അവർകൾ മരുഭൂമിയിലൂടെയുള്ള യാത്രയിൽ ദാഹജലത്തിന്റെ പ്രശ്നവും നബി(സ)യോട് ഉന്നയിച്ചു. നബി(സ) പറഞ്ഞു: യാത്രയിലെ എല്ലാ ദിവസങ്ങളിലും മഴ ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള അസാധാരണ മാർഗത്തിലൂടെയുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടു!. ഈ നിർദേശത്തെ ശിരസ്സാവഹിച്ചു കൊണ്ടാണ് ശാദുലി ശൈഖും അബുൽഅബ്ബാസുൽ മുർസി(റ)യും ഏതാനും അനുയായികളും കൂടി ഈജിപ്തിലേക്ക് പുറപ്പെടുന്നത്. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഇവർ എത്തിച്ചേരുകയും അവിടുത്തെ സുൽത്താൻ നൽകിയ കെട്ടിടത്തിൽ താമസമാക്കുകയും ചെയ്തു. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ശാദുലി ശൈഖ്(റ) കുടുംബസമേതം താമസമാക്കി. മറ്റൊരു ഭാഗം മുരീദന്മാർക്ക് താമസിക്കുവാനും ഖൽവ്വത്ത് ഇരിക്കാനും സൗകര്യമുള്ള സാവിയയും മറ്റൊരു ഭാഗം ജനങ്ങളെ ഉപദേശിക്കാനും മറ്റും ഒരുമിച്ചു കൂടുന്ന പള്ളിയുമാക്കി. അങ്ങിനെ വളരെ ഫലപ്രദമായ രീതിയിൽ ശാദുലി ആധ്യാത്മിക സരണി അലക്സാണ്ട്രിയയുടെ മണ്ണിൽ വേരുപിടിച്ചു. അവിടുത്തെ വിജ്ഞാന കേന്ദ്രങ്ങളിലെ ആളുകളും കോടതിയിലെയും മറ്റു ഭരണനിർവ്വഹണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരടക്കമുള്ള വ്യക്തിത്വങ്ങളും ശാദുലി ശൈഖിന്റെ ശിഷ്യന്മാരായി മാറി! ശാഫി മദ്ഹബിലെ അക്കാലത്തെ പ്രമുഖ പണ്ഡിതനായ ഇസ്സുദ്ദീൻ ഇബ്നു അബ്ദുസ്സലാം(റ), മുന്ദിരി(റ) പോലുള്ള ഫുഖ്ഹാക്കളും അതിൽ ഉൾപ്പെടുന്നു. അലക്സാണ്ട്രിയയിലെ ശൈഖിന്റെ ജീവിത കാലത്ത്, ഹിജ്റ 646ൽ(എഡി 1248) മൻസൂറ യുദ്ധം ഉണ്ടായപ്പോൾ അതിൽ ശാദുലി ശൈഖും അനുയായികളും പങ്കെടുത്തിരുന്നു. ആ യുദ്ധത്തിലൂടെയാണ് ലൂയിസ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ കടന്നു വന്ന ഏഴാം കുരിശു പടയുടെ മുന്നേറ്റം പ്രതിരോധിക്കുന്നത്!. ശാദുലി ശൈഖിന്റെ കാഴ്ച്ചക്ക് മങ്ങലേറ്റ് യുവത്വം നഷ്ടപ്പെട്ട വാർധക്യ ഘട്ടത്തിലാണ് ഇസ്ലാമിക സമൂഹത്തിന് നേരെ വന്ന ആ ആക്രമണത്തെ ചെറുത്തു തോൽപ്പിക്കാനുള്ള സാമൂഹിക ബാധ്യതയായ ജിഹാദിൽ പങ്കുകൊണ്ടത്.
അംറുബ്നു ആസ്(റ) ഈജിപ്ത് കാഴടക്കിയ കാലം തൊട്ട് ഇസ്ലാമിക വിജ്ഞാനങ്ങളുടേയും ആധ്യാത്മികതയുടേയും കേന്ദ്രമായി മാറിയ ഈജിപ്തിൽ ശാദുലി സരണിക്ക് വേരോട്ടം ലഭിച്ചതോടെ അതിന് അന്തർദേശീയമായ അംഗീകാരമാണ് ലഭിച്ചത്. ഭൂഗോളം മുഴുവൻ വിജ്ഞാനം നിറച്ച ഇൽമിന്റെ ബഹ്റായ ഇമാം ശാഫിഇ(റ)യും അഹ്ലുബൈത്തിന്റെയും സലഫുകളുടേയും ഫളീലത്തിനെ ഒരുമിച്ചു കൂട്ടിയ ആധ്യാത്മിക താരകമായ നഫീസത്തു ബീവി(റ)യുടേയും നാടായ മിസ്റിൽ(ഈജിപ്ത്) അക്കാലത്ത് സുൽത്താനുൽ ഉലമ എന്ന അഭിദാനം ലഭിച്ച ഇസ്സുദ്ദീൻ ബിൻ അബ്ദുസ്സലാമിനെ പോലുള്ളവർ ശാദുലി ശൈഖിന്റെ മുരീദന്മാരായി മാറിയെങ്കിൽ പിന്നെ ഇസ്ലാമിക ലോകത്ത് മറിച്ചോരു കാറ്റ് വീശുവാനിടയില്ല.
ശാദുലി സരണിയുടെ സവിശേഷതകൾ:
കഠിനമായ മുജാഹദകൾ അനുഷ്ഠിപ്പിച്ചു കൊണ്ട് അല്ലാഹുവിലേക്ക് നയിക്കുന്ന ആത്മീയ സരണികളിൽ നിന്ന് വ്യത്യസ്തമായിരുന്നു ശാദുലിയ്യത്തിന്റെ രീതികൾ. ഇത്തിബാഉ സുന്നയിലൂടെ ബാഹ്യതലത്തെ അലങ്കരിക്കുന്നതോടൊപ്പം മശാഇഖുമായുള്ള മഹബ്ബത്തിന്റെ ബന്ധവും ലളിതമായ വിർദുകളും നിലനിർത്തിയാൽ തന്നെ ലക്ഷ്യം പ്രാപിക്കാമെന്ന ലളിതമായ മാർഗം ജനങ്ങളെ ഇതിലേക്ക് കൂടുതൽ ആകൃഷ്ടരാക്കി!. ശൈഖ് ദബാഗ്(റ)ന്റെ ഇബ്രീസ് എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിൽ ഗസ്സാലി ഇമാമിന്റെ വഴി ശാദുലി ശൈഖിന്റെ വഴി എന്ന തരത്തിൽ രണ്ട് ആധ്യാത്മിക മാർഗങ്ങൾ വിവരിക്കുന്നുണ്ട്. കഠിനമായ മുജാഹദകൾ നടത്തി ആത്മസംസ്കരണം സിദ്ധിച്ച ശേഷം ഖൽബിലേക്ക് ഹഖീഖത്തിന്റെയും മഅരിഫത്തിന്റെയും നൂറിനെ കരസ്ഥമാക്കലാണ് ഇമാം ഗസ്സാലി(റ) പിന്തുടർന്നത്. ഇമാം ഗസ്സാലി(റ)യെ പോലുള്ള കരുത്തുറ്റ വ്യക്തിത്വങ്ങൾക്ക് ആ മാർഗത്തിലൂടെ വിജയം കൈവരിക്കാൻ കഴിഞ്ഞു. എന്നാൽ ദുർബലരായ ആളുകൾ അത്തരം ത്യാഗത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് ലക്ഷ്യം പ്രാപിക്കാൻ പ്രയാസമാണ്. അതിനാൽ ഇമാം ശാദുലി(റ) നടപ്പിലാക്കി കാണിച്ച ലളിതമായ മാർഗത്തിലൂടെ, ശൈഖിനെ മഹബ്ബത്തോടെ സുഹ്ബത്ത് ചെയ്ത് തഅ്ലീം കേട്ട് പഠിച്ച് നബി(സ)യുടെ സുന്നത്തനുസരിച്ച് ബാഹ്യത്തെയും ആന്തരികത്തെയും അലങ്കരിച്ച് മുന്നോട്ട് പോകുമ്പോൾ ശൈഖിന്റെ ഹിമ്മത്തിന്റെ ബലം കൂടി മുരീദിന് ഇസ്തിഖാമത്ത് ശരിയാക്കാൻ സഹായിക്കുന്നു. ഈ മാർഗത്തിലൂടെ അല്ലാഹുവിലേക്കുള്ള ലക്ഷ്യം അല്ലാഹുവിന്റെ കൃപകൊണ്ട് പൂർത്തിയാക്കാം. ഈ ലളിതമായ സുലൂക്ക് ശാദുലിയത്തിന്റെ മാത്രം പ്രത്യേകതയല്ല, മറ്റു സരണികളിലും ഉള്ളതു തന്നെയാണെങ്കിലും ശാദുലി ശൈഖിലൂടെ ഈ വഴി കരുത്താർജിക്കുകയും വിജയം വരിക്കുകയും ചെയ്തതായി ലോകം ദർശിച്ചു. തീർച്ചയായും അത് അല്ലാഹു തആല അവർക്ക് നൽകിയ ആദ്ധ്യാത്മികമായ കരുത്തിന്റെയും പ്രകാശത്തിന്റെയും വിജയമാണ്. അതിനാൽ മുഹിയിദ്ദീൻ ശൈഖിന് ശേഷം തൽസ്ഥാനത്ത് നിന്ന് ഉമ്മത്തിനെ നയിച്ചവരാണ് ഇമാം ശാദുലി(റ) എന്ന് സൂഫിയാക്കളായ മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹുവിനെ ദിക്റ് ചെയ്യുവാനും അവനോട് ദുആ ചെയ്യുവാനും ഖുർആൻ ഹദീസുകളിലൂടെ നിവേദനം ചെയ്യപ്പെട്ടു വന്നിട്ടുള്ള വാക്യങ്ങൾ ഉണ്ടെങ്കിലും സലഫുസ്വാലിഹീങ്ങൾ തൊട്ട് തന്നെ ഈ രംഗത്ത് സ്വന്തം ആവിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഖുർആൻ-ഹദീസുകളിൽ വന്ന വരികളെ
പ്രത്യേകമായി കോർത്തിണക്കി കൊണ്ടോ ആശയത്തിൽ മാത്രം ഖുർആൻ-സുന്നത്തിനെ ഉൾകൊണ്ട് കൊണ്ടോ ആധ്യാത്മിക വ്യക്തിത്വങ്ങളുടെ നിസ്ബത്തിൽ ചില ദിക്റുകളും ദുആകളും നിർഗളിച്ചതിന് ചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. അത്തരത്തിൽ ഇമാം ശാദുലി(റ)യിൽ നിന്നും രണ്ട് ഹിസ്ബുകൾ ഉണ്ടായിട്ടുണ്ട്. ആപത്തുകളിൽ നിന്നും ശത്രുവിൽ നിന്നും സംരക്ഷണം ചോദിക്കുന്ന ദുആ എന്ന അർത്ഥത്തിലാണ് ഹിസ്ബുകൾ എന്ന് പ്രയോഗിക്കുന്നത്. ഹിസ്ബുൽ ബഹ്ർ, ഹിസ്ബുന്നസ്വർ എന്നിവകളാണത്.
വിയോഗം:
ഹിജ്റ 656ൽ ഇമാം ശാദുലി(റ) ആ വർഷത്തെ ഹജ്ജിനായി പുറപ്പെടുന്ന വഴിക്കാണ് വഫാത്താകുന്നത്. യാത്രയുടെ മുമ്പ് തന്നെ തന്റെ അന്ത്യം അടുത്തിട്ടുണ്ടെന്ന ബോധ്യത്തിലാണ് ശൈഖ് അവർകൾ പുറപ്പെട്ടിരുന്നത് എന്ന് തെളിയിക്കുന്ന പല സംഭവങ്ങളുമുണ്ടായിരുന്നു. കബർ കിളക്കാൻ വേണ്ട ഉപകരണങ്ങളും കഫൻപുടവയുമൊക്കെ എടുക്കുവാൻ കൂടെ യാത്ര ചെയ്യുന്ന ശിഷ്യന്മാർക്ക് നിർദേശം നൽകിയിരുന്നു. സഹയാത്രികനായി വന്നിരുന്ന ഒരു കുട്ടിയുടെ ഉമ്മ ആ കുട്ടിയെ പ്രത്യേകം സംരക്ഷിക്കണമെന്ന് പറഞ്ഞപ്പോൾ ഹുമൈതറ വരെ ഞാൻ നോക്കി കൊള്ളാമെന്നാണ് ശൈഖ് മറുപടി കൊടുത്തത്. ഹുമൈതറയിലാണ് തന്റെ വഫാത്തിന്റെ സ്ഥലമെന്ന് ശൈഖ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഹുമൈതറയിൽ എത്തിയ രാത്രിയിൽ ശൈഖിന് ശക്തിയായ പനി വന്നിരുന്നു. പനി ബാധിച്ച നിലയിൽ മഹാനവർകൾ ധാരാളമായി അല്ലാഹുവിനോട് ദുആ ചെയ്തു കൊണ്ടിരുന്നു. ഇലാഹീ… ഇലാഹീ… എന്ന് വിളിച്ചു കൊണ്ടുള്ള ശൈഖിന്റെ ദുആ ശിഷ്യന്മാർ ശ്രദ്ധിച്ചിരുന്നു. ഫജറിന് തൊട്ടു മുമ്പുള്ള സമയമായപ്പോൾ ശൈഖ് കിടക്കുന്നതാണ് അവർ കാണുന്നത്. വിശ്രമിക്കുകയായിരിക്കുമെന്ന് അവർ കരുതി. തൊട്ട് വിളിച്ചപ്പോൾ അനക്കമില്ല. ഇന്നാലില്ലാഹി… അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അവർ മടങ്ങിയിരിക്കുന്നു.
നേരത്തെ നിർദേശിച്ചത് പ്രകാരം അബുൽഅബ്ബാസുൽ മുർസി(റ) ശൈഖിന്റെ സ്ഥാനത്ത് പിൻഗാമിയായി. ഹുമൈതറയിൽ ശൈഖിനെ മറമാടിയ ശേഷം അവർ ഹജ്ജ് യാത്ര പൂർത്തിയാക്കി. ഹുമൈതറ എന്ന പ്രദേശം മരുഭൂപ്രദേശമാണെങ്കിലും ഇവിടെ ശുദ്ധ ജലം ലഭിക്കുന്ന ഒരു കിണറുണ്ട്. സമീപ വാസികളെല്ലാം വെള്ളം ഉപയോഗിക്കുന്നത് ഈ കിണറിൽ നിന്നാണ്. ശൈഖ് അവിടെ ആഗതരാകുന്ന കാലത്തും ആ കിണറുണ്ടെങ്കിലും അതിലെ വെള്ളം ഉപ്പുള്ളതായിരുന്നു. ശൈഖ് അവർകളുടെ കറാമത്തായി കൊണ്ടാണ് ആ വെള്ളത്തിന്റെ ഉപ്പ് രസം മാറി ശുദ്ധ ജലമായി മാറിയത്. ഇന്നും അവിടെ ശുദ്ധ ജലം ലഭിക്കുന്ന കിണറാണത്.
നിലക്കാത്ത ജ്ഞാനപ്രവാഹം:
ആത്മീയ സരണികൾക്കും വൈജ്ഞാനിക സരണികൾക്കും നിലനിൽപ്പുണ്ടാകുന്നതും അത് ഉമ്മത്തിന് ഉപകാരപ്രദമായി മാറുന്നതും ആ സരണികളുടെ ഉപജ്ഞാതാക്കൾക്ക് ഉന്നതരായ ശിഷ്യന്മാരുണ്ടാകുമ്പോളാണ്. അത് തന്നെയാണ് ശാദുലി ശൈഖിനും അല്ലാഹു നൽകിയത്. അബുൽഅബ്ബാസുൽ മുർസി(റ) എന്ന പിൽക്കാലത്തെ ഖുതുബായി മാറിയ ശിഷ്യനിലൂടെ ശാദുലി സരണിക്ക് പ്രതാപം ലഭിച്ചു. മുർസിയുടെ പ്രധാന ശിഷ്യനായി ഉയർന്നു വന്നത് ഇബ്നുഅതാഇല്ലാഹി സിക്കന്തരി(റ)യാണ്. സിക്കന്തരി(റ)യുടെ ഹിക്കം എന്ന ആത്മജ്ഞാന മുത്തുകൾ ഉൾക്കൊള്ളുന്ന 264 വാക്യങ്ങൾ സുലൂക്കിനെ സംബന്ധിച്ച അഗാധവും സമഗ്രവുമായ അറിവ് പ്രദാനം ചെയ്യുന്നതായിരുന്നു! അത് ശാദുലിയ്യത്തിനെ കൂടുതൽ പ്രശസ്തമാക്കി. അതാഇല്ലാഹി(റ)യുടെ ആ വാക്യങ്ങൾക്ക് ഇബ്നുഅബ്ബാദ് അനസഫി(റ) എന്ന സമകാലികനാണ് ആദ്യമായി വ്യഖ്യാന ഗ്രന്ഥം രചിക്കുന്നത്. പിന്നീട് അഹ്മദ് സറൂഖ്(റ), ഇബ്നുഅജീബ(റ) എന്നീ ശാദുലി ശൈഖന്മാരും ഇതിന് വ്യഖ്യാന ഗ്രന്ഥം രചിച്ചിട്ടുണ്ട്. 2013ൽ ശഹീദായ സിറിയയിലെ ഇസ്ലാമിക പണ്ഡതനും ശാദുലി സരണിയുടെ വാക്താവുമായിരുന്ന സഈദ് റമളാൻ ബൂത്തി(റ) ആധുനിക ലോകത്തെ അഭിമുഖീകരിക്കാൻ കഴിയുന്ന ബ്രഹത്തായ വ്യഖ്യാനം അഞ്ച് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ശാദുലി ശൈഖിന്റെ വിജ്ഞാനങ്ങൾ അവിടുത്തെ ശിഷ്യന്മാരിലൂടെ ഭൂവന പ്രശസ്തമായി മാറുകയും ഇന്നും സജ്ജീവമായി നിലകൊള്ളുകയും ചെയ്യുന്നു. എണ്ണമറ്റ പണ്ഡിതർ ഇന്നും ഇതിന്റെ വാക്താക്കളായി നിലകൊള്ളുന്നുണ്ട്.
അവലംബം/ അധികവായനക്ക്

  1. ഇമാം ഇബ്നു അതാഇല്ലാഹി സികന്ദരി(റ)യുടെ ലത്വാഇഫുൽ മിനൻ
  2. നഫഹത്തുൽ ഇഖ്വാൻ, ശൈഖ് അബ്ദുൽഹഫീസ് അന്നൂനേരി
  3. അനഫഹത്തുൽ ഇലാഹിയ്യ ഫീ മനാഖിബി ശൈഖ് അബിൽഹസൻ ശാദിലി, മൗലവി കുഞ്ഞഹമ്മദ് ബിൻ മുഹമ്മദ് അസാഹിലി
  4. shazuli.com
  5. A Sufi Legacy in Tunis: Prayer and the Shadhiliyya, Cambridge University
  6. A Biography of Abû l-Hasan al-Shâdhilî, Dating from the Fourteenth Century, Kenneth Honerkampl

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy